ദീപൻ്റെ കളിക്കൂട്ടുകാരിയായിരുന്നു ഭാവന. ഒരേ പ്രായം, ഒരേപോലത്തെ കുറുമ്പ്. ഒരേ പോലെ ആൺകുട്ടികളേപ്പോലെ വസ്ത്രധാരണം, പെരുമാറ്റം. ഏത് മരത്തിലും കയറും. മാങ്ങയോ ചക്കയോ എന്തും പറിക്കാൻ ഭാവമോളോട് പറഞ്ഞാൽ മതി. ദീപന്റെ കൂട്ടുകാരൻ ആണെന്നാണ് ആ മരംകേറിപെണ്ണിനെ എല്ലാവരും പറയുക.
ആണുങ്ങൾ മാത്രം രാത്രി പുറത്തിറങ്ങി നടന്നാൽ പോരാ, സിനിമയ്ക്കും ഉത്സവത്തിനും എന്തിന് ആണുങ്ങളുടെ മാത്രം കുത്തകയായ തൃശൂർ പൂരത്തിന് വരെ ഭാവമോൾ റെഡിയാണ്. പറയുക മാത്രമല്ല പ്രവർത്തിക്കുക കൂടി ചെയ്യുന്ന ഈ പെണ്ണിനെ എല്ലാവർക്കും ഭയം കൂടിയാണ്. അവൾക്ക് എതിരായി എന്തെങ്കിലും ആരെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താൽ, പിന്നെ പറയേണ്ട, എപ്പോൾ നല്ല തല്ല് കിട്ടി എന്ന് നോക്കിയാൽ മതി.
ഇതൊക്കെ സ്കൂൾ പഠനകാലത്താണ്.
ദീപനും മറ്റ് ആൺപിള്ളേരുമൊക്കെ ഭാവമോൾ പറയുന്നത് കേട്ട് നടക്കണം. ഏത് ഇന്ദ്രനും ചന്ദ്രനും വന്നാലും പേടിയില്ലാത്ത ഒരാളെ കിട്ടിയാൽ പിന്നെ കൂട്ടുകാർക്ക് സന്തോഷിക്കാൻ മറ്റെന്ത് വേണം?
അങ്ങനെ മിടുമിടുക്കിയായി ഭാവന വാഴുമ്പോൾ ആണ് സ്കൂളിൽ പുതുതായി മറ്റൊരു സൗന്ദര്യറാണി വരുന്നത്. റോസ് അഗസ്റ്റിൻ ഫെർണാണ്ടസ്.
അവളുടെ വലിയ പേര് കണ്ടപ്പോൾ തന്നെ പറഞ്ഞു ” അവൾ ശരിയല്ല. അവളെ നമുക്ക് ഒരു പാഠം പഠിപ്പിക്കണം”
ഭാവനയും ദീപനും മറ്റ് ശിങ്കിടികളും കൂടി അവളെ ചോദ്യശരങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ചു.
അവളുടെ മോഡേൺ ഡ്രസ്സിൽ ചുവന്ന മഷിയൊഴിച്ച് അവളെ അപമാനിക്കാൻ നോക്കി.
“ആർത്തവമായിട്ട് നിനക്ക് വീട്ടിൽ ഇരുന്നു കൂടെ? ഇങ്ങനെ ഞങ്ങൾ പെണ്ണുങ്ങൾക്ക് നാണക്കേട് ഉണ്ടാക്കണമോ” എന്നൊക്കെ ഭാവമോളുടെ ചോദ്യങ്ങൾ കേട്ട് തിരിച്ചു ചോദിക്കാനും മിടുക്കുണ്ടായിരുന്നു പുതിയ സൗന്ദര്യറാണിയ്ക്ക്.
എന്ത് പറഞ്ഞാലും എന്ത് ചെയ്താലും റോസ് വാടിപ്പോവില്ല എന്ന് മനസ്സിലാക്കാൻ നേരം എടുത്തു എങ്കിലും അവരുടെ കൂട്ടത്തിലേക്ക് റോസ് വന്നു ചേർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.
ബലാബലം പരീക്ഷിച്ചതാണ് എന്ന് പറഞ്ഞു സുല്ലാക്കി ഭാവമോളും സംഘവും.
സ്കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജ് കാലമായപ്പോൾ അല്പം പാകത വരുമെന്നാണ് നാട്ടുകാരും വീട്ടുകാരും ഒക്കെ കരുതിയത്.
എവിടെ? കുറുമ്പുകളും കുസൃതികളുമൊക്കെ കൂടിയതേയുള്ളൂ.
അവിടെ ചില സീനിയേഴ്സ് ഭാവമോളേയും ദീപനേയുമൊക്കെ റാഗിങ് ചെയ്തു നേരെയാക്കാൻ നോക്കിയതാണ്. പക്ഷെ അതൊക്കെ വല്ല തൊട്ടാവാടികളായ ആൺപിള്ളേരോടോ, പെൺപിള്ളേരോടോ പറ്റും.
ഇവരുടെ സ്വഭാവം ശരിക്കും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ആരും അടുക്കില്ല. അതൊക്കെ മനസ്സിലാക്കാൻ നേരം പിടിക്കും. എന്തെല്ലാം ചെയ്താലും അതൊക്കെ ബൂമറാങ് പോലെ സീനിയേഴ്സിന്റെ നേർക്ക് തന്നെ വന്ന് കൊള്ളുന്നതിനാൽ അവർ ആ പണി മതിയാക്കി, ഇവരുടെ സംഘത്തോട് സഹകരിക്കാൻ തയ്യാറായി.
കഷ്ടകാലമോ നല്ല കാലമോ സീനിയർ വിദ്യാർത്ഥിയായ അരുണിന് ഭാവനയോട് ഒരു സോഫ്റ്റ് കോർണർ.
പക്ഷേ പെൺപുലിയോട് പ്രണയാഭ്യർത്ഥന നടത്താനൊന്നും അരുണിന് ധൈര്യമില്ല.
എന്തെങ്കിലും പറഞ്ഞാൽ ചെവിടത്ത് അടി കിട്ടിയാലോ? അതിനൊന്നും മടിയില്ല നമ്മുടെ ഭാവമോൾക്ക്.
അരുൺ പല സൂചനകളും നൽകിയെങ്കിലും അതൊന്നും അറിയാത്ത പോലെ നടന്നു, ഭാവന.
” എനിക്ക് ഇനി ഈ കാള കളിച്ചു നടക്കാനൊന്നും നേരമില്ല. പഠിക്കണം. ഡിഗ്രിയൊക്കെ നല്ല മാർക്കോടെ പാസ്സായിട്ടു വേണം ഐ. പി. എസിന് നോക്കാൻ. അതാണ് എന്റെ ലക്ഷ്യം. കോച്ചിങ്ങിന് ഈ വർഷം മുതൽ പോയി തുടങ്ങണം. അരുണേ നീ പഠിക്കാൻ നോക്ക്. ഐ. എ. എസ്. എന്ന് പറയുന്നത് നിസ്സാരമായ ലക്ഷ്യമല്ല. നമ്മുടെ ലക്ഷ്യങ്ങൾ നേടാൻ ആണ് ഇപ്പോൾ ശ്രമിക്കേണ്ടത്. ദീപാ നീയല്ലേ ബാങ്ക് ടെസ്റ്റുകൾ എഴുതണമെന്ന് പറഞ്ഞത്
അതിന് കഠിനമായ പരിശ്രമം വേണം. “
എന്തോ ഭാവനയുടെ കാര്യമാത്രപ്രസക്തങ്ങളായ വർത്തമാനങ്ങൾ കേട്ട് തല കുലുക്കി സമ്മതിച്ചു രണ്ട് പേരും.
പിന്നീട് അവരുടെ ലക്ഷ്യം നേടാനുള്ള ശ്രമങ്ങളാണ്.
രണ്ട് പേർക്കും ഭാവനയോട് മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഇഷ്ടങ്ങളുണ്ട്. രണ്ട് പേരും അതൊക്കെ മനസ്സിൽ സൂക്ഷിക്കുന്നു.
ഡിഗ്രിയൊക്കെ കഴിഞ്ഞ് ഐ. എ. എസ് ട്രെയിനിങ്, ഐ. പി. എസ് ട്രെയിനിങ് എന്നൊക്കെ പറഞ്ഞു മറ്റ് സംസ്ഥാനങ്ങളിൽ പോകേണ്ടി വന്നപ്പോൾ ആണ് അരുണും ഭാവനയും കൂടുതൽ അടുത്തു പെരുമാറാനുള്ള ചാൻസ് ഉണ്ടായത്. ദീപന് അതെല്ലാം അറിയാം. അത് ഇത് വരെ തുറന്നു പറയാൻ കഴിയാത്തത് കൊണ്ട് തന്നെ, തന്റെ മനസ്സിലുള്ളത് ഒരു കാലത്തും അവൾ മനസ്സിലാക്കുകയുമില്ല.
ചെറിയ ഒരു വിഷമവും നിരാശയും മനസ്സിൽ ഉണ്ടെങ്കിൽ പോലും അതൊന്നും ദീപൻ പുറത്ത് കാട്ടിയില്ല.
എന്തെങ്കിലും പറഞ്ഞാൽ അത് ചിലപ്പോൾ അവർ തമ്മിലുള്ള സൗഹൃദത്തിന് പ്രശ്നമായാലോ എന്ന് തോന്നുന്നു. ദീപൻ ബാങ്ക് ടെസ്റ്റുകൾ എഴുതിയിരുന്നു. അതിൽ വിജയിക്കുകയും ഡൽഹിയിൽ ഒരു ബാങ്കിൽ ജോലി ലഭിക്കുകയും ചെയ്തു. വീട്ടിൽ വിവാഹാലോചനകൾ വന്നപ്പോൾ വീട്ടുകാർ തന്നെയാണ് അത് നിർദ്ദേശിച്ചത്. ” നമ്മുടെ മരംകേറിപെണ്ണിനെ ആലോചിച്ചാലോ, നിങ്ങൾ അടയും ചക്കരയുമല്ലേ?!” ചേച്ചിയാണ് പറഞ്ഞത്.
“ഭാവനയോ അവൾ കളക്ടറായി വരുമ്പോൾ ഈ നിസ്സാരമായ ബാങ്ക് ജോലിക്കാരനെയൊക്കെ സ്വീകരിക്കുമോ! അതൊന്നും വേണ്ട. ഞങ്ങൾ കൂട്ടുകാരാണ്. അത് മതി. “
അങ്ങനെ പറഞ്ഞൊഴിഞ്ഞു ദീപൻ.
അരുണുമായി ഒരു അറ്റാച്ച്മെൻ്റ് അവൾക്ക് ഉണ്ട് എന്ന് അറിഞ്ഞിട്ടും അറിയാത്ത പോലെ പെരുമാറാൻ പറ്റുമോ!
ഹൃദയത്തിൽ വേദനയുണ്ടെങ്കിൽ പോലും പറയാൻ പറ്റാത്ത ആ പ്രണയം തുറന്നു പറഞ്ഞ് ഇപ്പോഴുള്ള സൗഹൃദം മറ്റൊരു മുറിവാക്കി മാറ്റാൻ ദീപൻ ആഗ്രഹിച്ചില്ല.
അതിനിടെ അരുൺ ദീപനുമായി സംസാരിക്കാനെത്തി. ഡൽഹിയിലേക്ക്. ട്രെയിനിങ്ങിൽ ആയിരുന്നു അരുൺ.
നേരിട്ട് പറയാൻ കഴിയാത്ത കാര്യങ്ങൾ ഒരു ഹംസമായി ഭാവനയോട് പറയാൻ ഒരു അപേക്ഷയുമായാണ് അരുണിന്റെ വരവ്.
നന്നായി, തന്റെ മനസ്സിലുള്ളത് കുഴിച്ചു മൂടുക തന്നെയാണ് നല്ലത്. അവർക്ക് അങ്ങനെഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്നെ…
എന്തായാലും ഭാവനയോട് സംസാരിക്കാമെന്നേറ്റു, ദീപൻ.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_പറയാൻമറന്നപ്രണയം
#രചന_രാമചന്ദ്രൻടിവി.


2 Comments
ബാക്കി വായനക്കാരുടെ ഭാവനയ്ക് വിട്ടു തന്നല്ലോ…..
അല്പം കൂടിയെഴുതി അവസാനിപ്പിച്ചാൽ കൂടുതൽ നന്നായിരുന്നു എന്നു തോന്നി.❤️👌🌹