കേരളം പിറക്കുമ്പോൾ അറ്റവും മൂലയും പൊളിഞ്ഞൊരു തഴപ്പായിൽ പേറ്റുനോവിൽ പിളരുകയായിരുന്നു ചെല്ലമ്മ.
വേദനയുടെ പരകോടിയിൽ ഞെരിയുമ്പോൾ, പരമുക്കൊച്ചാട്ടൻ ഇനിയിപ്പോ എന്തോ പറഞ്ഞോണ്ടു വന്നാലും ശരി താനിനി പെറത്തില്ലെന്നവർ ആണയിട്ടു ചാപിള്ളയായിട്ടു പൊറത്തു വന്ന രണ്ടാമത്തെ കൊച്ചും രണ്ടാം വയസ്സേൽ തുറ്റലു വന്നു ചത്ത വാവച്ചനുമായിട്ടിതിപ്പോ അറാമത്തെ പേറാ. പാറോതി കണിയാത്തി പാണലിൻ്റേം, കൊടീടേം ഒരു പിടി എലയെടുത്ത് വയറ്റത്തോട്ടു വെച്ചൊരുഴിയലും മിണ്ടാതെ കെടക്ക് കൊച്ചേന്നൊരു പറച്ചിലും, പള്ളേടെ വശം പിടിച്ചു താഴോട്ടമർത്തലും ഒന്നിച്ചു കഴിഞ്ഞു. നെറുകന്തലേന്ന് കീപ്പോട്ട് തീപ്പന്തം പോലെ പാഞ്ഞൊരു നോവിൻ്റെ കെതപ്പിൽ രണ്ടും രണ്ടു പാത്രമായി! സോമനേം ചന്ദ്രനേം പുരുഷൂനേം ചത്തുപോയതുങ്ങളേം പെറ്റപ്പോ തോന്നാഞ്ഞത്ര പ്രാണവേദന കൊടുത്തോണ്ട് പഞ്ചമി പെറന്നു, കേരളത്തിനൊപ്പം
കാംഗ്രസ്കാരനായ പരമു മകൾക്കിടാൻ വെച്ച പേര്’ഇന്ദിര’ എന്നായിരുന്നു. കമ്മൂണിസ്റ്റ് ചെല്ലമ്മ അതെങ്ങനെ സഹിക്കും. മലയാളം വാദ്ധ്യാരും പണിക്കുറ്റം തീർന്ന കമ്മൂണിസ്റ്റുമായ സുഗതൻ സാറാണ് തകഴി എന്നൊരാളെഴുതിയ പൊസ്തകത്തിലെ പഞ്ചമിയെന്ന പേരു പറഞ്ഞത്. പാവത്തുങ്ങടെ കഥയാ അങ്ങേരെഴുതുന്നേന്നു കേട്ടേപ്പിന്നെ ഒന്നും ചിന്തിച്ചില്ല.
തൊട്ടടുത്ത കൊല്ലം ചെല്ലമ്മേടെ കൺകണ്ട ദൈവം, ഇ. എം. എസ് ഭരിക്കാൻ കേറിയേതറിഞ്ഞ് എൻ്റെ കൊച്ചിൻ്റെ ഭാഗ്യം! എന്നു പറഞ്ഞയാൾ വിമോചന സമരം ആ സ്വപ്നം തകർത്തപ്പോ പറഞ്ഞത് കാംഗ്രസ്സിൻ്റെം വേറേ ഓരോ കാലമ്മാരുടേം ഒത്തുകളിയെന്ന്. എന്തു കളിയാന്നേലും കഞ്ഞി തെളയ്ക്കണമെങ്കി കയറു പിരിക്കെറങ്ങണം. അങ്ങനെ തൊടയിടുക്കിലെ നീറ്റലൊന്നടങ്ങിയ പാടേ, പൊടിക്കൊച്ചിനെ പുരുഷൂനെ ഏപ്പിച്ചുംമെച്ച് ചേറ് കൊളത്തേലോട്ടങ്ങെറങ്ങി തൊണ്ടു കുത്തിത്താത്തുന്ന പണി തൊടങ്ങി. നല്ലോണം ചീഞ്ഞാലേ തല്ലാനെളുപ്പവൊള്ളൂ. തല്ലി പതം വരുത്തിയേച്ചും വേണം ചകിരി പിച്ചി, പിന്നെ താറ്റി മിനുങ്ങന്ന നാരാക്കി മടിക്കുത്തേ വാരി വെച്ച് റാട്ടേ കേറ്റാൻ. ആഴ്ചേല് അഞ്ചെട്ടു മുടിക്കയറേലും കയറ്റുകാരൻ വരുമ്പോ കൊടുത്താലേ കൊച്ചുങ്ങളെ പഷ്ണിക്കിടാതെ പെലരാമ്പറ്റൂ. പരമൂന് കണ്ടത്തീന്നു കിട്ടുന്നതു കൊണ്ടൊന്നും മുഴുക്കത്തില്ല. ങാ, സാരവില്ല. ഞങ്ങടെ ഇ. എം എസ് ഒന്നൂടെ വന്നോട്ടെ. അഞ്ചു കൊല്ലം കസേരമ്മേലൊന്നിരുന്നോട്ടെ! ചെല്ലമ്മ ആശ്വസിച്ചു.
കൊച്ചുങ്ങളു മൂന്നാവുമ്പോ നിറുത്തണമെന്ന് സർക്കാരു പറഞ്ഞത് കേട്ട് ക്യാമ്പീ പോയി കുടുമ്മത്തോട്ടൊരു ചൊമല ബക്കറ്റും കൊണ്ടുവരാഞ്ഞ പരമൂനോടൊള്ളെ പെണക്കമെല്ലാം കൊച്ചു പഞ്ചമീടെ മിടുക്കു കണ്ടപ്പം ചെല്ലമ്മ മറന്നു
ആശാൻ പള്ളിക്കൂടത്തിലെ താരമായിരുന്നു പഞ്ചമി. അക്ഷരസ്ഫുടതയും ഓർമ്മശക്തിയും പാട്ടുകൾ ഈണത്തിൽ ചൊല്ലാനുള്ള കഴിവും അവളെ പൊടിക്കുഞ്ഞാശാൻ്റെ പ്രിയ ശിഷ്യയാക്കി. പിന്നീട് സ്കൂളിലുമത് തുടർന്നു. ഭാവനാശാലിയും സരസയുമായിരുന്നു അവൾ കൂട്ടുകാർ കായലിലും തോട്ടിലുമെല്ലാം ചാടി മറിഞ്ഞും, ഊത്ത പിടിച്ചും, ചൂണ്ടയിട്ടും നടന്നപ്പോൾ പഞ്ചമി തോട്ടിറമ്പിൽ കമഴ്ന്നു കിടന്നു മാനത്തു കണ്ണിയേം പൂശാനേം കണ്ണിമ വെട്ടാതെ കണ്ടു. ഏതു മീനിനേം പിടിക്കുന്ന ചന്ദ്രണ്ണനും പിടി കൊടുക്കാത്ത മാനത്തു കണ്ണിയെ അഭിനന്ദിച്ചു. ഊത നിറത്തിൽ അയ്യം നിറയെ പൂത്തു കിടക്കുന്ന അടുമ്പിപ്പൂക്കൾ കണ്ടാനന്ദിച്ചു. മകളെ ‘മയിസ്രേട്ട് ‘ ആക്കണമെന്നായിരുന്നു ചെല്ലമ്മയുടെ മോഹം. പക്ഷേ, പഞ്ചമിയുടെ 9 -ാം ക്ലാസിലെ കൊല്ലപ്പരീക്ഷയുടെ തലേന്ന് ചെല്ലമ്മയ്ക്കൊരു ചങ്കിനു വേദന. പ്രകാശൻ വൈദ്യര് കയ്യൊഴിഞ്ഞ് താലൂക്കാശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷപെടുത്താനായില്ല
പഞ്ചമിയുടെ അടുത്ത ഘട്ടം അവിടെത്തുടങ്ങി. പരമുവിൻ്റൊപ്പം കണ്ടത്തിലെ പണിക്ക് സോമനും വയറിങ്ങ് പണിക്കു ചന്ദ്രനും പോയിത്തുടങ്ങിയിരുന്നു. മൂന്നാമൻ പുരുഷോത്തമനു മാത്രമാണ് കോളേജിൽ പോകാൻ ഭാഗ്യം കിട്ടിയത്. വീട്ടിലെ ഈ നാലാണുങ്ങളുടെ ഭക്ഷണ പ്രശ്നമാണ് പഞ്ചമിയുടെ തലവര മാറ്റിയത്. അയലത്തുകാരൊക്കെ ആദ്യമാദ്യം അരി വാർക്കാനും മീൻ വെട്ടാനുമെല്ലാം സഹായിച്ചു പതിയെ അവരുടെ പ്രാരബ്ധങ്ങളിൽ പെട്ടു പിന്മാറി. 14-ാം വയസ്സിൽ ഉള്ളതുകൊണ്ട് പരിപാലിച്ച് നാലാണുങ്ങളെ ഊട്ടിയും, വീട് വൃത്തിയാക്കിയും, വിഴുപ്പലക്കിയും, തോട്ടിറമ്പത്തെ അടുമ്പിക്കാട്ടിൽ കുഴിച്ചിട്ട സ്വപ്നങ്ങളെ മുളപ്പിക്കാൻ നിർത്താതെ പെയ്യുന്ന ഇടവപ്പാതിക്കും ഇടിച്ചു കുത്തി പെയ്യുന്ന തുലാമഴയ്ക്കും കഴിയില്ലല്ലോ എന്നോർത്തു കരഞ്ഞും നാടിൻ്റെ മാതൃകാ പുത്രിയായി.
നക്സലൈറ്റ് വർഗ്ഗീസിനെ വെടിവെച്ചു കൊന്നതാണ് ഇക്കാലത്ത് പഞ്ചമിയെ കരയിച്ച മറ്റൊരു സംഭവം. തീപ്പൊരിച്ചെല്ലമ്മയുടെ വിപ്ലവ വീര്യം മറ്റൊരു ട്രാക്കിലൂടെയാണ് അവളിലേയ്ക്കൊഴുകിയത്. തീഷ്ണതയ്ക്കു പകരം തരളതയായിരുന്നു അതിൻ്റ ജീവധാര വടക്കേതോ നാട്ടിൽ നിന്നു സഞ്ചിയും തൂക്കി വിപ്ലവം പാടി വന്ന ശശീന്ദ്രൻ മാഷ് രഹസ്യമായി നീട്ടിയ കുറിപ്പു വാങ്ങാനവളെ പ്രേരിപ്പിച്ചതും അതു തന്നെ.
“ഞാനൊരു കരിവണ്ടാണെങ്കിലും മലരേ നീ ആശിപ്പതെന്തീ എന്നെ ഞാനൊന്നു ചോദിച്ചോട്ടെ?”
എന്ന വരികൾ കണ്ണു കൊണ്ടുഴിഞ്ഞ് ഹൃദയം കൊണ്ട് വായിച്ച് കരളിൽ സംശ്ലേഷണം ചെയ്തു വന്നപ്പോഴേയ്ക്കും അവൾ അവനൊപ്പം ആലപ്പുഴയ്ക്കുള്ള അവസാന ബോട്ടിൽ പേടിച്ചും, പകച്ചും വാഗ്ദത്ത സ്വപ്നങ്ങളിൽ മുഴുകിയുമിരുന്നു കഴിഞ്ഞിരുന്നു.
സുഗതൻ സാറിൻ്റ ഇടപെടലിൽ മൂന്നാം നാൾ ഇടത്വാ പള്ളിക്കടുത്തൊരു സഖാവിൻ്റെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്നു പേരിനൊരു ചടങ്ങും നടത്തി വീട്ടിലാക്കി. ശശീന്ദ്രനും കൂടി വെച്ചു വിളമ്പാൻ അവസരം കിട്ടി എന്നതാണ് ബന്ധം കൊണ്ടുണ്ടായ നേട്ടം അച്ഛനും ആങ്ങളമാരും നാട്ടുകാരും സ്വഭാവ സർട്ടിഫിക്കറ്റ് പിൻവലിച്ചതാണ് കോട്ടം. പതിയെ വീട്ടിലെ പൊറുതി പറ്റാതായി. ശശീന്ദ്രൻ്റെ സഞ്ചിയിലെ വിപ്ലവം കലത്തിലിട്ടാൻ വേവത്തില്ലെന്ന് പഞ്ചമി തിരിച്ചറിഞ്ഞു.
ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോൾ സുഗതൻ സാറിൻ്റെ അച്ഛൻ ഭാർഗ്ഗവപ്പണിക്കർ വസ്തുക്കളെല്ലാം സാറിനും ബന്ധുക്കൾക്കും എഴുതിക്കൊടുത്തിരുന്നു. അതിൽ അഞ്ചു സെൻ്റ് സ്ഥലവും കുഞ്ഞൊരു പുരയും കൊടുത്ത് സാറവരെ അവിടെ കുടിയിരുത്തി. അതോടെ വീട്ടുകാർ പൂർണ്ണമായും കയ്യൊഴിഞ്ഞു. ജീവിതം സ്വപ്നം കൊണ്ടളക്കാനാവില്ലെന്നു മനസ്സിലാക്കി പഞ്ചമി ട്യൂഷൻ ക്ലാസ്സുകൾ തുടങ്ങി.
ശശീന്ദ്രൻ്റെ തലയിൽ കവിതകളുടെ വസന്തം തുടർന്നു. ശങ്കരക്കുറുപ്പിന് ആദ്യ ജ്ഞാനപീഠം കിട്ടിയതും, വള്ളത്തോൾ പണ്ടേ കലാമണ്ഡലം സ്ഥാപിച്ചതും, ആശാൻ ദുരാചാരങ്ങൾക്കെതിരെ എഴുതിയതും. ഉള്ളൂർ ഉല്ലേഖ ഗായകനായതും, ചങ്ങമ്പുഴ രമണനിലൂടെ കൈരളിയെ തരളിതയാക്കിയതും കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിട്ടിയതും, പാടാനായൊരു ഗന്ധർവ്വനും എഴുതാനൊരു വയലാറും ഈ മണ്ണിൽ പിറന്നതുമെല്ലാം മാഷിനെ സന്തോഷിപ്പിച്ചു. ഇതിലെല്ലാം സന്തോഷമുള്ള പഞ്ചമിക്കു പക്ഷേ പിടിപ്പതു പണിയായിരുന്നു. 19 തികയുമ്പോഴേയ്ക്കും അവൾ ശാരികയുടെ അമ്മയായി കഴിഞ്ഞിരുന്നു.
അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങൾ അവളിൽ കൂടുതൽ ഇരുൾ പടർത്തി. എന്തിനും അഭയമായ സുഗതൻ സാറും അന്തിക്കൂട്ടുകാരൻ മാഷും ജയിലിലായി. തീർത്തും ഒറ്റപ്പെട്ടെങ്കിലും രാജൻ്റെ ഉരുട്ടിക്കൊല അറിഞ്ഞു മാത്രമേ പഞ്ചമി അന്നു കരഞ്ഞിട്ടുള്ളൂ. പതിയെ കരുത്താർജ്ജിച്ച പഞ്ചമി നാടിൻ്റെ വളർച്ചയ്ക്കൊപ്പം തന്നെയും ചേർത്തുവെച്ചു. സാക്ഷരതാ മിഷനിലും ശാസ്ത്ര സാഹിത്യ പരിഷത്തിലും, നാട്ടിലെ ഗ്രാമപോഷിണി വായനശാലയിലും സജീവ പ്രവർത്തകയായി. പത്രമാസികകളും പരിഷത്തിൻ്റെ പുസ്തകങ്ങളും വായിച്ചു പ്രബുദ്ധയായി. പാർട്ടിയിൽ പഞ്ചമി ടീച്ചറായി. അടിയന്തിരാവസ്ഥ കഴിഞ്ഞു ജയിൽ മോചിതനായ ശശീന്ദ്രൻ വാന പ്രസ്ഥത്തിലേയ്ക്കു കടന്നു.
വറുതികൾക്കിടയിലും ഭാഷാസ്നേഹം കൈവിടാതിരുന്നതു കൊണ്ടാണ് പഞ്ചമി ഭാഷാപിതാവിനെ സ്മരിച്ച് മകൾക്കു ശാരിക എന്നു പേരിട്ടത്. പക്ഷേ തികഞ്ഞ പ്രായോഗിക വാദിയായ ശാരി, യാതൊന്നും തൻ്റെ തടിയിലും ചങ്കിലും തട്ടാതെ സൂക്ഷിച്ചു അവളുടെ 12-ാം വയസ്സിലെ പെരുമൺ ദുരന്തവും 23 -ാം വയസ്സിലെ മാറാട് കലാപവും 34 ലെ സുനാമിയും 43 ൽ വന്ന പ്രളയവും തുടർന്നു വന്ന കോവിഡ് മഹാമാരിയും 50-ാം വയസ്സിൽ വന്ന ചൂരൽമല ദുരന്തവും ഒരേ നിസംഗതയോടെ കണ്ടു. വീട്ടുകാരാരും പെട്ടില്ലല്ലോ. ഭാഗ്യം!
മകൾ അധ്യാപികയാകണമെന്ന് പഞ്ചമി ആശിച്ചപ്പോൾ ഫാർമസി കോഴ്സ് പഠിച്ച് കണ്ണടച്ചു തുറക്കുന്ന വേഗത്തിലവൾ സർക്കാരുദ്യോഗസ്ഥയായി. ഒരു ക്യാമ്പിൽ പരിചയപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ പ്രേംകുമാറിനെ പ്രേമം തോന്നാതെ തന്നെ കെട്ടുകയും, അയാൾ കൈക്കൂലി വാങ്ങുന്നതിൽ മിടുക്കു കാണുകയും മദ്യപാനം പരസ്ത്രീ ബന്ധം എന്നിവയിൽ തെറ്റു കാണുകയും ചെയ്തു. ട്രയൽ ആൻ്റ് എറർ മെത്തേഡിൽ നീങ്ങിയ ബന്ധത്തിൽ അർപ്പിതയും സമർപ്പണും പിറന്നു. രണ്ടു ഡീഅഡിക്ഷൻ പരീക്ഷണങ്ങൾ കൂടി തോറ്റതോടെ പ്രേംകുമാർ വീടിനു പുറത്തായി. അയാളെക്കൊണ്ട് ലോൺ എടുപ്പിച്ചു വീട് വെയ്ക്കാനുള്ള ബുദ്ധിയൊക്കെ കാണിച്ചതു കൊണ്ട് പ്രശ്നങ്ങളില്ലാതെ ശാരി മുന്നേറി. മക്കളെ പഠിപ്പിക്കാനും, പണം നല്ല രീതിയിൽ നിക്ഷേപിക്കാനും ശ്രദ്ധിച്ചു.
Gen z കിഡ്സ് ആയ അർപ്പിതയും സമർപ്പണും, എബ്രോഡ് സെറ്റിൽ ചെയ്യുന്നതും കുറച്ചു പ്രശ്നമായ നിലയ്ക്ക് ഇനിയും ടാപ്പ് ചെയ്തിട്ടില്ലാത്ത കൺട്രീസോ പ്ലാനറ്റ്സോ ഉണ്ടോ എന്ന തിരച്ചിലിലാണ് ഈയിടെ. ആരെയോ സഹായിക്കാൻ മറ്റൊരു ടീമുമായി കൊളാബറേറ്റ് ചെയ്യുന്നൊരു ഇനിഷ്യേറ്റിവ് പ്രണ്ട്സുമൊത്ത് ലാപ്ടോപ് തുറന്നു വെച്ച് പാസ്തയും മത്തിക്കറിയും രുചിച്ച് ഇടക്കിടെ പ്രോട്ടീൻ ബാറും ചവച്ച് അവക്കാഡോ സ്മൂത്തിക്കൊപ്പം Rap ചെയ്യുന്ന മക്കളെ കണ്ട് ശാരിക്ക് തള്ള വൈബടിച്ചെങ്കിലും പഞ്ചമിക്കത് രസിച്ചു. ഒന്നുമില്ലേലും തള്ളയേക്കാൾ ഭേദം. അടച്ചിട്ട മുറിയിലിരുന്നെങ്കിലും സഹകരണത്തെപ്പറ്റി ചിന്തിക്കുന്നല്ലോ! വിദ്യാഭ്യാസം കുറവെങ്കിലും വായനയുടെ ഉൾക്കരുത്തു നൽകിയ പൊതുബോധത്തോടെ അവൾ പേരക്കുട്ടികൾക്കായി മനസ്സിൽ പറഞ്ഞു. Lit and Slay. !
69-ാം പിറന്നാളിൽ ചാരിയിരുന്നു ചിന്തിക്കുമ്പോൾ ബക്കറ്റ് ലിസ്റ്റിൽ കുറച്ചു യാത്രകളുണ്ട്. ആർത്തവ വിരാമത്തിനു ശേഷം ചൂടിളക്കം മാറിയിട്ടില്ല. കുറച്ചു മുട്ടുവേദന. അത്രയൊക്കേ ഉള്ളൂ കൂടെപ്പിറന്ന കേരളത്തെ പഞ്ചമിയൊന്നു നോക്കി. ആള് കുറച്ചു പരിഷ്ക്കാരി ആയിട്ടുണ്ട്. വലിയ കെട്ടിടങ്ങളൊക്കെയായി.
പക്ഷേ, ആർത്തവ വിരാമത്തിൻ്റെ തപിക്കുന്ന ചൂടിൽ കിടന്നുരുകുകയാണ് അവളും. അതിനി മാറുമെന്നും തോന്നുന്നില്ല. തണലു തൂകി നിന്ന മരമെല്ലാം കാട്ടുകള്ളന്മാർ കൊണ്ടു പോയില്ലേ.. കുടുംബ സ്വത്തിൽ നിന്ന് വീതം കിട്ടിയ പശ്ചിമഘട്ടത്തിൻ്റെ പള്ള വരെ മാന്തിത്തുരന്നു പിഴച്ച മക്കൾ തിന്നു മുടിച്ചു. ആക്രാന്തം കാണിക്കല്ലേന്നു പറഞ്ഞവൾ മടുത്തു. നിറഞ്ഞു കുത്തിപ്പായുന്ന 44 പുഴകളിൽ നീന്തിത്തുടിച്ചോണ്ടിരുന്നതല്ലേ ! അതും ഓണത്തിനും, ധനുവിലെ തിരുവാതിരയ്ക്കുമെല്ലാം എണ്ണ തേച്ചൊരു തുടിച്ചു കുളിയായിരുന്നു. അന്നു പിന്നെ നിളയിലോ പെരിയാറ്റിലോ പമ്പയാറ്റിലോ തന്നേ നീരാടൂന്ന് നിർബന്ധവുമായിരുന്നു.. ബാക്കി ദിവസങ്ങളിൽ വടക്ക് ചന്ദ്രഗിരിപ്പുഴയിൽ കാലുകഴുകും കരമനയാറ്റിലോ, പൂവാറ്റിലോ മുഖം കഴുകും. ഇടയ്ക്ക് കാലും നീട്ടിയിരുന്ന് നാലും കുട്ടി മുറുക്കീട്ട് ആ ശാസ്താംകോട്ട തടാകത്തീന്നൊന്നു കുലുക്കുഴിഞ്ഞു തുപ്പും. ആഹാ എന്തായിരുന്നു. ! ഇപ്പോ കാലാവസ്ഥയും ചതിച്ചു. കാലിനടിയിലെ മണ്ണിൻ്റെ പിടുത്തവും പോയി മക്കളും കൊച്ചുമക്കളുമെല്ലാം നാട് വിട്ടും പോയി.
അടുത്തിടെ പടവ് കെട്ടി വൃത്തിയാക്കി, മസ്തിഷ്ക്കജ്വരം ഭയന്ന് ക്ലോറിനേഷനും നടത്തിയ തൻ്റെ കുളത്തിൽനിന്ന് ഒരു കുടന്ന വെള്ളമെടുത്ത് മുഖം കഴുകി പഞ്ചമി, ചിരിച്ചു കൊണ്ടോർത്തു.
കെെരളീ, എൻ്റെ നാടേ, നിന്നേക്കാൾ ഭേദമാണു കേട്ടോ എൻ്റെ അവസ്ഥ.
– താര സുഭാഷ്
#എൻ്റെരചന
#കേരളമെന്നു കേട്ടാൽ


31 Comments
മൂന്നു തലമുറകളെ കൊണ്ട് കേരള ചരിത്രം പറഞ്ഞു ….. സുന്ദരമായ അവതരണം……ആശംസകൾ താര❤️👍
സ്‌നേഹം മിനി❤️🥰
Brilliant എഴുത്ത്. 1950 കൾ മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളുടെ പ്രത്യേകതകൾ നന്നായി റിസർച്ച് ചെയ്തുള്ള എഴുത്ത്. ❤️👌
സ്നേഹം പ്രദീഷ്❤️
മനോഹരമായ എഴുത്ത്. ഒരു കഥ എന്നതിനേക്കാൾ വളരെ informative ആയ transformation video കാണുമ്പോലെ തോന്നി. Hats off.
ശരിക്കും ഒരു നോവലിനുള്ള സ്കോപ്പുണ്ട്. മൂന്ന് തലമുറകളിലൂടെ കേരളത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും വിവരിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങള്‍♥
സ്നേഹം.❤️ വായിച്ചതിനും കമൻ്റ് ചെയ്തതിനും നന്ദി.❤️
സ്നേഹം വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.❤️❤️
നല്ലെഴുത്ത് ….ഒരു നാടിന്റെ വളർച്ച തളർച്ചകൾ ഭംഗിയായി പറഞ്ഞിരിക്കുന്നു…ഇനിയും എഴുതുക ❤️❤️❤️👌👌👌
സ്നേഹം ജിനു.❤️ നന്ദി❤️ ജിനുവും എഴുതൂ ധാരാളമായി.❤️❤️
വായിക്കാൻ വൈകിപ്പോയി.പഞ്ചമിയുടെ/കേരളത്തിൻ്റെ വളർച്ചയും തളർച്ചയും. എഴുത്ത് മനോഹരം, ഗംഭീരം.
അവസാനഭാഗത്ത് നദികളെ കുറിച്ചുള്ള എഴുത്ത് സൂപ്പർ.
വായിച്ചല്ലോ. സന്തോഷം. സ്നേഹം❤️❤️❤️
മൂന്നാലു തലമുറകളിലൂടെ കേരള ചരിത്രം ഭംഗിയായി പഠിപ്പിച്ചു…… സുന്ദരമായി എഴുതി….. ഒരുപാടിഷ്ടമായി താരേ💐❤️
സ്നേഹം മിനി.❤️ സന്തോഷം❤️❤️
എഴുത്തിലൂടെ കേരള ചരിത്രം ചെറുതായി വരച്ചു കാട്ടി.അഭിനന്ദനങ്ങൾ..
വായിക്കാനും അഭിപ്രായം എഴുതാനും സമയം നീക്കിവെച്ചതിനു നന്ദി. സ്നേഹം.❤️
ചേച്ചി, വളരുന്ന പഞ്ചമിയോടൊപ്പം വളരുന്ന കേരളത്തെയും എത്ര തന്മയത്വത്തോടെ എഴുതി?! ഓരോ കാലത്തെയും ഭാഷയിൽ വന്ന വ്യത്യാസവും ബന്ധങ്ങളുടെ പ്രത്യേകതയും എല്ലാം കൃത്യമായി വരച്ചിട്ട രചന. Brilliant. 🫂🫂🫂
സ്നേഹം സിൽവി. തെളിമയുള്ള ഭാഷയിൽ ഒഴുക്കോടെ എഴുതുന്ന സിൽവിക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഞാൻ കൃതാർത്ഥയായി.😀❤️🥰
എന്തൊരെഴുത്ത്!
ടimply super !👌
കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഭാഷയിലും ആഖ്യാനരീതിയിലും കൊണ്ടുവന്ന gradation ഇതിനെ ഒരു ബ്രില്യന്റ് എഴുത്താക്കി മാറ്റി. Political, Social elements ഇത്ര തന്മയത്വത്തോടെ അവതരിപ്പിച്ച എഴുത്ത്, അഭിനന്ദിക്കാൻ വാക്കുകളില്ല. നിങ്ങളെയൊക്കെ വായിക്കാൻ സാധിക്കുന്നത് ഒരു അനുഗ്രഹമാണ്.
👍🫂
സ്നേഹം ജോയ്സ്. ഞാനിവിടെ ഏറ്റവും പ്രതീക്ഷയോടെയും ബഹുമാനത്തോടെയും കാണുന്ന എഴുത്തുകാരിയാണ് താങ്കൾ. ഈ കമൻ്റിന് ഞാൻ നൽകുന്ന മൂല്യം പ്രത്യേകം പറയേണ്ടല്ലോ.❤️🥰 Hugs❤️🥰
ചേച്ചി എഴുത്ത് ളരെ മനോഹരം ആയിട്ട് ഉണ്ട് 👌😘🥰
ഹൊ എന്തൊരെഴുത്താണ് ചേച്ചി…. ഗംഭീരം..👏👏
Awesome writing !!! Thara Proud of you😘👌
ഗംഭീരം
Thanks kala❤️❤️ Hugs❤️❤️🥰
Thanks dear .❤️❤️❤️🥰🥰
Adipoli
സ്നേഹം കുഞ്ഞേ. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.❤️❤️🥰
ചേച്ചി എഴുത്ത് ളരെ മനോഹരം ആയിട്ട് ഉണ്ട് 👌😘🥰
സ്നേഹം കുഞ്ഞേ. സന്തോഷം.❤️🥰🥰🥰
ശരിക്കും ഒരു നോവലിനുള്ള സ്കോപ്പുണ്ട്. മൂന്ന് തലമുറകളിലൂടെ കേരളത്തിന്‍റെ സൃഷ്ടിയും സ്ഥിതിയും വിവരിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങള്‍♥