“തനിക്ക് ഈ നിധിനെ അറിയാമോ. “
രാഹുൽ രഘുവരൻ സലീമിനോട് ചോദിച്ചു.
“അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ്റെ രണ്ടാമത്തെ ഭർത്താവാണിയാൾ. “
“ആ പെൺകുട്ടിയുടെ പിറകേ ആയിരുന്നില്ലേ നമ്മുടെ സഞ്ജീവ് സാറിൻ്റെ നടപ്പ്. “
“സത്യം പറയാമല്ലോ സാറേ, സഞ്ജീവ് സാറിന് പ്രത്യേകിച്ച് ആരോടും അങ്ങനെ ഒരു മമത ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ പെണ്ണുങ്ങളും വെറും ഭോഗ വസ്തുക്കൾ മാത്രമായിരുന്നു, പക്ഷേ ദേവി മാഡത്തോട് സാറിന് വല്ലാത്ത ആരാധനയായിരുന്നു തുടക്കത്തിൽ, അങ്ങനെ സാറിൻ്റെ സ്വഭാവത്തിന് പോലും മാറ്റം വരുത്തിയിരുന്നു. പിന്നീട് അവർ ഒരു മോഹമായി മാറി, പിന്നെ അവരോട് ഭ്രാന്തായി. ഏത് വിധേനയും അവരെ കീഴ്പ്പെടുത്തി, സ്വന്തമാക്കണമെന്ന ചിന്തയായി, അതാ കൊല്ലാൻ പോലും ശ്രമിച്ചത്. “
“ഈ നിധിനെ കൊല്ലാൻ ശ്രമിച്ചതും അയാളാണെന്നാണല്ലോ ഡിപ്പാർട്ട്മെൻ്റിലെ അടക്കം പറച്ചിൽ. “
” അതൊന്നും എനിക്ക് അറിയില്ല സാറെ, കൊലയാളിയുമായി പണമിടപാട് ഒക്കെ നടന്നത് ബിറ്റ് കോയിൻ വഴിയാണ്. തെളിവുകൾ ഇല്ലാതെ എങ്ങനെയാ സാറെ. “
രാഹുൽ സാർ പുച്ഛത്തോടെ ചിരിച്ചു.
“എനിക്കറിയാം, തെളിവുകളുമില്ല, ആളിപ്പോൾ ജീവനോടെയുമില്ല. ആ സാറിനെ എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ലല്ലോ. “
സഞ്ജീവും രാഹുലും ഒരേ ബാച്ചിൽ പോലീസിൽ കയറിയവരാണ്. സഞ്ജീവ് വളരെ സമർത്ഥനായിരുന്നു. അയാൾ ട്രെയിനിംഗ് സമയം മുതൽ മറ്റ് ട്രെയിനികൾക്ക് പാര വയ്ക്കാൻ ശ്രമിച്ചിരുന്നു. അയാൾ പല മാർഗ്ഗങ്ങൾ ഉപയോഗിച്ച് മേലുദ്യോഗസ്ഥൻമാരെ സോപ്പിട്ട് കൂടെ നിർത്തിയിരുന്നു.
രാഹുലിൻ്റെ അവസരങ്ങൾ പലപ്പോഴും സഞ്ജീവ് സ്വാധീനം ഉപയോഗിച്ച് തട്ടിയെടുത്തിരുന്നു. സഞ്ജീവും രാഹുലും ഒരേ സ്റ്റേഷനിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ചെങ്കിലും രാഹുലിന് കിട്ടിയില്ല. ഇപ്പോൾ അയാളുടെ മരണ ശേഷം, അയാളുടെ സ്റ്റേഷനിൽ, അയാളുടെ സീറ്റിൽ ഇരിക്കുമ്പോൾ രാഹുൽ ഉള്ളിൽ പൊട്ടിച്ചിരിക്കുകയിയിരുന്നു. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നത് എത്ര ശരി.
ഒരർത്ഥത്തിൽ സഞ്ജീവിൻ്റെ മരണം രാഹുലിനെ പോലെ സേനയിലുള്ള പലരേയും സന്തോഷിപ്പിച്ചു. പലരുടേയും പ്രാർത്ഥന ദൈവം കേട്ടു, മാത്യുവിൻ്റെ രൂപത്തിൽ വന്ന് തീർപ്പാക്കി.
സലിം ആശങ്കയോടെ രാഹുലിൻ്റെ മുന്നിൽ നിന്നു.
“നമുക്ക് ഒരിക്കൽ കൂടി ആ ബാങ്ക് മാനേജരുടെ ഭാര്യയെ ചോദ്യം ചെയ്യണം. വിട്ട് പോയത് എന്തെങ്കിലും ലഭിച്ചാലോ. “
“പോകാം സാർ. “
പോലീസ് ചെന്നപ്പോൾ വീട് പൂട്ടി കിടന്നിരുന്നു. റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞാണ് ധന്യ ശ്യാമളൻ നഗരത്തിൽ തുടങ്ങിയ പുതിയ ബ്രൈഡൽ സ്റ്റുഡിയോയെ പറ്റി അറിഞ്ഞത്, ” മേക്ക് ഓവർ”.
കഴിഞ്ഞ ദിവസമാണത്രേ പ്രശസ്ത സിനിമാ നടനും നിർമ്മാതാവുമായ പ്രണവും ഭാര്യ അനുപമയും ചേർന്ന് ആ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
“ആ അനുപമ അല്ലേ ദേവിയുടെ സുഹൃത്ത്. “
“അതേ സർ, ഈ പ്രണവ് വളരെക്കാലമായി ചികിൽസയിൽ ആയിരുന്നു. എന്തോ അജ്ഞാത രോഗത്തിൻ്റെ ചികിൽസയിൽ ആയിരുന്നു. “
“അജ്ഞാത രോഗമൊന്നുമല്ലടോ, നാട്ടു ഭാഷയിൽ പറഞ്ഞാല് കൂടോത്രം, ശരിക്കും പറഞ്ഞാല് ഏതോ വിഷം ചെറിയ അളവിൽ കൊടുത്തു അയാളുടെ അവയവങ്ങളെ തളർത്തി കളഞ്ഞു. സമൂഹത്തിൽ തിളങ്ങി നിന്നിരുന്ന ആൾ പെട്ടെന്ന് ശാരീരികമായും മാനസികമായും തളർന്ന് പോയാലുള്ള അവസ്ഥ എന്താകും അതാണ് അയാൾക്ക് സംഭവിച്ചത്. ഇതിന് ചികിത്സ ഒന്നുമില്ല. മാനസികമായ ഷോക്ക് കൊടുക്കണം, പോസിറ്റീവ് ആയ ഷോക്ക്, അതാണ് ആ സ്പിരിച്വൽ ഹീലർ ചെയ്തത്. “
“പക്ഷേ സാറേ ഇയാളുടെ ഓഫീസ് സ്റ്റാഫല്ലായിരുന്നോ ആ അങ്കിത് നാഗരാജ്. ഈ ഹീലറെ ദേവി വിളിച്ചു കേരളത്തിൽ കൊണ്ട് വരുകയും ചെയ്തു. പ്രണവിൻ്റെ രോഗാവസ്ഥയിലും നിധിൻ്റെ തിരോധാനത്തിലും ഈ ദേവി സംശയിച്ചിരുന്നത് സഞ്ജീവ് സാറിനെ ആയിരുന്നു. ഒരു പക്ഷേ ഈ കൊലപാതകങ്ങൾ അവർ പ്ലാൻ ചെയ്തതാണെങ്കിൽ, എന്തോ ഒരു കണക്ഷൻ ഇല്ലേ, ഇത് തമ്മിൽ. “
രാഹുൽ സലീമിനെ അടുത്തേയ്ക്ക് നടന്നടുത്തു.
“തനിക്കെന്താടോ വട്ടാണോ, ചാവേണ്ടവൻ ചത്തു, കൊല്ലേണ്ടവൻ സമർത്ഥമായി കൊന്നു. അയാൾ ചാവേണ്ടവനല്ലേ. “
സലിം തലകുലുക്കി സമ്മതിച്ചു.
“തനിക്കെന്തറിയാം ആര്യനെക്കുറിച്ച്? അയാൾ ഒരു സിറ്റിംഗിന് ആയിരങ്ങൾ വാങ്ങുന്ന സെലിബ്രിറ്റി ഹീലറാണ്. അയാൾക്ക് മുംബൈയിലും ഡൽഹിയിലും മന്ത്രിമാരും പ്രശസ്ത സിനിമാ നടൻമാരും വരെ ക്ലൈൻ്റുകളായി ഉണ്ട്. അയാളെ നമുക്ക് തൊടാൻ സാധിക്കില്ല. തനിക്കെത്ര മക്കളാണുള്ളത്. ?”
“രണ്ട് പെൺകുട്ടികൾ. “
“രമേഷിൻ്റെ അവസ്ഥ കണ്ടോ താൻ, നമ്മുടെ കയ്യിൽ തെളിവുകളില്ല. നമുക്ക് ആര്യനെ സംശയവുമില്ല. മനസ്സിലായോ. “
സലീം തലയാട്ടി. രാഹുൽ അയാളുടെ തോളിൽ തട്ടി.
“അതാടോ നമുക്ക് നല്ലത്. അല്ലെങ്കിൽ ക്രൈംബ്രാഞ്ചും സിബിഐയും ഒക്കെ ഉണ്ടല്ലോ. നമ്മളിത് പതുക്കെ ക്ലോസ് ചെയ്യും. “
“ഞാൻ കേട്ടത് സത്യമായ് അല്ലേ. സഞ്ജീവ് സർ, സാറിനെ അത്ര ദ്രോഹിച്ചിരുന്നു അല്ലേ. എന്നാലും സഞ്ജീവ് സർ എൻ്റെ മേലുദ്യോഗസ്ഥൻ ആയിരുന്നു. “
“അങ്ങനെയങ്ങ് പേടിച്ചാലോ സലീം സാറേ, നീതിയ്ക്ക് വേണ്ടി നിലകൊള്ളുക. “
“എവിടെയാണ് സാറേ ഈ നീതി. “
“താൻ സർവീസിൽ കയറിയിട്ട് വർഷമെത്രയായി. നമ്മുടെ മുന്നിലെത്തുന്ന ഓരോ മുഖങ്ങളും ഓരോ കഥയുമായിട്ടാണ് വരുന്നത്. ചിലത് യഥാർത്ഥവുംചിലത് നുണക്കഥകളും, രണ്ടും നമുക്ക് തിരിച്ചറിയാൻ കഴിയണം. “
“എല്ലാ കഥകളും മനസ്സിലാക്കാൻ കഴിയില്ല സാർ. “
“കുറെയൊക്കെ കഴിയും. അതിനാദ്യം മനസ്സ് ശാന്തമാക്കി വയ്ക്കുക. നമ്മളെ ഭ്രമിപ്പിക്കുന്ന പെണ്ണും പണവും മദ്യവും… അങ്ങനെയൊരു ലഹരിയുമരുത്. എല്ലാവർക്കും നീതി മേടിച്ചു കൊടുക്കാൻ നമുക്ക് കഴിയില്ല. പക്ഷേ അനീതിക്കെതിരെ രഹസ്യമായി പോരാടുവാൻ കഴിയും. “
“ആരെ തുണയ്ക്കും സർ, സഞ്ജീവ് സർ ഞങ്ങളിലൊരുവൻ ആയിരുന്നു. “
രാഹുൽ സലീമിനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
“അത് മാത്രമാണോ തൻ്റെ സെൻ്റിമെൻ്റ്സ്. എന്നോട് ചെയ്തത് പോട്ടേ, ഞാൻ ക്ഷമിക്കാം. അയാൾ പിഴപ്പിച്ച പെൺകുട്ടികളെ മറക്കാം, ദ്രോഹിച്ച കുടുംബങ്ങളെ ഞാൻ മറക്കാം. താൻ ആ കൊച്ചിനെ ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ. ഒരു പിഴച്ച മകൻ”
അവരുടെ പോലീസ് ജീപ്പിന് മുന്നിൽ ഒരു കാർ വന്നു നിന്നു. ഒരു യുവതി ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്ന് ഗേറ്റ് തുറന്നു. കാറിൻ്റെ മുന്നിലെ പാസഞ്ചർ സീറ്റിൽ ഐസ്ക്രീം നുണഞ്ഞു കൊണ്ട് ഒരു ബാലൻ ഇരുന്നിരുന്നു.
രണ്ട് പേരും കൗതുകത്തോടെ ആ കുട്ടിയെ നോക്കി. സഞ്ജീവ് സാറിൻ്റെ പോലെ നിറയെ പീലികളുള്ള വലിയ കണ്ണുകൾ ആ കുട്ടിക്ക് ഉണ്ടായിരുന്നു. അതേ ചിരി, അതേ നെറ്റി.
കുട്ടിയുടെ വലിയ കണ്ണുകൾ അവരെ പേടിയോടെ നോക്കി.
“ദേ അമ്മേ പോലീസ്. “
അവൻ അമ്മയോട് വിളിച്ചു പറഞ്ഞു.
“മോൻ പേടിക്കേണ്ട, അച്ഛൻ്റെ കൂട്ടുകാരാണ്. “
ചിരിച്ചപ്പോൾ അവൻ്റെ വലിയ കണ്ണുകൾ വിടർന്നു. ഇടത്തേ കവിളിൽ നുണക്കുഴി തെളിഞ്ഞു.
“പോലീസുകാരെല്ലാവരും അച്ഛൻ്റെ കൂട്ടുകാരാണോ. “
യുവതി കാർ കൊണ്ട് പോർച്ചിൽ നിർത്തി. യുവതി സന്തോഷത്തോടെ അവരെ വീടിനകത്തേക്ക് സ്വാഗതം ചെയ്തു.
“ധന്യ ഇത്ര പെട്ടെന്ന്… വീണ്ടും പഴയ പോലെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നതിൽ സന്തോഷം. “
“മടങ്ങി വരാതിരിക്കാൻ പറ്റുമോ സാറേ. രണ്ട് വയറിൻ്റെ വിശപ്പ് മാറണ്ടേ. “
ധന്യ കണ്ണ് തുടച്ചു.
“പലരും പലപ്രാവശ്യം ചോദിച്ചു മടുത്ത ചോദ്യമാണ്. ഞാൻ വീണ്ടും ചോദിക്കുന്നു. ധന്യയുടെ ഭർത്താവ് വിമൽ കേട്ടിടത്തോളം സമൂഹത്തിൽ അറിയപ്പെടുന്ന ഒരാളാണ്. അദ്ദേഹത്തിൻ്റെ മരണത്തിൽ ധന്യയ്ക്ക് ആരെയെങ്കിലും സംശയമുണ്ടോ. അദ്ദേഹത്തിന് ആരെങ്കിലും ശത്രുക്കളുണ്ടോ. “
ധന്യ ചിരിച്ചു.
“എനിക്കറിയില്ല സാർ, എൻ്റെ അറിവിൽ അയാൾക്ക് മിത്രങ്ങളൊന്നുമില്ലായിരുന്നു. “
“അപ്പോൾ സഞ്ജീവ് സർ., “
“അവർ നല്ല സുഹൃത്തുക്കളായിരുന്നില്ല. സഞ്ജീവിന്റെ അടിമയായിരുന്നു വിമൽ, എല്ലാ അർത്ഥത്തിലും… “
“പക്ഷേ… ഞാൻ കേട്ടത്. “
“കേട്ടതെല്ലാം വാസ്തവമാകണമെന്നില്ല. “
കുറെ നേരത്തേക്ക് ധന്യ മൗനം തുടർന്നു.
“സർ, വിമലിന് പെണ്ണും മദ്യവും ഹരമായിരുന്നു. അയാളെപ്പോഴും വൈവിധ്യങ്ങൾക്കായി ശ്രമിച്ചു. ഭാര്യയെന്ന നിലയിൽ, എന്നോടുള്ള അയാളുടെ സമീപനം വളരെ മോശമായിരുന്നു. ജീവിതത്തിൽ അവശേഷിച്ച കച്ചിത്തുരുമ്പെന്ന നിലയിലാണ് ഞാൻ സഞ്ജീവിനെ സമീപിച്ചത്. വിമലിൻ്റെ പീഡനങ്ങളിൽ നിന്നും എന്നെ രക്ഷിച്ചത് സഞ്ജീവായിരുന്നു. കാരണം വിമലിനേക്കാൾ എൻ്റെ ശരീരത്തെ സ്നേഹിച്ചത് സഞ്ജീവായിരുന്നു. അയാളെൻ്റെ രക്ഷകനല്ല, മറിച്ച് എൻ്റെ ശരീരത്തിൻ്റെ ഉടമയായിരുന്നു. ആ സമയത്ത് എനിക്കയാളുടെ തണൽ ആവശ്യമായിരുന്നു. അയാൾക്ക് അയാളുടെ അനൗദ്യോഗിക അവകാശിയെ ഇഷ്ടമായിരുന്നു. വിമലിൻ്റെ മുന്നിൽ വച്ച് എൻ്റെ മകനെ കൊണ്ട് പപ്പായെന്ന് അയാൾ വിളിപ്പിച്ചു. അതിൽ അയാൾ സന്തോഷിച്ചു, അഭിമാനം കൊണ്ടു. ഒരു തരം സാഡിസം. “
“അതിലൊന്നും ധന്യയോടോ സഞ്ജീവിനോടോ വിമലിന് ദേഷ്യമില്ലായിരുന്നോ?”
“എന്ത് ചോദ്യമാണ് സർ, വിമൽ!! അയാളുമൊരു ആണല്ലേ. അയാൾക്ക് സഞ്ജീവിനെ പേടിയാണ്. അവരുടെ ഇടയിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്. അത് കൊണ്ട് മാത്രമാണ് വിമൽ എല്ലാം സഹിച്ചത്. “
“അവരുടെ ശത്രുക്കൾ. ?”
“സഞ്ജീവ് ആണ് ആദ്യം മരിച്ചതെങ്കിൽ, അത് വിമൽ കൊന്നതായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചേനെ. ആര് കൊന്നതായാലും നല്ലൊരു കാര്യമാണ്. എന്നെപ്പോലെ പലർക്കും സമാധാനം കിട്ടി കാണും. എനിക്കിനി ആരേയും ഭയപ്പെടാതെ ജീവിക്കാം. “
ധന്യ തിരിഞ്ഞ് ഐസ്ക്രീം നുണയുന്ന മകനെ നോക്കി.
” കൊച്ച് തന്തയില്ലാതെ വളരും. എന്നാലും ഭയമില്ല, ഭീഷണിയില്ല, വെറുപ്പില്ല. സമാധാനം മാത്രം. എനിക്ക് അത്രയും ആഗ്രഹമേയുള്ളൂ. “
രാഹുലും സലീമും പോകാനായി എഴുന്നേറ്റു. ധന്യ ഗേറ്റ് വരെ അവർക്കൊപ്പം നടന്നു.
“ദേവി വക്കീലിനിപ്പോൾ എങ്ങനെയുണ്ട്. എനിക്കവരെ വലിയ ഇഷ്ടമാണ്, മിടുക്കിയാണവർ. “
രാഹുൽ തല കുലുക്കി.
“മുറിവ് ഭേദമായി. “
“എനിക്ക് മേക്ക് അപ്പ് ചെയ്യാൻ വലിയ ഇഷ്ടമാണ്. സിനിമയൊന്നും എൻ്റെ സ്വപ്നത്തിൽ ഇല്ലായിരുന്നു. സഞ്ജീവീൻ്റെ നിർബന്ധം ആയിരുന്നു സിനിമ. പാവം പ്രണവ്, മുൻപ് ദേവിയെ സ്നേഹിച്ചിരുന്നു എന്നതാണ് അയാൾ ചെയ്ത കുറ്റം. “
ജീപ്പിലിരിക്കുമ്പോൾ രാഹുലിൻ്റെ ഫോൺ ശബ്ദിച്ചു. ഒരു നിമിഷം കഴിഞ്ഞപ്പോൾ സലീമിൻ്റെ ഫോണും ശബ്ദിച്ചു. രണ്ട് പേരും കാളുകൾ സ്വീകരിച്ചു, സലീം പെട്ടെന്ന് ഫോൺ വച്ചു, അയാളാകെ ദുഃഖിതനായിരുന്നു. രാഹുൽ ഏറെ നേരം സംസാരിച്ചു, ഫോൺ വച്ച് ശേഷം രാഹുൽ വളരെ സന്തോഷവാനായിരുന്നു.
“എന്ത് പറ്റി സലീം. “
“രമേഷ് സാർ നമ്മളെ വിട്ട് പോയി, പെട്ടെന്ന് ഒരു ശ്വാസം മുട്ടലുണ്ടായി. പത്ത് മിനിറ്റ് ആയി കാണും, സ്റ്റേഷനിൽ നിന്നും വിളിച്ചു. “
” കഷ്ടമായി പോയല്ലോ, നല്ല മനുഷ്യൻ ആയിരുന്നു. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ മകളേ ഒരു ഡോക്ടർ ആയി കാണണമെന്ന ആഗ്രഹം എന്നോട് പറഞ്ഞിരുന്നു. “
“സാറിനെ ആരാ വിളിച്ചത്. “
“സൈബർ സെല്ലിൽ നിന്നും വിളിച്ചിരുന്നു. അവർ ലാപ്ടോപ്പ് പരിശോധിച്ചു നിർണായകമായ വിവരങ്ങൾ കണ്ടെത്തി. സഹപ്രവർത്തകനെ നമ്മൾ സംരക്ഷിക്കാൻ ശ്രമിച്ചാൽ നമുക്ക് പണി കിട്ടും. “
“മറ്റാർക്കും ഈ ലാപ്ടോപ്പ് വിഷയം അറിയില്ലല്ലോ. “
“ഈ ലാപ്ടോപ്പ് സഞ്ജീവിൻ്റെ മരണശേഷവും ആരോ ഉപയോഗിച്ചിട്ടുണ്ട്. ഇതിലെ ഡാറ്റാ വേറെ ഡിവൈസിലേക്ക് മാറ്റിയിട്ടുണ്ട്. അയാളുടെ യാഥാർത്ഥ്യങൾ വെളിവാക്കുന്ന പലതും ലാപ്ടോപ്പിലുണ്ട്. നമ്മൾ ഇയാളെ എത്ര വെളുപ്പാൻ ശ്രമിച്ചാലും വെളുക്കില്ല. ഇതിലുള്ള ഡാറ്റ, ആരെങ്കിലും സോഷ്യൽ മീഡിയ വഴി പുറത്താക്കിയാൽ നമ്മൾ പെടും. ഇപ്പോൾ തന്നെ പൊതുസമൂഹത്തിന് പോലീസ് എന്ന് കേൾക്കുമ്പോൾ തമാശയായി തുടങ്ങി. “
“വേണ്ട സാർ വിട്ടേരെ. ചത്തവൻ ചത്തു. ഉപ്പ് തിന്നാൻ വെള്ളം കുടിയ്ക്കട്ടെ. നമ്മളും കൂടി ഇതിൽ പങ്കാളികളാണെന്ന് ജനം കരുതില്ലേ. “
ആശുപത്രിയിൽ അവർ എത്തുമ്പോൾ രമേഷിൻ്റെ നിശ്ചലമായ ശരീരം ആമ്പുലൻസിൽ കയറ്റുകയാണ്. നിശ്ചലമായ സഹപ്രവർത്തകൻ്റെ മുന്നിലെത്തിയപ്പോൾ രാഹുൽ തൻ്റെ തൊപ്പിയൂരി ആദരവ് കാട്ടി. ദൂരെ ഭാര്യയും മകളും തളർന്ന് ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.
(തുടരും… )
✍️✍️നിഷ പിള്ള

