മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും ബന്ധിച്ചില്ല. തൻ്റെ മുന്നിലിരിക്കുന്ന ക്യാമറ ഓണാക്കിയിരിക്കുന്നത് മാലതി ശ്രദ്ധിച്ചു.
ഇനി രക്ഷയില്ല, എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. മാലതി ക്യാമറയിൽ നോക്കി, ശബ്ദം ശരിയാക്കി സംസാരിക്കാൻ തയാറെടുത്തു.
“ഞാൻ മാലതി, നിർഭാഗ്യവശാൽ ഞാൻ ചില തെറ്റുകൾ ചെയ്തു. “
“എന്താണ് ആ തെറ്റ്? വിശദമാക്കൂ. “
സലീം ആവശ്യപ്പെട്ടു.
“ഞാൻ ഒരാളെ കൊല്ലണമെന്ന് ആഗ്രഹിച്ചു. വേറെയാരെയുമല്ല, എൻ്റെ ആദ്യ ഭർത്താവായ ബ്രഹ്മദത്തനെ. എനിക്കയാളെ പേടിയായിരുന്നു. അയാളെൻ്റെ ജീവിതം നശിപ്പിച്ചു. എൻ്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റി, ദേവി മോളെ എനിക്കിഷ്ടമായിരുന്നു. അവളെ മറ്റൊരാൾ സ്നേഹിക്കുന്നത് എനിക്കിഷ്ടമായിരുന്നില്ല. “
മാലതി ഒരു കവിൾ വെള്ളം കുടിച്ചു.
“അവളെ ഞാൻ എന്നിലേക്ക് അടുപ്പിക്കാൻ ആയി എല്ലാ വേലയും ചെയ്തു. പക്ഷേ അവളൊരു അച്ഛൻ മകളായിരുന്നു. അവൾ അച്ഛനൊപ്പം നിൽക്കാൻ ഇഷ്ടപ്പെട്ടു. ഒടുവിൽ ഭ്രാന്ത് മൂത്ത് ഞാൻ അവളെ ദേഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങി. അതോടെ അവൾ എന്നിൽ നിന്നും പൂർണ്ണമായും അകന്നു. എന്നിലെ പ്രതികാരദാഹി ഉണർന്നു. “
“മാത്യുവിന് എന്നോടുള്ള പ്രണയം അറിയാമായിരുന്നത് കൊണ്ട് ഞാനയാളെ ഉപയോഗിച്ചു. തിരിച്ച് മാത്യുവിനെ സ്നേഹിക്കുന്നതായി ഞാൻ അഭിനയിച്ചു. ഞാൻ വിവാഹമോചനത്തിന് കേസ് നൽകി. ഞാനും മാത്യുവും ചേർന്ന് ബ്രഹ്മദത്തനെ വധിക്കാൻ പദ്ധതിയിട്ടു. പക്ഷേ അവസാന നിമിഷം മാത്യു അതിൽ നിന്നും പിന്തിരിഞ്ഞു. കാരണം അഡ്വക്കേറ്റ് ബ്രഹ്മദത്തനെ എല്ലാവർക്കും ഭയമായിരുന്നു. ഒടുവിൽ എനിക്ക് വിവാഹമോചനം ലഭിച്ചു, അച്ഛനോടൊപ്പം കഴിയാൻ ദേവിയെ കോടതി വിട്ടു. ആഴ്ചയിൽ ഒരു ദിവസം എനിക്ക് ദേവിയെ കാണാനുള്ള സാഹചര്യമുണ്ടായി.
പതിയെ പതിയെ എൻ്റെ മകൾ എന്നിലേക്ക് മടങ്ങി വന്നു, ഞാൻ മാത്യുവിന് ഒപ്പം സന്തോഷകരമായ ജീവിതം തുടങ്ങി. ദേവി വളർന്നു. പഠനം കഴിഞ്ഞു. അവളൊരു ഒരു മികച്ച വക്കീലായി പേരെടുത്തു.
ബ്രഹ്മദത്തൻ മരിച്ചപ്പോൾ ദേവി എന്നോടൊപ്പം താമസമാക്കി. ദേവിയെ സംരക്ഷിക്കാനായി ഞാൻ സുമതിയെന്ന ജോലിക്കാരിയെ നിയമിച്ചു. “
“ആ സ്ത്രീയല്ലേ സഞ്ജീവ് സാറിനെ ആക്രമിച്ചത്, ദേവിയെ സംരക്ഷിക്കാനല്ലല്ലോ, നിരീക്ഷിക്കാൻ അല്ലായിരുന്നോ സുമതി…. “
” അതേ സാർ, സുമതി നല്ല അനുസരണയുള്ളവൾ ആയിരുന്നു, ഞാനും മാത്യുവും അവൾക്ക് ദൈവതുല്യരാണ്. ഞാൻ ദേവിയെ എൻ്റെ ലോകത്ത് തളച്ചിടാൻ ആഗ്രഹിച്ചു. അവൾ വളരെയധികം സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അവൾ എന്നെ ധിക്കരിക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ആ യമുന ടീച്ചർ., അവരെൻ്റെ പ്ലാനെല്ലാം നശിപ്പിച്ചു.. “
“ദേവിയുടെ ടീച്ചറമ്മ. “
“അതെ, എൻ്റെ എതിർപ്പിനെ വക വയ്ക്കാതെ അവൾ അവരുടെ വസ്തുതർക്കത്തിൽ ഇടപെട്ടു. കേസ് വിജയിച്ചു. ദേവി അവരെ അമ്മയെ പോലെ സ്നേഹിച്ചു. അത് ഞാൻ ക്ഷമിച്ചേനെ. പക്ഷെ ദേവിയും കൈലാസും തമ്മിലുള്ള അടുപ്പം, ആ സമയങ്ങളിൽ ദേവി മറ്റൊരാളായി മാറി, എന്നെ തീരെ അവഗണിച്ചു. എന്നെയവൾക്ക് വേണ്ടെന്നായി. ആ വിവാഹത്തെ ഞാൻ എതിർത്തു. അവൾ അവനെ വിവാഹം കഴിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അവളെന്നും എൻ്റെ കൂടെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു, അനാഥനായ ഒരുവനെ ഞാനവൾക്ക് വേണ്ടി കണ്ടെത്തിയേനെ.. “
“എന്നിട്ട് നിങ്ങളെ ധിക്കരിച്ചായിരുന്നോ, ദേവിയുടെ വിവാഹം. “
“അതേ അക്കാര്യത്തിൽ അവൾക്ക് നല്ല വാശിയായിരുന്നു. വർഷങ്ങൾക്ക് ശേഷം കൈലാസനെ കണ്ട് മുട്ടിയത് അവളെ മറ്റൊരാളാക്കി മാറ്റിയിരുന്നു. അവൾ കെട്ടിത്തൂങ്ങി മരിക്കുവെന്ന് വരെ എന്നെ ഭീഷണിപ്പെടുത്തി. അവളില്ലാതെ എനിക്ക് ആരുണ്ട്. മാത്യുവാണ് എനിക്ക് അവനെ പിന്നീട് ഒഴിവാക്കാനുള്ള തന്ത്രം പറഞ്ഞ് തന്നത്. വിവാഹ ശേഷം മിസ്റ്റി മെഡോസിലേക്കൊരു ഹണിമൂൺ ട്രിപ്പ്, അത് മാത്യുവിൻ്റെ ഐഡിയ ആയിരുന്നു. കൈലാസൻ്റെ അവസാന യാത്ര. ഞാൻ വിവാഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി. “
“അപ്പോൾ കൈലാസൻ മരിച്ച ആ രാത്രിയിൽ എന്താണ് സംഭവിച്ചത്. “
“മാത്യു വഴി പരിചയപ്പെട്ട സഞ്ജീവിനോട് ഞാൻ കൈലാസനെ ഒഴിവാക്കാനുള്ള മാർഗ്ഗം തേടി. എനിക്ക് കൈലാസനെ കൊല്ലാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. ദേവിയുടെ ജീവിതത്തിൽ നിന്നും അവനെ അകറ്റണം.
കൈലാസനെ രാത്രിയിൽ മുറിയുടെ പുറത്ത് എത്തിക്കാൻ അവൻ്റെ രണ്ട് ഡോക്ടർ സുഹൃത്തുക്കൾ വഴി സഞ്ജീവ് ശ്രമിച്ചു. അവർ കൈലാസനെ മദ്യപിക്കാനായി മുറിയിലേയ്ക്ക് വിളിച്ചെങ്കിലും അവൻ ടൗണിൽ പോയി ദേവിക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് പിൻവാങ്ങി. സഞ്ജീവ് ചട്ടം കെട്ടിയ ഡോക്ടർമാരിൽ ഒരാൾ കൈലാസനെ നല്ല രീതിയിൽ പ്രകോപിപ്പിച്ചു. അവർ തമ്മിൽ ഉന്തും തള്ളും നടന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കാര്യം പന്തിയല്ലെന്ന് കണ്ട് ഡോക്ടർമാർ പിൻവാങ്ങി. അപ്പോഴാണ് വിമൽ തടയണയുടെ ഭാഗത്ത് നിന്ന് നിലവിളിച്ചത്. ശബ്ദം കേട്ട് ഓടിച്ചെന്ന കൈലാസനെ വിൽഫ്രഡ് എന്നൊരു ഗുണ്ടയാണ് വെള്ളത്തിൽ ശ്വാസം മുട്ടിച്ചു കൊന്നത്.
“ഇതൊക്കെ ദേവിക്ക് അറിയുമോ?”നിങ്ങളാണ് അവളുടെ ഭർത്താവിനെ കൊന്നതെന്ന്. “
മാലതി മറുപടി പറയാതെ തല കുനിച്ചു.
“ദേവി ഇതൊക്കെ അറിഞ്ഞാൽ നിങ്ങളെ വെറുക്കില്ലേ. “
“ദേവി ഇതൊന്നും ഇപ്പോൾ അറിയാൻ പാടില്ല. എനിക്ക് അവളെ അവസാനമായി ഒരിക്കൽ കൂടി കാണണം. “
“കൈലാസൻ്റെ മരണശേഷം പിന്നീട് എന്തുണ്ടായി. “
“എൻ്റെ മകളെ തിരികെ കിട്ടി എന്ന് കരുതിയിരുന്നപ്പോഴാണ് ടീച്ചറിൻ്റെ ഇടപെടൽ. അവർക്ക് ദേവി ഒരു മകളെ പോലെയാണ്. ദേവിയെ അവരെനിക്ക് വിട്ട് തരാൻ മടിച്ചു. കൈലാസൻ്റെ മരണശേഷം, ദേവി എല്ലാം മറന്ന് കോടതിയിൽ പോകാൻ തുടങ്ങിയ സമയത്താണ് മൂന്നാറിൽ നിന്നും ഒരു പോസ്റ്റ് അവൾക്ക് കിട്ടുന്നത്. കൈലാസൻ്റെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ, പ്രിൻ്റ് ചെയ്ത് ആരോ ദേവിക്ക് അയച്ച് കൊടുത്തു. ദേവി ഞങ്ങളോട് പറയാതെ രഹസ്യമായി മൂന്നാറിൽ പോയി. അവളവിടെ കാലു കുത്തിയപ്പോൾ തന്നെ എനിക്ക് വിവരം കിട്ടി. അവളവിടെ എൻ്റെ ആളുകളുടെ നിരീക്ഷണത്തിലായിരുന്നു. “
“ദേവി രണ്ട് ദിവസം മിസ്റ്റി മെഡോസിൽ തന്നെ മുറിയെടുത്തു താമസിച്ചു. അവളെ സഹായിക്കുന്നത് ആരെന്ന് കണ്ട് പിടിക്കാൻ എനിക്ക് കഴിഞ്ഞില്ല. മടക്കയാത്രയിൽ അവളോടൊപ്പം ബസിൽ ഉണ്ടായിരുന്ന യുവാവ് ആ ഹോട്ടലിലെ ഷെഫ് ആണെന്ന് പിന്നീടറിഞ്ഞപ്പോൾ അവനെ വക വരുത്താൻ സഞ്ജീവ് പ്ലാനിട്ടിരുന്നു. അവൻ ബുദ്ധിമാനായിരുന്നു, തലനാരിഴയ്ക്ക് അവൻ രക്ഷപ്പെട്ടു. അവൻ ദേവിയെ തേടി ഈ നാട്ടിലെത്തി. ഓരോ തവണയും അവൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടു കൊണ്ടിരുന്നു. അപ്പോഴേക്കും ദേവി അവനുമായി അടുത്തിരുന്നു, അവരുടെ ഇടയിൽ നല്ല പ്രായ വ്യത്യാസം ഉണ്ടായിരുന്നു. അവർ ടീച്ചറിൻ്റെ അറിവോടെയും അനുഗ്രഹത്തോടെയും രഹസ്യമായി വിവാഹിതരായി. “
“വിവാഹം ശേഷവും സഞ്ജീവ് അവനെ വെറുതെ വിട്ടില്ല. അവൻ്റെ പിറകേ തന്നെ സഞ്ജീവ് ഉണ്ടായിരുന്നു. ഒടുവിൽ സഞ്ജീവിൻ്റെ വലം കൈയായ വിൽഫ്രഡിനെ നിധിൻ കൊലപ്പെടുത്തുന്നത് ഞാനും സുമതിയും ജനലിലൂടെ കണ്ടു. തൽക്കാലം ഞാൻ നിധിനെ വെറുതെ വിട്ടു. കാരണം സഞ്ജീവ് എൻ്റെ മകളെ നോട്ടമിട്ടിരുന്നു, അവന് പെണ്ണുങ്ങൾ ഒരു ഹരമായിരുന്നു. “
“ഞാൻ പതിവായി പോകുന്ന കുരിശടിയിൽ ദിവസവും വന്ന് കരഞ്ഞ് പ്രാർത്ഥിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ വിഷമം കണ്ടപ്പോൾ ഞാൻ അവളോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് അവിടത്തെ നേർച്ചപ്പെട്ടിയെക്കുറിച്ച് അറിയുന്നത്. “
“ഞാൻ കപ്യാര് വാറുണ്ണിയെ പരിചയപ്പെട്ടു. അയാളാണ് നേർച്ചപ്പെട്ടിയിൽ വരുന്ന ന്യായമായ പരാതികൾ പരിഗണിക്കുന്ന കാര്യം എന്നെ അറിയിച്ചത്. ഞാൻ സഞ്ജീവിൻ്റെ കാര്യം അറിയിച്ചു. അതിൻ്റെ ആധികാരികത വർദ്ധിപ്പിക്കാനായി ദേവിയുടെ പഴയ ടീച്ചറായ ഒലീവിയയുടെ കഥയും ഫോട്ടോയും കൂടെ കുറച്ച് പണവും വച്ചു. കാര്യങ്ങൾ ഞാൻ വിചാരിച്ചതിൽ വേഗതയിൽ നടത്തപ്പെട്ടു. ഒലീവിയ, വിമൽ, ആൻഡ്രു, സഞ്ജീവ്, എന്നിവരെ അവർ കൊന്നു. “
“എനിക്ക് ഭയങ്കര ത്രില്ലായി, ശത്രുക്കൾ ഓരോരുത്തരായി ഇല്ലാതാകുന്നു. ഞാൻ സുരക്ഷിതയായി, ആ മരണങ്ങൾ എന്നെ ത്രസിപ്പിച്ചു. പക്ഷെ മാത്യു ജയിലായതോടെ എൻ്റെ കാര്യം പരുങ്ങലിലായി. ആരോൺ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്നെ ദേവിയിൽ നിന്നും അകറ്റി. മാനസികമായി എന്നെയവന് തളർത്താൻ പറ്റിയില്ല. പക്ഷെ അവൻ എൻ്റെ സ്ഥാനം മറന്നു. ലഹരി ഉപയോഗിക്കുന്ന സമയത്ത് അവൻ ഭ്രാന്തനെ പോലെയായി. അവൻ്റെ ശാരീരിക ആവശ്യങ്ങൾക്ക് കൂടി ഞാൻ നിന്ന് കൊടുക്കേണ്ടി വന്നു. എനിക്ക് പകയായി. “
“ഞാൻ വാറുണ്ണിയെ കണ്ടു. അയാളുടെ മകളുടെ വിവാഹത്തിന് നല്ലൊരു തുക നൽകി അയാളെ എൻ്റെ വശത്താക്കി. നീൽ എന്ന യുവാവിനെ അയാളെനിക്ക് പരിചയപ്പെടുത്തി തന്നു. വാറുണ്ണിയായിരുന്നു എൻ്റെ രക്ഷകൻ. വാറുണ്ണി തന്ന താക്കോൽ ഉപയോഗിച്ച് ഞാൻ ആരോണിനേയും വെട്രിവേലിനേയും രാത്രികളിൽ സെമിത്തേരിയിൽ കൊണ്ട് പോയി. എനിക്ക് ഭ്രാന്താണെന്ന് അവരെ വിശ്വസിപ്പിച്ചു. മാത്യുവിൻ്റെ സ്വത്തും പണവും തേടി നടന്നവന് എന്നെ കൊല്ലാതെ തന്നെ ലക്ഷ്യം നേടാമെന്ന് ഞാൻ തെറ്റിദ്ധരിച്ചു
“ഞാൻ ആരോണിനെ വധിക്കാൻ നീലിനോട് അപേക്ഷിച്ചു. അതത്ര എളുപ്പമായിരുന്നില്ല. നീലിന് നിധിനുമായി നല്ല അടുപ്പത്തിലായിരുന്നു. നീൽ പറഞ്ഞിട്ടാണ് ഞാൻ ദേവി പോലും അറിയാതെ മാനസിക ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. ഉഷ്ണം ഉഷ്ണേനെ ശാന്തി എന്നല്ലേ, ഞാൻ ആരോണിനെ ആശുപത്രിയിൽ എത്തിക്കാൻ, എന്നെ പോലീസ് സംശയിക്കാതിരിക്കാൻ ഞാൻ അവനോട് അമിതമായ മാതൃ വാൽസല്യം കാണിച്ചു. ലഹരിക്കടിമയായ ആരോൺ എന്നെ കാണാൻ ആശുപത്രിയിൽ വരുമെന്നെനിക്കറിയാമായിരുന്നു. ദേവി മുറിയിൽ നിന്നും പോയതും ആരോണിൻ്റെ വരവിനായി നീൽ കാത്ത് നിന്നു. ആരോൺ വന്നു, എന്നോട് മോശമായി പെരുമാറിയതും, നീൽ അവനെ തൽക്ഷണം വക വരുത്തി. “
“അപ്പോൾ നീലാണോ ആരോണിനെ കൊന്നത്. പിന്നെ കുറ്റം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ വന്ന് സറണ്ടർ ചെയ്ത ജിജോ ആരാണ്. ?”
“അതറിയില്ല സാറേ, നീലിൻ്റെ ഗ്യാങ്ങിലുള്ളവരാകും. ഒരാൾ വിളിച്ചു നീലിന് ഒളിവിൽ താമസിക്കാൻ വീടിൻ്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. ഞാൻ കൊടുത്തു. നിധിനെ വക വരുത്തി എത്രയും പെട്ടെന്ന് ആസ്ട്രേലിയായിലേക്ക് മടങ്ങണമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. “
“വെട്രിവേലിനെ കൊന്നത് എന്തിനായിരുന്നു. ആരായിരുന്നു”
“ആരോണിൻ്റെ മാനേജറായ വെട്രിവേൽ ആശുപത്രിയിൽ വന്നത് കോൺസ്റ്റബിൾ മഹേഷ്, നീലിനെ അറിയിച്ചിരുന്നു. അയാളെ പിന്തുടർന്ന നീലിൻ്റെ ആളുകളാണ് സാറ നാട്ടിലുണ്ടെന്ന വിവരം അറിയിച്ചത്. അവൾ വെട്രിവേലിനെ നാടു കടത്താൻ ശ്രമിച്ചു. മാത്യു പറഞ്ഞ് ഞങ്ങളുടെ പല രഹസ്യങ്ങളും വെട്രിവേലിന് അറിയാം. അതവൻ സാറയോട് പറഞ്ഞിരുന്നു, അത് ആപത്താണ്. സാറയെ കുരുക്കാനായി അവളുടെ മുറി ഞാൻ പരിശോധിച്ചിരുന്നു, അവിടെ നിന്നും എനിക്ക് ദയാവധത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ കിട്ടിയിരുന്നു. വെട്രിവേലിനെ കൊന്നത് നീലിൻ്റെ ആൾക്കാരാണ്. കുത്തി വച്ച മരുന്ന് ഞാനാണ് അവർക്ക് നൽകിയത്. “
“മെർലിനെ കൊന്നത്?”
“എനിക്ക് മരണങ്ങൾ കാണുന്നത് ഒരു ഹരമായി മാറിയിരുന്നു. സാറയെ എനിക്ക് നല്ല പോലെ അറിയാം. ഒരു ബുദ്ധി രാക്ഷസിയാണ്. അവളുടെ കയ്യിൽ നിന്നും ലഭിച്ച മരുന്നുകൾ അവളെ കുരുക്കാൻ ഞാൻ മെർലിന് ഇൻജക്ഷൻ നൽകി. “
“എന്നിട്ട് സാറയെ കൊല്ലാതെ വെറുതെ വിട്ടത് എന്താണ്. “
“അവൾ രണ്ട് കുട്ടികളുടെ അമ്മയാണ്, അച്ഛനില്ലെങ്കിലും അവർക്ക് അമ്മയെ വേണം. അവർ മാത്യുവിൻ്റെ പേരക്കുട്ടികളാണ്. ഒരിക്കൽ അവളുടെ നിരപരാധിത്വം തെളിയുമ്പോൾ അവൾ തിരികെ കുട്ടികളുടെ അടുത്തേക്ക് മടങ്ങില്ലേ. “
“നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലോ?”
“അവളുടെ വിധി ആണെന്ന് കരുതണം. “
“നിങ്ങൾക്ക് വേണ്ടി സ്വന്തം മക്കളെ തള്ളി കളഞ്ഞ മാത്യുവിനെ കൊല്ലാൻ ശ്രമിച്ചില്ലേ. “
“യമുന ടീച്ചർ ഒരിക്കൽ ദേവിയുമായി മാത്യുവിനെ കാണാൻ ജയിലിൽ പോയിരുന്നു. അതിന് ശേഷം കൈലാസിൻ്റെ മരണത്തിൽ അയാൾക്ക് കുറ്റബോധം തോന്നി. മാത്യൂ എന്നെ ഭീഷണിപ്പെടുത്തി. സത്യമെല്ലാം തുറന്ന് പറയുമെന്ന്. ഇനി മാത്യൂ ജീവിക്കുന്നതെന്തിനാണ്. എല്ലാം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഞാനെൻ്റെ തെറ്റുകൾ ഏറ്റ് പറയും. അതിന് മുമ്പ് എൻ്റെ മോളെ എനിക്കൊന്ന് കാണണം. “
“വാറുണ്ണിയെ എന്തിനാണ് കൊന്നത്?”
“അത് ഞാനല്ല സാർ, ഞാൻ ആരേയും കൊന്നിട്ടില്ല, കൊല്ലിച്ചിട്ടേയുള്ളൂ. സഞ്ജീവിനെ അബദ്ധത്തിൽ വെടി വെച്ചതാണ്. എൻ്റെ കൈകൾ വിറയ്ക്കും. നേരിട്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല. “
“ധന്യ ശ്യാമളനുമായി പ്രൊഫസർ മാലതിക്കുള്ള ബന്ധം എന്താണ്. ?”
അത് വരെ നിശബ്ദനായിരുന്ന രാഹുൽ ചോദിച്ചു. പെട്ടെന്നുണ്ടായ ചോദ്യത്തിന് ഒപ്പം ചുവന്ന നിറം മുറിയിൽ തീവ്രമായി തെളിഞ്ഞു.
“ഈ ഹെയർ ക്ലിപ്പ് ആരുടേതാണ്. “
രാഹുൽ ഒരു ഹെയർ ക്ലിപ്പ് ഉയർത്തി കാട്ടി.
മാലതി വിറയ്ക്കാൻ തുടങ്ങി. അവരുടെ വായിൽ നിന്നും നുരയും പതയും വന്നു. അവർ മയങ്ങി താഴെ വീണു. വീഡിയോ ക്യാമറ ഓഫായി.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -106 - By Nisha Pillai - കൂട്ടക്ഷരങ്ങൾ