” ഇതെന്തു പറ്റി ഹരിയേട്ടാ..പതിവില്ലാത്തതാണല്ലോ…ന്റെ ഭ്രാന്തിനി അങ്ങടെങ്ങാനും പകർന്നോ..!?”
നിറഞ്ഞ ചിരിയോടെയുള്ള വേദികയുടെ ചോദ്യം കേട്ടാണ് ഹരീഷ് ഞെട്ടിയുണർന്നത്.. താൻ കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന തിരിച്ചറിവിൽ ഒരു പകപ്പോടെ അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. ബാൽക്കണിയിലെ സ്വിങ് ചെയറിലിരുന്ന് വേദയുടെ ഓർമ്മകളിലൂടെയുള്ള സഞ്ചാരത്തിനിടയ്ക്കെപ്പോഴോ മയങ്ങിപ്പോയതാണ്.
കൂടെയുണ്ടായിരുന്നപ്പോൾ ഒരിക്കലെങ്കിലും താൻ അവളെക്കുറിച്ചൊന്നോർത്തിരുന്നിട്ടുണ്ടോ..?!
ഇല്ല.. ഒരിക്കലുമില്ല..
എന്നും കൂടെയുണ്ടാവുമെന്നുറപ്പുള്ളവരെക്കുറിച്ച് നാം ഒരിക്കലും ഓർക്കാറില്ല എന്നത് തന്നെയാണ് യാഥാർഥ്യം.. ഒരുപക്ഷെ അവർ ഒരിക്കലും തിരിച്ചു വരാൻ കഴിയാത്തത്ര ദൂരത്തേക്ക് അകന്നു പോകുമ്പോൾ മാത്രമായിരിക്കും അവരുടെ മൂല്യം നാം തിരിച്ചറിയുന്നത് തന്നെ.
തങ്ങളുടെ ജീവിതത്തിന്റെ അച്ചുതണ്ടു തന്നെ അവരിലായിരുന്നു എന്നുള്ള ബോധ്യം നമ്മിലെത്തുമ്പോഴേക്കും അവർ തീർത്തും ഓർമ്മകൾ മാത്രമായി മാറിയിട്ടുണ്ടാവും. തീരാനഷ്ടങ്ങളാണല്ലോ മരിക്കാത്ത ഓർമ്മകളായി പുനർജ്ജനിക്കുന്നത്.
ബാൽക്കണിയിൽ വേദ നട്ടു വളർത്തിയ മുല്ലവള്ളിയിലെ വിടർന്നു വരുന്ന മുല്ല മൊട്ടുകളിൽ നിന്നുമുള്ള സുഗന്ധം അവിടമാകെ പരന്നൊഴുകി. വേദയുടെ ഇഷ്ട ഗന്ധം..!
നിലാവിന്റെ വെള്ളി വെളിച്ചത്തിലേക്ക് കണ്ണു പായിച്ചപ്പോൾ അയാളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.
നിലാവുള്ള രാത്രിയിൽ തന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ കാണാനാഗ്രഹിച്ച ഒരുവളുണ്ടായിരുന്നു തന്റെ കൂടെ ഇന്നലെ വരെ..!
പക്ഷേ.. അവളുടെ ഈയൊരു കുഞ്ഞാഗ്രഹം പോലും തനിക്കവളെ പരിഹസിക്കാൻ തക്ക ഭ്രാന്തുകളായിരുന്നു.
അല്ലെങ്കിലും അവളുടെ ഏതാഗ്രഹങ്ങളെയാണ് താൻ ഭ്രാന്തെന്നു പറഞ്ഞു കളിയാക്കാതിരുന്നിട്ടുള്ളത്..
പുതു മഴയിലെ മണ്ണിന്റെ ഗന്ധത്തിൽ സ്വയം മറന്നു മത്തു പിടിച്ചിരിക്കുന്നവൾ..!
മഴയത്തു രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാൻ മോഹിച്ചിരുന്നവൾ..!
മുറ്റത്തെ ചാമ്പമരം പെയ്യിച്ചതിന്റെ കുളിരാസ്വദിക്കുന്നവൾ..! മാവിൽ ഊഞ്ഞാലു കെട്ടി മാനം മുട്ടെ ഉയരത്തിൽ ആടാൻ കൊതിച്ചിരുന്നവൾ..!
അവളുടെ ആ ഇഷ്ടങ്ങളൊക്കെയും തന്നെ തനിക്കും മക്കൾക്കും അവളെ പറഞ്ഞു കളിയാക്കി ചിരിക്കാൻ പോന്ന അവളുടെ മാത്രം ഭ്രാന്തുകളായിരുന്നു.
കാവിനെയും കുളത്തിനെയും മഴയെയും പുഴയേയും അതിരു കവിഞ്ഞു സ്നേഹിച്ച തുളസിക്കതിരിന്റെ നൈർമല്യമുള്ള നാട്ടിൻപുറത്തുകാരിയുടെ ഇഷ്ടങ്ങൾ സിറ്റി ലൈഫിൽ വളർന്ന തനിക്കോ മക്കൾക്കോ ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്തവയായിരുന്നു. തങ്ങളുടെ കാഴ്ചപ്പാടിൽ അവയെല്ലാം മുഴുത്ത വട്ടുകൾ മാത്രമായിരുന്നു.
തികഞ്ഞ ഒരു വായനക്കാരിയായിരുന്നു അവളെങ്കിൽ തനിക്കൊട്ടും കമ്പമില്ലാത്തതും അതു തന്നെയായിരുന്നു. അല്ലെങ്കിൽ സാഹിത്യലോകത്ത് സൃഷ്ടിക്കപ്പെടുന്ന ഇല്ലാ കഥകൾ വായിച്ചു നഷ്ടപ്പെടുത്താൻ ജനപ്രിയ ഡോക്ടർ ആയ ഡോക്ടർ ഹരീഷിനു സമയം ഒട്ടും തന്നെയുണ്ടായിരുന്നില്ല..എന്നും തിരക്കുകൾ മാത്രം.!ചെയ്യുന്ന പ്രൊഫഷനോടുള്ള ആത്മാർത്ഥത കൂടിയപ്പോൾ തിരക്കുകൾ ജീവിതത്തിന്റെ ഭാഗമായി. തിരക്കുകളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ പലപ്പോഴും മറന്നു പോയത് തന്റെ ചിറകിൻ കീഴിൽ മാത്രം ഒതുങ്ങി തന്റെ നിഴലായി ജീവിക്കാൻ കൊതിച്ചവളെയായിരുന്നു. അവളുടെ കുഞ്ഞു കുഞ്ഞാഗ്രഹങ്ങളെയായിരുന്നു.
എന്നാൽ, പരാതികളോ പരിഭവങ്ങളോ ഒട്ടും തന്നെയില്ലാതെ വിവാഹം കഴിഞ്ഞ കുറഞ്ഞ നാളുകൾ കൊണ്ടു തന്നെ തന്റെ ഇഷ്ടങ്ങളെയൊക്കെയും അവളുടെയും ഇഷ്ടങ്ങളാക്കി മാറ്റിയിരുന്നു അവൾ..!
പിന്നീട്, അമ്മയായപ്പോൾ മക്കളുടെ ഇഷ്ടങ്ങളെയും സ്നേഹിച്ചു തുടങ്ങിയവൾ സ്വന്തമായ ഇഷ്ടങ്ങളെയൊക്കെ പാടേ മറന്നു പോയിരുന്നു ..!
മെഡിക്കൽ പഠനത്തിന്റെ ഭാഗമായി മക്കൾ രണ്ടുപേരുടെയും ജീവിതം ഹോസ്റ്റലുകളിലേക്കു പറിച്ചു നടപ്പെട്ടപ്പോഴാണ് ഒരിക്കൽ ഉപേക്ഷിച്ചു മടങ്ങിയ തന്റെ ഇഷ്ടങ്ങളിലേക്ക് അവൾ വീണ്ടും ചേക്കേറിത്തുടങ്ങിയത്..!
വായനയോടൊപ്പം അവളുപേക്ഷിച്ച കുത്തിക്കുറിക്കലുകൾ വീണ്ടും തുടങ്ങിയെന്ന് ഒരിക്കലവൾ സൂചിപ്പിച്ചിരുന്നുവെങ്കിലും അവളുടെ കവിത ഒരു മാസികയിൽ അച്ചടിച്ചു വന്നത് അവൾ തങ്ങളെ കാണിക്കുന്നത് വരെ താനോ മക്കളോ അതു ശ്രദ്ധിച്ചിരുന്നില്ല.. മക്കളും വായനയുടെ കാര്യത്തിൽ തന്നെക്കാൾ പുറകിലായിരുന്നു .. മലയാളം രചനകളുടെ വായന അവർക്കെന്നും അറുബോറായിരുന്നു.
ഒരു പ്രോത്സാഹനവും തങ്ങളിൽ നിന്നും കിട്ടാത്തതു കൊണ്ടായിരിക്കാം പിന്നീട്, ഒരിക്കൽ പോലും വേദ അവളുടെ എഴുത്തുകളെക്കുറിച്ച് തങ്ങളോട് മിണ്ടാതിരുന്നത്. തങ്ങളത് അന്വേഷിച്ചിരുന്നില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.
വേദികയുടെ ഓർമ്മകൾ ഹരീഷിന്റെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ടേയിരുന്നു.
” തൊട്ടടുത്തുണ്ടായിരുന്ന ഈ ഹരിയേട്ടനെപ്പോലും ഉണർത്താതെ.. ഒരു യാത്ര പോലും പറയാതെ.. ഇത്ര വേഗം.. നീ..! നീയില്ലാതെ.. നിന്റെ ഹരിയേട്ടന്..”
വേദികയോടെന്ന പോലെ ഇത്രയും പറഞ്ഞപ്പോഴേക്കും ഹരീഷ് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു പോയിരുന്നു.. അയാളുടെ കരച്ചിൽ കേട്ടിട്ടെന്ന പോലെ ഒരു പൊട്ടിക്കരച്ചിലോടെ അയാളിലേക്കോടിയെത്തിയ മക്കൾ അയാളെ ഇരു വശത്തു നിന്നും ഇറുകെ പുണർന്നു. മൂന്നു പേരുടെയും ഹൃദയം കുറ്റബോധത്താൽ അലമുറയിട്ടു കൊണ്ടിരുന്നു. വൃഥയാണെന്നറിഞ്ഞിട്ടും തങ്ങൾക്കു വേണ്ടി മാത്രം ജീവിച്ച വേദിക എന്ന ഭാര്യയെ.. അമ്മയെ.. ഒന്നു തിരികെ കിട്ടാൻ ആ മൂന്നു ഹൃദയങ്ങളും ആ നിമിഷങ്ങളിൽ ഒരുപോലെ കൊതിച്ചു.
അല്പനേരത്തിനു ശേഷം മക്കളെയും ചേർത്തുപിടിച്ചു കൊണ്ട് അവരുടെ മുറിയിലേക്ക് നടക്കുമ്പോൾ താഴെ നിന്നും അടക്കിപ്പിടിച്ച തേങ്ങലുകൾ പലതും കേൾക്കാമായിരുന്നു..! വീട്ടിലെ പൂച്ചക്കുഞ്ഞിനു പോലും പ്രിയപ്പെട്ടവളായിരുന്നു വേദ. എല്ലാത്തിനോടും എല്ലാവരോടും സ്നേഹം മാത്രമായിരുന്നു അവൾക്കെന്നും..
മക്കളെ ആശ്വസിപ്പിച്ച്.. അവരുറങ്ങിയതിനു ശേഷമാണ് തങ്ങളുടെ മുറിയിലേക്ക് കയറിയത്. തന്റെയും വേദയുടെയും സ്വകാര്യ ലോകം.. അവിടെയെങ്ങും വേദയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഷെൽഫിൽ നിന്നും ഫോൺ ചാർജർ എടുത്തു തിരിയുമ്പോഴാണ് വേദയുടെ ഫോൺ കണ്ണിലുടക്കിയത്.. വിറയാർന്ന കൈകളോടെ അതെടുക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ വീണ്ടും വീണ്ടും പെയ്തു കൊണ്ടിരുന്നു.
ഫോൺ ഓണാക്കി വൈഫൈ കണക്ട് ആക്കിയപ്പോഴേക്കും വാട്സാപ്പ്, ഫേസ്‌ബുക്ക് മെസ്സേജുകളുടെ പെരുമഴയായിരുന്നു. അല്പം കഴിഞ്ഞ് വാട്സാപ്പ് ചെക്ക് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ മെസ്സേജ് വന്ന നമ്പർ എടുത്തു. നന്ദകുമാർ എരയമംഗലം. ആ പേര് മുൻപെവിടെയോ കേട്ട പോലെ.. ഒരിക്കൽ വേദയിൽ നിന്നാണ് ഈ പേരു കേട്ടതെന്ന് ഓർമ്മയിൽ തെളിഞ്ഞു വന്നു. വലിയ എഴുത്തുകാരനാണെന്നും ഫേസ്ബുക്കിലെ ഒരു എഴുത്തു ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ടതാണെന്നും അവളെഴുതുന്ന കവിതകൾ തിരുത്തി മനോഹരമാക്കുന്നത് അയാളാണെന്നും മറ്റും അവളന്നയാളെക്കുറിച്ചു പറഞ്ഞതോർത്തു കൊണ്ട് ഹരീഷ് dp എടുത്തു നോക്കി. ചെറുതായി നര ബാധിച്ചു തുടങ്ങിയ താടിയും മുടിയുമുള്ള ഏകദേശം അമ്പത്തഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന വ്യക്തി. അയാളിന്നയച്ച മെസ്സേജുകളിലേക്ക് ഹരീഷ് പതിയെ കണ്ണോടിച്ചു
’പ്രഭാത വന്ദനം..’ഒരു ഹാർട്ട് ഇമോജിയോട് കൂടിയുള്ള ഇന്നത്തെ ആദ്യ മെസ്സേജ്.
അതിനു താഴെയായി ഇന്നലെ രാത്രി വേദ അയാൾക്കയച്ച കവിതയെ മെൻഷൻ ചെയ്തു കൊണ്ടുള്ള മറുപടിയായിരുന്നു അടുത്തത്.
‘ വരികളിൽ മാറ്റം വരുത്താനുണ്ട് കുഞ്ഞേ.. തിരുനെറ്റിയിലെ ചുംബനം ഒരു സ്ത്രീയെയും പുളകിതയാക്കുന്നില്ല.. കാരണം.. ആ ചുംബനത്തിൽ പ്രണയമോ കാമമോ ഇല്ല.. വാത്സല്യം മാത്രമേയുള്ളു.. ‘
അതിനു മറുപടി കിട്ടാത്തത് കൊണ്ടായിരിക്കാം. ഏറെ നേരത്തിനു ശേഷമുള്ള അടുത്ത മെസ്സേജ് ഇങ്ങിനെയായിരുന്നു..
‘വേദൂട്ടാ.. നീയെവിടെ മോളെ..!’
ഹരീഷ് ഒരു തളർച്ചയോടെ ബെഡിലേക്കിരുന്നു.
‘ ഈശ്വരാ..തന്റെ വേദ.. ഇല്ല.. ഒരിക്കലും.. അവൾ..’
അയാളുടെ ഉള്ളം ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളാൽ നിറഞ്ഞു. വീണ്ടും ആ മെസ്സേജുകളിലേക്ക് കണ്ണോടിച്ചു..
‘നന്ദേട്ടന്.. നിന്നെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്..ട്ടോ എവിടെയാടാ നീ.. ‘
അതു കൂടി കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടു പോകുമോ എന്നു ഭയന്നു ഹരീഷ്. ഉള്ളിൽ വേദ എന്ന മനോഹരശില്പത്തിന് മങ്ങലേൽക്കുന്നത് അയാൾ ഒരു വേദനയോടെ തിരിച്ചറിഞ്ഞു. മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് ആ നമ്പറിലെ മുൻപുള്ള ചാറ്റുകളിലേക്ക് സ്ക്രോൾ ചെയ്തു.
അവിടെ താനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത വേദയെയായിരിന്നു ഹരീഷിനു കാണാനായത്. കുറുമ്പും കുസൃതിയും നിറഞ്ഞ ഒരു കൊച്ചുകുട്ടിയായിരുന്നു അവിടങ്ങളിലൊക്കെയും വേദ എന്ന അറിവ് ഹരീഷിനെ വല്ലാതെ അമ്പരിപ്പിച്ചു.
അവളുടെ ഇഷ്ടങ്ങളിൽ പലതും നന്ദകുമാറിന്റെയും ഇഷ്ടങ്ങളായിരുന്നു.. അയാളോട് വാ തോരാതെ സംസാരിക്കുന്ന വേദ..! ഒട്ടും മടുപ്പില്ലാതെ അവളെ കേട്ടിരിക്കുന്ന നന്ദകുമാർ.!
അവളെഴുതിയ കവിതകളെ പ്രശംസിക്കുമ്പോഴും അവയിലെ ചെറിയ പിഴവുകൾ സ്നേഹത്തോടെയും ശാസനയോടെയും തിരുത്തുന്ന നന്ദകുമാർ..! പലയിടത്തും നന്ദകുമാറിനോട് കെറുവിച്ചു പിണങ്ങുന്ന വേദ..!
വേദയുടെ ആ ഭാവങ്ങളത്രയും ഹരീഷിന് ഒട്ടും പരിചിതമല്ലായിരുന്നു..
മാസങ്ങൾ മാത്രം നീണ്ട സൗഹൃദം കൊണ്ട് നന്ദകുമാർ മനസ്സിലാക്കിയ വേദയെ ഇരുപത്തിയഞ്ചു വർഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് തനിക്കു മനസ്സിലാക്കാനായില്ലല്ലോ എന്ന തിരിച്ചറിവ് ഹരീഷിന്റെ ഉള്ളം പൊള്ളിച്ചു. അവളുടെ വരികളിലെ മികവു പോലും താൻ വായിച്ചെടുത്തത് ഇന്നായിരുന്നില്ലേ എന്നയാൾ ഒരു നോവോടെ ഓർത്തു.
അവളിൽ നിന്നും വിരിയുന്ന മനോഹര വരികളെ അതിമനോഹരമാക്കാൻ പരിചയപ്പെട്ട നാൾ മുതൽ നിറഞ്ഞ പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട്.. സ്നേഹശാസനകളോടെ നന്ദകുമാർ വേദയുടെ കൂടെ ഉണ്ടായിരുന്നു..ഒരു നിഴലു പോലെ…! ആരുമറിയാതെ..! അവൾക്കു മാത്രം കാണാവുന്ന ഒരു നിഴലായി ഇന്നലെ വരെ..! വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് നന്ദകുമാറെന്ന് ഇതിനോടകം ഹരീഷിനു ബോധ്യപ്പെട്ടിരുന്നു..
നിരവധി ഹാർട്ട് ഇമോജികൾ പരസ്പരം കൈമാറിയിട്ടുണ്ടെങ്കിലും അവർ തമ്മിലുള്ള സംസാരത്തിലെവിടെയും പ്രണയത്തിന്റെ ഒരു ലാഞ്ജന പോലും ഹരീഷിനു കണ്ടെത്താനായില്ല. നിറഞ്ഞ ഇഷ്ടവും സൗഹൃദവും മാത്രം..! ഒരു അനിയത്തിക്കുട്ടിയോടുള്ള വാത്സല്യവും ഒരു ഏട്ടനോടുള്ള സ്നേഹവും മാത്രമായിരുന്നു അവരുടെ സന്ദേശങ്ങളിലത്രയും നിറഞ്ഞു നിന്നിരുന്നത്.. വേദയുടെയും നന്ദകുമാറിന്റെയും സൗഹൃദത്തിന്റെ ആഴം ഹരീഷിനെ ഒരുപോലെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്തു.
ഓൺലൈനിൽ കണ്ടത് കൊണ്ടായിരിക്കാം നന്ദകുമാറിന്റെ മെസ്സേജ് വീണ്ടും വന്നത്.
‘ വേദാ..എവിടെയാ…നീ..’
അയാളുടെ സങ്കടം നിഴലിച്ചു നിന്ന വാക്കുകൾക്കെന്തു മറുപടി അയക്കുമെന്നറിയാതെ നിറകണ്ണുകളോടെ ഹരീഷ് വേദയുടെ ഫോണിലേക്കു തന്നെ ഉറ്റു നോക്കിയിരുന്നു.. അടുത്ത നിമിഷം തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. എന്തു കൊണ്ടോ
ആ നിമിഷം അങ്ങിനെ ചെയ്യാനാണ് ഹരീഷിനു തോന്നിയത്. അവളുടെ മരണവാർത്ത നന്ദകുമാറിനെ അറിയിക്കാൻ തോന്നിയില്ല.
അപ്പോൾ, ടേബിളിൽ ഫ്രെയിം ചെയ്തു വെച്ച വേദയുടെ കുഞ്ഞു ചിത്രം തന്നെ നോക്കി ഒരു നന്ദിയോടെ മനോഹരമായി പുഞ്ചിരി തൂകുന്നതായി തോന്നി ഹരീഷിന്…
✍️ Sajna VP
# എന്റെ രചന
# നിഴൽ
ഫോട്ടോ : ഗൂഗിൾ


21 Comments
❤️❤️
മനോഹരം ❤️
സ്നേഹം.. സന്തോഷം.. ❤️🥰
നല്ല രചന.
👌👏
Thanks dear ❤️❤️🫂
നല്ല കഥ…. സുന്ദരമായ അവതരണം❤️👍
വളരെ മനോഹരമായി എഴുതി….🌷
സന്തോഷം.. സ്നേഹം ❤️
ഹൃദയം നിറഞ്ഞ സന്തോഷം
❤️🫂
Thank you dear ❤️🥰
❤️❤️❤️
മനോഹരമായ എഴുത്ത് 👌👌
നന്ദേച്ചീ.. ❤️🫂
മനോഹരമായി എഴുതി
മനോഹരമായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯🙏
മനോഹരമായി എഴുതി അഭിനന്ദനങ്ങൾ👌👍❤️💯🙏
നിറഞ്ഞ നന്ദിയും സന്തോഷംവും അറിയിക്കുന്നു
🥰🥰
നന്നായി എഴുതി സജ്ന❤️🌹👌
ചേച്ചീ ❤️❤️🫂
നന്നായിട്ടുണ്ട് നല്ല ഫീൽ കിട്ടുന്നുണ്ട് വായിക്കുമ്പോൾ. കൂടെ ജീവിക്കുന്നവർക്ക് പലപ്പോഴും മനസ്സിലാവാത്ത ഇഷ്ട്ടങ്ങൾ എത്ര പെട്ടന്നാണ് ഒരേ വൈബ് ഉള്ളവർക്ക് മനസിലാവുക
ശരിയാണ് സാബി..
സന്തോഷം ഡിയർ ❤️🫂