ഓണം എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു സന്തോഷം മുളപൊട്ടും അല്ലേ? എനിക്കങ്ങനെയാണ്. കാരണം സ്കൂൾ കാലങ്ങളിലെ ഓണം സന്തോഷം തരുന്നതായിരുന്നു.
ക്വാർട്ടേഴ്‌സിൽ ആയിരുന്നപ്പോൾ കൂട്ടുകാരായ ലക്ഷ്മിയോടും, സിന്ധുവിനോടും ഒപ്പം അമ്പലത്തിലൊക്കെ പോകുമായിരുന്നു. ആ കുഞ്ഞമ്പലം ഒരു പ്രത്യേകത ആയിരുന്നു. നോർത്ത് എൻഡ് മുതൽ സൗത്ത് എൻഡ് വരെ നടന്നാണ് അമ്പലത്തിൽ പോവുക. ഉച്ചയ്ക്ക് ലീലാന്റിയുടെ കൈ കൊണ്ടുണ്ടാക്കിയ സദ്യ കഴിക്കാൻ രണ്ട് വർഷമേ ഭാഗ്യമുണ്ടായുള്ളൂ എങ്കിലും ഇന്നും ആ സദ്യയുടെ രുചി നാവിലുണ്ട്. രാത്രി കോഴിക്കറി കൂട്ടിയുള്ള സിന്ധുവിന്റെ വീട്ടിലെ സദ്യ കഴിച്ച് കഴിയുമ്പോഴേക്കും വയറ് പീരപ്പെട്ടിക്ക പോലെ ആകും. തൊട്ടിപ്പുറത്തെ ഞങ്ങളുടെ ക്വാർട്ടേഴ്‌സിലേക്ക് നടക്കുവല്ല ഇഴയുവാണെന്നാ തോന്നാറ്. വയറ് അത്രയ്ക്ക് നിറഞ്ഞാണ് കസേരയിൽ നിന്ന് എണീക്കുന്നത്. ഹാ.. അതൊക്കെ ഒരു കാലം..
2025 ഓഗസ്റ്റ് 31 മുതൽ തിരുവോണത്തിന്റെ അന്ന് വരെ കുറേ അപമാനങ്ങൾ നേരിടേണ്ടി വന്ന ഒരു ആഴ്ച ആയിരുന്നു.
തിരുവോണത്തിന്റെ അന്നുണ്ടായ അനുഭവം പറയാം. ബാക്കി അവിടെ ഇരിക്കട്ടെ. ഓണം കഴിഞ്ഞിട്ടിപ്പോൾ ഒരു മാസത്തിൽ കൂടുതലായല്ലേ. ഇത് പല ദിവസങ്ങളിലായി എഴുതി വച്ചിരുന്നതാണ്. ഇത്രയും വൈകുമെന്നോർത്തില്ല. എന്തായാലും കാര്യമിതാണ്. എന്റെ മോന്റെ കൂടെ ഇരട്ട ആൺകുട്ടികൾ പഠിക്കുന്നുണ്ട്. ഹസ്സനും ഹുസൈനും. ഒന്നാം തരം മുതൽ ഒന്നിച്ചാണ്, വലിയ കൂട്ടുമാണ്. ഹസ്സന്റെയും ഹുസൈന്റെയും അമ്മയാണ് ഫെമി. ഫെമിയുടെ ചേച്ചിയാണ് ഫെമിന. ഫെമിനയ്ക്കും ഭർത്താവ് സാൽബിയ്ക്കും കാറ്ററിംഗ് ബിസിനസ് ആണ്. ഒരു കാര്യത്തിന് വേണ്ടി ഞാനും ഫെമിനയും ഒരു ദിവസം മുഴുവൻ ഒന്നിച്ചായിരുന്നു. അന്ന് എന്നോട് പറഞ്ഞു ഓണത്തിന് സദ്യ ഓർഡർ കിട്ടുന്നതനുസരിച്ചു കൊടുക്കുന്നുണ്ട്. തിരുവോണത്തിന്റെ അന്നാണ്. അന്ന് ജയയും ഒന്ന് വരാമോ. ഒരു കൂട്ടിന് എന്ന്. ഞാൻ ഓർത്തു വെറുതെ പറയുന്നതായിരിക്കും. എന്നെ ഓണത്തിന്റെ തിരക്കിൽ ഓർക്കാൻ പോകുന്നോ എന്ന്. പക്ഷെ പിന്നീട് പലപ്പോഴായി ഫെമിന വിളിച്ചു. അങ്ങനെ ഞാൻ ചെല്ലാമെന്നേറ്റു.
തിരുവോണത്തിന്റെ അന്ന് ഇടപ്പള്ളിയിൽ ഒരു ഹബ് ഇട്ടു. പാക്കിങ് ഒക്കെ അവിടെ നിന്ന് ചെയ്തു. 800 പേരുടെ ഓർഡറാണ് കിട്ടിയത്. കുറേ പേര് ഇടപ്പള്ളിയിൽ നിന്ന് വാങ്ങുന്നു. കുറച്ച് പേർക്ക് കടവന്ത്രയിൽ ചെന്നു കൊടുക്കുന്നു. അങ്ങനെ അങ്ങനെ ഉള്ള ഏർപ്പാടുകളായിരുന്നു. ഞാനും ഫെമിനായും കൂടി 12 മണിക്ക് ഇടപ്പള്ളിയിൽ നിന്നിറങ്ങുമ്പോൾ എന്റെ വണ്ടിയിലും പിന്നെ ഒരു ഓട്ടോയിലുമായി ഓരോ കാർഡ്ബോർഡ് പെട്ടികളിലായിരുന്നു സദ്യ പാക്കറ്റ് ആയി വച്ചിരുന്നത്. കടവന്ത്രയിൽ ചെന്നു കഴിഞ്ഞപ്പോൾ. കുറച്ച് പാക്കറ്റുകൾ കുറവുണ്ടെന്ന് കണ്ടു. 25 പേർക്കുള്ള സദ്യ പറഞ്ഞവർക്ക് കൊടുക്കാൻ പറ്റിയില്ല. അവര് ഒരു ഓട്ടോയിലാണ് വന്നത്. ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നത് അവർക്ക് കൊടുത്തിട്ട് ബാക്കി ഞങ്ങൾ അവരുടെ വീട്ടിൽ കൊടുക്കാമെന്ന് ഏറ്റു. എന്നിട്ട് ഞങ്ങൾ തിരിച്ചു ഇടപ്പള്ളിയിൽ വന്നു. വേറെ രണ്ട് പേരുടെ ഉൾപ്പെടെ കൊടുക്കാൻ ഉണ്ടായിരുന്ന പാക്കറ്റ്കളും എടുത്തു ഞങ്ങൾ വീണ്ടും ചെന്നു. രണ്ട് പേർക്ക് കൊടുത്തു കഴിഞ്ഞ് ആ 25 പേരുടെ ഊണ് പറഞ്ഞവർ തന്ന ലൊക്കേഷനിലേക്ക് ഞങ്ങൾ പോയി.
Lane 35, ജനത റോഡ്, വൈറ്റില. ഞാനീ അടുത്ത കാലത്തൊന്നും മറക്കാത്ത സംഭവമാണ് പിന്നെ നടന്നത്. ഈ lane 35 എന്ന് പറയുന്നത് ഒരു വണ്ടിക്കു മാത്രം ചെല്ലാൻ പറ്റുന്ന ഇടവഴിയാണ്. അങ്ങോട്ട് വണ്ടി കേറ്റാതെ കൊടുക്കാനുള്ള ഒരു പാക്കറ്റുമായി ഇറങ്ങിയ എന്നോട് ഇവിടെ വണ്ടി ഉള്ളവര് തന്നെയാ ഉള്ളത്. ധൈര്യമായി വണ്ടി എടുത്തോ എന്നും പറഞ്ഞു വണ്ടി അങ്ങോട്ട് എടുപ്പിച്ചു. അപ്പുറത്തും ഇപ്പുറത്തും ഒക്കെ ബൈക്കും സ്കൂട്ടറും വച്ചിരിക്കുന്നത് കൊണ്ട് റിവേഴ്‌സ് എടുക്കാൻ അത്യാവശ്യം നല്ല ബുദ്ധിമുട്ടായിരുന്നു. എവിടേലും വണ്ടി കേറ്റി തിരിക്കാനുള്ള ഇടയും ഇല്ലായിരുന്നു. ആ റോഡിലെ അവസാനത്തെ വീടായിരുന്നു. ഞങ്ങൾ അങ്ങോട്ട് ചെല്ലേണ്ട താമസം ആണുങ്ങളും പെണ്ണുങ്ങളും കൂടി വന്നങ്ങു വണ്ടി വളഞ്ഞു. ചോറ് അവര് വാർത്തു, അപ്പോൾ ചോറ് പുളിച്ചു പോയി, നല്ലൊരു ദിവസമായിട്ട് ഇങ്ങനെ ആണോ ഭക്ഷണം തരുന്നതെന്നും പറഞ്ഞു വെള്ളമടിച്ച ചേട്ടന്മാര് നിന്നങ്ങു തെറിയായിരുന്നു. അവര് തന്ന പൈസ മുഴുവൻ ഫെമിനയെ കൊണ്ട് തിരിച്ചു കൊടുപ്പിച്ചു. കൊടുത്തു കഴിഞ്ഞതോടെ വണ്ടി എടുത്തു. ഇതിനിടയിൽ വീഡിയോ എടുക്കലും തകൃതിയായി നടത്തുന്നുണ്ടായിരുന്നു. തിരുവോണമായിട്ട് ഞങ്ങൾ അവരുടെ ദിവസം നശിപ്പിച്ചെന്നും പറഞ്ഞു എന്തായിരുന്നു പ്രകടനം.
ഞാൻ ഫെമിനയെ ഇടപ്പള്ളിയിൽ വിട്ടു കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തന്നെ 3:30 ആയി. ഞാനും ഫെമിനയുടെ സദ്യ തന്നെയാ മേടിച്ചത്. ഞങ്ങൾ നാല് പേരും ഞങ്ങളുടെ 2 കൂട്ടുകാരും ഉണ്ടായിരുന്നു. ഭക്ഷണത്തിനു ഒരു കുഴപ്പവുമില്ലായിരുന്നു. എന്ന് മാത്രമല്ല നല്ല രുചിയും ഉണ്ടായിരുന്നു. എന്റെ കെട്ടിയോൻ പറഞ്ഞു ആ മനുഷ്യരു നിങ്ങളെ പറ്റിച്ചതാ. അവർക്ക് ഭക്ഷണവും കിട്ടി, പൈസയും കിട്ടി. എന്ത് മനുഷ്യരാണോ. വല്ലാത്ത ഒരു അനുഭവമായിരുന്നു. ഞാൻ ഈ സംഭവം എന്റെ ഒരു കൂട്ടുകാരി വിദ്യയോട് പറഞ്ഞപ്പോൾ വിദ്യ പറഞ്ഞു തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ തിരുവോണത്തിന്റെ അന്നുണ്ടായ പ്രശ്നം ഫേസ്ബുക്കിൽ ആരോ ഇട്ടതിന്റെ കമന്റ് ആയി ഒരാൾ തിരുവനന്തപുരത്തു മാത്രമല്ല ഇവിടെ എറണാകുളത്തും നടന്നു എന്നും പറഞ്ഞു ഒരു വീഡിയോ ഇട്ടിരുന്നു എന്ന്. വിദ്യ ആരാ എന്താണെന്നൊന്നും നോക്കിയില്ല. എന്തിനാണാവോ ഇവരിങ്ങനെ ചെയ്യുന്നതെന്ന് ഓർത്തു എന്ന് പറഞ്ഞു.
ഇതോടെ എന്റെ അനുഭവത്തിൽ നിന്ന് ഒരു പ്രാവിശ്യം കൂടി ഒരു കാര്യം ബോധ്യമായി. വാർത്തകളിൽ എത്ര മാത്രം സത്യമുണ്ട്? സത്യം എന്താണെന്ന് വാർത്തകളിൽ വരുന്നുണ്ടോ?
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
എനിക്ക് ഇപ്പോഴും മനസ്സിലാവാത്ത കാര്യം – അവർ എന്തിനാ ആ ചോർ വാർത്തത്?
സത്യം
പൊതുജനം പല വിധം
❤️🌹👌