പാതിരാവിലെപ്പോഴോ ഉറക്കമുണർന്ന് വീണ്ടുമെത്ര കണ്ണടച്ചു കിടന്നിട്ടും ഉറക്കം വരാതായപ്പോൾ മെഹ്റിൻ കാബോർഡിനു മുകളിലേക്ക് കയ്യെത്തിച്ചു ഫോണെടുത്തു സമയം നോക്കി.. 3 മണി. തൊട്ടരികിൽ തന്നെയും ചുറ്റിവരിഞ്ഞുറങ്ങുന്ന ഇഷ മോളെ ഇരുകൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചുറങ്ങുന്ന ഷബീറിന്റെ മുഖത്തേക്ക് റൂമിലെ അരണ്ട വെളിച്ചത്തിൽ നോക്കുമ്പോൾ അവളുടെ ഉള്ളം പറഞ്ഞറിയിക്കാനാവാത്തത്രയും ആർദ്രമായിരുന്നു. അവന്റെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി വെച്ച് രണ്ടുപേരെയും നന്നായി പുതപ്പിച്ചു കൊടുത്തു കൊണ്ട് ബാൽക്കണി ഡോർ ലക്ഷ്യമാക്കി നടക്കുമ്പോൾ അവളുടെ ചൊടിയിൽ വിരിഞ്ഞ കുഞ്ഞു ചിരി ഹൃദയവസന്തത്തിന്റെതായിരുന്നു.. പതിയെ ബാൽക്കണിയുടെ ഗ്ലാസ് വാളിന്റെ കർട്ടൻ നീക്കി ഗ്ലാസ് ഡോർ തുറന്നു ബാൽക്കണിയിലേക്കിറങ്ങുമ്പോൾ ഒഴുകിയെത്തിയ ഇളം തെന്നലിൽ അവളൊന്നാകെ കുളിർന്നു.. ഇരു കൈകൾ കൊണ്ടും പുതച്ചിരുന്ന ഷാൾ ഒന്നു കൂടി ദേഹത്തേക്ക് വലിച്ചു പിടിച്ചു കൊണ്ട് മെഹ്റിൻ റെയിലിങ്ങിലേക്ക് ചാരി നിന്ന് പുറത്തേക്കു നോക്കി. പുറത്തെ കട്ടപ്പിടിച്ച ഇരുട്ടിനെ ഭേദിച്ചു കൊണ്ടു റിസോർട്ടിനു പുറത്തു പലയിടങ്ങളിലായി പല ആകൃതിയിലുമുള്ള അലങ്കാര ബൾബുകൾ മുനിഞ്ഞു കത്തുന്നുണ്ട്.
മുൻപിലുള്ള കൊട്ടേജുകളിലെ ബാൽക്കണിയിലെ
ഡിം ലൈറ്റുകളിൽ നിന്നുള്ള അരണ്ട വെട്ടവുമുണ്ട്… നിശാ സംഗീതം പോലെ ചീവിടുകളുടെ ഒരേ താളത്തിലുള്ള ശബ്ദം കാതുകൾക്ക് വല്ലാത്തൊരു ഇമ്പമേകുന്നതായി തോന്നിയവൾക്ക്.
ആദ്യ വിവാഹവാർഷികത്തിനു തനിക്കായി ഷെബിക്ക ഒരുക്കിയ സർപ്രൈസ്.. അതാണ് കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന പ്രകൃതി രമണീയമായ ഈ കുന്നിൻ മുകളിലെ റിസോർട്ടിൽ ഇന്നലെ എത്തിച്ചത്. പ്രകൃതി ഭംഗി എത്ര തന്നെ ആസ്വദിച്ചാലും മതി വരാത്ത തന്റെ ആ ഇഷ്ടത്തെ മനസ്സിലാക്കി ത്തന്നെയാണ് ഷെബിക്ക ഈ റിസോർട്ട് തിരഞ്ഞെടുത്തതെന്ന് ഇവിടെയെത്തിയപ്പോൾ തന്നെ ഉറപ്പായിരുന്നു.. അഴകുള്ള സുന്ദരിപ്പെൺകൊടിയെപ്പോലെ എത്ര മനോഹരമാണിവിടം… ഇവിടുത്തെ കാറ്റിനു പോലും വല്ലാത്തൊരു അനുഭൂതി..
അത്രമേൽ അവളുടെ മനസ്സു കീഴടക്കിക്കഴിഞ്ഞിരുന്നു അവിടം..
തന്റെ ഇഷ്ടങ്ങളെ അറിഞ്ഞു മനസ്സിലാക്കി അവയെ തന്നോട് ചേർത്തു വയ്ക്കാൻ ഒരു പ്രത്യേക കഴിവുണ്ട് ഷബീറിനെന്നോർക്കവേ അവളുടെ അധരങ്ങളിൽ മനോഹരമായ ഒരു ചിരി വിരിഞ്ഞിരുന്നു.
ഒരു വർഷം…!
എത്ര വേഗമാണ് കാലചക്രം മുന്നോട്ടു കുതിച്ചത്..
എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ..
ഷെബിക്കയുടെ ജീവിതത്തിന്റെ പാതിയായിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു.
അവൾ പോലുമറിയാതെ മനസ്സവളെ ഈ ഒരു വർഷത്തിന്റെ പിന്നിലേക്ക് ആനയിച്ചത് ഞൊടിയിടയിലായിരുന്നു…മനസ്സെന്നത് മനുഷ്യന്റെ കൈപിടിയിൽ നിന്നെപ്പോഴും വഴുതിക്കൊണ്ടേയിരിക്കുന്ന വല്ലാത്തൊരു അത്‍ഭുതമാണല്ലോ..
മറക്കാൻ ശ്രമിക്കുന്നതിനെ കൂടുതൽ മിഴിവോടെ നമ്മുടെ ഉള്ളിലങ്ങനെ തെളിയിച്ചു നിർത്തിത്തരാൻ ഒരു പ്രത്യേക കഴിവു തന്നെയാണല്ലോ മനസ്സിന്..! അനാവശ്യ ചിന്തകളുടെ കടന്നൽ കൂടിളകാൻ തുടങ്ങിയതും മെഹ്റിന്റെ ചൊടികളിലെ ചിരി മാഞ്ഞു തുടങ്ങിയിരുന്നു..
ഡിഗ്രി ഫൈനൽ ഇയറിനു പഠിക്കുമ്പോൾ കൂട്ടുകാരി ദിയയുടെ വിവാഹത്തിനു പങ്കെടുക്കാനെത്തിയപ്പോഴാണ് ദിയയുടെ ബന്ധു കൂടിയായ പാലക്കൽ ഷാഹിദ് മെഹറിനെ ആദ്യമായി കാണുന്നത്. വരുന്ന വിവാഹലോചനകൾക്ക് പലവിധ കാരണങ്ങൾ കണ്ടെത്തി മുടക്കം പറഞ്ഞിരുന്ന ഷാഹിദിന്റെ മനസ്സ് ആദ്യ കാഴ്ചയിൽ തന്നെ മെഹറിൻ കീഴടക്കിക്കഴിഞ്ഞിരുന്നു. എന്നാൽ, പാലക്കൽ ഇസ്മായിൽ ഹാജി നേരിട്ടു വന്ന് തന്റെ നാലു മക്കളിൽ മൂത്തവനായ ഷാഹിദിനു വേണ്ടി മെഹ്റിനെ വിവാഹമാലോചിക്കുന്നത് വരെ ഇങ്ങനെയൊരു കാര്യം മെഹ്റിനോ കുടുംബമോ അറിഞ്ഞിരുന്നില്ല.
സമ്പത്തു കൊണ്ടും പ്രതാപം കൊണ്ടും തങ്ങളേക്കാൾ എത്രയോ ഉയരത്തിലുള്ള പാലക്കൽ തറവാട്ടിലേക്ക് മകളെ അയക്കുന്നതിനെക്കുറിച്ചോർത്തപ്പോൾ മെഹ്റിന്റെ ഉപ്പ യാക്കൂബിനു വല്ലാത്തൊരു ആശങ്കയായിരുന്നു. എന്നാൽ തങ്ങളുടെ മരുമകളായിട്ടല്ല മകളായിട്ടാണ് മെഹ്റിനെ വേണ്ടതെന്നും അതിനു വേണ്ടതെന്താണെങ്കിലും ഞങ്ങളങ്ങോട്ട് തരാമെന്നും ഇസ്മായിൽ ഹാജി യാക്കൂബിന്റെ കൈകളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഘനഗംഭീര്യമുള്ള ശബ്ദത്തിൽ സ്നേഹവായ്പോടെ പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാനുണ്ടായിരുന്നില്ല യാക്കൂബിന്.
പിന്നീട്, മെഹ്റിന്റെ പരീക്ഷ കഴിയുന്നത് വരെ മാത്രമേ ഷാഹിദിനു കാത്തിരിക്കേണ്ടി വന്നുള്ളൂ മെഹ്റിനെ സ്വന്തമാക്കാൻ. മെഹ്റിൻ കടന്നു ചെന്നത് സ്വർഗ്ഗതുല്യമായ ജീവിതത്തിലേക്ക് തന്നെയായിരുന്നു. സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുന്നവരായിരുന്നു ഷാഹിദും കുടുംബം. പ്രണയക്കടലായ ഷാഹിദെന്ന നല്ല പാതി., സ്വന്തം മക്കളെക്കാൾ സ്നേഹവും വാത്സല്യവും പരിഗണനയും നൽകുന്ന ഷാഹിദിന്റെ മാതാപിതാക്കൾ., സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്ന ഷാഹിദിന്റെ ഇളയ സഹോദരങ്ങൾ..
UK യിൽ ജോലി ചെയ്യുന്ന ഷാഹിദിന്റെ തൊട്ടു താഴെയുള്ള സഹോദരൻ ഷബീറിനെ മാത്രമേ മെഹ്റിന് ഒരു പരിചയക്കുറവുണ്ടായിരുന്നുള്ളു.. സഹോദരങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ടവൻ ലീവ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്താത്തതിന്റെ പരിഭവം ഷാഹിദിനു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.
പ്രണയത്തിന്റെ മഴവില്ലഴകുള്ള ആകാശത്തിൽ പ്രണയിച്ചും പ്രണയിക്കപ്പെട്ടും മതി വരാതെ ഇണപ്രാവുകളെ പോൽ പാറിപ്പറന്നു നടന്നു ഷാഹിദും മെഹ്റിനും.. മാസങ്ങൾക്കുള്ളിൽ തന്നെ മെഹ്റിൻ ഗർഭിണിയാണെന്ന വാർത്ത പാലക്കൽ തറവാട്ടിലാകെ ആഘോഷപ്പൂത്തിരി കത്തിച്ചു. വരാൻ പോകുന്ന തങ്ങളുടെ കണ്മണിയെക്കുറിച്ചുള്ള ഒരായിരം സ്വപ്‌നങ്ങൾ നെയ്തു കൂട്ടിക്കൊണ്ടിരുന്നു ഷാഹിദും മെഹ്റിനും.
ഇടയ്ക്കിടെ പനിയും ശരീര വേദനയും ക്ഷീണവും അലട്ടാൻ തുടങ്ങിയപ്പോൾ വിശദമായ ഒരു ചെക്കപ്പിനു ഷാഹിദിനോട് നിർദ്ദേശിച്ചത് കൂട്ടുകാരനും ഡോക്ടറും കൂടിയായ അരുണാണ്. താൻ ഒരു സംശയത്തിന്റെ പേരിൽ നടത്തിച്ച ചെക്കപ്പിന്റെ റിസൾട്ടിന് എല്ലാ സന്തോഷങ്ങളേയും ദുഃഖത്തിന്റെ കരിമ്പടം കൊണ്ടു മൂടിക്കളയാനുള്ള ശക്തിയുണ്ടാവുമെന്ന് അരുണും കരുതിയിരുന്നില്ല.
ഷാഹിദിനു ബ്ലഡ് കാൻസർ ആണെന്നുള്ള വിവരം ഒരു ഇടിത്തീ പോലെയാണ് പാലക്കൽ തറവാടിന് മുകളിൽ വന്നു പതിച്ചത്.. ഉള്ളം വിങ്ങുന്ന വേദനയിലും തകർന്നു പോയ തന്റെ മാതാപിതാക്കൾക്കും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന തന്റെ സഹോദരങ്ങൾക്കും കരഞ്ഞു കരഞ്ഞു താമരത്തണ്ടു പോലെ വാടിത്തളർന്നു പോയ തന്റെ പ്രിയതമയ്ക്കും വാക്കുകൾ കൊണ്ട് ഊർജ്ജം നൽകിയത് ഷാഹിദ് തന്നെയായിരുന്നു.
ചികിത്സ ആരംഭിക്കുന്നതിനായി ഹോസ്പിറ്റലിൽ അഡ്മിറ്റായ രണ്ടാം ദിനം ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വന്നു ഷാഹിദിനെ കൂട്ടിക്കൊണ്ടു പോകുന്നത് വരെ താൻ പൂർണ്ണമായും രോഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നുള്ള പ്രതീക്ഷ തന്നെയായിരുന്നു ഷാഹിദ് തന്റെ പ്രിയപ്പെട്ടവർക്ക് നൽകിയിരുന്നത്..
സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന പാലക്കൽ തറവാട്ടിലെ ഒരാളുടെ ചുണ്ടിലും പിന്നീട് വെറുതെ പോലും ഒരു ചിരി തെളിഞ്ഞില്ല.. സ്വന്തം അസുഖ വിവരം അറിഞ്ഞ് ഉള്ളം തകർന്ന വേദന പങ്കു വെച്ച കൊണ്ടുള്ള തന്റെ പ്രിയപ്പെട്ട ഇക്കയുടെ ഫോൺ കാൾ വന്നയുടനെ തന്നെ നാട്ടിലേക്ക് പുറപ്പെടാനുള്ള കാര്യങ്ങൾ ശരിയാക്കി നാട്ടിലെത്തിയ ഷബീറിനെ വരവേറ്റത് പക്ഷേ അവനേറെ പ്രിയപ്പെട്ട സഹോദരന്റെ ജീവനറ്റ ശരീരമായിരുന്നു.
ഷാഹിദിന്റെ മരണമറിഞ്ഞു തളർന്നു വീണ മെഹ്റിനു ബോധം തെളിയുമ്പോഴേക്കും അവന്റെ മരണാനന്തര കർമ്മങ്ങൾ കഴിഞ്ഞിരുന്നു.. കളിചിരികളുമായി ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നവൾ പൂർണ്ണമായും മൗനിയായി.. യാക്കൂബ് മകളെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകാൻ ഇസ്മായിൽ ഹാജിയോട് അനുമതി തേടുമ്പോൾ അതിനെ എതിർക്കാൻ കഴിയാത്ത വിധം നിസ്സഹായത തളർത്തിക്കളഞ്ഞിരുന്നു എന്നും ചങ്കുറപ്പ് കൈമുതലായുള്ള ആ നല്ല മനുഷ്യനെ..
മനസ്സിനെ ഒന്നാകെ പൊതിഞ്ഞ നിർവികാരതയോടെ തന്നെയാണ് മെഹ്റിൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തന്റെ പോന്നോമനയെ കയ്യിൽ കിട്ടിയ ആ നിമിഷം കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടവൾ മുളചീന്തും പോലൊരു ശബ്ദത്തിൽ അവളിൽ നിന്നുമുയർന്ന പൊട്ടിക്കരച്ചിൽ കണ്ടു നിന്നവരെ പോലും കരയിച്ചു… പിന്നീടവളുടെ കണ്ണുനീർ തോർന്നതേയില്ല.. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും..
എത്ര തന്നെ ഷാഹിദിന്റെ കുടുംബം വിളിച്ചിട്ടും പാലക്കൽ വീട്ടിലേക്കൊരു മടക്കത്തിന് അവളുടെ മനസ്സ് ഒരുക്കമല്ലായിരുന്നു.അവളുടെ ലോകം മോൾക്കു ചുറ്റും മാത്രമായി ചുരുങ്ങിപ്പോകുന്നത് ഹൃദയവേദനയോടെയാണ് ഇരുവീട്ടുകാരും കണ്ടു നിന്നത്.. ഇഷമോൾക്ക് രണ്ടു വയസ്സായി.
ഷാഹിദിന്റെ മരണത്തോടെ തകർന്നു പോയ തന്റെ മാതാപിതാക്കൾക്കും വിദ്യാർത്ഥികളായ സഹോദരങ്ങൾക്കും താങ്ങാവാൻ ഇനി താനേയുള്ളു എന്ന ബോധ്യത്താൽ ഷബീർ UK യിലെ ജോലി മതിയാക്കി നാട്ടിൽ തന്നെയായി.
ഒരിക്കൽ പതിവു പോലെയൊരു സന്ദർശനത്തിനിടയിൽ ഷാഹിദിന്റെ മാതാപിതാക്കൾ മെഹറിന്റെ മാതാപിതാക്കളോട് പങ്കു വെച്ച കാര്യം അവളുടെ മാതാപിതാക്കൾക്ക് ആശ്വാസവും സമാധാനവുമായിരുന്നുവെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം കേട്ട പകപ്പിലായിരുന്നു മെഹ്റിൻ. തങ്ങളുടെ മകൻ ഷബീറിനെക്കൊണ്ട് മെഹ്റിനെ നിക്കാഹ് ചെയ്യിപ്പിക്കണമെന്ന അവരുടെ ആഗ്രഹത്തേക്കാൾ ഷബീറാണ് ഈ ആവശ്യം മുന്നോട്ടു വെച്ചതെന്നതായിരുന്നു അവളെ ഏറെ അമ്പരിപ്പിച്ചത്. ഇഷമോളെ കൊണ്ടുപോവാനായി പലപ്രാവശ്യം വീട്ടിലേക്കു വന്നിട്ടുണ്ടെങ്കിലും താൻ അവന്റെ മുൻപിലേക്ക് കടന്നു ചെല്ലാറോ സംസാരിക്കാറോ ഇല്ലല്ലോ എന്നായിരുന്നു അവളാ സമയം ഓർത്തത്.
ആരു തന്നെ പറഞ്ഞിട്ടും ഷാഹിദിന്റെ സ്ഥാനത്ത് ഇനി മറ്റൊരാളെ കാണാനാവില്ലെന്നവൾ തീർത്തു പറഞ്ഞു. ഒടുവിൽ, ഇതല്ലെങ്കിൽ മറ്റൊരു വിവാഹത്തിന് ഒരുങ്ങണമെന്നും അല്ലെങ്കിൽ വിവാഹാന്വേഷണം നടക്കുന്ന സഹോദരന്റെ വിവാഹം നടക്കാൻ പ്രയാസമാവുമെന്നും പറഞ്ഞാണ് യാക്കൂബ് മെഹ്റിനെക്കൊണ്ട് ഷബീറുമായുള്ള നിക്കാഹിനു സമ്മതിപ്പിച്ചത്..
മൈലാഞ്ചിച്ചുവപ്പില്ലാതെ… മൈലാഞ്ചിപ്പാട്ടിന്റെ ഈരടികളുടെ അകമ്പടിയില്ലാതെ.. ആളും ആരവങ്ങളുമില്ലാതെ കരഞ്ഞു കരഞ്ഞു കണ്ണുനീരു വറ്റിയ കണ്ണുകളോടെ മറ്റുള്ളവർക്ക് വേണ്ടി ഒരിക്കൽ കൂടി മെഹ്റിൻ പാലക്കൽ തറവാടിന്റെ മരുമകളായി. ഉള്ളം തകർന്നിരിക്കുന്ന മെഹ്റിനോടായി ഷബീർ പറഞ്ഞു.
” നിനക്കെന്നെ അംഗീകരിക്കാൻ കഴിയില്ല എന്നെനിക്കറിയാം മെഹ്റിൻ.. ഒരിക്കലും കടമയുടെയോ കടപ്പാടിന്റെയോ പേരിലല്ല ഈ നിക്കാഹ്.. ”
തന്റെ നേരെ ഒരു നോട്ടം കൊണ്ടു പോലും കടാക്ഷിക്കാത്ത മെഹ്റിന്റെ നേരെ തിരിഞ്ഞു കൊണ്ട് അവൻ തുടർന്നു.
” ഒരിക്കൽ…പറയാൻ മാറ്റി വെച്ച ഇഷ്ടം കൊണ്ടു തന്നെയാണ്.. അതേ ഇഷ്ടം ഒട്ടും ചൊരാതെ എന്റെയുള്ളിൽ ഇന്നുമുള്ളത് കൊണ്ടാണ്… ”
അവന്റെ വാക്കുകൾ തീർത്ത അമ്പരപ്പിൽ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന മെഹ്റിനെ നോക്കിക്കൊണ്ട് ഒരു ചെറു ചിരിയോടെ ഷബീർ തുടർന്നു..
” ഡിഗ്രിയ്ക്കു പഠിക്കുന്ന സമയം.. ഒരു ദിവസം സുഹൃത്ത് ഫായിസിനൊപ്പമുള്ള കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്കൂൾ യൂണിഫോമണിഞ്ഞ ആ പത്താം ക്ലാസുകാരി പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുന്നത്. റോഡ് ക്രോസ്സ് ചെയ്യാനായി ഞാൻ അവൾക്കു മുൻപിൽ വണ്ടി നിർത്തി കൊടുത്തപ്പോൾ നന്ദിയോടെ സുറുമയിട്ട ആ വിടർന്ന കണ്ണുകളാൽ അവൾ നോക്കിയ ആ നോട്ടം.. അതു നേരെ ചെന്നു പതിച്ചതെന്റെ ഹൃദയത്തിലേക്കായിരുന്നു.. ഹെൽമറ്റിട്ടതു കൊണ്ട് തന്നെ അവളെന്റെ മുഖം കണ്ടില്ല.. പിന്നീട് പല പ്രാവശ്യം അവളെ കാണാനായി മാത്രം ആ വഴി പോകുന്നതിനെ പറ്റി പറഞ്ഞ് ഫായിസെന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്.. . സമയമാവുമ്പോൾ അവളെയെന്റെ മണവാട്ടിയാക്കി ഞാൻ പാലക്കൽ തറവാട്ടിലേക്ക് കൊണ്ടു വരുന്നത് നിനക്ക് കാണണോ എന്നായിരുന്നു അന്നൊക്കെ അവന്റെ കളിയാക്കലിന് ഞാൻ കൊടുത്ത മറുപടി.. ”
” ഒരിക്കൽ ആ വിടർന്ന മിഴിയാളെ സ്വന്തമാക്കണമെന്ന
മധുര സ്വപ്നവും നെഞ്ചോട് ചേർത്താണ് മറ്റൊരു സ്വപ്നത്തിനായി Uk യിലേക്ക് പറന്നത്. PG യ്ക്ക് UK യിൽ പോയി പഠിക്കണമെന്നത് എന്റെ സ്വപ്‌നങ്ങളിലൊന്നായിരുന്നു. പിന്നെ.. പഠനം പൂർത്തിയാക്കി അവിടത്തന്നെ ജോലിയും നേടിയെടുത്തു. അപ്പോഴും കൂടുതൽ കൂടുതൽ തിളക്കത്തോടെ ആ വിടർന്ന മിഴികളങ്ങിനെ ഉള്ളിൽ ജ്വലിച്ചു നിന്നു.. പക്ഷേ.. ”
ഒന്നും മനസ്സിലാവാതെ തന്നെ നോക്കി നിൽക്കുന്ന മെഹ്റിനിൽ നിന്നും തിരിഞ്ഞു നിന്നിട്ടായിരുന്നു ഷബീർ ബാക്കി പറഞ്ഞത്.
” ഷാഹിക്കയ്ക്ക് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു വിവാഹത്തിനു സമ്മതിച്ചു എന്നതറിഞ്ഞപ്പോൾ തന്നെ ആ വിവാഹമൊരു ആഘോഷമാക്കി മാറ്റണമെന്ന് തീരുമാനിച്ചിരുന്നു ഞാൻ.. എന്നാൽ , എന്റെ സ്വപ്നത്തെയാണ് ഇക്ക സ്വന്തമാക്കാൻ പോകുന്നതെന്നറിഞ്ഞത്.. ആ പെൺകുട്ടിയുടെ ഫോട്ടോ കണ്ടപ്പോൾ മാത്രമാണ്..”
ഒരു ഗദ്ഗദത്തോടെയാണ് ഷബീർ ബാക്കി പറഞ്ഞത്.
” ഷാഹിക്കയോടെ വിവരം പറയാൻ ഒരുങ്ങിയ ഫായിസിനെ തടഞ്ഞത് ഞാൻ തന്നെയാണ്. ലീവില്ലെന്നു കള്ളം പറഞ്ഞു നിങ്ങളുടെ വിവാഹത്തിനു പങ്കെടുക്കാൻ വരാതിരുന്നത് മനപ്പൂർവ്വം തന്നെയായിരുന്നു. അതിനെന്നോട് കുറേക്കാലം പരിഭവിച്ചു നടന്നിരുന്നു ന്റെ ഷാഹിക്ക… ”
അവിശ്വസനീയതയോടെ നിറകണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന മെഹ്റിനു നേരെ തിരിഞ്ഞു കൊണ്ട് ഷബീർ തുടർന്നു..
” ഒരിക്കലും ഒരാൾക്ക് പകരക്കാരനല്ലാതെ പകരമാവാൻ മറ്റൊരാൾക്കാവില്ല.. ഷാഹിക്കാനെ മറക്കണമെന്ന് ഞാനൊരിക്കലും പറയില്ല. എന്നെ ഉൾകൊള്ളാൻ മെഹ്റിനു സമയം വേണമെന്നും എനിക്കറിയാം.. അതുവരെ ഞാൻ കാത്തിരുന്നോളാം.. ”
ഇടുപ്പിലൂടെ അമർന്ന കൈകളാണ് മെഹ്റിന്റെ കുത്തിയൊഴുകുന്ന ഓർമ്മകളെ തടയിട്ടു നിർത്തിയത്.. ആ തോളിലേക്ക് തല ചായ്ച്ചു വെച്ചു കൊണ്ട് അവളോർത്തു..
വല്ലാത്തൊരു അത്ഭുതം തന്നെയാണീ മനുഷ്യൻ..
തന്റെയൊരു നോട്ടത്തിനു പോലും മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നിട്ടും ഒരു പരാതിയോ പരിഭവമോ പറയാതെ.. സ്നേഹിച്ചു സ്നേഹിച്ചു തന്റെ ഹൃദയത്തെയങ്ങു തോൽപിച്ചു കളഞ്ഞു…
ഒരിക്കൽ പറയാൻ മാറ്റി വെച്ച ആ പ്രണയം ഒരായിരം തവണ പറഞ്ഞും അനുഭവിപ്പിച്ചും..!
ഇന്ന് തന്റെയുള്ളിലൊരു ശിശിരമായും വസന്തമായും നിറഞ്ഞു നിൽക്കുന്നു..
ഒഴുകിയെത്തിയ തണുത്ത കാറ്റിലൊന്നു വിറച്ചപ്പോൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ കൈകൾക്കുള്ളിൽ പതുങ്ങുമ്പോൾ മെഹ്റിന്റെ ചുണ്ടിൽ വിടർന്ന ചിരിയ്ക്ക് മഴവില്ലഴകായിരുന്നു…
സജ്‌ന VP
#എന്റെരചന
#പറയാൻ മറന്ന പ്രണയം
#കൂട്ടക്ഷരങ്ങൾ


25 Comments
നല്ല കഥ സജ്ന. അനുയോജ്യമായ പേരും. മനോഹരമായി എഴുതി
🌹🌹❣️❣️❣️
❤️❤️❤️🥰🥰🫂
അടിപൊളി ഡിയർ. . ഒരു സിനിമ കണ്ടപോലെ
❤️❤️🥰🫂
വളരെ ഹൃദ്യമായ എഴുത്ത് സജ്‌നത്ത 👌❤️🥰
താങ്ക്സ് ഡിയർ ❤️❤️🥰
നല്ല അവതരണം കഥ ഇഷ്ടപ്പെട്ടു.👌❤️❤️❤️👏
സ്നേഹം.. ട്ടോ.. സന്തോഷം ഡിയർ ❤️🥰
Excellent 👌
ഒത്തിരി സന്തോഷം.. സ്നേഹം.. ❤️❤️🥰
ഇഷ്ടപ്പെട്ടു സജ്‌ന
Thanks dear ❤️❤️🥰
കിടു.. എഴുത്ത് ഗംഭീരം. നല്ല ഒഴുക്ക്.
നന്ദി.. സ്നേഹം നന്ദേച്ചീ.. ❤️🥰
സജ്‌ന… നന്നായിട്ടുണ്ട്.
❤️❤️🥰🫂
പ്രണയം അതിൻ്റെ വഴികൾ വ്യത്യസ്തങ്ങളാണ് നല്ല കഥ, നല്ല പ്രമേയം 🥰🥰👍
Thanks.. Dear ❤️❤️🥰
പ്രണയ വഴികൾ മിക്കപ്പോഴും അസാധാരണവും അത്ഭുതകരവുമായിരിക്കും. നല്ലെഴുത്ത് സജ്ന.👌👌👏👏❤️❤️🥰
നന്ദി.. സ്നേഹം ഡിയർ ❤️❤️🥰
കരുതലും കാത്തിരിപ്പും പ്രണയം യാഥാർത്ഥ്യമെന്ന് തെളിയിക്കുന്നു. നിനച്ചിരിക്കാത്ത സംഭവങ്ങൾ, ചിലരെ ഒന്നിപ്പിച്ചേക്കാം. നല്ല കഥ.👍👏
ജോയ്സ്..
സ്നേഹം ഡിയർ ❤️🥰
നന്ദി.. സ്നേഹം.. ന്റെ ചേച്ചീ.. 😘❤️
സൂപ്പർ സജ്ന👌🌹❤️
മനോഹരമായ എഴുത്ത് ❤️
ഇഷ്ടമായിട്ടോ❤️❤️❤️
നന്ദി.. സ്നേഹം.. സന്തോഷം..
ന്റെ ചേച്ചീ… ❤️❤️❤️❤️🥰