പോലീസുകാർ മെർലിൻ്റെ മൃതദേഹം പരിശോധിച്ചു. മെർലിന്റെ മകൻ മാർക്കോസ് സിറിഞ്ചും മെഡിക്കൽ കിറ്റും പോലീസിനെ ഏല്പിച്ചു. രാഹുൽ സാറും ഫോറൻസിക് വിദഗ്ദരും മുറിയിലെത്തി, അവർ അലമാരയുടെ കീഴെ നിന്നും ഒഴിഞ്ഞ മരുന്ന് കുപ്പി കണ്ടു പിടിച്ചു.
“ഈ മെഡിക്കൽ കിറ്റും ആസ്‌ട്രേലിയൻ നിർമ്മിതമാണല്ലോ, ഇത് സാറയുടെ ആണോ. “
സാറ നിന്ന് പരുങ്ങി.
“എന്റേതായിരുന്നു സാർ, പക്ഷേ കുറെ നാൾ മുൻപ് അതെന്റെ കയ്യിൽ നിന്നും കാണാതായിരുന്നു. “
ഹെഡ് കോൺസ്റ്റബിൾ ബാഗിൽ ഉണ്ടായിരുന്ന മരുന്നുകൾ മേശമേൽ നിരത്തി വച്ചു. ഫോണിലെ ഗൂഗിൾ ലെൻസ് വഴി അയാൾ ഫോട്ടോയെടുത്തു, അതെന്താണെന്ന് ഇന്റർനെറ്റിൽ തെരഞ്ഞു.
“ഇത് രോഗികളെ കൊല്ലാനുള്ള മരുന്നല്ലേ. ഇതെന്തിനാണ് നിങ്ങൾ കയ്യിൽ കൊണ്ട് നടക്കുന്നത്. ഇത് കുറെ പേരെ തട്ടാനുള്ള പ്ലാനിലായിരുന്നോ. “
“സാർ ഞാൻ അത്, അവിടെ… ഞങ്ങളുടെ ആശുപത്രിയിൽ ദയാവധം നടത്താറുണ്ട്. ഞാൻ വർഷങ്ങളായി ഓങ്കോളജി ആൻഡ് പാലിയേറ്റിവ് കെയർ ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. വേദന കൊണ്ട് കഷ്ടപ്പെടുന്ന രോഗികൾക്ക് ആശ്വാസമായി. “
“അതിന്… ഇവിടെ നിങ്ങൾ ഇത് കയ്യിൽ വയ്ക്കുന്നത് കുറ്റകരമാണ് എന്ന് അറിയില്ലേ. “
“സാർ ഈ മരുന്ന് കുത്തി വച്ചിട്ടാണ് എയർ പോർട്ടിലെ മരണം നടന്നത്. വെട്രിവേൽ മുരുകദാസിൻ്റെ മരണം. “
ഏ എസ് ഐ സലീം രാഹുൽ രഘുവരനോട് പറഞ്ഞു.
“ഇതേ കമ്പനി, ഇതേ ഡോസേജ്, ഞാനിപ്പോൾ സ്റ്റേഷനിൽ വിളിച്ചിരുന്നു. അവിടെ ഡസ്റ്റ് ബിന്നിൽ നിന്നും കണ്ടെത്തിയത് ഇതേ ബോട്ടിൽ. മരുന്നിൻ്റെ സീരിയൽ നമ്പറും ബാച്ച് നമ്പറും നല്ല സാമ്യം. സാറ അറിയാതെ ആ മരണം നടക്കില്ല സാർ. “
“ഈ വെട്രിവേൽ ആരോണിൻ്റെ മാനേജർ ആയിരുന്നില്ലേ. മാത്രമല്ല പ്രൊഫസർ മാലതിയുടെ മൊഴിയിൽ ആരോൺ മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ആരെയും അറിയിക്കാതെ സാറ നാട്ടിൽ എത്തിയിരുന്നല്ലോ. “
രാഹുൽ രഘുവരൻ സാറയെ പല രീതിയിൽ ചോദ്യം ചെയ്തെങ്കിലും സാറ തൻ്റെ വാദത്തിൽ ഉറച്ച് നിന്നു. പക്ഷെ ഈ മരുന്നുകൾ കൂടെ കൊണ്ട് നടക്കുന്നതിൻ്റെ കാരണം വ്യക്തമാക്കാൻ സാറയ്ക്ക് കഴിഞ്ഞില്ല.
സാഹചര്യത്തെളിവുകൾ മാത്രം മതിയായിരുന്നു പോലീസിന് സാറയെ കസ്റ്റഡിയിൽ എടുക്കാൻ. പോലീസ് സാറയുടെ പാസ്പോർട്ട് കണ്ട് കെട്ടി. ഇനി സാറയ്ക്ക് ഇന്ത്യ വിട്ട് പോകാൻ കഴിയില്ല. നിരപരാധിത്വം തെളിയുന്നത് വരെ രാജ്യം വിടാൻ അനുമതിയില്ല.
മെർലിൻ്റെ മകൻ്റെ മൊഴി പ്രകാരം സാറ തൻ്റെ കസിനാണ്. സാറയുടെ അപ്പൻ്റെ സ്വസഹോദരിയാണ് മാർക്കോസിൻ്റെ അമ്മ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള അവരുടെ കുടുംബത്തെ സഹായിച്ചിരുന്നത് സാറയുടെ അപ്പനാണ്. അദ്ദേഹത്തിൻ്റെ കാലശേഷം സാറയും സഹോദരനും ആ കുടുംബത്തെ സംരക്ഷിച്ച് വന്നിരിക്കുന്നു.
ദൈവ ഭയമുള്ള മെർലിൻ അമ്മായി സാറയുടെ മുന്നിൽ ഒരു അടിമ മനോഭാവം പുലർത്തി വന്നു.
പക്ഷേ സാറ നാട്ടിൽ വന്നതോ, ഹോട്ടലിൽ മുറിയെടുത്തതോ ആ കുടുംബം അറിഞ്ഞിരുന്നില്ല. ആരോണിൻ്റെ മരണശേഷം സാറ എന്തിനാണ് മാത്യുവിൻ്റെ വീട്ടിൽ തങ്ങിയതെന്ന ചോദ്യത്തിന് സാറ തൃപ്തികരമായ മറുപടി നൽകിയതുമില്ല.
മാത്രവുമല്ല, ഒരു ദിവസം മാർക്കോസിനെ മറ്റൊരു നമ്പറിൽ നിന്നും സാറ വിളിച്ചിരുന്നു. പെട്ടെന്ന് മാർക്കോസിനോട് കാറും എടുത്ത് അമ്മച്ചിയേയും കൂട്ടി വരാൻ പറഞ്ഞു. വന്നപ്പോൾ മുറ്റത്ത് സാറയുമായി കളിച്ച് കൊണ്ടിരുന്ന നിധിൻ്റെ മകൾ നവമിയെ ദൂരെ എവിടെയെങ്കിലും കൊണ്ട് പോയി ഉപേക്ഷിക്കാൻ പറഞ്ഞു. അമ്മച്ചിയോട് നല്ലൊരു തുക ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുക്കാമെന്ന് സാറ പറഞ്ഞു. സാറ പറഞ്ഞാല് പറഞ്ഞ പോലെ ചെയ്യുന്നവളാണ്.
കുട്ടിയെ ആരും കാണാതെ സാറ മെർലിനെ ഏൽപ്പിച്ചു. മാർക്കോസിൻ്റെ കാറിൻ്റെ പിൻസീറ്റിൽ മെർലിൻ അമ്മച്ചി കൊച്ചിനേയും കൊണ്ട് കയറി. പക്ഷേ കുരിശടി പിന്നിട്ടപ്പോൾ അമ്മച്ചിക്ക് പേടിയായി. ദൈവകോപം ഭയന്ന് അമ്മച്ചി കൊച്ചിനെ കുരിശടി യുടെ ഉള്ളിൽ ആൾക്കൂട്ടത്തിൽ കൊണ്ടിരുത്തി. പിന്നീട് പേടിച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.
സംഭവം സാറയെ വിളിച്ചു പറഞ്ഞപ്പോൾ സാറ അമ്മച്ചിയെ തെറി വിളിച്ചു. പിന്നീട് ഞങ്ങൾ സാറയെ കാണുന്നത് ആരോണിൻ്റെ പൂജയ്ക്ക് പള്ളിയിൽ വച്ചാണ്.
സാറയെ റിമാൻഡ് ചെയ്തു വനിതാ ജയിലിലേക്ക് കൊണ്ട് പോയി.
“എന്നാലും രാഹുൽ സാറേ, സാറ വീട്ടുകാരെ അറിയിക്കാതെ നാട്ടിൽ വന്നത് എന്തിനായിരിക്കും. “
“ദുരൂഹമാണ്. സാറയുടെ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചപ്പോൾ അവർ രണ്ടു മാസത്തെ ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് ആണ് നാട്ടിൽ വന്നത്. മുരുകദാസിന് പാസ്പോർട്ട്, വിസ ഇതൊക്കെ അവർ നാട്ടിൽ വന്ന് സംഘടിപ്പിച്ചു. “
“അവര് തമ്മിൽ എന്തെങ്കിലും ഇല്ലീഗൽ റിലേഷൻഷിപ്പ് കാണുമോ, ഭർത്താവിനെ തട്ടി കളഞ്ഞ്, ഒന്നിക്കാൻ”
“തള്ളിക്കളയാൻ പറ്റുമോ, അവർ ആരോഗ്യമുള്ള സ്ത്രീയും പുരുഷനും അല്ലേ. പക്ഷെ അവരെന്തിന് വെട്രിവേലിനെ കൊല്ലണം, വെട്രിവേലിൻ്റേയും മെർലിൻ്റേയും മരണത്തിൽ ഒരേ കരങ്ങളാകാനാണ് സാധ്യത. രണ്ട് മരണങ്ങളുടേയും മോഡസ് ഓപ്പറാണ്ടി ഒന്ന് തന്നെയാണ്. രണ്ടും വിരൽ ചൂണ്ടുന്നത് സാറയിലേക്കാണ്. “
“മെർലിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. രണ്ടും ഒരേ തരം മരണങ്ങൾ. “
ഒരു പോലീസുകാരൻ ഹാഫ് ഡോർ തുറന്ന് പറഞ്ഞു.
“സാർ, ആ ഫാദർ കെവിൻ ബിനോയും ഒരു ചെറുപ്പക്കാരനും സാറിനെ കാണാൻ വന്നിരിക്കുന്നു. “
രാഹുൽ രഘുവരൻ തലയുയർത്തി നോക്കി.
ഹാഫ് ഡോറിനപ്പുറം നിൽക്കുന്ന വെള്ള ളോഹയിട്ട അച്ചനേയും കൂടെ നിൽക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരനേയും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ രഘുവരൻ കണ്ടു.
“സലീം, അവരെ കൂട്ടി കൊണ്ട് വരൂ. “
അച്ചൻ രാഹുൽ ചൂണ്ടിക്കാട്ടിയ കസേരയിൽ ഇരുന്നു.
“എന്താണ് അച്ചോ ഇങ്ങോട്ട്, ഇതാരാണ് എന്തെങ്കിലും ആവശ്യമുണ്ടേൽ ഒന്ന് വിളിച്ചാൽ പോരായിരുന്നോ. “
“സാറേ, ഇത് ഞങ്ങളുടെ ഇടവകയിലെ പയ്യനാണ്, പേര് ജോജോ, കച്ചവടമാണവന്. മുമ്പ് ഇത്തിരി കേസിലും വഴക്കിലുമൊക്കെ പെട്ടിട്ടുള്ളവനാണ്. ഇന്നലെ എന്നെ വിളിച്ചു കുമ്പസരിക്കണമെന്ന് പറഞ്ഞു. ഞാൻ അവൻ പറഞ്ഞതൊക്കെ കേട്ടു. ഒടുവിൽ നിനക്ക് ഇത് ഇവിടെ വരെ വന്ന് സാറിനോട് പറഞ്ഞ് കൂടെ എന്ന് ചോദിച്ചു. അവൻ സമ്മതിച്ചു, ഞാൻ അവനെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു. “
“എന്താണ് അച്ചോ വളച്ച് കെട്ടാതെ കാര്യം പറഞ്ഞ് കൂടെ. “
“കുമ്പസാര രഹസ്യം പുറത്ത് പറയാൻ പാടില്ല. ഇതിപ്പോൾ അവൻ നേരിട്ട് പറയാൻ തയാറായി വന്നതാണ്. അവന് പോലീസിനെ പേടിയാണ്. മുൻപ് അവൻ മാനസിക രോഗ ചികിത്സ നേടിയിട്ടുണ്ട്. അതാ ഞാൻ കൂടെ വന്നത്. “
അച്ചൻ്റെ അടുത്തായി രാഹുലിൻ്റെ എതിർ വശത്തുള്ള കസേരയിൽ ജോജോയും ഇരുന്നു. ഏ എസ് ഐ സലീം അടുത്ത് നിന്നു.
“ജോജോ സാറിനോട് പറയാനുള്ളത് തുറന്ന് പറഞ്ഞോളൂ. “
ജോജോ കുറെ നിമിഷം രാഹുലിൻ്റെ മുഖത്ത് നോക്കിയിരുന്നു. പിന്നെ കയ്യിലിരുന്ന പൊതിയിൽ നിന്നും അഞ്ഞൂറ് രൂപയുടെ രണ്ട് കെട്ട് നോട്ടുകൾ എടുത്ത് വച്ചു. പിന്നെ തൊണ്ട ശരിയാക്കി പറയാൻ തുടങ്ങി.
“ഞാൻ രണ്ട് പേരെ കൊന്നു. അതിന് പ്രതിഫലമായി കിട്ടിയ തുകയുടെ ബാക്കിയാണിത്. എനിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ടായിരുന്നു. ഞാൻ ചെലവാക്കിയതിൻ്റെ ബാക്കി തുകയിതാ… “
“കൊല്ലുകയോ? ആരെ?”
“ഞാൻ പതിവായി കുരിശടിയിൽ മെഴുകുതിരി വിൽക്കുമായിരുന്നു. ഒരു ദിവസം മുടി ബോബ് ചെയ്ത ഒരു സ്ത്രീ ഫോണിലൂടെ ആരെയോ കൊല ചെയ്യുന്ന കാര്യം സംസാരിക്കുന്നത് കേട്ടു. എൻ്റമ്മച്ചിക്ക് ഹാർട്ട് ഓപ്പറേഷൻ നടത്താൻ കുറച്ച് പണം വേണമായിരുന്നു. എൻ്റെ പഴയ സ്വഭാവം അറിയുന്നവർ ആരും എനിക്ക് പണം തന്നില്ല. ഞാൻ പണത്തിന് വേണ്ടി ആ കൊലപാതകം നടത്താൻ തയാറായിരുന്നു. അക്കാര്യം ഞാൻ അവരോട് പറഞ്ഞപ്പോൾ അവരെന്നെ ആട്ടിയോടിച്ചു. ഞാൻ കേട്ടതൊക്കെ പോലീസിൽ പറയുമെന്ന് ഭീഷണി പെടുത്തിയപ്പോൾ അവരെന്നെ അവരുടെ കാറിൽ കയറ്റി കൊണ്ട് പോയി. “
“അവിശ്വസനീയം. ആരാണ് ആ സ്ത്രീ?”
“ഒരു സാറ, അവരെന്നെ ഒരു മാനസിക ആശുപത്രിയിൽ കൊണ്ട് വിട്ടു. പ്രൊഫസർ മാലതിയെ കൊന്നാൽ ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞു, റൂം നമ്പർ പറഞ്ഞു തന്നു. ഇതാരെങ്കിലും അറിഞ്ഞാൽ എന്നെ കൊല്ലുമെന്ന് പറഞ്ഞു. “
“എന്നിട്ട്. “
“ഞാൻ സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയുടെ അകത്ത് കയറി പറ്റി. ഞാൻ സാറയുടെ നിർദ്ദേശ പ്രകാരം ആദ്യം ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഒരു സർജിക്കൽ ബ്ലേഡ് എടുത്തിരുന്നു. അതെങ്ങനെ ഉപയോഗിക്കണമെന്ന് അവർ വീഡിയോയിലൂടെ എനിക്ക് കാട്ടി തന്നു. ഡോക്ടർ വന്ന മുറിയിൽ നിന്നും പുറത്ത് പോയ സമയം, ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ മാലതിയുടെ മുറിയിൽ കയറി കട്ടിലിനടിയിൽ പതുങ്ങിയിരുന്നു. അന്ന് രാത്രി മാലതി മകളോടൊപ്പം ആയിരുന്നു. മകൾ മടങ്ങി പോകുന്നത് വരെ ഞാൻ കാത്തിരുന്നു. “
“മകളേതോ മാത്യുവിനെ ജയിലിൽ പോയി കാണാമെന്ന് അവരോട് പറയുന്നുണ്ടായിരുന്നു. അവൾ പോയപ്പോൾ ഞാൻ കട്ടിലിന് അടിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു, പെട്ടെന്ന് പുറത്തെ ഇരുമ്പ് വാതിൽ തള്ളി തുറന്ന് പൊക്കമുള്ള ഒരാൾ അകത്ത് കയറി, മാലതിയെ കടന്ന് പിടിക്കാൻ ശ്രമിച്ചു. അവർ കുതറി മാറാൻ ശ്രമിച്ചു. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ… എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ചാടി എഴുന്നേറ്റു, മുറിയിലെ വെളിച്ചം ഞാൻ കെടുത്തി. വന്നയാൾ പകച്ച് കൊണ്ട് ചുറ്റും നോക്കി. ഞാൻ അയാളുടെ പിന്നിൽ നിന്നു, അയാളുടെ മുൻ കഴുത്തിലൂടെ കത്തി പായിച്ചു. നല്ല നീക്കമായിരുന്നു അത്. സാറ പറഞ്ഞ സ്ഥലത്ത് തന്നെ കത്തി പാഞ്ഞു. രക്തം ചീറ്റി തെറിച്ചു. മാലതി നില വിളിച്ചു. ആരും പെട്ടെന്ന് കാണാത്ത തരത്തിൽ അയാളുടെ ശരീരം ഞാൻ കട്ടിലിനടിയിലേക്ക് തള്ളി നീക്കി ഇട്ടു. “
“മുൻപ് ആ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നത് കൊണ്ട് എനിക്ക് അവിടത്തെ വഴികളൊക്കെ നല്ല നിശ്ചയം ഉണ്ടായിരുന്നു. ഞാൻ ക്യാമറയുടെ മുന്നിലൂടെ നടന്ന് നീങ്ങി. അപ്പോഴേക്കും
സെക്യൂരിറ്റി അലർട്ട് സൈറൺ മുഴങ്ങി. പിറക് വശത്തെ മതിൽ ചാടി ചതുപ്പിലൂടെ രക്ഷപ്പെട്ടു. ഞാൻ വീട്ടിലെത്തി സാറയെ വിളിച്ചു. “
“സാറയെ കിട്ടിയോ. ഏത് നമ്പറിലാണ് സാറയെ ബന്ധപ്പെട്ടത്. “
“സാറയെ കിട്ടിയില്ല, ആ നമ്പർ നിലവിലില്ല എന്ന് സന്ദേശം ലഭിച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞ് അവരെന്നെ തിരികെ വിളിച്ചു. എനിക്ക് തെറ്റ് പറ്റി, ഞാൻ അവരുടെ ഭർത്താവിനെയാണ് കൊന്നത് എന്നവർ പറഞ്ഞു. “
“പണം നൽകണമെങ്കിൽ ഒരു കൊലപാതകം കൂടി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അവർ താമസിച്ചിരുന്ന ഹോട്ടലിന് വെളിയിൽ അവരെ കാത്ത് നിന്നു. ഒരു കഫെയിൽ വച്ച് അവരെനിക്ക് മുരുകദാസ് എന്നൊരാളുടെ ഫോട്ടോയും സിറിഞ്ചിൽ നിറയ്ക്കാൻ മരുന്നും നൽകി. ഞാൻ എയർ പോർട്ടിൽ വച്ച് എൻ്റെ നാട്ടുകാരായ നീലിനേയും അലക്സി നേയും കണ്ടു, ഞങ്ങൾ പള്ളിയിൽ ഒന്നിച്ച് ക്രിസ്മസ് കരോളിന് ഒക്കെ പോകുന്നവരാണ്. തിരിച്ചറിയാതിരിക്കാൻ ഞാൻ മുഖം മറച്ചാണ് അവരുടെ അടുത്തിരുനത്. നീലിൻ്റെ തൊട്ടടുത്തുള്ള സീറ്റിൽ എൻ്റെ ഇരയായ വെട്രിവേൽ ഇരുന്നു. അതിൻ്റെ പിറകിലായി അലക്സ് അയാളുടെ അടുത്തുള്ള സീറ്റിൽ ഞാൻ വേഷം മാറി ഇരുന്നു. കിട്ടിയ തക്കം നോക്കി ഞാൻ അയാളെ മരുന്ന് കുത്തി വച്ച് കൊന്നു. “
“നിങ്ങൾ നീലിനെ രക്ഷപ്പെടുത്താനായി കെട്ടി ചമച്ച കഥയല്ലേയിത്. ആരോണിൻ്റെ മരണ സമയത്ത് നീൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. മഹേഷ് എന്ന് പോലീസുകാരനാണ് അയാളെ രക്ഷപ്പെടാൻ സഹായിച്ചത്. “
“സർ സാറ എനിക്ക് പ്രതിഫലമായി ബാങ്കിൽ നിന്നും എടുത്തു തന്ന പണമാണിത്. ഇതിലെ സീരിയൽ നമ്പർ നോക്കിയാൽ മനസ്സിലാകും, എനിക്ക് എന്തിന് സാറ പണം നൽകണം. “
രാഹുൽ രഘുവരൻ ആകെ ആശങ്കയിലായി. അയാളുടെ എതിർ വശത്തുള്ള കസേരയിലിരുന്ന കെവിൻ അച്ചൻ സലീമുമായി കണ്ണുകളാൽ സന്ദേശങ്ങൾ കൈമാറി.
“സാർ, സാറയെന്ന സ്ത്രീ വീണ്ടും ഒരു കൊലപാതകം നടത്തി എന്നറിഞ്ഞപ്പോൾ ഒരു കുറ്റബോധം തോന്നി. എനിക്കിനി ഇത്തരം പണം ആവശ്യമില്ല. സർജറി കഴിഞ്ഞിട്ടും എൻ്റെ അമ്മച്ചി മരിച്ചു. ശാപമുള്ള പണമായിരുന്നു. അതാണ് ഞാൻ സത്യം തുറന്ന് പറഞ്ഞത്. സാറിന് ഞാൻ പറഞ്ഞത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം
“
സ്റ്റേഷനിലെ വയർലെസ്സിലൂടെ വന്ന സന്ദേശം കേട്ട് കെവിൻ അച്ചൻ്റെ മുഖം വിടർന്നു.
ആസ്ട്രേലിയയിൽ നിന്നും വന്ന നീലിനെ എയർ പോർട്ടിൽ വച്ച് കസ്റ്റഡിയിലെടുക്കാൻ പോയ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് നീൽ കടന്ന് കളഞ്ഞു. കറുത്ത കളറിലുള്ള ഹോണ്ട വണ്ടി പകുതി വഴി വരെ ജീപ്പിൻ്റെ തൊട്ട് മുന്നിലുണ്ടായിരുന്നു. പെട്ടെന്ന് ആ വണ്ടി ദൃഷ്ടിയിൽ നിന്നും മറഞ്ഞു.
“അപ്രത്യക്ഷമാകാൻ ഇതെന്താ പറക്കും തളികയോ. “
രാഹുൽ രഘുവരൻ ദേഷ്യത്തോടെ മേശമേൽ കൈ കൊണ്ട് ഇടിച്ചു.
“ഇവനെ എടുത്ത് സെല്ലിലടയ്ക്ക്. “
രാഹുൽ ഏ എസ് ഐ സലീമിനോട് ആജ്ഞാപിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള

