നൂറു വർഷങ്ങൾക്കു മുമ്പുള്ള ഒരു ഡിസംബർ മാസം. നീലിമലയുടെ താഴ്വര കനത്ത മഞ്ഞിൽ പുതച്ചു കിടക്കുകയാണ്. വെള്ളിനൂലുകൾ പോലെ മലമുകളിൽ നിന്നും പെയ്തിറങ്ങുന്ന മഞ്ഞ് താഴ്വരയിലെ പൈൻ മരങ്ങളെയും പുഴയോരത്തെ പുല്ലുകളെയും വെളുത്ത പട്ടുപുതപ്പിച്ചു. കുന്നിൻ മുകളിലെ ചെറിയ പള്ളിയിൽ നിന്നും ക്രിസ്തുമസ് കരോൾ ഗീതങ്ങൾ കുളിർകാറ്റിനൊപ്പം ഒഴുകി വരുന്നുണ്ടായിരുന്നു.
ആകാശത്ത് ഉദിച്ചുയർന്ന വെള്ളിനക്ഷത്രങ്ങൾ നീലിമലയിലെ മഞ്ഞുതുള്ളികളിൽ പ്രതിഫലിച്ചു.
ശങ്കരൻ തിരുമേനിയുടെ തറവാടിന്റെ ഉമ്മറത്തിരുന്ന് ഗായത്രി പുറത്തെ മഞ്ഞുവീഴ്ച നോക്കി നിന്നു.
ഓർമ്മകൾക്ക് അന്ന് കയ്പ്പായിരുന്നു. ചാലിയാർ പുഴയുടെ തീരത്തെ സമ്പന്നമായ കൈലാസമെന്ന തറവാട്ടിൽ നിന്നും, മരുമക്കത്തായത്തിന്റെ പേരിൽ അനാഥയാക്കപ്പെട്ട് അമ്മയോടൊപ്പം ഇറങ്ങേണ്ടി വന്നതും ഇത്തരമൊരു തണുത്ത രാത്രിയിലായിരുന്നു.
അന്ന് ഇരുട്ടിൽ തപ്പിത്തടഞ്ഞ തനിക്ക് അഭയത്തിന്റെ പൊൻവിളക്കായത് തിരുമേനിയുടെ സ്നേഹമായിരുന്നു.
പക്ഷേ അവരുടെ മകൻ ആസ്തിക്കിന്റെ മൗനം ആ വീടിന് ഒരു തീരാനോവായിരുന്നു.
മുത്തശ്ശിയുടെ മരണം പുഴയുടെ ഓളങ്ങളിൽ കണ്ട് ഭയന്ന ആസ്തിക് വാക്കുകൾ നഷ്ടപ്പെട്ട് ഒരു മൂകസാക്ഷിയായി മാറി. മുറ്റത്തെ മഞ്ഞുകട്ടകളിൽ വിരലുകൊണ്ട് ചിത്രങ്ങൾ വരച്ച് അവൻ തന്റെ ലോകത്ത് ഒതുങ്ങിക്കൂടി.
ക്രിസ്തുമസ് തലേന്ന് അന്തരീക്ഷത്തിൽ കറുവപ്പട്ടയുടെയും ചുക്കിന്റെയും മണം പടർന്നുനിൽക്കുന്ന വൈകുന്നേരം. തിരുമേനിയും ഗായത്രിയും ആസ്തിക്കിനെ കൂട്ടി ടൗണിലേക്ക് പുറപ്പെട്ടു.
നഗരവീഥികൾ വർണ്ണക്കടലാസുകളാലും നക്ഷത്രവിളക്കുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. പള്ളിമുറ്റത്തെ വലിയ പുൽക്കൂടിന് മുന്നിൽ അവർ അല്പനേരം നിന്നു.
ചായ കുടിക്കാനായി അവർ അടുത്തുള്ള ഒരു കടയിൽ കയറി. കടയുടെ മൂലയിൽ ഒരു ചെറിയ ക്രിസ്തുമസ് മരം മിന്നിത്തിളങ്ങുന്നുണ്ട്. അപ്പോഴാണ് ആ കാഴ്ച ആസ്തിക്കിന്റെ കണ്ണിൽപ്പെട്ടത്.
കീറിപ്പറിഞ്ഞ ഒരു പഴയ കുപ്പായം ധരിച്ച തണുപ്പത്ത് വിറച്ചുനിൽക്കുന്ന ഒരു ബാലൻ വിശപ്പ് സഹിക്കവയ്യാതെ അവൻ മേശപ്പുറത്തെ ഒരു കഷ്ണം കേക്ക് കയ്യിലെടുത്തു. ഉടൻ തന്നെ കടയുടമയുടെ ക്രൂരമായ കൈകൾ അവന്റെ മേൽ പതിഞ്ഞു.
വിശന്നിട്ടാണ് പൊറുക്കണം… ഇനി ചെയ്യില്ല… ആ കുഞ്ഞിന്റെ കരച്ചിൽ പള്ളിയിലെ കരോൾ പാട്ടിനേക്കാൾ ഉച്ചത്തിൽ ആസ്തിക്കിന്റെ കാതുകളിൽ മുഴങ്ങി.
പള്ളിയിൽ നിന്ന് അപ്പോൾ ആ ഗാനം ഒഴുകിവന്നു.
“മണ്ണിൽ മനുജന് ശാന്തി… വിണ്ണിൽ ദൈവത്തിന് മഹത്വം…”
ആ പാട്ടിന്റെ വരികളും അടിയേൽക്കുന്ന ബാലന്റെ നിലവിളിയും ആസ്തിക്കിന്റെ ഉള്ളിലെ മരവിച്ച ഓർമ്മകളെ തട്ടിയുണർത്തി. ഒരു അഗ്നിപർവ്വതം കണക്കെ അവന്റെ ഉള്ളിൽ വികാരങ്ങൾ ഇരമ്പിവന്നു.
പെട്ടെന്ന് മൂന്നു വർഷത്തെ മൗനത്തിന്റെ മഞ്ഞുപാളികളെ ഭേദിച്ചുകൊണ്ട് ആ അലർച്ച പുറത്തുവന്നു.
നിർത്തൂ…. അവനെ തല്ലരുത്.
കടയിലുണ്ടായിരുന്നവരും മാതാപിതാക്കളും സ്തബ്ധരായി. ആസ്തിക് ഓടിച്ചെന്ന് ആ ബാലനെ ചേർത്തുപിടിച്ചു. അവന്റെ കണ്ണുകളിൽ നിന്നും സ്നേഹത്തിന്റെ അശ്രുബിന്ദുക്കൾ പൊഴിഞ്ഞു അവൻ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് ആ കുട്ടിയെ കൊണ്ടുവന്നു.
അമ്മേ… അച്ഛാ… ഇവന് നമ്മൾ ഭക്ഷണം കൊടുക്കില്ലേ? ഉണ്ണിയേശുവിനെപ്പോലെ ഇവനും നമ്മുടെ കൂടെ വരട്ടെ. ഇവനെ ഇനി ആരും തല്ലരുത്.
ഗായത്രിയുടെയും തിരുമേനിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
മഞ്ഞുവീഴുന്ന ആ ഡിസംബർ രാവിൽ ഒരു വലിയ അത്ഭുതം സംഭവിച്ചിരിക്കുന്നു. സ്നേഹമെന്ന ദിവ്യൗഷധം ആസ്തിക്കിന്റെ നാവിലെ കെട്ടുകൾ അഴിച്ചു മാറ്റിയിരിക്കുന്നു.
അന്ന് രാത്രി നീലിമലയുടെ താഴ്വരയിലേക്ക് അവർ മടങ്ങിയത് നാലുപേരായിരുന്നു. കാറിൽ ഇരുന്ന ആസ്തിക് പുതിയ കൂട്ടുകാരന് തന്റെ കയ്യിലുണ്ടായിരുന്ന മിഠായികൾ പങ്കുവെച്ചു.
ആ മഞ്ഞുകാലത്ത് തിരുമേനിയുടെ ഇല്ലത്ത് തെളിഞ്ഞ നക്ഷത്രവിളക്കിന് അന്നേവരെയില്ലാത്ത ഒരു തിളക്കമുണ്ടായിരുന്നു.
കാരണം അവിടെ ഒരു മകന് സംസാരശേഷി തിരിച്ചുകിട്ടി എന്നതിലുപരി മറ്റൊരു മകൻ കൂടി ആ കുടുംബത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
മനുഷ്യത്വത്തിന്റെ ആ വലിയ മരുപ്പച്ചയിൽ ക്രിസ്തുമസ് സന്ദേശം പൂർണ്ണമായി.
ശ്യാമള ഹരിദാസ്.


7 Comments
വായിച്ചു കഴിയുന്നതുവരെ ജോയ്സിന്റെ അക്ഷരങ്ങളിലൂടെ ഞാൻ കാനഡയിലേ കുളിരിൽ മുങ്ങി അറുമാദിച്ചൂ.
Thank you so much
കരുണ അത് അതുതന്നെയാണ് ക്രിസ്മസ്സിന്റെ സന്ദേശം ❤️
Thank you so much
നല്ല സന്ദേശമുള്ള കഥ. മനുഷത്വം നാവിന്റെ കെട്ടു പൊട്ടിക്കുന്ന മനോഹരമായ കഥ.👍
Thank you so much
ഈ സഹകരണത്തിന് നന്ദി…
. സന്തോഷം.