കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു അന്നെല്ലാം. അവിടെ സന്തോഷമുണ്ടാകാം,വേദനയുണ്ടാകാം പരിമിതികളും നെടുവീർപ്പുകളും തർക്കങ്ങളും എല്ലാം ഉണ്ടാകാം. പക്ഷെ എല്ലാത്തിനും ഒരു പരിഹാരവും ഉണ്ടായിരുന്നു. ഒരു കെട്ടോറപ്പുള്ള ഇമ്പമുള്ള ബന്ധമായിരുന്നു അക്കാലത്തെ കുടുംബ ബന്ധം. കളിക്കാൻ തൊടികൾ, കുളിക്കാൻ കുളങ്ങൾ, ചുറ്റിലും ഫലങ്ങൾ നിറഞ്ഞ മരങ്ങൾ കൂട്ടുകാർ ധാരാളം, ചെറിയ ചെറിയ ആഘോഷങ്ങൾ, അങ്ങിനെ സമാധാനത്തോടെ ആസ്വദിച്ചു ജീവിതം കഴിയുമായിരുന്നു. വിഷം കലരാത്ത വീട്ടിലുണ്ടാക്കിയ ധാന്യങ്ങളും പച്ചക്കറികളും വീട്ടിലെ പശുവിൻ്റെ അകിടിൽ നിന്നുള്ള പാലും വെണ്ണയും തൈരും ബാക്കി സാധനങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ആഹാരപദാർത്ഥങ്ങൾ രുചി മാത്രമല്ല കൂടുതൽ ആരോഗ്യവും തന്നിരുന്നു..
അമ്മ, അച്ഛൻ, മുത്തച്ഛൻ, മുത്തശ്ശി, ഏട്ടനും ഏടത്തി, അനിയൻ, അനിയത്തി, അമ്മായി, അമ്മാവൻ, ചെറിയച്ചൻ, ചെറിയമ്മ, വല്യമ്മ, വലിയമ്മയി ഈ പദങ്ങൾ എല്ലാം ഇമ്പമുള്ള അതിലേറെ ശക്തിയായ ബന്ധങ്ങൾ കാണിക്കുന്ന സ്ഥാനങ്ങൾ ആയിരുന്നു. പക്ഷേ ഈയിടെയായി ആ ബന്ധങ്ങൾക്ക് പഴയ ഇമ്പമില്ല, ആഴവും ഇല്ല.ആർക്കും ആരെയും മനസ്സിലാകാത്ത പോലെ. ഒരൊഴുക്കിൽ ജീവിതം അങ്ങിനെ പോകുന്നു. കേൾക്കാനും കാണാനും ഇമ്പമില്ലാത്ത ബന്ധങ്ങളിൽ ഉലഞ്ഞു ജീവിതം നഷ്ടമാകുന്ന യുവത്വം.അവിടെ പകയും വിദ്വേഷവും മാത്രം. സ്നേഹമില്ല, ബന്ധങ്ങളിൽ ആത്മാർത്ഥതയില്ല . ഒരിമ്പവുമില്ല.
