കള്ളകര്‍ക്കിടകം ആര്‍ത്തുപെയ്യുന്ന സന്ധ്യയില്‍ മുത്തശ്ശിയോടൊപ്പമിരുന്ന് രാമായണം പാരായണം ചെയ്യുകയായിരുന്നു വേണി. പരായണശേഷം അതിന്റെ വ്യാഖ്യാനം പാര്‍വതി അന്തര്‍ജ്ജനം വേണിയ്ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ആയോധ്യാകാണ്ഡമായിരുന്നു അന്ന്
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാസുഖം
രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകങ്ങളിലൊന്ന്. വനത്തിലേക്ക് പോകുന്ന ലക്ഷ്മണനോട് അമ്മ സുമിത്ര നല്‍കുന്ന ഉപദേശമാണിത്. രാമനെ ദശരഥനെപ്പോലെയും സീതയെ മാതാവായ എന്നെപ്പോലെയും കാടിനെ അയോധ്യയെപ്പോലെയും കരുതുക ഉണ്ണീ നീ.
വ്യാഖ്യാനം പറഞ്ഞവസാനിപ്പിച്ചപ്പോള്‍ വേണിയുടെ കണ്ണുകളില്‍ കൗതുകം.

‘മുത്തശ്ശീ ലക്ഷ്മണന് കാട്ടിലേക്ക് പോയപ്പോള്‍ ഊര്‍മിള എന്താണ് ചെയ്തത്?’
‘ചില കഥകള്‍ പ്രകാരം 14 വര്‍ഷം വിരഹം താങ്ങാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഊര്‍മിള അത്രയും കാലം നീണ്ട ഉറക്കം വരമായി ചോദിച്ചുവെന്ന് പറയുന്നുണ്ട്. ചില കഥകളില്‍ ലക്ഷ്മണന്‍ വരുവോളം കാത്തിരുന്നുവെന്നും പറയുന്നുണ്ട്്. രാമനേയും സീതയേയും സംരക്ഷിക്കാനായി 14 വര്‍ഷം ലക്ഷ്മണന്‍ നിദ്ര വെടിഞ്ഞു, അതിനുപകരം ഉറങ്ങിയത് ഊര്‍മിളയാണെന്നും കഥയുണ്ട്. രാവണന്റെ മകന്‍ ഇന്ദ്രജിത്തിനെ വധിക്കാന്‍ സാധിക്കുന്നത് 14 വര്‍ഷം ബ്രഹ്‌മചര്യം അനുഷ്ഠിച്ച വ്യക്തിക്ക് മാത്രമേ സാധിക്കൂ. ലക്ഷ്മണന് മാത്രമാണ് ഇന്ദ്രജിത്തിനെ വിധിക്കാന്‍ ശക്തിയുള്ളത്’.
‘ശ്രീരാമന്‍ പിന്നീട് ലക്ഷ്മണനോട് രാജ്യം ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോഴും ഊര്‍മിള ഒന്നും പറഞ്ഞിരുന്നില്ലേ? ‘
‘വാത്മീകിയുടെ രാമായണം അനുസരിച്ച് ഊര്‍മിള പ്രതികരിച്ചിട്ടില്ല. ആ ജന്മത്തില്‍ ലക്ഷ്മണന്റെ ധര്‍മ്മം രാമനെ അനുസരിക്കുന്നതാണെന്ന് ഊര്‍മിളയ്ക്ക് അറിയാം. ധര്‍മ്മത്തിന്റെ പാതവിട്ട് ഊര്‍മിള ഒരിക്കലും സഞ്ചരിച്ചിട്ടില്ല. രാമന്‍ ഊര്‍മിളയോട് നേരിട്ട് വന്ന് മാപ്പ് ചോദിച്ചുവെന്നാണ് കഥ. അപ്പോള്‍ പോലും ഊര്‍മിള മനസ്ഥൈര്യം വെടിഞ്ഞിട്ടില്ല.’
‘കുട്ടിയ്ക്ക് അറിയില്ലേ ലക്ഷ്മണന്‍ എന്നുപറയുന്നത് അനന്തനാണ്. ധര്‍മ്മദൈവം. ലക്ഷ്മണന്റെ പത്‌നിയപ്പോള്‍ ആരായിരിക്കും നാഗലക്ഷ്മി. ധര്‍മ്മമാര്‍ഗത്തിലൂടെയല്ലാതെ ദേവി സഞ്ചിരിക്കുമെന്ന് തോന്നുന്നുണ്ടോ?’
പറഞ്ഞുകഴിഞ്ഞപ്പോള്‍ അന്തര്‍ജ്ജനം തെല്ലിട മൗനത്തിലാണ്ടൂ. താന്‍ ആരോടാണ് ഈ കഥകള്‍ പറയുന്നത്. വേണി സ്വന്തം കഥ തന്നെയാണല്ലോ കേള്‍ക്കുന്നതെന്ന് ഓര്‍ത്ത് അവര്‍ നിശബ്ദയായി.
്മുത്തശ്ശീ
ഊര്‍മിള പുനര്‍ജനിച്ചിട്ടുണ്ടോ?
‘ദ്വാപരയുഗത്തില്‍ അനന്തന്‍ ബലരാമനായി, അപ്പോള്‍ രേവതിയായത് ഊര്‍മിളയാണെന്നും കഥകളുണ്ട്. കുശസ്ഥലിയിലെ രാജകുമാരിയായിരുന്നു രേവതി. രേവതിയ്ക്ക് അനുയോജ്യനായ വരന്‍ ആരാണെന്നറിയാന്‍
രൈവത മഹാരാജാവ് രേവതിയെകൂടിക്കൊണ്ട് ബ്രഹ്‌മലോകത്തേക്ക് ചെന്നു. അവിടെ യക്ഷന്മാരുടെയും ഗന്ധര്‍വ്വന്മാരുടെയും ഗാനാലാപനം നടക്കുകയായിരുന്നു. അവരും അതുകേട്ട് നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ബ്രഹ്‌മദേവന്‍ ഇവരെ കണ്ടു. വന്നതിന്റെ കാര്യം രേവത രാജാവ് ബ്രഹ്‌മാവിനെ അറിയിച്ചു. അപ്പോഴാണ് മനസിലാകുന്നത് ഭൂമിയില്‍ 1000 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ദേവന്മാരുടെ ഒരു നിമിഷം ഭൂമിയില്‍ നീണ്ട വര്‍ഷങ്ങളാണ’്.
‘അപ്പോഴെന്ത് ചെയ്തൂ മുത്തശ്ശീ?’
വേണി കൗതുകത്തോടെ ചോദിച്ചു.
‘ബ്രഹ്‌മാവ് രേവതനോട് പറഞ്ഞു, രേവതിയ്ക്ക് അനുയോജ്യനായ വരന് ശ്രീകൃഷ്ണന്റെ സഹോദരന് ബലരാമനാണെന്ന്. യുഗങ്ങളപ്പോഴേക്കും ഒരുപാട് കഴിഞ്ഞിരുന്നില്ലേ. രേവതി സത്യയുഗത്തിലുള്ളതാണ്, അതിനാല്‍ സാധാരണ മനുഷ്യരേക്കാള്‍ പൊക്കമുണ്ട്. ആകാശം മുട്ടുന്ന പൊക്കം. ബലരാമന് തന്റെ കലപ്പകൊണ്ട് ചെറുതായി ഒന്ന് തൊട്ടതോടെ രേവതി സാധാരണ മനുഷ്യരൂപത്തിലേക്ക് വന്നുവെന്നാണ് കഥ’.

‘ലക്ഷ്മണനാണ് ബലരാമനായത്. ദ്വാപരയുഗത്തില്‍ കൃഷ്ണാവതാരസമയത്ത് ആദിശേഷന്‍ ഭഗവാനോട് പറഞ്ഞു, കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അനിയനായിരുന്നു. അതുകൊണ്ട് അങ്ങ് പറയുന്നതെല്ലാം അനുസരിച്ചു. ഈ ജന്മത്തില്‍ എനിക്ക് അങ്ങയുടെ ചേട്ടനാകണം. അപ്പോള്‍ ഞാന്‍ പറയുന്നത് അങ്ങ് കേള്‍ക്കുമല്ലോയെന്ന്. ഭഗവാന്‍ അങ്ങനെയാകട്ടേയെന്ന് പറഞ്ഞു.
പക്ഷെ കൃഷ്ണന് ആളുകളെ സംസാരിച്ച് മയക്കാനുള്ള കഴിവുണ്ടായിരുന്നു. ബലരാമന് എന്തെങ്കിലും പറഞ്ഞാലും കൃഷ്ണനത് കൃഷ്ണന്റെ രീതിയിലേക്ക് കൊണ്ടുവരും. പക്ഷെ ബലരാമന് വളരെയധികം ദേഷ്യം വന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. ജന്മങ്ങള്‍ എത്ര കഴിഞ്ഞാലും ചില സ്വഭാവങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കും. ആദിശേഷന്റെ ധര്‍മ്മബോധം ലക്ഷ്മണനും ബലരാമനുമുണ്ടായിരുന്നു. അനീതി കണ്ടാല്‍ പ്രതികരിക്കും’.
മുത്തശ്ശി പറഞ്ഞുനിര്‍ത്തിയിടത്തുനിന്നും വേണി ആരംഭിച്ചു.
‘എന്നിട്ട് എന്താണ് മുത്തശ്ശി ലക്ഷ്മണന്‍ ഊര്‍മിളയോട് കരുതല്‍ കാണിക്കാതെയിരുന്നത്. ഒരു മനുഷ്യന് ആ ജന്മത്തില്‍ ചെയ്യേണ്ട ചില ധര്‍മ്മങ്ങളും കര്‍മ്മങ്ങളുമില്ലേ? ആ നിലയ്ക്ക് നോക്കുമ്പോള്‍ ലക്ഷ്മണന് ഊര്‍മിളയോട് നീതികേടല്ലേ കാണിച്ചത്. ഊര്‍മിളയോട് ഒരുവാക്ക് പോലും പറയാതെയല്ലേ രണ്ടുതവണയും രാജ്യം വെടിഞ്ഞത്. ബലരാമനും അങ്ങനെ തന്നെയല്ലേ? ദ്വാപരയുഗത്തിന്റെ അവസാനം തനിയേയല്ലേ ഇഹലോകം വെടിഞ്ഞ് വൈകുണ്ഠത്തിലേക്ക് പോയത്. ദ്വാരക പ്രളയത്തിലാഴുന്നത് വരെ രേവതി തനിയേയായിരുന്നില്ലേ?’
‘എന്റെ കുട്ടീ. ഇതിനുള്ള ഉത്തരം പറഞ്ഞുതരാനുള്ള ജ്ഞാനം എനിക്കില്ല.
ഒരു കാര്യം ചെയ്യൂ. കാവില്‍ വിളക്ക് വെയ്ക്കാന്‍ പോകുമ്പോള്‍ ഈ സംശയം നീ അനന്തനോട് തന്നെ ചോദിക്കൂ. നമ്മുടെ പരദേവതയല്ലേ, നീ ചോദിച്ചാല്‍ മറുപടി തരാതെയിരിക്കില്ല.’
മുത്തശ്ശി പകുതി കളിയായി പറഞ്ഞതാണ്, എന്നാലത് വേണി കാര്യമായിത്തന്നെയെടുത്തു. പിറ്റേന്ന് കാവില്‍ വിളക്കുവെയ്ക്കാനുള്ള സമയത്തിനായി അവള്‍ കാത്തിരുന്നു. എന്നും അവളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം കാവില്‍ നിന്നുതന്നെ കിട്ടാറുണ്ട്….
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു

4 Comments
പുരാണകഥകൾ വായിക്കാനിഷ്ടം. ഈ എഴുത്തും ആസ്വദിച്ചു.👏❤️
ധർമവും നീതിയും നടപ്പിലാകുവാൻ അവതാരപിറവികൾ സംഭവിക്കുമ്പോഴും ചിലർക്ക് പരിഗണന കിട്ടാറില്ല എന്നു തോന്നിയിട്ടുണ്ട്. ഊർമിള അങ്ങനെയൊരാൾ ആയിരുന്നു.
athe. Enik Epozhum concern thoniya character ann.
👌🏻
Thank you