“ഇതിപ്പോ ഓരോ ദിവസവും ഓരോ ഏടാകൂടം ആണല്ലോ? അമ്മയിതു കണ്ടോ?”
“എന്തു കാണാനാ?”
നമ്മുടെ രാത്രിയിലെ അതിഥി കാട്ടി വെച്ചേക്കുന്നത് കാണണമെങ്കിൽ ഇറങ്ങി വന്നേ.
“കെട്ടിപൊതിഞ്ഞു നിർത്തിയ മൂന്നു സപ്പോട്ടയാണ് ഇന്നലെ രാത്രിയിൽ പോയത്.
ആദ്യമായി കായ് പിടിച്ചതായിരുന്നു. അതിന്റെ രുചി ഒന്നറിയാൻ കഴിഞ്ഞില്ല.”
അമ്മയും മോളും കിണറ്റിൻ കരയിലേക്ക് വന്നു ചുറ്റുപാടും നിരീക്ഷിച്ചു.
“ഞാൻ രാത്രിയിൽ ജനാല അടക്കാൻ നേരം കണ്ടായിരുന്നു മതിലിന് മുകളിൽ അവനെ. മതിൽ വഴിയാണ് വരവ്.” മോൾ പറഞ്ഞു.
“ഇരുട്ടത്തു ആരും കാണാതെ പമ്മി വന്നു കാര്യം സാധിച്ചു പോയാൽ പോരെ അവനു, അല്ലാതെ ഇങ്ങനെ ദ്രോഹിക്കണോ?” അമ്മ മൂക്ക് ചുളിച്ചു കൊണ്ട് പറഞ്ഞു.
“നമ്മൾ കിടക്കാൻ തുടങ്ങുമ്പോൾ അവൻ തട്ടുംപുറത്തു ഉണ്ടായിരുന്നു.”
ഉം അമ്മ മൂളി.
ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ അമ്മയും കോളേജ് വിദ്യാർത്ഥിനി ആയ മകളും അന്നാട്ടിൽ താമസത്തിനു വന്നിട്ട് അധിക കാലം ആയിട്ടില്ല.
രണ്ടുപേരുടെയും സംസാരത്തിന്റെ അറ്റവും മൂലയും കേട്ടുകൊണ്ടാണ് പാൽക്കാരി കുമാരി അവിടേക്ക് വന്നത്.
“എന്താ അമ്മയും മോളും കൂടി രാവിലെ തന്നെ കിണറ്റിൻ കരയിൽ?
കുമാരിയുടെ ചോദ്യം കേട്ടതോടെ മോൾ അകത്തേക്ക് പോയി.
എന്തെങ്കിലും മറുപടി നൽകണ്ടേ എന്നു കരുതി അമ്മ പറഞ്ഞു, “ഓ ഒന്നുമില്ല, ഞങ്ങൾ ഓരോന്ന് പറഞ്ഞു നിന്നതാ.”
അന്നാട്ടിലെ അത്യാവശ്യം മികച്ച കരക്കമ്പി സ്വന്തമായി ഉള്ള കുമാരി പൊടിപ്പും തൊങ്ങലും വെച്ചു പരമാവധി ആളുകളോട് പറഞ്ഞു, ” അറിഞ്ഞില്ലേ പുതിയ താമസക്കാരായ നഴ്സും മോളും നമ്മൾ വിചാരിച്ച പോലല്ല. അവിടെ രാത്രിയിൽ ആരാണ്ടൊക്കെയോ വന്നു പോകുന്നുണ്ട്. ”
“ശ്ശേ നീ വെറുതെ വേണ്ടാതീനം പറയല്ലേ കുമാരി…. ചായക്കടക്കാരൻ കണാരൻ അരിശപ്പെട്ടു.
“ഞാൻ എന്തു വേണ്ടാതീനം പറഞ്ഞെന്നാ, ഞാൻ എന്റേയീ ചെവി കൊണ്ടു കേട്ടതാ, രാത്രിയിൽ മതിലു വഴി വന്നവൻ തട്ടും പുറത്തു ഇരുന്നു എന്നു അവർ അമ്മയും മോളും പറഞ്ഞത്.” കുമാരി കെറുവിച്ചു.
കുമാരിയുടെയും കണാരന്റെയും വർത്തമാനം ശ്രദ്ധിച്ച അന്നാട്ടിലെ ഒരു പണിയും ഇല്ലാത്ത കുറച്ചു പൗരന്മാർക് സദാചാരബോധം സടകുടഞ്ഞു എഴുന്നേറ്റു.
“ഇതങ്ങനെ വിട്ടുകളയാൻ പറ്റില്ല.” അന്നാട്ടിലെ പ്രധാന വായിനോക്കി ഉമേഷ് പറഞ്ഞു.
“അതുതന്നെ, നമ്മൾ ഇത്രയും ഉശിരുള്ള ചെറുപ്പക്കാർ ഇവിടെ ഉള്ളപ്പോൾ വല്ലവന്മാരും നമ്മുടെ നാട്ടിൽ രാത്രിയിൽ പോക്കും വരവും നടത്തുമെന്നോ.. അവനെ വിടാൻ പാടില്ല.” കുളക്കടവ് പുഷ്പൻ പിന്താങ്ങി.
അതോടെ കുമാരിയും സന്തുഷ്ടയായി.
ഇന്ന് രാത്രി വീട് വളഞ്ഞു നമ്മൾ അവനെയും അവളുമാരെയും തൊണ്ടിയോടെ പിടികൂടും… സദാചാര കമ്മിറ്റി പ്രഖ്യാപിച്ചു.
കമ്മിറ്റിക്കാർ എല്ലാവരും ഉഷാറായി “ഓപ്പറേഷൻ ജാരൻ” നടപ്പിൽ വരുത്താൻ തയ്യാറെടുത്തു കണ്ണിൽ എണ്ണയൊഴിച്ചു ഇരുന്നു.
രാത്രിയായി. നേഴ്സിന്റെ വീട് നിരീക്ഷിച്ചു കൊണ്ട് പല ഭാഗത്തായി കമ്മിറ്റിക്കാർ ഇരിപ്പും നിൽപ്പും ആരംഭിച്ചു.
രാത്രി പത്തുമണി ആയിട്ടും ആരും വരുന്നതായി കണ്ടില്ല.
“നമ്മുടെ കണ്ണു വെട്ടിച്ചു അവൻ അകത്തു കയറിയോ? ഒരുവൻ സംശയം പ്രകടിപ്പിച്ചു.
“ഏയ്, അതില്ല.”
“എന്നാലും ആരെങ്കിലും ഒന്ന് പോയി അകത്തെ സംസാരം ശ്രദ്ധിക്കു.”
കുളക്കടവ് പുഷ്പൻ തയ്യാറായി മുന്നോട്ട് വന്നു.
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. പുഷ്പൻ വീടിന്റെ ജനാലയരികിൽ പോയി ചെവി വട്ടം പിടിച്ചു അകത്തെ സംസാരം ശ്രദ്ധിച്ചു.
കുറച്ചു സമയത്തിന് ശേഷം പുഷ്പൻ കമ്മിറ്റിക്കാർക്ക് സിഗ്നൽ കൊടുത്തു, അകത്താളുണ്ട്.
ഞൊടിയിടയിൽ വീടിന് ചുറ്റിലും എട്ടു പത്തു പേർ നിരന്നു. ഇതിനിടയിൽ പഞ്ചായത്ത് മെമ്പറെ വിളിക്കാനും ആള് പോയി.
ഒരുവൻ വാതിലിൽ മുട്ടി, തുറക്കാൻ ആവശ്യപ്പെട്ടു.
അമ്മയും മോളും വാതിൽ തുറക്കാൻ തയ്യാറായില്ല. എന്താ സംഗതി എന്നു അവർ ജനാലയിലൂടെ ചോദിച്ചു.
“അവനെ ഇറക്കി വിടൂ.” ഒരുവൻ ആവശ്യപ്പെട്ടു.
“ആരെ?
“നിന്റെ തട്ടും പുറത്തു ഇരിക്കുന്നവനെ ഇറക്കി വിട്.”
“നിങ്ങൾ എന്തു അനാവശ്യം ആണ് പറയുന്നത്, ഞാനും എന്റെ മോളും മാത്രമേ ഇവിടെയുള്ളൂ. നിങ്ങൾ എന്തോ തെറ്റിദ്ധരിച്ചു പറയുകയാണ്.” ആ അമ്മ അവരോട് കരഞ്ഞു പറഞ്ഞു.
അപ്പോഴേക്കും പഞ്ചായത്ത് മെമ്പർ എത്തി.
“മെമ്പറെ, നിങ്ങൾ ഇതു വിശ്വസിക്കരുത്.” അവർ യാചിച്ചു.
” ഇത്രയും ആളുകൾ ഒരേ പോലെ പറയുമ്പോൾ, എങ്ങനെ വിശ്വസിക്കാതിരിക്കും? ” മെമ്പർ പറഞ്ഞു.
“ഒരു കാര്യം ചെയ്യൂ, നിങ്ങൾ വാതിൽ തുറക്ക്, മൂന്നാല് പേർ അകത്തു കയറി നോക്കട്ടെ.” മെമ്പർ പറഞ്ഞു.
മനസ്സില്ലാമനസ്സോടെ അമ്മയും മോളും സമ്മതിച്ചു.
ടോർച്ചും ഏണിയും ഒക്കെയായി കുറച്ചു പേർ അടുക്കളയിൽ കടന്നു. ഏണി അടുക്കള ചുവരിൽ ചാരി ഒരാൾ മുകളിലേക്കു കയറി. താഴെ നിന്നൊരുവൻ
ലൈറ്റ് അടിച്ചു കൊടുത്തു.
“കാണുന്നുണ്ടോ? താഴെ നിൽക്കുന്നവർ ആകാംഷയോടെ ചോദിച്ചു.
“ഇല്ല, നീ ആ വെളിച്ചം നേരെ അടിക്ക്.” ഏണിയിൽ നിൽക്കുന്നവൻ പറഞ്ഞു.
മങ്ങിയ വെളിച്ചത്തിൽ കാഴ്ച അവ്യക്തമാണെങ്കിലും ഏണിയിൽ നിൽക്കുന്നവൻ വിളിച്ചു കൂവി…
” ഉണ്ട്, ഇവിടെ ഉണ്ട്, ഒടിഞ്ഞ കസേരയിൽ ഇരിക്കുന്നു.”
താഴെ നിന്ന അമ്മയും മോളും ഞെട്ടി.
“അങ്ങനെ ഞങ്ങൾ അറിയാതെ ഒരുവൻ തട്ടും പുറത്തു കയറി ഇരിക്കുന്നെങ്കിൽ എനിക്ക് അവനെ ഒന്ന് കാണണം. നിങ്ങൾ ഇങ്ങോട്ട് ഇറങ്ങിക്കേ, ഞാൻ കയറി നോക്കട്ടെ.” മോൾ ആവശ്യപ്പെട്ടു.
മുറുമുറുത്തു കൊണ്ടാണെങ്കിലും ഏണിയിൽ നിന്നവൻ താഴെ ഇറങ്ങി.
മോൾ ഏണിയിൽ കയറി കൈയിൽ കരുതിയ ലൈറ്റ് അടിച്ചു നോക്കി. അവളും വ്യക്തമായി കണ്ടു, തട്ടും പുറത്തു ഉപേക്ഷിച്ച ഒടിഞ്ഞ കസേരയിൽ ഇരിക്കുന്ന ചാക്കിനു മുകളിൽ ഇരുന്നു അവളെ തന്നെ സൂക്ഷിച്ചു നോക്കുന്ന അവനെ. അവളെ നോക്കുന്ന അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
” ആഹാ, നിന്നെ ഇന്നാടാ സൗകര്യം ആയി കാണാൻ കഴിഞ്ഞത്” എന്നു പറഞ്ഞു കൊണ്ടു അവൾ താഴെക്കിറങ്ങി.
അമ്മ അങ്കലാപ്പോടെ അവളെ നോക്കി. അവൾ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാട്ടി.
“ചുണയുള്ളവർ ആരാന്നു വെച്ചാൽ മൂന്നാല് പേര് കയറി അവനെ താഴെയിറക്ക്. ഞാൻ അപ്പോഴേക്കും പോലീസിൽ അറിയിക്കാം.” മെമ്പർ പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു, ഒന്നിന് പുറകെ ഒന്നായി നാലു പേർ തട്ടും പുറത്തു കയറി. പിറകെ എന്തൊക്കെയോ അപശബ്ദങ്ങൾ കേട്ടെങ്കിലും കയറിയവർ അവനെ പിടികൂടി താഴെ എത്തിച്ചു.
ജാരനെ കാണാൻ തിക്കി തിരക്കിയ നാട്ടുകാർക്കിടയിൽ പകച്ച കണ്ണുകളോടെ അവൻ കമ്മിറ്റിക്കാരുടെ ബന്ധനത്തിൽ ഇരുന്നു.
നാട്ടുകാരുടെ മുതല് മുഴുവൻ മോഷ്ടിച്ചു തിന്നു വീർത്ത ഒരു “മുഴുത്ത മരപ്പട്ടി.”


5 Comments
നാട്ടുകാരായാൽ ഇങ്ങിനെ വേണം…. ഏതായാലും ജാരനെ കൈയ്യോടെ പിടിച്ചതുകൊണ്ട് മരപ്പട്ടിശല്യത്തിൽ നിന്ന് എല്ലാരും രക്ഷപ്പെട്ടു….. രസകരം😀👍
ആ ഒപ്പറേഷൻ ജാരനെഎനിക്കൊന്നു കാണണം. ഇവിടെ ഒത്തിരി ജാരന്മാരുണ്ടു ഷീബാ ‘😀😀
രസകരമായ എഴുത്ത്.👌♥️
👌👌😃
രസകരം. നല്ല ശുഷ്കാന്തിയുള്ള നാട്ടുകാർ !😀👍👏
ചിരിപ്പിച്ചു. ഇങ്ങനെയൊക്കെയാണ് തൊഴിലില്ലാത്തവർ ജാരന്മാരെ സൃഷ്ടിക്കുന്നത്.👌👌❤️❤️