വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. എന്തൊരു ഉറക്കമാണ്, കുറെ നാളായി ഇങ്ങിനെ രാവിലെ ഉറങ്ങിയിട്ട്.. ജോലിയും ജീവിതവും കൂട്ടിക്കുഴച്ച തിരക്കിട്ട ജീവിതം അല്ലായിരുന്നോ തൻ്റേത്.. അവിടെ ഉറങ്ങാനും വിശ്രമിക്കാനും എവിടെ നേരം. ഓടി ഓടി ഇപ്പോൾ തളർന്നു തുടങ്ങി. ചിലപ്പോൾ തോന്നും എന്തിനിങ്ങനെ മരിച്ചു പണിയെടുക്കുന്നത്. ആർക്ക് വേണ്ടി.
പെട്ടന്ന് അവൾക്ക് തൻ്റെ അച്ചനെ ഓർമ വന്നു. എപ്പോഴും നീതിക്ക് വേണ്ടി പൊരുതാനും അന്യായത്തെ എതിർക്കാനും പഠിപ്പിച്ചത് അച്ചയാണ്.. രണ്ട് വയസ്സിൻ്റെ വ്യത്യാസം മാത്രമേ ഏട്ടനും താനും ഉണ്ടായിരുന്നുള്ളൂ. അമ്മക്ക് എന്നും മോനോടാണ് കൂടുതൽ പ്രിയം എന്ന് തോന്നിക്കുന്ന ഒരു പെരുമാറ്റമായിരുന്നു. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയണം ആൺമക്കൾ പണിയെടുത്തു വീട് സംരക്ഷിക്കണം അങ്ങനെയുള്ള ഒരു തനി നാടൻ ചിന്താഗതിയായിരുന്നു അമ്മയുടേത്..
വീട്ടിൽ മീൻ പൊരിച്ചാൽ ഏറ്റവും നല്ല കഷ്ണം ഏട്ടനും, ചെറിയത് തനിക്കും.. കാണുമ്പോഴേ കരച്ചിൽ തുടങ്ങും. അത് തിന്നാനുള്ള കൊതി കൊണ്ടല്ല. അത് ഒരു അന്യായം അല്ലെ എന്നുള്ള ചിന്താഗതി അതാണ് ചൂടുപിടിപ്പിക്കുന്നത്.. ഏട്ടനുപയോഗിച്ച പുസ്തകങ്ങളും സാധനങ്ങളും ആണ് എന്നും തനിക്ക് കിട്ടിയിട്ടുള്ളത്. പുതിയ ബുക്കിൻ്റെ മണം കിട്ടാൻ കൊതി തോന്നിയിട്ടുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും.
ആർത്തവം വന്നതിന് ശേഷം പിന്നെ കടുത്ത നിയന്ത്രണങ്ങൾ ആയിരുന്നു. ശരിക്കും സങ്കടം തോന്നിയ ദിവസങ്ങൾ, കൂട്ടത്തിൽ അതിയായ ദേഷ്യവും. ചേട്ടൻ ആ ദിവസങ്ങളിൽ ഓടി ചാടി നടക്കുന്നത് കാണുമ്പോൾ ശരിക്കും ദേഷ്യം തോന്നിയിരുന്നു ഒരു പെണ്ണായി ജനിച്ചതിൽ, അതിലേറെ സങ്കടം ആയിരുന്നു. അതിനു ശേഷം അതിർ വരമ്പുകളുടെ കൂടാരമായിരുന്നു. വലിയ പെൺകുട്ടിയായി, നിനക്ക് അടങ്ങി ഒതുങ്ങി ഇരുന്നു കൂടെ. അവിടെ പോകല്ലേ ഇവിടെ പോകല്ലേ, ചാടല്ലേ ചിരിക്കല്ലേ, തുള്ളല്ലേ. ഒരു മാതിരി വെറുപ്പും വാശിയുമായിരുന്നു അപ്പോഴെല്ലാം.. പ്രകടിപ്പിക്കാൻ പറ്റാത്തതുകൊണ്ട് അടക്കിപ്പിടിച്ച് കഴിഞ്ഞു. അച്ചയാണ് ഒരു സമാധാനം തന്നിരുന്നത്. തന്നെ സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചത്. നീന്താനും, ബാഡ്മിൻ്റൺ കളിക്കാനും, ചില കാര്യങ്ങളിൽ പറ്റില്ല എന്ന് പറയാനും പഠിപ്പിച്ച അച്ച തന്ന ധൈര്യമാണ് തന്നെ ജീവിതത്തിൽ മുന്നേറാനുള്ള കരുത്ത് തന്നത്..
അരുതുകളുടെ ഒരു കാലഘട്ടം തീർന്നത്, കോളേജിൽ എത്തിയതിനു ശേഷമായിരുന്നു. ഹോസ്റ്റലിൽ സർവ സ്വാതന്ത്ര്യം ആയിരുന്നു. എങ്കിലും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം കൂട്ടുകാരോത്തൂ ഒരു സിനിമ കാണുന്നതും, ഏതെങ്കിലും നല്ലൊരു റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കുന്നതും ആയിരുന്നു. അതിനപ്പുറത്തേക്കുള്ള ഒരു സ്വതന്ത്ര്യം അപ്പോഴത്തെ സമൂഹം തന്നിരുന്നില്ല.. ഇന്നിപ്പോൾ എന്തിനും പെൺകുട്ടികൾ മുമ്പിൽ തന്നെ.. എന്തു വേണെങ്കിലും ധരിക്കാം. ബിയർ അടിച്ചു വഴിയിൽ കിടന്നാലും നടു റോഡിൽ ഡാൻസ് കളിച്ചാലും boyfriend ഒത്തു ബൈക്കിൽ കറങ്ങി അടിച്ചാലും ആരും മൈൻഡ് ചെയ്യില്ല. അതെല്ലാം സർവ സാധാരണം.. പെൺകുട്ടികളും ആൺകുട്ടികളും തോളോട് തോൾ ചേർന്നു നടക്കുന്നു. അമിത സ്വാതന്ത്ര്യം കിട്ടുമ്പോൾ അതിൽ ഒരു നന്മയും ദോഷവും ഉണ്ടാകാമായിരിക്കും.
കോളേജിൽ സീനിയർ ആയിരുന്ന ഒരാളെ തനിക്കിഷ്ടമായിരുന്നു. പക്ഷെ രണ്ടു പേരുടെയും ഇടയിൽ മാത്രം അത് ഒതുങ്ങി. ആർക്കും മനസ്സിലായില്ല തങ്ങളുടെ നിശബ്ദ പ്രേമത്തെ. വ്യത്യസ്ത മത വിഭാഗക്കാർ ആയതിനാൽ ആ സൗഹൃദം പടർന്നു പന്തലിച്ചില്ല.
അച്ഛനും അമ്മയും ചൂണ്ടിക്കാണിച്ച വരനെ തന്നെ തിരഞ്ഞെടുത്തു. തൻ്റെ ഇഷ്ട്ടങ്ങൾ ആര് നോക്കാൻ. ഒരു കണക്കിൽ അച്ഛനും നിസ്സഹായനായിരുന്നു. അമ്മ വീട്ടിൽ താമസമാക്കിയതാണോ അച്ഛനെ നിശബ്ദനാക്കിയത് എന്ന് ചിലപ്പോൾ തോന്നാറുണ്ട്, അതോ അച്ഛൻ സ്വയം ഒതുങ്ങിയതാണോ ആവോ എന്തൊ. എന്തായാലും മക്കളെ രണ്ടുപേരും ബിരുദാനന്തര ബിരുദം എടുക്കാൻ നിർബന്ധിച്ചു.
ഓർമകളിൽ മുഴുകി ഇരുന്നാൽ ഇന്നത്തെ പണിയെല്ലാം മുടങ്ങും. അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അടുത്ത് മുറിയിൽ ഉറങ്ങുന്ന ആളെ ഒന്നു നോക്കി. ശാന്ത സുന്ദരമായ ഉറക്കം. അല്ലെങ്കിലും എല്ലാത്തിലും ശാന്തം, പക്ഷെ ഭാര്യയോട് മാത്രം ഈ ശാന്തതയും ക്ഷമയും ഇല്ലാ. ഇന്ന് വെള്ളപ്പവും മുട്ടക്കറിയും ഉണ്ടാക്കാം. അല്ലെങ്കിൽ എല്ലാ ദിവസവും ദോശ എന്നുള്ള പിറുപിറക്കൽ കേൾക്കേണ്ടി വരും.
ഭാര്യക്കും ഭർത്താവിനും ഒരേ തരത്തിലുള്ള ജോലി, ഒരേ ഡിഗ്രി, ഒരേ തറവാട്ട് മഹിമ, പക്ഷെ ഭാര്യ എപ്പോഴും തനിക്ക് താഴെ നിന്നെ പറ്റുകയുള്ളൂ എന്നുള്ള പുരുഷാധിപത്യം ഉള്ളിടത്തോളം കാലം സമത്വം എന്നുള്ള വാക്ക് അന്യം തന്നെയാണ്.
കല്യാണം കഴിഞ്ഞ നാളുകളിൽ ഒന്ന് വീട്ടിൽ പോകാൻ പോലും സമ്മതിക്കില്ല. ഇനി പോയാലും കൂടെ വരില്ല. ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസം. അപ്പൊൾ അദ്ദേഹത്തിൻ്റെ അമ്മ ആ സമയം എന്തെങ്കിലും കാരണം പറഞ്ഞു മോനെ ഭാര്യവീട്ടിലേക്ക് വിടില്ല. അതേ സമയം മോളും മരുമോനും ഒപ്പം വന്നില്ലെങ്കിലുള്ള പരിഭവം പറച്ചിലും സങ്കടവും കാണേണ്ടത് തന്നെ.. ഒറ്റ മകൻ, രണ്ടു പെൺകുട്ടികൾ..
ആ വീട്ടിലെ അടുക്കളയിൽ ജീവിതം തീർന്നു പോകാതിരിക്കാനാണ് PSC test എഴുതിയത്. പല പ്രാവശ്യം എഴുതിയിട്ടാണ് pass ആയതും ലിസ്റ്റിൽ കയറി പറ്റിയതും തൻ്റെ വീട്ടിൽ പോയി അറിയിക്കാതെ ടെസ്റ്റ്. എഴുതിയതാണ്.. അതിനു ഒരു പാട് പുകിലുകൾ വീട്ടിലുണ്ടായി. മരുമക്കൾ ഈ തറവാട്ടിൽ പണിക്ക് പോകില്ല എന്ന് പറഞ്ഞു ഒത്തിരി വഴക്കുണ്ടാക്കി. കരഞ്ഞും കാലും പിടിച്ചും വാശിപിടിച്ചുമാണ് അവസാനം ജോലിക്ക് വിട്ടത്. ഒരു പാട് വേദനകൾ സഹിച്ചിട്ടുണ്ട്. വീട്ടിലെ പണി എല്ലാം രാവിലെ ഒതുക്കി വച്ചിട്ടാണ് ജോലിക്ക് പോയിരുന്നത്. ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ അത് പോലും അടുക്കളയിൽ കൊണ്ട് വെക്കാത്ത ഭർത്താവും അച്ഛനും.. ഒരു പണിക്ക് പോലും ആളെ വെക്കാൻ അമ്മ സമ്മതിക്കാതിരുന്നിട്ടുണ്ട്. ജോലിയുടെയും വീട്ടിലെ പണിയുടെയും സമ്മർദം മൂലം ആരോഗ്യം നഷ്ടപ്പെട്ട സമയം വരെ ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ രണ്ട് മക്കളുമുണ്ടായി.
അമ്മയുടെ താളത്തിന് മാത്രം തുള്ളുന്ന ഒരു മകനായി പോയി തൻ്റെ ഭർത്താവ്. ശരിക്കും ഒരു വാല്യക്കാരിയുടെ സ്ഥാനമായിരുന്നു തനിക്ക്. വീട്ടിലെയും ജോലിസ്ഥലത്തെ പണിയും, കുടുംബ ജീവിതത്തിലെ തട്ടലും മുട്ടലുകളും എല്ലാം കൂടി പലപ്പോഴും ബന്ധം പൊട്ടിച്ചെറിയാൻ തോന്നിയിട്ടുണ്ട്. പോകാൻ ഒരു ഇടമില്ലാത്ത കൊണ്ട് മാത്രം പിടിച്ചു നിന്നു. മാസാ മാസം കിട്ടുന്ന ശമ്പളം അപ്പാടെ കയ്യിൽ വാങ്ങി ആള് വെക്കും.. ജോലി രാജി വെക്കാൻ നിർബന്ധിക്കും എന്ന് പേടിയിൽ ഒന്നും മിണ്ടാറില്ല. മാസം ശമ്പളം ഉണ്ടായിട്ടും സ്വന്ത്വം ആവശ്യത്തിനായി ചിലവാക്കാൻ ഭർത്താവിനോട് കൈ നീട്ടേണ്ട ഗതികേടുള്ള ഒരു പാട് ഭാര്യമാർ ഇപ്പൊഴും സമൂഹത്തിലുണ്ട്. സാരിയും മറ്റും വാങ്ങണമെങ്കിൽ ഒരു പത്ത് പ്രാവശ്യം പറയണം.. സ്വന്ത്വം സഹോദരിമാർക്ക് വാരിക്കോരി കൊടുക്കുമ്പോൾ മാത്രം ഒരു കണക്കുമില്ല. എന്തെങ്കിലും പറഞാൽ പിന്നെ ഒച്ചയെടുക്കും, അതെങ്ങാനും കേട്ടാൽ അമ്മയും ഇടപെടും അപ്പൊൾ രംഗം കൂടുതൽ വഷളാകും.
മക്കൾ രണ്ടു പേരും വലുതായതിനു ശേഷമാണ് പെരുമാറ്റത്തിൽ കുറച്ചെങ്കിലും ഒരു മര്യാദ വന്നു തുടങ്ങിയത്. ആള് മോശമായി എന്തെങ്കിലും പറഞാൽ മകൾ അമ്മു വിട്ടു കൊടുക്കില്ല. അച്ഛനെ എതിർക്കാൻ താൻ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെങ്കിലും തൻ്റെ സങ്കടങ്ങളും വിഷമങ്ങളും കണ്ട് തന്നെയാണ് അവളും മോനായ അപ്പുവും വളർന്നത്. മക്കൾക്ക് ബോധം വെച്ച് അവർ വലിയ കുട്ടികളായപ്പോൾ അമ്മക്കും മോനും പഴയ പോലെ തന്നെ തട്ടിക്കളിക്കാൻ കിട്ടാതെയായി. ഒരു തരത്തിൽ ആ ഒരു മാറ്റം താനും വല്ലാതെ ആഗ്രഹിച്ചിരുന്നു.
അച്ഛമ്മ മോനോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നെങ്കിലും മക്കളുടെ കാര്യത്തിൽ ഒരു വേർതിരിവും കാണിക്കാതിരിക്കാൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോളോട് മര്യാദയോടും സ്നേഹത്തോടെയും മകൻ പെരുമാറാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിൻ്റെ ഗുണം അവൻ്റെ ജീവിതത്തിലും ഉണ്ട്. ഭാര്യയോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെയാണ് അവൻ്റെ പെരുമാറ്റം. നല്ലൊരു പെൺകുട്ടിയാണ് മരുമകൾ. അവരുടെ ജീവിതം കാണുമ്പോൾ സന്തോഷവും സമാധാനവും തോന്നും.
അമ്മുവിൻ്റെ ഭർത്താവ് ഉണ്ണിയും നല്ല മോനാണ്. അവൻ്റെ അമ്മയോട് ഒത്തു പോകാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അമ്മു വളരെ നന്നായി അവരെ കൈകാര്യം ചെയ്യുന്നുണ്ട്. പറ്റാത്ത ഒരു കാര്യങ്ങളും അവൾ ചെയ്യില്ല. തൻ്റെ വ്യക്തിത്വം കളഞ്ഞുളള ഒരു കാര്യവും ചെയ്യാൻ അവൾ മുതിരില്ല. അതേ സമയം ഉണ്ണിയുടെ വീട്ടുകാരുമായി നല്ല സ്നേഹത്തിലും ആണ്. ഒരു പരിധി വിട്ടു ഒന്നിനും പോകില്ല. പുതിയ തലമുറയിലെ ദമ്പതികൾ തമ്മിൽ പരസ്പരം ഒരു ധാരണയുണ്ട്. എല്ലാ കാര്യങ്ങളും അവർ ചർച്ച ചെയ്തു കാര്യങ്ങൾ നടത്തും. ഒരാളെ മറ്റൊരാൾ പൂർണമായി നിയന്ത്രിക്കുന്നില്ല. അതേ സമയം ചെയ്യേണ്ട കാര്യങ്ങൾ എല്ലാം നന്നായി ചെയ്യുന്നുണ്ട്. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി അവർ ഒന്നും കാട്ടി കൂട്ടുന്നില്ല. അവരുടെ മനസ്സാക്ഷിക്കാനുസരിച്ച് പ്രവർത്തിക്കുന്നു. അവർക്ക് പുറത്ത് പോകാനും സ്ഥലങ്ങൾ കറങ്ങാനും പണം ചിലവാക്കാൻ ഒരു മടിയുമില്ല. മാതാപിതാക്കളെ ഒരു പരിധിക്കപ്പുറം ഇടപെടാനും സമ്മതിക്കുന്നില്ല.
ഓരോ തലമുറകൾ കഴിയുമ്പോഴും സമൂഹത്തിലും കുടുംബ ബന്ധങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും ആണിനും പെണ്ണിനും ഒരു പോലെ ഒരു സ്ഥാനം അതായത് സമത്വം ഇപ്പോഴും അന്യം തന്നെ. കുടുംബത്തിലായാലും ജോലി സ്ഥലത്തായാലും സമൂഹത്തിലയാലും രാഷ്ട്രീയത്തിലും പെണ്ണുങ്ങൾക്ക് സമത്വം ഉണ്ടെന്ന് പറയാനാവില്ല. പെണ്ണിന്നും ഒരു ദുർബല വിഭാഗം എന്നാണ് ഭൂരിപക്ഷ പുരുഷന്മാരുടെയും ചിന്താഗതി.. അത് മാറ്റിയെടുക്കാൻ അമ്മമാർക്കെ കഴിയൂ. നല്ല ആൺമക്കളെ വളർത്തിയെടുത്താൽ ഈ സമൂഹം തന്നെ നന്നാവും..
സ്ത്രീകൾ അവരുടെ പുരോഗതിക്കായി മുന്നോട്ട് വരണം. സ്വന്ത്വം വ്യക്തിത്വം അടിയറ വെക്കാതെ ധൈര്യത്തോടെയും ക്ഷമയോടെയും നിന്നാൽ ഏതൊരു രംഗത്തും മുന്നിലെത്താൻ കഴിയും.


7 Comments
നല്ല എഴുത്ത്.നന്നായിരുന്നു
നന്നായെഴുതി👍❤️
നല്ല എഴുത്ത് 👍🥰
ഇങ്ങനെയുള്ള കാര്യങ്ങൾ പലയിടത്തുമുണ്ട്. പക്ഷേ ഇന്നത്തെ തലമുറ വളരെ വ്യത്യസ്തരാണ്.
നല്ലെഴുത്ത്❤️👌🌹
പറഞ്ഞതു എല്ലാം ശരിയാണ് ഇത്താ.. 👌❤️🥰
പല വീടുകളിലും ഇങ്ങനെ ഒക്കെ നടക്കാറുണ്ട്.. ആൺ കുട്ടികൾക്ക് എല്ലാത്തിനും സ്വാതന്ത്ര്യം.. പെൺകുട്ടികൾക്ക് നിയത്രണവും 🥲
പലയിടത്തും ഉള്ള കാര്യങ്ങൾ തന്നെ. പുതിയ കാലത്ത് സമീപനങ്ങളിൽ മാറ്റം വരുന്നുണ്ട്.
പുതിയ കാലത്തിന്റെ നല്ല മാറ്റങ്ങൾ കാണാതിരിക്കാനാവില്ല.