ഉസ്മാൻ നല്ല മോനാ. നല്ല സ്നേഹം ഉള്ള മോൻ. പക്ഷേ അവന്റെ ഉമ്മ അത്ര ശരിയല്ല, പരദൂഷണം പാത്തു എന്നാ ഞങ്ങൾ വിളിക്കാറുള്ളത് തന്നെ.. കല്യാണം കഴിഞ്ഞു ഉസ്മാൻ അങ്ങ് ഖത്തറിലേക്ക് പോകും. നിങ്ങളെ മോള് ജീവിക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ ഈ പരദൂഷണം പാത്തുവിന്റെ കൂടെ ആണ്. ശരിക്ക് ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി.
ഉസ്മാന് പല വിവാഹ ആലോചനകളും വന്നു കൊണ്ടിരുന്ന ഒരു സമയം ആയിരുന്നു അത്. ഉമ്മാന്റെ പരദൂഷണം കാരണം ഇപ്പോൾ ഉസ്മാന് ഒരു പെണ്ണ് കിട്ടാത്ത അവസ്ഥയിൽ ആയി. അയൽ വീട്ടിലൊക്കെ പെണ്ണ് വീട്ടുകാർ അന്വേഷിക്കുമ്പോൾ കിട്ടുന്ന മറുപടി ആയിരുന്നു അത്. ഉസ്മാൻ നല്ലവനാ പക്ഷെ അവന്റെ ഉമ്മ ആളത്ര ശരിയല്ല.
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണല്ലോ? പാത്തുമ്മയുടെ പരദൂഷണം കാരണം പല കല്യാണങ്ങളും മുടങ്ങിയിട്ടുണ്ട്. ഉറ്റ മിത്രങ്ങൾ ശത്രുക്കൾ ആയിട്ടുണ്ട്. അതിന്റെ തിരിച്ചടി കിട്ടുന്നത് മകൻ ഉസ്മാന് ആണ്. വരുന്ന കല്യാണ ആലോചനകൾ എല്ലാം ഉമ്മ പാത്തുമ്മയുടെ ചെയ്തികളുടെ ഫലമായി മുടങ്ങി പോയി..
ആരൊക്കെ തടഞ്ഞാലും പടച്ചോൻ, നമുക്ക് വിധിച്ച പെണ്ണ് ഒരു നാൾ നമ്മുടെ സ്വന്തമാകും എന്നാണല്ലോ.
പടച്ചോൻ ഉസ്മാന് ഒരു പെണ്ണിനെ വിധിച്ചിരുന്നു. ആയിഷ. പല പല ആലോചനകൾ മുടങ്ങി ഒടുക്കം ഉസ്മാന്റെ മുപ്പതാമത്തെ വയസ്സിൽ ആയിഷ ഉസ്മാന്റെ ഭാര്യയായി. നാല് മാസം കൂടെ ജീവിച്ചു ഉസ്മാൻ വീണ്ടും ഖത്തറിലേക്ക് പറന്നു..
വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര. വിരഹത്തിൻ വേദന രണ്ട് പേരും അനുഭവിച്ച ദിവസങ്ങൾ.വീഡിയോ കാളിലൂടെ മാത്രം കണ്ട് സംസാരിച്ചു ജീവിക്കുന്ന ദാമ്പത്യ ജീവിതം. ഫോൺ വിളിക്കുമ്പോൾ, ഉസ്മാന്റെ ഉമ്മയെ കുറിച്ച്, ആയിഷക്ക് കുറേ പരിഭവം പറയാനും ഉണ്ടാകും.
സ്വന്തം ഉമ്മയെ പോലെ കരുതി നീ അങ്ങ് ക്ഷമിക്കൂ ആയിഷാ. ഉസ്മാൻ ഭാര്യയെ സമാധാനിപ്പിച്ചു..
ഒന്നര വർഷത്തിന് ശേഷം ഉസ്മാൻ നാട്ടിലെത്തി. തന്റെ ചോരയിൽ പിറന്ന മകളെ കാണാൻ.. ഭാര്യയെ സ്നേഹിച്ചും മകളെ കൊഞ്ചിച്ചും നാല് മാസത്തെ നാട്ടിലെ അവധിക്കാലം കഴിഞ്ഞു, തിരിച്ചു വീണ്ടും ഖത്തറിൽ എത്തി.
ജയിൽ പുള്ളി പരോളിൽ ഇറങ്ങുന്ന പോലെ ആണ് പ്രവാസി നാട്ടിൽ എത്തുന്നത്. നിശ്ചയിക്കപ്പെട്ട സമയം ആയാൽ ജയിൽ പുള്ളി നാട്ടിൽ നിന്ന് ജയിലിലേക്ക് പോകണം. പ്രവാസിയുടെ അവസ്ഥയും അത് തന്നെ. സമയം ആയാൽ നാട്ടിൽ നിന്ന് പറക്കണം, പ്രവാസത്തിലേക്ക്..
***************************
രണ്ട് വർഷങ്ങൾക്ക് ശേഷം…
ഉസ്മാൻ റൂമിൽ നിന്നും ഡ്രസ്സ് പെട്ടിയിൽ അടുക്കി വെച്ചു. ഇത്തവണ നാട്ടിൽ പോകുമ്പോൾ ഒന്നും കൊണ്ട് പോകുന്നില്ല..
സന്തോഷത്തോടെ ഉള്ള നാട്ടിലേക്കുള്ള പോക്ക് അല്ല ഇത്.
റൂമിലുള്ള എല്ലാവരോടും യാത്ര ചോദിച്ചു ഉസ്മാൻ എയർപോർട്ടിലേക്ക് യാത്രയായി.. ഫ്ളൈറ്റിൽ കയറി. വിൻഡോ ഗ്ലാസിന്റെ അടുത്ത് തന്നെ ആണ് സീറ്റ്.
വിമാനം പറന്നുയരുമ്പോൾ പതിവ് പോലെ ആസ്വദിക്കുന്ന ആകാശ കാഴ്ചകളോ, താഴെ നോക്കുമ്പോൾ കാണുന്ന കെട്ടിടങ്ങളോ, ഒന്നും തന്നെ ആസ്വദിക്കാൻ ഉസ്മാന് കഴിഞ്ഞില്ല.
നാട്ടിൽ എവിടെയാ?
അടുത്തിരിക്കുന്ന ആളുടെ ചോദ്യം കേട്ട് ഉസ്മാൻ ചിന്തയിൽ നിന്നുണർന്നു.
ഞാൻ കണ്ണൂർ ജില്ല, ചൊക്ലിയിൽ. നിങ്ങളോ?
ഞാനും അതിനൊക്കെ അടുത്ത് തന്നെ പാനൂരിൽ. എന്താ ആലോചിക്കണേ. നാട്ടിൽ പോകുന്ന സന്തോഷം ഒന്നും മുഖത്ത് കാണുന്നില്ലല്ലോ??
ഇത് സന്തോഷ യാത്രയല്ല. ജോലിയിൽ നിന്ന് ഒഴിവായി വിസ ക്യാൻസൽ ചെയ്തു മടങ്ങുകയാണ്..
എത്ര കൊല്ലമായി ഇവിടെ ഖത്തറിൽ??
അയാൾ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു.
ഞാൻ പത്ത് കൊല്ലമായി ഇവിടെ ഒരു റെസ്റ്റോറന്റ്ൽ ജോലി ചെയ്യുന്നു. വന്ന അന്ന് മുതൽ ഒരേ സാലറി ആയിരുന്നു. പല തവണ സാലറി കൂട്ടി ചോദിച്ചിട്ടും തന്നില്ല.. ഇപ്പോൾ രണ്ട് മാസമായി 500 റിയാൽ കുറച്ചാണ് സാലറി തന്നത്. കച്ചോടം കുറവാണ് കമ്പനി നഷ്ട്ടത്തിൽ ആണെന്നാണ് പറഞ്ഞത്.
ആദ്യം കിട്ടി കൊണ്ടിരിക്കുന്ന ശമ്പളം കൊണ്ട് തന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുമ്പോൾ ആണ് കിട്ടുന്ന സാലറി പിന്നെയും കുറച്ചത്. അതിന്റെ ഒരു വിഷമത്തിൽ മുതലാളിയോട് അല്പം ദേഷ്യത്തിൽ സംസാരിച്ചു പോയി. മുതലാളി ദേഷ്യത്തിൽ എന്തൊക്കെയോ തിരിച്ചും പറഞ്ഞു. ഒടുവിൽ ജോലിയിൽ നിന്ന് ഇറങ്ങി.. ഉസ്മാൻ എല്ലാം വിവരിച്ചു പറഞ്ഞു.
വിഷമിക്കേണ്ട. പടച്ചോൻ ജീവിതത്തിന് എന്തെങ്കിലും മാറ്റം തരാൻ ഉദ്ദേശിച്ചിട്ടുണ്ടാകും. അതിന്റെ ഭാഗമായുള്ള ഒരു മാറ്റം ആയിരിക്കാം ഇത്. സംഭവിച്ചത് ഒക്കെ നല്ലതിനായിരിക്കാം എന്ന് ചിന്തിക്കൂ. അയാൾ ഉസ്മാനെ ആശ്വസിപ്പിച്ചു.
നാല് മണിക്കൂർ ആകാശ യാത്രക്കൊടുവിൽ വിമാനം, കണ്ണൂർ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
അനിയൻ ബഷീർ എയർപോർട്ടിൽ വന്നിരുന്നു. അവനോടൊപ്പം കാറിൽ ഉസ്മാൻ വീട്ടിലേക്ക് തിരിച്ചു.
ഉസ്മാൻ കാറിന്റെ സീറ്റിൽ ചാരി ഇരുന്ന് ഓർമയിൽ മുഴുകി.
എല്ലാ തവണയും എന്റെ ഭാര്യയും എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ വരാറുണ്ട്. ഇത്തവണ ഇല്ല. അവൾ എന്റെ ഉമ്മാനോട് പിണങ്ങി വീട്ടിൽ പോയിരിക്കുകയാണ്..
ജീവിതത്തിൽ ആദ്യമായിട്ട് ഉസ്മാന് ഉമ്മാനോട് മനസ്സിൽ വെറുപ്പ് തോന്നി..
പരദൂഷണം പാത്തു എന്ന പേര് ഉമ്മാക്ക് നാട്ടുകാർ ചാർത്തി കൊടുത്തത് കൊണ്ട് തന്നെ വളരെ വൈകിയാണ് ഒരു പെണ്ണ് കിട്ടിയത്. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാല് കൊല്ലം ആയതേ ഉള്ളൂ..
പ്രതീക്ഷിച്ച സ്ത്രീധന തുക കിട്ടാത്തത് കൊണ്ട് ഉമ്മ, എപ്പോഴും എന്റെ ഭാര്യയുമായി വഴക്കായിരുന്നു.എന്റെ ഭാര്യയുടെ കുറ്റവും കുറവുകളുമൊക്കെ ഉമ്മ അയൽവീട്ടുകാരോട് പറഞ്ഞു പരത്തി.. അതൊക്കെ അവൾ എന്നോട് പരിഭവമായി ഫോണിൽ പറയാറുണ്ട്.
എപ്പോഴും പരിഭവങ്ങൾ കേട്ട് കൊണ്ടിരിക്കേ,ജോലിയുടെ ടെൻഷനിടയിൽ, ഞാനും ദേഷ്യത്തോടെ ഭാര്യയോട് പ്രതികരിച്ചു. അവൾ പിണങ്ങി മകളെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ചിന്തകൾക്ക് ഇടയിൽ വണ്ടി ഓടി വീട്ടിന് മുമ്പിൽ എത്തി. ഉസ്മാൻ വണ്ടിയിൽ നിന്നിറങ്ങി.
പതിവ് പോലെ പൂമുഖ വാതിൽക്കൽ തന്നെ കാത്തിരിക്കാറുള്ള ഉമ്മയും ഭാര്യയും വാതിൽക്കൽ ഇല്ല..
ഉമ്മ സുഖമില്ലാതെ മുറിയിൽ കിടക്കുകയാണ്. അനിയൻ ബഷീർ പറഞ്ഞു. ഉസ്മാൻ ഉമ്മയെ കാണാൻ ഉമ്മ കിടക്കുന്ന റൂമിലേക്ക് പോയില്ല.. നല്ല യാത്രാ ക്ഷീണം. ഉസ്മാൻ അവന്റെ റൂമിൽ പോയി കിടന്നു..
കുറച്ചു കഴിഞ്ഞു പാത്തുമ്മ എങ്ങനെയോ അടുക്കളയിൽ പോയി ഒരു ചായ ഉണ്ടാക്കി ഉസ്മാന്റെ റൂമിൽ എത്തി.
മോനേ ഇന്നാ ചായ. ഉമ്മാക്ക് തീരെ വയ്യ. എങ്ങനെയോ പോയി ചായ ഉണ്ടാക്കിയതാ. പാത്തുമ്മ വളരെ ബുദ്ധിമുട്ടി പറഞ്ഞു.
എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ചായ ഉണ്ടാക്കാൻ പോയത്..
എനിക്ക് ചായ വേണം എന്ന് ഞാൻ പറഞ്ഞോ?
ഉസ്മാൻ ദേഷ്യപ്പെട്ടു..
മോനേ നീ ആയിഷയെ വിളി നീ വിളിച്ചാൽ അവൾ വരും. ഞാൻ കുറേ വിളിച്ചു.. അവൾ വന്നില്ല.
എങ്ങനെ വരും. ഇത്ര നാളും അവളുടെ കുറ്റം പറഞ്ഞു നടന്നതല്ലേ. ഇപ്പോൾ അസുഖം ഒക്കെ ആയപ്പോൾ അല്ലേ മനം മാറ്റം വന്നത്.. നിങ്ങൾ ഇങ്ങനെ പരദൂഷണം പറഞ്ഞു നടന്നിട്ട് എനിക്ക് 30 വയസ്സിലാ പെണ്ണ് കിട്ടിയത്. ആരുടെയൊക്കെയോ ശാപം കാരണം ഇപ്പോൾ എന്റെ ജോലിയും പോയി. ഇനി എങ്കിലും കണ്ടവരുടെ കുറ്റം പറഞ്ഞു നടക്കാതിരിക്കൂ ഉമ്മാ.. എനിക്ക് ഇപ്പോൾ ആയിഷ ഇങ്ങോട്ട് വരാത്തത് തന്നെ ആണ് നല്ലത്. ജോലി എന്തെങ്കിലും ശരിയാവട്ടെ. ഞാൻ വിളിക്കുക ഒന്നും ഇല്ല. അവൾ തന്നെ വരട്ടെ.
ഉമ്മ കൊണ്ട് വന്ന ചായ കുടിച്ചെങ്കിലും ഉസ്മാൻ ഉമ്മയോട് ഒന്നും അധികം സംസാരിക്കാറില്ല.
ദിവസങ്ങൾ കഴിയവേ ഉസ്മാൻ ഉമ്മയെ ശ്രദ്ധിക്കുകയായിരുന്നു.
ഉമ്മാക്ക് നല്ല മാറ്റമുണ്ട്. പഴയ ഉമ്മ അല്ല. എപ്പോഴും നിസ്കാരവും കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയും.. ഇടയ്ക്കിടെ തൗബ(കുമ്പസാരം)ചെല്ലുന്നതും കേൾക്കാം.
എന്തായാലും പശ്ചാത് താപം സ്വീകരിക്കുന്നവൻ ആണല്ലോ ദൈവം. ഉമ്മാന്റെ പ്രാർത്ഥനകളും തൗബയും ദൈവം സ്വീകരിക്കട്ടെ ആമീൻ.
ജോലിയില്ലാതെ എങ്ങനെ ജീവിക്കും. നാട്ടിൽ ജോലി ചെയ്ത് ഒന്നും നേടാൻ പറ്റില്ല. ഒരു മകൾ വളർന്നു വലുതാകുന്നുണ്ട്. ആയിഷ പിണങ്ങി പോയി ഇനി തിരിച്ചു വന്നില്ലെങ്കിലും എന്റെ മോളുടെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്തം ഉണ്ടല്ലോ.
അപ്പോഴാണ് ഉസ്മാന്റെ മനസ്സിൽ നസീറിന്റെ മുഖം തെളിഞ്ഞത്.
ഞാനും അവനും ഒന്നിച്ചു ആ റെസ്റ്റോറന്റ്ൽ ജോലി ചെയ്തവർ ആണല്ലോ.
അവൻ എന്നെക്കാൾ നന്നായി ജോലി ചെയ്ത് മുതലാളിയുടെ പ്രീതി സമ്പാദിക്കുന്നത് കണ്ടപ്പോൾ ഞാൻ അവനെ കുറിച്ച് മുതലാളിയോട് പരദൂഷണം പറഞ്ഞു അവന്റെ ജോലി കളഞ്ഞു. ഞാൻ പരദൂഷണം പാത്തുവിന്റെ മകനാണ് എന്ന് തെളിയിച്ചു എന്നതാണ് സത്യം. എന്റെ ഉമ്മാന്റെ പരദൂഷണം പറച്ചിൽ ആ സമയത്തൊക്കെ കുറച്ചു എനിക്കും ഉണ്ടായിരുന്നു.
എന്തായാലും പിന്നീട് അവന്റെ നല്ല കാലം ആയിരുന്നു. അവൻ സ്വന്തമായി ബിസിനസ്സ് ഒക്കെ ചെയ്ത് വലിയ പണക്കാരൻ ആയി..
അവനെ ഒന്ന് പോയി കാണാം. അവനിക്ക് എന്നോട് ദേഷ്യം കാണും. എന്തായാലും ഇപ്പോൾ വേറെ വഴിയില്ല. പുറത്തു പെയ്യുന്ന ചാറ്റൽ മഴയിൽ ഒരു കുടയും ചൂടി ഉസ്മാൻ നസീറിന്റെ വീട്ടിലേക്ക് നടന്നു.
വാതിൽക്കലെ കസേരയിൽ ഇരുന്ന് പുറത്തു പെയ്യുന്ന ചാറ്റൽ മഴയെ നോക്കി നസീർ ചൂട് ചായ ഊതി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു..
അപ്പോഴാണ് ഒരു കുടയും ചൂടി കൊണ്ട് ഉസ്മാൻ കയറി വന്നത്.
അസ്സലാമു അലൈക്കും. മുറ്റത്ത് നിന്ന് തന്നെ ഉസ്മാൻ സലാം ചൊല്ലി.
വ അലൈക്കും സലാം.വാ കയറി ഇരിക്ക്. നസീർ ഗിൽസ് തുറന്നു കൊടുത്തു. ഉസ്മാൻ കസേരയിൽ ഇരുന്നു.
എന്തൊക്കെയുണ്ട് വിശേഷം. നസീർ വിശേഷങ്ങൾ തിരക്കി.
ഞാൻ ഇപ്പോൾ ഖത്തറിൽ നിന്ന് നാട്ടിൽ വന്നിട്ട് രണ്ടാഴ്ചയായി. ജോലി ഒഴിവാക്കി വന്നതാ. അവിടെ സാലറി കുറച്ചു. നിനക്ക് ഖത്തറിൽ ഒരു പാട് ബിസിനസ്സ് ഉള്ളതല്ലേ. എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരാമോ?
മുഖവുര ഒന്നും ഇല്ലാതെ കാര്യങ്ങൾ ഉസ്മാൻ പറഞ്ഞു.
നസീർ മറുപടി ഒന്നും പറയാതെ എല്ലാം കേട്ടു നിന്നു..
നിനക്ക് എന്നോട് ദേഷ്യം ഉണ്ടാകും എന്നറിയാം. നമ്മൾ ഒന്നിച്ചു ആ റെസ്റ്റോറന്റ്ൽ ജോലി ചെയ്തത് അല്ലേ. ഞാൻ നിന്നെ കുറിച്ച് മുതലാളിയോട് പരദൂഷണം പറഞ്ഞത് കൊണ്ടല്ലേ നീയും മുതലാളിയും തെറ്റി നീ അവിടുന്ന് ജോലിയിൽ നിന്നിറങ്ങിയത്. അതിന്റെ ദേഷ്യം ഒന്നും നീ ഇപ്പോൾ എന്നോട് കാണിക്കരുത്. സാമ്പത്തികമായി നല്ല വിഷമത്തിൽ ആണ്..
എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല.. നീ അന്ന് പരദൂഷണം പറഞ്ഞു അവിടുന്ന് എന്റെ ജോലി കളഞ്ഞത് കൊണ്ടാ എനിക്ക് വാശി ആയത്. ആ വാശിയിൽ ഞാൻ പലതും നേടി. സത്യത്തിൽ നിന്റെ പരദൂഷണം കാരണം എനിക്ക് വിജയമാണ് കിട്ടിയത്.എന്തായാലും നീ വിഷമിക്കണ്ട. നാട്ടിൽ എത്തിയ സ്ഥിതിക്ക് രണ്ട് മാസം എങ്കിലും നാട്ടിൽ തന്നെ നിക്ക്. നമുക്ക് ഒന്നിച്ചു പോകാം. ഒരു നല്ല ജോലി തന്നെ നിനക്ക് ശരിയാക്കി തരാം. നസീർ പറഞ്ഞപ്പോൾ ഉസ്മാന് ആശ്വാസം ആയി.
അപ്പോഴാണ് ഉസ്മാന്റെ ഫോൺ റിങ് അടിഞ്ഞത്. അനിയൻ ബഷീർ ആണ് വിളിക്കുന്നത്.
ഇക്കാ വേഗം വാ നമ്മുടെ ഉമ്മ പോയി..
അല്ലാഹ് എന്റെ ഉമ്മ. എനിക്ക് അവസാനമായി ഉമ്മയോടുള്ള പിണക്കം മാറ്റാൻ പറ്റിയില്ലല്ലോ റബ്ബേ.. ഉസ്മാന്റെ കണ്ണുകൾ നിറഞ്ഞു.
ഉമ്മാക്ക് എന്ത് പറ്റി ഉസ്മാനെ? നസീർ ചോദിച്ചു.
എന്റെ ഉമ്മ മരിച്ചു.
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..
നസീർ അറബിയിൽ ചൊല്ലി..
ഉസ്മാൻ വേഗം വീട്ടിലേക്ക് ഓടി..
മരണ വിവരം അറിഞ്ഞു ഉസ്മാന്റെ ഭാര്യ ആയിഷയും എത്തിയിട്ടുണ്ട്. വേഗത്തിൽ തന്നെ പാത്തുമ്മയുടെ ഖബറടക്കം കഴിഞ്ഞു. അതിന് ശേഷം ആയിഷ തിരിച്ചു പോയില്ല. ഒരു പാട് തവണ ഭർത്താവിന്റെ ഉമ്മ വിളിച്ചിട്ടും തിരിച്ചു വരാത്തതിൽ ആയിഷ കരഞ്ഞു. പരദൂഷണം പാത്തു എന്ന് വിളിച്ച നാവു കൊണ്ട് അവൾ തന്റെ അമ്മായി ഉമ്മക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു..
രണ്ട് മാസങ്ങൾക്ക് ശേഷം, നാളെ പുലർച്ചെ വീണ്ടും ഉസ്മാൻ ഖത്തറിലേക്ക് പോകുകയാണ്. അന്ന് രാത്രി പുലരുവോളം ആയിഷ ഉസ്മാന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു.
പിറ്റേന്ന് പുതിയ വിസയിൽ പുതിയ പ്രതീക്ഷകളുമായി ഉസ്മാൻ ഖത്തറിലേക്ക് പറന്നു.
അവസാനിച്ചു.
✍️
ജിനാസ്. വി.
#എന്റെരചന


2 Comments
തിരച്ചറിവ്, ജീവിതം മാറ്റി മറയ്ക്കും.
👍
പരദൂഷണം എത്രയോ ജീവിതങ്ങളെ,സുഹൃദ്ബന്ധങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്നും അതിനു വലിയ മാറ്റമൊന്നുമില്ല.