അശോകദാസ് വർക്ക് ഷോപ്പിനകത്ത് നിൽക്കുമ്പോഴാണ് മുറ്റത്തൊരു പോലീസ് ജീപ്പ് വന്ന് നിന്നത്.
മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി കുറെ നാളുകൾ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടന്നത് കൊണ്ടു മിക്കവാറും പോലീസുകാരുമായെല്ലാം അശോകദാസിന് നല്ല ബന്ധമായിരുന്നു. എ എസ് ഐ സലിം സാറും മറ്റൊരു പോലീസുകാരനും കൂടി ഒരു ഉച്ച നേരം വർക്ക് ഷോപ്പിലേക്ക് കയറി വന്നു.
“ഇവിടാരുമില്ലേ. “
പോലീസിനെ കണ്ടു ഞെട്ടലോടെയാണ് അശോകദാസ് ഇറങ്ങി വന്നത്.
“എന്താ സലീം സാറേ. “
സലിം അശോകദാസിന്റെ അടുത്ത് വന്നു സ്വകാര്യമായി പറഞ്ഞു.
തന്നോടായതു കൊണ്ട് സത്യം പറയാമല്ലോ. ഒരു കറുത്ത ഹോണ്ട സിറ്റി കാർ, ഒരു ചുവന്ന താർ ജീപ്പ്, രണ്ടിനും ഫേക്ക് നമ്പർ ആണ്, രണ്ടും മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പർ. ഒരു ഏഴെട്ടു ദിവസമായി രണ്ടും ഈ സിറ്റിയിൽ ഓടുന്നുണ്ട്. കേരള ബോർഡർ കടന്ന് പോയത് വരെയുള്ള സി സി ടി വി ദൃശ്യങ്ങൾ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പിന്നീടുള്ളതൊന്നും കിട്ടിയിട്ടില്ല. “
“ഞാൻ എന്ത് ചെയ്യണം സാറെ, എനിക്കവരെയൊന്നും അറിയില്ലല്ലോ. “
“അതല്ലടോ, തന്നോട് ആയതു കൊണ്ട് തുറന്നു പറയാം. ഈ വണ്ടികൾ ഏതെങ്കിലും വർക്ക് ഷോപ്പിൽ കയറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കണം. നാലു ഹിന്ദിക്കാരായ കൊടും കുറ്റവാളികൾ, നമ്മുടെ കണ്ണുവെട്ടിച്ചു ഏഴെട്ടു ദിവസമായി നമ്മുടെ നാട്ടിൽ കിടന്നു കറങ്ങി, ഒന്നിന് പിറകെ ഒന്നായി നാലു കൊലപാതകങ്ങൾ നടന്നില്ലേ, അവരെ സംശയമുണ്ട്. അവരെ കണ്ടെത്തണം. ഇവിടെ സി സി ടി വി ക്യാമറയുണ്ടോ അശോകാ. “
“ഇല്ലല്ലോ സാറേ. ഇവിടെ ഒരു ചുവന്ന താർ വന്നിരുന്നു ബ്രേക്ക് കംപ്ലയിന്റ് ആയിട്ടാണ്, ഞാൻ അപ്പോൾ തന്നെ ഞാൻ ശരിയാക്കി വിട്ടു. “
“ആ കാർ ഓടിച്ചതാരായിരുന്നു, അവരെ ആരെയെങ്കിലും അശോകന് ഇനി തിരിച്ചറിയാൻ സാധിക്കുമോ?”
“പിന്നെ എനിക്കറിയാം കാർ ഓടിച്ച ആളെ, ഇവിടെയുള്ള പയ്യനാണ്, നിരഞ്ജൻ തോമസ് എന്നാണ് ആ പയ്യന്റെ പേര്, എൻജിനീയറിങ്ങ് കഴിഞ്ഞതാണ്, സാറിന് അറിയുമോ പഴയ ജാർഖണ്ഡ് എസ് പി ആയിരുന്ന ജേക്കബ് ജെയിംസ് സാറിനെ, അയാളുടെ ചേട്ടൻ തോമസിന്റെ മകനാണ്. ഞാൻ അഡ്രസ്സ് തരാം സാറേ. “
സലിം സാർ നിരഞ്ജൻ തോമസിന്റെ അഡ്രസ്സും വാങ്ങി പോയപ്പോൾ ടയർ കൂനയുടെ മറവിൽ ഒളിച്ചിരുന്ന നിധിൻ പുറത്തിറങ്ങി വന്നു. നിധിൻ ആ ചൂടിൽ ഇരുന്നു വിയർത്തു കുളിച്ചിരുന്നു. അവൻ നെഞ്ചിൽ കൈവച്ചു ദീർഘമായി നിശ്വസിച്ചു.
“അശോകേട്ടാ ആ ജീപ്പ്, അതവർ ട്രേസ് ചെയ്യില്ലേ. “
“ചെയ്യട്ടെ, നിരഞ്ജൻ ഒരു വലിയ സ്രാവാണ്, ഒരു ഐ പി എസ് കാരന്റെ വീട്ടിലേക്കാണവർ ചോദ്യം ചെയ്യാൻ പോകുന്നത്. അവർക്കറിയാം അവരുടെ പയ്യനെ രക്ഷിക്കാൻ. ഏജൻ്റ് പി ബി മോശക്കാരനാണോ, കൂർമ്മ ബുദ്ധിയാണവന്. ഈ പോലീസുകാർ മഹാരാഷ്ട്രയിൽ പോകും. അതേ പോലെ തിരിച്ചു വരും. “
പോലീസ് പോയെന്നുറപ്പായപ്പോൾ നാദിയയും ചേച്ചിയും പുറത്തിറങ്ങി വന്നു.
“എന്താ പ്രശ്നം അശോകേട്ടാ?”
“സഞ്ജീവ് മരിച്ച സമയത്ത്, ദേവിയുടെ വീടിനു മുന്നിൽ കാത്ത് കിടന്ന ഒരു ചുവന്ന ജീപ്പിനെ അന്വേഷിച്ചാണ് അവർ വന്നത്. “
“അത് എന്റെ തെറ്റാണ് അശോകേട്ടാ, ഞാൻ അങ്ങനെ ബോധം കെട്ട് ഉറങ്ങാൻ പാടില്ലായിരുന്നു. ഏജൻ്റ് പി ബി നാദിയയെ പിക്ക് ചെയ്യാൻ പോയ ആ രാത്രിയിൽ ഞങ്ങളെ പറ്റിച്ചു സഞ്ജീവ് കടന്നു കളഞ്ഞു. ഞങ്ങൾ ദേവിയെ സംരക്ഷിക്കാൻ, പി ബിയുടെ അടുത്ത നിർദ്ദേശത്തിനായി മാത്യുവിന്റെ വീടിനു മുന്നിൽ ജീപ്പുമായി കാത്ത് കിടന്നു. “
“സംഭവം നടക്കുന്നതിനു മുൻപ് റോഡ് സൈഡിൽ പാർക്ക് ചെയ്ത ചുവന്ന ജീപ്പിനായി പോലീസ് തെരഞ്ഞു നടന്നു, ഒടുവിൽ തെരഞ്ഞു ഇവിടെ വരെയെത്തി. “
“എന്തായാലും നിധിൻ പേടിക്കണ്ട, നിധിൻ ഈ സീനിലില്ല. പിന്നെ ആ ഹിന്ദിക്കാർ, അവർക്കിതൊന്നും പുത്തരിയല്ല. അവരൊക്കെ ഇപ്പോൾ എത്തേണ്ട സ്ഥലത്തു സേഫ് ആയി എത്തി കാണും, ആര്യനറിയാം അവരെ സംരക്ഷിക്കാൻ. “
സലിം സാർ പുതിയ സബ് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണനേയും കൂട്ടിയാണ് നിരഞ്ജന്റെ വീട്ടിൽ പോയത്. നിരഞ്ജന്റെ അച്ഛൻ റിട്ടയേർഡ് തഹസിൽദാർ തോമസിന്റെ പേരിൽ, കേരളത്തിൽ രജിസ്റ്റർ ചെയ്ത വണ്ടിയാണ് ആ ചുവന്ന താർ ജീപ്പ്.
ആ വീടിന്റെ മുറ്റത്തു പോലീസ് ജീപ്പിൽ ചെന്നിറങ്ങുമ്പോൾ വില കൂടിയ മൂന്ന് കാറുകൾ അവിടെ നിരന്നു കിടന്നിരുന്നു. പോലീസിന്റെ ആഗമനോദ്ദേശം അറിഞ്ഞപ്പോൾ അവരെ അകത്തേയ്ക്കു തോമസ് സാർ കൂട്ടി കൊണ്ടു പോയി. ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ഒട്ടും സംശയം പ്രകടിപ്പിക്കാതെ ചുവന്ന ജീപ്പിനെ കുറിച്ചുള്ള പോലീസിന്റെ സംശയം തുറന്നു പറഞ്ഞു.
മുൻപ് പൂനെയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന നിരഞ്ജനും, പൂനെയിലുള്ള അവന്റെ കുറച്ചു സുഹൃത്തുക്കളും കുറച്ചു ദിവസമായി ചുവന്ന ജീപ്പിൽ നഗരത്തിൽ കറങ്ങാറുണ്ട്. നിരഞ്ജന് ആസ്ട്രിയയിൽ ഒരു ജോലി ശരിയായി. അവനെ യാത്രയാക്കാൻ ആണ് സുഹൃത്തുക്കൾ എത്തിയത്. അവരെല്ലാം ഒന്നിച്ചു ആ ചുവന്ന ജീപ്പിൽ ഒരു ഊട്ടി ട്രിപ്പ് പ്ലാൻ ചെയ്തതാണ്, അപ്പോഴാണ് നിരഞ്ജന്റെ വീട്ടിലെ ഒരു വല്യമ്മ മരണപ്പെട്ടത്, അങ്ങനെ നിരഞ്ജൻ അവസാന നിമിഷം ട്രിപ്പിൽ നിന്നും പിന്തിരിയുകയും സുഹൃത്തുക്കൾ മാത്രം ഊട്ടിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
“നിരഞ്ജന്റെ സുഹൃത്തുക്കൾ ഈ ജീപ്പിലാണോ യാത്ര പോയത്. “
“അല്ല അവർ സ്റ്റേ ചെയ്ത ഹോട്ടലിൽ ജീപ്പ് പാർക്ക് ചെയ്തിട്ട് ഒരു ടെമ്പോ ട്രാവലറിൽ ആണ് യാത്ര പോയത്. “
“പിന്നെ ഈ ജീപ്പ് ആരാണുപയോഗിച്ചത്. ഈ ജീപ്പ് നഗരത്തിൽ രണ്ടു ദിവസം രാത്രിയിൽ കറങ്ങുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. “
“ഹോട്ടലിൽ ഒരു സുഹൃത്തിനെ കീ ഏല്പിച്ചിട്ടാണ് അവർ പോയത്. ഞങ്ങളെല്ലാവരും മരണ വീട്ടിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് എന്റെ സുഹൃത്തുക്കൾ മടങ്ങി വന്നപ്പോൾ ജീപ്പ് അവിടെ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആ ജീപ്പിലാണ് ഞാൻ അവരെ എയർപോർട്ടിൽ കൊണ്ട് വിട്ടത്. “
“കീ അവർ ആരെയാണ് ഏല്പിച്ചത്. “
“അവരുടെ മുംബൈക്കാരനായ ഒരു സുഹൃത്ത് ആ ഹോട്ടലിൽ താമസം ഉണ്ടായിരുന്നു. “
“അതാരാണെന്ന് അന്വേഷിച്ചില്ലേ?അയാൾ ഇപ്പോൾ എവിടെയുണ്ട്. “
“അങ്കിത് നാഗരാജ്. “
മുംബൈക്കാരനായ അങ്കിത് നാഗരാജ് എന്നൊരാളെ തിരക്കി പോലീസ് ഹോട്ടലിൽ എത്തി. അങ്ങനെയൊരാൾ ആ സമയത്ത് ആ ഹോട്ടലിൽ ഉണ്ടായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും, ഹോട്ടൽ റെക്കോർഡിൽ നിന്നും ആ വ്യക്തി അമിത് ശർമ്മ എന്ന പേരിലാണ് മുറിയെടുത്തത് എന്ന് പോലീസിന് മനസ്സിലായി. അയാൾ ഒരാഴ്ചത്തേയ്ക്കാണ് മുറിയെടുത്തിരുന്നതെങ്കിലും ഒരു ദിവസം പോലും അവിടെ താമസിച്ചിരുന്നില്ല. ഇടയ്ക്കു മുറിയിൽ വരുകയും പോവുകയും ചെയ്തത് കൊണ്ട് ആർക്കും സംശയം ഒന്നും തോന്നിയതുമില്ല.
പോലീസ് നിരഞ്ജന്റെ സുഹൃത്തുക്കളുമായി വീഡിയോ കോൺഫറൻസ് കാൾ നടത്തി. അവർ നാലു പേരും ആര്യൻ എന്നൊരു സ്പിരിച്വൽ ഹീലരുടെ ലൈഫ് വെൽനെസ്സ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുണ്ട്. ആര്യന്റെ പേർസണൽ സ്റ്റാഫിലുള്ള ആളാണ് ഈ അങ്കിത് നാഗരാജ് എന്നാണ് പിള്ളേർ പറഞ്ഞത്. അയാളെന്തിനാണ് കേരളത്തിൽ വന്നതെന്നും, എന്തിനാണ് കള്ളപ്പേരിൽ ഒരു മുറിയെടുത്തതെന്നും പൊലീസിന് മനസിലായില്ല.
അങ്കിത് നാഗരാജിനെ തിരക്കി മുംബൈയിലേയ്ക്ക് തിരിക്കണം. പക്ഷെ ഈ അങ്കിത് നാഗരാജ് പ്രത്യക്ഷത്തിൽ ഒരു പ്രതിയല്ല, അയാൾക്ക് എതിരെ കേസുമില്ല, തെളിവുമില്ല.
അയാൾക്ക് സഞ്ജീവിന്റെ കേസുമായി നേരിട്ട് ഒരു ബന്ധവുമില്ല. പക്ഷെ ജീപ്പിലുണ്ടായ ഹിന്ദി സംസാരിക്കുന്ന നാലു പേര് ആരൊക്കെ, അവരെന്തിനു വിമലിന്റെ വീട്ടിലെത്തി. അവർക്കു വിമലുമായി എന്താണ് കണക്ഷൻ അതറിയണം. കുരുക്കുകൾ അഴിക്കണം.
പോലീസ് ഡൽഹിയിലുള്ള ആര്യന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അങ്കിത് നാഗരാജ് എന്നയാളെ കുറിച്ചു അന്വേഷിച്ചു. ആര്യൻ പോലീസുമായി ഫോണിൽ നേരിട്ട് സംസാരിച്ചു.
” അങ്കിത് എന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്നു. ഒരിക്കൽ ഹിപ്നോട്ടൈസ് ചെയ്ത സമയത്ത് അയാൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഞാൻ അയാളെ പുറത്താക്കിയതാണ്. അയാളുടെ പേരിൽ മുംബൈ പോലീസിൽ ആ സ്ത്രീ പരാതി കൊടുത്തിട്ടുണ്ട്. അയാളിപ്പോൾ ഒളിവിലാണ്. “
ആര്യൻ പോലീസിനു അയാളുടെ അഡ്രസ്സ് കൊടുത്തു.
കേരളത്തിൽ നിന്നും ഒരു സംഘം പോലീസ് അങ്കിതിനെ തിരക്കി മുംബൈയിലേക്ക് തിരിച്ചു.
അങ്കിതിന്റെ പേരിലൊരു സ്ത്രീ പീഡനക്കേസ് ഇപ്പോൾ നിലവിലില്ല. ഒരു സ്ത്രീ അങ്കിതിന്റെ പേരിൽ മുബൈ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തിരുന്നു. ഹിപ്നോട്ടൈസ് ചെയ്ത സമയത്ത് അങ്കിത് അവരുടെ ശരീരത്തിൽ പിടിച്ചു എന്നായിരുന്നു കേസ്. ആ സ്ത്രീ പറഞ്ഞതൊക്കെ കള്ളമാണെന്ന് പിന്നീട് അന്വേഷണത്തിൽ മനസിലായി. ആ മുറിയിലെ സി സി ടി വി കാമറ പരിശോധിച്ചപ്പോൾ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് മനസിലായി. പിന്നീട് അവർ അങ്കിത് അവരുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞിരുന്നു. അവർ പരാതിയിൽ പറഞ്ഞ ദിവസം അങ്കിത് വിദേശത്തു ആര്യനോടൊപ്പം ഒരു ട്രിപ്പിൽ ആയിരുന്നു. അങ്ങനെ അവരുടെ വാദം പൊളിഞ്ഞു, കേസിൽ അങ്കിതിനെ വെറുതെ വിട്ടു.
അങ്കിതിന്റെ കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ അങ്കിത് കേരളത്തിൽ പോയ കാര്യം അറിയില്ലായെന്നും, അയാൾക്കിപ്പോൾ കുടുംബവുമായിട്ടു യാതൊരു ബന്ധവുമില്ല എന്നും അവർ പറഞ്ഞു.
ആര്യനെ നേരിട്ട് കാണാൻ കഴിഞ്ഞില്ല, ഓഫീസിൽ നിന്നും അങ്കിത് ജോലിയിൽ ഇപ്പോൾ തുടരുന്നില്ലായെന്നും അയാളെ കുറിച്ചൊന്നും അറിയില്ലായെന്നും അറിവ് കിട്ടി. നിരാശിതരായി കേരള പോലീസ് മടങ്ങി.
അങ്ങനെ ആ ചുവന്ന ജീപ്പിന്റെ അന്വേഷണം വഴി മുട്ടി നിന്നു. നിരഞ്ജൻ തോമസിനെയും കൂട്ടുകാരെയും വേണ്ട വിധത്തിൽ ചോദ്യം ചെയ്താൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല. പക്ഷെ നിരഞ്ജൻ ചെറിയ പുള്ളി അല്ല, വമ്പൻ സ്രാവാണ്. സഞ്ജീവിന്റെ മരണം ഇപ്പോൾ മാത്യുവിന്റെ തലയിലാണ്. പക്ഷെ പോലീസിൽ പലരും സഞ്ജീവ് അങ്ങനെ നിഷ്പ്രയാസം മരണത്തിൽ ചെന്ന് ചാടില്ല എന്ന് കരുതുന്നവരാണ്, പ്രത്യേകിച്ച് കൂടെ ജോലി ചെയ്തവർ.
സഞ്ജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അയാളുടെ ദുർബലമായ ശരീരത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. ഏകദേശം മുപ്പത്തിയാറു മണിക്കൂറുകൾ അയാളുടെ ആമാശയത്തിൽ ഖര രൂപത്തിലുള്ള ഭക്ഷണ വസ്തുക്കൾ ഒന്നും എത്തിയിട്ടില്ല.
ഭാഗികമായ പട്ടിണി, ദ്രാവകങ്ങൾ മാത്രമാണ് കഴിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ആമാശയം അങ്ങനെ കാണപ്പെട്ടത്. ഭക്ഷണപ്രിയനായ സഞ്ജീവ് ഭക്ഷണം കഴിക്കാതിരിക്കുന്നതിനു കാരണം എന്തായിരിക്കും, അതാണ് പോലീസുകാർക്ക് സംശയം തോന്നാൻ കാരണം. പക്ഷെ സമർത്ഥൻമാരാണ് ഈ കൃത്യം ചെയ്തിരിക്കുന്നത്, തെളിവായി ആകെ പറയാൻ സാധിക്കുന്നത് ആ ചുവന്ന ജീപ്പിന്റെ സാന്നിധ്യം മാത്രമാണ്.
ആശുപത്രിയിൽ ഇൻസ്‌പെക്ടർ രമേഷിന്റെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഐ സി യുവിലായിരുന്ന രമേഷ് ആകെ അസ്വസ്ഥനായിരുന്നു. ഭാര്യയുടെയും മകളുടെയും സാന്നിധ്യം അയാളെ വെപ്രാളപ്പെടുത്തി.
പുതുതായി ചാർജ്ജെടുത്ത പുതിയ സർക്കിൾ ഇൻസ്‌പെക്ടർ രോഹിത് രഘുവരന്റെ ക്യാബിനിലേയ്ക്ക് ഡ്രൈവർ മഹേഷ് കയറി ചെന്നു, തന്നെ വിളിച്ചു ഇൻസ്‌പെക്ടർ രമേഷ് സ്വകാര്യമായി സംസാരിച്ച കാര്യവും, സഞ്ജീവ് സാറിന്റെ ലാപ്ടോപിനെക്കുറിച്ച് രഹസ്യമായി അന്വേഷിച്ച കാര്യവും, അതിനു ശേഷമാണു രമേഷിന് നെഞ്ച് വേദനയുമായി അഡ്മിറ്റ് ആയ കാര്യമൊക്കെ സൂചിപ്പിച്ചു.
“സഞ്ജീവിന്റെ ലാപ്ടോപ്പ് എവിടെയാണ്. “
“സഞ്ജീവ് സാറിന്റെ ഓഫീസിൽ മേശപ്പുറത്തിരുന്ന ഫയലുകളും ലാപ്ടോപ്പും
കാർട്ടണുകളിലാക്കി രമേഷ് സാർ സ്വന്തം വീട്ടിലേയ്ക്കു കൊണ്ട് പോകുന്നത് കണ്ടു. അത് മുഴുവൻ പരിശോധിച്ച ശേഷമാണ് സാർ ഇത്ര പരിഭ്രമിച്ചു കണ്ടത്. അതിൽ സാറിനെ അലട്ടുന്ന എന്തോ ഉണ്ടെന്നു തോന്നുന്നു. മാത്രമല്ല സൈബർ സെല്ലിലെ അരുണിനെ വിളിച്ചു ഒരു നമ്പർ സാർ കണ്ട് പിടിക്കാൻ ഏൽപ്പിച്ചിരുന്നു. “
“ഇതൊക്കെ തനിക്കു ഇത്ര കൃത്യമായി എങ്ങനെ അറിയാം. “
“സഞ്ജീവ് സാറിന്റെ മോറൽ സൈഡിനെ കുറിച്ച് എന്നോട് കുറെ ചോദ്യങ്ങൾ രമേഷ് സർ ചോദിച്ചിരുന്നു, രമേഷ് സാറിനെ തിരികെ വിളിച്ചിട്ടു കിട്ടാഞ്ഞിട്ട് അരുൺ എന്നെ വിളിച്ചിരുന്നു. “
“എന്തിന് ?”
“രമേഷ് സാറിനെ വിളിച്ചിട്ടു കിട്ടുന്നില്ല. ആ സസ്പെക്ട് നമ്പർ ഇപ്പോൾ സാർ കിടക്കുന്ന ആശുപത്രിയിൽ ആക്റ്റീവ് ആയെന്നു അറിയിക്കാൻ, എനിക്ക് തോന്നി സാറിന് എന്തോ അപകടമുണ്ടെന്ന്, ആരോ സാറിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന്, സഞ്ജീവ് സാറിന് പറ്റിയപോലെ രമേഷ് സാറിനും പറ്റിയാലോ എന്ന് കരുതിയാണ് ഞാൻ ഇപ്പോൾ സാറിൻ്റെയടുത്ത് ഓടിയെത്തിയത്. സഞ്ജീവ് സാർ എനിക്ക് സ്വന്തം ചേട്ടനെ പോലെ ആയിരുന്നു. “
“ശരി താൻ പൊയ്ക്കോ, ഞാൻ സൈബർ ഫോറൻസിക് വിദഗ്ധരെ വിളിച്ചു ഈ ലാപ്ടോപ്പ് ഒന്ന് പരിശോധിപ്പിക്കട്ടെ. എന്തെങ്കിലും തെളിവില്ലാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും. “
മഹേഷ് സർക്കിൾ ഓഫീസിൽ നിന്നിറങ്ങുമ്പോൾ നിധിൻ രാഹുലുമായി സർക്കിൾ ഓഫീസിലേയ്ക്ക് കയറി ചെന്നു. അവർക്കു രോഹിത് സാറിനെ കാണാനായി അനുവാദം ലഭിച്ചു. ആദ്യം രാഹുൽ അകത്തു കയറി കാര്യങ്ങൾ ബോധിപ്പിച്ചു.
രാഹുൽ സർക്കിളിനെ കണ്ടു നിധിന്റെ ഫയലുകൾ നൽകി. ദുബായിൽ നിന്നും നിധിനെ കാണാതായ പത്ര വാർത്തകളും കേസ് രേഖകളും ഹാജരാക്കി. നിധിൻ മടങ്ങി വന്ന രേഖകളും വ്യാജ പാസ്സ്പോർട്ടിന്റെ കോപ്പികളും ഹാജരാക്കി.
നിധിൻ വരാന്തയിലെ ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു എ എസ് ഐ സലിം ഓടി വന്നു.
“നിങ്ങൾ നിധിനല്ലേ, ദേവിയുടെ ഭർത്താവ്. “
സാറിന് ആളുമാറിയതാണ്, ഞാൻ മറ്റൊരാളാണ് എന്ന മറുപടി പ്രതീക്ഷിച്ച് നിന്ന സലിം സാറിനോട് നിധിൻ തലകുലുക്കി സമ്മതിച്ചു.
“നിധിനാണ് സാർ, ഗൾഫിൽ നിന്നും ജീവനും കൊണ്ട് രക്ഷപെട്ടു വന്നതാണ്, ഇത് വരെ ഒളിവിൽ കഴിഞ്ഞതാണ്. “
“ഇപ്പോൾ എങ്ങനെ പുറത്തു വന്നു. “
“മടുത്തു സാർ ഒളിവിലെ ജീവിതം, എത്രനാൾ ഞാൻ ഇങ്ങനെ ഒളിവിലിരിക്കും, തൂക്കുമരമെങ്കിൽ തൂക്കുമരം എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം ജീവിക്കാൻ എനിക്ക് അവകാശമില്ലേ. “
സലിം നിധിനെയും കൂട്ടി സർക്കിളിന്റെ മുറിയിലേയ്ക്കു കയറി.
“എന്താ സലിം. “
“സർ ഇത്, എനിക്കറിയാവുന്ന പയ്യനാണ്. “
ചെറുപ്പക്കാരനായ സർക്കിൾ രോഹിത് രഘുവരൻ തലയുയർത്തി നിധിനെ നോക്കി. താടിയും മുടിയും വളർത്തി, മെലിഞ്ഞുണങ്ങിയ നിധിന്റെ രൂപം കണ്ട് അയാൾ ദുഃഖിതനായി.
“നിയമങ്ങൾ അതിൻ്റെ വഴിക്ക് അന്വേഷണം നടത്തും. ഈ രേഖകളുമായി എത്രയും പെട്ടെന്ന് പോലീസ് സൂപ്രണ്ട് ഓഫീസിൽ പോയി കാണുക. “
രാഹുൽ നിധിനുമായി പുറത്തിറങ്ങുന്നത് നോക്കി സലിം നിന്നു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -74 - By Nisha Pillai - കൂട്ടക്ഷരങ്ങൾ