Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാഗലക്ഷ്മി സീരീസ്: അനന്തവനം – അനന്തന്റെ കൊട്ടാരം
തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം

നാഗലക്ഷ്മി സീരീസ്: അനന്തവനം – അനന്തന്റെ കൊട്ടാരം

By Soorya VijayakumarNovember 13, 2025Updated:November 16, 20258 Comments12 Mins Read100 Views
Bookmark Now
Please login to bookmark Close

No account yet? Register

അനന്തവനം: അനന്തന്റെ കൊട്ടാരം

മനുഷ്യര്‍ക്ക് അറിയാവുന്ന ലോകത്തിനുമപ്പുറം,
ആകാശത്തിന്റെ ചക്രവാളചെരുവില്‍ തീപോലെയുള്ള നക്ഷത്രങ്ങള്‍ സദാകണ്ണുചിമ്മുന്ന
മേഘമാലകള്‍ക്കിടയിലാണ് അനന്തവനം —
നാഗരാജാവായ അനന്തശേഷന്റെ കൊട്ടാരം.

മുത്തുകളും പവിഴങ്ങളും കൊണ്ട് നിര്‍മിച്ച കൊട്ടാരത്തിന്റെ ചുമരുകളില്‍
ഭക്തിയുടെയും വിശ്വാസത്തിന്റെയും ചുരുളുകള്‍ അഴിയുന്നു.
അവിടുത്തെ മേഘങ്ങളില്‍ പ്രകാശനദികള്‍ ഒഴുകുന്നു.
അവിടെ രാവും പകലുമില്ല — മഞ്ഞനിറമുള്ള സന്ധ്യമാത്രം.

അവിടെയാണ് ഭഗവാന്‍ അനന്തന്‍ വസിക്കുന്നത് —
ആയിരം പത്തികളുള്ള സാക്ഷാല്‍ ആദിശേഷന്‍.
ഒപ്പം ചന്ദ്രതാരമായി സുന്ദരിയായ പത്‌നി നാഗലക്ഷ്മിയും.

നാഗലക്ഷ്മി ചിരിക്കുമ്പോള്‍ സന്ധ്യയ്ക്ക് കൂടുതല്‍ പ്രകാശം.
അവളിലേക്ക് നോക്കുമ്പോള്‍ സമുദ്രം പോലെ അനന്തന്റെ മനസും ശാന്തമാകാറുണ്ട്.

സൗന്ദര്യം പോലെ തന്നെ കരുണാദ്രമായിരുന്നു ദേവിയുടെ ഹൃദയം.
ഒരു നാഗപഞ്ചമി നാളില്‍,
അനന്തവനത്തിലെ പ്രകാശനദിക്കരയില്‍ കാറ്റിന്റെ തലോടലേറ്റു
ചെറുനാഗങ്ങളുടെ കളികള്‍ കാണിക്കുമ്പോള്‍,
താഴെ ഭൂമിയില്‍ നിന്നൊരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു.

ശാപം കിട്ടിയ ഒരു സര്‍പ്പം,
ജനിച്ച് ഏതാനും ദിവസമായ ഒരു കുഞ്ഞിനെ ദംശിക്കുന്നു.
കരുണാദ്രയായ ദേവി ഒരു നിമിഷം നാഗലോകത്തിന്റെ നിയമങ്ങള്‍ മറന്നു.
ആകാശത്തിന്റെ വാതിലുകള്‍ തുറന്നു മഴപെയ്യുന്ന ലോകത്തിലേക്ക് ഇറങ്ങി.

അവള്‍ കുഞ്ഞിനെ മാറോടണച്ചു.
വിഷം പൂര്‍ണ്ണമായി കുഞ്ഞില്‍ നിന്ന് ഇല്ലാതെയാക്കി.
യമലോകത്തിന്റെ നിയമങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ കുഞ്ഞിനെ രക്ഷിച്ചപ്പോള്‍
ദേവി മറന്നു —
താന്‍ ലംഘിച്ചത് നാഗലോകത്തിന്റെ നിയമമാണെന്ന്.
നിയമത്തേക്കാള്‍ ചിലസമയം അമ്മമനസ് കരുണാദ്രമാകാറുണ്ട്.

ആകാശം രണ്ടായി പിളര്‍ന്നു.
കാറ്റ് ആഞ്ഞുവീശി.
നാഗലോകത്ത് ദേവിയ്ക്ക് വേണ്ടിയുള്ള വിചാരണ ആരംഭിച്ചു.

“ദൈവീകമായ കഴിവുകളെല്ലാം അടിയറവുവെച്ച് ഭൂമിയിലേക്ക് പോവുക.
അഞ്ചു നൂറ്റാണ്ട് പല ജന്മങ്ങള്‍ ജനിച്ച്
ഒടുവില്‍ മനുഷ്യജന്മം ലഭിക്കുമ്പോഴേ ശാപമോക്ഷം.”

ദൈവമാണെങ്കില്‍ പോലും അനന്തനും നിയമങ്ങള്‍ ലംഘിക്കാനാവില്ല.
പ്രണയത്തെ വിട്ടുകൊടുക്കേണ്ടി വന്ന വേദനയില്‍
അനന്തന്റെ കണ്ണുകളില്‍ സമുദ്രം നിറഞ്ഞു.

നാഗലോകത്തിന്റെ വാതില്‍ അടയ്ക്കപ്പെടുന്നതിനുമുമ്പ്
ആദിശേഷന്‍ തന്റെ ഹൃദയത്തില്‍ നിന്നൊരു നീലപ്രകാശമുള്ള രത്നം എടുത്തു — നാഗമാണിക്യം.

“ഈ നാഗമാണിക്യം നമ്മള്‍ ഒരുമിച്ച് കാണുന്ന ദിവസം,
നാം വീണ്ടും ഒന്നാകും.
നാഗലോകം വീണ്ടും തുറക്കും.
നീ രക്ഷിച്ച കുഞ്ഞ് നമ്മുടെ മകളായി തന്നെ പുനര്‍ജനിക്കും.”

ആദിശേഷന്‍ നാഗമാണിക്യം ശേഷാദ്രിമനയിലെ കാവിലെ കുളത്തിലേക്ക് നിക്ഷേപിച്ചു.
രാത്രിയുടെ രണ്ടാംയാമത്തില്‍ കാവ് നട്ടുച്ചപോലെ തിളങ്ങി.
നീലവെളിച്ചം പതിയെ കാവിലേക്ക് ലയിച്ചു.
പുതുമഴപെയ്ത് തണുത്ത കുളത്തിന്റെ ആഴങ്ങളിലേക്ക് നാഗമാണിക്യം പതിച്ചു.

പച്ചനിറം കടുംനീലമായി.
ആയിരം നാഗങ്ങള്‍ കാവിന്റെയും മാണിക്യത്തിന്റെയും കാവല്‍ക്കാരായി.

നാഗലക്ഷ്മി ഒന്നും പറഞ്ഞില്ല.
പ്രാണനെ പിരിയുന്ന വേദനയുണ്ടെങ്കിലും
താന്‍ ചെയ്തത് പാപമാണെന്ന് തോന്നിയില്ല.
അതിനാല്‍ പശ്ചാത്താപവുമില്ല.

അഞ്ചു നൂറ്റാണ്ട് പല രൂപത്തില്‍ ഭൂമിയില്‍ ജീവിക്കുക.
ഒരു ജന്മത്തിലും നാഗജന്മമില്ല.
500-ാം ജന്മത്തില്‍ നാഗശക്തിയോടെ പുനര്‍ജന്മം ലഭിക്കും.
മരണവും വിധിയും വേദനയും നിറഞ്ഞ 499 ജന്മങ്ങള്‍ —
അവസാന ജന്മത്തില്‍ നാഗലോകത്തിന്റെ ഓര്‍മകളുടെ നേര്‍ത്ത ചുരുളുകള്‍ മാത്രം.

ദേവി ഭൂമിയിലേക്ക് ഇറങ്ങി.
മഴപെയ്തു.
വായുവിൽ മഞ്ഞളിന്റെ മണം.
കാവിലെ കുളത്തിൽ നീലവെളിച്ചം.

പ്രണയവും വിരഹവും മാതൃത്വവും വിധിയും ഒന്നായി ചേർന്ന കഥ ഇവിടെ ആരംഭിക്കുന്നു.

ഭാഗം 2 – നാഗവേണി

ഒരു ഇലപോലും അനങ്ങാതെ ശേഷാദ്രിമനയിലെ കാറ്റ് ജനാലയ്ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. കാവും പരിസരവും ആരുടെയോ വരവിനെ കാത്തിരിക്കുന്നത് പോലെ.

മണ്ണില്‍ നിന്നും പുതുമഴയുടെ ഗന്ധം. പൂവിടാന്‍ കാത്തുനില്‍ക്കുന്ന നിശാഗന്ധികള്‍. ഉദിക്കാന്‍ കാത്തുനില്‍ക്കുന്ന ചന്ദ്രന്‍. കാവിലെ കുളത്തിലെ വെള്ളം പോലും ചലനമില്ലാതെ കിടക്കുന്നു.

നാഗപൗര്‍ണ്ണമി രാത്രി.

പച്ചിലകള്‍ക്കും മുളങ്കാടുകള്‍ക്കുമിടയിലൂടെ നാഗങ്ങള്‍ തലയുയര്‍ത്തി നോക്കുന്നത് ശേഷാദ്രി മനയിലെ അകമുറിയിലേക്കാണ്.

മാധവന്‍ നമ്പൂതിരിയ്ക്കും ശ്രീദേവി അന്തര്‍ജ്ജനത്തിനും കുഞ്ഞുപിറക്കാന്‍ പോകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം തറവാട്ടില്‍ ജനിക്കാന്‍ പോകുന്ന സന്താനത്തിന്റെ വരവിനെ പ്രകൃതിയും മനുഷ്യരും ഒരുപോലെ കാത്തിരുന്നു. തറവാട്ടിലെ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടത്തിയ പ്രാര്‍ഥനകള്‍ക്കും വഴിപാടിനും ഫലമായി കിട്ടിയ വരം.

ഇന്ന് നാഗപഞ്ചമി

ജനിക്കാന്‍ പോകുന്നത് ഒരു സാധാരണ കുഞ്ഞ് അല്ലെന്ന് പ്രകൃതി പറയാതെ പറയുന്നുണ്ടായിരുന്നു.

രാത്രിയുടെ ഒന്നാം യാമം കഴിഞ്ഞു. ആകാശത്ത് ഒരു ചുവന്ന നക്ഷത്രം ജ്വലിച്ചു. അനന്തന്റെ കണ്ണുകള്‍ പോലെ തീക്ഷ്ണമായ ഒന്ന്. നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് കുഞ്ഞിന്റെ കരച്ചില്‍…

അത്രയും നേരം ഉദിക്കാതിരുന്ന ചന്ദ്രന്‍ മേഘങ്ങളുടെ മറനീക്കി കൂടുതല്‍ ശോഭയോടെ പ്രകാശിച്ചു. നക്ഷത്രങ്ങള്‍ ആകാശത്ത് പൂത്തുലഞ്ഞു. വിടരാന്‍ കാത്തിരുന്ന നിശാഗന്ധികള്‍ ഒന്നാകെ വിരിഞ്ഞു, പാലപ്പൂവിന്റെ മണം തണുത്ത കാറ്റിലലിഞ്ഞു. കാവില്‍ നിന്നും മിന്നാമിനുങ്ങുകള്‍ ജനാലയിലൂടെ കുഞ്ഞിന്റെ അടുത്തേക്ക്്് എത്തി, മുറിയില്‍ പാറിപ്പറന്ന്്് ഒരു ദിവ്യപ്രഭാവലയം തീര്‍ത്തു. നാഗങ്ങള്‍ വാലില്‍ ഉയര്‍ന്ന് തലതാഴ്ത്തി തങ്ങളുടെ ദേവിയെ വണങ്ങി. 500 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു.

നിലാവെളിച്ചത്തില്‍ കാവിലെ കുളത്തിന്റെ നീലനിറം കൂടിയത് പോലെ. അടിത്തട്ടിലെ നാഗമാണിക്യം നിലാവിന്റെ പ്രഭയില്‍ കൂടുതല്‍ ശോഭിച്ചു.

പാര്‍വതിയമ്മ കുഞ്ഞിനെ കയ്യിലെടുത്തു. കുഞ്ഞിന്റെ കണ്ണുകള്‍ക്ക് സാഗരത്തിന്റേത് പോലെ നീലനിറമായിരുന്നു. കടലിന്റെ നീലിമയുള്ള കണ്ണുകളില്‍ പൗര്‍ണ്ണമി നിലാവ് പടര്‍ന്നു. അവളുടെ കൈകളില്‍ ശംഖ് മുദ്ര. ആകാശത്തില്‍ നിന്നും ഒരു നീലപ്രകാശം കുഞ്ഞിന്റെ നെറ്റിയില്‍ പതിച്ചു, നാഗമുദ്ര.

പാലപ്പൂവുകള്‍ മണ്ണിലേക്ക് സന്തോഷം കൊണ്ട് പൂമഴ പെയ്തു. കാവില്‍ പേരറിയാപ്പൂക്കള്‍ പോലും വിടര്‍ന്നു. കാവില്‍ നിന്നും സന്തോഷത്തിന്റെ ശീല്‍ക്കാരങ്ങള്‍ അന്തരീക്ഷത്തില്‍ വലയം പ്രാപിച്ച് അനന്തവനത്തില്‍വരെയെത്തി. അവിടെ 500 വര്‍ഷം നീണ്ട വിരഹവേദനയുടെ നീറ്റലില്‍ ആദിശേഷനും. നക്ഷത്രങ്ങളെപ്പൂട്ടിയ രഥത്തില്‍ ആദിശേഷന് മണ്ണിലേക്കിറങ്ങി. സാധാരണ നാഗരൂപം ധരിച്ച് കാവിലെ പാരിജാതമരത്തിന്റെ കൊമ്പില്‍ ഇരുന്ന് തന്റെ പ്രേയസിയെ ആശിര്‍വദിച്ചു. ഇനി അധികനാളുകളില്ലെന്ന് അനന്തന് അറിയാമല്ലോ? 500 വര്‍ഷങ്ങള്‍ ദേവി ഭൂമിയില്‍ കൊടിയ വേദനകള്‍ അനുഭവിക്കുമ്പോള്‍ അതിന്റെ നോവ് അനന്തനും അറിയുന്നുണ്ടായിരുന്നു.

ത്രേതായുഗത്തില്‍ ഊര്‍മിളയായി, ദ്വാപരയുഗത്തില്‍ രേവതിയായി തന്റെ നല്ലപാതിയായവള്‍ ഇങ്ങ് ഭൂമിയില്‍ വേദനകള്‍പേറി ജന്മങ്ങള്‍ ജീവിക്കുമ്പോള്‍ ദൈവമാണെങ്കിലും അനന്തന്റെ ഹൃദയവും നുറുങ്ങുന്നുണ്ടായിരുന്നു. ആ വേദനകളുടെ പരിസമാപ്തിയ്ക്കുള്ള സമയമാകുന്നു. ഈ ജന്മത്തിലും പരീക്ഷണങ്ങളുണ്ടാകാം എന്നിരുന്നാലും അനന്തകാലത്തെ കാത്തിരിപ്പില്ലല്ലോ.

ആകാശം സന്തോഷത്തോടെ ആദ്യമഴത്തുള്ള കാവിലെ മണ്ണിലേക്ക് ഇറ്റിച്ചു. കാവിലെ മരങ്ങള്‍ സന്തോഷത്തോടെ തലയാട്ടി, എത്രയോ യുഗങ്ങളായി അവര്‍ അവരുടെ ദേവിയെ കാത്തിരിക്കുകയായിരുന്നു. നാഗലോകത്തിന്റെ റാണിയെ.

നാഗപഞ്ചമി ദിനത്തില്‍ ആയില്യം നാളില്‍ ജനിച്ച കുഞ്ഞിനെ മാധവന്‍ നമ്പൂതിരി പേര് ചൊല്ലി – നാഗവേണി.

ആറ്റുനോറ്റുണ്ടായ കുഞ്ഞിന് ദൈവീകതയുണ്ടെന്ന് മാധവന്‍ നമ്പൂതിരിയ്ക്ക് മനസിലായി. പക്ഷെ മകള്‍ തലമുറകളായി തങ്ങള്‍ ആരാധിക്കുന്ന നാഗങ്ങളുടെ രാജ്ഞിയാണെന്ന് അറിയില്ലായിരുന്നു. വേളി കഴിഞ്ഞ് 14 വര്‍ഷം നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഇല്ലത്ത് സന്താനഭാഗ്യമുണ്ടാകുന്നത്. പ്രാര്‍ഥനകള്‍ തന്നെയായിരുന്നു എന്നും ശരണം. മണാറശാലയില്‍ മുടങ്ങാതെ പോകുമായിരുന്നു.  ഓര്‍മവെച്ചതില്‍പ്പിന്നെ ഒരു ആയില്ല്യവും മുടക്കിയിട്ടില്ല. അറിഞ്ഞുകൊണ്ട് ആരെയും ഇന്നേവരെ ദ്രോഹിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ അനപത്യദുഖം അനുഭവിക്കുന്നുവെന്ന് മാധവനും ശ്രീദേവിയും പറയാതെ പറയുന്ന ദുഖമായിരുന്നു. ആ കൊടിയ ദുഖത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു നാഗവേണിയുടെ ജനനം.

ഇല്ലത്തെ വിഷ്ണുക്ഷേത്രത്തില്‍ സന്ധ്യയ്ക്ക്നെയ്ത്തിരികത്തിക്കുമ്പോള്‍ രണ്ടാള്‍ക്കും വേറെയൊന്നും പ്രാര്‍ഥിക്കാനുണ്ടായിരുന്നില്ല. വേറെ എന്താണ് പ്രാര്‍ഥിക്കേണ്ടത്? ചികിത്സകള്‍ ഒരുപാട് നടത്തി. അനപത്യ ദുഖത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഡോക്ടറുമാര്‍ക്ക് പോലും പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പ്രതീക്ഷകളുടെ നേര്‍ത്തവരകള്‍ കണ്ടത് ഏഴുതവണയാണ്.

ഓരോ തവണയും പ്രത്യാശയോടെ കാത്തിരിക്കും. മൂന്ന് മാസം തികയുന്നതിന് മുന്‍പ് ഏഴുകുഞ്ഞുങ്ങളും നഷ്ടമായിട്ടുണ്ട്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തതയില്ല. ഡല്‍ഹിയിലെ ഉയര്‍ന്ന ഉദ്യോഗത്തിന് അവധികൊടുത്തിട്ടാണ് ഇരുവരും നാട്ടിലെ ഇല്ലത്തേക്ക് താമസിക്കാനെത്തിയത്. അവസാനപ്രതീക്ഷയായിരുന്നു ഇല്ലത്തെ അമ്പലത്തിലെ കുളിച്ചുതൊഴല്‍. സന്താനഗോപാലമൂര്‍ത്തിയായ ഭഗവാനാണ് കൈവിടില്ല എന്ന അമ്മയുടെ ഒറ്റവാക്കിലാണ് സന്താനഗോപാലവൃതം എടുക്കാനാരംഭിച്ചത്.

പ്രാര്‍ഥിക്കുക. അത് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്കും പറയാനുണ്ടായിരുന്നു. ചിലനേരം ശാസ്ത്രത്തേക്കാള്‍ ശക്തി ഭക്തിയ്ക്കും വിശ്വാസത്തിനുമുണ്ട്. വ്രതം പൂര്‍ത്തിയാക്കി തിരികെ പോകാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ശ്രീദേവി ഇല്ലത്തെ കാവിനരികില്‍ തലചുറ്റി വീണത്. എന്തെങ്കിലും കടിച്ചതാണോയെന്നാണ് ആദ്യം ഭയന്നത്. ഇന്നോളം കാവിലുള്ളവര്‍ ആരെയും ഒന്നും ചെയ്തതായി അറിവില്ല. അനുവാദമില്ലാതെ ഇല്ലത്തെ പറമ്പില്‍ കയറുന്നവരെയും അപരിചിതരെയും ഭയപ്പെടുത്താറുണ്ട്. താന്‍ ഇന്നോളം അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന് മാധവന്‍ നമ്പൂതിരി ഓര്‍ത്തു.  അങ്ങനെയുള്ളപ്പോള്‍ നിത്യം വിളക്കുവെച്ച് പ്രാര്‍ഥിക്കുന്നവളെ ഒന്നും ചെയ്യില്ലെന്ന് അറിയാം. എന്നാലും മനസ് പെട്ടന്ന് ആ വഴിയ്ക്കാണ് ചിന്തിച്ചത്. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴാണ് വീണ്ടും പ്രതീക്ഷിക്കാനുള്ള വകയുണ്ടെന്ന് ഡോക്ടര്‍ പറയുന്നത്. പ്രതീക്ഷയേക്കാള്‍ ഭയമായിരുന്നു. വീണ്ടുമൊരു കുഞ്ഞിനെക്കൂടി നഷ്ടപ്പെട്ടാലുള്ള മാനസികാവസ്ഥ ചിന്തിക്കാനാകുമായിരുന്നില്ല. അമ്മയാണ് ഇനി തനിയെ ദൂരെ സ്ഥലത്ത് പോകേണ്ടെന്ന് നിര്‍ദേശിച്ചത്.

അമ്മ ഇന്നോളം ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല. ശ്രീദേവിയെ വേളി കഴിക്കുന്നതിന് എല്ലാവരും എതിര്‍ത്തിട്ടും അമ്മയ്ക്ക് സമ്മതമായിരുന്നു. അഷ്ടിക്ക് വകയില്ലാത്ത ഇല്ലത്തെ കുട്ടിയെ എന്തിനാണ് വേളി കഴിക്കുന്നതെന്ന് പലരും നേരിട്ട് തന്നെ ചോദിച്ചിരുന്നു. പോരാത്തതിന് അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചവള്‍. എത്ര നല്ല ബന്ധം കിട്ടും എന്നിട്ടും ഇത് തന്നെ വേണോയെന്ന് പലരും അമ്മയോട് മറയില്ലാതെ ചോദിച്ചിട്ടുണ്ട്. അവന്റെ ഇഷ്ടംതന്നെയാണ് എന്റേതും അതിനപ്പുറം ഒന്നുമില്ലെന്ന് പറയുമ്പോള്‍ അമ്മയുടെ വാക്കിന് വാത്സല്യത്തേക്കാള്‍ കൂടുതല്‍ ധീരതയായിരുന്നു.

മകന്റെ തീരുമാനത്തെ അമ്മ എന്നും മാനിച്ചിട്ടേയുള്ളൂ. വന്ന് കയറിയ അന്നുമുതല്‍ ശ്രീദേവി മരുമകളായിരുന്നില്ല, മകള്‍ തന്നെയാണ്. തിരിച്ചും അങ്ങനെ തന്നെ. അച്ഛന്‍ നമ്പൂതിരിയുടെ മരണശേഷം അമ്മ തനിച്ചായിരുന്നു. ഡല്‍ഹിയില്‍ ഒരുമിച്ച് നില്‍ക്കാമെന്ന് പറഞ്ഞപ്പോഴൊക്കെയും ഇല്ല കുട്ടാ ഇവിടം വിട്ട് എങ്ങോട്ടുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു.

പ്രസവം വരെ ശ്രീദേവിയെ ഇവിടെ നിര്‍ത്തിക്കൂടേ ഒരു യാത്ര വേണോയെന്ന് ചോദിച്ചപ്പോള്‍ നിഷേധിക്കാനും തോന്നിയില്ല. ഒരുതരത്തില്‍ അതുതന്നെയാണ് നല്ലതും. താന്‍ ഓഫീസിന്റെ തിരക്കുകളിലേക്ക് മാറുന്നതോടെ ശ്രീദേവി ഫ്‌ളാറ്റില്‍ തനിച്ചാകും.അതിലും നല്ലതാണ് അവള്‍ക്ക് ഏറെ ഇഷ്ടമുള്ള നാട്ടില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നത്.

ശ്രീദേവിയ്ക്കും നൂറുവട്ടം സമ്മതമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കിട്ടിയ ഓര്‍മയില്ല ശ്രീദേവിയ്ക്ക്. കിട്ടാതെ പോയ സ്‌നേഹം ഒരുമിച്ച് നല്‍കിയത് പാര്‍വതിയമ്മയാണ്. ഡോക്ടറുമാരും ഇതുതന്നെയാണ് നല്ലതെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. വിവാഹം കഴിഞ്ഞ് ആദ്യമായിട്ടാണ് അകന്നു കഴിയുന്നത്. എന്നാലും സാരമില്ല, പണ്ടത്തെപോലെയല്ലല്ലോ വിചാരിക്കുന്ന സമയത്ത് നാട്ടിലെത്താം എന്ന പ്രതീക്ഷയിലാണ് ഡല്‍ഹിയിലേക്ക് തനിയെ യാത്ര തിരിച്ചത്.

ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടവും സന്തോഷത്തേക്കാളേറെ ഉത്കണ്ഠയോടെയാണ് കടന്നുപോയത്. പേടിക്കേണ്ട കുട്ടാ, ഇത്തവണ ഒന്നും സംഭവിക്കില്ലെന്ന അമ്മയുടെ ഉറച്ചവാക്കുകള്‍ തന്ന ആശ്വാസം ചില്ലറയല്ല. ഓരോ മാസത്തെയും ചെക്ക് അപ്പിന്റെ സമയമാകുമ്പോള്‍ നാട്ടിലേക്ക് എത്താറുണ്ട്. ഒരുമിച്ചുതന്നെയാണ് എല്ലാതവണയും ആശുപത്രിയിലേക്ക് പോയിരുന്നത്. പ്രസവസമയത്ത് റൂം കിട്ടാന്‍ പ്രയാസമായാലോ എന്ന് ചിന്തിച്ച് അവസാനചെക്കപ്പിന് പോയപ്പോള്‍ മുറി വരെ അഡ്വാന്‍സായി ബുക്ക് ചെയ്തതാണ്.

പക്ഷെ…

കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് പറഞ്ഞ ഡേറ്റിനും മുന്‍പേ വേദന തുടങ്ങി. അതുവരെ കാണാത്ത നൂറുതടസങ്ങളാണ് ആശുപത്രിയില്‍ എത്തിക്കാന്‍ തുനിഞ്ഞപ്പോള്‍ സംഭവിച്ചത്. കാര്‍ സ്റ്റാര്‍ട്ടാകുന്നില്ല, ടാക്‌സി വിളിച്ചിട്ട് കിട്ടുന്നില്ല, ആംബുലന്‍സ് വരുന്ന വഴി മരം വീണ് വരാന്‍ സാധിക്കാതെയായി. ശ്രീദേവിയ്ക്ക് വേദന കൂടിക്കൂടി വന്നു. ഡോക്ടറോട് വീട്ടിലേക്ക് വരാന്‍ പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ചിലതീരുമാനങ്ങള്‍ നടപ്പാക്കാന്‍ നമ്മള്‍ മനുഷ്യര്‍ക്ക് സാധിക്കില്ല. അത് ദൈവഹിതമാണ്, മാനിക്കുക തന്നെ വേണം.

മകളെ കയ്യിലേക്ക് ഏറ്റുവാങ്ങിയ നിമിഷം ഇന്നോളം അനുഭവിച്ച എല്ലാ സന്തോഷങ്ങള്‍ക്കും അപ്പുറത്തായിരുന്നു. അത്രയും കാലം സഹിച്ച സങ്കടങ്ങള്‍ക്കെല്ലാം അവസാനം അവളുടെ നീലനിറമുള്ള കണ്ണുകളില്‍ അലിഞ്ഞില്ലാതെയായി. ആദ്യമായിട്ടാണ് ഇത്രയധികം ഇമോഷണലാകുന്നത്. കാത്തുകാത്ത് ആശിച്ചുമോഹിച്ച പാവയെകിട്ടിയ കുഞ്ഞിന്റെ സന്തോഷമായിരുന്നു. ഈ കുഞ്ഞ് ഈ നാടിന്റെ ഐശ്വര്യമാകും എ്ന്ന അല്ലാതെ കൂടുതലൊന്നും ജോത്സ്യന്‍ പറഞ്ഞില്ല. പോകുന്നതിന് മുന്‍പ് മകളെ അദ്ദേഹം വണങ്ങുന്നത് കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. നിങ്ങള്‍ക്ക് എല്ലാം വഴിയെ മനസിലാകും എന്നല്ലാതെ അദ്ദേഹം മറ്റൊന്നും പറയാതെയാണ് പോയത്.

വേണിയുടെ ജനനശേഷം കണ്‍മുന്നില്‍ കണ്ടതെല്ലാം അത്ഭുതങ്ങളായിരുന്നു. കുഞ്ഞിന്റെയടുത്ത് പാമ്പുകള്‍ വരാന്‍ തുടങ്ങിയതാണ് തുടക്കം. ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ തൊട്ടിലിന് മുകളിലാണ് ആദ്യമായി പാമ്പിനെ കണ്ടത്. ഒരുനിമിഷം വയറ്റിലൂടെ തീ കടന്നുപോയ അനുഭവമായിരുന്നു. വളരെ ശാന്തമായി കുഞ്ഞിനെ തന്നെ നോക്കിയിരിക്കുന്ന സര്‍പ്പം. പലരും ഇല്ലത്തെ പറമ്പില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട് എന്നാല്‍ ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത്. അതൊരു തുടര്‍ച്ചയായിരുന്നു. കുഞ്ഞുമായി മുറ്റത്തേക്ക് ഇറങ്ങിയാല്‍ ചെമ്പരത്തിയുടെ ഇടയിലും മുല്ലവള്ളിയിലുമെല്ലാം ചെറുതും വലുതുമായ സര്‍പ്പങ്ങളെ കാണാന്‍ തുടങ്ങി.

പലതും കാല്‍ചുവട്ടില്‍ നമസ്‌കരിക്കുന്നത് പോലെ വന്ന് കിടക്കുന്നതും പതിവ് കാഴ്ചയായി. എവിടെ തിരിഞ്ഞാലും കുഞ്ഞിനെത്തന്നെ നോക്കിയിരിക്കുന്ന നാഗങ്ങള്‍.

സമാധാനമായി ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. ഒരുദിവസം ഇല്ലത്തെ കാവില്‍ പോയി എന്തിനാണ് ഈ പരീക്ഷണമെന്ന് കരഞ്ഞുപ്രാര്‍ഥിച്ചു. അന്നേദിവസമാണ് വെളുപ്പിനെ ആ സ്വപ്‌നം കാണുന്നത്.

‘സ്വപ്‌നത്തില്‍ മനുഷ്യരൂപിയായ അനന്തഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. നാഗവേണിയുടെ ജന്മരഹസ്യം വെളിപ്പെടുത്തി. നാഗങ്ങള്‍ അവരുടെ ദേവിയെ കാണാന്‍ വരുന്നതാണെന്നും ഒരുകാരണവശാലും ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഭയമായ സ്ഥിതിയ്ക്ക് വേണി കാവിലേക്ക് വന്നാല്‍ അല്ലാതെ ആരും അവളെ കാണാനായി ഇല്ലത്തേക്ക് വരില്ലെന്നും അരുളിചെയ്തശേഷം ഭഗവാന്‍ മറഞ്ഞു. താന്‍ കണ്ടത് സ്വപ്‌നമാണോ സത്യമാണോയെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മാധവന്‍. മുറിയില്‍ മഞ്ഞളിന്റെ മണം തിങ്ങിനിറഞ്ഞു. ഒരുനുള്ളുമഞ്ഞള്‍ മുറിയില്‍ ചിതറിക്കിടന്നു. ദേവിയുടെ ശാപമോക്ഷത്തിന് സാധാരണ മനുഷ്യരായ ഞങ്ങള്‍ കാരണക്കാരാകുന്ന വിധിനിയോഗം… സ്വപ്‌നം വിശ്വസിക്കണോ??

ഉണര്‍ന്നപ്പോള്‍ കണ്ടത് സ്വപ്‌നമാണെന്ന് വിശ്വസിക്കാനായിരുന്നു മാധവന് ഇഷ്ടം. എന്നാല്‍ ചുറ്റുമുള്ള മഞ്ഞള്‍പ്പൊടി സത്യമാണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു.

എന്തുതന്നെയായാലും അതിനുശേഷം അകത്തളത്തിലോ തൊടിയിലോ പാമ്പുകളെ കണ്ടിട്ടില്ല. വേണിയുടെ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ആശങ്കയുടെ കാര്‍മേഘം മാധവന്റെ ഉള്ളില്‍ നിന്നും അകന്നുപോകുന്നുണ്ടായിരുന്നു.

പക്ഷെ കാലം എപ്പോഴും സമാധാനം തരണമെന്നില്ല.

നാഗങ്ങള്‍ വീട്ടിലേക്ക് വരില്ല എന്ന് മാത്രമേ ഭഗവാന് പറഞ്ഞിരുന്നുള്ളൂ. നാഗവേണി കാവിലേക്ക് എത്തിയാല്‍ നാഗങ്ങള്‍ തീര്‍ച്ചയായും അവരുടെ ദേവിയുടെ അരികിലേക്ക് വരുമെന്ന് പറഞ്ഞത് കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാവരും മറന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം…

പ്രഭാതത്തില്‍ സൂര്യന്‍ ഉദിച്ചുയരുന്നതേയുള്ളൂ. മൂടല്‍മഞ്ഞിന്റെ തണുപ്പ് വിട്ടുമാറിയിട്ടില്ല. രാവിലെ അമ്മൂമ്മയോടൊപ്പം വിഷ്ണുക്ഷേത്രത്തില്‍ നിന്നും തിരികെ വരുംനേരം ഒരു പൂമ്പാറ്റചിറകിനോടൊപ്പം കുഞ്ഞുവേണി കൈവിടുവിച്ച് ഓടാന്‍ തുടങ്ങി. തടയാന്‍ സാധിക്കുന്നതിന് മുന്‍പേ തന്നെ അവള്‍ എത്തിയത് കാവിന്റെ മുന്നിലാണ്. ഒരുനിമിഷം കാറ്റ് നിശ്ചലമായി. മരങ്ങള്‍ അനങ്ങാതെയായി. അപ്രതീക്ഷിതമായി അവരുടെ ദേവി വീണ്ടും അവരിലേക്ക് എത്തുകയാണ്. നാഗങ്ങള്‍ വാലുകളില്‍ കുത്തി തലപൊക്കി നോക്കി.

ദേവീ എത്ര യുഗങ്ങളായി കാത്തിരിക്കുന്നു, നാഗലോകത്തേക്ക് വരൂ എന്ന് സീല്‍ക്കാരങ്ങളിലൂടെ പാമ്പുകള്‍ പറയുന്നുണ്ടായിരുന്നു. പാലപ്പൂവ് സന്തോഷം കൊണ്ട് തലയിളക്കി. അവിടെമാകെ പൂമഴ പെയ്തു. നാഗക്കാവിലേക്ക് പ്രഭാതത്തിന്റെ വെളിച്ചം വരുന്നതേയുണ്ടായിരുന്നുള്ളൂ. നാഗങ്ങളുടെ ദേഹം വജ്രം പോലെ തിളങ്ങി. മുളങ്കാടുകള്‍ സ്വര്‍ണ്ണംപൂശിയത് പോലെ. ഈ അപൂര്‍വ്വസുന്ദരകാഴ്ചയ്ക്ക് സൂര്യന്‍ സാക്ഷിയായി.  ഇതാദ്യമായാണ് വേണി കാവിലേക്ക് വരുന്നത്. എന്നും അമ്മയോടും മുത്തശ്ശിയോടും കാവില്‍ കൊണ്ടുവരാന്‍ പറയുമ്പോള്‍ എന്തെങ്കിലുമൊക്കെ ഒഴിവുകള്‍ പറയാറാണ് പതിവ്. മഴക്കാലത്താണ് കാവ് കാണാന്‍ ഏറെ ഭംഗി.

മഴമേഘങ്ങള്‍ ആദ്യം തൊടുന്നത് കാവിലാണ്. അപ്പോള്‍ കാവ് കണ്ടാല്‍ തലയെടുപ്പോടെ അനന്തശേഷന്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നത് പോലെ തോന്നും.

അനന്തന്‍…

മുത്തശ്ശി പറഞ്ഞുതരാറുള്ള കഥകളില്‍ നിന്നാണ് ആദ്യമായി നാഗരാജാവായ അനന്തനെക്കുറിച്ച് കേള്‍ക്കുന്നത്. നിസ്വാര്‍ഥസ്‌നേഹത്തിന്റെ പ്രതീകമായ അനന്തനോട് ഭക്തികലര്‍ന്ന സ്‌നേഹമാണ് ആദ്യം തന്നെ നാഗവേണിയ്ക്ക് തോന്നിയത്. അവള്‍ക്ക് അറിയില്ലല്ലോ ജന്മജന്മാന്തരങ്ങളായ ബന്ധത്തിന്റെ ചുരുള്‍ അഴിയാന്‍ പോകുകയാണെന്ന്.

കാവിലേക്ക് വേണി ആദ്യമായി കുഞ്ഞിക്കാലുകള്‍ വെച്ചു. ഉയര്‍ന്നുനിന്ന പുല്ലുകള്‍ അവള്‍ക്ക് വഴി മാറി. നാഗങ്ങള്‍ അവളുടെ കാല്‍ച്ചുവട്ടില്‍ നമസ്‌ക്കരിച്ചു കിടന്നു. കിളികള്‍ സ്‌നേഹത്തിന്റെ സംഗീതം പൊഴിച്ചു. മഞ്ഞളിന്റെയും ചന്ദനത്തിന്റെ ഗന്ധം കാറ്റില്‍.. കാവിലെ കുളത്തിലെ ജലത്തില്‍ തിരയിളക്കി. നാഗമാണിക്യത്തിന്റെ പ്രകാശം കുളത്തില്‍ പ്രതിഭലിച്ചു.

പേടിയോടെ പാര്‍വതീ അന്തര്‍ജ്ജനം കാവിലേക്ക് എത്തിയതും പ്രകൃതി വീണ്ടും പഴയതുപോലെയായി. നാഗങ്ങള്‍ കാവിലേക്ക് തന്നെ മടങ്ങി. നാഗവേണിയുടെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തരുതെന്ന് നാഗരാജാവിന്റെ കല്‍പ്പന അവര്‍ ശിരസ്സാവഹിച്ചു.

ഈ കാഴ്ചകളൊക്കെയും മാധവനും ശ്രീദേവിയും ഒരു ഞെട്ടലോടെ ജനാലയിലൂടെ കാണുന്നുണ്ടായിരുന്നു. താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് മാധവന്‍ ശ്രീദേവിയോട് പറഞ്ഞു.

ആറ്റുനോറ്റുണ്ടായ കുഞ്ഞ് ദേവിയാണെന്നറിയുന്നത് ഏതൊരു അമ്മയ്ക്കും അഭിമാനം തന്നെയാണ്. പക്ഷെ ദൈവീകശക്തിയുള്ള കുഞ്ഞിനെ തങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന ഭയം അവരെ വേട്ടയാടി.

ഇനിയുള്ള കാലം വീണ്ടും ഡല്‍ഹിയിലേക്ക് തന്നെ പോയാലോയെന്ന് ഇരുവരും ഒരുപോലെ ചിന്തിച്ചു. പക്ഷെ അതിനുമുന്‍പ് അവര്‍ക്ക് ഒരാളുടെ സമ്മതം വേണം.

സാക്ഷാല്‍ ആദിശേഷന്റെ. ആ സമ്മതം നേടാതെ മകളെ കാവില്‍ നിന്നും നാട്ടില്‍ നിന്നും അകറ്റാന്‍ ഇരുവരും ഒരുക്കമായിരുന്നില്ല.

മകളെ മനുഷ്യക്കുഞ്ഞായി വളര്‍ത്താന്‍ സാധിക്കണേയെന്ന് ഇരുവരും ഭഗവാനോട് പ്രാര്‍ഥിച്ചു.

ഈ ജന്മത്തിന്റെ നിയോഗം അതുതന്നെയായിരുന്നു. നാഗശക്തികളോടെ നാഗലോകത്തിന്റെ നേരിയ ഓര്‍മകളോടെ ഭൂമിയില്‍ ജീവിക്കുക. ആ വിധി തടുക്കാന്‍ അനന്തനും ഒരുക്കമായിരുന്നില്ല.

അന്നുരാത്രി മാധവനും ശ്രീദേവിയ്ക്കും സ്വപ്‌നദര്‍ശനമുണ്ടായി. അനന്തന്‍ അരുളിച്ചെയ്തു.

നിങ്ങള്‍ നാഗവേണിയെ മനുഷ്യസ്ത്രീയായിത്തന്നെ വളര്‍ത്തണം

ഈ ജന്മം അവളുടെ നിയോഗം അതുതന്നെയാണ്.

മനുഷ്യജന്മത്തിലെ സുഖദുഖങ്ങള്‍ അറിഞ്ഞുതന്നെ വളരണം.

പക്ഷെ അവളുടെ ഉള്ളില്‍ നാഗശക്തിയും നാഗലോകത്തെക്കുറിച്ചുള്ള നേര്‍ത്ത ഓര്‍മകളും ഉണ്ടാകും.

നാഗങ്ങള്‍ എന്നും അവരുടെ ദേവിയെ അനുസരിക്കും

അത് എനിക്കും തടുക്കാന്‍ സാധിക്കില്ല.

നാഗലോകത്തെക്കുറിച്ചുള്ള അവളുടെ ഓര്‍മകള്‍ ശക്തമാകുന്ന കാലത്ത് ഞാനും മനുഷ്യനായി അവതരിക്കും.

നാഗമാണിക്യം ഒരുമിച്ചുകാണുന്ന ദിനത്തില്‍ ശാപമോക്ഷമുണ്ടാകും.

അന്ന് ദേവിയ്ക്ക് തീരുമാനിക്കാം നാഗലോകം വേണോ മനുഷ്യലോകം വേണോയെന്ന്.

വിധിനിയോഗങ്ങളെ തടുക്കാന്‍ നിങ്ങള്‍ക്കുമാകില്ല. അത് എന്നും ഓര്‍മയുണ്ടാകണം. നാഗങ്ങളോട് യാത്ര പറഞ്ഞ് നിങ്ങള്‍ക്ക് അവളെ കൊണ്ടുപോകാം.

ഭഗവാന്‍ അപ്രത്യക്ഷനായി.
ആകാശത്ത് നീലപ്രകാശം പരന്നു.
കാവില്‍ നിന്നൊരു ശബ്ദം,
പാമ്പുകള്‍ വീണ്ടും തലതാഴ്ത്തുന്നത് പോലെ.

അന്നേ ദിവസം മാധവനും ശ്രീദേവിയും തീരുമാനിച്ചു —
വേണിയെ നഗരത്തിലേക്കു കൊണ്ടുപോകാമെന്ന്.
അവള്‍ മനുഷ്യകുഞ്ഞായിട്ടു വളരട്ടെ.
കാവിന്റെ കുട്ടിക്ക് ഇനി മനുഷ്യലോകത്തിലെ ജീവിതം തുടങ്ങട്ടെ.

ഏറെ വേദനയോടെയാണ് വേണിയോടൊപ്പം വീണ്ടും ഡല്‍ഹിജീവിതം ആരംഭിക്കാന്‍ പോകുന്ന കാര്യം പാര്‍വതി അന്തര്‍ജ്ജനത്തോട് പറയുന്നത്. സങ്കടമുണ്ടെങ്കിലും കുഞ്ഞിന്റെ നല്ലഭാവിയെക്കരുതി അങ്ങനെയാകട്ടെ എന്ന് അല്ലാതെ മറ്റൊന്നും അവര്‍ക്കും പറയാനുണ്ടായിരുന്നില്ല.

മൂന്നുവയസുവരെ അവളുടെ കുസൃതികള്‍ക്കും കളിചിരികള്‍ക്കും കൂട്ടായ കാവും നാടും തൊടിയുമെല്ലാംവിട്ട് നഗരത്തിലേക്ക് പറച്ചുനടല്‍. പോകുന്നതിന് മുന്‍പ് നാഗങ്ങളോട് യാത്ര പറയണമായിരുന്നു.

കാവ് ശോകമൂകമായിരുന്നു. കിളികളും കാറ്റും മരങ്ങളും ചലിക്കുന്നതേയില്ല. വീണ്ടും അവര്‍ക്ക് അവരുടെ ദേവിയെ നഷ്ടമാകുകയാണ്. പോകുന്നതിന് മുന്‍പ് കാവില്‍ പൂജകള്‍ നടത്തി സര്‍പ്പങ്ങളെ പ്രസാദിപ്പിക്കാമെന്ന് മാധവന്‍ തീരുമാനിച്ചു.

വേണിയുടെ ജനനത്തിനുശേഷം ഇല്ലത്തെ ആദ്യമായി നടത്തുന്ന പൂജ. കുരുത്തോലകളും നിറദീപങ്ങളുമായി കാവൊരുങ്ങി. നെയ്യുടെയും മഞ്ഞളിന്റെയും വാസന കാറ്റിലലിഞ്ഞു.

നാഗവേണിയുടെ വിയോഗത്തില്‍ സര്‍പ്പങ്ങള്‍ ദുഖിതരായിരുന്നു. പക്ഷെ ഒരിറ്റുകണ്ണുനീര് പോലും വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. കാരണം സര്‍പ്പകോപമുണ്ടായാലത് ബാധിക്കുന്നത് ദേവിയുടെ പ്രിയപ്പെട്ടവരെയായിരിക്കുമെന്നവര്‍ക്കറിയാമായിരുന്നു. ഈ ജന്മത്തിലെ നിയോഗങ്ങള്‍ അനുഭവിക്കാന്‍ ദേവിയെ അനുവദിക്കണമെന്ന ആദിശേഷന്റെ നിര്‍ദേശം നാഗങ്ങള്‍ ശിരാസ്സാവഹിച്ചു. ഇനി കുറച്ചുകാലം കൂടിയല്ലേ ഭൂമിയിലെ ദേവിയുടെ വാസമുണ്ടാകുവെന്ന് അവര്‍ ആശ്വസിച്ചു.

കാവിലെ പൂജയുടെ ഭാഗമായി കാവില്‍ സര്‍പ്പക്കളമൊരുങ്ങി. പുള്ളുവന്‍മാര്‍ പുള്ളോര്‍ക്കുടത്തിലടിച്ച് നാഗരാജവിനെയും നാഗയക്ഷിയമ്മയേയും പ്രീതിപ്പെടുത്താനായി പാട്ടുകള്‍ പാടി. ഭഗവാന്‍ പരമശിവന്‍ ദര്‍ഭപ്പുല്ലുകൊണ്ട് സൃഷ്ടിച്ചവരാണ് പുള്ളുവന്‍മാരെന്നാണ് വിശ്വാസം. ശിവന്‍ വീണയും ബ്രഹ്‌മാവ് കുടവും മഹാവിഷ്ണു കൈമണിയും സരസ്വതീദേവി സംഗീതവും നല്‍കി ഭൂമിയിലേക്ക് അയച്ചവരാണ് പുള്ളുവന്മാര്‍. ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ പാടി പ്രസാദിപ്പിക്കാനുള്ള ചുമതല പുള്ളുവനാണ്.

പുള്ളോന്റെ പാട്ട് മുറുകി. സര്‍പ്പകളത്തിലെ ചിത്രത്തിന് ആയിരം വര്‍ണ്ണങ്ങള്‍. ഇതെല്ലാം കണ്ടുനിന്ന കൊച്ചുവേണിയ്ക്ക് ഇവയെല്ലാം എന്നോ കണ്ടുമറന്ന കാഴ്ചകള്‍ പോലെ തോന്നാന്‍ തുടങ്ങി. സര്‍പ്പക്കളത്തില്‍ വരച്ച ആദിശേഷന്റെ ചിത്രം കണ്ടപ്പോള്‍ ആ കണ്ണുകള്‍ താന്‍ മുന്‍പ് കണ്ടതുപോലെയവള്‍ക്ക് തോന്നി. അവളുടെ ഓര്‍മകള്‍ അവളിലേക്ക് വരാന്‍ തുടങ്ങുന്നതിന്റെ തുടക്കം.

യുഗങ്ങള്‍ക്ക് മുന്‍പേ കണ്ട കണ്ണുകള്‍….

നാഗരാജാവും നാഗയക്ഷിയമ്മയും പ്രസാദിക്കണമെന്ന് പുള്ളോന്‍ പുള്ളോര്‍ക്കുടം മീട്ടി പാടുമ്പോള്‍ വേണിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പാനൊരുങ്ങി. പെട്ടന്നൊരു കാറ്റ് ആ കണ്ണീരിനെ കവര്‍ന്നെടുത്തു.

സങ്കടപ്പെടരുത് നീ ഇവിടേക്ക് തന്നെ വരേണ്ടവളാണെന്ന് ആരോ അടുത്തുവന്നുനിന്ന് പറയുന്നത് പോലെ. ആ ശബ്ദം ആ ഗന്ധം എല്ലാം അവള്‍ക്ക് സുപരിചിതം. നാഗകളത്തില്‍ മണിനാഗത്തെപ്പോലെ പാതിയടഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന പെണ്‍കുട്ടി സര്‍പ്പംപാട്ടിന്റെ താളത്തിനനുസരിച്ച് മുടിയഴിച്ച് തുള്ളാന്‍ തുടങ്ങി. ഒടുവിലവള്‍ വന്നുനമസ്‌ക്കരിച്ചത് കുഞ്ഞുവേണിയുടെ പാദങ്ങളിലായിരുന്നു.

നൂറും പാലും നല്‍കി സര്‍പ്പങ്ങളെ പ്രസാദിപ്പിച്ചു. കുറച്ചുനേരം വേണിയെ അവളുടെ പ്രിയപ്പെട്ടവരുടെ അടുത്ത് തനിയെ നില്‍ക്കാന്‍ മാധവനും ശ്രീദേവിയും അനുവദിച്ചു. തങ്ങള്‍ക്ക് അനുവദിച്ചുതന്ന സൗഭാഗ്യത്തിന് മനസുകൊണ്ടവര്‍ ആദിശേഷന് നന്ദി പറഞ്ഞു. മഞ്ഞള്‍ നിറഞ്ഞ കളത്തില്‍ ദേവിയെപ്പോലെ വേണി. അവള്‍ക്ക് ചുറ്റും നാഗങ്ങള്‍ കാവില്‍ നിന്നും ഇഴഞ്ഞെത്തി. അഷ്ടനാഗങ്ങളും ദേവിയെ കാണാനെത്തി.

ഇനി എന്നാണ് സ്വന്തം പ്രജകളെ കാണാന്‍ വരുന്നതെന്ന് നാഗങ്ങള്‍ കണ്ണുകളിലൂടെ ചോദിച്ചു. കുഞ്ഞുവേണി സുന്ദരമായി ഒന്നു പൂഞ്ചിരിച്ചു. പാലപ്പൂവുകള്‍ ഉതിര്‍ന്നുവീണു. അനന്തന്‍ ആകാശത്ത് നിന്നും ഈ കാഴ്ച വീക്ഷിച്ചു.

ഡല്‍ഹിയിലെ പുതിയ ജീവിതവുമായി വേണി പെട്ടന്ന് തന്നെയിണങ്ങി. പുതിയ കൂട്ടുകാര്‍, പുതിയ സ്ഥലം. എന്നിരുന്നാലും അവളുടെ ഓര്‍മകളില്‍ കാവിലെ നീലവെളിച്ചവും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞുനിന്നും. മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലനേരം അവളെ കരയിച്ചു.

വേനലവധിയ്ക്ക് നാട്ടിലേക്ക് പോകാമെന്നുള്ളതാണ് ഏറെ സന്തോഷിപ്പിച്ചത്. അവള്‍ വളരുന്നതിനനുസരിച്ച്്് നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകളും ശക്തമായി.

പല രാത്രികളിലും നക്ഷത്രനദികള്‍ക്കിടയിലൂടെ നീന്തി പുളയ്ക്കുന്ന നാഗങ്ങളെ സ്വപ്‌നം കണ്ടു. മുത്തും വൈഢൂര്യവും പതിച്ച കൊട്ടാരത്തിന്റെ ഉദ്യാനത്തിലെ ആകാശനദിക്കരയിലിരിക്കുന്ന ദേവിയുടെ കണ്ണുകള്‍ക്കും നീലനിറം. അത് അവളുടെ കണ്ണുകള്‍ തന്നെയല്ലേ?

വേണീ… എഴുന്നേല്‍ക്കൂ കുട്ടീ

സ്‌ക്കൂളില്‍ പോകണ്ടേ

രണ്ടുദിവസം കൂടികഴിഞ്ഞാല്‍ നാട്ടില്‍പോകാം.

അപ്പോള്‍ കിടന്നുറങ്ങാം

ശ്രീദേവിയുടെ ശബ്ദം ഉറക്കത്തെ ഇല്ലാതെയാക്കി. താന്‍ കാണുന്ന സ്വപ്‌നങ്ങള്‍ സത്യമാണോയെന്ന ആശങ്ക അവള്‍ക്കുണ്ടായിരുന്നു.

ചെറിയ കാര്യം മതി അമ്മയ്ക്ക് ടെന്‍ഷനാകാന്‍ അതുകൊണ്ട്തന്നെ പറയേണ്ട എന്നവള്‍ തീരുമാനിച്ചു.

അന്നേ ദിവസം സ്‌കൂളില്‍ ഒരു സംഭവമുണ്ടായി

വേണി കൂട്ടുകാരുമൊന്നിച്ച് പന്തുകളിയ്ക്കുകയായിരുന്നു. മൈതാനത്തിന്റെ കിഴക്കേയറ്റത്ത്്് പുല്ലുവളര്‍ന്നുനില്‍ക്കുന്നു, അതിനുമപ്പുറത്ത്്് ശ്മശാനമാണ്. ശ്മശാനത്തിന്റെ ഭാഗത്തേക്ക്് പോകരുതെന്ന് നിര്‍ദേശമുണ്ട്്്. പക്ഷെ കളിയുടെ രസത്തില്‍ അവര്‍ അത് മറന്നു. പന്തുചെന്നുവീണത് ശ്മശാനത്തിലാണ്. ശ്മശാനത്തിലെ കുളത്തില്‍ നിറയെ പാമ്പുകളുണ്ട്്്. ശവങ്ങളുടെ കൊഴുപ്പ് കലര്‍ന്നവെള്ളത്തിന് കറുപ്പുകലര്‍ന്ന കട്ടിയുണ്ട്. പാമ്പുകളുടെ വിഷം കലര്‍ന്നതാണെന്നും പറയാറുണ്ട്.

വേണിയുടെ കൂട്ടുകാരിലൊരാള്‍ ഇതൊന്നും ഓര്‍ക്കാതെ പന്തെടുക്കാന്‍ ശ്മശാനത്തിന്റെ മതില്‍ ചാടിക്കടന്നു. കാറ്റില്‍പ്പോലും പാമ്പിന്‍ വിഷത്തിന്റെ ഗന്ധം. ആ ചട്ടം ചെന്നുപതിച്ചത് കരിമൂര്‍ഖന്റെ തലയില്‍. വേദനകൊണ്ടുപുളഞ്ഞ തക്ഷകവംശത്തില്‍പ്പെട്ട സര്‍പ്പം സകലരൗദ്രഭാവവും പൂണ്ട് ആഞ്ഞുകൊത്തി. മറ്റൊരു സര്‍പ്പം കൈകളിലും. കുട്ടി ഒരു അലര്‍ച്ചയോടെ ഭയപ്പാടോടെ തിരികെ മതില്‍ചാടി അപ്പോഴേക്കും വിഷം ശരീരമാകെ വ്യാപിച്ചു. കുട്ടികള്‍ ഭയന്ന് നാലുദിക്കിലേക്കും പാഞ്ഞു.

വേണി ഭയപ്പാടോടെയാണെങ്കിലും കൂട്ടുകാരന്റെയടുത്ത് പാഞ്ഞെത്തി. ശരീരം മുഴുവന്‍ കരിനീല നിറമായി. വേണിയുടെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകി. ആ കണ്ണുനീര്‍ എങ്ങനെ കടിച്ച മൂര്‍ഖന്‍ പാമ്പുകള്‍ക്ക്്് കാണാതിരിക്കാനാകും. കരയുന്നത് അവരുടെ ദേവിയാണ്. പാമ്പുകള്‍ പത്തിതാഴ്ത്തി കരിനീലം വിഷം വ്യാപിച്ച കുട്ടിയുടെ അരികിലെത്തി. കടിച്ച ഭാഗത്തുനിന്നും വിഷം പതുക്കെ വലിച്ചെടുത്തു. വിഷം പൂര്‍ണ്ണമായി ഇറങ്ങി. വേണി പാമ്പുകളെ നോക്കി. കുട്ടി ചവിട്ടിയ അവരുടെ തലയില്‍ വാത്സല്യത്തോടെ തടവി അവരോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. ദേവിയുടെ കരസ്പര്‍ശത്തില്‍ പാമ്പുകളുടെ വേദനയും ഇല്ലാതെയായി. കൂട്ടുകാരന്റെ ദേഹത്തും കരുണയോടെ വേണി തൊട്ടതോടെ പാമ്പ് ദംശിച്ച പാടുകള്‍ പോലും മാഞ്ഞുപോയി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാകാതെ ഉറക്കത്തില്‍ നിന്നുമെന്ന പോലെ കുട്ടി എഴുന്നേറ്റു. ചില കാര്യങ്ങള്‍ക്ക് കാലം കണക്കുചോദിച്ചിരിക്കും. നാഗലോകം നഷ്ടമായത് ഒരു ജീവന്‍ രക്ഷിച്ചതിന്റെ പേരിലാണ്. ഇവിടെ മനുഷ്യലോകത്ത് നാഗവേണിയ്ക്ക് നാഗലോകത്തിന്റെ നിയമങ്ങളെ ഭയക്കേണ്ടതില്ല. അവളുടെ ഉള്ളിലെ കരുണാദ്രയായ ദേവി ഉണര്‍ന്നു.

ഈ വാര്‍ത്ത കാട്ടുതീ പോലെ സ്‌കൂളില്‍ പടര്‍ന്നു. കുട്ടിയുടെ വീട്ടുകാര്‍ നാഗവേണിയെ കാണാനെത്തി. കുട്ടിയുടെ ജന്മപത്രികയില്‍ ആയുസ് 14 വയസാണെന്നുണ്ടായിരുന്നു. മധ്യഹിമാലയന്‍ പ്രദേശത്തുള്ള നാഗവംശജരാണ് കുട്ടിയുടെ പൂര്‍വികര്‍. നാഗങ്ങളെ ആരാധിക്കുന്നവര്‍. അവരുടെ വംശത്തിലുള്ള ആര്‍ക്കും തന്നെ ഇത്തരമൊരു വിധി ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ആയുസിനായി മാതാപിതാക്കള്‍ മൃതുഞ്ജയമന്ത്രവും നാഗാരാധനയും മുടങ്ങാതെ പാലിച്ചുപോന്നു. നാഗദേവിയുടെ കാരുണ്യം കൊണ്ട് കുട്ടി മരണത്തെ തോല്‍പ്പിക്കുമെന്ന് പണ്ഡിറ്റ് പറഞ്ഞത് സത്യമായി എന്നുപറഞ്ഞ് മാതാപിതാക്കള്‍ നാഗവേണിയെ നമസ്‌ക്കരിച്ച് പൊട്ടിക്കരഞ്ഞു.

മാധവനും ശ്രീദേവിയും കണ്ണുകള്‍ കൊണ്ട് സംസാരിച്ചു. മകള്‍ക്ക് ദൈവീകശക്തിയുള്ളതില്‍ അവര്‍ക്ക് സന്തോഷം മാത്രമേയുള്ളൂ. എന്നാല്‍ കച്ചവടവത്കരണത്തിന്റെ കാലത്ത് മകളെ കുട്ടിദൈവമായി കാണുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. ജീവന്‍ രക്ഷിക്കുകയെന്നത് മഹത്തായ കാര്യമാണ്, അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഡോക്ടറാകട്ടെയെന്ന് ഇരുവരും മനസില്‍ ഒരുപോലെ ചിന്തിച്ചു. ഈജന്മത്തില്‍ ജീവന്‍ രക്ഷിക്കുകയെന്ന മഹത്തായ കര്‍മ്മം. കര്‍മ്മചക്രവും കാലചക്രവും ഒരുപോലെതിരിഞ്ഞു.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു
Post Views: 206
3
Soorya Vijayakumar

Former journalist. Writing is my passion.

8 Comments

  1. Pingback: നാഗലക്ഷ്മി സീരീസ് 4: 500 യുഗങ്ങള്‍ക്കിപ്പുറം സമാഗമം,അനന്തനും വേണിയും കാണുന്നു - By Soorya Vijayakumar - കൂട്ടക്

  2. Pingback: നാഗലക്ഷ്മി: “ജന്മങ്ങള്‍ക്കപ്പുറത്തെ ബന്ധം” - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ

  3. Pingback: നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ

  4. Thara Subhash on November 15, 2025 10:55 AM

    രസിച്ചു വായിച്ചു. നാഗങ്ങളും മനുഷ്യരും ഇടകലരുന്ന ലോകത്തെത്തിയ പോലെ. എഴുതാൻ തിരഞ്ഞെടുത്ത ഭാഷ കഥയ്ക്ക് തീർത്തും ഇണങ്ങുന്നതായി. ഇഷ്ടം

    Reply
    • Soorya on November 15, 2025 3:33 PM

      Thank you

      Reply
  5. Sayara Fathima Karu Kunnath on November 13, 2025 9:27 PM

    രസകരമായ എഴുത്ത്.. 👌👌💗🥰 ഓരോ വരികളും ആകാംഷയോട് കൂടിയാണ് വായിച്ചത്.. മനസ്സിൽ ചെറിയ ഒരു ഭയം തോന്നി 🥲

    Reply
  6. Joyce Varghese on November 13, 2025 9:01 PM

    വ്യത്യസ്തമായ രചന. 👌
    വിശ്വാസങ്ങൾ, ആചാരങ്ങൾ, ഭാവന എല്ലാം ഒന്നിനൊന്ന് വേർതിരിച്ചെടുക്കാനാവാത്ത നല്ലെഴുത്ത്. അഭിനന്ദനങ്ങൾ!👏🥰

    Reply
    • SumaJayamohan on November 15, 2025 11:32 PM

      നല്ല രചന♥️👌🌹

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.