രാത്രി ഏറെ വൈകിയിട്ടും അവൾക്ക് ഉറക്കം വന്നില്ല. കാലിൻ്റെ തുടയുടെ താഴെ ഭയങ്കരമായ നീറ്റൽ, അതിലുപരി മനസ്സിൻ്റെ നീറ്റൽ ആണ് അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.
നാളെ മുതൽ തനിക്ക് കോളേജിൽ പോകാൻ പറ്റില്ല എന്ന യാഥാർഥ്യം, അവൾക്ക് സഹിക്കാൻ പറ്റാത്തത് ആയിരുന്നു. ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണ് താൻ. തന്നെ കണ്ടില്ല എങ്കിൽ എല്ലാവരും അന്വേഷിക്കും. ഓർത്തിട്ട് അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി, തലയിണ കുതിർന്നു. ഉറക്കം കിട്ടാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മുറിക്ക് പുറത്ത് പപ്പയുടെയും അമ്മയുടെയും ഉച്ചത്തിലുള്ള സംസാരം കേട്ടാണ് പിന്നെ അവൾ ഞെട്ടി ഉണർന്നത്. പുലരാൻ നേരത്ത് എപ്പോഴോ ഒന്ന് മയങ്ങി പോയതാണ്. ആരെയും കാണാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് മുറിക്ക് പുറത്തിറങ്ങാതെ അവൾ അവിടെ തന്നെ ചുരുണ്ട് കൂടി കിടന്നു.
ഇന്ന് താൻ പോകുന്ന ബസ്സിൽ തന്നെ കാണാതെ അയാൾ വിഷമിക്കും എന്നോർത്തപ്പോൾ അവളുടെ ഉള്ളു പിടഞ്ഞു.
രണ്ട് മാസങ്ങൾക്ക് മുൻപാണ് അവൾ ആദ്യമായി അവനെ കാണുന്നത്. കോളേജിലേക്ക് ഉള്ള യാത്രയിൽ ഒരു ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കുറച്ചു ദൂരെ ആയി ഒരു തയ്യൽ കടയിൽ ഇരുന്നു ഒരു ചെറുപ്പക്കാരൻ തന്നെ തുറിച്ചു നോക്കുന്നു. അവളുടെ കണ്ണുകൾ പെട്ടെന്ന് അയാളിൽ ഉടക്കി. അയാൾ തന്നെ തന്നെയാണോ നോക്കുന്നത് എന്ന് ഉറപ്പു വരുത്താൻ തുടങ്ങുമ്പോഴേക്കും ബസ് വിട്ടു. പിറ്റെ ദിവസം അവിടെ ബസ് നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ അയാളെ തിരക്കി. അവൾ പ്രതീക്ഷിച്ചത് പോലെ അയാൾ അവിടെയുണ്ട്. തന്നെ തുറിച്ചു നോക്കി നിൽക്കുന്നു. ഒരു മിനിറ്റിൽ താഴെയുള്ള ഒരു കണ്ടുമുട്ടൽ. അത് പിന്നെ ദിനചര്യ പോലെ ആയി.
ഒരു ദിവസം ബസ്, ആ സ്റ്റോപ്പിൽ എത്തിയപ്പോൾ അയാളെ കണ്ടില്ല, അവൾക്ക് നിരാശത്തോന്നി, കാരണം അന്നു വെള്ളിയാഴ്ച ആണ്. ഇനി ശനിയും ഞായറും കഴിഞ്ഞേ അയാളെ കാണാൻ പറ്റു. അയാളുടെ പേര് എന്തായിരിക്കും?. ആ തയ്യൽക്കടയിൽ അയാൾക്ക് എന്താണ് ജോലി? മറ്റൊരാൾ അതിനുള്ളിൽ ഇരുന്നു തയ്ക്കുന്നത് അവൾ കണ്ടിട്ടുണ്ട്. അങ്ങനെ പല ചിന്തകളിലും മുഴുകിയിരിക്കെ കോളേജിൻ്റെ സ്റ്റോപ്പ് എത്തിയത് അവൾ അറിഞ്ഞില്ല. വണ്ടിയിൽ നിന്നും ഇറങ്ങി, അര കിലോമീറ്ററോളം നടന്നാലേ കോളേജ് എത്തൂ.
പൊതുവേ അന്തർമുഖി ആയ അവൾ ആരും തന്നെ നോക്കാതിരിക്കാൻ കുട മെല്ലെ നിവർത്തി, തലയും കുമ്പിട്ടു നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം, തന്നെ ആരോ വിളിക്കുന്നത് പോലെ, മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ, അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, താൻ എന്നും കാണുന്ന ചെറുപ്പക്കാരൻ.
“ഞാൻ തൻ്റെ ബസിൽ ഉണ്ടായിരുന്നു. ഒന്നു പരിചയപ്പെടണം എന്ന് തോന്നി. എന്താ പേര് ?” അവൻ ചോദിച്ചു.
വല്ലാത്ത ഒരു ഭയം അവളിൽ നിറഞ്ഞു, കാരണം ആരെങ്കിലും കണ്ടാൽ? വീട്ടിൽ അറിഞ്ഞാൽ പിന്നെ എല്ലാം തീർന്നു.
“എന്താ മിണ്ടാത്തത്? ഞാൻ ഷാജി. എൻ്റെ കൂട്ടുകാരൻ്റെ കടയാണ് അത്. വെറുതെ അവനെ കാണാൻ അവിടെ വരുന്നതാണ്. ഞാൻ ഒരു ജോലി ശരി ആക്കി ഗൾഫിൽ പോകാൻ ഉള്ള ശ്രമത്തിൽ ആണ്”. അയാൾ തന്നെ ഒന്നു പരിചയപ്പെടുത്തി.
കോളേജിലേക്ക് അയാളും അവളോടൊപ്പം നടന്നു.
പിന്നെയും പല കാര്യങ്ങളും അയാൾ പറഞ്ഞു കൊണ്ടിരുന്നു. എങ്കിലും ഉള്ളിലെ ഭയം നിമിത്തം ഒന്നും അവൾക്ക് മനസ്സിലായില്ല. കോളേജ് വരെ അവളെ അനുഗമിച്ചശേഷം, ഇനിയും കാണാം എന്ന് പറഞ്ഞു അയാൾ തിരിച്ചു പോയി.
അന്ന് അവൾക്ക് ക്ലാസിൽ ശ്രദ്ധിക്കാൻ തോന്നിയില്ല, മനസ്സുമുഴുവൻ ആ ചെറുപ്പക്കാരനായിരുന്നു. ദൂരെ നിന്നും ബസ്സിൽ ഇരുന്നു കാണുമ്പോൾ അത്ര വ്യക്തമല്ലാത്ത അയാളുടെ മുഖം, അടുത്ത് വന്നു കണ്ടപ്പോൾ അവൾക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല കട്ടി മീശയും, സുന്ദരമായ വട്ടമുഖവും. ക്ലാസിൽ ഇരുന്നപ്പോൾ അയാളുടെ മുഖം തന്നെ മനസ്സിൽ തെളിഞ്ഞു വന്നു.
വീണ്ടും പിറ്റേദിവസവും പഴയപോലെ ബസ്സിൽ ഇരുന്നു അയാളെ അവൾ കണ്ടു. അന്നു ആദ്യമായി അവൾ അയാളെ നോക്കി ചിരിച്ചു.
ഒരാഴ്ചക്ക് ശേഷം കോളേജ് അഡ്രസിൽ അവൾക്കൊരു ലെറ്റർ വന്നു. തനിക്ക് കത്തെഴുതാൻ ആരും തന്നെയില്ല. അതുകൊണ്ട് ഭയത്തോടും വിറയലോടും കൂടി ആണ് അവൾ അതു കൈപ്പറ്റിയത്. പേര് വയ്ക്കാതെ അയച്ചിരിക്കുന്ന ആ കത്ത് അവിടെ വച്ച് പൊട്ടിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല.
വീട്ടിൽ വന്നു റൂമിൽ കയറി അത് പൊട്ടിച്ചു വായിച്ചു തുടങ്ങിയപ്പോഴേ അതിനിടയിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു. അവൾക്ക് ആളെ പിടികിട്ടി. അവൾ എന്നും കാണുന്ന ആള്, തന്നെ കൂടുതൽ പരിചയപ്പെടുത്തി കൊണ്ട് എഴുതിയിരിക്കുന്ന കത്താണത്. അതിൽ അയാൾ എത്ര മാത്രം അവളെ ഇഷ്ടപ്പെടുന്നുവെന്ന് അറിയിച്ചിരുന്നു. കത്ത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയം നിറഞ്ഞു. കാരണം അയാൾ ഒരു അന്യ മതസ്ഥൻ ആണെന്ന് അവൾക്ക് പിടികിട്ടി. പുരാതന ചിന്താഗതിക്കാർ ആയ തൻ്റെ വീട്ടുകാർ ഈ ബന്ധം അറിഞ്ഞാൽ എന്തും സംഭവിക്കാം എന്ന പേടി അവളെ തളർത്തി. കത്തിന് നാളെ മറുപടി കൊടുക്കണം എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.
തനിക്ക് അയാളെ ഇഷ്ടമല്ല എന്ന് എഴുതിയാൽ അത് കള്ളമാകും. കാരണം ഏതാനും ദിവസങ്ങൾ ആയി, അയാളെ ബസ്സിൽ ഇരുന്നു നോക്കി ചിരിക്കുമ്പോൾ അവാജ്യമായ ഒരു ആനന്ദം അവൾ അനുഭവിച്ചിരുന്നു. സെക്കൻഡുകൾ മാത്രമുള്ള ആ കണ്ടുമുട്ടൽ അവളുടെ ഏകാന്തയും, വിരസതയും നിറഞ്ഞ കൗമാരത്തിന് നൽകിയിരുന്ന സന്തോഷം ചെറുതൊന്നും ആയിരുന്നില്ല.
അന്ന് രാത്രി എല്ലാവരും ഉറക്കം ആയപ്പോൾ അവൾ, കത്തിന് മറുപടി എഴുതി. താൻ ആരെന്നും, തൻ്റെ വീട്ടുകാരെ കുറിച്ചും, ഈ ബന്ധം മുന്നോട്ട് കൊണ്ടുപോയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കും എന്നും അവൾ അതിൽ വ്യക്തമായി എഴുതി. തൻ്റെ വീട്ടുകാരെ ധിക്കരിച്ചു ഒന്നും ചെയ്യാൻ തനിക്ക് സാധിക്കില്ല എന്നും, അതുകൊണ്ട് ഈ സൗഹൃദം തുടരുന്നത് രണ്ടു പേർക്കും ആപത്ത് ആണെന്ന് അവൾ വ്യക്തമാക്കി.
പിറ്റെ ദിവസം വളരെയധികം മനോ വിഷമത്തോടെ ആണ് അവൾ കോളേജിലേക്ക് പോയത്. അവന് കൊടുക്കാനുള്ള കത്ത് ഭദ്രമായി ബാഗിൽ വച്ചു, ബസ് സ്റ്റോപ്പ്, വീട്ടിൽ നിന്നും കുറെ ദൂരെയാണ്. തലേദിവസം അവൾക്ക് ഉറങ്ങാനേ കഴിഞ്ഞിട്ടില്ല, ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് വേഗത ഇല്ലാത്ത പോലെ അവൾക്ക് തോന്നി. സ്റ്റോപ്പ് എത്താറായപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്, വഴിയിൽ തന്നെയും കാത്തു, ഇന്നലെ തന്ന കത്തിൻ്റെ മറുപടിക്കായി അയാൾ നിൽക്കുന്നു. അത് അവൾ ഒട്ടും പ്രതീക്ഷിച്ചില്ല, നാട്ടിൽ അറിയപ്പെടുന്ന ഒരു കുടുംബം ആണ് തൻ്റേത്. താൻ ആരോട് മിണ്ടിയാലും, അത് ഞൊടി ഇടയിൽ വീട്ടിൽ അറിയും. കാരണം 18 വയസ് കഴിഞ്ഞ ഒരു പെൺകുട്ടി നടന്നു പോകുമ്പോൾ അവളെ ശ്രദ്ധിക്കാൻ, നാട്ടിലെ ചെറുപ്പക്കാർ തുടങ്ങി, അമ്മാവന്മാർ വരെ ഉണ്ടാകും, കൂടാതെ വഴി അരികിൽ, പൈപ്പിൽ ചുവട്ടിൽ നിന്നും വെള്ളം പിടിക്കുന്ന പെണ്ണുങ്ങൾ വേറെയും.
എനിക്ക് കുറച്ചു ക്ഷമ കുറവാണ്, തൻ്റെ മറുപടി എത്രയും വേഗം അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഇവിടെ വന്നത്. അയാള് പറഞ്ഞു മുഴുവിക്കും മുൻപ് അവൾ ബാഗിൽ നിന്നും കത്ത് എടുത്തു നീട്ടി. അത് വാങ്ങി പോക്കറ്റിൽ വച്ച് അയാൾ അവളോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു.
പലരും തങ്ങളെ നോക്കുന്നുണ്ടെന്ന് അവൾ ഭയപ്പാടോടെ കണ്ടു്. അയാളോട് ഒന്നും മിണ്ടാതെ അവൾ ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു.
അന്ന് തിരിച്ചു വീട്ടിൽ എത്തുമ്പോൾ പപ്പയും അമ്മയും ഉമ്മറപ്പടിയിൽ ഗൗരവമായി എന്തോ ചർച്ച ചെയ്യുന്നത് ദൂരെ വച്ചു തന്നെ അവൾ കണ്ടു്. അവർ എന്തെങ്കിലും അറിഞ്ഞു കാണുമോ എന്ന ഭയം അവളിൽ നിറഞ്ഞു. ഉമ്മറത്ത് എത്തിയപ്പോൾ അവൾ ഒളികണ്ണിട്ടു അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് കണ്ട അസാധാരണമായ ഗൗരവം അവളുടെ സമാധാനം കെടുത്തി. ഒന്നും മിണ്ടാതെ അവൾ നേരെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.
അല്പ സമയം കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം.
“എടി നീ ഒന്നു പുറത്ത് വന്നേ, ഒരു കാര്യം ചോദിക്കാൻ ഉണ്ട്”. മൂത്ത ചേട്ടൻ്റെ സ്വരം ആയിരുന്നു അത്.
അവൾക്ക് എല്ലാം പിടി കിട്ടി. ഇന്ന് തൻ്റെ കൂടെ കണ്ട ചെറുക്കനെ കുറിച്ച് ആരോ വീട്ടിൽ അറിയിച്ചിരിക്കുന്നു.
താൻ വലിയ തെറ്റൊന്നും ചെയ്തിട്ടില്ല, തൻ്റെ പുറകെ ഒരു ചെറുപ്പക്കാരൻ രണ്ടു തവണ വന്നു സംസാരിച്ചു. അത്രയല്ലേ ഉള്ളു. ധൈര്യം സംഭരിച്ചു അവൾ വാതിൽ തുറന്നു. നിൻ്റെ ബാഗ് ഒന്നു എടുക്കു, വാതിൽ തുറന്ന പാടെ ചേട്ടൻ മുറിയിലേക്ക് ഇരച്ചു കയറി അവളുടെ ബാഗ് എടുത്തു. പുസ്തകങ്ങൾ വാരി വലിച്ചു പുറത്തിട്ട്, എന്തോ തപ്പുന്നു. കീഴടങ്ങിയ ഒരു കുറ്റവാളിയെ പോലെ അവൾ ഒന്നും മിണ്ടാതെ മാറി നിന്നു. അപ്പോഴേക്കും അമ്മയും ചേട്ടനെ സഹായിക്കാൻ എത്തി. അധികം കഴിയും മുമ്പേ അവർ ആ കത്തും, അതിനുള്ളിലെ ഫോട്ടോയും പുറത്തെടുത്തു.
“ഇവൻ നിൻ്റെ ആരാ? എത്ര നാളായി ഇത് തുടങ്ങിയിട്ട്, നീ പഠിക്കാനാണോ, പ്രേമിക്കാനാണോ കോളേജിൽ പോകുന്നത്” തുടരെ തുടരെയുള്ള ചോദ്യങ്ങൾക്ക് അവൾക്ക് കൊടുക്കാൻ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ചേട്ടൻ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചു കൊണ്ട്, നേരത്തെ വെട്ടി തയ്യാറാക്കി വച്ചിരുന്ന പരുത്തി വടി കൊണ്ട് അവളുടെ രണ്ടു കാലുകളിലും ആഞ്ഞു അടിച്ചു. വേദന കൊണ്ട് അവൾ അലറി കരഞ്ഞു.
“നീ ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അവനെ ഞങ്ങൾ ശരി ആക്കും”
അടിക്കുന്നതിനിടയിൽ ചേട്ടൻ പുലമ്പുന്നത് കേട്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല, അയാളെ ഒന്നും ചെയ്യരുത്, അയാള് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞു അവൾ ചേട്ടൻ്റെ കാലു പിടിച്ചു കരഞ്ഞു.
“എങ്കിൽ നാളെ മുതൽ നീ പഠിക്കാൻ പോകണ്ട”. ഹൃദയം പൊട്ടുന്ന വേദനയോടെ അവൾ അത് അംഗീകരിച്ചു. അപ്പോൾ മാത്രം ആണ് ചേട്ടൻ്റെ കലി അടങ്ങിയത്. യുദ്ധം ജയിച്ച സന്തോഷത്തോടെ അത് വരെ ആക്രോശിച്ചു കൊണ്ടിരുന്ന പപ്പയും അമ്മയും ചേട്ടനും ശാന്തരായി.
വാതിലിൽ ആഞ്ഞു മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ ചിന്തയിൽ നിന്നു ഉണർന്നത്. ഇന്നലത്തെ യുദ്ധം കഴിഞ്ഞപ്പോൾ താൻ റൂമിൽ കയറി വാതിൽ അടച്ചതാണ്. രാത്രി ഒന്നും കഴിച്ചിട്ടില്ല. ശരീരം മുഴുവൻ വേദനിക്കുന്നു. കാലു മുഴുവൻ അടിയേറ്റ് ചോര പൊടിഞ്ഞ ചുവന്ന പാടുകൾ ഉണ്ട്. അവൾ മെല്ലെ എഴുന്നേറ്റു വാതിൽ തുറന്നു.
“വല്ലതും എടുത്തു കഴിക്കൂ, എന്നിട്ട് റെഡി ആയിക്കോ, കുറച്ചു ദിവസം ആൻ്റിയുടെ വീട്ടിൽ പോയി നിന്നോ. അപ്പോൾ വിഷമം ഒക്കെ മാറിക്കൊള്ളും”
കാർമേഘം മൂടിയ മുഖവുമായി അമ്മ പറഞ്ഞു. തൻ്റെ വിഷമം മാറാൻ അല്ല, തന്നെ അവൻ വന്നു വിളിച്ചുകൊണ്ട് പോകുമോ എന്ന ഭയം മൂലം നാട് കടത്തുന്നതാണ് എന്ന് അവൾക്ക് മനസ്സിലായി. ഒന്നും മിണ്ടാതെ മരവിച്ച മനസ്സും ശരീരവും ആയി അവൾ അടുക്കളയിലേക്ക് നടന്നു. അപ്പോഴും അവളെ അടിക്കാൻ ഉപയോഗിച്ച പരുത്തി വടി ഒരു അനാഥ പ്രേതം പോലെ അവിടെ കിടപ്പുണ്ടായിരുന്നു.
ജാനറ്റ് ജെൻസൺ


12 Comments
❤️❤️👌
നല്ല കഥ. ഇഷ്ടപ്പെട്ടു.❤️❤️
/❤️🌹👌
നല്ല രചന👌
നല്ല കഥ 👌
❤️❤️
നല്ലെഴുത്ത്. 👌
ഇങ്ങനെ പഠനം നിർത്തേണ്ടി വന്ന പലരേയും കണ്ടിട്ടുണ്ട്.
ഇഷ്ടമായി♥️♥️♥️
❤️❤️❤️
Well written
❤️❤️❤️
നല്ല കഥ ❣️❣️❣️
❤️❤️❤️