നെല്ലിക്കൽ തറവാടിൻ്റെ പടി കടന്ന് തുളസി ചെല്ലുമ്പോൾ വല്യമ്മായി മുറുക്കാൻ ചെല്ലം അടുത്ത് വച്ച്, ചാരു കസേരയിൽ കിടക്കുകയായിരുന്നു. വല്യകിടക്കുകയായിരുന്നു. വല്യമ്മാൻമ്മാൻ മരിച്ചതിന് ശേഷം വല്യമ്മായി തറവാട്ട് കാരണവരെ പോലെയാണ്. വല്യമ്മായിയുടെ അഹമ്മതി വല്ലാതെ കൂടിയിട്ടുണ്ട്.
“അമ്മായി ഹരിയേട്ടൻ കോളേജിൽ നിന്നും വന്നില്ലേ, ഈ പോസ്റ്റ് ഒന്നേൽപ്പിക്കാൻ പോസ്റ്റ് മാൻ തന്ന് വിട്ടു, എന്തോ ഉദ്യോഗക്കാര്യമാണ്. ഞാൻ സ്കൂളീന്ന് വരുന്ന വഴി ഇങ്ങോട്ട് കയറി. ഹരിയേട്ടനെ കണ്ട് കുറെക്കാലമായി. “
“നീ അവിടെ വച്ചിട്ട് പൊയ്ക്കോ, ഞാനവന് കൊടുത്തേക്കണ്. “
“പിന്നെ എന്തുണ്ട് വിശേഷം, രേഖ ഇവിടില്ലേ. “
“ഈടെ ഒര് വിശേഷവുമില്ല, നീ പോയേന്ന്, എൻ്റെ ചെക്കനെ കണ്ണും കവിളും കാട്ടി വശീകരിക്കാതെ. “
നിറഞ്ഞ കണ്ണുകൾ മറച്ച് തുളസി ഇറയത്ത് നിന്നും എഴുന്നേറ്റു. അവിടെ ഭിത്തിയിൽ മാലയിട്ട് നിരത്തി വച്ചിരിക്കുന്ന പിതൃക്കളുടെ ഛായാചിത്രങ്ങൾ തനിക്കൊപ്പം കരയുന്നത് പോലെ അവൾക്ക് തോന്നി. അവൾ തിരിഞ്ഞ് നിന്ന് കണ്ണീർ തുടച്ച് കൊണ്ട് പറഞ്ഞു.
“ഈ തറവാട് എനിക്ക് കൂടി അവകാശപ്പെട്ടതാണ്. ഹരിയേട്ടനെ കണ്ട് ഇത് കൊടുത്തിട്ടേ ഞാൻ പോകൂ. “
“നീ കാരണമാണ് അവൻ്റെ ജീവിതം ഇങ്ങനെ ആയത്, ചങ്ങല പോലൊരു സ്വർണ്ണ പാദസരം ഇട്ട്, മൊത്തം സ്വർണ്ണത്തിൽ കുളിച്ചാണ് രേഖമോൾ ഇങ്ങോട്ട് കേറി വന്നത്. അവൻ്റെ മനസ്സിൽ നീ മാത്രമാണെന്നാണ് ഇവിടെയുള്ള ബന്ധുക്കൾ രേഖേടെ ചെവിയിൽ ഓതി കൊടുത്തത്, സങ്കടം സഹിക്കാതെയാ ഓളിവിടെ നിന്നും ഇറങ്ങി പോയത്. ഞാൻ ഓളെ കൂട്ടാൻ ഓടെ തറവാട്ടിൽ പോവാനിരിക്കാണ്, അവരുടെ ജീവിതം നീയായിട്ട് തകർക്കാതിരിക്കൂ. “
“ഞാനെന്താ അമ്മായി കാട്ടിയത്. “
“എൻ്റെ ഹരിക്ക് നിന്നോട് വെറുപ്പാണ്. അതന്നെ കാര്യം. “
തുളസി ഹാൻഡ്ബാഗും എടുത്ത് കരഞ്ഞോണ്ട് പടിയിറങ്ങി. ഇളയമ്മ അറിഞ്ഞാൽ വഴക്ക് പറയും. തറവാട്ടിൽ ആർക്കും വല്യമ്മായിയെ കണ്ട് കൂടാ.
ഇളയമ്മ പശുവിനെ അഴിച്ച് തൊഴുത്തിൽ കെട്ടിയിട്ട് വന്നപ്പോഴും തുളസി വേഷം മാറാതെ കിണറ്റിൻ്റെ അര മതിലിൽ ഇരിക്കുകയാണ്.
“എൻ്റെ തുളസി, ഈ സന്ധ്യ നേരത്ത് നിനക്ക് വേറെയെവിടേം ഇരിക്കാൻ സ്ഥലം കിട്ടിയില്ലേ. എങ്ങാനും തെറ്റി കിണറ്റിൻ വീണാൽ. “
തുളസി ഇളയമ്മയെ നോക്കി.
“വല്യമ്മായിക്ക് സന്തോഷം ആകും. ഇളേമ്മേടെ വെള്ളം കുടി മുട്ടും. അല്ലാതെന്താ”
“അല്ലാ ഇതിപ്പോൾ എൻ്റെ കുട്ടിക്ക് എന്താ പറ്റിയത്. “
“ഇളേമ്മേ, ഞാനിന്ന് വരുന്ന വഴി തറവാട്ടിൽ പോയിരുന്നു. “
“അത് പറയ്, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ആ മൂധേവീടെ മുന്നിൽ ചെന്ന് ചാടരുതെന്ന്. ഈ കുടുംബത്തില് ഭിന്നിപ്പ് ഉണ്ടാക്കിയത് അവരാ, എല്ലാവരേയും തറവാട്ടീന്ന് ഇറക്കി വിട്ടു. “
“ഹരിയേട്ടന് ഒരു പോസ്റ്റ് ഉണ്ടായിരുന്നു. പണ്ടത്തെ ഓർമ്മയില് ഞാനത് പോസ്റ്റ് ഓഫീസിൽ നിന്നും വാങ്ങി കൊണ്ട് പോയി കൊടുത്തു. “
“പോട്ടേ, അത് കഴിഞ്ഞു. “
“ഇല്യാ കഴിഞ്ഞില്ല, അമ്മായി പറയുന്നത് ഹരിയേട്ടന് എന്നോട് വെറുപ്പാണെന്ന്. എൻ്റെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ എല്ലാവർക്കും ഞാൻ പൊന്ന് മോളായിരുന്നു. “
“എൻ്റെ മൂത്തേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടാണ് നിൻ്റെ അച്ഛൻ ഈ തറവാട്ടിലേക്ക് ആലോചനയുമായി വരുന്നത്. ആ സമയത്ത് തറവാട്ടിൽ പട്ടിണിയും പരിവട്ടവും ആയിരുന്നു. ഗൾഫിൽ ഉയർന്ന ജോലി ആയിരുന്ന രാമേട്ടൻ വലത് കാലെടുത്തു വച്ചപ്പോൾ ലക്ഷ്മീദേവി കൂടെ വന്നെന്നാ നാട്ടുകാർ പറയുന്നത്. രാമേട്ടനാ ഞങ്ങൾ അനിയത്തിമാരെയൊക്കെ നല്ല നിലയിൽ കെട്ടിച്ചു വിട്ടത്, ഏട്ടൻമാർക്കൊക്കെ ദുബായിൽ നല്ല ജോലിയും വാങ്ങി കൊടുത്തു. “
“അതൊക്കെ എനിക്കറിയാം ഇളേമ്മേ. ഇവർക്ക് എന്താ എന്നോട് മാത്രം ഇത്ര ദേഷ്യം. പണ്ട് മുതൽ എല്ലാവരും പറയുന്നതല്ലേ തുളസി ഹരിക്കുള്ളതാണെന്ന്. “
“അതൊക്കെ നിൻ്റെ അച്ഛൻ ജീവിച്ചിരുന്നത് വരെ മാത്രം. നിൻ്റെ അച്ഛൻ എല്ലാവർക്കും വാരി കോരി കൊടുത്തു. നിനക്ക് മാത്രം ഒന്നും സമ്പാദിച്ചു വച്ചില്ല, നിൻ്റച്ഛനും അമ്മയും മരിച്ചപ്പോൾ വല്യേട്ടന് വെപ്രാളമായിരുന്നു, നിന്നെ ആരുടെയെങ്കിലും തലയിൽ കെട്ടി വയ്ക്കാൻ. “
“അത് വച്ചല്ലോ, മാനസിക പ്രശ്നം ഉള്ള ഒരുത്തൻ്റെ തലയിൽ, ഹണിമൂൺ സമയത്ത് ഞാൻ, ഭ്രാന്താശുപത്രിയിൽ അയാൾക്ക് കൂട്ടിരിക്കുകയായിരുന്നു. എന്നിട്ടും അയാൾ എൻ്റെ കണ്ണ് വെട്ടിച്ച് കിണറ്റിൻ ചാടി ചത്തില്ലേ. “
“കല്യാണം കഴിയുമ്പോൾ ഭ്രാന്ത് മാറുമെന്ന് നിൻ്റെ വല്യമ്മായി ആണ് അവരെ ഉപദേശിച്ചത്. ഹരിയെ കൊണ്ട് നിന്നെ കെട്ടിക്കാൻ അവർക്ക് തോന്നിയില്ല. “
” ഇളേമ്മേ എനിക്ക് എന്തുണ്ടായിട്ടാണ്. ആകെയുള്ള പണം കൊണ്ടല്ലേ ഹൈസ്കൂളിൽ ഒഴിവ് വന്നപ്പോൾ ജോലിക്ക് കയറാൻ പറ്റിയത്. “
“പണം നിൻ്റെ സ്വർണം വിറ്റ് കിട്ടിയതല്ലേ, നിൻ്റെ അച്ഛന് നിന്നോട് ഇത്തിരി കൂടി കരുതൽ കാട്ടാമായിരുന്നു. എന്തായാലും ഒരു സ്ഥിരം ജോലിയായല്ലോ നിനക്ക്. ആരും നിന്നെ ഇറക്കി വിടില്ലല്ലോ. ഇളേമ്മ മരിച്ചാലും എൻ്റേച്ചിയുടെ മോൾക്ക് ഒരു ആപത്തും ഉണ്ടാകില്ല. എൻ്റെ ആൺകുട്ടികൾക്ക് നീ മാത്രേ പെങ്ങളായുള്ളൂ. നീ പോയി കുളിച്ചു വാ. ഇളേമ്മെയുടെ സ്പെഷ്യൽ പയറ് പായസം ഉണ്ട്. “
തുളസി കുളിച്ചിട്ട് വന്നപ്പോൾ ഇളേമ്മെടെ ഇടവും വലവും കണ്ണനും ഉണ്ണിയും ഇരിക്കുന്നു.
“രണ്ടാളും മാറിക്കോ, ഇളേമ്മ എൻ്റേതാണ്. “
തുളസി പറഞ്ഞു.
“ചേച്ചി വല്യമ്മായി പറഞ്ഞതല്ലേ ഹര്യേട്ടന് വെറുപ്പാണ് എന്ന് ചേച്ചി നേരിട്ട് ഹരിയേട്ടനോട് ചോദിച്ചിട്ടുണ്ടോ. “
തുളസിയ്ക്കായി മറ്റൊരു കസേരയിൽ മാറി ഇരുന്ന് കണ്ണൻ ചോദിച്ചു.
“വല്യടീച്ചറാണത്രെ. ഹരിയേട്ടനെ വിളിച്ചു വെറുക്കാനുള്ള കാരണം നേരിട്ട് ചോദിക്കണം. രണ്ടിൽ ഒന്ന് നമുക്ക് അറിയാലോ. “
ഉണ്ണി പറഞ്ഞു.
“എൻ്റേടുത്ത് ഹരിയേട്ടൻ്റെ നമ്പറൊന്നുമില്ല. “
“ചേച്ചിയുടെ ഫോണിങ്ങെടുത്തേ. “
കണ്ണൻ തുളസിയുടെ ഫോൺ വാങ്ങി ഹരിയുടെ നമ്പർ സേവ് ചെയ്തു.
“വിളിക്കാൻ നാണമാണേൽ ഒരു മെസേജ് അയച്ചാൽ മതി. “
ഭക്ഷണം കഴിഞ്ഞ് മുറിയിൽ കയറി ഇളേമ്മ വരാൻ കാത്തിരുന്നു. ഇളേമ്മയും തുളസിയും ഒരു മുറിയിലാണ് ഉറക്കം.
തുളസി വാട്സാപ്പ് ഓണാക്കി. ഹരിയേട്ടൻ്റെ പ്രൊഫൈൽ പിക്ചർ നോക്കി. ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ.
അവൾ “ഹായ് ഹരിയേട്ടാ” എന്ന മെസേജ് കൊടുത്തു.
“തുളസി സോറീട്ടോ, കണ്ണൻ വിളിച്ചിരുന്നു. നീ കിണറ്റിൻ കരയിലിരുന്ന് കരഞ്ഞ കാര്യമൊക്കെ അവനെന്നോട് പറഞ്ഞു. ഈ അമ്മേടെ ഒരു കാര്യം. “
തുളസിക്ക് കണ്ണനോട് ദേഷ്യം തോന്നി. ഈ സംഭാഷണം അവസാനിപ്പിക്കണം.
“എനിക്ക് നാളെ തന്നെ ഹരിയേട്ടനെ ഒന്ന് കാണണം. “
ഇനി മറുപടി കിട്ടില്ല. വല്യമ്മായി പറയാതെ ഹരിയേട്ടൻ ചലിക്കില്ല. ഫോൺ മാറ്റി വച്ച് ഉറങ്ങാൻ കിടന്നു.
പതിവ് പോലെ ഇളേമ്മയെ കെട്ടിപ്പിടിച്ചു.
“എനിക്ക് ഒരു മോളെ കിട്ടാത്ത സങ്കടം രാത്രിയിൽ ഇങ്ങനെ കിടക്കുമ്പോൾ ആണ് മാറുന്നത്. “
പെട്ടെന്ന് ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ വന്നു. തുളസി ഫോണെടുത്ത് നോക്കി.
“ഞാൻ എവിടെ വരണം. ലീവെടുത്ത് നിൻ്റെ സ്കൂളിൽ വരട്ടെ. “
തുളസിക്ക് ആകെയൊരു വെപ്രാളം. ഇളേമ്മ നോക്കുന്നു. എന്ത് മെസേജാണ് അയയ്ക്കേണ്ടത്. ഫോൺ ഓഫാക്കി കിടന്നു.
രാവിലെ തിരികെ ഒരു മെസേജയച്ചു.
“രാവിലെ ബസ് സ്റ്റോപ്പിൽ വച്ച് കാണാം. “
പതിവായി ബസ് സ്റ്റോപ്പിൽ കൊണ്ടാക്കുന്നത് കണ്ണനാണ്.
“നീയാണോ ഇവിടെ നടന്ന കാര്യമൊക്കെ ഹരിയേട്ടനെ വിളിച്ച് പറഞ്ഞത്. “
“അതേ, അങ്ങേരറിയട്ടെ എല്ലാം. എൻ്റെ ചേച്ചിയുടെ മനസ്സിൽ ഇപ്പോഴും അങ്ങേരുണ്ടെന്ന്. “
“എൻ്റെ മനസ്സിൽ പഴയത് ഒന്നുമില്ല. “
“ദേ ഹരിയേട്ടൻ വരുന്നു. ഇന്ന് വാലൻ്റൈൻസ് ഡേ ആണ്. എല്ലാം പുനരാരംഭിക്കാൻ നല്ല ദിവസം, അങ്ങേരെ ഡ്രൈവർ ആക്കാതെ മുൻ സീറ്റിൽ കയറിയിരുന്നോ. “
“ഞാനെങ്ങും കാറിൽ കൂടെ പോകുന്നില്ല. ആരെങ്കിലും കണ്ടാൽ, അമ്മായി അറിഞ്ഞാൽ. “
“എല്ലാവരും കാണണം, അമ്മായി അറിയണം അങ്ങേർക്ക് ചേച്ചിയെ എന്തൊരു ഇഷ്ടമാണെന്നറിയുമോ. മുമ്പൊരിക്കൽ വല്യമ്മാവൻ്റെ വാക്ക് കേട്ട് ഒരു ഭ്രാന്തനെ കല്യാണം കഴിച്ചു ജീവിതം കോഞ്ഞാട്ട ആക്കിയില്ലേ. ഇത് അവസാന ചാൻസാണ്. ചേച്ചീ, പ്ലീസ് നശിപ്പിക്കരുത്. “
ഹരി കാർ നിർത്തി. കണ്ണൻ ഡോർ തുറന്ന് കൊടുത്തു.
“ചേച്ചി കയറിക്കോ, ഹരിയേട്ടാ, ജി-മാക്സിൽ സിനിമ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സിനിമയും കണ്ട് ഫുഡ് ഒക്കെ കഴിച്ചു പതിവ് സമയത്ത് എൻ്റെ പെങ്ങളെ ഇങ്ങ് ഇവിടെ കൊണ്ട് വിട്ടേക്കണം. “
ആദ്യമായിട്ടാണ് ഹരിയേട്ടൻ്റെ കാറിൽ കയറുന്നത്. ഒരു കോളേജ് അദ്ധ്യാപകൻ്റെ പത്രാസിനുള്ള വലിയ കാറ്. തുളസി ചുറ്റിലും നോക്കി.
“തണുപ്പ് കുറയ്ക്കണോ തുളസീ. പേടിക്കണ്ട, ഞാൻ ലോണെടുത്ത് വാങ്ങിയ എൻ്റെ സ്വന്തം കാറാണ്. “
ഹരി ഇടത് കൈ കൊണ്ട് തുളസിയുടെ വലത് കൈ കവർന്ന് നെഞ്ചോട് അടുപ്പിച്ചു.
“ഹരിയേട്ടന് എന്നോട് വെറുപ്പാണോ. “
“എൻ്റെ തുളസി ഞാനാദ്യമായും അവസാനമായും പ്രണയിച്ചത് നിന്നെ മാത്രമാണ്. “
“അമ്മായി പറഞ്ഞല്ലോ ഞാൻ കാരണമാണ് രേഖ പിണങ്ങി പോയതെന്ന്. “
“അത് സത്യമാണ്. ഭർത്താവിൻ്റെ അലമാര നിറയെ ഒരു പെൺകുട്ടിയുടെ പെൻസിൽ ചിത്രങ്ങളും അവൾ ചൂടിയ ഉണങ്ങിയ തുളസീ ദളങ്ങളും കണ്ടാൽ ഏതൊരു പെണ്ണും പിണങ്ങി പോകില്ലേ. എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, എൻ്റെ മനസ്സിൽ ഇപ്പോഴും തുളസിയാണെന്ന്. അത് നന്നായില്ലേ. അവളെ ചതിക്കേണ്ടി വന്നില്ലല്ലോ. “
“എന്നിട്ട് ഹരിയേട്ടൻ എനിക്കൊരു സൂചന പോലും തന്നില്ലല്ലോ. “
“നിൻ്റെ കല്യാണ തലേന്ന് ഞാൻ കെഞ്ചി പറഞ്ഞതല്ലേ, നമുക്കെവിടെയെങ്കിലും ഓടി പോകാമെന്ന്. “
“അത് പിന്നെ വല്യമ്മായി. “
“വല്യമ്മായിയുടെ തല. ഒരു പെൺകുട്ടി കൂടെ നമുക്കിടയിൽ വന്ന് പെട്ടു. നമുക്ക് എല്ലാം അവസാനിപ്പിച്ചു പുതിയ ജീവിതം തുടങ്ങണം. ആരുടേയും അനുവാദം വേണ്ട. നമ്മൾ പ്രായപൂർത്തിയായ സ്ത്രീ പുരുഷൻമാരാണ്. എനിക്ക് നിൻ്റെ സമ്മതം മതി. “
“അല്ല ഹരിയേട്ടാ ഇളയമ്മ സമ്മതിക്കണം. “
“എൻ്റെ തുളസി ഇന്നത്തെ നമ്മുടെ യാത്ര, ഇളയമ്മയും കണ്ണനും ഉണ്ണിയും അറിഞ്ഞാണ്. നിൻ്റെ സന്തോഷം ആണവരുടെ സന്തോഷം. “
“എന്നാലെ ഹരിയേട്ടാ എനിക്ക് സിനിമയൊന്നും കാണണ്ട. നമുക്ക് കൃഷ്ണൻ്റെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കണം.. “
“പ്രാർത്ഥിക്കാം. എന്നിട്ട്. ?”
“കോളേജിൽ വച്ച് ക്ലാസ് കട്ട് ചെയ്ത് പോയിരുന്ന ആ പഴയ കോട്ടയില്ലേ. അവിടെ പോയി ഹരിയേട്ടൻ്റെ തോളിൽ ചാരി, കഥകൾ പറഞ്ഞ്, പാട്ടുകൾ പാടി ഇരിക്കണം. പിന്നെ ഒന്നിച്ച് ഭക്ഷണം, വൈകിട്ട് എന്നെ ഇളയമ്മയുടെ വീട്ടിൽ കൊണ്ടാക്കണം. അവിടെ വന്ന് ഇളയമ്മയോട് എന്നെ കല്യാണം കഴിക്കണമെന്ന് പറയണം. “
“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യാം. പണ്ട് നിൻ്റെ കൈപിടിച്ച് ചെയ്ത പ്രോമിസുകൾ ഇപ്പോൾ നിറവേറ്റും. “
തുളസി ഹരിയുടെ തോളിലേക്ക് കിടന്നു. അവളെ ചേർത്ത് പിടിച്ചും കൊണ്ടവൻ വണ്ടിയോടിച്ചു.
സ്റ്റീരിയോയിൽ നിന്നും പുരന്ദരദാസ് എഴുതിയ “ഏലമ്മാ തുളസി, കോമളവേണി” എന്ന ഗാനം ഒഴുകി.
. #പ്രണയകഥ
✍️✍️നിഷ പിള്ള


2 Comments
Nice 👍
കഥാനായികയുടേയും ഇടയിൽ പെട്ടു പോയ രേഖ എന്ന പെൺകുട്ടിയുടെ ജീവിതവും കശക്കി എറിയുന്ന ദുർവാശി.
👍