വള്ളത്തോളും ഇന്ദിരാഗാന്ധിയും
അന്നൊരു ബുധനാഴ്ചയായിരുന്നു. ഞാൻ ഏഴാം ക്ലാസിൽ പഠിച്ചിരുന്നകാലം. രണ്ടാം പീരിയഡ് മലയാളമാണ്. പ്രിയപ്പെട്ട ത്രേസ്യാമ്മ ടീച്ചറുടെ ക്ലാസ്. 19 ആം പാഠമായ വള്ളത്തോളിന്റെ ‘ഒരരിപ്പിറാവ്’ എന്ന പദ്യമാണ് അന്ന് ടീച്ചർ പഠിപ്പിക്കുന്നത്.
‘ പുലർകാലമെനിക്കു പുണ്യമി –
ന്നുജ്ജ്വലതേജസ്സെഴുമോമനപ്പിറാവേ
ഉലകിൽ പ്രിയദർശനൻ ഭവാനെൻ നിലയോപാന്തമലങ്കരിച്ചുവല്ലോ..’
ഇതാണ് കവിതയുടെ തുടക്കം. ടീച്ചർ ഈ ഭാഗം വായിച്ചു. എന്നിട്ട് വർണ്ണിച്ചുതുടങ്ങി. മൂന്നാമത്തെ വരി എത്തിയപ്പോഴേക്കും വർണ്ണന അരിപ്പിറാവിൽനിന്നുവിട്ട് മറ്റൊരു ‘പ്രിയദർശിനി’യിലേക്കുമാറി.
ടീച്ചറുടെ ചെറുപ്പത്തിൽ എപ്പോഴോ ഈ പ്രിയദർശിനി ചങ്ങനാശേരിയിൽ വന്നിരുന്നുവെന്നും ദൂരെ നിന്ന് ആ സൗന്ദര്യധാമത്തെ കണ്ണു പറിക്കാതെ നോക്കിനിന്നു എന്നും മറ്റും പറയുമ്പോൾ ടീച്ചർക്ക് ഒരു പ്രത്യേക ആവേശമായിരുന്നു. അത്രയും സുന്ദരമായ ഒരു മുഖം ടീച്ചർ പിന്നീട് കണ്ടിട്ടില്ലത്രേ. അവർ ഒരു നടിയോ മോഡലോ ഒന്നുമായിരുന്നില്ല; ഇന്ദിരാഗാന്ധി എന്ന് പിന്നീട് വിളിക്കപ്പെട്ട നെഹ്റുവിന്റെയും കമലയുടെയും പ്രിയ മകൾ ഇന്ദിര പ്രിയദർശിനി ആയിരുന്നു. കഥ ഇവിടെ തീരുന്നില്ല. അല്ല, ഈ കഥ ഇവിടെയാണ് തുടങ്ങുന്നത്!
മലയാളം പീരിയഡ് കഴിഞ്ഞു. മൂന്നാം പീരിയഡും കഴിയുമ്പോഴാണ് ഞങ്ങളുടെ ഹൈസ്കൂൾ അധ്യാപകനായ ജോസച്ചൻ ഞെളിപിരികൊണ്ട് വരാന്തയിലൂടെ ലക്ഷ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പായുന്നത് ഞങ്ങൾ കാണുന്നത്. മുഖം ദുഃഖം കൊണ്ട് എന്നപോലെ ചുവന്നിട്ടുണ്ട്. ഒരുവടിത്തുമ്പിൽ സ്കൂൾ മുഴുവൻ നിശബ്ദമാക്കുന്ന ആളാണ്. ഇന്നു പക്ഷേ ഒരു ശബ്ദവും അച്ഛൻ കേൾക്കുന്നതായി തോന്നിയില്ല! പതിയെ പതിയെ ടീച്ചേഴ്സ് മുഴുവൻ ആ വെപ്രാളത്തിലും സങ്കടത്തിലും പങ്കുപറ്റുന്നതായിത്തോന്നി. ആരും പഠിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നില്ല.
ഉച്ചകഴിഞ്ഞപ്പോഴേക്കും ചിത്രം ഏതാണ്ട് വ്യക്തമായി. ഇന്ദിരാഗാന്ധിക്ക് വെടിയേറ്റിയിരിക്കുന്നു. ഒന്നല്ല 33 തവണ! ഇപ്പോൾ ആശുപത്രിയിൽ റിവൈവലിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് രണ്ടരയോടെ സ്കൂൾ വിട്ടു. ഞങ്ങൾ കുട്ടികൾക്കൊന്നും ഇന്ത്യൻ പ്രധാനമന്ത്രി-ഇന്ദിരാഗാന്ധി എന്ന് തത്ത പറയുംപോലെ പഠിച്ച പരിചയമല്ലാതെ ഇന്ദിരാഗാന്ധിയുമായി ഒരു ബന്ധവും ഇല്ലായിരുന്നു. എന്നിട്ടും എന്തുകൊണ്ടോ കുട്ടികൾ ഒന്നടങ്കം അന്ന് നിശബ്ദരായി. പിറ്റേ ദിവസത്തെ അവധി പോലും ആരെയും ആവേശം കൊള്ളിച്ചില്ല!
രാവിലെ 9:20ന് അംഗരക്ഷകരായിരുന്ന ബിയന്ത് സിംഗ് ആദ്യവും സത് വന്ത് സിംഗ് രണ്ടാമതുമായി ഇരുവരും ചേർന്നാണ് ഇന്ദിരയ്ക്ക് നേരെ നിറയൊഴിച്ചത്. നിലത്തുവീണ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ സമീപത്തായി അവരും ആയുധം വെച്ച് കീഴടങ്ങി.
‘ ഞങ്ങളോട് പറഞ്ഞത് ഞങ്ങൾ ചെയ്തു. ഇനി നിങ്ങൾക്ക് വേണ്ടത് ചെയ്തുകൊള്ളുക’ അതായിരുന്നു അവരുടെ ആദ്യ പ്രതികരണം; ബിയന്ത് സിംഗിന്റെ അവസാനത്തേതും! കാരണം അയാളെ അപ്പോൾ തന്നെ ബോർഡർ പോലീസ് വെടിവെച്ച് കൊന്നിരുന്നു.
വെടികൊണ്ടു പത്തുമണിക്കൂറുകൾക്കുശേഷമാണ് ഇന്ദിരയുടെ മരണം ദൂരദർശനിലൂടെയും ആകാശവാണിയിലൂടെയും അനൗൺസ് ചെയ്യപ്പെട്ടത്. ഏതാണ്ട് നാലുമണിക്കൂർ നേരം ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ മെഡിക്കൽ സംഘം ഇന്ദിരാഗാന്ധിയുടെ ജീവൻ നിലനിർത്താൻ പൊരുതി. O നെഗറ്റീവ് ആയിരുന്നു അവരുടെ ബ്ലഡ് ഗ്രൂപ്പ്. 80 കുപ്പിയോളം രക്തം അന്ന് അരിപ്പ പോലെ തുളഞ്ഞ ആ ശരീരത്തിൽ കയറ്റി എന്നാണ് പിറ്റേന്നത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. പക്ഷേ… സംഭവിക്കേണ്ടത് സംഭവിച്ചു. ദിവസങ്ങൾക്കു മുൻപ് ഒറീസയിലെ ഭുവനേശ്വറിൽ വച്ച് ‘എന്റെ അവസാനത്തുള്ളി രക്തവും ഭാരത മണ്ണിന്’ എന്ന് അവർ പ്രഖ്യാപിച്ചത് അക്ഷരാർത്ഥത്തിൽ സത്യമാവുകയായിരുന്നു.
ഞാനന്ന് കേവലം 11 വയസ്സുള്ള കുട്ടിയാണ്. അതുകൊണ്ടുതന്നെ പൊട്ടിക്കരയുവാനുംമാത്രം ആത്മബന്ധം അന്നെനിക്ക് ഇന്ദിരാഗാന്ധിയുമായി ഇല്ലായിരുന്നു. പക്ഷേ, എനിക്ക് ചുറ്റും കക്ഷിഭേദമെന്യേ മുതിർന്നവർ കരയുകയായിരുന്നു. എല്ലാ വിയോജിപ്പുകൾക്കിടയിലും അവർ ഇന്ത്യയെ ഒന്നിച്ചുനിർത്തുന്ന ഒരു ശക്തിയായിരുന്നു. ഒരു രാഷ്ട്രീയ ഭിന്നതകൾക്കും വിയോജിപ്പുകൾക്കും താഴെത്തട്ടിൽ ഉള്ള സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അവരുടെ നേർക്കുള്ള സ്നേഹത്തെ, വാൽസല്യത്തെ, ആത്മബന്ധത്തെ തൊടാനായില്ല.

ഏഴു ദിവസത്തെ ദുഖാചരണമാണ് ഇന്ദിരയുടെ വധത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചത്, അതോ 12 ദിവസത്തെയോ? ദേശീയ മാധ്യമങ്ങൾ ഒരേ ഉപകരണ സംഗീതം തുടർച്ചയായി സംപ്രേക്ഷണം ചെയ്തു. വാർത്തകൾക്കു വേണ്ടി മാത്രമായിരുന്നു ആ സംഗീതത്തിന് ഇടവേളകളുണ്ടായത്. ഗ്രാമ ഗ്രാമാന്തരങ്ങളിൽ സർവ്വമത പ്രാർത്ഥനകൾ നടന്നു. പ്രകൃതി പോലും മൂകമായി ആ പ്രാർത്ഥനകളിൽ സംബന്ധിച്ചു. അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ പ്രാർത്ഥനനടന്ന നേരത്താണ് കോളാമ്പിയിലൂടെ ‘നീയെന്റെ പ്രാർത്ഥന കേട്ടു…’ എന്ന പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത്!
അങ്ങനെ 1984ലെ ആ കറുത്ത ബുധനാഴ്ചയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ തുടങ്ങുന്നതും അവസാനിക്കുന്നതും ഓരോ പാട്ടുശകലങ്ങളിലാണ്. ‘ഒരരിപിറാവി’ൽ തുടങ്ങി ‘പ്രാർത്ഥന’യിൽ അവസാനിക്കുന്ന ഓർമ്മകൾ.
എന്റെ ബാല്യകാലനിഷ്കളങ്കതയിൽ ഞാൻ സ്നേഹിച്ച എന്റെ പ്രധാനമന്ത്രിയുടെ ഓർമ്മകൾക്കു മുൻപിൽ കൂപ്പുകൈയോടെ പ്രണാമം 🙏
NB :ശീർഷകം സൂചിപ്പിക്കുന്നതുപോലെ വള്ളത്തോളും ഇന്ദിരയുമായി നേരിട്ട് ബന്ധങ്ങൾ ഒന്നുമില്ല.വള്ളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലത്തിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യാൻ കേരളത്തിൽ എത്തിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആയിരുന്നു 1980ൽ. ഇതുമാത്രമാണ് അവർ തമ്മിൽ ഉള്ള ബന്ധമെന്ന് ആകെ പറയാവുന്നത്.
#October31
#IndiraGandhiassassination
#IndiraGandhi


3 Comments
❣️❣️
ഞാനും വിദ്യാർത്ഥിനിയായിരുന്ന വർഷത്തിലാണ് ഇന്ദിരാഗാന്ധിയുടെ ദാരുണമായ വേർപ്പാട്. സംരക്ഷിക്കേണ്ടവർ ഇരയാക്കുമ്പോൾ എന്താവും അവർ ചിന്തിച്ചത് എന്ന് ഞാനോർക്കാറുണ്ട്. നല്ല ഓർമക്കുറിപ്പ്. 👍👏🙏
ഡൽഹിയിൽ പോയപ്പോൾ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീണ് സ്ഥലത്തു പോയിരുന്നു. ഇന്നതൊരു മ്യൂസിയമാണ്.
ഏറ്റവും പ്രിയങ്കരിയായിരുന്ന നേതാവിൻ്റെ മരണം ഇന്നും നടുക്കുന്നൊരോർമ്മയാണ്. 🙏അതുപോലെ തന്നെയാണ് രാജീവ് ഗാന്ധിയുടേതും🙏