ഒരൊറ്റമുറി ഫ്ലാറ്റ്. വെള്ളച്ചായമടിച്ച ഭിത്തികൾ. ഒരരികിൽ ഒരു കൊച്ചു കട്ടിലും വെളുത്തവിരിയിട്ട കുഞ്ഞു മെത്തയും. പുറത്തുനിന്നൊരൊച്ചയും അലോസരപ്പെടുത്താത്ത, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം പോലുമില്ലാത്തൊരു മുറി. സൗണ്ട് പ്രൂഫ്.
വെള്ളകർട്ടനിട്ട വലിയ ഗ്ലാസ്സ് വിൻഡോസ്. അതിലൂടെ നോക്കിയാൽ ആകാശം മാത്രം. ഇടയ്ക്കെപ്പോഴോ അറ്റം കാണാത്ത മഴനൂലുകൾ ഇറങ്ങിവരുന്നത് കാണണം. പേടിപ്പെടുത്തുന്ന ശബ്ദത്തിന്റെ അകമ്പടിയില്ലാതെ പൊട്ടിച്ചിതറുന്ന തിളയ്ക്കുന്ന മിന്നലിനെ കാണണം.
മുറിയിൽ ഒന്നിനുപുറകെ ഒന്നായി റെക്കോർഡിൽ പാട്ടുകൾ പാടിക്കൊണ്ടേയിരിക്കണം. ദേവരാജനും അർജുനൻ മാഷും ശ്രീകുമാരൻ തമ്പിയും രവീന്ദ്രനും ജോൺസണും എം എസ് വിശ്വനാഥനും ഇളയരാജയും അങ്ങനെ അങ്ങനെ മായാജാലങ്ങൾ തീർത്ത ഈണങ്ങൾ, ഇടയിൽ ഗസലുകൾ, ചില പ്രിയപ്പെട്ട കീർത്തനങ്ങൾ.
ഒരു വശം മുഴുവൻ പുസ്തകങ്ങൾ. ഒരരികിൽ വീണ. മ്യാവൂ മ്യാവൂ എന്നൊരു വെളുത്ത പൂച്ചക്കുട്ടി. വിശക്കുമ്പോൾ, നല്ലപോലെ വിശക്കുമ്പോൾ മാത്രം വച്ചുണ്ടാക്കാനും കഴിക്കാനുമായി ഒരിടം.
ഒരു വിശ്രമജീവിതം എന്നാലോചിക്കുമ്പോൾ അതിങ്ങനെയാവണമെന്നാണ് ആഗ്രഹം. ഇപ്പോഴത്തെ ആഗ്രഹം എന്നും പറയാം. നാളെ മാറുമോ എന്നാർക്കറിയാം. എന്നാലും ഇന്ന് ഇപ്പോൾ ഇതാണാഗ്രഹം…


2 Comments
എനിക്കാണെങ്കിൽ കുറച്ചു കഴിഞ്ഞാൽ വല്ലാതെ ബോറടിക്കും. ചിലർക്ക് ഇങ്ങനെയാവും ഇഷ്ടമെന്നു തോന്നുന്നു.
കൊള്ളാം ട്ടോ❤️👌
😍നന്ദി. ഇടയ്ക്കങ്ങനെയൊരു തോന്നൽ. പറഞ്ഞില്ലേ പിന്നേക്ക് ചിലപ്പോൾ മാറാം 😄