1971 നവംബർ മാസം റിലീസായ “ലൈൻ ബസ്” എന്ന സിനിമ, നേരത്തേയൊരു ബ്ളോഗിൽ സൂചിപ്പിച്ചതു പോലെ “പ്രൈവറ്റ് ബസു”കളുടെ ആരാധകനായിരുന്ന എന്നിൽ കുറച്ചല്ല ഉത്സാഹം വിതച്ചത്! ബസ് ഡ്രൈവർമാരെ സൂപ്പർ താരങ്ങളായും കരുതിയിരുന്ന ബാലനായിരുന്നു, ഇതെഴുതുന്നയാൾ “ലൈൻബസ്” സിനിമയിറങ്ങുമ്പോൾ.
അന്ന് കോട്ടയത്ത് താമസിച്ചിരുന്ന ഞങ്ങൾക്ക് ഏറെ പരിചിതമായ നാട്ടകം റൂട്ടിലൂടെയുള്ള റൂട്ടിലെ ബസ്സുമായി ബന്ധപ്പെട്ടാണ് ലൈൻബസ് എന്ന സിനിമ മുന്നോട്ടു പോകുന്നത്. അതിൽ ബസ് കേടായതിനെ തുടർന്ന് നായികാനായകൻമാരെ കേന്ദ്രമാക്കി ഒരു ഗാനരംഗമുണ്ട്. യഥാർത്ഥത്തിൽ ബസ്സ് ചീത്തയായതാണെന്നും അതിനെ തുടർന്ന് സംവിധായകൻ അവസരോചിതമായി തട്ടിക്കൂട്ടിയ രംഗമാണിതെന്നും അന്ന് അന്ന് അഞ്ചിലോ ആറിലോ പഠിച്ചിരുന്ന ഞങ്ങൾ ഉറക്കെയുറക്കെ ചർച്ച ചെയ്തിരുന്നതും ഓർക്കുന്നു. അക്കാലത്തിറങ്ങിയ ” കണ്ണൂർ ഡീലക്സ്” എന്ന മറ്റൊരു ക്ലാസ്സിക്ക് ചിത്രത്തിലും ബസ്സ് തന്നെയാണ് നായകൻ.
1969ഉൽ ഇറങ്ങിയ ഈ ചിത്രത്തെ പരിമിതമായ തോതിലെങ്കിലും മലയാളത്തിലെ പ്രഥമ “റോഡ് മൂവി”യാണെന്ന് പറയാം. ചിത്രത്തിന്റെ നല്ലൊരു പങ്കും നടക്കുന്നത് കണ്ണൂർ ഡീലക്സ് ബസ്സിലും വിവിധ KSRTC ബസ് സ്റ്റാൻഡുകളിലുമാണല്ലോ?
കേൾവിക്കാരെ ഏറെയാകർഷിച്ച, ഇന്നും കാതുകളിൽ തേൻമഴ പെയിയ്ക്കുന്ന, പാട്ടുകളുടെ ഒരു കലവറ കൂടിയാണ് കണ്ണൂർ ഡീലക്സ്. പ്രേംനസീർ അരങ്ങ് തകർത്തഭിനയിച്ച “സിന്ദൂരപ്പൊട്ടും തൊട്ട്”, ഉമ്മർ വളരെ റൊമാന്റിക് ആയി അവതരിപ്പിച്ച “കണ്ണുകളുള്ളത് നിന്നെക്കാണാൻ” തുടങ്ങിയ പാട്ടുകൾ ഇന്നും കാതുകൾക്ക് മധുരം മടുക്കാത്ത വിരുന്നുകൾ തന്നെ!

മറ്റൊരു പ്രത്യേകതയുള്ളത്, ഇന്നത്തെ രീതിയിൽ നിന്നും തികച്ചും വിഭിന്നമായി കഥാഘടനയിലേയ്ക്ക് ഇടിച്ചു കയറിക്കൊണ്ടാണ് കേൾവിചാരുതരേറിയ മിക്ക ഗാനങ്ങളുടെയും അവതരണം എന്നതാണ്. മാറിമറയുന്ന ചലച്ചിത്ര സംസ്ക്കാരത്തിന്റെയും പൊതുരുചികളുടെയും താഴ്ന്നു വരുന്ന “ശ്രദ്ധസീമകളു”ടെയും (attention spans) ഒക്കെ കൂടി ഓർമ്മപ്പെടുത്തലായി തോന്നി ഈ സിനിമ ഇക്കുറി കണ്ടപ്പോൾ!!
പഴയ T series ബസ്സുകൾ നിർത്തിയിട്ടിരിയ്ക്കുന്ന KSRTC സ്റ്റാൻഡുകൾ, യാഥാർത്ഥ്യത്തെ പ്രതിഫലിയ്ക്കും വിധം ബസ്സിൻറ്റെ crew change ആലുവയിൽ നടക്കുന്നതായുള്ള ചിത്രീകരണം, കായംകുളത്തെ പോലീസ് സ്റ്റേഷനിലെ നടപടികൾ ചടുലത ഒട്ടും കളയാതെ ഒപ്പിയെടുത്തത് തുടങ്ങി ഇന്ന് കൗതുകരമെന്നേ വിശേഷിപ്പിയ്ക്കാവുന്ന കുറേ ഘടകങ്ങൾ “കണ്ണൂർ ഡീലക്സ് ” സിനിമയെ ഇന്നും ആകർഷകമാക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം കണ്ണൂർ ഡീലക്ക്സ് ബാല്യകാല സമൃതികളുടെ സുഗന്ധം പേറുന്ന ഒരു ചിഹ്നമാണ്. ഹരിപ്പാട് മുത്തശ്ശിയുടെ വീട്ടിൽ മധ്യ വേനൽ ഒഴിവ് ആസ്വദിയ്ക്കാൻ പോകുമായിരുന്ന എനിയ്ക്ക്, തിരുവിതാംകൂറിൽ ട്രാൻസ്പോർട്ട് ബസ്സെന്നും മലബാറിൽ സ്റ്റേറ്റ് ബസ്സെന്നും വിളിച്ചിരുന്ന KSRTC ബസ്സിൻറ്റെ ഡ്രൈവറായി അഭിനയിയ്ക്കുകയായിരുന്നൂ പ്രധാന കളി. അന്നത്തെ എന്റെ ultimate hero ട്രാൻസ്പോർട്ട് ബസ്സ് ഡ്രൈവറായിരുന്നൂ. ഒരു കാക്കി ഷർട്ടു പോലും സംഘടിപ്പിച്ചിരുന്നൂ അന്നു ഞാൻ !
ഡോ പരമേശ്വരൻ കെ.
ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ


10 Comments
ഓർമ്മകൾ നന്നായി എഴുതി. ബസ് യാത്രകൾ കുട്ടിക്കാലത്ത് ഏറ്റവും വലിയ ആഗ്രഹവും സന്തോഷവുമായിരുന്നു.👏
കുട്ടിക്കാലത്തെ ഓർമ്മകൾ എന്നും മധുരിക്കുന്നവ തന്നെ
വണ്ടികളും ഡ്രൈവർമാരും എല്ലാവരുടേയും പ്രത്യേകിച്ച് ആൺകുട്ടികളുടെ ആരാധനാപാത്രങ്ങളായിരുന്നുവല്ലോ
നന്നായി എഴുതി♥️👌
നല്ല രസമുള്ള അവതരണം. വായിക്കുന്നതാവട്ടെ കല്പറ്റയിൽ നിന്നും കോട്ടയത്തിനുള്ള ട്രാൻസ്‌പോർട് ബസ്സ് കാത്തിരിക്കുന്ന സമയത്തും
സന്തോഷം. കൂടുതൽ എഴുതാൻ ശക്തമായ പ്രോത്സാഹനമാണത്!!
കാര്യവട്ടത്ത് ഭാഷാശാസ്ത്രം എം എ പഠിച്ചിരുന്ന കാലം കോഴിക്കോട് വിട്ടതിലുള്ള കഠിനമായ.ഗൃഹാതുരത്വത്തിൻറ്റെ കാലമായിരുന്നൂ ആദ്യം. അതെല്ലാാമൊന്ന് ശരിയായപ്പോഴായിരുന്നു അഛൻറ്റെ അപ്രതീക്ഷിതമായ.മരണം. ഇതിനൊക്കെ മറുമരുന്ന് എന്ന നിലയിൽ 2004 മുതൽ 2007വരെ കാര്യവട്ടത്തു തന്നെ പി എച്ച് ഡി ചെയ്തു ….”റേഡിയോ വാർത്തകളുടെ വ്യവഹാരം” എന്ന തലക്കെട്ടിൽ.
വളരെ നന്നായി എഴുതി.
ഓർമ്മകൾ നല്ല രകാരമായി എഴുതി 👌🙂❤️
പഴയ കാല സിനിമകൾ ഓർമ്മയിലെത്തിച്ചതിൽ സന്തോഷം❤️ നല്ല അവതരണം👍 ഞാൻ 1980-82 ൽ സ്റ്റാറ്റിസ്റ്റിക്സ് MSc ക്ക് കാര്യവട്ടം കാമ്പസിൽ ഉണ്ടായിരുന്നു.
നന്നായിരിക്കുന്നു. ഈ ഓർമ്മകൾ വായനക്കാരെയും ഒത്തിരി പിന്നിലേയ്ക്കു കൊണ്ടുപോകും. തുടർന്നും ഓർമ്മകളെഴുതൂ. സുഭാഷും ഞാനും കാര്യവട്ടത്ത് ഒന്നു രണ്ടു വർഷം ജൂനിയറായി ഉണ്ടായിരുന്നു. ഓർക്കുന്നുണ്ടോ?
കാര്യവട്ടത്ത് ഭാഷാശാസ്ത്രം എം എ പഠിച്ചിരുന്ന കാലം കോഴിക്കോട് വിട്ടതിലുള്ള കഠിനമായ ഗൃഹാതുരത്വത്തിൻറ്റെ കാലമായിരുന്നൂ ആദ്യം. അതെല്ലാാമൊന്ന് ശരിയായപ്പോഴായിരുന്നു അഛൻറ്റെ അപ്രതീക്ഷിതമായ മരണം. ഇതിനൊക്കെ മറുമരുന്ന് എന്ന നിലയിൽ 2004 മുതൽ 2007വരെ കാര്യവട്ടത്തു തന്നെ പി എച്ച് ഡി ചെയ്തു ….”റേഡിയോ വാർത്തകളുടെ വ്യവഹാരം” എന്ന തലക്കെട്ടിൽ. രണ്ടു കാലങ്ങളിൽ നിന്നുള്ള നിരവധി സൌഹൃദങ്ങൾ ജീവിതത്തിൻറ്റെ പല ഘട്ടങ്ങളിൽ വന്ന് തലോടിയിട്ടുണ്ട്..ദാ, ഇപ്പോൾ താര ഓർത്തതു പോലെ!! അവ പകരുന്ന ഊർജ്ജം അന്യാദൃശമാണ്.