അവർക്കിടയിലെ ദൂരം അളന്നിരുന്നത് കിലോമീറ്ററുകളിലായിരുന്നില്ല, മറിച്ച് ഫോൺ സ്ക്രീനിലെ നീല വെളിച്ചത്തിന്റെ സാന്നിധ്യത്തിലായിരുന്നു.
പഴയ പ്രണയകഥകളിലെപ്പോലെ ആൽത്തറയിലോ പുഴക്കടവിലോ വെച്ചല്ല തരുണും ജലീലയും ആദ്യമായി കണ്ടത്. ഇൻസ്സയിൽ ഒരു ആഗോള സംഗീത ആപ്പിലെ ‘ഷെയർ ചെയ്ത പ്ലേലിസ്റ്റിന്’ താഴെ വന്ന ഒരു കുഞ്ഞു കമന്റിലായിരുന്നു ആ തുടക്കം.
രാത്രിയുടെ നിശബ്ദതയിൽ, നീലവെളിച്ചം വിതറുന്ന സ്ക്രീനുകൾക്ക് പിന്നിലിരുന്ന് തരുണും ജലീലയും സംസാരിച്ചു. അവിടെ ഗന്ധമുള്ള വാക്കുകളില്ലായിരുന്നു, പകരം കുറച്ചു ഇമോജികളും ജിഫ് (GIF) ചിത്രങ്ങളും മാത്രം.
പഴയ കവികൾ പ്രണയിനിയുടെ കണ്ണുകളെ നക്ഷത്രങ്ങളോട് ഉപമിച്ചപ്പോൾ, തരുൺ ജലീലയുടെ ഡിസ്പ്ലേ പിക്ചറിലെ (DP) പിക്സലുകളെ നോക്കി പുഞ്ചിരിച്ചു. പ്രണയം പഴയ പുഴയെയും പാടത്തെയും കൊങ്ങിണിപ്പൂത്ത വേലികളെയും വിട്ട് പുതിയൊരു സൈബർ ലോകം തേടിപ്പോയിരുന്നു.
“കാണാപ്പദങ്ങളായിരുന്നു” അവരുടെ പ്രണയം. നേരിൽ കണ്ടിട്ടില്ലാത്ത, സ്പർശിച്ചിട്ടില്ലാത്ത, എന്നാൽ ഹൃദയത്തിൽ തൊടുന്ന ഡിജിറ്റൽ ലിപികൾ.
ഒടുവിൽ ഒരു ദിവസം ജലീല ചോദിച്ചു:
“നമുക്കൊന്ന് നേരിട്ട് കണ്ടുകൂടേ? ഈ നോട്ടിഫിക്കേഷനുകൾക്ക് അപ്പുറം ശ്വസിക്കുന്ന ഒരാളുണ്ടെന്ന് എനിക്ക് ഉറപ്പിക്കണം.”
നഗരത്തിലെ തിരക്കേറിയ ഒരു കഫേയിൽ വെച്ച് കാണാമെന്ന് തരുൺ മറുപടി നൽകി.
‘കൽഹാരി’ റെസ്റ്റോറന്റിന്റെ മങ്ങിയ വെളിച്ചം വീണ തണുത്ത ഹാളിൽ തരുണിനെ കാത്തിരിക്കുമ്പോൾ, ജലീല തന്റെ കൂട്ടുകാരിയോട് ഓൺലൈനിൽ വാങ്ങിയ പുതിയ ട്രെൻഡ് ജീൻസിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു.
പെട്ടെന്നാണ് റെസ്റ്റോറന്റിലേക്ക് കയറിവരുന്ന ആ യുവാവിനെ അവൾ കണ്ടത്. ഒറ്റക്കമ്മലിട്ട തരുൺ! ഡിപിയിൽ കണ്ട ആ മുഖം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
“ഡാ.. ഇവിടെ!”
ജലീല എഴുന്നേറ്റുനിന്ന് അവനെ വിളിച്ചു.
പഴയകാലത്തെപ്പോലെ നാണിച്ചു തലതാഴ്ത്തി നിൽക്കുന്ന പെൺകുട്ടിയോ, പാട്ടുപാടി വരുന്ന കാമുകനോ അവിടെയുണ്ടായിരുന്നില്ല. ഇരുവരും പരസ്പരം നോക്കി ചിരിച്ചു, കൈ കൊടുത്തു. മേശപ്പുറത്ത് അവരുടെ ഫോണുകൾ ചിറകടിച്ചു നിന്നു.
തരുണിന്റെ കോറൽ നിറമുള്ള മൊബൈൽ കയ്യിലെടുത്ത് ജലീല കളിയാക്കി:
“ഏതാടാ ഈ ഫോൺ? പുതിയതൊന്ന് വാങ്ങിക്കൂടേ നിനക്ക്? വെറുതെയല്ല ചാറ്റിൽ പഴയ സ്പീഡ് ഇല്ലാത്തത്!” തരുൺ ചിരിച്ചുകൊണ്ട് അത് കേട്ടിരുന്നു.

ചിക്കൻ റോളും ഫ്രഷ് ജ്യൂസും കഴിച്ചു കഴിഞ്ഞ് അവർ പാർക്കിലെ പുൽത്തകിടിയിലേക്ക് നടന്നു. അവിടെ തൊട്ടിരിക്കുമ്പോൾ അവരുടെ സംഭാഷണങ്ങളിലെ ഇമോജികൾക്ക് ജീവൻ വെച്ചു. വാക്കുകൾക്ക് ഗന്ധം വന്നുതുടങ്ങി.
ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പിന്നെയും കണ്ടു. പക്ഷേ, പുതിയ കാലത്തെ പ്രണയം ഒരു ഗ്ലാസ് സ്ക്രീൻ പോലെ സുതാര്യവും എന്നാൽ പെട്ടെന്ന് ഉടയാവുന്നതുമായിരുന്നു
വിള്ളലുകൾ തുടങ്ങിയത് ഇൻസ്റ്റഗ്രാമിലായിരുന്നു.
ജലീല പോസ്റ്റ് ചെയ്ത റീലിന് തരുൺ ലൈക്കടിക്കാൻ വൈകിയപ്പോൾ വാട്സാപ്പിൽ സന്ദേശമെത്തി:
“നീയെന്താ കമന്റിടാത്തത്?”
തരുണിന്റെ ഫോണിൽ ഡാറ്റ തീർന്നതായിരുന്നു സത്യം. അമ്മയോട് പൈസ വാങ്ങി റീചാർജ് ചെയ്ത് മടങ്ങിവന്നപ്പോഴേക്കും പ്രണയത്തിന്റെ ആകാശം മേഘാവൃതമായിരുന്നു.
ഒരു ‘ലൈക്ക്’ കുറഞ്ഞാലോ, മെസ്സേജിന് മറുപടി വൈകിയാലോ അവിടെ സംശയത്തിന്റെ വിത്തുകൾ മുളച്ചു.
തരുൺ സുഹൃത്തുക്കളോടൊപ്പം ഒരു സംഗീത ആൽബത്തിന്റെ പണിപ്പുരയിലായിരുന്നു. അത് ജലീലയ്ക്ക് ഒരു സർപ്രൈസ് നൽകാൻ അവൻ രഹസ്യമാക്കി വെച്ചു. ലൊക്കേഷനുകൾ മാറുമ്പോൾ അവൻ അയക്കുന്ന ലൊക്കേഷൻ ഷെയറിംഗുകൾ അവൾക്ക് സ്നേഹത്തേക്കാൾ വലിയൊരു നിരീക്ഷണമായിരുന്നു.
ഒടുവിൽ നിസ്സാരമായ ഒരു തർക്കം പൊട്ടിപ്പുറപ്പെട്ടു.
“നിനക്ക് എല്ലാത്തിലും സംശയമാണ്, നിന്റെ കൂടെ ആരെങ്കിലും വരുമോ?” തരുൺ ദേഷ്യത്തിൽ പറഞ്ഞുപോയി.
ആ വാക്കുകൾ ജലീലയെ വല്ലാതെ മുറിപ്പെടുത്തി. രണ്ടു പേരും പിണങ്ങി പിരിഞ്ഞു
പഴയ പ്രണയിനികളെപ്പോലെ കീറിക്കളയാൻ അവർക്കിടയിൽ കത്തുകളില്ലായിരുന്നു. പകരം, സോഷ്യൽ മീഡിയയിലെ ‘അൺഫോളോ’ ബട്ടണിൽ ആ ബന്ധം അവസാനിച്ചു. ആയിരക്കണക്കിന് ഫോട്ടോകൾ ഒരൊറ്റ ‘ഡിലീറ്റ്’ ഓപ്ഷനിൽ മാഞ്ഞുപോയി.
സ്മരണകൾ സൂക്ഷിക്കാൻ പെട്ടിയിലാക്കിയ ഉണങ്ങിയ പൂക്കളില്ലായിരുന്നു; ഗൂഗിൾ ഡ്രൈവിലെ സ്പേസ് ക്ലിയർ ചെയ്തപ്പോൾ അവരുടെ ഓർമ്മകളും ശൂന്യമായി.
മാസങ്ങൾക്കുശേഷം, തരുണിന്റെ ആൽബം ഹിറ്റായി. ജലീല അത് കണ്ടത് മറ്റൊരു കൂട്ടുകാരിയുടെ സ്റ്റോറിയിലൂടെയായിരുന്നു.
അവൾ പഴയ ആ സംഗീത ആപ്പ് വീണ്ടും തുറന്നു. അവിടെ അവർ പണ്ട് ചേർന്നുണ്ടാക്കിയ പ്ലേലിസ്റ്റ് ഇപ്പോഴുമുണ്ട്. അവൾ ഒരു പാട്ട് പ്ലേ ചെയ്തു. തരുണിനെ വിളിക്കണമെന്ന് തോന്നിയെങ്കിലും അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു.
പുതിയ കാലത്തെ പ്രണയം മുറുക്കാൻ ചണ്ടി പോലെ വലിച്ചെറിയാൻ എളുപ്പമാണെന്ന് പുറംലോകം പറയുന്നുണ്ടാകാം. പക്ഷേ, തന്റെ ഫോണിലെ ആ പാട്ട് ഇന്നും അവളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ മുട്ടിവിളിക്കുന്നുണ്ട്.
പദങ്ങളില്ലാത്ത, ഗന്ധമില്ലാത്ത, എന്നാൽ ശ്വാസം മുട്ടിക്കുന്ന ഡിജിറ്റൽ പ്രണയത്തിന്റെ നനവുള്ള ഓർമ്മകൾ. അവ കാണാക്കാഴ്ചകളായി, കുന്നിൻ ഉച്ചിയിൽ ആകാശം തൊടുന്നൊരു ദൃശ്യം പോലെ അവളുടെ ഉള്ളിൽ എന്നും തെളിഞ്ഞുകിടന്നു


8 Comments
Good one
സ്നേഹം സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും❤️
പ്രണയം പുതിയ ലോകത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും തനിക്ക് (ഇരുവരും) കരുതൽ വേണമെന്ന എന്ന ആവശ്യം പഴയതു പോലെ നിലനിൽക്കുന്നു. കാലഘട്ടത്തിന്റെ മാറ്റം വളരെ നന്നായി അവതരിപ്പിച്ചു.👍👏
സ്നേഹം സന്തോഷം കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും❤️
തലമുറകൾക്കിടയിലെ ‘പ്രണയാന്തരം’. Realistic ആയി എഴുതി 👌
സന്തോഷം നന്ദി
നല്ല കഥയായിട്ടുണ്ട്. സൈബർ ലോകവും ഡിജിറ്റൽ ലോകവുമൊക്കെ ഭരിയ്ക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും.
സന്തോഷം നന്ദി