കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിന്റെ മോർച്ചറി പരിസരം, ആ രാത്രിയിൽ അവിടെ കനത്ത മഴയായിരുന്നു.
മിന്നൽ വീഴുമ്പോൾ തണുത്ത മോർച്ചറി മുറി ഒരു നിമിഷം വെളിച്ചത്തിൽ തെളിഞ്ഞു, പിന്നെ വീണ്ടും ഇരുട്ടിലായി. ആ കെട്ടിടത്തിൽ കറണ്ട് വന്നും പോയുമിരുന്നു.
ടേബിളിനരികിൽ ഡോ. സൗരവ് മേനോൻ, കോളേജിലെ പ്രധാന ഫോറൻസിക് സർജൻ ഇരിക്കുന്നു. കയ്യിൽ കത്തിച്ച സിഗരറ്റിൻ്റെ തെളിച്ചം,
അയാളുടെ മുഖം സാധാരണ പോലെ ശാന്തമായിരുന്നു, കണ്ണുകളിൽ ജോലി ചെയ്തതിൻ്റെ ആയാസം പ്രകടമായിരുന്നു.
സൗരവ് അനവധി മൃതദേഹങ്ങൾ ഈ ടേബിളിൽ കണ്ടിട്ടുണ്ട്, അയാളുടെ കൈകൾ ഒരുപാട് മരണ രഹസ്യങ്ങൾ ലോകത്തിൻ്റെ മുന്നിൽ തുറന്ന് കൊടുത്തിട്ടുണ്ട്.
ഒരാഴ്ച മുമ്പായിരുന്നു സൗരവിന്റെ വിവാഹം. അതിന് ശേഷമുള്ള ആദ്യ പോസ്റ്റ്മോർട്ടമാണ്. അതും തൻ്റെ ഭാര്യയുടെ പ്രായമുള്ള ഒരു യുവതിയുടെ ശരീരം.
പക്ഷേ അന്നത്തെ രാത്രി അയാളുടെ മുന്നിൽ കിടന്ന മൃതദേഹം, അയാളോട് ഒരു രഹസ്യ പ്രണയത്തിൻ്റെ കഥ പറഞ്ഞു.
“സാർ, ഈ യുവതിയുടേത് ആത്മഹത്യയാണ്. ഇന്ന് രാവിലെ ഇവിടെ അടുത്തൊരു ലോഡ്ജിൽ മുറിയെടുത്ത് തൂങ്ങിയതാണ്. ഈ നാട്ടിൽ ആരെയോ തെരഞ്ഞ് വന്നതാണ്. അയാളെ കാണാൻ കഴിയാത്ത നിരാശയിൽ ചെയ്തതാകും, മനുഷ്യൻ്റെ മനസ്സല്ലേ………….
വയസ്സ് ഇരുപത്തിയെട്ട്, മലയാളിയാണ്, മോനിഷ നന്ദൻ. “
മോർച്ചറി അസിസ്റ്റന്റ് പറഞ്ഞു.
സൗരവിന്റെ കയ്യിലെ പേന പെട്ടെന്ന് നിശ്ചലമായി.
അവൻ തല ഉയർത്തി ടേബിളിൽ നോക്കി. വിശ്വാസം പോരാഞ്ഞ് അടുത്ത് പോയി നോക്കി, മോനിഷ, തൻ്റെ മോനിഷ.
ടേബിളിലെ വെള്ള ഷീറ്റിനടിയിൽ, ആ മുഖം, അയാൾ ഒരിക്കൽ ജീവന് തുല്യം പ്രണയിച്ച മോനിഷയുടേത് തന്നെയായിരുന്നു. ഒരു കാലത്ത് തൻ്റെ എല്ലാമായിരുന്ന മോനിഷ. അയാൾക്ക് അവളെ ചുംബനങ്ങൾ കൊണ്ട് പൊതിയണമെന്ന് തോന്നി.
സൗരവിന്റെ മെഡിക്കൽ കോളേജ് കാലഘട്ടം, സുന്ദരനായ, വാക്ചാതുര്യമുള്ള സൗരവിനെ, കോളേജിൽ എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമായിരുന്നു, ഹരമായിരുന്നു. തൻ്റെ ജൂനിയറായി ഒരു പെൺകുട്ടി കോളേജിൽ അഡ്മിഷൻ എടുത്തു.
സൂര്യനെ പോലെ പ്രകാശിക്കുന്ന മുഖമുള്ള , തൻ്റേടിയായ ഒരു പെൺകുട്ടി, മോനിഷ നന്ദൻ.
നർത്തകിയായ അവളുടെ ആ കണ്ണുകൾ, ഈ ലോകം തൻ്റെയാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഇന്ന് അയാളുടെ പോസ്റ്റ്‌മോർട്ടം ടേബിളിൽ, തണുത്ത മൗനമായി, ഒരു ശവശരീരമായി, നഗ്നയായി, വെള്ള തുണി കൊണ്ട് മൂടപ്പെട്ട് അവൾ കിടക്കുന്നു.
സൗരവും മോനിഷയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു.
അവർ ഡോക്ടർമാരാകാനും, വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുമുള്ള സ്വപ്നം കണ്ടു.
പക്ഷേ, വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു , അത് സ്വപ്നം പോലെ അത്ര സുഗമമല്ലായിരുന്നു.
സമ്പന്നരായ സൗരവിന്റെ കുടുംബക്കാർ അവന് മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചു. അവനത് അവളോട് തുറന്നു പറയുമ്പോൾ മോനിഷയുടെ കണ്ണുകളിൽ, അവളനുഭവിച്ച മാനസിക വേദനയുടെ പ്രതിഫലനം അവൻ കണ്ടിരുന്നു.
പക്ഷേ അവൻ നിസ്സഹായനായിരുന്നു. അവളെ ആശ്വസിപ്പിക്കുന്ന വാക്കുകളൊന്നും അവന് പറയാൻ കഴിഞ്ഞില്ല.
“ഡോക്ടർക്ക് കരിയറാണ് പ്രധാന്യം” എന്നവൻ കരുതി, പോസ്റ്റ് ഗ്രാജുവേഷന് വിദേശത്ത് ഒരു സീറ്റ് തരപ്പെടുത്തി തരാനുള്ള സാമ്പത്തികമായിരുന്നു ആ വിവാഹത്തിനുള്ള മുഖ്യ ആകർഷണം, അവൻ തൻ്റെ പ്രണയത്തെ ബലി കൊടുത്തു. വീട്ടുകാർ വ്യവസായിയുടെ മകളുമായി സൗരവിന്റെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
മെഡിക്കൽ പഠനം കഴിഞ്ഞ് മോനിഷ ആ നഗരത്തിൽ നിന്നു അവളുടെ പാലക്കാടൻ ഗ്രാമത്തിലേക്ക് മടങ്ങി പോയി.
അവളെ പിന്നീട് സൗരവ് കണ്ടിട്ടില്ല. അവളെക്കുറിച്ച് ഒന്നും അന്വേഷിച്ചില്ല.
എല്ലാ വർഷവും മുടങ്ങാതെ വരുന്ന ജന്മദിന സമ്മാനങ്ങൾ ആരും കാണാതെ അമൂല്യമായി ഒളിപ്പിച്ചു വച്ചു. അവളെ ഒരിക്കലും മറന്നിരുന്നില്ല. അവഗണിച്ച് കൊണ്ട് അവളുടെ മനസ്സ് മാറ്റാമെന്ന് വെറുതെ മോഹിച്ചു.
സൗരവ് ഗ്ലൗസുകൾ ധരിച്ചു, മുഖത്ത് മാസ്ക് വച്ചു. ഗൗൺ ധരിച്ചു പോസ്റ്റ്മോർട്ടത്തിന് തയാറായി.
ഹൃദയം അഗ്നിപർവ്വതം പോലെ ഉരുകുന്നു, അവളെ പുതപ്പിച്ച് ഇരുന്ന വെള്ള തുണി വലിച്ച് മാറ്റി. നഗ്നമായ അവളുടെ ശരീരം തണുത്ത് മരവിച്ച് മുൻപിലെ ടേബിളിൽ കിടക്കുന്നു. അവൻ അവളുടെ തണുത്ത കവിളിൽ തൊട്ടു.
മോർച്ചറി അസിസ്റ്റൻ്റ് മൗനമായി അടുത്ത് നിന്നു സഹായിച്ചു.
“ഡോക്ടർക്ക് ഈ കുട്ടിയെ നേരത്തെ പരിചയമുണ്ടോ. “
ഡോക്ടറുടെ മനസ്സ് വല്ലാതെ വിങ്ങുന്നത് ഡോക്ടറുടെ സന്തത സഹചാരിയായ ആ മനുഷ്യന് മനസ്സിലായി.
സൗരവ് വളരെ ഗൗരവത്തോടെ, കണിശതയോടെ തൻ്റെ ജോലി നിർവഹിച്ചു. ഒടുവിൽ സൗരവ് ഫയലിൽ കുറിച്ചു.
മരണകാരണം :തൂങ്ങിമരണം.
പക്ഷേ അവന്റെ മനസ് പറഞ്ഞു, “ ഹൃദയം പൊട്ടിയാണ് അവൾ മരിച്ചത്, താനാണ് അവളുടെ കൊലപാതകി. ”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
കണ്ണുകൾ പൂർണമായും അടഞ്ഞിരിക്കുന്നു, മുഖം ശാന്തമായിരുന്നു. അവൻ തന്നോട് പറഞ്ഞു,
” നമ്മൾ ഒരിക്കലും ഇങ്ങനെ, ഇവിടെ വച്ച് കാണാൻ പാടില്ലായിരുന്നു”
ഒരു കണ്ണുനീർ തുള്ളി അവന്റെ കണ്ണിൽ നിന്നും അടർന്നു വീണു.
ഒരു കത്ത് മോനിഷയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. പരിചയമുള്ള പോലീസുകാരൻ അത് സൗരവിനെ കാണിച്ചു, അതവൻ തുറന്ന് വായിച്ചു.
“എൻ്റെ പ്രണയമേ നീ പറഞ്ഞത് വളരെ ശരിയായിരുന്നു കരിയറാണ് പ്രധാനം. പക്ഷേ അതുൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല
പ്രണയം കരിഞ്ഞ് പോയ ഒരുവളുടെ ജീവിതം മരണം പോലെയാണ്, വളരെ തണുത്തതും മരവിച്ചതുമായത്…
ഇനി ഈ ലോകത്ത് ഞാൻ ജീവിച്ചാലും മരിച്ചാലും വ്യത്യാസമൊന്നുമില്ല.
നീ എന്നെ മറന്നാൽ പോലും, എന്നിൽ നീ എക്കാലവും ജീവിക്കും. എൻ്റെ ശരീരം കീറി മുറിക്കാനെങ്കിലും നീ എന്നെ ഒന്ന് നോക്കില്ലേ, ഒന്ന് സ്പർശിക്കില്ലേ. ഈയുള്ളവൾക്ക് ഇനി അത് മാത്രം മതി. നീ എന്നോട് ക്ഷമിക്കൂ. ”
സൗരവ് ആ കത്ത് മടക്കി വെച്ചു.
അവൻ എഴുന്നേറ്റ് നിൽക്കുമ്പോൾ, മോർച്ചറിയിലെ ലൈറ്റുകൾ അല്പം മങ്ങി കത്തുകയും അണയുകയും ചെയ്തു
“ഈ ബൾബിന് എന്ത് പറ്റി. “
മോർച്ചറി അസിസ്റ്റൻ്റ് മുകളിലേക്ക് നോക്കി അത്ഭുതപ്പെട്ടു.
“എല്ലാവരും കുറച്ച് നേരം പുറത്ത് നിൽക്കൂ. ഞാൻ റിപ്പോർട്ട് എഴുതിയിട്ട് വിളിക്കാം”
“വാ നമുക്ക് ഒരു ചായ കുടിച്ചു വരാം. “
സൗരവിന്റെ പതിവുകൾ വശമുള്ളത് കൊണ്ട് അവർ മോർച്ചറിയിൽ നിന്നും പുറത്തിറങ്ങി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൂർത്തിയായി.
കുറിപ്പിന്റെ അവസാന വരിയിൽ സൗരവ് എഴുതി:
External injuries: none visible.
പക്ഷേ സൗരവ് തന്റെ മനസ്സിൽ ചേർത്തു
“Internal injury: incurable heartbreak. ”
അവൻ മോർച്ചറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കി. മഴ പെയ്യുന്നു.
ആകാശം അവളെയോർത്ത് പൊട്ടിക്കരയുന്നപോലെ….
സൗരവ് തിരിഞ്ഞ് ടേബിളിലേക്ക് നോക്കി.
“പ്രിയപ്പെട്ടവളെ നിനക്ക് നിത്യ ശാന്തി ലഭിക്കട്ടെ. നീ എൻ്റെ ഹൃദയത്തിൻ എന്നും ജീവിക്കും. ”
ചായ കുടിക്കാൻ പോയവർ പത്ത് മിനിറ്റിൽ മടങ്ങിയെത്തി. ഇരുട്ടിലാണ്ടു പോയ മോർച്ചറി. ഒരു
മിന്നൽ പിണർ മുറിയിൽ വീണു.
“ഡോക്ടർ സാറേ. “
സൗരവിനെ അവിടെയെങ്ങും കണ്ടില്ല.
അവർ അവിടെ എല്ലാം പരിശോധന നടത്തി. മൊബൈലിൻ്റെ വെട്ടത്തിൽ മുറിയിൽ പരതി.
ഒരു ടേബിളിൽ നിന്നും ഞെരക്കം കേൾക്കാം. ശരീരത്തിൽ മൂടിയ വെള്ള തുണിയിൽ ചുവപ്പ് പടരുന്നു.
“എന്താ ഡോക്ടർ ഈ കാണിച്ചത്. “
അസിസ്റ്റൻ്റ് അലറി കരഞ്ഞു.
“ഇനി ഞാനെന്തിന് ജീവിക്കണം. എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന എൻ്റെ പ്രിയപ്പെട്ടവളെയാണ് ഞാൻ കുറച്ചു മുമ്പ് കീറി മുറിച്ചത്. അവളുടെ തലയോട്ടിയാണ് ഞാൻ ഹാമർ കൊണ്ട് പൊട്ടിച്ചത്. എനിക്കിനി വയ്യ, ഞാൻ അവളോടൊപ്പം പോകുകയാണ്. “
സൗരവിന്റെ കണ്ണുകൾ പാതി മയക്കത്തിലായി. സൗരവിന്റെ കണ്ണുനീരും കഴുത്തിലെ മുറിഞ്ഞ ഞരമ്പിലെ രക്തവും ഇടകലർന്ന് ഒഴുകി താഴെ വീഴുന്നത് അവർക്ക് മിന്നൽ വെളിച്ചത്തിൽ കാണാമായിരുന്നു
✍️✍️നിഷ പിള്ള


11 Comments
Pingback: ജനപ്രിയ രചനകൾ 2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
ജീവിതം എന്തെല്ലാമാണ് കാത്തുവച്ചിരിക്കുന്നത് ….. ഹൃദയസ്പർശിയായ കഥ👍🌹
ഗംഭീരം
പ്രണയിനിയുടെ മ്യത ശരീരം കീറിമുറിക്കാൻ വിധിക്കപ്പെട്ടവന്റെ അവസ്ഥ …… ഭയങ്കരം.
നല്ല രചന
അഭിനന്ദനങ്ങൾ….👍❤️
നല്ല രചന
വൈകി ഉണ്ടാകുന്ന സ്നേഹത്തിനും കരുതലിനും പുല്ലു വില മാത്രമേ ഉണ്ടാകൂ…
He deserve it
കൊള്ളാം ✨നന്നായിരിക്കുന്നു
നല്ല രചന.
👍
നല്ലെഴുത്ത്…👌👌👌
നല്ല രചന കൊള്ളാം 👍
സ്നേഹം ❤️