മുത്തശ്ശന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും യാത്രയായി. വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒത്തുകൂടി ബലിതർപ്പണത്തിന്റെ ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. വിനോദേട്ടൻ മാത്രം ഒന്നും സംസാരിക്കാതെ ഏതോ ആലോചനയിൽ മുഴുകിയിരിക്കുന്നു.
എന്തായിരിക്കും? വെറുതെ ഒരു ജിജ്ഞാസ തോന്നി. വേണ്ട, ഈ സമയത്ത് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട. കാരണം മുത്തച്ഛൻ്റെ പ്രിയപ്പെട്ടവൻ ആയിരുന്നുവല്ലോ വിനോദേട്ടൻ . അച്ഛൻ്റെ ദുഃഖത്തിന്റെ നൂറിരട്ടി ദുഃഖം വിനോദേട്ടന് മുത്തശ്ശൻ്റെ വേർപാടിൽ ഉണ്ട്.
മുത്തച്ഛൻ്റെ കുടുംബത്തിലെ പല കഥകളും നല്ലതും പേടിപ്പെടുത്തുന്നതുമായ കാര്യങ്ങൾ വിനോദേട്ടനോട് മുത്തശ്ശൻ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. മുത്തച്ഛൻ്റെ കുടുംബം ആ നാട്ടിലെ ഏറ്റവും പ്രസിദ്ധമായതായിരുന്നു. രാജാവിൻറെ കയ്യിൽ നിന്നും “പട്ടും വളയും” വാങ്ങിയ കുടുംബമായിരുന്നു മറവൂർ തറവാട്. മുത്തച്ഛന്റെ കുടുംബത്തിൽ പെൺമക്കൾ ഇല്ലായിരുന്നു. അവർ അഞ്ച് ആൺമക്കൾ മാത്രമായിരുന്നു ആ കുടുംബത്തിൽ. മുത്തച്ഛന്റെ അമ്മയ്ക്ക് ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്നു. പരദേവതയും നാഗക്ഷേത്രവും ശിവക്ഷേത്രവും ബ്രഹ്മരക്ഷസും ഒക്കെ കൂടിച്ചേർന്ന ഒരു കുടുംബ ക്ഷേത്രം ആയിരുന്നു ഉണ്ടായിരുന്നത്. കാവിലേക്ക് പകൽ പോലും ആരും കടന്നു ചെല്ലാൻ ഭയപ്പെടുമായിരുന്നു . അതിനെ ചുറ്റിപ്പറ്റി പല കഥകളും അന്ന് കേട്ടിട്ടുണ്ട്.
പണ്ട് തൂക്കുകുളം എന്നൊരു കുളം ഉണ്ടായിരുന്നു.തൂക്കിക്കൊല്ലാൻ അക്കാലത്ത് വിധിച്ചിരുന്ന ആളുകളെ അവിടെ കുളിപ്പിച്ച് അവസാന അത്താഴം മുത്തച്ഛൻ്റെ അമ്മയുടെ കൈ കൊണ്ടാണ് കൊടുത്തിരുന്നത്.അവരിൽ ചിലർ അവസാന അത്താഴം ആർത്തിയോടുകൂടി ഭക്ഷിക്കുമെന്നും ചിലർ ഒരു വറ്റു പോലും ഭക്ഷിക്കാതെ ഇരിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പറഞ്ഞു കേട്ടിരുന്നത്.
മുത്തശ്ശനും മുത്തശ്ശിയും വഴക്കിടുന്ന അവസരങ്ങളിൽ മുത്തശ്ശി മുത്തശ്ശനെ ചൊടിപ്പിക്കുവാനായി പറയുന്ന ചില കാര്യങ്ങളുണ്ട്. (കൊലച്ചോർ എന്നാണ് അവസാനം കൊടുക്കുന്നുഅത്താഴത്തിനു പറയുന്നത്.) കൊലച്ചോറ് കൊടുത്തതുകൊണ്ടാണ് നിങ്ങളുടെ വീട്ടിൽ സന്താനങ്ങൾ അറ്റു പോയത് എന്ന് പറയുമായിരുന്നു. വംശം നിലനിർത്തണമെങ്കിൽ പെൺ സന്താനങ്ങൾ വേണമെന്നാണ് പറയുന്നത്.
മുത്തശ്ശൻ മരിക്കുന്നതുവരെ ഗവൺമെന്റിൽ നിന്ന് അടുത്തൂൺ ലഭിക്കുന്നുണ്ടായിരുന്നു. മുത്തശ്ശൻ്റെ കാലശേഷം ആർക്കും തന്നെ അത് ലഭിക്കാൻ അർഹതയിലായിരുന്നു.
കർമ്മങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും പോകാൻ തയ്യാറായി. തറവാട്ടിൽ വിനോദേട്ടനും അച്ഛനും അമ്മയും താനും മാത്രമായി. ദിവസങ്ങൾ കടന്നു പോകവേ പരദേവതയുടെ ക്ഷേത്ര ഉത്സവം നടക്കുന്ന ദിവസം വന്നെത്തി. വ്രതശുദ്ധിയോട് ചെയ്യേണ്ട കുറെ കാര്യങ്ങൾ ചെയ്യുവാനായി ഉണ്ട് ഉത്സവത്തിന് മുമ്പ്. അറിയിലിരിക്കുന്ന വാളും ചിലമ്പും ദേവി ആറാടി വരുമ്പോൾ പറ കൊടുക്കുന്ന കൂടെ വാളും ചിലമ്പുംദേവിക്ക് കാഴ്ച്ച വെക്കണം. മുത്തശ്ശൻ അത് എല്ലാവർഷവും പതിവു മുടക്കാതെ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ചെറുമകനെ പറഞ്ഞ് ഏൽപ്പിച്ച ചില പ്രധാന വിഷയങ്ങൾ ഉണ്ട്.
എൻ്റെ കാലശേഷം വാളും ചിലമ്പും കുടുംബത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് ആവാഹിച്ചു കുടിയിരുത്തണം. അതിനുവേണ്ടി സാമ്പത്തികം നിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഞാൻ നിക്ഷേപിച്ചിട്ടുണ്ട്. പൂജ നടത്തി വേണം വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുവാൻ. തറവാട്ടിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അംഗങ്ങളെയും പൂജയിൽ പങ്കെടുപ്പിക്കണം. അതൊക്കെ മുൻകൈയെടുത്ത് നീ വേണം നടത്തുവാൻ. കാരണം നിൻ്റെ അച്ഛൻ രവിക്ക് ഇതിനൊന്നും ഒട്ടും വിശ്വാസമില്ല. അവനെ ഒരു കാരണവശാലും ഈ ദൗത്യം ഏൽപ്പിക്കരുത്.
മുത്തശ്ശൻ പറഞ്ഞേൽപ്പിച്ചിരിക്കുന്നത് മനസ്സിൻ്റെ കോണിൽ എവിടെയോ മൂടിപ്പോയി.
തൃശ്ശൂരിലേക്ക് ട്രാൻസ്ഫറായി ഭാര്യയുമായി വിനോദ് അവിടെ താമസം തുടങ്ങി.ജ്യേഷ്ഠൻ മനോജ് അബുദാബിയിൽ ജോലിയായിരുന്നതിനാൽ അദ്ദേഹവും പോയി. ആ വലിയ തറവാട്ടിൽ അമ്മ വിജയവും അച്ഛൻ രവിയും മാത്രം അവശേഷിച്ചു. 13 മുറികൾ ഉള്ള വീട്ടിൽ രണ്ടുപേർ മാത്രം. പതിവുപോലെ അടുക്കള പണിയൊക്കെ കഴിഞ്ഞ് വിജയം കിണറ്റ് പുരയുടെ കതക് സാക്ഷ ഇടുമ്പോൾ കിഴക്കേ കുളത്തിന്റെ പടിയിൽ ആരോ നിൽക്കുന്നതുപോലെ തോന്നി. ആരാ എന്ന് ഉറക്കെ ചോദിച്ചു. മറുപടിയൊന്നും കിട്ടിയില്ല.
രവിയേട്ടാ രവിയേട്ടാ എന്നുള്ള വിളി കേട്ട് രവിവേഗം അടുക്കള ഭാഗത്തേക്ക് വന്നു.
അടുക്കള വരെ വരണമെങ്കിൽ തന്നെ ആറ് ഏഴ് മുറികൾ കടന്നുവേണം എത്താൻ.
എന്തുപറ്റി? രവിയുടെ ചോദ്യം.
ചാരക്കുളത്തിന്റെ കടവിൽ ആരോ…. വിജയം പറഞ്ഞു നിർത്തി.
നിൻ്റെ തോന്നലാണ് ഈ രാത്രിയിൽ ആരു വരാനാണ്? രവിയുടെ ചോദ്യം കേട്ട് വിജയം വാതിൽ അടച്ചിട്ട് പതിയെ മുറിയിലേക്ക് നടന്നു.
എന്നിട്ടും എന്തോ ഒരു ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. കിടക്കുമ്പോൾ വിജയം ഓർക്കുകയായിരുന്നു പണ്ടേ ഈ തൊടിയും വീടും കുളവും ഒക്കെ തനിക്ക് ഭയമായിരുന്നു. രണ്ടേക്കർ സ്ഥലത്തിൻറെ നടുവിൽ തന്നെയാണ് വീട് സ്ഥിതി ചെയ്യുന്നത്. മറ്റു വീടുകൾ ഒന്നും തന്നെ അടുത്തില്ല.ഈ തറവാട്ടിലെ കുടികിടപ്പുകാർ എന്ന് പറയപ്പെടുന്ന നാല് കുടുംബം അകലെയായി താമസമുണ്ട്. അവിടെയൊന്നും വൈദ്യുതി പോലുമില്ല. പട്ടണത്തിൽ ജീവിച്ച തനിക്ക് ഈ വീടും പരിസരവും രാത്രിയായി കഴിഞ്ഞാൽ ഭയമുളവാക്കുന്നവ ആയിരുന്നു. വീട്ടിൽ അംഗങ്ങൾ ധാരാളം ഉള്ളപ്പോൾ ആ ഭയം ഇല്ലായിരുന്നു. ഒറ്റപ്പെട്ടപ്പോൾ എന്തോ അകാരണമായ ഭയം തോന്നിത്തുടങ്ങി.
കൂജയിൽ വെള്ളവുമായി ചെല്ലുമ്പോൾ രവിയേട്ടൻ എന്തോ ആലോചനയിലാണ്.
എന്താ കിടക്കുന്നില്ലേ?
കിടക്കാം എന്ന് പറഞ്ഞ് അദ്ദേഹം കിടക്കയിലേക്ക് ചരിഞ്ഞു.
രാത്രിയിൽ എപ്പോഴോ ഉണർന്നു നോക്കിയപ്പോൾ കിടക്കയിൽ രവിയേട്ടനില്ല. ജനാല വല്ലാത്ത ശബ്ദത്തിൽ അടയുകയും തുറക്കുകയും ചെയ്യുന്നു. കാറ്റ് ശക്തിയായി വീശുന്നു. ജനാലയടയ്ക്കാനായി ചെന്നപ്പോൾ വെറുതെ കണ്ണുകൾ പടിഞ്ഞാറ്റ കുളത്തിലേക്ക് ചെന്നു. അവിടെ ആരോ കൽപ്പടവിൽ ഇരിക്കുന്നു.
ഉറക്കെ രവിയേട്ടനെ വിളിച്ചു അദ്ദേഹത്തിനെ അവിടെ ഒന്നും കാണുന്നില്ല. തൊണ്ടയിൽ എന്തോ ഒന്ന് തടഞ്ഞു.ശബ്ദം പുറത്തേക്ക് വരുന്നില്ല. ടോർച്ച് എടുത്ത് ധൈര്യം സംഭരിച്ച് വെളിയിലേക്ക് ഇറങ്ങി.
കുളക്കടവിൽ രവിയേട്ടൻ തന്നെയാണല്ലോ ഇരിക്കുന്നത്.. എന്താ ഈ സമയത്ത്?
തിരിഞ്ഞിരിക്കുന്ന രവിയേട്ടന്റെ തോളിൽ പതുക്കെ തൊട്ടു. തിരിഞ്ഞു നോക്കിയാ അദ്ദേഹത്തിൻ്റെ മുഖം കണ്ട് ഞെട്ടിപ്പോയി. ചുവന്നു കലങ്ങിയ കണ്ണ്. ഇതുവരെ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു നോട്ടവും ചിരിയും.
രവിയേട്ടാ രവിയേട്ടാ എന്ന് ഉറക്കെ വിളിച്ചു കുലുക്കി പെട്ടെന്ന് അദ്ദേഹത്തിന് ബോധം വന്നു.
നീ എന്താ ഇവിടെ ?
അതുതന്നെയാണ് ഞാനും ചോദിക്കുന്നത് നിങ്ങൾ എന്തിനാ ഈ പാതിരാത്രിയിൽ ഇവിടെ വന്നിരിക്കുന്നത്?
ഒന്നും മനസ്സിലാകാതെ മിഴിച്ചു നോക്കി.
വിനോദും ഭാര്യയും വീട്ടിൽ വന്നപ്പോൾ വിജയം ഈ കാര്യം അവരോട് സൂചിപ്പിച്ചു. വിനോദ് ഭയങ്കര ചിരി. പ്രേതത്തിലും ഭൂതത്തിലും ഒന്നും വിശ്വാസമില്ലാത്ത അച്ഛനെ ഏത് പ്രേതമാണ് കുളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്? അങ്ങനെ ഒരു തമാശയായി പറഞ്ഞുവെങ്കിലും വിനോദിന്റെ മനസ്സിൽ മുത്തശ്ശൻ പറഞ്ഞ കാര്യങ്ങൾ തികട്ടി വന്നു
.പൂർവികർ അത്ര നല്ലവരായ ആളുകൾ ഒന്നും ആയിരുന്നില്ല. പല കഥകളും കേട്ട് കേൾവി ഉണ്ട്.പൂർവികരിൽ ഒരു കാർന്നോർ ആരെയോ അടിയന്മാരായവരെ ചവിട്ടി, അയാൾ മരിച്ചു. ശേഷം കുളത്തിൽ ചവിട്ടിത്താഴ്ത്തി എന്നൊക്കെ കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട് അന്നത്തെ കാലത്ത് തിരുവായ്ക്കു എതിർവായില്ലല്ലോ അതു കൊണ്ട് കേസൊക്കെ തേഞ്ഞു മാഞ്ഞുപോയി എന്നും പറഞ്ഞു കേൾക്കുന്നു. വിനോദ് വെറുതെ ഓർത്തു. ചെയ്ത പാപം പൂർവികരാണെങ്കിലും അടുത്ത തലമുറയും കുറെയൊക്കെ പലവിധത്തിലും അനുഭവിക്കുക തന്നെ ചെയ്യും.
മക്കൾ തിരികെ ജോലിസ്ഥലത്തേക്ക് പോകാൻ തുടങ്ങുമ്പോൾ വിജയത്തിന് വിഷമമായി വീണ്ടും ഒറ്റപ്പെടൽ. രവിയേട്ടന്റെ പ്രവർത്തി തന്നെ ചെറിയ ഭയത്തിന്റെ വക്കിൽ എത്തിക്കാറുമുണ്ട്. മൂത്ത മകന്റെ വിളി വന്നിരിക്കുന്നു.
രമ്യയ്ക്ക് രണ്ടാമത് വിശേഷം അമ്മ രണ്ടു മൂന്ന് മാസത്തേക്ക് വന്നാൽ ഉപകാരമായേനെ. അവൾക്ക് ബെഡ്റസ്റ്റ് പറഞ്ഞിരിക്കുന്നു പ്രസവം ആവുമ്പോഴേക്കും അവളുടെ അമ്മ വരാം എന്ന് ഏറ്റിട്ടുണ്ട്.
രവിയേട്ടനെ ഒറ്റയ്ക്കാക്കി പോകാൻ വിഷമം. വിനോദിനോട് ചോദിച്ചു നോക്കാം അവന് ഇവിടുത്തെ ഓഫീസിലേക്ക് രണ്ടുമാസം കഴിയുമ്പോൾ വരാൻ സാധിക്കുമെന്ന് പറഞ്ഞിരുന്നു.
വിനോദ് വരാമെന്ന് പറഞ്ഞതോടെ ആശ്വാസമായി. ദിവ്യയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ദിവ്യയെ അവിടെയാക്കി വിനോദ് വന്നു.
ഒറ്റയ്ക്ക് അബുദാബിയിലേക്ക് പോകാൻ തയ്യാറായെങ്കിലും ഫ്ലൈറ്റിൽ ഒറ്റയ്ക്ക് കയറുന്ന കാര്യം ഓർക്കവേ വിജയത്തിന് വല്ലാത്ത വീർപ്പുമുട്ടലായി. യാത്രയിൽ താൻ ഒറ്റയ്ക്കാണെന്ന് പേടിയുണ്ടായിരുന്നു എങ്കിലും അബുദാബിയിലേക്ക് യാത്രയായി. വിനോദ് ഓഫീസിൽ നിന്ന് വൈകുന്നേരം വരുന്നതുവരെ രവി തൊടിയിൽ പച്ചക്കറികളും മറ്റും പരിപാലിച്ചങ്ങനെ നടക്കും.
അന്നൊരുപൗർണമി രാവ് ആയിരുന്നു. നിലാവിൽ കുളിച്ചു നിൽക്കുന്ന പടിഞ്ഞാറ്റയിലെ കുളത്തിലെ ജലത്തിന് തിളക്കം വർദ്ധിച്ചതുപോലെ. ചെറുക്കാറ്റ് കുളത്തിൽ കുഞ്ഞുകുഞ്ഞ് ഓളങ്ങൾ സൃഷ്ടിച്ചു. അത് നോക്കി ഉമ്മറത്തിരുന്ന വിനോദിന് അന്നത്തെ ദിവസം ശോഭയേറിയതായി തോന്നി. അന്തരീക്ഷം നിറയെ പാലപ്പൂവിന്റെ ഗന്ധം പടർന്നു. വെറുതെയിരിക്കുമ്പോൾ ദിവ്യയും അമ്മയും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
അച്ഛൻ അടുക്കളയിൽ ധൃതിയിൽ എന്തോ ചെയ്യുകയാണ്.അത്താഴത്തിനുളള ഒരുക്കങ്ങൾ ആണെന്ന് തോന്നുന്നു. അത്താഴം കഴിഞ്ഞ് രണ്ടുപേരും അവരവരുടെ മുറിയിലേക്ക് പോയി.നേരം പാതിരായോടടുത്തു കാണും. പുറത്ത് ആരുടെയോ കാലടി ശബ്ദം കേൾക്കുന്നു.മെല്ലെ മെല്ലെ അതിൻ്റെ ശബ്ദം കൂടി വരുന്നതായി തോന്നി. ഒരു ചിലമ്പിന്റെ ശബ്ദവും പാലപ്പൂവിന്റെ മത്ത്പിടിപ്പിക്കുന്ന മണവും. എല്ലാം നിറഞ്ഞ അന്തരീക്ഷം തന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ വിനോദ് ആകെ വല്ലാത്തൊരു വീർപ്പുമുട്ടലിൽ ആയി. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ല. അല്പസമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ വല്ലാത്ത ഒരു അലർച്ചയും ഒപ്പം നായയുടെ നിർത്താതെയുള്ള ഓലിയിടലും കൂമന്റെ ഉച്ചത്തിലുളള മൂളലും കടവാവലിന്റെ ചിറകടിയും എല്ലാം കൂടി ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം. എത്ര പെട്ടെന്നാണ് അന്തരീക്ഷം മാറിയത്?വല്ലാത്ത ഹൂങ്കാര ശബ്ദത്തിൽ ആഞ്ഞടിക്കുന്ന കാറ്റ്. എന്ത് ചെയ്യണം എന്ന് അറിയാതെ എഴുന്നേറ്റു. വല്ലാത്ത ശബ്ദത്തിൽ ആരോ അലറുന്നു ധൈര്യം സംഭരിച്ച് കതകു തുറന്നു പടിഞ്ഞാറെ കുളത്തിനെ ലക്ഷ്യമാക്കി ഓടി.
അതാ വെള്ളത്തിൽ ഒരാൾ കൽപ്പടവിൽ തല മാത്രം വെച്ച് ബാക്കി ശരീരം മുഴുവൻ വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഒരു രൂപം. പെട്ടെന്ന് ടോർച്ച് തെളിയിച്ചു, അയ്യോ അച്ഛൻ തന്നെയാണല്ലോ.. അച്ഛൻറെ കണ്ണുകൾ ചുവന്നു തുറിച്ചിരുന്നു. ഒരു നിഗൂഢ ചിരി ആ ചുണ്ടിൽ പ്രത്യക്ഷപ്പെട്ടു. വല്ലാത്തൊരു രൂപം തന്നെ. ഇത് എൻ്റെ അച്ഛൻ തന്നെയോ? വിനോദിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ആ കിടപ്പ് രണ്ടുമണിക്കൂറോളം വെള്ളത്തിൽ മുങ്ങി കിടന്നു. ഒരുതരത്തിലും കരയ്ക്ക് കയറ്റാൻ തനിക്ക് സാധിക്കുന്നില്ല. തന്നെപ്പോലെ മൂന്നുപേർ പിടിച്ചാൽ പോലും അച്ഛനെ ഉയർത്തുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല . എപ്പോഴോ അച്ഛൻ തന്നെ എഴുന്നേറ്റ് കിണറ്റിൻകരയെ ലക്ഷ്യമാക്കി നടന്നു. വെള്ളം കോരി ശിരസ്സിൽ ധാരധാരയായി ഒഴിച്ചു. നേരെ നടന്ന് കിണറ്റുപുര ചാടിക്കടന്ന് കിഴക്കേ അര മതിലിൽ കാലിന്മേൽ കാല് കയറ്റിവെച്ച് ഇരുന്നു, ഒരു വല്ലാത്ത മുഴക്കത്തോട് കൂടി എനിക്ക് വിശക്കുന്നു. വല്ലതും തരൂ എന്ന് അലറി.
താൻ അടുക്കള വാതിൽ തുറന്നു മെല്ലെ അച്ഛൻ്റെ അരികിൽ എത്തി ചുമലിൽ പിടിച്ചു കുലുക്കി. പെട്ടെന്നാണ് അച്ഛന് സ്ഥലകാലബോധം വീണ്ടും കിട്ടിയത്. പതുക്കെ താങ്ങിപ്പിടിച്ച് കിടക്കയിൽ കൊണ്ടുപോയി കിടത്തി. നേരം പുലർച്ചെ നാലുമണിവരെ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ച് ആലോചിച്ചപ്പോൾ കഴിഞ്ഞ ലീവിന് വന്നപ്പോൾ അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞ കാര്യം ഓർമ്മയിൽ എത്തി.
പിറ്റേന്ന് പുലർച്ചെ അച്ഛൻ വളരെ വൈകിയാണ് ഉണർന്നത് .എന്നും കൃത്യം അഞ്ചുമണിക്ക് ഉണരുന്ന ആളാണ്. അച്ഛൻ അതിശയത്തോടുകൂടി ഇന്ന് എന്തുപറ്റി ഇത്രയും വൈകാൻ എന്ന് ചോദിച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നു. ഇപ്പോൾ ഒന്നും അച്ഛനോട് പറയേണ്ട എന്ന് കരുതി.
ഇന്ന് ഇനി ഒന്നും പാചകം ചെയ്യേണ്ട, കടയിൽ പോയി ഞാൻ എന്തെങ്കിലും വാങ്ങി വരാം.
അച്ഛൻ്റെ മുഖത്തുനോക്കാൻ പേടി തോന്നി. തലേദിവസത്തെ അച്ഛൻറെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. കാപ്പിയും പലഹാരങ്ങളും കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛനോട് മെല്ലെ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു.
നീ എന്നെ ഭ്രാന്തൻ ആക്കുകയാണോ? നിൻ്റെ മുത്തശ്ശൻ പല കഥകളും പറഞ്ഞുതന്ന് എന്നെ അതിലെ കഥാപാത്രങ്ങൾ ആക്കാൻ ശ്രമിക്കരുത്.
പിന്നെ സംസാരം അവിടെ വച്ച് നിർത്തി. അങ്ങനെ കുറച്ചു ദിവസം വലിയ പ്രശ്നമൊന്നുമില്ലാതെ കഴിഞ്ഞു. ചേച്ചിയുടെ റസ്റ്റ് ഒക്കെ കഴിഞ്ഞ് ഓഫീസിൽ പോകാൻ തുടങ്ങുന്നു എന്നും അമ്മ തിരികെ വരുന്നു എന്നും അറിഞ്ഞു.
ദിവ്യക്കു പരാതി, വീട്ടിൽ ആക്കിയിട്ട് വിനോദ് ചേട്ടൻ തിരിഞ്ഞുകയറിയില്ലല്ലോ. ഒന്ന് കാണാൻ പോലും തോന്നിയില്ലല്ലോ എന്നുള്ള പരിഭവം പറച്ചിലിൽ വിഷമം തോന്നി.
അച്ഛൻ്റെ പ്രശ്നം കാരണം അച്ഛനെ ഒറ്റയ്ക്ക് ആക്കി പോകാൻ തോന്നിയില്ല. അന്ന് വൈകിട്ട് ഓഫീസിൽ നിന്നും ദിവ്യയുടെ അരികിലേക്ക് പോയി അവളുടെ പരിഭവം പറച്ചിലും എല്ലാം കഴിഞ്ഞ് ഞാൻ മെല്ലെ അച്ഛൻ്റെ കാര്യങ്ങൾ അവളോട് പറഞ്ഞു തുടങ്ങി. അല്പം ആലോചിച്ചിട്ട് ദിവ്യ പറഞ്ഞു, എത്രയും പെട്ടെന്ന് ചേട്ടനെ വിവരം അറിയിക്കണം. ഏതെങ്കിലും നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്ന് പറഞ്ഞപ്പോൾ, താൻ പറഞ്ഞു അച്ഛന് മാത്രമല്ലല്ലോ തനിക്കും എന്തൊക്കെയോ പന്തികേട് നമ്മുടെ തറവാട്ടിൽ തോന്നിത്തുടങ്ങി. ദിവ്യ,ഏതോ ദുർശക്തി നമ്മുടെ അച്ഛനെ നിയന്ത്രിക്കുന്നു എന്നൊരു തോന്നൽ…
ചായയും കുടിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ ഇനി എന്തൊക്കെ അനുഭവിക്കണമോ ആവോ? മുത്തശ്ശൻ പറഞ്ഞതുപോലെ വാളും ചിലമ്പും എത്രയും പെട്ടെന്ന് പരദേവതയ്ക്ക് സമർപ്പിക്കണം. പൂജയെ സംബന്ധിക്കുന്ന വിവരങ്ങളൊക്കെ ചേട്ടനുമായി കൂടി ആലോചിക്കണം. യുകെയിലും യുഎസിലും ബോംബെയിലും സിംഗപ്പൂരും നാട്ടിലുമുള്ള എല്ലാ കുടുംബാംഗങ്ങളെയും വിവരം ധരിപ്പിക്കണം. എല്ലാവർക്കും ഒന്നിച്ച് സൗകര്യമുള്ള സമയം നോക്കി തറവാട്ടിൽ എത്തി പൂജ നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. മുല്ലശ്ശേരി മനയിലെ തിരുമേനിയെ വരുത്തുക തന്നെ വേണം ആവാഹനം ഒക്കെ അദ്ദേഹം തന്നെ ചെയ്താലേ ശരിയാകുമെന്ന് മുത്തശ്ശൻ പറഞ്ഞിരുന്നു. സാമ്പത്തികമായി ആരും സഹായിക്കേണ്ടല്ലോ ലക്ഷങ്ങൾ മുത്തശ്ശൻ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്. ഒരു ആവശ്യം വന്നിട്ട് പോലും താൻ അതിൽ നിന്നും ഒരു രൂപ പോലും എടുത്തില്ല.
വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് അച്ഛൻ എന്തോ വായിച്ചുകൊണ്ട് ചാരുകസേരയിൽ കിടക്കുന്നു. പാവം കാണിക്കുന്നത് ഒന്നും അദ്ദേഹം അറിയുന്നില്ലല്ലോ. അമ്മയും ചേട്ടനും ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് വിളിച്ചു പറഞ്ഞു എന്ന് അച്ഛൻ പറഞ്ഞു. സന്തോഷവും ഒപ്പം സമാധാനവും തോന്നി. ഏട്ടൻ വന്നാൽ ഉടനെ തന്നെ അച്ഛനെ ഡോക്ടറെ കാണിക്കണം. മനസ്സിൽ ഉറപ്പിച്ചു.
ഓരോ ദിവസവും ഇഴഞ്ഞു നീങ്ങുന്നത് പോലെയാണ് നീങ്ങുന്നത്. അന്ന് പൗർണമിയും വെള്ളിയാഴ്ചയും ആണെന്ന് മനസ്സിലാക്കിയ താൻ അച്ഛനെ പതുക്കെ നിരീക്ഷിക്കുവാൻ തുടങ്ങി. അത്താഴം കഴിഞ്ഞ് കിടക്കാൻ താൻ അച്ഛൻ്റെ മുറിയിൽ പോയി.
എന്തുപറ്റി ഒറ്റയ്ക്ക് കിടക്കാൻ ഭയമാണോ നിനക്ക്? അച്ഛൻറെ പരിഹാസം നിറഞ്ഞ ചോദ്യം.
മറുപടി ഒന്നും പറയാതെ താഴെ കോസടി വിരിച്ചു കിടന്നു.
വീടിൻ്റെ കവാടത്തിൽ ആരോ വലിച്ചു കുലുക്കുന്ന ശബ്ദം കേട്ടാണ് താൻ പിടഞ്ഞ് എഴുന്നേറ്റത്. അച്ഛൻ കിടക്കയിലില്ല. വേഗം ടോർച്ചുമായി പുറത്തേക്കിറങ്ങി നേരെ കുളക്കടവിലേക്ക് പോയി. അവിടെയെങ്ങും ഇല്ല. ഇനി എവിടെ പോയി നോക്കണമെന്ന് അറിയാതെ നിൽക്കുമ്പോൾ തെക്കേ തൊടിയിൽ വലിയൊരു ശബ്ദം. പാരക്ക് കുത്തിയാൽ പോലും ഉയർത്തി എടുക്കുവാൻ പറ്റാത്ത ഒരു വലിയ ഏത്തവാഴ ഒറ്റക്കൈ കൊണ്ട് വലിച്ചു പൊക്കി എടുത്തിരിക്കുന്നത് ആണ് കണ്ടത്. അച്ഛൻ അത് താഴത്തേക്ക് ഇട്ട് സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ അതിൻ്റെമുകളിൽ ഇരിക്കുകയാണ്.
തന്നെ കണ്ടതും ഉടനെ പറയാൻ തുടങ്ങി (പഴയതുപോലെതന്നെ കണ്ണും ചിരിയും ഒക്കെ) എനിക്ക് അല്പം കൂവളത്തിലെ വേണം കഴിക്കാൻ.. തെക്കേ വേലിക്കരിൽ നിന്നും അല്പം ഇല പൊട്ടിച്ചുകൊണ്ട് കൊടുത്തു.
പോരാ പോരാ എന്ന് പറഞ്ഞു നേരെ കൂവള ചോട്ടിലേക്ക് പോയി രണ്ടോ മൂന്നോ പിടി ഇലകൾ കൈക്കുള്ളിൽ ഒതുക്കി കടിച്ചു ചവച്ചു കഴിക്കുവാൻ തുടങ്ങി. പിന്നീട് ഒരു വലിയ കമ്പ് ഒടിച്ചെടുത്ത് തൊടിയിലെ എല്ലാ അതിരിനും വട്ടമിടാൻ തുടങ്ങി ഇവിടെയെല്ലാം ഏലസ്സുകൾ ഉണ്ട്. നാളെത്തന്നെ കുഴിച്ചെടുക്കണം എന്നു പറഞ്ഞുകൊണ്ട് വീട് ലക്ഷ്യമാക്കി നടന്നു. ഓടി തളത്തിലേക്ക് കയറി കൂജയിൽ നിന്നും വെള്ളം മുഴുവനും കുടിച്ചു.പേപ്പറും പേനയും കൊണ്ടുവരാനായി ആംഗ്യം കാണിച്ചു. അതിൽ പല വലുപ്പത്തിലും ആകൃതിയിലും ഉള്ള ഏലസിന്റെ പടങ്ങൾ വരച്ചു. ഈ തകിടുകളെല്ലാം നാളെ തന്നെ എടുക്കണം എന്ന് പറയുകയും പുറകോട്ട് വീഴുകയും ഒന്നിച്ചായിരുന്നു. എന്തുചെയ്യണമെന്നറിയാതെ തളത്തിൽ ഇട്ടിരിക്കുന്ന ആട്ടു കട്ടിലിൽ താൻ ചുരുണ്ടു കൂടി കിടന്നു.
അതിരാവിലെ തന്നെ എല്ലാ അതിരുകളും കുഴിക്കുവാനായി താൻ തുടങ്ങി. അതിശയിപ്പിക്കുമാറ് തന്നെ അച്ഛൻ വരച്ചു തന്ന അതേ തകിടുകൾ ഉണ്ടായിരുന്നു. അവയെല്ലാം വളരെ പഴയ ഏലസ്സുകൾ ആയിരുന്നു. കുറെയൊക്കെ ഇലയിൽ എടുത്ത് ചാരക്കുളത്തിൽ അത് കഴുകി കൊണ്ട് വച്ചു. ഏതെങ്കിലും ഒഴുക്കുള്ള പുഴയിൽ കളയണം എന്ന് മനസ്സിൽ വിചാരിച്ചു.
രണ്ടുദിവസം കൂടി കഴിഞ്ഞാൽ ചേട്ടനും അമ്മയും എത്തും. വന്നാൽ തന്നെ ചേട്ടന് സമയപരിമിധി കാണും. അതുകൊണ്ട് ഡോക്ടറെ നേരത്തെ തന്നെ അപ്പോയിൻമെന്റ് എടുക്കണം. അന്ന് രാത്രി ചേട്ടനോട് അച്ഛൻ്റെ ചേഷ്ടകൾ ഒക്കെ വളരെ വിശദമായി തന്നെ പറഞ്ഞു. ആദ്യം മൂളി കേട്ടിരുന്ന ചേട്ടൻ അവസാനം വന്നപ്പോൾ മൂളൽ പോലും മറന്നു നിശ്ചലമായി പോയി. എന്നു തോന്നി. പതുക്കെ തൊണ്ടയിടറി ചേട്ടൻറെ വാക്ക് പുറത്തേക്ക് വന്നു.
നീ സമാധാനമായിട്ട് ഇരിക്കൂ. എൻ്റെ ഫ്രണ്ട് എബി മാത്യു എന്ന ഒരു സൈക്യാട്രിസ്റ്റ് ഉണ്ട്. നമുക്ക് അച്ഛനെ അവിടെ കാണിക്കാം. രണ്ടുദിവസം കൂടി അച്ഛനെ സൂക്ഷിക്കുക. അനർത്ഥങ്ങൾ ഒന്നും ഉണ്ടാകരുത് കിണറിന് എന്തെങ്കിലും മൂടി വയ്ക്കുക രാത്രിയിൽ അച്ഛൻ കിടക്കുന്ന വാതിൽ പൂട്ടുക. നീയറിയാതെ അച്ഛൻ പുറത്തു പോകരുത്. നിനക്ക് ഭയം ഉണ്ടോ മോനെ ? ഉണ്ടെങ്കിൽ നമ്മുടെ അടുത്തുള്ള വേലായുധനെ കൂടി വിളിച്ച് കിടത്തിക്കോ. അത് ഒന്നും വേണ്ട ചേട്ടാ അതൊക്കെ പൊല്ലാപ്പാകും ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ ഒന്നും പുറത്തറിഞ്ഞിട്ടില്ല. അയാൾ പല സ്ഥലത്തും പോയിരുന്നു പറയും. അച്ഛനെ കാണുമ്പോൾ മറ്റുള്ളവർക്ക് അങ്ങനെ ഒരു മനോഭാവം ആകും. അച്ഛൻ്റെ അഭിമാനത്തിന് അത് സഹിച്ചു എന്നു വരില്ല. ഇത് ആരും അറിയണ്ട. നമ്മൾ അല്ലാതെ.
സംസാര വിഷയം അവിടെ കൊണ്ട് നിലച്ചു.
ഒരു ദിവസം രാവിലെ സ്കൂട്ടർ കേടായതിനാൽ നടക്കാം എന്ന് കരുതി കുറച്ചു ദൂരം ചെന്നപ്പോൾ വിരിശ്ശേരിയിലെ കനകമ്മയും മകളും മരുമകനും എതിരെ നടന്നുവരുന്നു. എന്തുണ്ട് വിശേഷം എന്ന് തന്റെ ചോദ്യത്തിനു കനകമ്മയുടെ മകളുടെ മറു ചോദ്യം, രവി അങ്കിളിന്റെ സിക്സ്ത്ത് സെൻസ് ഇപ്പോഴുമുണ്ടോ? അവരുടെ ചോദ്യം മനസ്സിലാകാതെ നിൽക്കുന്നത് കണ്ടപ്പോൾ മരുമകൻ ഇടയ്ക്ക് കയറി പറഞ്ഞു, വിനോദ് തൻ്റെ അച്ഛൻ ഒരു ദിവസം ഇവളെ കണ്ട് പല കാര്യങ്ങളും സംസാരിച്ചു. അതെല്ലാം ഇവളുടെ ജീവിതത്തിൽ അക്ഷരംപ്രതി ശരിയായി. അന്നു തൊട്ട് ഇവൾ പറയും രവി അങ്കിളിന് സിക്സ്ത് സെൻസ് ഉണ്ടെന്ന്. ഒന്നും മറുപടി പറയാതെ നടന്നു നീങ്ങി.
അടുത്ത ജംഗ്ഷൻ വരെ നടന്നാലേ ബസ് കിട്ടു. ഞങ്ങളുടെ തന്നെ ഒരു വീട് വാടകയ്ക്ക് കൊടുത്തിട്ടുള്ള സതീശൻ എതിരെ നടന്നുവരുന്നത് കണ്ടു സംസാരിച്ചു. കൂട്ടത്തിൽ അയാൾ പറഞ്ഞു രവി ചേട്ടന്എന്തോ ഒരു ദിവ്യദൃഷ്ടി ഉണ്ട്. എൻ്റെ ചേട്ടന് അസുഖം ഒന്നും ഇല്ലാതിരുന്ന അവസരത്തിൽ രവിച്ചേട്ടൻ പറഞ്ഞു. രണ്ടുമൂന്ന് മാസത്തിനുള്ളിൽ തൻ്റെ വീട്ടിൽ ഒരു മരണമുണ്ടെന്ന്… ചേട്ടൻ പറഞ്ഞതുപോലെ തന്നെ എൻ്റെ ചേട്ടന് കാൻസറിന്റെ ഫോർത്ത് സ്റ്റേജ് ആയിരുന്നു. അറിയാതെ പോയി. ചേട്ടൻ രണ്ടുമാസം മുൻപ് ഞങ്ങളെ വിട്ടുപോയി.
എല്ലാം കൂടി കേട്ട് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി വിനോദിന്. അച്ഛൻ എന്തോ സംതിങ് റോങ്ങ് ഉണ്ടെന്ന് സ്ഥിരീകരിക്കാൻ ഇതൊക്കെ തന്നെ ധാരാളം.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ ദിവ്യ അവളുടെ വണ്ടിയിൽ വീട്ടിലെത്തി. അച്ഛൻ്റെ ഓരോ കാര്യവും പറയുമ്പോൾ അവൾക്കു ഭയവും സങ്കടവും ആയിരുന്നു. അവൾക്ക് അച്ഛനെ അത്രമേൽ ഇഷ്ടമാണ്. അച്ഛന് എന്തെങ്കിലും വേണ്ടാത്തത് സംഭവിക്കുമോ എന്ന് അവൾ ഭയന്നു. ചേട്ടൻ വരുന്നത് വരെ വിനോദേട്ടൻ ലീവ് എടുക്കണം എന്നും പറഞ്ഞ് അവൾ തിരികെ പോയി. ലീവെടുത്ത് അച്ഛൻറെ കൂടെ തന്നെ മുഴുവൻ സമയവും നടന്നു.
അച്ഛൻ്റെ ചോദ്യം, എന്താ നീ ലീവ് എടുത്തിരിക്കുന്നത്?
ലീവ് ധാരാളം കിടക്കുന്നു അതുകൊണ്ടാണന്ന് ഒരു കള്ളം പറഞ്ഞു.
ഒരു തിങ്കളാഴ്ച രാവിലെ തന്നെ ചേട്ടനും അമ്മയും എത്തി. അച്ഛനെ കണ്ടതും അമ്മ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി. എൻ്റെ രവിയേട്ടന്എന്താ പറ്റിയത് കാവിലമ്മേ എന്ന് ചോദിച്ച് കരയുന്ന അമ്മയെ അച്ഛൻ അന്തംവിട്ടു നോക്കിയിരുന്നു.
ഇവൾക്ക് ഇത് എന്ത് പറ്റി? വേണ്ടാത്തതൊക്കെ, അവളെ അറിയിച്ചു അല്ലേ വിനോദേ?
പ്രാതൽ കഴിഞ്ഞ് ഉമ്മറത്ത് നാലുപേരും കൂടി വിശേഷങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ നമുക്ക് നാളെ ഒരു സ്ഥലം വരെ പോകണം ചേട്ടനാണ് വിഷയം എടുത്തിട്ടത്.
എവിടെ? അച്ഛന്റെ ചോദ്യം
ഡോക്ടർ എബിയെ കാണാൻ.. അത് നിൻ്റെ ഫ്രണ്ട് അല്ലേ ? ആ ഭ്രാന്തിന്റെ ഡോക്ടറെ എന്തിനാണ് കാണുന്നത്?
അച്ഛൻ്റെ ചെറിയ പ്രശ്നം.. നമുക്ക് അതൊന്ന് സോൾവ് ചെയ്യാം.
പെട്ടെന്ന് അച്ഛൻ്റെ ഭാവം മാറി. എനിക്ക് എന്താ ഭ്രാന്താണോ എനിക്ക് ആരെയും കാണണ്ട. നിൻ്റെ അനിയനെ കൊണ്ടുപോയി കാണിക്കൂ. അവന് മുത്തശ്ശന്റെ കഥകൾ കേട്ട് ഭ്രാന്ത് ഇളകി ഇരിക്കുകയാണ്. നീ വന്നിട്ട് പറയാൻ ഇരിക്കുകയായിരുന്നു ഞാൻ. ഞാൻ രണ്ടു മണിക്കൂർ വെള്ളത്തിൽ കിടന്നന്നോ മനുഷ്യര് ഒന്നും കഴിക്കാത്ത കൂവളത്തിന്റെ ഇല കഴിച്ചെന്നോ ഒക്കെ ഇവൻ പറയുന്നു. ഞാനൊരിക്കലും അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്കറിയാം. ഇവനെപ്പോലെ ഞാൻ അന്ധവിശ്വാസി അല്ല. ദൈവം ഉണ്ടെന്നു പോലും ഞാൻ വിശ്വസിക്കുന്നില്ല പിന്നെയല്ലേ പ്രേതം.
അച്ഛൻ ചാടി എഴുന്നേറ്റു തൊടിയിലേക്ക് ഉറച്ചകാൽവെപ്പോടുകൂടി നടന്നു. അമ്മ പൊട്ടി കരയാൻ തുടങ്ങി.
അമ്മ സമാധാനിക്കു എല്ലാം ശരിയാകും. ചേട്ടനും ഞാനും കൂടി നാളെ തന്നെ അച്ഛനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നുണ്ടല്ലോ.
രാവിലെ ഉണർന്ന് ചേട്ടൻ അച്ഛനോട് പറഞ്ഞു അച്ഛൻ ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. നമ്മുടെ വീടിൻ്റെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി മാത്രം.
അവസാനം അച്ഛൻ മിണ്ടാതെ ഞങ്ങളുടെ കൂടെ ഡോക്ടറുടെ അരികിലേക്ക് വന്നു. എല്ലാം വിശദമായി തന്നെ ഡോക്ടറോട് സംസാരിച്ചു. ഞങ്ങളെ പുറത്തിറക്കി അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
പിന്നീട് ഞങ്ങളെ ഉള്ളിലേക്ക് വിളിച്ച് ഡോക്ടർ പറഞ്ഞു, ഹിപ്നോട്ടിസത്തിൽ പോലും അച്ഛന് കുഴപ്പമൊന്നും കണ്ടില്ല. അദ്ദേഹം ക്വയറ്റ് നോർമൽ ആണ്. പിന്നെ നമ്മൾക്കറിയാത്ത പല ശക്തികളും ഈ പ്രപഞ്ചത്തിൽ ഉണ്ട്. കുറെ സംഭവങ്ങൾ നേരിട്ട് എനിക്ക് അറിയാവുന്നതും ആണ്. അതൊക്കെ ഓരോരുത്തരുടെയും വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ എടുക്കാം. നിങ്ങളുടെ വിശ്വാസം പോലെ ക്ഷേത്രത്തിലെ കാര്യങ്ങളൊക്കെ നടക്കട്ടെ. നമുക്ക് നോക്കാം. എല്ലാ സ്വസ്ഥതക്കേടും ഇതോടെ മാറിയാൽ നല്ലതല്ലേ?
ഡോക്ടർ എബിയുടെ സംസാരം മനസ്സിൽ തറഞ്ഞു. എത്രയും പെട്ടെന്ന് പൂജകൾ ചെയ്തേ പറ്റൂ. മനോജ് ലീവ് കഴിഞ്ഞ് തിരികെ പോയി. അമ്മയും അച്ഛനും വീണ്ടും തനിച്ചായി. വിനോദ് തൃശ്ശൂർക്ക് മടങ്ങിപ്പോയി.
പെട്ടെന്ന് ഒരു ദിവസം രാത്രിയിൽ രവിയെ കാണാതായി. വിജയം അന്വേഷിച്ചു ചെന്നു. അയാൾ രണ്ട് കൈയിലും കർപ്പൂരം കത്തിച്ചുവച്ച് ഒരു ഉടുതുണി പോലും ഇല്ലാതെ പിറന്ന പടി ഓടുകയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് വിജയം. ആരെങ്കിലും അദ്ദേഹത്തെ ഈ രൂപത്തിൽ കണ്ടാൽ എത്ര നാണക്കേടാണ് എന്ന ബോധം അവർക്ക് ഉണ്ടായി. നാലുവശത്തും ഇട്ടിരിക്കുന്ന ബൾബുകൾ മുറ്റം നിറയെ പ്രകാശം പരത്തി നിൽക്കുന്നു. പെട്ടെന്ന് തന്നെ നാല് ഭാഗത്തുള്ള ലൈറ്റ് ഓഫ് ചെയ്തു. ധൈര്യം വെടിയാതെ തന്നെ അയാളുടെ ഒപ്പം അവരും നടന്നു. കുളക്കടവിൽ എത്തി. എന്ത് സംഭവിച്ചാലും കുഴപ്പമില്ല അദ്ദേഹത്തിന് എന്തു സംഭവിക്കുന്നുവോ അത് തനിക്കും സംഭവിച്ചു കൊള്ളട്ടെ എന്നുള്ള ഉറച്ച തീരുമാനത്തോടെ അവരും കൂടെ തന്നെ ഓടി. പടിഞ്ഞാറ്റക്കുളത്തിലെ കൽപ്പടവിൽ നിന്നും രണ്ട് കൈയിലും കർപ്പൂരവുമായി കുളത്തിലേക്ക് എടുത്ത് ചാടി രവി. അല്പം സമയത്തിന് ശേഷം മുങ്ങി നിവർന്ന് കരയിലേക്ക് കയറി നേരെ കിണറ്റിൻകരയിൽ ചെന്ന് ശിരസ്സിലേക്ക് വെള്ളം കോരി ഒഴിക്കാൻ തുടങ്ങി. അത്രയും തന്നെ വെള്ളവും കുടിച്ച് ദാഹം തീർത്തു. വീടിൻ്റെ ചുറ്റിനും നടക്കാൻ തുടങ്ങി. വിജയം കൂടെത്തന്നെ നടന്നു. ഇത്ര വേഗത്തിൽനടക്കുന്നത് എന്തിനാ എന്നു ചോദിക്കുന്നതിനു മറുപടിയായി മുമ്പിൽ പോകുന്ന ആളെ പിടിക്കുവാൻ പറയുകയും വിജയത്തിന് ഭയം വർദ്ധിച്ചു. ബോധത്തോടെ ആർക്കും അങ്ങനെ പറയാൻ സാധിക്കുകയില്ല. പ്രജ്ഞയില്ലാത്തവർക്ക് എന്തുമാകാം. പച്ചയായ മനുഷ്യർക്ക് അത് സാധ്യമല്ല. ഭയം കൊണ്ട് വിജയം തിരികെ ഓടി.
രാവിലെ തന്നെ വിനോദ് സ്ഥലത്തെത്തി. ദൂരെയുള്ള എല്ലാവരെയും വിളിച്ച് പൂജയുടെ കാര്യങ്ങൾ സംസാരിച്ചു. എല്ലാവർക്കും ഒന്നിച്ചു വരുവാനായി സാധ്യമാകുന്ന ദിവസം പൂജ നടത്താമെന്ന് അറിയിച്ചു.മുല്ലശ്ശേരി മനയിൽ പോയി തിരുമേനിയെ കൊണ്ടുവന്നു. താംബൂല പ്രശ്നം വച്ചു. പ്രശ്നത്തിൽ ഒന്ന് രണ്ട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പ്രധാന വാതിൽ ഒരിക്കലും താഴിട്ടു പൂട്ടരുത്. ദേവി ഈ കുളത്തിൽ ആറാടാനായി ഭൂതഗണങ്ങൾ സഹിതം വരുന്നതായി കാണുന്നു. രണ്ടാമത് നിങ്ങളുടെ അച്ഛൻ്റെ കാര്യങ്ങൾ കേട്ടതിൽ നിന്നും നോക്കിയിട്ട് പ്രശ്നത്തിൽ കാണുന്നത് നിങ്ങടെ പൂർവികർ ആരോ വീരഭദ്ര ഉപാസന ചെയ്തിരുന്നു. നാല് തലമുറകൾക്കിപ്പുറം അതിൻ്റെ ഒരു അംശം ഈ കുടുംബത്തിലെ ഏതെങ്കിലും ആളിൽ ഉണ്ടാകാൻ സാധ്യത കാണുന്നു. അത് ഒരുപക്ഷേ നിങ്ങളുടെ അച്ഛൻ്റെ ശരീരത്തിൽ ആയിരിക്കാം.
അതുകൊണ്ട് നിങ്ങൾക്ക് ദോഷം ഒന്നുമില്ല. നിങ്ങൾക്ക് നല്ലത് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ അത് പാവം എന്റെ അച്ഛന്റെ മേലെ തന്നെയാണല്ലോ എന്നോർത്ത് സങ്കടം തോന്നി. ഏതായാലും തിരുമേനി പൂജയ്ക്കായി ഒഴിവ് നോക്കി. (അതായത് (ഏതു തിരുമേനിയെ കൊണ്ടാണ് ആവാഹനം നടത്തേണ്ടത് എന്നാണ് ഒഴിവുനോക്കുകഎന്നുപറഞ്ഞാൽ അർത്ഥം )പാലക്കാട് ഉള്ള തിരുമേനിമാരെയാണ് അതിനായി കണ്ടത്. പാലക്കാട്ട് താമസ്സിക്കുന്നത് തറവാട്ടിലെ മൂന്നാമത്തെ അപ്പച്ചിയും കുട്ടികളുമാണ്. ആ അപ്പച്ചിയാണ്അതിന് ഉചിത എന്നും അവിടെത്തന്നെ പുതിയ വാളും ചിലമ്പും പണി കഴിപ്പിക്കണമെന്നും നാല് ദിവസത്തെ പൂജാകർമ്മങ്ങൾ ഒക്കെ നടത്തി ആവാഹനവും മരിച്ചവരുടെ ആത്മാവിനെ ആവാഹിക്കണം എന്നും തിരുമേനിയുടെ അരുളിപ്പാട് ഉണ്ടായി. വൃശ്ചികമാസം 25 26 27 28 എന്നീ തീയതികളിൽ പൂജ നടത്തുവാനും 28ന് വൈകിട്ട് കൊട്ടും കുരവയും ആനയും അംബാരിയുമായി തറവാട്ടിലെ സ്ത്രീജനങ്ങളും കൊച്ചു പെൺകുട്ടികളും ചേർന്ന് താലപ്പൊലിയോടെ വാളും ചിലമ്പും പരദേവതയ്ക്ക് സമർപ്പിക്കണമെന്ന് തീരുമാനിച്ചു. പഴയ വാളിൽ നിന്നും പുതിയ വാളിലേക്ക് ആവാഹിച്ച് വാളും ചിലമ്പും ക്ഷേത്രത്തിൽ സമർപ്പിക്കുന്ന അവസരത്തിൽ തന്നെ പഴയ വാളും ചിലമ്പും ഏതെങ്കിലും ഒഴുക്ക് നീറ്റിൽ ഒഴുക്കി കളയണം എന്നും പറഞ്ഞതനുസരിച്ച് രവിയും അനന്തരവനും ആ ദൗത്യം ഏറ്റെടുത്തു.അങ്ങനെ പൂജാ സമയം അടുത്തു.പല സ്ഥലങ്ങളിൽ നിന്നും മക്കളും മരുമക്കളും കുട്ടികളും ഒക്കെയായി 35 അംഗങ്ങളോളം തറവാട്ടിലേക്ക് വന്നു.
അതിനിടയിൽ രവിയുടെ ഒരു സഹോദരിക്ക് ദീനം കലശലായി എന്താണ് രോഗം എന്ന് അറിയാതെ തന്നെ അവർ, അബോധവസ്ഥയിലേക്കുപോയി. ഡോക്ടർമാരുടെ നിഗമനം ഒരു കോടി ആളുകളിൽ ഒരാൾക് വരുന്ന വരുന്ന ഒരു രോഗം അവരെ പിടികൂടിയിരിക്കുന്നു.
പാലക്കാട് നിന്നും തന്ത്രിമാരും അദ്ദേഹത്തിൻ്റെ പരികർമികളും എത്തി. ഓരോ പൂജയും കഴിയുമ്പോൾ അതിൻ്റെ കർമ്മം ശരിയായോ എന്നറിയാനായി ഒരു ജ്യോതിഷനെ കൂടിയിരുത്തും .പൂജയ്ക്ക് മുമ്പ് തന്നെ ജ്യോതിഷൻ നമ്മുടെ കുടുംബ കാര്യങ്ങൾ നോക്കി പറഞ്ഞു .ഈ തറവാട്ടിലെ വയസ്സായവർ ജീവിച്ചിരിക്കെ ചെറുപ്രായക്കാർക്ക് അകാല മൃത്യു സംഭവിക്കാൻ സാധ്യതയുണ്ട് . പൂജ കഴിയുന്നതുവരെ അനർത്ഥങ്ങൾ ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക .അത്രയേ പറയാനുള്ളൂ.. ചാർത്തുംപ്രകാരം ഉള്ള സാധന സാമഗ്രികൾ എല്ലാം ഒന്നൊന്നായി വാങ്ങി വന്നു അച്ഛന് ഒട്ടും വിശ്വാസമില്ലെങ്കിലും പന്തലിടാനും ആഹാരം എത്തിക്കുവാനും പുഷ്പങ്ങൾ ശേഖരിക്കാനും മറ്റും അദ്ദേഹം മുൻകൈ എടുത്തു. മുത്തച്ഛൻറെ വാക്കുകൾ വിനോദ് ഓർത്തു. നിൻ്റെ അച്ഛന് വിശ്വാസമൊന്നുമില്ല അവനെ ആ ദൗത്യം ഒരു കാരണവശാലും ഏൽപ്പിക്കരുത് എന്ന വാക്ക് വിനോദ് മറന്നു അച്ഛനെ എല്ലാം ഏൽപ്പിച്ചു.
പൂജയുടെ നാലാം ദിവസം എല്ലാ അംഗങ്ങളും പൂജാമുറിയിൽ നിരന്ന് പായിൽ ഇരിക്കാൻ തിരുമേനി ആവശ്യപ്പെട്ടു. ആരും പൂജ കഴിയുന്നവരെ പുറത്ത് എവിടെയും പോകരുതെന്നും നിർദ്ദേശിച്ചു.യുകെയിൽ നിന്നും ബോംബെയിൽ നിന്നും ഗോവയിൽ നിന്നും വന്ന ഇളം തലമുറയിൽ പെട്ട കുട്ടികൾക്ക് അത് ഒരു പ്രഹസനമായും അന്ധവിശ്വാസവും ആയി തോന്നി. വേറെ പണിയൊന്നുമില്ല എന്ന ഭാവം അവരുടെ മുഖത്ത് ഉടനീളം കണ്ടു. യുകെയിലെ അപ്പച്ചിയുടെ മകൻ അല്പം ദേഷ്യക്കാരൻ ആണ് അവന് അല്പം മദ്യവും പുകവലിയും ഒഴിച്ചുകൂടാൻ പ്രയാസമുള്ള ആളായിരുന്നു. അവന് ഇത് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവൻ പതുക്കെ വിജയത്തിൻ്റെ അരികിൽ എത്തി.
എൻ്റെ അമ്മായി ഇത് ഒക്കെ എന്ത് കാട്ടിക്കൂട്ടൽ ആണ്. വാളും മറ്റും നേരെ കൊണ്ട് ക്ഷേത്രത്തിൽ കൊടുത്താൽ പോരെ? ഈ വക കോപ്രായങ്ങൾ വല്ലതും ആവശ്യമുണ്ടോ?
മോനെ അങ്ങനെ ഒന്നും പറഞ്ഞുകൂടാ. നമ്മുടെ മുത്തശ്ശൻ പറഞ്ഞ് ഏൽപ്പിച്ചു പോയതാണ് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതൊക്കെ നടത്തിയ മതിയാകൂ. മോൻ പോയി കുളിച്ച് പൂജയ്ക്ക് ഇരിക്കു.
എല്ലാ കുട്ടികളും പുരുഷന്മാരും കുളത്തിൽ പോയി മുങ്ങി പൂജയ്ക്കായി വന്നിരുന്നു. സ്ത്രീകൾ എല്ലാവരും പുഷ്പങ്ങളും തുളസിയും പൂജാ വിളക്കുകളും ധൃതിയിൽ ഒരുക്കുകയാണ്. പൂജയ്ക്കായി തിരുമേനിയും പരികർമ്മികളും മൂന്നു വിളക്കകൾ തെളിയിച്ചു ഒത്ത നടുക്കായി വലിയ വിളക്കിൽ ഏഴ് തിരിയിട്ട് തെളിയിച്ചു മറ്റു രണ്ടു വിളക്കിൽ അഞ്ചു തിരിയും. തിരുമേനി ആവണപലകയിൽ ഉപവിഷ്ടനായി. അല്പസമയം ധ്യാന നിരതനായി. കൊച്ചു കുട്ടികൾ പോലും നിശബ്ദമായിരുന്നു. അദ്ദേഹം വളരെ സാവധാനം മിഴികൾ തുറന്നു. ആദ്യം തന്നെ തിരുമേനി കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു തുടങ്ങി. ആദ്യം നമ്മൾ ഗണപതിയെയും പരദേവതയും സർപ്പങ്ങളെയും വീരഭദ്ര സ്വാമിയേയും ഈ കളത്തിലേക്ക് ആനയിച്ചിരുത്തുന്നു. അതുകഴിഞ്ഞാൽ പിന്നെ തറവാട്ടിൽ നിന്നും മൺമറഞ്ഞു പോയ ആത്മാക്കളെ ആവാഹിക്കും. അതിനുശേഷം ദുരാത്മാക്കളെ അതായത് ആഗ്രഹം തീരാതെ പോയവരും ആത്മഹത്യ ചെയ്തവരും വയറ്റിൽ വെച്ച് തന്നെ ഗർഭഛിദ്രം നടന്നു പോയവരെയും എല്ലാവരെയും ആവഹിക്കാനുള്ള തയ്യാറെടുപ്പ് എടുക്കണം.വീണ്ടും പറഞ്ഞു, ആ വാഹനം നടക്കുമ്പോൾ ആരും തന്നെ പഴയ തറവാട്ടിലോ തൊടിയിലോ ഒന്നും പോകരുത്. എല്ലാ അംഗങ്ങളും ഇവിടെ തന്നെ വേണം ആവാഹനം നടക്കുമ്പോൾ പുറത്ത് എന്ത് ഒച്ചയും ബഹളവും കേട്ടാലും ആരും പോയി നോക്കരുത്. കുടുംബാംഗങ്ങൾ മുഴുവനും മുറിയിൽ തന്നെ കർശനമായി ഇരിക്കണം മുറിക്കുള്ളിൽ തന്നെ ഇരിക്കണം. അകത്തും പുറത്തുമായി ആരും നിൽക്കരുത്. ഉറക്കം വന്നാൽ ആരും ഉറങ്ങരുത്. ഉറക്കം അകറ്റിനിർത്താനായി നാമജപം നടത്തുക. പരദേവതയും മറ്റും കളത്തിൽ ആനയിച്ച് ഇരുത്തി. അടുത്തതായി ഈ തറവാട്ടിലെ മരിച്ചുപോയ വരെയാണ് ആവാഹിക്കുന്നത്. അതിൽ പലരും വരുവാനായി വിസമ്മതിക്കും അപ്പോൾ നമ്മൾ എല്ലാവരും ചേർന്ന് ആത്മാവിനെ പ്രാർത്ഥിച്ച് ഇങ്ങോട്ട് ആനയിക്കണം. ഏതാണ്ട് ആത്മാവിൻറെ ആ വാഹനം ഒക്കെ കഴിഞ്ഞു. ആദ്യത്തെ പകുതി വരെ യാതൊരു പ്രശ്നവും ഉണ്ടായില്ല.
അടുത്ത പൂജയ്ക്ക് തിരുമേനി വാളും ചിലമ്പും ആവാഹിക്കുവാൻ തുടങ്ങി. പെട്ടെന്ന് തൊടിയിൽ നിന്ന് ഒരു ആർത്തനാദം. വലിയ ശബ്ദത്തോടെ മരത്തിൻറെ കൊമ്പൊടിയുന്ന ശബ്ദവും കേട്ടു. ആൺകുട്ടികൾ പെട്ടെന്ന് എന്താണെന്ന് നോക്കുവാനായി ചാടി എഴുന്നേറ്റു. ഇരിക്കാനായി തിരുമേനി ആംഗ്യം കാണിച്ചു. പെൺകുട്ടികളും മുതിർന്നവരും പേടിച്ച് നാമജപം ഉച്ചത്തിൽ ആക്കി. പൂജയുടെ അവസാന ഘട്ടം പൂർത്തിയാക്കി തിരുമേനി വീടിനു ചുറ്റും പറമ്പിലും ആയി രക്ഷ ചെയ്യാനുള്ള സാധനങ്ങൾ രവിയുടെയും അനിന്തരവന്റേയും കയ്യിൽ ഏൽപ്പിച്ചിട്ട് ശബ്ദം കേട്ട് ഭാഗത്തേക്ക് പന്തം കൊളുത്തി കിണ്ടിയിൽ വെള്ളവുമായി നടന്നു. പടിഞ്ഞാറെ കുളത്തിന്റെ അടുത്ത് നിൽക്കുന്ന മാവിൻറെ ശിഖരമാണ് ഒടിഞ്ഞുവീണത്. അടുത്ത് എത്തിയപ്പോൾ യുകെയിലെ അപ്പച്ചിയുടെ മകൻ അവിടെ ബോധമറ്റ് കിടക്കുന്നു. തിരുമേനികിണ്ടിയിൽ നിന്നും ജലം മുഖത്ത് തളിക്കുകയും അവൻ ചാടി എഴുന്നേറ്റ് പാതി കത്തിയിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തിരുമേനിയുടെ ചോദ്യത്തിന് ഭയത്തോടു കൂടി വിക്കി വിക്കി അവൻ പറഞ്ഞു തുടങ്ങി.
വല്ലാത്ത ഒരു രൂപം പാടത്തേക്ക് ഓടിമറയുന്നത് കണ്ടു. അതിൻ്റെ പിന്നാലെ ഒരു തീ ഗോളവും ഉണ്ടായിരുന്നു. ആ സമയം വലിയ ശബ്ദത്തോടെ മാവിന്റെ കൊമ്പ് ഒടിഞ്ഞുവീണു. അപ്പോഴേക്കും എൻറെ ബോധം പോയിരുന്നു.
തിരുമേനി ശാന്തമായി പറഞ്ഞു, പുറത്തേക്ക് പോകരുത് എന്ന് പറഞ്ഞിട്ട് എന്തിനാണ് പുറത്തേക്കു പോയത്. വിശ്വാസമില്ലാത്തവർക്ക് കാണിച്ചു തന്നില്ലേ നമ്മൾക്ക് അറിയാത്ത പല ശക്തികളും നല്ല ശക്തിയും ദുർശക്തിയും ഈ ലോകത്തിൽ ഉണ്ട്. ശാസ്ത്രം എത്രതന്നെ ഉയർന്നാലും അതിനെയും വെല്ലുന്ന ശക്തികൾ നമ്മുടെ പ്രപഞ്ചത്തിൽ അദൃശ്യ ശക്തി ആയിട്ടുണ്ട് വിശ്വസിച്ചാലും ഇല്ലെങ്കിലും ആരെയും നമ്മൾ വെല്ലുവിളിക്കരുത്.
തിരുമേനി പറഞ്ഞതിലും കാര്യമുണ്ടെന്ന് എല്ലാവരും വിശ്വസിച്ചു. വൈകുന്നേരത്തെ ദീപാ ആരാധനയ്ക്ക് മുമ്പ് തന്നെ താലപ്പൊലിയോടു കൂടി ക്ഷേത്രത്തിലേക്ക് വാളും ചിലമ്പും കൊണ്ടുപോയി.വാളും ചിലമ്പും മൂന്ന് പ്രദിക്ഷണത്തോടെ ആ തറവാട്ടിലെ മൂന്നാമത്തെ തന്റെഅപ്പച്ചിയും മറ്റു അംഗങ്ങൾ എല്ലാവരും ചേർന്ന് ദേവിയുടെ മുൻപിൽ സമർപ്പിച്ചു. കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു പ്രാർത്ഥന മാത്രം തറവാട്ടിലെ ഇളം തലമുറയ്ക്ക് ഒന്നും ഇനി ഒരാപത്തും സംഭവിക്കരുതേ. അവിടെ ഒരു കൂട്ട പ്രാർത്ഥന നടക്കുകയായിരുന്നു. ആ സമയം തന്നെ പഴയ വാളും ചിലമ്പും ഒഴുക്കു നീറ്റിൽ നിക്ഷേപിച്ച് രവിയും അനന്തരവനും തിരികെ ക്ഷേത്രത്തിൽ എത്തി. കൂട്ടമണിഅടിയോടെ ദീപാരാധന നടക്കുമ്പോൾ രവിയും അറിയാതെ കൈകൾ കൂപ്പി പോയി. ഇനി ഒരിക്കലും ഇങ്ങനെയുള്ള സംഭവങ്ങൾ എന്നിൽ നിന്ന് ഉണ്ടാകരുതെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അന്ന് ആദ്യമായി അയാൾ ദൈവത്തിനെ ഇരുകൈകളും കൂട്ടി തൊഴുതു. അതുകണ്ട വിനോദവും വിജയവും പരസ്പരം നോക്കി ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു…. ആ വലിയ തറവാടിന്റെ ദുരന്തം ഒഴിഞ്ഞു പോയി… എന്ന് എല്ലാവരും വിശ്വസിച്ചു.
പൂജകൾ എല്ലാം കഴിഞ്ഞ് ദക്ഷിണ സ്വീകരിക്കുമ്പോൾ തിരുമേനി രവിയോട് ചെറുപുഞ്ചിരിയോടുകൂടി പറഞ്ഞു. ഇനി ധൈര്യമായി വാതിൽ പൂട്ടിക്കൊള്ളു. കാരണം നിങ്ങളുടെ അറയിലെ വാളും ചിലമ്പും എത്തേണ്ട സ്ഥലത്ത് യഥാവിധി എത്തിച്ചേർന്നുവല്ലോ. ഒരാഴ്ച എല്ലാവരും വളരെ സമാധാനത്തോടും സന്തോഷത്തോടും തറവാട്ടിൽ അടിച്ചുപൊളിച്ചു. രവിയിൽ നല്ല മാറ്റം കണ്ടു തുടങ്ങി, അദ്ദേഹം രാത്രിയിൽ സുഖമായി ഉറങ്ങിത്തുടങ്ങി. ഒരാഴ്ച എത്ര പെട്ടെന്നാണ് കടന്നുപോയത് വന്നവരൊക്കെ ഓരോരുത്തരായി അവരവരുടെ സ്ഥലങ്ങളിലേക്ക് തിരികെ പോയി. അവസാനം യുകെയിലെ അപ്പച്ചിയും മോനും പോകാനായി തയ്യാറായി അന്നത്തെ അനുഭവം കഴിഞ്ഞ് അവൻ ഒന്ന് ഒതുങ്ങിയത് പോലെ തോന്നി. കാറിൽ കയറി യാത്ര പറയുമ്പോൾ അവൻ വിനോദിനെ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛനിൽ കണ്ട ആ നിഗൂഢ ചിരി അവന്റെ ചുണ്ടുകളിൽ കണ്ടു വിനോദ് ഞെട്ടിത്തരിച്ചു……


9 Comments
ഒറ്റ ശ്വാസത്തിനു വായിച്ചു തീർത്തു. നന്നായി അവതരിപ്പിച്ചു
മനോഹരമായി എഴുതി…നേരിട്ട് കാണുന്ന ഫീൽ ആയിരുന്നു…സൂപ്പർ 👌👌👌👌❤️❤️❤️❤️
ഹോറർ വിഷയത്തിൽ എന്തേ ഇട്ടില്ല.. സമ്മാനം കിട്ടിയേനെ.
വല്ലാത്ത കഥ 👌
ശ്വാസം വിടാതെയാണ് വായിച്ചത്…… പണ്ട് കൊലച്ചോർ കൊടുത്തതിൻ്റെ തിരിച്ചടിയായിരിക്കും…. ഏതായാലും പൂജകൾ കൊണ്ട് പരിഹാരം ചെയ്യാൻ പറ്റിയല്ലോ……. ഒരു ഹൊറർ കഥ നന്നായി അവതരിപ്പിച്ചു.👍❤️
👍
അടുത്ത തലമുറയിലേക്ക് പകരുന്ന വിശ്വാസങ്ങൾ, തോന്നലുകൾ ഊതിപ്പെരുക്കുമ്പോൾ ഭ്രമാത്മകമാകുന്ന അവസ്ഥ എഴുത്തിന് നല്ല ഒഴുക്കുണ്ടായിരുന്നു വളരെ mature ആയ അവതരണം.
👌👏
പേടിപ്പിച്ചു കളഞ്ഞു കേട്ടോ. ശരിക്കും ഹൊറർ കഥ
സൂപ്പർ❤️👌🌹
എന്തൊരു ഫീൽ ! ഒരു ഹൊറർ കഥക്കു വേണ്ട ചേരുവകളെല്ലാം കൃത്യം. നന്നായെഴുതി.👌👌❤️
സൂപ്പർ ചേച്ചി❤️ 👌 എല്ലാം ഒരു നേരിൽ കണ്ട ഫീൽ
ശരിക്കും പേടിച്ചു പോയി വായിച്ചപ്പോൾ 🥲