അമ്മായി വെള്ളസാരി ഉടുക്കാറുള്ളു.
ഉത്സവത്തിനും നൂലുകെട്ടിനും
അമ്മായി വന്നിരുന്നില്ല.
വിധവ പെൻഷനും ജോലിയും നേടിയ അമ്മായിയെ
വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോഴും
സാരിയിൽ വർണ്ണങ്ങൾ ചാലിച്ചിരുന്നില്ല.
സഞ്ചിയിൽ നിറഞ്ഞ പലഹാരങ്ങൾക്ക്
മക്കൾ നൽകി വെള്ളസാരിക്കൊരുമ്മ.
അവളുടെ പട്ടുസാരി നന്നായിട്ടുണ്ടെന്ന്
പറഞ്ഞെങ്കിലുമതിന്റെ
തിളക്കത്തെ അമ്മായി ഭയപ്പെട്ടിരുന്നു.
അവൾ തിരികെ വീട്ടിലെത്തി.
അടുക്കളയിലെ അഴുക്ക് പാത്രങ്ങൾ
അവളെ നോക്കി പരസ്പരം പറഞ്ഞു.
“ഈ വിധവയെന്താണ് പട്ടു സാരിയിൽ?”
പുളിച്ചു വന്ന ദോശമാവും
കലത്തിൽ നിന്നൊലിച്ചിറങ്ങിയൊപ്പം കൂടി.
ദേഷ്യത്തിൽ മുറ്റത്തിറങ്ങിയപ്പോൾ
അനുവാദമില്ലാതെ വളർന്ന പുൽച്ചെടികളും
വെള്ളത്തിൽ ശ്വാസം കിട്ടാതെ കിടക്കുന്ന
തുണികളുമവളെ നോക്കി പരിഹസിച്ചു.
“ഭർത്താവില്ലാത്തവൾക്ക്
ആടയാഭരണങ്ങളോ?”
കുപിതയായവൾ തുണികളെ രക്ഷിക്കാതെ
ദോശമാവിന് തക്ക ശിക്ഷ നൽകി
ചൂടിൽ വേവിച്ച് മേശയിൽ പ്രതിഷ്ഠിച്ചു.
കുട്ടികളുമച്ഛനെ തിരഞ്ഞപ്പോൾ
ഫോണിൽ അയാളുടെ കുടുംബചിത്രം
സ്റ്റാറ്റസ് കണ്ടവൾ കിറി കോടിച്ചു.
അതായെത്തിയല്ലോ അച്ഛൻ.
പൊള്ളി നീറിയ ദോശയും
അവളുടെ ഭർത്താവിനെ കണ്ട്
അവനിൽ മരണമടഞ്ഞു.
അയാളുടെ വിരലുകൾ
സാമ്പാറിലൂർന്നപ്പോൾ
പാത്രവും അയാളുടെ സാമിപ്യം തിരിച്ചറിഞ്ഞു.
മുറ്റത്തെ പുൽക്കൊടികൾ
അയാളുടെ കാൽസ്പർശനമേറ്റപ്പോൾ
ബക്കറ്റിലെ തുണികൾ
അയാളെയെത്തി നോക്കി ഒരു നോക്ക് കണ്ടു.
അയാൾ കയ്യും മുഖവും കഴുകി
ഹെഡ്സെറ്റ് ചെവിയോടമർത്തി
വീണ്ടും അപ്രത്യക്ഷനായി.
അപ്പോഴും ആരൊക്കെയോ
അയാളുടെ സ്റ്റാറ്റസിന് ലൈക്കും കമെന്റും
അമർത്തിക്കൊണ്ടിരുന്നു.
Post Views: 33


5 Comments
നന്നായെഴുതി🌹👍
♥️👌🌹
👍👏
👏👌❤️
❣️❣️❣️