ഏജൻ്റ് പി ബി നിധിനോടും രാഹുലിനോടും ശബ്ദം താഴ്ത്തി പറഞ്ഞു.
“നിങ്ങൾ രണ്ട് പേരും അവരുടെ പിറകേ പോകണം. സൂക്ഷിക്കണം പിന്തുടരുന്ന കാര്യം അവർ അറിയാൻ പാടില്ല. സഹായത്തിന് കൂടെ വേറെ ആരെങ്കിലും ഉണ്ടോയെന്ന് നമുക്ക് അറിയില്ലല്ലോ. ഞാൻ അവരുടെ മുറി ഒന്ന് പരിശോധിയ്ക്കട്ടെ. “
ഏജൻ്റ് പി ബി വീടിനുള്ളിലേക്ക് കടന്നു. വാതിൽ തുറക്കുന്നത് കണ്ടിട്ട് ഒളിഞ്ഞ് നിന്ന ദേവി പി ബി യുടെ അടുത്തേയ്ക്ക് വന്നു.
“പി ബി. “
“വാ നമുക്ക് ആ മുറി ഒന്ന് പരിശോധിക്കാം. “
ഏജൻ്റ് പി ബി ഒരു ഇലക്ട്രോ മാഗ്നറ്റിക് ഡിറ്റക്ടർ ബാഗിൽ നിന്നും പുറത്തെടുത്തു. മറ്റൊരു റേഡിയോ ഫ്രീക്വൻസി ജാമർ പുറത്തെടുത്തു.
“ദേവിയുടെ ഒരു കണ്ണ് ഗേറ്റിൽ എപ്പോഴും വേണം. അമ്മയ്ക്ക് മടങ്ങി വരുമ്പോൾ സംശയമൊന്നും തോന്നരുത്. “
മാലതിയുടെ മുറിയിൽ അവർ പരിശോധന നടത്തി. പ്രത്യക്ഷത്തിൽ ഒന്നും അവർക്ക് കാണാൻ സാധിച്ചില്ല. കട്ടിലിനോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന ഒരു സ്പൈ മൈക്രോഫോൺ ഏജൻ്റ് പി ബി കണ്ടെത്തി, അത് ടേപ്പു ഉപയോഗിച്ച് കട്ടിലിൽ ഒട്ടിച്ച് വച്ചിരിക്കുകയാണ്. “
“എന്താണ് പി ബി ഇത്. “
ക്ലോക്കിൽ ഘടിപ്പിച്ച ചെറിയ ക്യാമറ കണ്ടെത്തി.
“ഇതൊരു സ്പൈ ക്യാമറയാണ്. ഇനിയിത് വർക്ക് ചെയ്യില്ല. ഞാൻ ഈ ജാമർ ഓണാക്കി. ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇത് പോലെ വേറേയും ക്യാമറകൾ ഇവിടെ കാണും, ഇരുട്ടത്ത് പോലും പ്രവർത്തിക്കുന്ന തരത്തിലുള്ളത്. “
“ക്യാമറകളോ? ഇത് ഇവിടെ ആര് കൊണ്ട് വയ്ക്കാനാണ് ? അതും അമ്മയുടെ മുറിയിൽ, “
ഏജൻ്റ് ദേവിയുടെ ചെവിയിൽ പറഞ്ഞു.
“ആരോ ദേവിയുടെ അമ്മയെ മാനിപ്പുലേറ്റ് ചെയ്യുന്നുണ്ട്. ഏതോ ഒരു അദൃശ്യ ശബ്ദം, പ്രൊഫസർ മാലതിയെ നിയന്തിക്കുന്നു. “
“അദൃശ്യ ശബ്ദമോ?. “
“അതേ ദേവി ഇത് നോക്കൂ. ഇവിടത്തെ ഓരോ ചെറിയ ശബ്ദവും ഈ മൈക്രോഫോൺ പിടിച്ചെടുക്കുന്നു. ഇത് എവിടെയോ റിക്കോർഡ് ചെയ്യപ്പെടുന്നു. ഇത് കണ്ടോ ഒരു ഹെഡ് ഫോൺ, ഇത് ദേവിയുടെ അമ്മ ഉപയോഗിക്കുന്നു, അത് വഴിയാകാം അവർ നിർദ്ദേശങ്ങൾ നൽകുന്നത്. “
“അമ്മ അങ്ങനെ ആരെയും അന്ധമായി അനുസരിക്കുന്ന ആളല്ല. ഒരു പക്ഷേ മാത്യൂ. “
“അതിന് മാത്യൂ ജയിലിലല്ലേ. മാത്യൂവിൻ്റെ മകനാണോ. “
“ആരോണും അമ്മയും തമ്മിൽ നല്ല ശത്രുത ആയിരുന്നു. അമ്മയെ അവർ, മക്കൾ രണ്ടുപേരും അംഗീകരിച്ചില്ല. അമ്മ കാരണം അവർ മാത്യുവിനെ കാണാൻ പോലും വന്നിരുന്നില്ല. മാത്യു വല്ലപ്പോഴും മൂന്നാറിലെ അവരുടെ റിസോർട്ടിൽ പോയാണ് അവരെ കണ്ടിരുന്നത്. അത് കാരണം മാത്യൂ അവരോട് പല പ്രാവശ്യം വഴക്കിടുകയും ചെയ്തിരുന്നു. മാത്യുവിൻ്റെ സ്വത്തുക്കൾ അമ്മയുടെ പേരിലേയ്ക്കാക്കി ഒസ്യത്ത് എഴുതി തയാറാക്കിയിരുന്നു. “
“ആ ഒസ്യത്ത് പേപ്പർ ആരുടെ കൈവശമായിരുന്നു. “
“അമ്മയുടെ കൈവശം. “
“അമ്മയുടെ ഭാഗത്ത് നിന്നും ഈ വിചിത്രമായ പെരുമാറ്റം എന്ന് മുതലാണ് കണ്ട് തുടങ്ങിയത്. “
“മാത്യൂ ജയിലിൽ പോയതിന് ശേഷമാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. ഞാൻ ആശുപത്രിയിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ അമ്മ വളരെ വിഷമത്തിലായിരുന്നു. “
“അത് സ്വാഭാവികമല്ലേ. “
“എന്നെ അതിശയിപ്പിച്ച കാര്യം അമ്മയുടെ ആരോണുമായുള്ള കണക്ഷനായിരുന്നു. മുമ്പ് ഒരിക്കൽ ആരോൺ അമ്മയെ തല്ലാനായി കൈ പൊക്കിയിട്ടുണ്ട്. പല പ്രാവശ്യം അവർ തമ്മിൽ വഴക്കായിട്ടുണ്ട്. എൻ്റെ ആശുപത്രി വാസത്തിന് ശേഷം അമ്മയ്ക്ക് ആരോണിനെക്കുറിച്ച് നല്ലത് പറയാനെ സമയം ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ ഈ മാറ്റത്തിന് കാരണം ഞാൻ പിന്നീട് ചിന്തിച്ചിരുന്നു, അതിശയിച്ചിരുന്നു. “
“സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന് കേട്ടിട്ടുണ്ടോ. ഒരു പക്ഷേ ദേവിയുടെ അമ്മയ്ക്ക് ആരോണിനോട്… “
“മനസ്സിലായില്ല. “
“ക്രൂരമായ ഭീഷണികൾ നടത്തിയ ആരോൺ നൽകിയ ചെറിയ സാന്ത്വനം, ശത്രുവിന് ഉണ്ടായ ചെറിയ മാറ്റം ദേവിയുടെ അമ്മയിൽ വരുത്തിയ പ്രതീക്ഷകൾ, ദേവിയുടെ അമ്മയുടെ മനസ്സിൽ ആരോണിനോട് തോന്നിയ സങ്കീർണ്ണമായ ആ ബന്ധം. ക്രൂരനായ യജമാനനോട് തോന്നുന്ന ഭയഭക്തി ബഹുമാനം. അത് വളർന്നതാകാം. അത് മനസ്സിലാക്കിയ ആരോൺ ദേവിയുടെ അമ്മയെ ടെക്നോളജി ഉപയോഗിച്ച് മാനസികമായി സ്വാധീനിച്ചു. “
“അമ്മയെ പോലെ കരുത്താർന്ന ഒരു സ്ത്രീയെ…. “
“ആദ്യം ചെറിയ രീതിയിൽ മാനിപ്പുലേറ്റ് ചെയ്യും, ഇരയുടെ മനസ്സിനെ സ്വാധീനിച്ച് ഇവരുടെ അടിമകളാക്കും. പിന്നീട് ഇവർ എന്ത് പറഞ്ഞാലും ഇരകൾ അനുസരിക്കും. “
“ഞാൻ അമ്മയോട് സംസാരിക്കാം. ഞാൻ എല്ലാം അമ്മയോട് തുറന്ന് പറയാം. അമ്മയ്ക്ക് ചതി മനസ്സിലാകും. “
“ബുദ്ധിമുട്ടാണ് ദേവി ഒരു പക്ഷേ ഒരു തരം ഹിപ്നോട്ടൈസിങ്ങ് രീതി ഉപയോഗിച്ച് കാണും. “
“ഇനി എന്ത് ചെയ്യും. “
“ഇവിടെയും ഹാളിലും ഉണ്ടായിരുന്ന രണ്ട് ക്യാമറകളും മൈക്രോഫോണും ഊരി മാറ്റിയിട്ടുണ്ട്. ആരും കാണാതെ ഒരു ജാമർ ഞാൻ ഈ മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഞാൻ പറയുമ്പോൾ ദേവി അത് ഓണാക്കണം. ഒറ്റയടിയ്ക്ക് എല്ലാം നിലച്ചാൽ ശത്രു സംശയാലുവാകും. അത് കൂടുതൽ അപകടമാണ്. അമ്മയുടെ മൊബൈൽ ഒന്ന് പരിശോധിക്കണം എന്നാലെ പ്രശ്നത്തിൻ്റെ പൂർണ്ണമായ രൂപം മനസ്സിലാകൂ. “
ഏജൻ്റ് ദേവിയെ മുറിയിൽ നിന്നും പുറത്താക്കി.
“ഒരു മണിക്കൂർ കഴിഞ്ഞു. തിരികെ വരാൻ സമയമായി. നമുക്ക് ഒളിച്ചിരിക്കാം, ശ്രദ്ധിക്കണം, ഇന്ന് രാത്രിയിൽ എന്തും സംഭവിയ്ക്കാം
, ഒരു പക്ഷെ ഉറങ്ങാൻ പോലും അമ്മയ്ക്കാകില്ല. “
“അതെന്താ. “
“അമ്മയിപ്പോൾ ഒരു പ്രോഗ്രാം ചെയ്ത ഹ്യൂമൻ റോബോട്ടാണ്. ഫോണിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളിലൂടെയാണ് അവരുടെ ജീവിതം കടന്ന് പോകുന്നത്. പെട്ടെന്ന് അത് നിലയ്ക്കുമ്പോൾ എല്ലാം താളം തെറ്റും. “
ഈ സമയം മറ്റൊരിടത്ത്….
നിധിനും രാഹുലും മരങ്ങളുടെ മറ പറ്റി മാലതിയെ പിൻതുടർന്നു. ഇരുട്ടിലും ആ വഴികൾ വളരെ പരിചിതമാണെന്ന രീതിയിലാണ് മാലതി നടന്ന് കൊണ്ടിരുന്നത്.
പ്രധാന റോഡിൽ നിന്നും തിരിഞ്ഞ്, റബ്ബർത്തോട്ടത്തിനിടയിലൂടെയുള്ള ചെമ്മൺ പാതയിലൂടെ അവർ നടന്നു. ഇരുട്ടിൽ മരങ്ങൾക്കിടയിലൂടെ നടക്കാൻ അവർക്ക് എളുപ്പമായിരുന്നു. കരിയിലകൾ അവരുടെ കാലിനടിയിൽ കിടന്ന് ഞെരുങ്ങുന്ന ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ അവർ പാടുപെട്ടു.
നല്ല നിലാവുള്ള രാത്രി ആയിരുന്നത് കൊണ്ട് മാത്രമാണ് കറുത്ത സാരി ധരിച്ച മാലതിയെന്ന ലക്ഷ്യത്തെ കണ്ണുകൾ തേടി പിടിച്ചത്. മാലതിയുടെ നടത്തം ചെന്നവസാനിച്ചത് പള്ളി സെമിത്തേരിയുടെ മുന്നിലാണ്. അവിടെ പാർക്ക് ചെയ്തിരുന്ന ഇന്നോവാ കാറിനടുത്തേക്ക് മാലതി നടന്നു.
കാറിൽ നിന്നും ആരോൺ ഇറങ്ങി വന്നു. അയാളുടെ കയ്യിലൊരു പൂച്ചെണ്ട് ഉണ്ടായിരുന്നു. ആരോൺ മാലതിയുടെ തോളിൽ കയ്യിടുകയും തമാശ പറയുകയും ചെയ്തു.
അവരുടെ സംഭാഷണം വ്യക്തമായി കേൾക്കാനായി മുന്നോട്ട് നീങ്ങിയ നിധിനെ രാഹുൽ തടഞ്ഞു.
“കാറിൽ മറ്റാരോ കൂടിയുണ്ട്. “
“എന്താ അവർ സംസാരിക്കുന്നതെന്ന് വ്യക്തമല്ല. അമ്മയെ കൊല്ലാനാണോ അവരുടെ ശ്രമം. “
രാഹുലും നിധിനും ഇരുട്ടിൽ ഒളിഞ്ഞ് നിന്നു. ആരോണിൻ്റെ വാക്കുകൾ അവരുടെ ചെവിയിൽ പതിഞ്ഞു.
“മമ്മാ വാ നമുക്ക് അവനെ കാണണ്ടേ, അവൻ നമ്മളെ കാത്തിരിക്കും. പപ്പ ജയിലിൽ ആയതോട് കൂടി ഞങ്ങൾക്ക് മമ്മ മാത്രമേയുള്ളൂ. “
ആരോൺ സെമിത്തേരിയുടെ ഗേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നു. അയാൾ മാലതിയുടെ കൈ പിടിച്ച് കൊണ്ട് സെമിത്തേരിയിലേക്ക് കൂട്ടി കൊണ്ട് പോയി. ആൻഡ്രുവിൻ്റെ ശവകുടീരത്തിന് മുൻപിൽ അവർ നിന്നു. ആരോൺ ഒരു കർച്ചീഫ് മാർബിൾ ഫലകം തുടച്ച് വെടിപ്പാക്കി. മാലതി കയ്യിലിരുന്ന സുഗന്ധമുള്ള ആ പൂച്ചെണ്ട് ആൻഡ്രുവിൻ്റെ ഹൃദയഭാഗത്ത് വച്ചു.
അവർ രണ്ടുപേരും തമാശകൾ പറഞ്ഞ് കുറെ നേരം അവിടെ തങ്ങി. പുറത്തിറങ്ങുമ്പോൾ മാലതി സാരിത്തുമ്പ് കൊണ്ട് കണ്ണീർ തുടച്ചു. ആരോൺ ഗേറ്റ് അടച്ച് പൂട്ടിട്ടു പൂട്ടി.
ആരോണും മാലതിയും ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് നടന്നു. അപ്പോഴും ഗേറ്റിന് ഇടത് വശത്ത് പാർക്ക് ചെയ്ത ഇന്നോവ അവിടെ തന്നെയുണ്ടായിരുന്നു. അവരെ പിൻതുടരാൻ നിധിനും രാഹുലിനും കഴിഞ്ഞില്ല. അവർ ഇന്നോവയുടെ പിറകിലെ ഇരുട്ടിൽ പതുങ്ങി ഇരുന്നു.
“അവർ അമ്മയെ ഉപദ്രവിക്കുമോ. “
“ഏയ്, എനിക്ക് മനസ്സിലാകാത്തത് ആരോൺ എന്തിനാണ് ഇങ്ങനെയൊരു നാടകം കാണിക്കുന്നത്. അയാൾക്ക് ആ വീട്ടിൽ മാലതി അമ്മയ്ക്ക് ഒപ്പം കഴിഞ്ഞ് കൂടെ. ഈ രാത്രിയിലെ നാടകം എന്തിനാണ്. “
“അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരും ആരോണിനെ സംംശയിക്കില്ലല്ലോ. എല്ലാ സ്വത്തുക്കളും അമ്മയുടെ പേരില്ലല്ലേ, അത് തട്ടിയെടുക്കാൻ. “
“തട്ടിയെടുക്കാനല്ല, സ്നേഹത്തോടെ കൂടെ നിന്ന് വഞ്ചിച്ച് എല്ലാം തട്ടിയെടുക്കാനുള്ള നാടകമാകും. ആശുപത്രിയിൽ വച്ച് ദേവി ചേച്ചിയോടും മോളോടും ആരോൺ കാണിച്ച സ്നേഹം കണ്ടപ്പോൾ യാഥാർത്ഥ്യമാണെന്ന് ഞാൻ കരുതി. ഇതെല്ലാം അവൻ്റെ അഭിനയമായിരുന്നു. “
ഇന്നോവ അവിടെ നിന്നും പോയപ്പോൾ നിധിൻ ദേവിക്ക് സന്ദേശമയച്ചു.
“അമ്മ എത്തിയോ, ഇവിടെ നിന്നും പുറപ്പെട്ടു. സൂക്ഷിക്കണം, ആരോൺ കൂടെയുണ്ട്. അമ്മ എത്തി ചേർന്നാൽ ഉടൻ മെസേജയയ്ക്കണം. “
ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ മുൻ വാതിൽ തുറക്കപ്പെട്ടു. മാലതി അകത്ത് കയറി വാതിലടച്ചു. കുറെ നേരം അവർ ആൻഡ്രുവിൻ്റെ ഛായാചിത്രത്തിന് മുന്നിൽ ഇരുന്നു കണ്ണീർ വാർത്തു.
അവർ എഴുന്നേറ്റു മുറിയിലേക്ക് പോയപ്പോൾ ദേവി പിന്നാലെ ചെന്നു. അപ്പോഴും എന്തിനും തയ്യാറായി പി ബി കർട്ടന് പിറകിൽ മറഞ്ഞ് നിന്നു.
“അമ്മ ഈ സമയത്ത് എവിടെ പോയി. “
മാലതി തിരിഞ്ഞ് നോക്കി, ദേവിയെ കണ്ടിട്ടും അവർ ഞെട്ടിയില്ല. ദേവി അപ്പോഴാണ് അമ്മയുടെ മുഖത്തേക്ക് നോക്കിയത്. തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ.
“എനിക്ക് ഇനി ഒന്ന് ഉറങ്ങണം. നീ ലൈറ്റ് അണയ്ക്കൂ. “
മാലതി തൻ്റെ മൊബൈലിൽ കണക്ട് ചെയ്ത ചെറിയ ഇയർ പീസ് ദേവി ശ്രദ്ധിച്ചു.
“അമ്മ ഇത് എന്താണ് കേൾക്കുന്നത്. “
“ഒരു സംഗീതമാണ്. ഇത് കേൾക്കുമ്പോൾ എനിക്ക് നല്ല സമാധാനമാണ്. “
ദേവി അത് പിടിച്ചു വാങ്ങി തൻ്റെ ചെവിയിൽ വച്ചു. ദേവി ഞെട്ടി പോയി നല്ല ഓടക്കുഴൽ നാദം, അതിനിടയിൽ മാത്യുവിൻ്റെ ശബ്ദം.
“ചുറ്റും ഉള്ളവരെ വിശ്വസിക്കരുത്. എല്ലാ കാര്യങ്ങളും ആരോണിനെ ഏൽപ്പിക്കുക. നിന്നെയവൻ സ്വന്തം മകനെ പോലെ സംരക്ഷിച്ച് കൊള്ളും. “
പെട്ടെന്ന് മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ ശബ്ദം വന്നു. അവൾ ആ മെസേജ് ഓണാക്കി നോക്കി. അതൊരു ശബ്ദം സന്ദേശമായിരുന്നു.
“മമ്മാ എനിക്കിപ്പോൾ മമ്മായെ കാണാൻ കഴിയുന്നില്ല, കേൾക്കാൻ കഴിയുന്നില്ല. “
ദേവി പെട്ടെന്ന് മൊബൈൽ കയ്യിലെടുത്ത്, ലൈറ്റ് ഓഫാക്കി മുറിക്ക് പുറത്ത് കടന്നു. ആ മുറിയിലെ ഇരുട്ടിൽ എന്തിനും തയ്യാറായി പി ബി നിന്നിരുന്നു.
“ആരോൺ ഈ പരിസരത്ത് ഉണ്ടെന്നാണോ അതോ ക്യാമറ ഓണല്ല എന്നാണോ ഈ സന്ദേശത്തിൻ്റെ അർത്ഥം. “
“ക്യാമറയുടെ കാര്യമാകും. ആരോൺ നേരം വെളുക്കുമ്പോൾ അമ്മയെ തേടി വരും. “
അപ്പോഴേക്കും ഇരുട്ടിൽ നടന്ന് തളർന്ന് നിധിനും രാഹുലുമെത്തി.
“ഞങ്ങൾ കണ്ടതാണ് ആരോൺ അമ്മയെ ഇന്നോവയിൽ കയറ്റിയത്. “
“അമ്മയെ ആരോൺ ഗേറ്റിനടുത്ത് ഇറക്കി വിട്ടതാണ്. ഇരുട്ടിൽ ഒരു വണ്ടി പാഞ്ഞ് പോകുന്നത് ഞാൻ കണ്ടതാണ്. “
“ആരോൺ ഉടനെ തന്നെ മടങ്ങി വരും. അയാൾ ഒറ്റയ്ക്കല്ല. “
“നമുക്ക് ഉടൻ ഈ വീട് മാറണം. “
അവർ നാലു പേരും മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ വന്നിരുന്നു. ഇരുട്ടിൽ വിദൂരതയിലേക്ക് നോക്കിയിരുന്ന് ഏജൻ്റ് പി ബി പുതിയ തന്ത്രങ്ങൾ മെനഞ്ഞു.
(തുടരും… )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -78 - By Nisha Pillai - കൂട്ടക്ഷരങ്ങൾ