സുധീറിൻ്റെ വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞാലെങ്കിലും അവൻ നേരെയാകുമെന്ന് കരുതിയതാണ് ആ സാഹസത്തിനു വീട്ടുകാർ സമ്മതിച്ചത്. കൂട്ടുകാർ എന്നാൽ സുധീറിന് ജീവനാണ്. അവർ കഴിഞ്ഞേയുള്ളൂ ഈ ലോകത്ത് ബാക്കിയാരും എന്ന് പറഞ്ഞാൽ സുധീർ സമ്മതിക്കും. അങ്ങനെയാണ് അവന്റെ കാര്യങ്ങൾ.
ഒരു ആറേഴ് വയസ്സുള്ളപ്പോൾ ആണ് അവൻ്റെ അയൽവക്കത്തെ വീട്ടിൽ പുതിയ ആളുകൾ താമസത്തിന് വന്നത്. വീട് ഒന്നും ഉണ്ടായിരുന്നില്ല. അവർക്ക് ഭാഗം വച്ചപ്പോൾ കിട്ടിയ പത്ത് സെൻ്റ് സ്ഥലം. അതിൽ ഒരു മൺകുടിൽ വച്ചു. മുകളിൽ ഓലയാണ് മേൽപ്പുര. അമ്മയും മൂന്ന് മക്കളും അവിടെ താമസമായി. അച്ഛൻ തൃശ്ശിനാപ്പള്ളിയിൽ ജോലിയാണ്. വല്ലപ്പോഴും വരും എന്ന് മാത്രം. സുധീറിന് പുതിയ വീട്ടിൽ നിന്ന് ഒരു കൂട്ടുകാരനെ കിട്ടി. രണ്ട് വയസ്സ് താഴെയാണ് എങ്കിലും ശ്രീകുട്ടന്റെ ബുദ്ധി സുധീറിനേക്കാൾ കൂടുതലാണ്. ഈ ലോകത്തിൽ ഉള്ള ഏത് കാര്യവും അവനറിയാം. അവൻ അതേപ്പറ്റി പറയുന്നത് കേൾക്കണം. സുധീർ അതൊക്കെ കണ്ടും കേട്ടും അത്ഭുതപ്പെട്ടു നിൽക്കും. അവനാണ് ഫ്രൻഡ്ഷിപ്പ് എന്നത് സുധീറിനെ പഠിപ്പിച്ചത്. എവിടേയ്ക്ക് പോകാനും എന്ത് ചെയ്യാനും ഒരു മടിയുമില്ല ശ്രീകുട്ടന്. സുധീർ ആണെങ്കിൽ ഒരു അന്തർമുഖനാണ്. പുതിയ വീട് ഒക്കെ വച്ചു അവർ അപ്പോഴേക്കും. പത്താം ക്ലാസ് വരെയുള്ള സമയങ്ങളിൽ അവനായിരുന്നു കൂട്ട്. അവൻ എട്ടിലും. ആ വർഷം വീടൊക്കെ വിറ്റ് അവനും കുടുംബവും അച്ഛന്റെയൊപ്പം തൃശ്ശിനാപിള്ളിയിലേക്ക് തന്നെ തിരിച്ചു പോയി. അപ്പോഴാണ് അവന്റെ വില ശരിക്കും അറിയുന്നത്.
പിന്നീട് സുധീറിന് ജീവിതത്തിൽ പുതിയ പുതിയ കൂട്ടുകാർ വന്നു. ഹൈസ്കൂൾ സമയത്ത് കൂടെ സ്കൂളിൽ പോകാൻ കൂട്ടുകാർ ഉണ്ടായിരുന്നു. അതിലൊരാൾ ഏകദേശം ശ്രീകുട്ടനെപ്പോലെ എല്ലാകാര്യത്തിനും സുധീറിൻ്റെ കൂടെയുണ്ടായി. വിനയൻ. അവനാണ് സുധീഷിനെ ആദ്യമായി സിനിമാ തിയേറ്ററിൽ സിനിമ കാണിക്കാൻ കൊണ്ട് പോകുന്നത്. അതോടെ സുധീർ സിനിമയുടെ ആരാധകനായി. വരുന്ന എല്ലാ സിനിമകളും രണ്ട് പേരും പോയി കാണുകയായി. വിനയന്റെ കയ്യിൽ പണമൊന്നും ഇല്ല. സുധീറിനാണെങ്കിൽ അമ്മ ജോലിക്കാരിയായതിനാൽ അത്യാവശ്യം പണമൊക്കെ കിട്ടും. സിനിമയ്ക്കാണ് എന്ന് പറഞ്ഞാൽ അമ്മ സമ്മതിക്കും. കാരണം അമ്മയും ഒരു സിനിമാ ഭ്രാന്തിയാണ്. അമ്മയും മകനും കൂടി സിനിമയ്ക്ക് പോകും ചിലപ്പോൾ.
വായനയും അമ്മയുടെ ഹോബി ആയതിനാൽ സുധീറും വായനക്കാരനായി. അവിടെ അടുത്തുള്ള വായനശാലയിൽ നിന്നും കൊണ്ട് വരുന്ന പുസ്തകങ്ങൾ അമ്മയും മകനും രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു വായിക്കും. ഡിറ്റക്ടീവ് നോവലുകളാണ് പ്രധാനം. പിന്നെ മുട്ടത്തു വർക്കി, കാനം ഈ. ജെ തുടങ്ങിയവർ. പിന്നീട് വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. വിനയന്റെ കൂടെ ഉത്സവങ്ങൾ പൂരങ്ങൾ, ഗാനമേളകൾ, നാടകങ്ങൾ എന്നിവയൊക്കെ കാണാൻ പോകും.
അങ്ങനെയിരിക്കുമ്പോൾ പുതിയ ചില കൂട്ടുകാർ കൂടി എത്തിയതോടെ കൂട്ടുകാരുടെ സംഘം വലുതായി. ഈ പറഞ്ഞപോലെ ഉത്സവപ്പറമ്പുകളിൽ നിന്നും ഉത്സവപ്പറമ്പുകളിലേക്കുള്ള യാത്രകൾ തൃശ്ശൂർ പൂരം, ഇരിങ്ങാലക്കുട ഉത്സവം, നാടകം മേളകൾ, ഗാനമേളകൾ, കഥാപ്രസംഗങ്ങൾ, സിനിമകൾ അങ്ങനെയൊക്കെ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിൽ അല്പം സന്തോഷം കൂടി ആകാമല്ലോ എന്നായി എല്ലാവർക്കും.
വർഷങ്ങൾക്കു മുൻപുള്ള കാലത്തെ കാര്യമാണ്. അന്നൊക്കെ ഏത് കല്യാണം വന്നാലും സദ്യയൊക്കെ നടത്തുന്നത് നാട്ടുകാരാണ്. ഇന്നത്തെപ്പോലെ കാറ്ററിംഗ് കാരല്ല. സാധനങ്ങൾ എല്ലാം വീട്ടുകാർ വാങ്ങും. ബാക്കിയൊക്കെ സുധീറും കൂട്ടുകാരും വീട്ടുകാരും എല്ലാവരും കൂടി രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു സദ്യയുണ്ടാക്കും. അന്നത്തെ പ്രത്യേകത എല്ലാവർക്കും പാചകം അറിയാം എന്നതാണ്. ഇന്നത്തെ ആളുകൾക്ക് വാചകം മാത്രമേ അറിയൂ. പാചകത്തിനിടയിൽ വീട്ടിൽ തന്നെ പന്തൽ ഡെക്കറേഷൻ, സ്റ്റേജ് തുടങ്ങിയവയും ഒരുക്കും. അതിനുള്ള ആർട്ടിസ്റ്റുകളും കലാകാരന്മാർ ഒക്കെ ഈ സൗഹൃദ വലയത്തിൽ ഉണ്ടാകും. പിറ്റെദിവസം സദ്യവിളമ്പാനും ഈ കൂട്ടുകെട്ട് ഉണ്ടാകും.
അതിനൊക്കെ ഉന്മേഷം പ്രദാനം ചെയ്യുന്ന ലഹരിവസ്തുക്കൾ ധാരാളം ഇങ്ങനെ വന്നുകൊണ്ടിരിക്കും എല്ലായിടത്തും. അതിനൊരു ക്ഷാമവും ഉണ്ടാകാൻ പാടില്ല എന്നാണ് അലിഖിത നിയമം. മദ്യവും സിഗരറ്റും. അത്രയേയുള്ളൂ. മയക്കുമരുന്ന് എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ആരും കണ്ടിട്ടില്ല. പക്ഷെ ഇന്നത്തെ കാലത്ത് അതൊക്കെ സുലഭമായി ലഭിക്കും. ഇതൊക്കെ കഴിച്ചാലും അടിപിടിയോ ബഹളമോ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാനം. അലമ്പ് ഉണ്ടാക്കാൻ ആരെങ്കിലും മുതിർന്നാൽ അവരെ അപ്പോൾ തന്നെ ഒഴിവാക്കും.
അതിനിടെ സുധീറിന് സർക്കാർ ജോലി ലഭിച്ചു. പി. എസ്. സി ടെസ്റ്റുകൾ ബാങ്ക് ടെസ്റ്റുകൾ, റെയിൽവേ ടെസ്റ്റുകൾ, തുടങ്ങിയവയൊക്കെ ഇതിനിടയിൽ എഴുതിയത് കൊണ്ട് അങ്ങനെ ഒരു മെച്ചം ഉണ്ടായി. ലാസ്റ്റ് ഗ്രേഡ് ആണ് എങ്കിലും ഭാവിയിൽ ടെസ്റ്റ് എഴുതിയോ പ്രമോഷനായോ കയറാമെന്ന് സുധീഷിന് വിശ്വാസമുണ്ട്. ഇത് വരെ രാത്രി പാതിര വരെ കൂട്ടുകാരുമായി സംസാരിച്ചും ഓരോ പരിപാടികൾക്ക് പോയും വീട്ടിൽ എത്തുന്നത് പന്ത്രണ്ട് ഒരു മണിയൊക്കെ ആയിട്ടാണ്. അമ്മ ഉറക്കം ഒഴിഞ്ഞു ഇരിക്കുകയൊന്നുമില്ല. ഭക്ഷണമൊക്കെ അടച്ച് വച്ച് അമ്മ കിടന്നുറങ്ങും. ആദ്യമൊക്കെ കാത്തിരുന്നു. പിന്നീട് പറഞ്ഞാലും കേൾക്കില്ല എന്നായപ്പോൾ നിർത്തി.
ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ജോലി ആയി. ഒരു വിവാഹം ഒക്കെ കഴിച്ചാൽ നേരെയാക്കാൻ കഴിയുമെന്ന് പലരും പറഞ്ഞു. അങ്ങനെ ആലോചനകൾ തുടങ്ങി. ആദ്യമായി പോയ സ്ഥലത്ത് തന്നെ പെൺകുട്ടിയെ ഇഷ്ടമായി. അവർക്കും ഇഷ്ടമായി. സദ്യയൊക്കെ തന്നാണ് യാത്രയാക്കിയത്. അതിസുന്ദരി. നല്ല കുടുംബം. ഇങ്ങോട്ട് വരാമെന്ന് പറഞ്ഞവർ സുധീറിന്റെ ഹെഡ് ഓഫീസിലേക്ക് വന്ന് അന്വേഷിച്ചുവത്രെ! ജോലി ലാസ്റ്റ് ഗ്രേഡ് ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒരു മിണ്ടാട്ടവുമില്ല. ജോലി പോരായിരിക്കും. “ചെക്കനെ അല്ല ജോലിയേ ആയിരിക്കും അവർ കെട്ടാമെന്ന് കരുതിയത്. ” ബ്രോക്കർ വന്നു പറഞ്ഞു. “ഞാൻ ഇതൊക്കെ അന്വേഷിച്ച് അറിഞ്ഞതാണ്. അവർ പറഞ്ഞത് ജാതകം ചേരില്ല എന്നാണ്. ഈ വിവാഹം നടന്നാൽ വൈധവ്യയോഗം ഉണ്ടാകുമത്രെ. ” അങ്ങനെ സുധീറിൻ്റെ ആദ്യ ആലോചന നടക്കാതെ പോയി. വലിയ വിഷമം തോന്നി. കുറച്ചു കാലം കഴിഞ്ഞപ്പോൾ വലിയ ഒരു ജോലിക്കാരനെ തന്നെ ആ പെൺകുട്ടി കെട്ടി എന്നറിഞ്ഞു. നന്നാവട്ടെ.
സുധീറിൻ്റെ പെണ്ണ് കാണൽ യജ്ഞം ആരംഭിച്ചു. പലയിടത്തും പോയി. പക്ഷെ ആദ്യം നല്ലൊരു കുട്ടിയെ കണ്ട് മനസ്സിൽ നിറഞ്ഞു നിന്നതിനാൽ മറ്റൊന്ന് കണ്ണിൽ പെട്ടില്ല. അങ്ങനെ കുറേ സ്ഥലത്തൊക്കെ പോയതിന് ശേഷമാണ് അവസാനം ഒരു നല്ല കുട്ടിയെ കണ്ടെത്തിയത്. നീലിമ. അവർക്ക് സുധീറിൻ്റെ ജോലി ഒരു പ്രശ്നം ആയിരുന്നില്ല. ജോലിയുണ്ടല്ലോ. പ്രമോഷനും കിട്ടാൻ സാധ്യതയുണ്ട്. അത് മതി. രണ്ട് വീട്ടുകാർക്കും സമ്മതമായിരുന്നു. അത്രവലിയ ആഘോഷമൊന്നും ഇല്ലാതെ വിവാഹം കഴിഞ്ഞു. സുധീറിൻ്റെ കൂട്ടുകാർ വിവാഹമൊക്കെ കളർഫുള്ളാക്കി. ചെലവ് ചെയ്തുവെങ്കിലും ആഘോഷങ്ങളിലൊന്നും കൂടാൻ പോയില്ല.
“ഹണിമൂണിന് എവിടെ പോകുന്നു? ഊട്ടിയിലോ കൊടൈക്കനാലിലോ അതോ മൂന്നാറിലോ?” എന്നൊക്കെ ആയിരുന്നു ആളുകളുടെ ചോദ്യം.
“എവിടേയും പോകുന്നില്ല. അതൊക്കെ വലിയ വലിയ ആളുകൾക്കല്ലേ’ സുധീറിൻ്റെ മറുപടി അങ്ങനെയായിരുന്നു.
ഒരു പാവം പെൺകുട്ടി ആയിരുന്നു സുധീറിൻ്റെ ഭാര്യ. അതിനാൽ തന്നെ അവളെ വിഷമിപ്പിക്കരുത് എന്നായിരുന്നു സുധീറിന്. ദിവസങ്ങൾ കഴിഞ്ഞു പോയി. സുധീർ ആണെങ്കിൽ വിരുന്നു പോക്കും വരവും ഒക്കെ ആയി ലീവിലായിരുന്നു. കൂട്ടുകാർ അന്വേഷിച്ചു വന്നു.
” എടാ സുധീറേ നീ കല്യാണം കഴിച്ചതോടെ വീട്ടിൽ തന്നെ ഇരിപ്പായോ? കാണാനേ ഇല്ലല്ലോ. അന്ന് കല്യാണത്തിന് കണ്ടതാണ്. റിസപ്ഷനിൽ. പിന്നെ ഇന്നാണ്. എടാ ഈഞായറാഴ്ച സുരേഷിൻ്റെ കല്യാണമല്ലേ പോകണ്ടേ ”
ശരിയാണ്. തന്റെ കല്യാണത്തിന് വന്ന് സ ഹായിച്ചതാണ് സുരേഷ്. പോകാതെ പറ്റില്ല. വീട്ടിൽ പറഞ്ഞ് പോയതാണ് കല്യാണത്തിന്. സുരേഷിന്റെ കാര്യമാണെങ്കിൽ കൂട്ടുകാർ നിശ്ചയിച്ച കല്യാണമാണ് ശരിക്കും ഇത്. സുരേഷ് പലയിടത്തും പോയി ശരിയായില്ല. എല്ലായിടത്തും സുധീറും കൂട്ടുകാരും ഉണ്ടായിരുന്നു. അവസാനം കണ്ട സിന്ധു എന്ന കുട്ടിയേയാണ്. നല്ല സുന്ദരി പെൺകുട്ടി. നല്ല സാമ്പത്തികമായ ഉയർന്ന കുടുംബം. യാതൊരു തെറ്റും പറയാനില്ല. കൂട്ടുകാർക്ക് നല്ല ഇഷ്ടം. സുരേഷിനാണെങ്കിൽ വേണ്ട. എന്തോ ശരിയാവില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ഒടുവിൽ അച്ഛനും അളിയനും പെങ്ങളും എല്ലാം വന്ന് സുധീറിനോട് പറഞ്ഞു. അവനെ ഒന്ന് സമ്മതിപ്പിക്കാൻ. അങ്ങനെ സുധീർ ബ്രെയിൻ വാഷ് ചെയ്തു ശരിയാക്കി എടുത്ത ബന്ധമാണ്. കല്യാണം നടത്തി കൊടുക്കേണ്ട ചുമതലയുണ്ട്. തലേദിവസം തന്നെ മുഴുവൻ രാത്രിയും അവിടെ തന്നെ ആയിരുന്നു. ഡ്രിങ്ക്സ് വേണ്ട എന്ന് സുധീർ പറഞ്ഞെങ്കിലും വിവാഹം നടത്താൻ സഹായിച്ചതിന് നന്ദിയായി സുരേഷിൻ്റെ അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന ഉഗ്രൻ സാധനങ്ങൾ അങ്ങനെ ഇരിക്കെ വെറുതെ എങ്ങനെ ഇരിക്കും !
അവസാനം വെളുപ്പിന് വീട്ടിൽ തന്നെ പോകാൻ പറ്റാത്തതിനാൽ ഒരു കൂട്ടുകാരൻ കൊണ്ട് വന്നു വിട്ടു. ഭാര്യ ഉറക്കമിളച്ച് ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. മിണ്ടാതെ വന്ന് കിടക്കാൻ നോക്കിയെങ്കിലും രക്ഷയില്ല. പെട്ടെന്ന് ഛർദ്ദിച്ചു. അല്പം ഓവറായിരുന്നല്ലോ! അവളാണെങ്കിൽ കരച്ചിൽ. അത് കേട്ട് എന്ത് പറ്റി എന്നറിയാതെ അമ്മയും അനിയനും പെങ്ങളുമെല്ലാം വന്നു. ആകെ നാണക്കേടായി. അമ്മയാണെങ്കിൽ ചീത്ത പറയാനും തുടങ്ങി.
” ഇനിയും നീ നേരെയായില്ലേ! മുൻപ് നീ മാത്രമേയുള്ളൂ. ഇപ്പോൾ വേറെ ഒരു പെൺകുട്ടിയേയും കൊണ്ട് വന്നിട്ടുണ്ട്. അവളുടെ കാര്യം ആര് നോക്കും? അവളുടെ വീട്ടുകാരോട് എന്ത് സമാധാനം പറയും?” അമ്മ നിർത്തുന്നില്ല. സുധീറിനാണെങ്കിൽ ആകെ പരവേശം. ഛർദ്ദിയും തലയാകെ കറങ്ങിയിട്ട് കിടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. അതിനിടെ വീട്ടുകാർ. ആകെ എന്ത് ചെയ്യണം എന്നറിയാതെ സുധീർ. ഭാര്യയ്ക്ക് മിണ്ടാതെ നിന്നാൽ മതി. അതിന് പകരം ബഹളം വച്ച് ആളുകളെ വിളിച്ചു കൂട്ടേണ്ട വലിയ കാര്യമുണ്ടോ? സാധാരണ ഭർത്താവിന് വല്ല അബദ്ധവും പറ്റിയാൽ അത് ഒളിച്ചു വയ്ക്കണ്ടേ? വെളിച്ചമായി. വിവാഹത്തിന് പോകണം. പക്ഷെ ഇന്നലത്തെ രാത്രിയിലെ ഭൂമികുലുക്കം. അതോർത്ത് സുധീറിന് പേടി തോന്നി. പക്ഷേ അവൾ അതൊന്നും കാര്യമായി എടുത്തില്ല എന്ന് തോന്നുന്നു.
“ചേട്ടാ കല്യാണത്തിന് ഏത് ഡ്രസ്സാണ് ഇടേണ്ടത്? ഈ ഗോൾഡൻ കളർ സാരി മതിയോ? അതോ സ്കൈബ്ളൂവോ? ചേട്ടൻ ഗോൾഡൻ കളർ ഇട്ടാൽ മതി. മാച്ചിന് ഞാൻ ആ ഗോൾഡൻ തന്നെയുടുക്കാം. ”
അത് കേട്ടപ്പോൾ സമാധാനമായി. വിചാരിച്ചപോലെ കുഴപ്പമില്ല. രണ്ട് പേരും കൂടി വിവാഹത്തിന് പോയി. ഇവിടെ പുതുമോടിയാണല്ലോ. പലരും വന്ന് നീലിമയെ പരിചയപ്പെട്ടു.
“നല്ല സുന്ദരിയാണല്ലോ സുധീറിൻ്റെ ഭാര്യ” എന്നാരോ പറയുന്നത് കേട്ട് അവൾ നാണിച്ചു നില്ക്കുന്നതും കണ്ടു.
എന്തായാലും വലിയ പൊല്ലാപ്പ് ഒഴിവായല്ലോ എന്ന് കരുതി സുധീർ. പിന്നെ കുറച്ചു ദിവസം വലിയ കുഴപ്പമില്ലാതെ കടന്നു പോയി. നീലിമയുടെ ബന്ധത്തിൽ പെട്ട കുറച്ചു ബന്ധുക്കളുടെ വീട്ടിൽ പോയി. ഒരിടത്ത് ഒരു പട്ടാളക്കാരൻ ആയിരുന്നു. ” ക്വോട്ട കിട്ടിയത് ഇരിപ്പുണ്ട് “എന്ന് അവിടുത്തെ ചേട്ടൻ പറഞ്ഞപ്പോൾ കൂടിയാലോ എന്ന് തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.
നീലിമ തന്നെ പറഞ്ഞു” ചേട്ടൻ എന്തായാലും ചീത്തയായി. സുധീറേട്ടനെക്കൂടി ചീത്തയാക്കണ്ട”
” ഓ. നിനക്ക് വേണ്ടെങ്കിൽ വേണ്ട. ഞാൻ ഒന്നും പറഞ്ഞില്ലേ.. ”
അന്ന് രക്ഷപ്പെട്ടുവെങ്കിലും നാട്ടിൽ എത്തിയ വൈകിട്ട് ലാലിൻ്റെ വീട്ടിൽ ഒരു ബർത്ത്ഡേ പാർട്ടിയിൽ പോയതാണ്. നീലിമയുണ്ടായിരുന്നു കൂടെ. അവൾ കാണാതെ രണ്ട് പെഗ് കഴിച്ചു. ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു പോന്നു. അവൾ അറിഞ്ഞിട്ടില്ല. ഭാഗ്യം. പക്ഷേ വീട്ടിൽ ചെന്നതോടെ അവളുടെ സ്വഭാവം മാറി. എല്ലാവരും കേൾക്കെ തന്നെ പറഞ്ഞു.
“ചേട്ടൻ ഇങ്ങനെ തുടങ്ങിയാൽ ഞാൻ പിന്നെ ഇവിടെ നിൽക്കില്ല. എനിക്ക് ഈ കുടിക്കുന്നവരെ ഇഷ്ടമല്ല. പറഞ്ഞേക്കാം. എന്റെ അമ്മയുടെ ചെറിയമ്മയുടെ മകൻ അനിയേട്ടൻ. ആൾക്ക് ലിവർ സിറോസിസ് ആണ്. ആരു പറഞ്ഞിട്ടും കേൾക്കാതെ എന്തായിരുന്നു കുടി? അങ്ങോരുടെ വയറൊക്കെ കണ്ടില്ലേ അന്ന് പോയപ്പോൾ. അത് ആ അസുഖത്തിൻ്റെയാണ്. വലിയ രക്ഷയൊന്നുമില്ല. ”
നീലിമയുടെ വർത്തമാനം കേട്ടപ്പോൾ സുധീറിന് ചെറിയ പേടി തോന്നി. പക്ഷേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതെല്ലാം മറന്നു. മറ്റൊരു കൂട്ടുകാരനായ മഹേഷിൻ്റെ വിവാഹം. സുധീർ വിവാഹം കഴിച്ചപ്പോൾ ആ കമ്പനിയിലെ ഓരോരുത്തരും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അതാണ് സുരേഷിന്റെവിവാഹം നടന്നത്. ഇപ്പോൾ മഹേഷിൻ്റെ. ” ഒരു കാര്യം പറഞ്ഞേക്കാം എന്റെ കൂടെ കല്യാണത്തിന് തലേദിവസം പോയി മടങ്ങണം. അവിടെ തങ്ങി അടിച്ചു പൊളിക്കാമെന്ന് കരുതണ്ട. ” അങ്ങനെ പോയി ഭക്ഷണം കഴിച്ചു സംസാരിച്ചു പോന്നു. പിറ്റേന്ന് വിവാഹത്തിന് പോയി മടങ്ങി. കൂട്ടുകാർ പിന്നെ കണ്ടപ്പോൾ വലിയ പരിഭവം പറഞ്ഞു. പ്രത്യേകിച്ച് മഹേഷ്. “എന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞോ നീ. തലേദിവസം ഒന്ന് കൂടണം എന്ന് കരുതിയിട്ട് നീ പറ്റിച്ചു. ആരും കല്യാണം കഴിക്കാത്ത പോലെ. മറ്റെല്ലാവരും ഉണ്ടായിരുന്നു. ” അവന്റെ പരിഭവം തീർക്കാനായി ഒരുമിച്ച് പോയി. ബാറിൽ തന്നെ. സുരേഷും സനിലും ദിലീപുമൊക്കെ ഉണ്ടായിരുന്നു. ” അന്ന് കൂടാൻ പറ്റാത്തതിന്” എന്ന് പറഞ്ഞു സുധീറിനെ ഫിറ്റാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. അന്ന് വീട്ടിൽ ചെന്ന് ഒന്നും മിണ്ടാതെ കിടന്നു. നീലിമയ്ക്ക് കാര്യം മനസ്സിലായി. പക്ഷെ ഒന്നും മിണ്ടാൻ പോയില്ല അവൾ. അവൾക്ക് മനസ്സിലായില്ല എന്ന് സുധീർ കരുതി. പക്ഷേ പിറ്റേന്ന് ഉറക്കം എഴുന്നേൽക്കാൻ നേരം വൈകി. അത്രയധികമായിരുന്നോ ഇന്നലെ കഴിച്ചത്! എന്തായാലും നീലീമ അറിഞ്ഞില്ല. ഭാഗ്യം. നീലിമ ഇത്ര നേരമായിട്ടും മുറിയിലേക്ക് വന്നില്ല. അടുക്കളയിൽ പണിയാകുമെന്ന് കരുതി. പക്ഷേ അടുക്കളയിലും അവളെ കണ്ടില്ല. മുറിയിൽ നോക്കിയപ്പോൾ അവളുടെ ഡ്രസ്സുകൾ ഒന്നും കാണാനില്ല. അവളുടെ ബാഗും സ്യുട്ട്കേസുമില്ല.
“അമ്മേ നീലിമയെ കണ്ടോ ?” സുധീർ ചോദിച്ചു.
” എന്നോട് ഒന്നും ചോദിക്കേണ്ട. കല്യാണം കഴിച്ചാലെങ്കിലും നേരയാകും എന്ന് കരുതിയാണ് ആ മഹാപാപം ഞാൻ വരുത്തി വച്ചത്. ആ പാവം പെൺകുട്ടി എന്ത് പിഴച്ചു? അവൾ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാണ് കുടിക്കരുത് എന്ന്. എന്നിട്ട് നീ കേട്ടോ? അവൾ അവളുടെ പാട്ടിനു പോയി. നന്നായി. ”
അമ്മ പറയുന്നത് കേട്ടപ്പോൾ പണി പാളി എന്ന് മനസ്സിലായി. അവളുടെ വീട്ടിൽ എത്തിയിരിക്കും. അവളുടെ ഫോൺ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നതേയില്ല. അവളുടെ അച്ഛനെ വിളിച്ചപ്പോൾ എടുത്തു.
” അവൾ ഇവിടെ സുഖമായി എത്തി. ഇനി ഇവിടെ നില്ക്കട്ടെ. എന്നാണ് കുടിയൊക്കെ നിറുത്തി വരാൻ പറ്റുക? അന്ന് വന്നാൽ മതി. ”
അവിടെ ചെന്ന് നാണം കെടണ്ടേ എന്ന് ആലോചിച്ചപ്പോൾ പോകാൻ തോന്നിയില്ല. ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അവളുടെ അഭാവം വല്ലാതെ ഫീൽ ചെയ്തപ്പോഴാണ് പോകാമെന്ന് കരുതിയത്. അപ്പോഴാണ് മഹേഷും സുരേഷും ലാലുമൊക്കെ വരുന്നത്.
” എടാ നിൻ്റെ കാര്യം വലിയ കഷ്ടം തന്നെ. ആണാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം? നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്ത് ജീവിതം? ഞങ്ങളുടെ വിവാഹവും കഴിഞ്ഞതാണ്. ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല. ഭാര്യമാരെ നമ്മുടെ ചൊൽപ്പടിക്ക് നിറുത്തണം. അല്ലാതെ അവൾ പറഞ്ഞത് കേട്ട് നടക്കുകയല്ല.. ”
അവർ പറയുന്നത് കേട്ടപ്പോൾ ശരിയല്ലേ അവർ പറയുന്നത്? ഞാൻ എന്തിന് അവളെ പേടിക്കണം! കൂട്ടുകാരോട് മിണ്ടാൻ പാടില്ല. അവരുടെ കൂടെ പോകാൻ പാടില്ല. കമ്പനി കൂടാൻ പാടില്ല. ആ മഹേഷിൻ്റെ തലേന്ന് കൂടാത്ത വിഷമം അവൻ ഇപ്പോഴും പറയും. എന്തായാലും അവരുടെ പരിഭവം തീർക്കാനായി അവരുടെ കൂടെ കൂടി. നല്ല ലവലിലായിരുന്നു മടക്കം. വീട്ടിൽ എത്തിയപ്പോൾ നീലിമയുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നു. മരുമകൻ നേരെയാകാനുള്ള ലക്ഷണമില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി. എന്നാലും പറഞ്ഞു.
“നീലിമ ഇനി ഇങ്ങോട്ട് ഇല്ല എന്നാണ് പറയുന്നത്. ഡൈവോഴ്സ് വേണമെന്ന്. ഒരു വർഷം കഴിയാതെ അതിനും പറ്റില്ലത്രെ. ”
പിന്നെ നീലിമ അങ്ങോട്ട് വന്നില്ല. അവളുടെ വീട്ടിൽ പോകാൻ ധൈര്യവുമില്ല സുധീറിന്. അമ്മ വിളിച്ചു സംസാരിച്ചുവെങ്കിലും അവളുടെ തീരുമാനം മാറ്റിയില്ല. അതിനിടെ നീലിമ ഗർഭിണിയായി എന്ന ഒരു വാർത്ത. അവളുടെ അമ്മ സുധീറിൻ്റെ അമ്മയെ വിളിച്ചു പറഞ്ഞതാണ്. രണ്ട് പേരും കുറെ എണ്ണപ്പെറുക്കി കരഞ്ഞു. ഈ സമയം കൂടെ ഉണ്ടാവേണ്ടയാളാണ് ഈ കുടിച്ചു കുന്തം മറിഞ്ഞ് നടക്കുന്നത്. അതറിഞ്ഞപ്പോൾ വലിയ വേദനയായി സുധീറിന്. പക്ഷെ എന്ത് കാര്യം? അവളുടെ മനസ്സിന് വല്ല മാറ്റവും വന്നെങ്കിൽ.. അല്ലെങ്കിൽ ഡൈവോഴ്സ് പെറ്റീഷൻ കൊടുക്കുമായിരിക്കും. ഇങ്ങനെ വിലപിടിച്ച ഒരു ജീവിതം താറുമാറായതിൽ കൂട്ടുകാർക്കൊന്നും ഒരു വിഷമവുമില്ല. എന്ന തിരിച്ചറിവ് വൈകിയാണ് സുധീറിന് മനസ്സിലാക്കാൻ കഴിഞ്ഞത്. നീലിമയെപ്പോയിക്കാണാൻ പല തവണ ആഗ്രഹിച്ചെങ്കിലും അവൾക്ക് അങ്ങനെ തോന്നിയിട്ടില്ല. പിന്നെ എന്ത് ചെയ്യും!
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_സൗഹൃദംകുടുംബബന്ധങ്ങളെബാധിക്കുമ്പോൾ
#രചന_രാമചന്ദ്രൻടിവി


5 Comments
മദ്യപിക്കാൻ കൂട്ടു കൂടുന്നവർ, ജീവിതം നഷ്ടപ്പെടുന്ന കൂട്ടുകാരനെ കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിൽ ജീവിതം നശിച്ചവരെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.
നല്ല കഥ.👍
നല്ല രചന . ഒരു പാട് മനുഷ്യരുടെ കഥ യാണിത്. ഇഷ്ടപ്പെട്ടു👌👏❤️
ഇങ്ങനെയുള്ള പലരുമുണ്ട് ജീവിതം കൈവിട്ടുപോയിക്കഴിയുമ്പോഴാണ് ബോധമുണ്ടാകുന്നത്.
👌🌹
നന്നായിട്ടെഴുതി. അഭിനന്ദനങ്ങൾ 👏👏. എത്ര അവസരങ്ങൾ ജീവിതം വച്ചു നീട്ടിയാലും സ്വയം കുഴിയിലേക്ക് എടുത്ത് ചാടുന്നവർ കൂടെയുള്ളവരുടെ കാര്യം പോലും ഓർക്കുന്നില്ലല്ലോ. യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥ. 👌👌
മദ്യത്തിന്റെ അകമ്പടിയുള്ള കൂട്ട് കെട്ടാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല