രാത്രിയിൽ രണ്ട് പോലീസ് ജീപ്പുകൾ, മാത്യുവിൻ്റെ വീടിന് മുന്നിലൂടെ കടന്നു പോയി. ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും, ഇരുട്ടിൽ, പത്ത് പന്ത്രണ്ട് പോലീസുകാർ മാത്യുവിൻ്റെ വീട് വളഞ്ഞു.
വീടിനകത്ത് അനക്കമൊന്നുമില്ല. മുൻ വാതിലിൽ ഒരാൾ മുട്ടി വിളിച്ചു, രണ്ട് പേർ മുകളിലെ ബാൽക്കണിയുടെ പുറത്ത് ഒളിച്ച് നിന്നു. വാതിൽ തുറന്നതും ഒരു രൂപം ഇറങ്ങി ഓടി, പെട്ടെന്നാണ് അയാൾക്ക് പിന്നിൽ നിന്നും തലയ്ക്ക് പ്രഹരമേറ്റത്. മറിഞ്ഞ് വീണയാളെ പോലീസുകാർ ജീപ്പിൽ കയറ്റി, അത് നീലായിരുന്നു. നീലിനെ വിലങ്ങണിയിച്ചു.
വാതിൽ തുറന്ന്, തോക്കും പിടിച്ച് മൂന്ന് പോലീസുകാർ അകത്ത് കയറി പരിശോധിച്ചു. താഴത്തെ നില ഒഴിഞ്ഞ് കിടന്നു. മുകളിലത്തെ നിലയിൽ പരിശോധിക്കാൻ കയറവേ, ഒരു യുവാവ് ബാൽക്കണി വാതിൽ തുറന്നു പുറത്തേയ്ക്ക് ചാടാൻ ശ്രമിച്ചു. പെട്ടെന്ന് ഇരുട്ടിൽ പതുങ്ങി നിന്ന പോലീസുകാരിൽ ഒരുവൻ ചാടാൻ ശ്രമിച്ചവനെ തടഞ്ഞ് നിർത്തി, അറസ്റ്റ് ചെയ്തു.
നീലും ഡെന്നിയും പോലീസ് കസ്റ്റഡിയിലായി. പിന്നേയും പോലീസ് ജീപ്പുകൾ അവിടെ തന്നെ തമ്പടിച്ചു. സർക്കിൾ ഇൻസ്പെക്ടറും സലീമും മറ്റൊരു പോലീസുകാരനായ വിവേകും കൂടി സ്വകാര്യ വാഹനത്തിലാണ് അവരെ കയറ്റി പോലീസ് ക്ലബിലേക്ക് കൊണ്ട് പോയത്.
കാറിലിരുന്ന് പ്രശ്നമുണ്ടാക്കാൻ മുതിർന്ന നീലിൻ്റെ മുഖത്തേക്ക് സലീം പഞ്ഞിയിൽ മുക്കിയ മരുന്ന് മണപ്പിച്ചു. അത് കണ്ട് ഭയന്ന് പോയ ഡെന്നിയേയും അത് മണപ്പിക്കാൻ സലീം മുതിർന്നു.
അവൻ സലീമിനെ കൈമുട്ട് കൊണ്ട് ഡെന്നി തള്ളി മാറ്റി. അബദ്ധവശാൽ ആ പഞ്ഞി അടുത്തിരുന്ന പോലീസ്കാരൻ്റെ മൂക്കിലാണ് അമർന്നത്. അയാൾ മയക്കത്തിലേക്ക് വഴുതി വീണു.
“വിവേക്… “
പിറകിലെ സീറ്റിലെ ബഹളം കേട്ട് ഡ്രൈവ് ചെയ്തിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിനോദ് കാർ നിർത്തി.
“എന്താടോ ഇത്?ഇത് മണപ്പിച്ചു ഇവൻമാരെങ്ങാനും ചത്ത് പോയാൽ. ‘
“പോകില്ല സാർ, ഇവൻമാരൊക്കെ ഇൻ്റർനാഷണൽ ക്രിമിനൽസാണ്. ഇവൻമാരെ ഇങ്ങനെ സ്വബോധത്തോടെ കൊണ്ട് പോയാൽ നമ്മൾ അവിടെ എത്തി ചേരുമെന്ന് ഒരു ഉറപ്പുമില്ല. “
സർക്കിൾ ഇൻസ്പെക്ടർ ബലമായി പിടിച്ചു വച്ച ഡെന്നിയുടെ ന്നിയുടെ മുഖത്തേക്ക് സലീം പഞ്ഞി അമർത്തി.
“ഇവൻമാർ ബോധത്തോടെയിരുന്നാൽ നമ്മളെയൊക്കെ പെടുത്തി കളയും സർ. ഇവർക്ക് ബോധം തെളിയുന്നതിന് മുമ്പ് ഏതെങ്കിലും രഹസ്യ സങ്കേതത്തിൽ എത്തിക്കണം. “
“നമുക്ക് ഇവരെ നേരെ പോലീസ് ക്ലബിൽ കൊണ്ട് പോയാൽ പോരേ. “
“അത് വേണ്ട സാറെ അവിടെയൊക്കെ ഇവൻമാരുടെ ആളുകൾ ഉണ്ടാകും. അറസ്റ്റ് ചെയ്ത വിവരമൊക്കെ നമ്മുടെ ആളുകൾ തന്നെ അവരെ അറിയിച്ചു കാണും. “
പുതിയ സർക്കിൾ ഇൻസ്പെക്ടർ വിനോദ് സർ ഒരു നിമിഷം ആലോചിച്ചു നിന്നു.
“താൻ പറഞ്ഞത് വളരെ ശരിയാണ്. “
“നമ്മളിപ്പോൾ നേരെ സ്റ്റേഷനിൽ പോയാൽ അവിടെ ഇവരുടെ ആളുകൾ നിരന്നിട്ടുണ്ടാകും. അവർ പിന്നെ തെളിവുകൾ ചോദിക്കും. മനുഷ്യാവകാശമായി, നമ്മളെ പെടുത്തി കളയും. രാഹുൽ സാറിനെ ഒരുത്തൻ ലൈവിൽ പെടുത്തിയത് പോലെ. “
രാഹുലിൻ്റെ പേര് കേട്ടതും വിനോദിൻ്റെ മുഖമൊന്ന് ചുളിഞ്ഞു.
“അത് പറഞ്ഞപ്പോഴാണ്, ആ ലൈവ്കാരൻ ഇപ്പോൾ ആശുപത്രിയിലാണ്. ഏതോ അഞ്ജാത വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ അയാളെ ആ രാത്രിയിൽ റോഡരികിൽ നിന്നും കണ്ടെത്തി. തലയുടെ പരിക്ക് ഗുരുതരമാണ്. ഇനി രാഹുലെങ്ങാനും… “
സലീം ഉള്ളാലെ ചിരിച്ചു.
“സലീമേ ഞാൻ ഒരു സ്ഥലം പറയാം ടൗണിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്. എൻ്റെ ഭാര്യയുടെ ഓഹരിയിലുള്ള പഴയ വീടാണ്. ഇപ്പോൾ വാടകക്കാരില്ലാതെ പൂട്ടിയിട്ടിരിക്കുകയാണ്. താക്കോൽ അവിടെ തന്നെ ഒരു ഔട്ട് ഹൗസിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇവൻമാരെ ചോദ്യം ചെയ്യാൻ നമുക്ക് അങ്ങോട്ട് കൊണ്ട് പോകാം. “
“നല്ല തീരുമാനമാണ്. വീടിന് അത്യാവശ്യം അടച്ചുറപ്പ് വേണമെന്ന് മാത്രം. വിശ്വസ്തരായ നമ്മുടെ രണ്ടാളുകൾ എപ്പോഴും വീടിന് കാവൽ വേണം. “
“വിശ്വസ്തർ ആരാ? നമ്മുടെ ഇടയിലെ ആളുകൾ തന്നെ ഒറ്റി കൊടുക്കും. വിവേക് മിടുക്കനാണ്. പക്ഷെ ഇപ്പോൾ അവൻ്റെ ബോധവും പോയല്ലോ. “
“സാർ കുറച്ച് നേരം കാത്ത് നിന്നാൽ വിശ്വസ്തനായ ഒരാളെ ഞാൻ കൂട്ടി കൊണ്ട് വരാം. “
“ആരെയാണ്. “
“നമ്മുടെ രാഹുൽ സാറിനെ. “
സർക്കിൾ ഇൻസ്പെക്ടർ വിനോദ് ഒരു നിമിഷം ആലോചിച്ചു നിന്നു.
“രാഹുൽ രഘുവരൻ!! കുഴപ്പമില്ല. പക്ഷേ അയാളിപ്പോൾ സസ്പെൻഷനിൽ അല്ലേ. “
“രാഹുൽ സാറിന് ഈ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണം. എല്ലാ ക്രെഡിറ്റും വിനോദ് സർ എടുത്തോട്ടെ എന്നാണ് എന്നോട് പറഞ്ഞത്. “
“ശരി എന്നാൽ രാഹുലിനോട് വേഗം വരാൻ പറ. എനിക്കിപ്പോൾ മുകളിൽ നിന്നും വിളികൾ വരും. ഈ വിവേകിനെ ഉണർത്താൻ മറുമരുന്നൊന്നും തൻ്റെ കയ്യിൽ ഇല്ലേ. “
“വിവേകിനെ ഉണർത്തിയിട്ട് ഞാൻ നേരിട്ട് പോയി രാഹുൽ സാറിനെ കൂട്ടി കൊണ്ട് വരാം. നേരം വെളുക്കുന്നതിന് മുമ്പ് എല്ലാം ശരിയാക്കാം.
സലീം വിവേകിനെ മയക്കത്തിൽ നിന്നും ഉണർത്തി. വീടിനുള്ളിലെ ഹാളിൽ നീലിനേയും ഡെന്നിയേയും വലിച്ച് കൊണ്ട് വന്നു. രണ്ട് ഇരുമ്പ് കസേരകളിൽ, അവരെ ഇരുത്തി, അവരുടെ കൈകാലുകൾ പ്ലാസ്റ്റിക് ടേപ്പുകൾ കൊണ്ട് വരിഞ്ഞ് മുറുക്കി.
“കെട്ട് നല്ല ബലത്തിലാണല്ലോ. “
“സാറെ ഇവൻമാർ നല്ല പുള്ളികളാണ്. മടങ്ങി വരുന്നത് വരെ ഞാൻ ടെൻഷനിലായിരിക്കും. ഒരു കാരണവശാലും വാതിലുകൾ ഒന്നും തുറക്കരുത്. തിരുട്ട് കൂട്ടങ്ങളാണിവർ. ഇവിടെ നിന്നും മുങ്ങിയാൽ ആസ്ട്രേലിയായിൽ പൊങ്ങും. “
സലീം വിനോദിൻ്റെ കാറിൽ വീട്ടിലേക്ക് ഇറങ്ങി. ഏകദേശം രണ്ട് കിലോമീറ്റർ കഴിഞ്ഞ് കാണും. ഒരു ബൈക്ക് കാറിൻ്റെ തൊട്ട് പിറകിലുണ്ട്. സലീം വേഗത കൂട്ടി. അടുത്ത ജംഗ്ഷനിൽ 24 മണിക്കൂർ തുറന്നിരിക്കുന്ന ഒരു ഹോട്ടലിന് മുന്നിൽ കാർ നിർത്തി. അവിടെ രാത്രിയിലും സെക്യൂരിറ്റി ഉണ്ട്.
കാർ പാർക്ക് ചെയ്തു ചായ കുടിക്കാൻ കയറി. ഒരു ചായ ഓർഡർ ചെയ്തു. സമയം തീരെയില്ല, ഓരോ നിമിഷവും വിലപ്പെട്ടതാണ്. ചായ കുടിക്കുന്നതിനിടയിൽ അകത്തെ മുറിയിൽ ഇരുന്ന് മയങ്ങുന്ന മാനേജറെ വിളിച്ചുണർത്തി.
“പോലീസാണ്. ലേശം പ്രശ്നമുണ്ട്. നിങ്ങളുടെ കാറിൽ എന്നെ ഉടനെ ഒന്ന് വീട്ടിലെത്തിക്കണം. “
ഹോട്ടലിൻ്റെ അടുക്കള വഴിയാണവർ പുറത്തിറങ്ങിയത്. തിരിഞ്ഞ് നോക്കിയപ്പോൾ രണ്ട് ബൈക്കുകളിലായി അഞ്ച് പേർ ഹോട്ടലിനുള്ളിലേയ്ക്ക് കയറി പോകുന്നത് സലീം കണ്ടു.
“ഹോട്ടലിന് മുന്നിൽ കിടക്കുന്ന കാർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് സാറിൻ്റേതാണ്. ഇതാ താക്കോൽ, രാവിലെ തന്നെ വണ്ടി അങ്ങ് സ്റ്റേഷനിൽ എത്തിച്ചിരിക്കണം. ആര് ചോദിച്ചാലും വണ്ടിയിൽ വന്നയാൾ പിൻവാതിലിലൂടെ ഇറങ്ങി രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. “
“ശരി സാർ. “
സലീം വീടിൻ്റെ വാതിലിൽ മുട്ടി, സലീമിൻ്റെ ഭാര്യ വാതിൽ തുറന്നു. അകത്ത് കയറിയ ഉടൻ സലീം മകളെ അന്വേഷിച്ചു.
“മോളെന്തിയേ?നീ പെട്ടെന്ന് പോയി അവളോട് ഒന്ന് വേഷം മാറി വരാൻ പറ. “
“പാവം കൊച്ച് പഠിച്ച് ക്ഷീണിച്ചു കിടന്നു ഉറങ്ങിയതേയുള്ളൂ. “
“നീ അവളെ വിളിച്ചുണർത്തൂ. “
സലീം പെട്ടെന്ന് വേഷം മാറി, തൻ്റെ ബാഗിൽ കുറച്ച് അത്യാവശ്യ സാധനങ്ങൾ നിറച്ചു.
“എന്താ വാപ്പച്ചി?”
മെഹറുന്നിസ ഉണർന്നു വന്നു.
“നിനക്ക് ഒരു മിടുക്കിയായ പോലീസുകാരിയാകണ്ടേ. എൻ്റെ കൂടെ ഇപ്പോൾ വന്നാൽ നിനക്ക് ഫ്രീയായി ട്രെയിനിംഗ് ലഭിക്കും. “
മെഹറുന്നിസ പെട്ടെന്ന് തന്നെ വേഷം മാറി വന്നു.
“നിങ്ങൾ ഈ രാത്രിയിൽ കൊച്ചിനേയും കൊണ്ട് എങ്ങോട്ടാണ്?”
“നീ പെട്ടെന്ന് വാതിൽ പൂട്ടി അപ്പുറത്തെ ജമീലയുടെ വീട്ടിൽ പോയി ഉറങ്ങൂ. “
സലീം ഭാര്യയെ അയൽ വീട്ടിൽ കൊണ്ടാക്കി. ഭർത്താവും മകളും ബൈക്കിൽ കയറി പോകുന്നത് ആ പാവം സ്ത്രീ നോക്കി നിന്നു.
ഇരുട്ടിൽ ബൈക്ക് നിർത്തിയിട്ട്, സലീം മകളുമായി മഹേഷിൻ്റെ വീടിൻ്റെ പിൻമതിൽ ചാടി കടന്നു. സലീം കരുതിയതിനേക്കാൾ സമർത്ഥയായിരുന്നു മകൾ. അവളാണ് ആദ്യം മതിൽ ചാടിയത്.
ആരോ മതിൽ ചാടുന്ന ശബ്ദം കേട്ട് രാഹുൽ ഞെട്ടിയുണർന്നു. വിളക്ക് തെളിയിക്കാതെ അയാൾ ജനലിലൂടെ ഇരുട്ടിൽ നോക്കി നിന്നു. രണ്ട് നിഴലുകൾ താൻ നിന്ന ജനലരികിലേക്ക് നടന്നടുക്കുന്നു.
“രാഹുൽ സാറേ. “
സലീമിൻ്റെ ശബ്ദം രാഹുലിന് മനസിലായി.
“കൂടെയാരാ. “
“പറയാം വേഗം വാതിൽ തുറക്കൂ. “
രാഹുൽ അൽപ്പം സംശയത്തോടെ വാതിൽ തുറന്നു. സലീം അകത്ത് കയറി വാതിലടച്ചു.
“സാറേ അവന്മാരെ രണ്ട് പേരേയും പിടിച്ചിട്ടുണ്ട്. നമുക്കങ്ങോട്ട് പോകാം. “
“അപ്പോൾ ഇവിടുത്തെ കാര്യം. രണ്ട് പെൺപുലികളാണ് ഉള്ളിലുള്ളത്. “
“അതൊക്കെ ഇവൾ നോക്കി കൊള്ളും സാറെ. “
“അത് റിസ്കാണ്. ഇവളെ കൊണ്ട് ഒറ്റയ്ക്ക് കഴിയുമോ. “
“സാറേ നമ്മുടെ വനിതാ എസ് ഐ ലീന സാറിനെ കൂടി വിളിച്ചാലോ. “
“ശരി ഞാൻ പോയി ലീനയെ കൂട്ടി കൊണ്ട് വരാം. “
സലീമിൻ്റെ ബൈക്കും എടുത്ത് രാഹുൽ ലീനയെ വിളിക്കാൻ പോയി
രാഹുലും വനിതാ പോലീസുകാരി ലീനയും തമ്മിലുള്ള നിശബ്ദ പ്രണയം സലീമിന് അറിയാമായിരുന്നു.
“ലീന, മെഹറുന്നിസ നിങ്ങളുടെ കണ്ണുകൾ എപ്പോഴും ഈ മോണിറ്ററിൽ വേണം. രണ്ടാളും ഒന്നിച്ച് ഉറങ്ങി പോകരുത്. പ്രൊഫസർ മാലതിക്ക് ശബ്ദവും വെളിച്ചവും മതി. ധന്യയെ അടക്കാൻ ഇലക്ട്രിക് ഷോക്ക് തന്നെ പ്രതിവിധി. തീരെ നിവൃത്തി ഇല്ലെങ്കിൽ ക്ലോറോഫോം കുറഞ്ഞ അളവിൽ മണപ്പിക്കുക. “
രാഹുലിനെ മുഖാമുഖം കണ്ടപ്പോൾ ഇൻസ്പെക്ടർ വിനോദിൻ്റെ മുഖം മങ്ങി. എന്നാൽ രാഹുൽ അത് വക വയ്ക്കാതെ വിനോദിന് ഷേക്ക് ഹാൻഡ് നൽകി.
നീലിനേയും
ഡെന്നിയേയും അവർ മൂന്നു പേരും മാറി മാറി ചോദ്യം ചെയ്തു. പിന്നീട് രണ്ട് പേരേയും രണ്ടു മുറികളിലാക്കി ചോദ്യം ചെയ്തു. ഒടുവിൽ മുളക് പൊടി, മൊട്ടുസൂചി തുടങ്ങിയ മൂന്നാം മുറകൾ കൂടി പ്രയോഗിക്കേണ്ടി വന്നു. ഒടുവിൽ രണ്ട് പേരും കുറ്റസമ്മതം നടത്തി. അവരുടെ കുറ്റസമ്മതം വീഡിയോ ടേപ്പ് ആക്കി മാറ്റി.
“വിനോദ് സാർ ഇതും കൊണ്ട് സ്റ്റേഷനിൽ പൊയ്ക്കോളൂ. കിട്ടാവുന്ന പരമാവധി തെളിവുകൾ സംഘടിപ്പിക്കണം. അരമനയിൽ പോയി വികാരിയച്ചനെ കണ്ട് കേസിൻ്റെ ഗൗരവം ബോധ്യപ്പെടുത്തണം. ഇടവകക്കാരെ തെറ്റിദ്ധരിപ്പിച്ചു പോലീസിനെതിരെ സംഘടിപ്പിക്കാതിരിക്കാൻ അത് ആവശ്യമാണ്. ഇനി ഒരു അബദ്ധം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. “
വിനോദ് എല്ലാം തലയാട്ടി സമ്മതിച്ചു. വിനോദ് ജംഗ്ഷൻ വരെ നടന്നു പോയി ജീപ്പ് വരുത്തി പോയപ്പോൾ സലീം രാഹുലിനോട് പറഞ്ഞു.
“സാറേ ആ നിധിനേയും അശോകദാസിനേയും കൂടി കസ്റ്റഡിയിൽ കിട്ടണം. “
“അതിന് മുമ്പ് ആ സ്പിരിച്വൽ ഹീലർ ആര്യൻ്റെ നോർത്ത് ഇന്ത്യൻ ശിങ്കിടികളെ പൊക്കണം. “
അടുത്തതായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് രാഹുൽ ഒരു പേപ്പറിൽ എഴുതി സലീമിനെ ഏൽപ്പിച്ചു.
“നേരം വെളുക്കാറായി. താൻ സ്റ്റേഷനിലേക്ക് പൊയ്ക്കോ, ഇന്നത്തെ ദിവസം നമുക്ക് ധാരാളം പണിയുണ്ട്. ഇവിടെ വിവേക് ഉണ്ടല്ലോ കൂട്ടിന്. “
സലീം ബൈക്കിൽ മടങ്ങുന്നത് രാഹുൽ ജനലിലൂടെ നോക്കി നിന്നു.
(തുടരും….. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -108 - By Nisha Pillai - കൂട്ടക്ഷരങ്ങൾ