ചെറുപ്പം മുതലേ അയാൾക്ക് ഇരുട്ട് നിറഞ്ഞ, ഇടുങ്ങിയ മുറികളോട് ഭയമായിരുന്നു. മരങ്ങാട്ട്പള്ളിയിലെ സഞ്ചാരി ഒരിക്കൽ വിയറ്റ്നാമിൽ പോയി ഗറില്ലകൾ യുദ്ധ സമയത്ത് ഉപയോഗിച്ചിരുന്ന മാളത്തിനുള്ളിൽ കയറി ബോധം കെട്ട് വീഴുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കണ്ട് വീട്ടിൽ ബോധം കെട്ട് വീണ ആളാണ് അയാൾ. ലിഫ്റ്റിൽ കയറാൻ കൂട്ടാക്കാത്തപ്പോൾ തന്നെ കളിയാക്കുന്ന കൂട്ടുകാരോട്, ശ്വാസം മുട്ടി മരിക്കാനുള്ള തന്റെ ഭയത്തെപ്പറ്റി അയാൾ പറഞ്ഞിരുന്നു.
അസഹ്യമായ ചൂടുണ്ടായിരുന്ന സാധാരണമായ ഒരു ഞായറാഴ്ച ഉച്ചയൂണിനു ശേഷം ലോഡ്ജിലെ തന്റെ എഴാം നമ്പർ മുറിയുടെ വാതിൽ പാതി ചാരി പൊടി പിടിച്ച, സീലിംഗ് ഫാൻ കൊടുങ്കാറ്റിലിട്ട് അയാൾ ഉറങ്ങാൻ കിടന്നു. അരമണിക്കൂറോളം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങിയില്ല.. ആകെ അസ്വസ്ഥത.. പുറത്തെ കാറ്റടിച്ച് മുറിയുടെ വാതിലടഞ്ഞു. ചൂട്.. ശ്വാസം മുട്ടുന്നു. അയാൾ തന്റെ വലതു കൈത്തണ്ടയിലേക്ക് നോക്കി. ഇറുകി കെട്ടിയ ഒരു കറുത്ത ചരട്. ഭയപ്പാടോടെ അയാൾ ചാടി എണീറ്റു. കടും കെട്ടാണ്. അഴിക്കാൻ സാധിക്കുന്നില്ല..അയാൾ വല്ലാതെ വിയർക്കുകയും കിതയ്ക്കുകയും ചെയ്തു. എങ്ങനെയും ആ ചരട് അഴിച്ചു കളയണം. അല്ലെങ്കിൽ താൻ ശ്വാസം മുട്ടി മരിക്കും. ഹൃദയം ചെവിയിൽ മിടിക്കുന്നത് അയാൾ കേട്ടു. ഷെൽഫിൽ വച്ചിരിക്കുന്ന കത്രിക ലക്ഷ്യമാക്കി അയാൾ കുതിച്ചു. കാലുകൾക്ക് തന്റെ ഭാരം തങ്ങാനാവാത്തതു പോലെ. കണ്ണിൽ ഇരുട്ട് കയറി. ഒരു നിമിഷം. ചുറ്റിലും നിശബ്ദമായ അന്ധകാരം മാത്രം.
തിങ്കളാഴ്ച വെളുപ്പിനെ പത്രം വില്ക്കുന്ന പയ്യനാണ് വാതിൽ പാതി ചാരിക്കിടന്നിരുന്ന ഏഴാം നമ്പർ മുറിയിൽ, സീലിംഗ് ഫാനിൽ തൂങ്ങി നില്ക്കുന്ന അയാളുടെ ചലനമറ്റ ശരീരം ആദ്യം കണ്ടത്. അപ്പോഴും അയാളുടെ വലതു കൈത്തണ്ട ശൂന്യമായിരുന്നു.
