ദേവി തിരിഞ്ഞ് നിധിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്, ഉണർത്തണോ വേണ്ടയോ? അവൾ ആശങ്കയിലായി. അവൾ ജനലരികിലേക്ക് തിരിഞ്ഞ് നടന്നു.
അവൾ ഗേറ്റിനടുത്തേക്ക് നോക്കി. അവിടെ ആരുമില്ല ഇത്ര പെട്ടെന്ന് എവിടെ പോകാനാണ്. ഇനി തൻ്റെ തോന്നലാണോ. ദേവി കട്ടിലിൽ നിധിൻ്റെ ഓരം പറ്റി കിടന്നു. നിദ്രാ ദേവി അവളെ അനുഗ്രഹിച്ചതേയില്ല. അവൾ വെറുതെ കണ്ണുകൾ അടച്ചു കിടന്നു.
എപ്പോഴോ ഒന്ന് മയങ്ങി പോയി. ശബ്ദം കേട്ടാണ് ദേവി ഞെട്ടി ഉണർന്നത്. അടുത്ത് നിധിൻ ഇല്ല, വാതിൽ തുറന്നു കിടക്കുന്നു.
“നിധിൻ…. “
നിധിൻ ദേവിയോട് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു.
“ശ്. “
വാതിലിന് മുത്ത് നിന്നും നിധിൻ മുറിയിലേയ്ക്കു മടങ്ങി വന്നു.
“എന്താ നിധിൻ, ആരാ അവിടെ, എന്താ ഒരു ശബ്ദം കേട്ടത്. “
നിധിൻ ദേവിയുടെ അടുത്തേയ്ക്കു നടന്നു വന്നു.
“ദേവിയുടെ അമ്മയാണ്, അവിടെ നല്ല സാരി ഒക്കെ ധരിച്ചു ആൻഡ്രുവിനെ ഫോട്ടോയുടെ മുന്നിലിരുന്നു സംസാരിക്കുന്നു, വിതുമ്പുന്നു, കരയുന്നു. “
“അമ്മയ്ക്ക് എന്ത് പറ്റി. “
ദേവി സമയം നോക്കി, 3. 30 ആയി. ദേവി വല്ലാതെ വിഷമത്തിലായി, നിധിൻ അവളെ ആശ്വസിപ്പിച്ചു.
“എന്താ അമ്മ ഇങ്ങനെ ?ഈയിടെയായി അമ്മയുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്. ആരോടും ഒന്നും മിണ്ടാറില്ല, ഇപ്പോഴും കരഞ്ഞു കൊണ്ട് മുറിയിലെ കട്ടിലിൽ തന്നെ കിടക്കും. “
“ദേവി എനിക്ക് ഒരു കാര്യം തന്നോട് പറയാനുണ്ട്. വളരെ ഗൗരവമുള്ളതാണ്, താൻ ബഹളം വയ്ക്കരുത്. “
നിധിൻ ദേവിയുടെ അടുത്ത്, കട്ടിലിൽ ഇരുന്നു. അവളെ തന്നോട് ചേർത്ത് പിടിച്ചു.
“കുറച്ച് മുമ്പ് ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ താഴത്തെ നിലയിൽ ചെന്ന് നോക്കിയപ്പോൾ… “
“എന്താ നോക്കിയപ്പോൾ കണ്ടത്. “
“അമ്മ പുറത്തു നിന്നും താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു അകത്തു കയറുന്നു. അമ്മ പുറത്തു പോകുന്ന നല്ല വേഷത്തിലായിരുന്നു. മടങ്ങി വന്നു ആൻഡ്രുവിന്റെ ഫോട്ടോയുടെ അടുത്തിരുന്നു എന്തൊക്കെയോ സംസാരിക്കുന്നു. അമ്മയ്ക്ക് എന്തോ ഒരു പ്രശ്നമുണ്ട്. “
“എന്താ നിധിൻ നമ്മൾ ചെയ്യേണ്ടത്. ഓരോ പുതിയ പ്രശ്നങ്ങൾ ഉണ്ടാവുകയാണല്ലോ?”
“എനിക്ക് പെട്ടെന്ന് ഏജന്റിനെ ഓർമ്മ വന്നു. അയാളോട് പറയാം. ആദ്യം നമ്മൾ ഈ വീടൊന്ന് മാറണം. “
പിന്നെ ആ രാത്രിയിൽ അവർ ഉറങ്ങിയതേയില്ല. ദേവി അന്നത്തെ ദിവസം മുഴുവൻ കുഞ്ഞിനോടൊപ്പമായിരുന്നു. ദേവി കുഞ്ഞു നവമിയെ അമ്മയുടെ അടുത്തേയ്ക്കു വിടാൻ മടിച്ചു. അമ്മ കുഞ്ഞിനോട് പഴയ അടുപ്പം കാണിക്കുന്നില്ല. അമ്മയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നതായി അവൾക്കു തോന്നി. അവൾക്ക് അമ്മയെ പേടി തോന്നി.
ബോധി ഹൗസെന്ന ടീച്ചറമ്മയുടെ കായൽ വീട് വൃത്തിയാക്കാനായി നിധിൻ ജോലിക്കാരോടൊപ്പം അശോകദാസിനേയും കൂട്ടി പോയി. അപ്പോഴാണ്, ദേവിയെ പരിചരിക്കാനായി നിന്നിരുന്ന നേഴ്സ് നീലിമ ദേവിയുടെ മുറിയിലേയ്ക്കു വന്നത്. ദേവി ഒരു പുഞ്ചിരിയോടെ അവരെ നേരിട്ടു.
“‘അമ്മ ഉണർന്നോ നീലിമ സിസ്റ്ററെ. “
“അത് പറയാനാണ് ഞാൻ വന്നത്, ഇപ്പോഴും ഉറക്കമാണ്. അമ്മയുടെ സ്വഭാവത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ തോന്നുന്നു. അൽഷിമേഴ്സിന്റെ ലക്ഷണങ്ങളാണോ എന്നൊരു സംശയം. ഹാലൂസിനേഷൻ ആണെന്ന് തോന്നുന്നു. ഇപ്പോഴും ആരോടോ തനിയെ ഇരുന്നു സംസാരിക്കുന്നു. സംസാരിക്കുന്നത് എന്നോടല്ല, ഫോണിലുമല്ല. തനിയെ ഇരുന്നു ചിരിക്കുകയും കരയുകയും ചെയ്യാറുണ്ട്. എനിക്കെന്തോ പേടി തോന്നുന്നു മാഡം. ഈ വീടിനു എന്തോ പ്രശ്നമുണ്ട്. എനിക്ക് ഇവിടെ തുടരാൻ പേടിയുണ്ട്, ബുദ്ധിമുട്ടുണ്ട്. “
“എന്താണ് ചെയ്യേണ്ടത് സിസ്റ്ററേ. രണ്ടു ദിവസത്തിനുള്ളിൽ ഈ വീട്ടിൽ നിന്നും ഞങ്ങൾ താമസം മാറാൻ ആലോചിക്കുന്നുണ്ട്. അത് കഴിയുമ്പോൾ എല്ലാം ശരിയാകും. “
“മാഡം, അതാണ് ഞാൻ പറയാൻ വന്നത്. ഞാൻ ഇന്ന് തന്നെ തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നു. “
ദേവി നീലിമയുടെ കയ്യിൽ പിടിച്ചു.
“സിസ്റ്റർ, ഒരു രണ്ടു ദിവസം കൂടി ഇവിടെ നിൽക്കണം. എനിക്ക് ഈ അവസ്ഥയിൽ, എൻ്റെ കുഞ്ഞിനെ അമ്മയെ ഏൽപ്പിക്കാൻ വയ്യ. ഇവിടെ നിന്നും പോകുന്നത് വരെ മാത്രം, സിസ്റ്റർ ഞങ്ങളെ സഹായിക്കണം. “
“മാഡം ഇന്നലെ രാത്രി ഞാൻ നന്നായി പേടിച്ചു പോയി. അമ്മ രാത്രി ഉറങ്ങാൻ പോയത് ഒരു നൈറ്റ് മാക്സി ധരിച്ചാണ്. എന്തോ വലിയ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്, അപ്പോൾ അമ്മ ഒരു വെളുത്ത കോട്ടൺ സാരിയും, മിറർ വർക്ക് ചെയ്ത മെറൂൺ കളർ ബ്ലൗസും ധരിച്ചു നിൽക്കുന്നു, പിന്നെ വാതിൽ തുറന്നു അകത്തു കയറി, ഇരുട്ടിൽ വെള്ള സാരി കണ്ട് ഞാൻ പേടിച്ചു, എൻ്റെ ബോധം പോയില്ലെന്നേയുള്ളൂ. മുന്നിൽ നിന്ന എന്നെ അമ്മ ഗൗനിച്ചത് പോലുമില്ല. വളരെ സന്തോഷത്തോടെ ആ മേശപ്പുറത്തു വച്ചിരുന്ന ഫോട്ടോയിൽ നോക്കി കളി തമാശകൾ പറയുകയും ചിരിക്കുകയും ചെയ്തു. “
നീലിമ സിസ്റ്റർ ഒരു നിമിഷം മൗനത്തിലായി.
“മാഡത്തിന് ആത്മാവിലൊക്കെ വിശ്വാസമുണ്ടോയെന്നറിയില്ല, പക്ഷെ ആ ഫോട്ടോ അതിനെന്തോ പ്രത്യേകതയുണ്ട്, ആ ചുവന്ന വെളിച്ചം, അത് എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. ഇന്നലെ ഞാൻ വല്ലാതെ പേടിച്ചു. ഇന്ന് രാവിലെ തന്നെ മാഡത്തിനോട് യാത്ര പറഞ്ഞു പോകണമെന്ന് കരുതിയതാണ്. “
“ഒരു രണ്ടു ദിവസം കൂടി, പ്ലീസ്… “
“ഞാൻ നില്ക്കാം. ആ ബൾബ് ഊരി മാറ്റൂ മാഡം, ആ ഫോട്ടായും അവിടെ നിന്നും എടുത്തു മാറ്റൂ. “
അമ്മയുടെ കാര്യമോർത്ത് ദേവി വളരെ വിഷമിച്ചിരിക്കുമ്പോഴാണ് രാഹുൽ ദേവിയെ തേടി വന്നത്.
“ചേച്ചിയെ കാണാനായി ഒരു ക്ലൈന്റ് ഈ നാട്ടിൽ വന്നിട്ടുണ്ട്. പക്ഷെ അവർക്കു വക്കീലിനെ ഇവിടെ, ഈ വീട്ടിൽ വച്ച് കാണാൻ താല്പര്യമില്ല. ചേച്ചി ഒന്ന് പെട്ടെന്ന് റെഡി ആയി വരൂ. “
“ഞാൻ ഇപ്പോൾ ആ ഒരു അവസ്ഥയിൽ അല്ല രാഹുൽ. നമ്മൾ എവിടെയാണ് പോകുന്നത്. ഓഫീസിലേക്കാണോ,
അവിടെ വച്ച് മീറ്റിംഗ് വേണ്ട രാഹുൽ. “
ദേവി ഒരുങ്ങി വന്ന് കാറിൽ കയറിയപ്പോൾ കൂടെ നവമിയും ഉണ്ടായിരുന്നു.
“ചേച്ചി കുഞ്ഞിനേയും കൊണ്ട്… “
“എനിക്ക് ഇവിടെ കുഞ്ഞിനെ ഏല്പിക്കാൻ ആരുമില്ല, നീലിമ അമ്മയുടെ ഒപ്പമാണ്. വല്ലാത്ത രീതിയിലാണിപ്പോൾ അമ്മ പ്രതികരിക്കുന്നത്. എന്തോ ബാധ കൂടിയത് പോലെ… നമുക്ക് ആരതിയെ കൂടി വിളിച്ചാലോ”
“നമ്മൾ ക്ലൈന്റിനെ കാണാൻ പോകുന്നത് ആരതിയുടെ വീട്ടിൽ വച്ചാണ്. അവിടെ ആകുമ്പോൾ ആർക്കും സംശയം തോന്നില്ല. പുതിയ ക്ലൈൻ്റ് അവിടെ എത്തി കൊള്ളും. “
ആരതിയും മാതാപിതാക്കളും മാത്രം ജീവിക്കുന്ന ആ വീട്ടിൽ രാഹുലിനും ദേവിക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. ആരതിയുടെ മാതാപിതാക്കൾ ദേവിയെ സ്വന്തം മകളെ പോലെ കരുതിയിരുന്നു. രാഹുലിനെ പോലെ തന്നെ ആരതിയെ പഠിപ്പിച്ചതും വക്കീലാക്കിയതും ദേവിയുടെ അച്ഛനായിരുന്നു.
ദേവിയെ കാണാനായി രണ്ടു ആളുകൾ വന്നു. ആരതിയുടെ വീട്ടിലെ കുഞ്ഞു ഓഫീസ് റൂമിൽ വെച്ച് ദേവി അവരെ സന്ധിച്ചു. സന്ദർശകരെ കണ്ടു ദേവി അത്ഭുതപ്പെട്ടു. അവൾ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ക്ലൈന്റ്, പർദ്ദയണിഞ്ഞ മുസ്ലിം വനിത, നാദിയ നീൽ, കൂടെ കൂളിംഗ് ഗ്ലാസ്സ് വച്ച് കണ്ണുകൾ മറച്ച നീൽ എന്ന ഊർജ്ജസ്വലനായ ഏജൻറ് പി ബി യും.
ദേവിയെ കണ്ടപ്പോൾ നാദിയ തന്റെ മുഖപടം നീക്കി. നാദിയ ദേവിയെ ആലിംഗനം ചെയ്തു.
“ദേവി ചേച്ചി, എന്നെ ഓർമ്മയുണ്ടോ?”
ദേവി നാദിയയുടെ മുഖത്തെ മുറിവിൽ വിരലോടിച്ചു.
നാദിയായും ദേവിയും കുറെ നേരം സംസാരിച്ചിരുന്നു.
“ചേച്ചീ അൻവറിന്റെ ഇളയ മകനായ മാലിക് ഞങ്ങളുടെ കൂടെയാണ്, നീലിന്റെ അമ്മയാണ് അവനെ സംരക്ഷിക്കുന്നത്. മരണപ്പെട്ട അൻവറിന്റെ കുടുംബസ്വത്തുക്കൾ അയാളുടെ അനിയന്മാരുടെ പക്കലാണ്, ആ സ്വത്ത് മാലിക്കിന് തിരികെ കിട്ടണം. അവനൊരു ഓട്ടിസം ബാധിച്ച കുട്ടിയാണ്, അവനു എല്ലാവരുടേയും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അവന് ജീവിക്കാൻ ആ സ്വത്തു കിട്ടണം. “
“എനിക്ക് ടീച്ചറമ്മയെ ഓർമ്മ വന്നു. ടീച്ചറമ്മ ആദ്യമായി എന്നെ കാണാൻ വന്നത് ഇത് പോലെ ഒരു കേസിന്റെ കാര്യത്തിനാണ്. കൈലാസൻ്റെ അച്ഛൻ്റെ കുടുംബസ്വത്ത് മടക്കി കിട്ടാൻ. “
“ഞാൻ രണ്ടു ദിവസത്തിനുള്ളിൽ തിരികെ വിദേശത്തേയ്ക്ക് പോകും. “
“എന്താ പെട്ടെന്നൊരു മടങ്ങി പോകൽ. “
“ഒന്നാമത്തെ കാര്യം മാലിക് എന്നെ കാണാതെ അധിക ദിവസം കഴിയില്ല, അവൻ ഇപ്പോൾ തന്നെ അവിടെ എല്ലാവരോടും പ്രശ്നം ഉണ്ടാക്കുന്നുണ്ട്. “
ദേവി മുഖം തുടച്ചു.
“ഞാൻ ഉടനെ കോടതിയിലേക്ക് മടങ്ങി പോകും. ഈ കേസ് ഞാൻ വാദിക്കും നാദിയ. ഈ കേസ് നമ്മൾ ജയിച്ചിരിക്കും, മാലിക്കിന് അവകാശപ്പെട്ടത് അവനു തന്നെ ലഭിച്ചിരിക്കും. “
“ജയിക്കണം ചേച്ചീ, ജനനം കൊണ്ട് മാത്രമല്ല, കർമ്മം കൊണ്ടും നമുക്ക് സഹോദരങ്ങളെ കിട്ടും, അതാണെനിക്ക് മാലിക്ക്. നീലിന്റെ കുടുംബം എന്റേതായി മാറി, ചേച്ചിക്കറിയാമോ നീലിന്റെ സഹോദരിയ്ക്ക് ഇപ്പോൾ ഒൻപതാം മാസമാണ്. ഞങ്ങൾ അവളുടെ കൂടെയുണ്ടാകേണ്ട സമയമാണ്, അവൾ ജന്മം നൽകുന്നത് ഞങ്ങളുടെ കുഞ്ഞിനെയാണ്. നാദിയയുടേയും നീലിൻ്റേയും കുഞ്ഞിന്. “
അവർ മടങ്ങി പോകാൻ തുടങ്ങിയപ്പോഴാണ് ദേവി ഏജന്റിനോട് ഒന്ന് തനിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. നാദിയ ആരതിയോടൊപ്പം വീടിനകത്തേക്ക് പോയപ്പോൾ ദേവി ഏജന്റിനോട് സംസാരിച്ചു തുടങ്ങിയത്.
“എന്താ ദേവി? എന്താണ് പുതിയ എന്തെങ്കിലും പ്രശ്നങ്ങൾ?”
“എന്റെ ഇപ്പോഴത്തെ പ്രശ്നം അമ്മയാണ്, അമ്മയുടെ സ്വഭാവ മാറ്റം. “
“എന്താണ് അമ്മയുടെ പ്രശ്നം, മാത്യുവിൻ്റെ വേർപാട്. സങ്കടം കരച്ചിൽ അങ്ങനെ ഒക്കെയാണോ?”
“അല്ല ഇപ്പോൾ മാത്യുവിൻ്റെ പേര് പോലും അമ്മ പറയുന്നില്ല. നിധിനോട് പോലും ഞാൻ എല്ലാം തുറന്ന് പറഞ്ഞില്ല. ഇന്നലെ എല്ലാവരും ഉറങ്ങാൻ പോയപ്പോൾ ഗേറ്റിനടുത്തൊരു രൂപം ഞാൻ കണ്ടിരുന്നു. സ്ത്രീ രൂപം പോലെ തോന്നിയിരുന്നുവെങ്കിലും എനിക്ക് അങ്ങനെ തോന്നിയതാണ് എന്ന് ഞാൻ സമാധാനപ്പെട്ടു. ഞാൻ നിധിനെ വിളിച്ചു ഉണർത്താൻ നോക്കി. നിധിൻ നല്ല ഉറക്കമായിരുന്നു. ഞാനൊരിക്കൽ കൂടി ജനലരികിൽ പോയി നോക്കിയപ്പോൾ അവിടെ ആരേയും കണ്ടതുമില്ല. എന്റെ തോന്നലുകളാണ് അതെല്ലാം എന്ന് ഞാൻ കരുതി. “
“എന്നിട്ട്, പിന്നെ എന്തുണ്ടായി. “
“പാതിരാത്രിയിൽ ഒരു വലിയ ശബ്ദം കേട്ട് ഞാനുണർന്നപ്പോൾ നിധിൻ എന്തോ നോക്കി നിൽക്കുന്നതാണ്. ആ സമയത്ത് അമ്മ നല്ല പോലെ ഡ്രസ്സ് ചെയ്തു എവിടെയോ പോയി മടങ്ങി വന്ന കാഴ്ചയാണ്, വന്നയുടനെ അമ്മ ആൻഡ്രുവിന്റെ ഫോട്ടോയുടെ മുന്നിലിരുന്നു തമാശകൾ പറയുന്നതാണ് നിധിൻ കണ്ടത്. ആ സമയത്തൊന്നും അമ്മ ചുറ്റും നിൽക്കുന്ന ആരെയും ശ്രദ്ധിക്കുന്നില്ല. എനിക്കെന്തോ പേടിയാകുന്നു. “
“ദേവി പേടിക്കാതിരിക്കൂ. ഞാൻ രാഹുലിനേയും കൂട്ടി ഈ രാത്രി വരാം. എന്താ സംഭവിക്കുന്നതെന്ന് നമുക്ക് അറിയണമല്ലോ. നാളെ തന്നെ നമുക്ക് അമ്മയെ ഒരു നല്ല ഡോക്ടറെ കാണിയ്ക്കാം. “
ആൾ താമസമില്ലാതെ നശിച്ച് കിടന്ന ബോധി ഹൗസ് പെയിൻ്റ് ചെയ്ത് നേരെയാക്കാൻ രണ്ട് മൂന്ന് ദിവസം വേണ്ടി വരും, അത് വരെ മാത്യുവിൻ്റെ വീട്ടിൽ അവർക്ക് താമസം തുടരേണ്ടി വരും.
രാത്രി പതിവ് പോലെ ഉറങ്ങാൻ സമയമായപ്പോൾ ദേവി അമ്മയെ കട്ടിലിൽ ഉറങ്ങാൻ കിടത്തി. കടുംപച്ച നിറത്തിലുള്ള നെറ്റ് മാക്സിയായിരുന്നു അവരുടെ വേഷം.
മാലതി കണ്ണുകൾ അടച്ച് ഉറങ്ങാൻ തുടങ്ങിയപ്പോൾ ദേവി നീലിമയ്ക്കും കുഞ്ഞിനും ഒപ്പം മുകളിലെ ബെഡ് റൂമിലേക്ക് പോയി. നിധിൻ സ്റ്റെയർ കേസിനടിയിലുള്ള മേശപ്പുറത്ത് വച്ചിരുന്ന ആൻഡ്രുവിൻ്റെ വലിയ ഛായാ ചിത്രം എടുത്ത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞു ടിവിയുടെ അരികിൽ ഒളിപ്പിച്ചു വച്ചു, ചുവന്ന ബൾബ് ഊരി മാറ്റി വച്ചു. എന്നിട്ട് ഇരുട്ടത്ത് ഒരു കസേരയിൽ, കയ്യിലൊരു വടിവാളുമായി ശബ്ദങ്ങൾക്കായി കാതോർത്തിരുന്നു.
മുൻപൊരിക്കൽ കാവലിരുന്നു ഒന്ന് മയങ്ങി പോയതിൻ്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നത് കൊണ്ട് നിധിന് ഉറക്കം വന്നതേയില്ല. ഹാളിലെ ക്ലോക്കിൻ്റെ ടിക് ടിക് ശബ്ദം ആ മുറിയിൽ ഒരു ഭയാനകത സൃഷ്ടിച്ചു.
പുറത്ത് ഒരു കാറിൽ രാഹുലും ഏജൻ്റും ഉറങ്ങാതെ കാത്തിരിപ്പുണ്ട്. അത് മനസ്സിന് നൽകുന്ന ധൈര്യം ചെറുതല്ല. ഏകദേശം പതിനൊന്നരയായപ്പോൾ മാലതിയുടെ മുറിയുടെ വാതിൽ മെല്ലെ തുറക്കപ്പെട്ടു. തുറന്ന വാതിലിലൂടെ മുറിയിലെ വെട്ടം ഹാളിലേക്ക് പരന്നു.
ആ വെട്ടത്തിൽ നിധിൻ ആ കാഴ്ച കണ്ടു. കറുത്തൊരു സാരിയുമണിഞ്ഞ് മാലതി മുറിയിൽ നിന്നും പുറത്തേക്ക് വരുന്നു. നിധിൻ ഇരുട്ടിൽ, കസേരയിൽ നിന്നും നിലത്ത് ഇരുന്നു കൊണ്ട് മാലതിയെ നിരീക്ഷിച്ചു.
അവർ മേശപ്പുറത്ത് എന്തിനോ പരതി. ഇരുട്ടിൽ തപ്പി തടഞ്ഞു അവർ ആൻഡ്രുവിൻ്റെ ഫോട്ടോ കണ്ടെത്തി. അവർ സാരിയുടെ മുന്താണി കൊണ്ട് ഫോട്ടോ തുടച്ച് ഭിത്തിയിൽ ചാരി വച്ചു. നിധിൻ ടി വിയുടെ ബാക്കിൽ ഒളിപ്പിച്ചു വച്ചിരുന്ന ചുവന്ന ബൾബ് അവർ ഘടിപ്പിച്ചു.
ഇപ്പോൾ ആ മുറി സ്റ്റുഡിയോയിലെ ഡാർക്ക് റൂം പോലെ വീണ്ടും ഭയാനകമായി. മാലതി ആൻഡ്രുവിൻ്റെ ഫോട്ടോ നോക്കി ചിരിച്ചും കൊണ്ട് ഇങ്ങനെ പറഞ്ഞു.
“എങ്ങനെയുണ്ട് എൻ്റെ വേഷം. “
മാലതി മറുപടി കേട്ടത് പോലെ പൊട്ടിച്ചിരിച്ചു.
“വാ നമുക്ക് നടന്നിട്ട് വരാം. “
മാലതി മുൻ വശത്തെ വാതിൽ തുറന്നു പുറത്തേക്കു നടന്നു. ഒരു നിമിഷം ആരെയോ കാത്ത് നിന്നിട്ട് അവർ മുറ്റത്തേക്കിറങ്ങി. ഇരുട്ടിൽ അവർ ആരോടോ സംസാരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നത് നോക്കി നിധിൻ നിന്നു. ഇരുട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും രാഹുലും ഏജൻ്റും പുറത്തിറങ്ങി.
(തുടരും…. )
✍️✍️നിഷ പിള്ള

