“ഇതെന്തിനാണ് വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു അരയിൽ ചുറ്റുന്നത്?”, ആണുങ്ങളെ കുറിച്ച് ഉള്ളത് എഴുതിയാൽ, ഫെമിനിച്ചികൾ ചോദിക്കും. അതു പൊന്നമ്മ ബാബു വിന്റെ ‘കൂളിംഗ് ഗ്ലാസ് ‘ ഫെമിനിച്ചി കഥാപാത്രം. തുല്യതക്കു വേണ്ടി വാദിക്കുന്ന, ഫെമിനിസം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കിയ ഫെമിനിസ്റ്റുകൾ അങ്ങനെ ചിന്തിക്കില്ല. അവർ പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന പോലെ കേവലം പുരുഷവിരോധികളല്ല. പുരുഷൻ നല്ലതു ചെയ്‌താൽ ‘നല്ലതെന്ന് ‘പറയാൻ ഉള്ള ഹൃദയവിശാലത സ്ത്രീകൾക്കുണ്ട്.
പുരുഷന്മാരിലെ ചില സ്വഭാവരീതികൾ, പെരുമാറ്റം ഇവ ശ്രദ്ധിച്ചാൽ അവരിൽ, സ്ത്രീകൾ മാതൃകയാക്കേണ്ട പലതും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശരാശരി സ്ത്രീ ഭയക്കുന്ന എല്ലാ പേടികളിലൂടേയും കടന്നുപോയവൾ ഞാൻ. എനിക്ക് തീരെ യോജിക്കുവാൻ പറ്റാത്ത അഭിപ്രായങ്ങൾ ഉയരുന്ന സദസ്സിൽ പലപ്പോഴും ഞാൻ മൗനം പാലിച്ചു. പലതിനേയും ഭയപ്പെട്ടു. ഇങ്ങനെയല്ല, മറിച്ചാണ് ഞാൻ കരുതുന്നത്, എന്ന് പറയുവാൻ ത്രാണിയില്ലാതെ ഉഴറി. ഇപ്പോൾ എനിക്ക് പറയാനുള്ളതും അതുപോലെ ഒരു വിഷയം തന്നെ. സ്ത്രീപക്ഷം, എന്നതുകൊണ്ട് പുരുഷവിരോധം എന്ന വിവക്ഷയില്ലല്ലോ.
സ്ത്രീ ഗ്രൂപ്പ് ചർച്ചകൾ, കുടുംബം, കുട്ടികൾ, പാചകം, ആചാരങ്ങൾ, വസ്ത്രങ്ങൾ, ചമയം അതിൽ തീരുന്നു. പല സ്ത്രീ ഗ്രൂപ്പുകളിലും ഒന്നിൽ നിന്നും തുടങ്ങി കറങ്ങിത്തിരിഞ്ഞു അതിൽ തന്നെ വന്നു അവസാനിക്കുന്നു.
അപവാദങ്ങൾ ഉണ്ടാകാം, ചുരുക്കം ചില സ്ത്രീകൾ, ബൗദ്ധിക നിലവാരം ഉയർന്ന ചുരുക്കം പേർ, അവരെ ഞാൻ മാറ്റിനിർത്തുന്നു. എല്ലവരും എന്ന് ഞാൻ പറയുന്നില്ല, മുക്കാൽ ഭാഗത്തിൽ അധികം പേരും ഇങ്ങനെയെന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്.
പകരം നിങ്ങൾ, പുരുഷന്മാർ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ സംസാരത്തിൽ കടന്നുവരുന്ന മേഖലകളുടെ വൈവിധ്യം എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്.
രാഷ്ട്രീയം, സാമ്പത്തികം, അന്താരാഷ്ട്ര പ്രശ്നങ്ങൾ, ശാസ്ത്രം, കായികം, സിനിമ, വായന എന്നു വേണ്ട സൂര്യനു താഴെ ഉള്ള എന്തും ചർച്ച ചെയ്യപ്പെടുന്നു. അവർ ചുറ്റും സംഭവിക്കുന്ന പലതിനേയും കുറിച്ച് അറിയാൻ ശ്രമിക്കുന്നു.
കുടുംബം മഹനീയമാണ് എന്നതിൽ തർക്കമില്ല. പക്ഷെ പുരുഷന്മാരുടെ ബൗദ്ധികവ്യവഹാരം സ്ത്രീകളെക്കാൾ കൂടുതൽ വിശാലമാണ്. അവ കുടുംബവിഷയങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോ ചർച്ചയും പുതിയ ചിന്തകൾക്ക് ബീജാവാപം നടത്തുന്നു. അവരുടെ അറിവിന്റെ മേഖല ദ്രുതഗതിയിൽ വളരുന്നു.
പുരുഷന്മാർ പൊതുവെ, കേൾക്കുന്ന ആശയങ്ങളോട് യോജിക്കാൻ പറ്റുമെങ്കിൽ യോജിക്കുന്നു, ഇല്ലെങ്കിൽ വിയോജിച്ചു പ്രതികരിക്കുന്നു. പറയുന്നവരും കേൾക്കുന്നവരും അതു വലിയ ‘ ഈഗോ ക്ലാഷ് ‘ ആയി എടുക്കുന്നില്ല. അവർ സുഹൃത്തുക്കളായി തുടരുന്നു. ‘ എന്നാലും അവൾ അങ്ങനെ പറഞ്ഞല്ലോ ‘, എന്നോർത്ത് പരിതപിക്കുന്ന, ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തിനു മുന്നിൽ ഇവർ മാതൃകയല്ലേ? വിയോജിപ്പു പ്രകടിപ്പിച്ചാൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം കാരണം പ്രിയം മാത്രം പറയുവാൻ മുതിരുന്നവരിൽ ഏറെയും സ്ത്രീകളാണ്.
വളർന്നു വരുന്ന ജാതിമത ഭ്രാന്തുകൾക്ക് കുടപിടിക്കുന്ന പുരുഷൻമാരും അവരുടെ ചിന്തകളും ചെയ്തികളും ഉണ്ടെന്നുള്ള സത്യം ഞാൻ വിസ്മരിക്കുന്നില്ല.
രാഷ്ട്രീയവാർത്തകൾ അറിയാൻ ആഗ്രഹിക്കുന്നവരും ചർച്ച ചെയ്യുന്ന വരുമായ എത്ര സ്ത്രീകളെ നമുക്ക് അറിയാം? നമ്മളെ ഭരിക്കുന്നവർ, നമുക്കുവേണ്ടി നിയമനിർമാണം നടത്തുന്ന ജനപ്രതിനിധികളുടെ തീരുമാനങ്ങൾ സ്ത്രീകളുടെയടക്കം ജീവിത സാഹചര്യങ്ങൾ മാറ്റിമറക്കുന്നതിൽ പങ്കുണ്ട്. അപ്പോൾ അതിനെ കുറിച്ച് അറിയാൻ സ്ത്രീകൾ ആവേശം കാണിക്കാത്തത് എന്തുകൊണ്ടാണ്? അതൊക്കെ പുരുഷന്മാർക്ക് മാത്രം ചർച്ച ചെയ്യാൻ വിട്ടുകൊടുത്തു കണ്ണീർ കഥകൾ വിറ്റു കാശാക്കുന്ന ചാനലുകൾക്കു മുന്നിൽ ചടഞ്ഞിരിക്കുന്ന പെണ്ണുങ്ങളെ സന്തോഷിപ്പിക്കാൻ കുറച്ചു ഏറാൻ മൂളി ഭർത്താവു കഥാപാത്രങ്ങളെ
കാണുമ്പോൾ സഹതാപം തോന്നുന്നു.
മികച്ച എഴുത്തിന്റെയും കലാമൂല്യമുള്ള സിനിമകളുടെയും ശില്പികൾ ഭൂരിഭാഗവും പുരുഷന്മാരാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
കണ്ണടച്ച് തുറക്കും മുൻപ് കുതിച്ചുപ്പായുന്ന ശാസ്ത്രലോകം, നിത്യവും അത്ഭുതവാർത്തകൾ സമ്മാനിക്കുന്നു. ശാസ്ത്രം പഠനവിഷയമായി തിരഞ്ഞെടുക്കുന്ന പെൺകുട്ടികൾ ഏറെയുള്ള കേരളത്തിൽ പോലും
ശാസ്ത്രലേഖനങ്ങൾ, വനിതാമാസികകളിൽ വളരെ വിരളമാകുന്നു. സ്ത്രീകൾ അന്വേഷിക്കുന്നത് മറ്റു വായനകൾ ആണെന്ന സത്യമാണ് പ്രസിദ്ധീകരണങ്ങളെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
സൗന്ദര്യം ആഗ്രഹിക്കാത്തവരും ആസ്വദിക്കാത്തവരും ഭൂമിയിലുണ്ടാവില്ല. എങ്കിലും കുറഞ്ഞു വരുന്ന മുഖകാന്തിയും ശരീരവടിവും ഉറക്കം കെടുത്തുന്നത്, പുരുഷന്മാരേക്കാൾ സ്ത്രീകളെയല്ലേ? സ്ത്രീ ഗ്രൂപ്പുകളുടെ ചർച്ചകളുടെ സിംഹഭാഗവും അപഹരിക്കുന്ന വിഷയവും ഇതു തന്നെ. ആ സമയം, പുരുഷന്മാരുടെ സമയം ഈ വിഷയത്തിനു എത്ര പ്രാധാന്യം കൊടുക്കാറുണ്ടെന്ന് നോക്കൂ.
പുതിയ പഠനങ്ങളിൽ നിന്നും നീരീക്ഷണങ്ങളിൽ നിന്നും സാമൂഹികസാമ്പത്തിക വ്യവസ്ഥിതിയെ മാറ്റിമറക്കുന്ന പുതിയ ചിന്തകൾ ഉടലെടുക്കുന്നു. ആ മാറ്റങ്ങൾ പഠിക്കാനും അറിയാനും പുരുഷന്മാർ ശ്രമിക്കുമ്പോൾ ജനസംഖ്യയിൽ പകുതിയിൽ അധികം ഭാഗം ഉൾകൊള്ളുന്ന സ്ത്രീകളുടെ ജീവിതത്തേയും ബാധിക്കുന്നതായിട്ടും പുതിയ ചിന്താധാരകളോട് പുറം തിരിഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ ഇതൊന്നും ഞാൻ അറിയേണ്ട കാര്യങ്ങൾ അല്ലെന്നു ബഹുഭൂരിപക്ഷം സ്ത്രീകളും കരുതുന്നു. നിക്ഷേപം, ബാങ്കിംഗ് ഇതൊക്കെ എന്നെ കൊണ്ടു വയ്യ, എന്റെ മേഖലയല്ല എന്നു കരുതുന്ന സ്ത്രീകളാണ് ഭൂരിപക്ഷവും.
സ്ത്രീകളുടെ ഇടയിൽ റീച്ച് കിട്ടുന്ന വിഷയങ്ങൾ എന്ന ഒരു പട്ടിക തന്നെ രൂപപ്പെട്ടിരിക്കുന്നു. അവയും പ്രശ്നങ്ങൾ, തന്നെയാണ്, എങ്കിലും അതിൽ തന്നെ ലഘുതരം, ഗുരുതരം എന്നുണ്ടല്ലോ. ഇതിൽ ചില പ്രശ്നങ്ങൾക്കു മാത്രം സ്ത്രീകളുടെ ഇടയിൽ റീച്ച് കിട്ടുന്നു. ഗൗരവം കൊടുക്കേണ്ട വിഷയങ്ങളിൽ മാത്രം സമയം ചിലവഴിക്കാൻ പുരുഷൻ കാണിക്കുന്ന വിവേകമാണ്, ചില വിഷയങ്ങൾക്ക് സ്ത്രീകളെ മാത്രം കേൾവിക്കാരും കാഴ്ചക്കാരും ആയി മാറ്റുന്നത്.
‘നീ ആൺകുട്ടിയാണ്, പെൺകുട്ടികളെ പോലെ കരയരുത്.’ ഒരു മൂന്നു വയസു മുതൽ അവന്റെ കഷ്ടകാലം തുടങ്ങി, ഒന്നുറക്കെ കരയാനുള്ള അവകാശം പോലും തുടച്ചുമാറ്റി. വീരൻ, ശൂരൻ, പരാക്രമി, സംരക്ഷകൻ ഇതൊക്കെ ആയിരിക്കണം ഏതു പുരുഷനും എന്നൊരു അലിഖിതനിയമം നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. ഇത്തിരി വീര്യം കുറഞ്ഞുപോയാൽ അവന്റെ ജന്മം കട്ടപ്പൊക. ‘പേടിത്തൊണ്ടൻ’ വിളി കേൾക്കേണ്ടി വരുന്ന ആണുങ്ങളുടെ ജീവിതം!
എന്നാലോ അലച്ചു തല്ലി ഒന്ന് കരഞ്ഞു ദുഃഖം ഒഴുക്കിവിടാം എന്ന് കരുതിയാലോ?
ഹേയ്… ആണുങ്ങൾ കരയാൻ പാടില്ല. ഇങ്ങനെ നെഞ്ചിനകത്തു കരിങ്കല്ലും കുഴിച്ചിട്ടു നടക്കുന്നവരെ, നിങ്ങൾക്കുവേണ്ടി കരയാൻ ലൈസൻസ് ഉള്ള സ്ത്രീകൾ ഒരു ‘സ്വയം തൊഴിൽ കണ്ടെത്തൽ’ പദ്ധതിയുടെ ഭാഗമായി കരഞ്ഞു തരും.
പഠിത്തം കഴിഞ്ഞാൽ ജോലി കിട്ടാനുള്ള പെടാപ്പാട്. അതും കഷ്ടപ്പെട്ട് നീന്തിക്കയറി, കുടുംബത്തിലെ ഏക വരുമാനസോത്രസ്സ് ആയാലും ഒരു രക്ഷയുമില്ലാത്തവരുണ്ട്. ജോലിയുടെ പിരിമുറുക്കവുമായി ക്ഷീണിച്ചു വീട്ടിൽ വന്നു കയറുമ്പോൾ, കറി നന്നായിട്ടും പ്രശംസ കുറഞ്ഞുപോയി, പിറന്നാൾ സമ്മാനം മറന്നുപോയി എന്ന പ്രശ്നങ്ങൾ ഊതിപ്പെരുക്കി ഒരു മൂന്നാം ലോകമഹായുദ്ധം ലെവലിൽ എത്തിക്കുന്ന ഭാര്യമാരെ ചുമക്കുന്ന ഭർത്താക്കന്മാർ നമ്മുടെ നാട്ടിൽ സമൃദ്ധം.
പുരുഷപീഡനം ‘ഇമോഷണൽ’ പാക്കേജ് ആയി അനുഭവിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്. “നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവുമില്ല, നിങ്ങൾ അയലത്തെ അദ്ദേഹത്തെ ഒന്ന് കണ്ടു പഠിക്ക് “, കരഞ്ഞു മൂക്കുപിഴിയുന്ന ഭാര്യയുടെ മുന്നിൽ അവൻ വെറും ‘ഫ്രാഡ്’ എന്ന് തെളിയും വരെ വെള്ളം കുടിക്കുന്ന ജയറാം കഥാപാത്രമായി ചില ഹതഭാഗ്യർ നമുക്കിടയിൽ ജീവിക്കുന്നു.
ആവശ്യങ്ങളുടെ പട്ടിക നീണ്ടു ചുറ്റിവരിഞ്ഞു ശ്വാസം മുട്ടുമ്പോൾ, ഇവൾക്ക് ഇതിനൊക്കെ എന്തു വക വേണ്ടിവരും എന്ന് ഒരു ഐഡിയയും ഇല്ലല്ലോ എന്ന് പരിതപിക്കുന്ന ഭർത്താവിനോട്, ‘ ഇതെന്റെ അച്ഛൻ വാങ്ങി തന്ന ഓട്ടുരുളി, നല്ല വിലയുള്ളതാണ് ‘, എന്ന് അഭിമാനത്തോടെ വീമ്പടിക്കുന്ന ഭാര്യക്ക്, ‘ചില സാധനങ്ങളുടെ വില നന്നായി അറിയാലോ ‘ എന്നാലോചിച്ച് തലകുടയുന്ന ഭർത്താവ്. തല്ക്കാലം പുരുഷപീഡനം ഒരു ചൂടൻ വിഷയമല്ലാത്തതുകൊണ്ടു ഒരു ‘അഡ്ജസ്റ്റുമെന്റിൽ ‘ അങ്ങനെ കഴിഞ്ഞുപോകുന്നു.
പുരുഷനിലും ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുള്ള മൂഡ് സ്വിങ്സിനും അതിന്റെ ബഹിർസ്ഫുരണമായുള്ള പൊട്ടിത്തെറികളും സംഭവിക്കാറുണ്ട്. വികാരങ്ങൾ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് വഴുതി വീഴുന്നവർ. സ്ത്രീകളുടെ മൂഡ് സ്വിങ്സിനോളം എണ്ണത്തിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഈ അവസ്ഥ പുരുഷനിലുമുണ്ട്.
അധികാരമത്തു പിടിച്ച മേലധികാരികൾക്കു കീഴിൽ ജോലി ചെയ്യുന്ന പുരുഷന്മാർ ധാരാളമുണ്ടല്ലോ. പോലീസ് സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിളിനോടു സംസാരിക്കുന്ന ടോൺ, സർക്കിൾ ഇൻസ്പെക്ടർ, എസ്.ഐ യെ വിളിക്കുമ്പോൾ ടോൺ മാറി, വിധേയത്വമായി മാറുന്ന കാണാം. ഈ വിധേയത്വം എല്ലാ തൊഴിൽ മേഖലയിലുമുണ്ട്. ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തിക്കേടു മാത്രമാണ്. ജോലിയുടെ അധികമർദ്ദം കുടുംബത്തിലെ പൊട്ടിത്തെറിയിൽ ചിലർ ഒഴുക്കിവിടുന്നു. കുടുംബത്തോടു സ്നേഹമില്ലാഞ്ഞിട്ടല്ല, മാനസിക പിരിമുറുക്കം അവരെ ചെയ്യിക്കുന്നു എന്നു മാത്രം. കേൾക്കുന്നവർക്ക് ഇതൊരു സുഖകരമായ അനുഭവമല്ല, പുരുഷന്മാർ ഇതു മനസ്സിലാക്കിയെങ്കിൽ എന്ന് ആത്മാർത്ഥമായി ഏതു സ്ത്രീയും ആഗ്രഹിച്ചു പോകും.
സ്ത്രീ, അവൾ വേദന സഹിച്ചു പ്രസവിച്ചവൾ. കുഞ്ഞിനെ പോറ്റി വളർത്തിയ ‘അമ്മ’ ക്ക് സമൂഹം, മഹനീയ സ്ഥാനം നൽകി ആദരിക്കുമ്പോൾ അച്ഛന്റെ വിയർപ്പിന്റെ വലിയ അംശം മക്കളുടെ വളർച്ചക്കായിരുന്നുവെന്ന് നമ്മൾ മറന്നു പോകുന്നു. ലോലഭാവങ്ങൾ അമ്മയേക്കാൾ കുറവുള്ള അച്ഛൻ, മക്കളുടെ കണ്ണിൽ കണിശക്കാരനും പിശുക്കനുമായി മാറുന്നു. ഹോർമോൺ ഉല്പാദനം അത്തരത്തിലായത് ആണുങ്ങളുടെ കുറ്റമല്ല. പിന്നെ ഗർഭപാത്രം ഒരിനത്തിന് മതി എന്ന തീരുമാനിച്ചത് പ്രകൃതി.
ഒരു പൂവൻ കോഴിയും അടയിരിക്കാറില്ല. അതുകൊണ്ട് പൂവന്റെ അന്തസ്സിന് കുറവൊന്നുമില്ല. പിടക്കോഴി കൂവി സൂര്യനെ ഉണർത്താറുമില്ല. പ്രകൃതി അവരിൽ ഏല്പിച്ച ഉത്തരവാദിത്വം വ്യത്യാസമുണ്ട് എന്ന് മാത്രം. മക്കൾക്കു വേണ്ടി അമ്മയെപ്പോലെ വെന്തുരുകുന്ന അച്ഛൻ എന്ന പുരുഷൻ എന്നും രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെടുന്നു.
ഇതൊക്കെ കേട്ട് എല്ലാ ആൺജന്മവും പുണ്യജന്മമാണെന്ന് ഞാൻ കരുതുന്നില്ല. അവരിലും നന്മയും തിന്മയും കറുപ്പും വെളുപ്പും ചാരനിറവും ഉണ്ട്. താൻ പാതിയായ പുരുഷനെ സ്നേഹിച്ചും അവരിലെ നന്മയെ അംഗീകരിച്ചും പരസ്പരം ബഹുമാനിച്ചും എല്ലാവർക്കും ‘തുല്യത’ എന്ന സ്വപ്നത്തിലേക്ക് നമുക്ക് നടന്നു കയറാം.


24 Comments
Joyce Varghese നന്നായിട്ടെഴുതി. ഒരുപാട് കാലമായി കൂട്ടക്ഷരങ്ങളിലെ എഴുത്തുകാർ ആരെങ്കിലും ഞങ്ങളുടെ (പുരുഷന്മാരുടെ ) അല്ലെങ്കിൽ ഞങ്ങളിലും ചില ശരികൾ ഉണ്ട് എന്നും, ഞങ്ങളുടേതായ പ്രശ്നങ്ങളും എഴുതും എന്ന് വിചാരിച്ചിരുന്നു. ഇപ്പോഴാണ് Joyce Varghese എഴുതിയത് ഒരു പാട് നന്ദി👌👍❤️💯🙏🙏🙏💯
Thank you Suresh.
🙏
വ്യക്തമായ എഴുത്ത് ശക്തമായ ഭാഷയും ഒത്തിരി ഇഷ്ടമായി 🙏💕💕
സെജി, നന്ദി, സ്നേഹം.
🙏❤️
ജോയ്സ്,
വളരെ സ്വതന്ത്രമായി സ്ത്രീയുടെയും പുരുഷൻ്റെയും ഭാഗത്തു നിന്ന് ചിന്തിച്ച് എഴുതിയിരിക്കുന്നു. പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. പലരും ഏതെങ്കിലും ഒരു പക്ഷത്ത് നിന്നാണ് കാര്യങ്ങളെ വിലയിരുത്തുക. സ്വതന്ത്രമായി കാര്യങ്ങളെ നോക്കിക്കാണുന്നു എന്നതിൽ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ.
Sheejith ഒത്തിരി നന്ദി. 🙏
പക്ഷം പിടിക്കാതെ ചിന്തിക്കുമ്പോൾ തുല്യത എന്ന സ്വപ്നം യാഥാർത്ഥ്യമാകും.
മനോഹരമായ എഴുത്ത്, ഏകപക്ഷീയമല്ലാത്ത സമീപനം
Thank you, Sherly.🙏
Suma Sreekumar, thank you🙏❤️
ആത്മ സംഘർഷങ്ങൾ നന്നായി എഴുതി
Suma Sreekumar, thank you🙏❤️
എല്ലാം വളരെ സത്യം 👌💗
Sayara, thank you.🙏🥰
വളരെ കൃത്യമായും വ്യക്തമായുമുള്ള എഴുത്ത്. 👌
സത്യത്തിൽ രണ്ടു വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ social conditioning എന്ന നാണയത്തിൻ്റെ രണ്ട് വശങ്ങളല്ലേ. ചെറുപ്പം മുതൽ ധരിച്ച് വച്ചിരിക്കുന്ന പല അബദ്ധ ധാരണകളിൽ നിന്നും മോചനം നേടാൻ മധ്യ വയസ്സ് എത്തേണ്ടി വരുന്നു ഇന്നും പലർക്കും. എന്നാൽ പുതിയ തലമുറയിൽ വളരെ സ്വാഭാവികമായി വേർതിരിവുകളില്ലാത്ത ലോകത്തെ കുറിച്ചുള്ള ചിന്ത വളർന്നു വരുന്നത് സന്തോഷം തരുന്ന കാര്യം തന്നെയാണ്.
Electa, observation വളരെ ശരിയാണ്.👍
വായനക്കു നന്ദി.🙏🫂
വളരെ നല്ല എഴുത്ത് ❤️❤️
shreeja, thank you.🙏❤️
ശരിയായ ദിശയിലുള്ള ചിന്ത. സ്ത്രീകേന്ദ്രീകൃത പ്രശ്നങ്ങൾക്കു ലഭിക്കുന്ന ശ്രദ്ധയോ പരിഗണനയോ പുരുഷൻ്റെ സമാനമായ ബുദ്ധിമുട്ടുകൾക്കു ലഭിക്കുന്നില്ല എന്നത് സത്യമാണ്. സ്ത്രീ, താൻ ശീലിച്ച ചിന്തകളിൽ നിന്നും പഠന വഴികളിൽ നിന്നും വളരേണ്ടിയിരിക്കുന്നു എന്നത് വളരെ കാലികമായ ചിന്തയാണ്. എന്തൊക്കെയോ പുരുഷനിൽ നിന്ന് പിടിച്ചെടുക്കുക എന്ന മട്ടിലുള്ള നറേറ്റിവിൽ നിന്ന് സ്വയം ഉണരുക, പോരായ്മകൾ നികത്തുക അറിവു നേടുക എന്ന തലത്തിലുള്ള സമഗ്രമായ വളർച്ചയാണു നമുക്കാവശ്യം.❤️ സ്നേഹം ജോയ്സ്❤️
ഒത്തിരി നന്ദി, താര 🙏
ഈ കമന്റിനു കടപ്പാട് അറിയിക്കുന്നു.
❤️
സ്നേഹം ജോയ്സ്❤️❤️ Hugs❤️
അതേ ജോയ്സ് മറ്റുള്ളവർ എന്തു കരുതുമെന്ന ചിന്തയിലാണ് ഞാനുൾപ്പെടുന്ന ഭൂരിഭാഗം സ്ത്രീകളും പലപ്പോഴും മനസ്സിൽ ന്യായമെന്നതോന്നുന്ന പക്ഷത്തു നിൽക്കാൻ മടിക്കുന്നത് . വളരെ കഷ്ടപ്പെട്ടാണ് എൻ്റെ ആ മനോഭാവം ഞാൻ മാറ്റിക്കൊണ്ടു വരുന്നത്.
നല്ല പാതിയിലെ നന്മതിന്മകൾ അംഗീകരിച്ച് ഒത്തൊരുമയോടെ ജീവിതം നയിക്കാൻ എല്ലാവരും ശ്രമിച്ചാൽ സന്തോഷം താനേ വരും.
നല്ല ചിന്തകൾ തല്ല വിവരണം
നന്ദി ജോയ്സ് ഈ എഴുത്തിന്❤️👌🌹
Suma, thank you, നല്ല തുടക്കമാകട്ടെ ! തുല്യത ഇന്നും ഒരു വിളിപ്പാടകലെയാണ്. കൈയെത്തി പിടിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. പരാതിയിലും പരിദേവനങ്ങളിലും കഴമ്പില്ല.
നന്നായി എഴുതി.
Thank you, Seby Joseph
🙏