ഒറ്റയ്ക്കുനിൽക്കുക എന്ന കാര്യം നമുക്കെന്നും ഭയപ്പാടുളവാക്കുന്നതാണ്. അതുകൊണ്ടാണ് നാം നമ്മെത്തന്നെ എന്തിലെങ്കിലും കുരുക്കിയിടുന്നത്. അടുത്തു കാണുന്ന ആശ്രയത്തിൽ ചുറ്റിപ്പിടിക്കുന്നതും. അതിനെ നാം സോഷ്യൽ ലൈഫ് എന്നാണ് പറയുന്നത്. പിന്നീട് ആ കുരുക്ക് മുറുകിയും അഴഞ്ഞും അഴിച്ചെടുത്തും വീണ്ടും മുറുകി മുറുക്കി അഴിയാക്കുരുക്കായും തീരുന്നുവെന്നത് വേറെ കാര്യം. ഊരാക്കുടുക്കാണ് ജീവിതം എന്നു പറയുമ്പോൾത്തന്നെ നമ്മളെല്ലാം ഒരു വീട്ടുമൃഗമായി കെട്ടിയിടപ്പെടാനാഗ്രഹിക്കുന്നുമുണ്ട്. ആരെങ്കിലുമൊക്കെയുണ്ട് നമുക്കെന്ന തോന്നലുണ്ടാക്കുന്നത് നാം മണ്ണിലും പെണ്ണിലും നാട്ടിലും വീട്ടിലും എഴുത്തിലും വായനയിലും ജോലിയിലും കൂലിയിലും സൊസൈറ്റിയിലും നമ്മെത്തെന്നെ കുരുക്കിയിടുമ്പോഴാണ്.
പെൺകുട്ടികളെയാണ് കൂടുതലും നാം ചിട്ടവട്ടങ്ങളിലും അബദ്ധ ധാരണകളിലും നിലവിലെ വ്യവസ്ഥകളിലും അസ്വാതന്ത്ര്യത്തിലും മറ്റും കെട്ടിയിടുന്നത്. നൂലുകെട്ടി കാതും മൂക്കും കുത്തി കയ്യിലും കാലിലും വളയും തളയും കെട്ടി ആടയാഭരണങ്ങൾ നിഷ്കർഷിച്ച് തളച്ചിടുന്നു എന്നവർ പറയും. പങ്കു വയ്ക്കുമ്പോളവർക്ക് കുറഞ്ഞു പോവുന്നതും പാകം നോക്കി വിളമ്പുമ്പോളവൾക്ക് ബാക്കിയെന്തെങ്കിലും മതിയെന്നു വയ്ക്കുന്നതും സുഖസൗകര്യങ്ങളിലും വിദ്യാഭ്യാസകാര്യത്തിലും ജോലിക്കാര്യത്തിലും ജൻ്റർ ലെവലു നോക്കുന്നതും അർഹത അളക്കുന്നതിൽ അത്രയൊന്നുമവർക്ക് വേണ്ടെന്നു വയ്ക്കുന്നതും കുടുംബത്തിൽ സാധാരണമാണ്. അതു ചെയ്യരുത്, ഇതു പാടില്ല, അങ്ങോട്ട് പോവരുത്, ഇവിടെ വരെയേ വരാവൂ, എന്നൊക്കെയുള്ള കുരുക്കുകൾ, അരുതുകൾ, ആവായ്കകൾ പഠിപ്പിക്കുന്നതും കൂടിയാണ് പെൺ പാരൻ്റിംഗ് എന്നത് ഒരു സർവ്വസാധാരണ സദാചാര നിയമമാണ്.
പെൺകുട്ടികളെ അഴിച്ചു വിട്ടിരിക്കയാണ്, ഇവർക്കൊന്നും ചോദിക്കാനും പറയാനുമാരുമില്ലേ, ഇവരുടെ വീട്ടിൽ ആമ്പിറന്നോന്മാരാരുമില്ലേ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, എന്ന മനോഭാവം നമുക്കെല്ലാവർക്കുമുണ്ട്. റോട്ടിലും ബസ്സിലും പൊതുസ്ഥലത്തും ഒറ്റയ്ക്കു വന്നു നിൽക്കുന്ന പെണ്ണ് എല്ലാവരുടേയും കണ്ണുടക്കി ഒരു നോട്ടക്കുരുക്കിൽ പെടുന്നുണ്ട്. റീൽസും പ്രാങ്കും ഫ്ലാഷ് മോബും പറ്റിക്കൽ വീഡിയോയും എടുക്കാനുള്ള യുട്യൂബർമാരുടെ പബ്ലിക്കിനു നേരെയുള്ള തന്ത്രപരമായ കുരുക്കാണോയിതെന്നു സംശയിക്കുന്നതാണിപ്പോഴത്തെ കാലം.
ജാതകവും ചേർച്ചയും മാട്രിമോണിയും സ്ത്രീധനവും ആലോചനയും ഇടപാടും നടത്തി അറേഞ്ച്ഡ് മാര്യേജ് കുരുക്കിലാക്കുന്ന പെണ്ണിനെ ഇപ്പോൾ ബാധിച്ചിരിക്കുന്നത് അസന്തുഷ്ടിയുടെയൊരു ഇൻസ്റ്റഗ്രാം ടൈ അപ്പ് ടാഗാണ്. ഉടക്കും ഈഗോ ക്ലാഷും കേസും കൂട്ടവും ഡൈവോഴ്സും ആരോപണവും സെറ്റാവാതിരിക്കലും പോലുള്ള കുരുക്കുകളിൽ നിന്നും കുടുംബത്തെ കാക്കുക ഒരു വലിയ ടാസ്കാണ്.
ന്യൂജെൻ വൈവാഹികത്തിൽ, അടുക്കളയിൽ തളച്ചിട്ടതും വീട്ടുപകരണമായി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ കുരുക്കിയിട്ടതും മുറിക്കകത്ത് അടച്ചിട്ടതും സ്വപ്നങ്ങളെ കുടുക്കിയിട്ട് കുരുട്ടു ജീവിതമാക്കിയതിൻ്റേയും പഴിയാണ് പതിയ്ക്കും അവരുടെ വീട്ടുകാർക്കും പരാതിയായി പത്നിക്ക് വിളമ്പാനുള്ളത് എന്നത് തോന്നിയവാസത്തിൻ്റെ പൊതുബോധത്തോടുള്ള ഒരു ഫെമിനിയൻ ടൈ അപ്പാണ്.
പീഡനത്തിൻ്റേയും അവഗണനയുടേയും സൈക്കോയുടേയും ലഹരി അഡിക്ടിൻ്റേയും കുരുക്കിൽ പെട്ടു പോവുന്നവർ ഒടുവിൽ മുകളിൽ നിന്നുമൊരു ആത്മഹത്യയുടെ കുടുക്കു മുറുക്കുമ്പോൾ എഴുത്തും വായനയും കുരുത്തംകെട്ടതാവുന്നു.


2 Comments
നന്നായെഴുതി👍❤️
👍