മിണ്ടാപ്രാണികളോട് എനിക്ക് പണ്ടേ കുറച്ച് ഇഷ്ടം കൂടുതലാണ്. പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ വീട്ടിലെ പൂച്ചകൾ, പട്ടികൾ തുടങ്ങിയ ജീവികളെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് കൊഞ്ചിക്കുന്ന സ്വഭാവം എനിക്കുണ്ട്. ചാണകം മെഴുകിയ മുറികളിൽ ചില സ്ഥലത്ത് എലിപ്പൊത്തുകൾ ഉണ്ട്. ആദ്യം ഒരെലി തല പുറത്തിട്ട് എത്തി നോക്കും. എൻ്റെ തല വെട്ടം കണ്ടാൽ തിരിച്ചു പോയ് ഭാര്യയോടും മക്കളോടും പറയും, ആ കുരിപ്പ് അവിടുണ്ട്, ഇപ്പോൾ പോയാൽ എന്നെ പിടിച്ച് കണ്ണെഴുതി പൊട്ടു തൊട്ട് തൊട്ടിലിൽ കിടത്തി ആട്ടും. അത് വെയിലാകുമ്പോൾ എണീറ്റ് കൂട്ടുകാരുടെ കൂടെ കള്ളനും പോലീസും കളിക്കാൻ പോകും. ആ സമയത്തെങ്ങാനും പോയ് വല്ല ഉണക്ക കപ്പയോ മീൻ തലയോ കിട്ടുവോന്ന് നോക്കാം. പട്ടിയും പച്ചയും പോകട്ടെ വേലിയിൽ വരുന്ന ഓന്തിന് പോലും എന്നെ കണ്ടാൽ ഒരു പുച്ഛഭാവം ആയിരുന്നു.
ഒരിക്കൽ സ്ക്കൂളിൽ നിന്ന് വരുന്ന സമയം ചാറ്റൽ മഴയെ വകവയ്ക്കാതെ ചാടിത്തുള്ളി വരുന്ന സമയത്താണ് വഴിയരികിൽ ഒരു പട്ടിക്കുഞ്ഞിനെ കണ്ടത്. നനഞ്ഞൊട്ടിയ രോമവും രോമമില്ലാത്ത കുഞ്ഞൻ വാലും ഒട്ടിയ വയറും, പൂച്ചയാണോ പട്ടിയാണോ എന്ന് ആർക്കും സംശയം തോന്നുന്ന രൂപം. അതിൻ്റെ ചെറിയ മുഖത്തെ വലിയ കണ്ണുകൾ എന്നെ മാടി വിളിച്ചു. അവിടെയുള്ള ചെറിയൊരു കലുങ്കിൽ കുത്തിയിരുന്ന് ഞാൻ അതിനെ കൊഞ്ചിക്കാൻ തുടങ്ങി.
മര്യാദയ്ക്ക് അതിനെ കളഞ്ഞിട്ട് വീട്ടിപ്പോ കൊച്ചേ അല്ലേൽ ഞാൻ നിൻ്റെ അപ്പനോട് പറഞ്ഞ് കൊടുക്കും; അതുവഴി വന്ന എൻ്റെ അയലോക്കക്കാരി അമ്മച്ചിയാണ്. ജോലിയ്ക്ക് പോയിട്ട് വരുന്ന വഴിയാണ്. എന്നെ ഗുണദോഷിക്കാതെ സമയത്ത് വീട്ടിൽപ്പോ തള്ളെ എന്നെൻ്റെ മനസ്സിൽ പറഞ്ഞിട്ട് ഞാൻ ഒന്ന് ഇളിച്ചു കാട്ടി. മനസില്ലാ മനസോടെ ഞാൻ ആ പട്ടിക്കുഞ്ഞിനെ വഴിയിൽ നിർത്തി മുന്നോട് നടന്നു.
പക്ഷെ എൻ്റെ മനസറിഞ്ഞതുപോലെ അത് ഒന്ന് കുരച്ച്. ആഹാ എന്താ ആ ശബ്ദത്തിൻ്റെ സൗന്ദര്യം. ഞാൻ ഒന്നു തിരിഞ്ഞു നോക്കി. പട്ടിക്കുട്ടൻ എന്നെ വീഴ്ത്താൻ ആ മഴയത്ത് നിന്ന് പല തരികിടകളും ചെയ്യുന്നു. ഒടുവിൽ എന്തും വരട്ടെ എന്ന് വച്ച് ഞാനവനെ ഷർട്ടിനുള്ളിലാക്കി വീട്ടിലേയ്ക്ക് നടന്നു. വഴിയിൽ വെച്ച് ഞാൻ പല കാര്യങ്ങളും അതിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. നിന്നെയും കൊണ്ട് നേരെ വീട്ടിലോട്ട് ചെന്നാൽ എന്നെ എടുത്ത് പറമ്പിൽ എറിയും. അതുകൊണ്ട് ഇച്ചിരെ ബുദ്ധിപരമായ് നീങ്ങണം. ആദ്യം ഞാൻ വീട്ടിൽ കയറും. നിന്നെ മുറ്റത്ത് നിർത്തും. എന്നിട്ട് തിരിച്ചു വന്ന് അയ്യോ ദേ ഒരു സുന്ദരനായ പട്ടിക്കുഞ്ഞെന്ന് പറയും. അപ്പോൾ നീ ആദ്യമായ് എന്നെ കാണുന്നതു പോലെ അഭിനയിക്കണം.
പട്ടിക്കുട്ടൻ എൻ്റെ ക്ലാസ് കേട്ട് തലയാട്ടി ഉഹൂ ഹൂ എന്ന് മൂളി. ഒടുവിൽ സംഭവിച്ചത് ഓർത്താൽ ഇപ്പോഴും നാണം വരും. വീടിൻ്റെ മുറ്റത്തെത്തിയതും ആ ശുനക പുത്രൻ അമ്മച്ചിയേ ഞാനെത്തി കേട്ടോ…എന്ന് പറഞ്ഞ് നാലഞ്ച് കുര. ചൂലുമായ് പെങ്ങൾ വാതിക്കൽ, എന്നേക്കാൾ മുന്നേ വീട്ടിലെത്തിയ ചേട്ടൻ ഒരു സ്റ്റീൽ ഗ്ലാസിൽ കടുകാപ്പിയും കുച്ചോണ്ട് തിണ്ണയിൽ നിന്ന് ഇളിക്കുന്നു.
ഇതു പോരെ മുതലാളി? വേണേൽ ഇനിയും കുരയ്ക്കാം എന്ന മട്ടിൽ ശ്വാനക്കുട്ടി തലതിരിച്ച് ഉണ്ടക്കണ്ണുരുട്ടി എന്നെ നോക്കി. അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ ഇടം വലം നോക്കാതെ ശ്വാസം വിടാതെ എന്നെ തെറി പറയുന്നു. അങ്ങനെ ആ പറക്കമുറ്റാത്ത പട്ടിക്കുഞ്ഞിനേയും തോളത്തിട്ട് നിരാശനായ ഞാൻ വല്ല ബോംബെയ്ക്കോ മദ്രാസിനോ പോകാമെന്നോർത്ത് കണ്ണീരോടെ ക്രള്ളക്കണ്ണീരോടെ ) മുറ്റത്ത് തന്നെ നിന്നു. അപ്പോഴാന്ന് കൊമ്പൻ മീശയുള്ള ഒരു മാലാഖ മുറിയിൽ നിന്ന് വെളിയിൽ വന്നത്. എൻ്റെ അപ്പൻ! എനിക്ക് പേടിച്ചിട്ട് പെടുക്കാൻ മുട്ടി. അപ്പൻ എന്നെ നോക്കി പിന്നെ എൻ്റെ ഉടുപ്പിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് നോക്കി ഇരിക്കുന്ന പട്ടിക്കുഞ്ഞിനെ നോക്കി ചിരിയോടെ തന്നെ കേറിവാടാ എന്നു പറഞ്ഞു.
ഇതിപ്പോ കൊല്ലാനാണോ അതോ വളർത്താനാണോ വിളിക്കുന്നതെന്നറിയാതെ സംശയിച്ച് ഞാൻ തിണ്ണയിലേയ്ക്ക് കയറി. അച്ഛൻ എൻ്റെ കാലേൽ വാരി നിലത്തടിച്ച് പട്ടിക്കുഞ്ഞിൻ്റെ വാലിൽ തൂക്കി കറക്കി എറിയുന്നത് കാണാൻ നിന്ന ചേട്ടൻ നിരാശനായ്. ചായ്പ്പിൽ തൂക്കിയിരുന്ന വലിയ ഈറ്റക്കൊട്ടയിൽ ഞാനും ചേട്ടനും അവന് കൂടൊരുക്കി. ഉണ്ടും ഉറങ്ങിയും ഇടയ്ക്ക് കുരച്ചും അവൻ വീട്ടിലെ നിറസാന്നിധ്യമായ്.


6 Comments
തലവര നന്നായ പട്ടിക്കട്ടി …… നന്നായെഴുതി👍❤️
നന്ദി….
മിണ്ടപ്രാണികളുടെ കഥ 👍
അവരുടെ കഥ പറയാനും ആരെങ്കിലും വേണ്ടെ
ചിലർക്ക് pet നെ വളരെ ഇഷ്ടമാണ്, അത് അവരുടെ വലിയ മനസാണ് എന്ന് തോന്നുന്നു. നല്ല എഴുത്ത്. 👌
താങ്ക്സ്