“മീനു നീ എണീക്കുന്നില്ലേ” എന്നുള്ള രവിയുടെ ഈർഷ്യയിലുള്ള വിളി കേട്ടാണവൾ കണ്ണു തുറന്നത്.
“വൈകി ഉറങ്ങിയാൽ ഇതു തന്നെയാണ് ഫലം”, എന്ന് പറഞ്ഞയാൾ തിരിഞ്ഞു കിടന്നു.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ആള് വന്നു കിടന്നത് തന്നെ അറിഞ്ഞിട്ടില്ല. അതിൻ്റെ അരിശമായിരിക്കും. എത്ര ശ്രമിച്ചിട്ടും തല പൊന്തുന്നില്ല. വല്ലാത്ത തല വേദന. അലാറം പിന്നെയും അലറി. അത് ഓഫ് ആക്കി പിന്നെയും അവൾ കിടന്നു.
മീനു എന്നുള്ള രവിയേട്ടൻ്റെ അടുത്ത വിളിയിൽ അവൾ ചാടിയെണീറ്റു. ഈശ്വര ഇന്ന് വൈകിയത് തന്നെ. പിന്നെ ഓരോട്ട പാച്ചിൽ തന്നെയായിരുന്നു. ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച്, ചട്നി ഉണ്ടാക്കി പാത്രത്തിൽ ആക്കി വേഗം കുളിക്കാൻ കയറി. കഷ്ടം , രാത്രി മുഴുവൻ തലേ ദിവസം കിട്ടിയ ഉത്തരക്കടലാസുകൾ നോക്കുകയായിരുന്നു. അവസാനം നടത്തിയ പരീക്ഷയുടെ പേപ്പറുകൾ പെട്ടന്ന് തന്നെ നോക്കി കൊടുക്കണം അത്രേ.. ഇതെന്താ വല്ല മെഷീൻ വല്ലതും ആണോ പെട്ടന്ന് നോക്കി കൊടുക്കാൻ. കുട്ടികൾ എഴുതി പിടിപ്പിച്ചിരിക്കുന്നത് കണ്ടാൽ പഠിപ്പിച്ച ടീച്ചർക്കടക്കം സംശയം ആകും. അത്ര വിദഗ്ദ്ധമായിട്ടാണ് ഉത്തരത്തിനെ വളച്ചു തിരിച്ചു എഴുതി വെച്ചിരിക്കുന്നത്.
“അമ്മേ ഒന്നിറങ്ങോ എനിക്ക് കുളിക്കാൻ കയറണം” എന്ന് പറഞ്ഞു അച്ചു വാതിലിൽ ശക്തിയായി ഇടിച്ചു.
ഇത് പ്രതീക്ഷിച്ചതാണ്.. വലിയ പെൺകുട്ടിയായി, എന്നാലും അവൾക്ക് ഞങ്ങളുടെ കുളിമുറിയിൽ തന്നെ കയറി കുളിക്കണം
തിരക്കിൽ ശരിക്കും കുളിക്കാനും കഴിഞ്ഞില്ല. ഒരു വിധത്തിൽ കാക്ക കുളിയും കഴിച്ചു ചാടി പുറത്തിറങ്ങി.. അടുത്ത് മുറിയിൽ ചെന്ന് നോക്കിയപ്പോൾ ആണ് ഞെട്ടിയത്.
“അപ്പു എന്താ മോനെ നീ കാണിക്കുന്നെ, ഇത് വരെ എഴുന്നേറ്റില്ലേ?” എന്ന് പറഞ്ഞവന്റെ പുതപ്പ് വലിച്ചപ്പോൾ ദേഷ്യത്തിൽ അവൻ ചാടിയെണീറ്റു എന്തൊക്കെയോ പറഞ്ഞു. അവസാനം അമ്മക്കെന്താ എന്നെ നേരത്തെ വിളിച്ചാൽ എന്ന് ഒരു പരാതിയും. ഒറ്റയടി കൊടുക്കാനാണ് തോന്നിയത്. എട്ടിലെത്തി. എന്നിട്ടും ഇള്ള കുട്ടി ആണെന്നാണ് വിചാരം. പക്ഷേ ഒന്നും പറഞ്ഞില്ല, രാവിലെ ഒരു വഴക്കിനുള്ള നേരം ഇല്ല. തിരക്കോട് തിരക്കാണ്. ചിലപ്പോൾ തോന്നും ഒരു ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂർ പോര. കുറച്ചു സമയം കൂടി വേണം എന്ന്. രാത്രി കഴിയാതിരുന്നെങ്കിൽ എന്നാശിച്ചു പോകും, കാരണം കുറച്ച് കൂടി ഉറങ്ങാമല്ലോ. ആരും കേൾക്കേണ്ട, അവൾ ഉള്ളിൽ ചിരിച്ചു.
മക്കൾ രണ്ടും വലുതായി. പറഞ്ഞിട്ടെന്തു കാര്യം. സ്വന്തം കാര്യം ചെയ്യണമെങ്കിൽ അമ്മയുടെ വിളി വേണം. മോനെ റെഡി ആകാൻ പറഞിട്ട് അവൾ വസ്ത്രം മാറാൻ മുറിയിൽ കയറി. സ്കൂളിൽ സാരി നിർബന്ധമാണ്. ഈ വസ്ത്രം ആര് കണ്ട് പിടിച്ചതാണ് ആവോ. ഒരു അഞ്ചു പിന്നെങ്കിലും അവിടെയും ഇവിടെയും കുത്തണം. അല്ലെങ്കിൽ സാരി ഊരി പോരും. ഇപ്പോഴും സാരി ഉടുക്കുന്ന കാര്യത്തിൽ അത്ര വിവരമില്ല. തരം കിട്ടിയാൽ ചൂരിദാർ ഇടാനാണ് ഇഷ്ടം.
അല്ല ആളനക്കം ഇല്ലല്ലോ. വിശന്നിട്ടു വയ്യ. അടുക്കളയിൽ ഓടി ചെന്നു നോക്കിയപ്പോഴേക്കും മക്കളുടെ ഭക്ഷണം കഴിഞ്ഞിട്ടുണ്ട്. കുറച്ചു ഓട്ട്സ് ഉള്ളത് വലിച്ചു കുടിച്ചു. മക്കൾക്കുള്ള ടിഫിൻ ബോക്സ് കയ്യിലെടുത്തു, അപ്പുവിനോടും അച്ചുവിനോടും വേഗം ഇറങ്ങാൻ പറഞ്ഞവൾ ധൃതിയിൽ ബാഗെടുക്കാനായി മുറിയിൽ ചെന്നപ്പോൾ അതാ ഫോൺ അടിക്കുന്നു. ദൈവമേ ഈ നേരത്ത് ആരാണ് വിളിക്കുന്നത്. പെട്ടന്ന് ഫോൺ കട്ടായി. നോക്കിയപ്പോൾ അമ്മയുടെ കോൾ ആണ്. തിരിച്ചു വിളിച്ചിട്ട് എടുക്കുന്നില്ല. അമ്മയുടെ മെസ്സേജ് രാത്രിയിൽ ഇട്ടിട്ടുണ്ട്.. തൻറെ ഫോൺ വിളി കാണാത്ത കാരണം ആയിരിക്കും വോയിസ് മെസ്സേജ് ഇട്ടത്. ഇന്നലത്തെ തിരക്കിൽ അമ്മയെ വിളിക്കാൻ മറന്നു. പാവം സങ്കടമായി കാണും. അച്ഛൻ പോയതിന് ശേഷം അമ്മയുടെ കര്യങ്ങൾ എല്ലാം പതുക്കെയാണ്. തൻറെ കൂടെ വന്നു താമസിക്കാൻ പറഞ്ഞാൽ കേൾക്കില്ല. നിങ്ങൾക്ക് എല്ലാം തിരക്കല്ലേ അവിടെ വന്നിട്ട് എഎന്തിനാണെന്നാണ് അമ്മയുടെ ചോദ്യം. ശരിയാണ് ഈ ഫ്ലാറ്റ് ജീവിതം അമ്മയ്ക്ക് പിടിക്കില്ല. തനി നാട്ടിൻപുറത്തുകാരിക്കെങ്ങിനെ നഗരത്തിൻ്റെ തിരക്ക് പിടിക്കും.
വേഗം താഴേക്കിറങ്ങി ഷെഡ്ഡിൽ നിന്ന് കാർ എടുത്തു. അപ്പോഴേക്കും മക്കളും എത്തി. ജംഗ്ഷനിൽ എത്തിയപ്പോഴേക്കും വൻ തിരക്ക്. ഈശ്വര ഇന്ന് ഗതാഗത കുരുക്കിൽ പെട്ടല്ലോ എന്നവൾ ഓർത്തു. നിരനിരയായി കിടക്കുന്ന വരികൾക്കിടയിലൂടെ ഇറങ്ങി നടക്കാൻ തോന്നി. ക്ലച്ച് ചവിട്ടി പിടിച്ചു കാൽ വേദനിച്ചു തുടങ്ങി. മക്കൾ രണ്ടും എന്തിനോ വേണ്ടി അടി പിടി കൂടുന്നുണ്ട് പിന്നിൽ. ഈ കാർ യാത്ര നിർത്തണം. പറ്റുന്നില്ല ഈ തിരക്കിലൂടെയുള്ള യാത്ര. സ്കൂൾ ബസ് നേരത്തെ ആകുന്നത് കൊണ്ടാണ് സ്വന്തം കാർ എടുക്കുന്നത്. ശ്ശോ ഇതെന്താണ്. ഒരു ബൈക്കുകാരൻ ഇടയിൽ ഇത്തിരി സ്ഥലം കിട്ടിയപ്പോൾ പാഞ്ഞു കടന്നു പോയി. എത്ര നേരമായി ഈ തിരക്കിൽ പെട്ടിട്ട്. ക്ഷമ പോയി തുടങ്ങി. പെട്ടന്ന് അവൾക്ക് അമ്മയെ ഓർമ വന്നു.
അവൾ മൊബൈൽ ഫോൺ ചൂണ്ടി കാട്ടിയിട്ട് മോളോട് അമ്മയെ ഒന്നു വിളിക്കാൻ പറഞ്ഞു. അവൾ ഫോൺ സ്പീക്കറിൽ ഇട്ടു. പെട്ടന്ന് അമ്മയുടെ സഹായി ഗീത ഫോൺ എടുത്തു. ‘അമ്മൂമ്മ എന്തിയെ’ എന്ന് ചോദിച്ചപ്പോൾ, ‘മോളേ അമ്മമ്മ ക്കെന്തോ ഒരു വയ്യാത്ത പോലെ’. അവൾ വേഗം എന്തു പറ്റി എന്ന് ചോദിച്ചു.
“ചേച്ചിയെ ഞാൻ ആണ് നേരത്തെ വിളിച്ചത്. അമ്മ ചേച്ചിക്ക് തിരക്കായിരിക്കും ബുദ്ധിമുട്ടിക്കേണ്ട എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ഫോൺ കട്ട് ചെയ്തതാണ്. പേടിക്കാനൊന്നും ഇല്ല ചേച്ചി. ഒന്നു തല കറങ്ങി അതേയുള്ളൂ.”
മനസ്സൊന്നു പിടഞ്ഞു.
‘കുഴപ്പമില്ല ചേച്ചി, അമ്മ ഇപ്പോൾ ഉറങ്ങുകയാണ്. ചേച്ചി വൈകിട്ട് വിളിച്ചാൽ മതി’യെന്ന് പറഞ്ഞ് അവൾ സമാധാനിപ്പിച്ചു.
അച്ചു ഫോൺ വെച്ചു. അപ്പോഴേക്കും ട്രാഫിക് പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങി നിരത്തിലെ തിരക്കും ഒഴിഞ്ഞു. മനുഷ്യൻ ഓരോ ദിവസവും തിരക്കിട്ട ഓട്ടത്തിൽ തന്നെ. എല്ലാവരും ഈ ഓട്ട പാച്ചിലിൽ ജീവിക്കാൻ തന്നെ മറന്നു പോകുന്ന പോലെ അവൾക്ക് തോന്നി. സ്കൂളിൽ എത്തിയാൽ പിന്നെ ഒന്നും ഓർക്കാൻ സമയം ഉണ്ടാകില്ല. ഇന്നെന്തായാലും വൈകിട്ട് അമ്മയെ വിളിക്കണം. പറ്റുമെങ്കിൽ അമ്മയെ കാണാൻ ഈ ആഴ്ച തന്നെ പോകണം. ശനിയും ഞായറും അമ്മയുടെ കൂടെ നിൽക്കണം. ഈ തിരക്കിൽ നിന്നൊഴിഞ്ഞു അമ്മയോടൊപ്പം നിൽക്കാൻ കൊതിയവൾക്ക്. മക്കൾക്കും അമ്മമ്മയുടെ കൂടെയുള്ള താമസം ഇഷ്ടമാണ്.. സ്കൂളിൽ എത്തി വണ്ടി പാർക്ക് ചെയ്തു സ്കൂളിലേക്ക് കയറുമ്പോൾ അവൾ ഓർത്തു,
വീട്ടിലും റോഡിലും പണി സ്ഥലത്തും എവിടെയും തിരക്ക് തന്നെ. വല്ലാത്തൊരു തിരക്കേറിയ ജീവിതം.


8 Comments
നന്നായി എഴുതി 🥰👍
നല്ല എഴുത്ത്. നിത്യ ജീവിതത്തിൽ നിന്ന് ഒരേട് 🌹👍
എന്തിനോ വേണ്ടി തിരക്കിട്ടോടുന്നു……. ഒന്നും നേടുന്നുമില്ല …… നല്ലെഴുത്ത്👍🌹
👌👌
ജീവിക്കാൻ വേണ്ടി തിരക്കി അവസാനം തിരക്കുകൾ കാരണം ജീവിക്കാൻ മറന്നുപോകുന്നു അവസ്ഥ.
തിരക്കുകൾ നന്നായി എഴുതി 👌👌
നിത്യജീവിതത്തിൽ നിന്നും ഒരേട്. നന്നായി എഴുതി.👏👍
തിരക്കിനിടയിൽ ജീവിക്കാൻ മറന്നുപോകുന്നവർ എത്രയെത്ര
നല്ല രചന❤️👌🌹