💚💚💚💚💚💚💚💚
“നെഞ്ചിനുള്ളിൽ നീയാണ്, കണ്ണടച്ചാൽ നീയാണ് ഫാത്തിമാ.. ഫാത്തിമാ”
സാധാരണ ഉറങ്ങാൻ കിടക്കുമ്പോൾ, യുട്യൂബിൽ നിന്നു പഴയ സിനിമകളിലെ സീൻ കാണലാണ് അജ്നാസിന്റെ പതിവ്.. എന്നാൽ ഇന്ന് പതിവിന് വിപരീതമായി പഴയ ചില മാപ്പിള പാട്ടുകൾ കേട്ട് കൊണ്ട് കിടന്നു..
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാപൂ മൊട്ടുകളവിടെ കരയിക്കും പലവട്ടം..
പാട്ടും, അതിനൊത്തു പാടി അഭിനയിക്കുന്ന നായകനെയും, നായികയേയും, പിന്നെ നമ്മുടെ നാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗിയുള്ള ലൊക്കേഷനും ഒക്കെ സ്‌ക്രീനിൽ കണ്ടപ്പോൾ,അജ്നാസിന്റെ മനസ്സ് വീണ്ടും ആ പഴയ കൗമാര പ്രായത്തിലേക്ക് പോയി..
വീഡിയോ സോങ്ങ് കണ്ടു കൊണ്ടിരിക്കേ, അറിയാതെ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് അജ്നാസ് വഴുതി വീണു..
എത്ര നേരം ഉറങ്ങി എന്നറിയില്ല.. ഒരു സ്വപ്നം കണ്ടു ഞെട്ടി എണീറ്റു.. പിന്നെ ഉറക്കം വരുന്നില്ല.. ഒരു പാട് വർഷം മുമ്പ് കണ്ട ആ മുഖം.. പിന്നീട് പല തവണ വീണ്ടും കാണാൻ കൊതിച്ച മുഖം.. ആ മുഖമാണ് സ്വപ്നത്തിൽ കണ്ടത്..
എന്താണ് ഇന്ന് അവളെ വീണ്ടും സ്വപ്നം കാണാൻ കാരണം.. ഉറങ്ങാൻ കിടന്നപ്പോൾ യുട്യൂബിൽ പ്രണയ ഗാനങ്ങൾ കേട്ടത് കൊണ്ടാണോ.. മനസ്സിന് വല്ലാത്ത നീറ്റൽ.. ഉറക്കം വരുന്നില്ല.. നമുക്ക് നമ്മുടെ പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ പറ്റില്ലെങ്കിലും ഓർമ്മകൾക്ക് ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകാൻ ഒരു പ്രയാസവും ഇല്ലല്ലോ..
പ്രയാസം മുഴുവൻ നാളെ ഡ്യൂട്ടി സമയത്തായിരിക്കും.. ഇപ്പോൾ മിസ്സ് ആകുന്ന ഉറക്കം നാളെ ഡ്യൂട്ടി സമയത്തായിരിക്കും വന്നു ശല്യം ചെയ്യുക..
ഒരു പാട് വർഷങ്ങൾക്ക് മുമ്പ്,എന്നും രാവിലെ ഒമ്പത് മണിക്ക് ബസ് സ്റ്റോപ്പിൽ കാത്തിരുന്ന കാലം.. ഒരു പാട് ബസ്സുകൾ ബസ് സ്റ്റോപ്പിൽ നിറുത്തി ആളെ കയറ്റി പോയിട്ടും, അതിലൊന്നും കയറാതെ അവൾ വരുന്ന ബസ്സിനെ കാത്തിരുന്ന ദിവസങ്ങൾ..
ഒടുവിൽ അവൾ സ്ഥിരം വരുന്ന ബസ്സിനെ ദൂരെ നിന്നു കാണുമ്പോൾ തന്നെ ഹൃദയ മിടിപ്പ് കൂടുന്നത്.. മുമ്പിൽ നിൽക്കുന്ന പെൺകുട്ടികളിൽ നിന്നും തന്നെ നോക്കുന്ന ജസീലയും. കളിയാക്കി ചിരിക്കുന്ന അവളുടെ കൂട്ടുകാരികളും..
ഓർമ്മകൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ അജ്നാസിന്റെ മനസ്സിലേക്ക് ഓടി എത്തി..
അജ്നാസ് ജോലി ചെയ്യുന്ന ഷോപ്പിന്റെ അടുത്ത് തന്നെയാണ് ജസീല പഠിക്കുന്ന കോളേജ്.. ആദ്യമാദ്യം ദൂരെ നിന്നുള്ള നോട്ടവും ചിരിയും മാത്രം.. പിന്നീട് കോളേജിന്റെ ചുറ്റുവട്ടത്തുള്ള ഇടവഴികളിൽ നിന്നു പരസ്പരം കണ്ടു സംസാരിച്ചു.. പ്രണയ ലേഖനങ്ങൾ കൈ മാറി. കോളേജ് അവധി ദിനങ്ങളിൽ മനസ്സിന് വല്ലാത്ത വിഷമമാണ്.. അവളെ കാണാൻ പറ്റാത്ത വിഷമം.. കാണാതെ കാണുമ്പോൾ ഉള്ള മനസ്സിന്റെ കുളിര്..
അവൾക്ക് ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടുകാരന്റെ ബൈക്കിൽ അവളുടെ വീടിനടുത്തുള്ള റോഡിലൂടെ ഒന്നങ്ങോട്ടും ഇങ്ങോട്ടും പോകും. വെറുതെ ഒരു നോക്ക് കാണാൻ.. ഒരു തവണ മാത്രമേ അങ്ങനെ പോയപ്പോൾ അവളെ കണ്ടുള്ളൂ.
അങ്ങനെ രണ്ട് വർഷത്തോളം നീണ്ട പ്രണയം. ഒടുവിൽ അവളുടെ വീട്ടിൽ അറിഞ്ഞു. അവൾ പിന്നെ കോളേജിൽ വരാതായി. അതിന് ശേഷം കണ്ടിട്ടില്ല. അവസാനമായി കണ്ടത്, അന്ന് കോളേജ് വിട്ട് തിരിച്ചു വീട്ടിലേക്ക് പോകുന്ന അവൾ ബസ്സിൽ നിന്നു തന്നെ നോക്കിയതാണ്.. അത് അവസാന കാഴ്ച്ചയായിരുന്നു എന്ന് അപ്പോൾ അറിയില്ലായിരുന്നു. ആ കണ്ണുകൾ തന്നോട് യാത്ര പറയുകയാണെന്നു അന്നറിഞ്ഞില്ല.. അതിന് ശേഷം പിന്നീട് ഒരിക്കലും എവിടെ വെച്ചും, അവളെ കണ്ടു മുട്ടിയില്ല..പിന്നീട് താൻ വിവാഹിതൻ ആയി. എന്നിട്ടും ജസീല ഓർമ്മകളിൽ വരുന്നത് അജ്നാസിന്റെ മനസ്സിൽ കുറ്റ ബോധം ഉണ്ടാക്കി. എത്ര ശ്രമിച്ചിട്ടും, മനസ്സിൽ നിന്നു ഒഴിവാക്കാൻ പറ്റാതെ,ഒരു നൊമ്പരമായി,ആ നഷ്ടപ്രണയം ഇന്നും അജ്നാസിന്റെ ഉള്ളിൽ നിറയാറുണ്ട്..
*************************
“ദോഹ ഹിലാൽ ”
ഒരു വെള്ളിയാഴ്ച രാത്രി.
സുഹൈൽ നക്ഷത്രം മാനത്തു ഉദിച്ചാൽ ചൂട് കുറയും എന്നൊക്കെ റേഡിയോയിൽ കേട്ടിരുന്നുവെങ്കിലും, അത്യാവശ്യം ചൂടും ഹ്യൂമിഡിറ്റിയും ഉള്ള ഒരു രാത്രിയായിരുന്നു അത്..
അജ്നാസ്, റെസ്റ്റോറന്റ്ൽ നിന്നും ഒരു ചായ വാങ്ങി പുറത്തിറങ്ങി, റോഡിൽ കൂടി വാഹനങ്ങൾ പോകുന്നത് നോക്കി നിന്നു കൊണ്ട്, ചായ ആസ്വദിച്ചു കുടിക്കാൻ തുടങ്ങി.. വെള്ളിയാഴ്ച രാത്രി ആയത് കൊണ്ട് തന്നെ, അവധി ദിനം ആഘോഷിക്കാൻ ഫാമിലികളും ഉണ്ട്.. അപ്പോഴാണ് അജ്നാസ് അത് കണ്ടത്,റെസ്റ്റോറന്റിന്റെ അകത്തു നിന്നു ഭക്ഷണം കഴിച്ചു ഇറങ്ങി വരുന്ന ഭാര്യയും, ഭർത്താവും മക്കളും.. അജ്നാസ് ആ സ്ത്രീയെ തിരിച്ചറിഞ്ഞു.. “ജസീല”.
അവന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി.. ഒരു പാട് കാലത്തിനു ശേഷം അവളെ കാണുകയാണ്. പഴയ ആ പതിനേഴു വയസ്സുകാരി, ഇപ്പോൾ ആകെ മാറിയിരിക്കുന്നു. ഭർത്താവ് കാറിൽ കയറി ഇരുന്നു. കാറിന്റെ ഡോറിന് അടുത്തെത്തിയപ്പോൾ, ജസീല നീട്ടി വിളിച്ചു. അജ്നാസ്, അജ്നാസ്..
ആ വിളി കേട്ടപ്പോൾ അജ്നാസിന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ ഓർമ്മക്ക് അവൾ അവളുടെ മകന് അജ്നാസ് എന്ന് പേരിട്ടിരിക്കുന്നു.
ഞാനുമായുള്ള പ്രണയം ഒരു നഷ്ട്ട പ്രണയത്തിന്റെ നൊമ്പരമായി അവളും മനസ്സിൽ സൂക്ഷിച്ചിരുന്നു. അതല്ലേ അവളുടെ മകന് എന്റെ പേരിട്ടത്. ആദ്യാനുരാഗം മറക്കാൻ പറ്റില്ല എന്ന് പറയുന്നത് വെറുതെയല്ല. അജ്നാസ് തന്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു. അപ്പോഴാണ് അജ്നാസ് ആ കാഴ്ച കണ്ടത്. ഒരു വളർത്തു പട്ടി, വാലാട്ടി കൊണ്ട് കാറിന്റെ പിറക് സീറ്റിൽ കയറുന്നു. ആ പട്ടിയുടെ പേരാണ് അജ്നാസ്.. അവൾ തന്നെയായിരിക്കാം അതിന് അജ്നാസ് എന്ന് പേരിട്ടത്. കാറിലേക്ക് കയറുമ്പോൾ ജസീലയും അജ്നാസിനെ കണ്ടു. പെട്ടെന്ന് തന്നെ മുഖം വെട്ടി തിരിച്ചു കാറിന്റെ സീറ്റിൽ ഇരുന്നു, ഡോർ വലിച്ചടച്ചു.
ഇത്രയും,വർഷത്തിനിടക്ക് അവൾ വിവാഹിതയായിട്ടുണ്ടാകും, ഭർത്താവും മക്കളുമൊക്കെ ആയിട്ട് സുഖമായി ജീവിക്കുന്നുണ്ടാകും, അവളുടെ ഓർമകളിൽ പോലും താൻ ഉണ്ടാകില്ല, എന്നൊക്കെ സ്വന്തം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും, അന്ന് അവസാനം ബസ്സിൽ നിന്നു തന്നെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ ആ ജസീല തന്നെയായിരുന്നു മനസ്സിൽ.. ഖത്തറിൽ നിന്നു അവധിക്ക് നാട്ടിൽ പോയാലും, അവളെ കാത്തിരുന്ന ബസ് സ്റ്റോപ്പിലും, കോളേജിന് മുമ്പിലും അവൾ ഇപ്പോഴും നിൽക്കുന്നത് പോലെ പലവട്ടം തോന്നിയിട്ടുണ്ട്. എന്നാൽ ചില യാഥാർഥ്യങ്ങൾ കണ്ണുകൾ കൊണ്ട് കണ്ടാലേ മനസ്സിന് ബോധ്യമാകുകയുള്ളൂ. അവളിന്ന് മറ്റൊരാളുടെ ഭാര്യയാണ്. അയാളുടെ മക്കളുടെ ഉമ്മയാണ്. അങ്ങനെ സന്തോഷത്തിൽ ജീവിക്കുന്ന അവളുടെ ഓർമ്മകളിൽ പോലും താനുണ്ടാകില്ല. എത്ര തന്നെ,മറക്കാൻ ശ്രമിച്ചിട്ടും അന്ന് വരെ മനസ്സിൽ ഒരു നൊമ്പരമായി നിറഞ്ഞു നിന്ന ഒരു നഷ്ട്ട പ്രണയം അലിഞ്ഞില്ലാതാകുന്നത് അജ്നാസ് അറിഞ്ഞു.
അപ്പോഴാണ് വാട്സാപ്പിൽ ഭാര്യയുടെ മെസ്സേജ് വരുന്നത് അജ്നാസ് ശ്രദ്ധിച്ചത്.
ഇക്കാ, ഇപ്പോൾ ചൂടല്ലേ അവിടെ.. നല്ലോണം വെള്ളം കുടിക്കണം. എന്നാൽ വേദന താനെ പോകും.
മൂത്രമൊഴിക്കുമ്പോൾ വേദന ഉണ്ടെന്ന് ഇന്ന് ഉച്ചക്ക് അവൾക്ക് മെസ്സേജ് അയച്ചിരുന്നു. അതിനുള്ള റിപ്ലൈ ആണ്. അവളുടെ അസുഖത്തെ കുറിച്ചു അവൾ മെസ്സേജ് അയക്കുമ്പോൾ, നിനക്ക് എപ്പോഴും അസുഖം തന്നെയല്ലേ എന്ന് ദേഷ്യത്തിൽ പറയുകയാണ് എന്റെ പതിവ്..
വീണ്ടും ഒരു മെസ്സേജ് കൂടി വന്നു.. അവളുടെ ഫോൺ കോൺടാക്ട്ടിൽ എന്റെ പേര് സേവ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് ആണ് അയച്ചത്.
ഇക്കാ, ഇക്കാന്റെ പേര് ഞാൻ എന്റെ ഫോണിൽ my heart (എന്റെ ഹൃദയം ) എന്നാണ് സേവ് ചെയ്തിരിക്കുന്നത്.
ഇല്ല, എനിക്കൊരു നഷ്ട്ട പ്രണയവും ഇല്ല. എനിക്ക് പ്രണയിക്കാൻ എന്നെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരു ഭാര്യയെയാണ് എനിക്ക് പടച്ചോൻ തന്നത്. പക്ഷേ എന്നോ മറക്കേണ്ട ഒരു നഷ്ട പ്രണയം മനസ്സിൽ ഓർത്തു,സ്വന്തം ഭാര്യയെ പ്രണയിക്കാൻ മറന്നു പോയി.
അന്ന് അജ്നാസ് നാട്ടിലേക്ക് ഫോൺ വിളിച്ചു ഭാര്യയോട് ഒരു പാട് നേരം സംസാരിച്ചു. ഇക്ക ഇത്രയും സ്നേഹത്തിൽ എന്നോട് സംസാരിച്ചത്, ആദ്യമായി ഗൾഫിൽ പോയപ്പോൾ ആണ്. ഇപ്പോൾ വീണ്ടും അതേ സ്നേഹത്തോടെ, ഈ സ്നേഹം എന്നും പടച്ചോൻ നില നിറുത്തി തരട്ടെ.. ആമീൻ.. അവളുടെ സംസാരത്തിൽ വല്ലാത്തൊരു സന്തോഷം.
അന്ന് രാത്രി അജ്നാസ് യുട്യൂബിൽ, കയറി വീണ്ടും പഴയ മാപ്പിള പാട്ടുകൾ കേട്ടു.
“ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണേ,
എന്നാലും അവളിന്നെന്നുടെ സുന്ദരിയാണെ”
✍️
ജിനാസ്. വി.


5 Comments
തിരിച്ചറിവ് നേടിയാൽ കുടുംബ ജീവിതം ഹാപ്പി ആകും.
നല്ല രചന, തിരിച്ചറിവ് വളരെ നന്നായി.👍
തിരിച്ചറിവ് നേടിയാൽ കുടുംബ ജീവിതം ഹാപ്പി ആകും.
വായനക്കും അഭിപ്രായത്തിനും ❤️❤️
പലപ്പോഴും ഇന്നലെകളേക്കാൾ നല്ലത് ഇന്നുതന്നെയാണ്. നല്ല കഥ👌🌹