മണ്ണോടു ചേര്‍ന്നിരുന്നു ഭൂമിദേവി-
നിന്നുദരത്തില്‍ നിന്ന് വന്നു
അമ്മ നീ കുളിരായി മഴ തന്നു
ചൂടേകും വെയില്‍ തന്നു
എന്നിലെന്നോ ജീവന്റെ തുടിപ്പു വന്നു
ആ പൊക്കിള്‍കൊടി നീണ്ടു വേരായി ,
തണ്ടായി തളിരിലകളായ് ഞാനും –
ബാല്യത്തില്‍ അരുമ തൂകി നിന്നു
നിനച്ചു ഞാന്‍ കൊതിപ്പതില്ലാരുമേ
ഇന്നലെ മൊട്ടിട്ട പുതുജീവനെ
കണ്ടു ഞാന്‍ ചുറ്റിലും പൂത്ത പൂവൊക്കെയും
നുകര്‍ന്നു മദിക്കുന്ന ശലഭങ്ങള്‍ കാര്‍വണ്ടുകളും
വിരിയാന്‍ കൊതിച്ചു വസന്തത്തെ ഞാനെത്ര
ആശിച്ചു അളികളാല്‍ ഞാനും മുകര്‍ന്നുവെങ്കില്‍
കനമാര്‍ന്നിലകള്‍ കളിയായ് ചൊല്ലി
നാളെ നീയും ചന്തം ചൂടി നില്കും
തെന്നല്‍ നിന്‍ പൂമണമേന്തി നടക്കും
നിന്നെയുമണയാനവര്‍ കൊതിക്കും സ്വപ്‌നങ്ങൾ കണ്ടു നിലാവില്‍ കുളിച്ചുറങ്ങി
പുലരി വെയിലേറ്റു മിഴി തുറന്നു
സ്വയം മറ്റൊരു മലരായ് വിരിഞ്ഞിരുന്നു
ഇളം തെന്നല്‍ വന്നു മണമെങ്ങും പരന്നു
എന്നെ തേടിയാ വളയിട്ട കൈകള്‍ വന്നു
പൊക്കിൾകൊടിയറ്റു ഞാനിനി എന്തു ചെയ്‌വൂ
അവളുടെ കൂന്തലില്‍ മുഖം ചേര്‍ത്തേറെതേങ്ങി
കണ്ണീരില്‍ മുങ്ങി നിറം മങ്ങി
പിന്നെ ഞാനോ വാടിയ പൂ
വിരിയാന്‍ കൊതിച്ച ഞാന്‍ മറ്റൊരു പകലിനെ കാണാതെ
നിശയുടെ മാറിലടര്‍ന്നു വീണു
