“ഇല്ല. ഞാൻ സമ്മതിക്കില്ല. ഞാൻ ഉള്ളപ്പോൾ വീണ്ടും ഒരു ഭാര്യയോ? എനിക്ക് വേറൊരു ഭർത്താവ് കൂടി വേണം എന്ന് പറഞ്ഞാൽ ഇക്കാക്ക് പറ്റുമോ?”
നസീറ ഫോണിലൂടെ പൊട്ടിതെറിച്ചു.
“എടീ ഇസ്ലാമിൽ പുരുഷന് മൂന്ന് കല്യാണം കഴിക്കാം. ഞങ്ങൾ തമ്മിൽ സ്നേഹിച്ചു പോയി. പിരിയാൻ പറ്റില്ല. നിനക്ക് ഒരു കുറവും വരില്ല.” അബ്ബാസ് നസീറയെ സമാധാനിപ്പിച്ചു.
“ഇല്ല ഇക്കാ ഞാൻ സമ്മതിക്കില്ല. എന്നെ കൊന്നിട്ട് നിങ്ങൾ വേറെ കെട്ടിക്കോ. ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.” ആയിഷ ഫോൺ വെച്ച് കട്ടിൽ വീണു പൊട്ടി കരഞ്ഞു.
“എന്താ മോളേ പ്രശ്നം?” സുലൈഖ ഉമ്മ വന്നു ചോദിച്ചു. മറുപടിയായി നസീറ അമ്മായിഉമ്മയുടെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു.
“എന്ത് പറ്റി എന്റെ മോൾക്ക്. അബ്ബാസ് വഴക്ക് പറഞ്ഞോ?” റൂമിലേക്ക് വന്നു കൊണ്ട് അബ്ബാസിന്റെ ഉപ്പ ചോദിച്ചു.
നസീറ മറുപടി ഒന്നും പറയാതെ കരച്ചിൽ തുടർന്നു.
“മോൾക്ക് എന്തോ സങ്കടം ഉണ്ട്, അത് കുറച്ചു കരഞ്ഞു തീർക്കട്ടെ. അത് കഴിഞ്ഞിട്ട് മോള് പറഞ്ഞാൽ മതി. മകന്റെ ഭാര്യ ആയിട്ടല്ല ഞാനും ഇവളും നിന്നെ കണ്ടത്. സ്വന്തം മോളേ പോലെയാ. അത് കൊണ്ട് മോൾക്ക് ഒരു സങ്കടവും വേണ്ടാ. നിന്റെ കൂടെ ഞാനും ഇവളും ഉണ്ടാകും.” അവളെ സമാധാനിപ്പിച്ചു കൊണ്ട് യൂസഫ് ഹാജി പുറത്തേക്ക് പോയി.
കല്യാണം കഴിഞ്ഞ ആദ്യ രാത്രി തന്നെ അബ്ബാസ്‌ക്ക എന്നോട് പറഞ്ഞിരുന്നു എനിക്ക് ഒരു നഷ്ടപ്രണയം ഉണ്ടെന്ന്. സ്കൂൾ കോളേജ് കാലഘട്ടത്തിൽ പലർക്കും ഉണ്ടാകുന്ന ഒരു പ്രണയം അത്രയേ ഞാൻ കരുതിയുള്ളൂ.
പക്ഷേ എല്ലാറ്റിനും കാരണം സ്കൂളിലെ ആ പൂർവ വിദ്യാർത്ഥി സംഗമം ആയിരുന്നു. അവിടെ വെച്ചാണ് അബ്ബാസ്ക്ക അവളെ വീണ്ടും കാണുന്നത്.
അവൾ ഭർത്താവിൽ നിന്നും ഡിവോഴ്സ് ആണ്. അന്ന് അവളെ വീണ്ടും കണ്ട് തിരിച്ചു വന്നത് മുതൽ അവളെ കുറിച്ച് തന്നെയാ അബ്ബാസ്‌ക്ക സംസാരിച്ചു കൊണ്ടിരുന്നത്.
ഇതൊക്കെ കഴിഞ്ഞു ഖത്തറിൽ പോയ ശേഷം ആണ് അബ്ബാസ്‌ക്കയുടെ സ്വഭാവം മാറിയത്.
എല്ലാ ദിവസവും ഫോൺ വിളിക്കുന്ന അബ്ബാസ്‌ക്ക ഫോൺ വിളി ഇല്ലാതായി. വാട്സാപ്പിൽ അയക്കുന്ന മെസ്സേജ്ന് റിപ്ലൈ ഇല്ലാതായി.
അപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു.
പഴയ കാമുകിയുമായി ഫോൺ വിളിയും ചാറ്റിങ്ങും ആയിരിക്കുമെന്ന്.
ഏറെ ദിവസങ്ങൾക്ക് ശേഷം ഇക്ക ഇന്ന് ഫോൺ വിളിച്ചപ്പോൾ ഏറെ സന്തോഷത്തിൽ ആണ് ഫോൺ എടുത്തത്.
പക്ഷേ ഇക്ക വിളിച്ചത്, രണ്ടാം വിവാഹം കഴിക്കുന്ന കാര്യം പറയാൻ ആണ്. പടച്ചോനേ എന്തൊരു പരീക്ഷണം. എനിക്ക് കിട്ടേണ്ട സ്നേഹവും മറ്റും, എല്ലാം മറ്റൊരാൾക്ക് കൂടി പങ്കിടണമെന്ന്.
സങ്കടം കൊണ്ട് മനസ്സ് നീറുമ്പോഴും, ആകെ ആശ്വാസം തോന്നിയത്, താൻ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിക്കുന്ന അബ്ബാസ്‌ക്കാന്റെ ഉമ്മയും ഉപ്പയും തന്റെ ഭാഗത്ത് ഉണ്ടല്ലോ എന്നതായിരുന്നു.
ഉമ്മയുടെയും ഉപ്പയുടെയും പരസ്പരം ഉള്ള സ്നേഹം കാണുമ്പോൾ ശരിക്കും അസൂയ തോന്നാറുണ്ട്.
തമാശയായിട്ട് ആണെങ്കിലും ഞാൻ അബ്ബാസ്‌ക്കയോട് ഫോണിൽ പറയാറുണ്ട്, നിങ്ങൾ നിങ്ങളുടെ ഉപ്പാനെ കണ്ട് പഠിക്കണം എന്ന്, എന്തൊരു സ്നേഹം ആണ് ഉപ്പാക്ക് ഉമ്മാനോട്. ഉമ്മാക്ക് തിരിച്ചും അതിലേറെ സ്നേഹം.
ഉമ്മയുടെയും ഉപ്പയുടെയും കഥകൾ എല്ലാം അബ്ബാസ്ക്ക എന്നോട് പറഞ്ഞിട്ടുണ്ട്.
അവരുടേത് ഒരു പ്രണയവിവാഹം ആയിരുന്നത്രേ. അത്യാവശ്യം സമ്പന്ന കുടുംബത്തിൽ ജനിച്ച യൂസഫിനു, അയൽ വീട്ടിലെ ഉമ്മയും ഉപ്പയും ഇല്ലാത്ത യതീം പെൺകുട്ടി സുലൈഖയോട് തോന്നിയ അനുകമ്പ പ്രണയം ആയി മാറിയതും, ആ പ്രണയം പൂവണിഞ്ഞതും, എല്ലാം.
ഉമ്മാക്കും ഉപ്പാക്കും രണ്ട് ആൺമക്കൾ ആണ്. എന്റെ അബ്ബാസ്ക്കയും അനിയൻ ബഷീറും. പെൺമക്കൾ ഇല്ലാത്തത് കൊണ്ടാകും, മരുമകൾ ആയി കയറി വന്ന എന്നെ രണ്ടാളും സ്വന്തം മകളെ പോലെ സ്നേഹിച്ചത്.
അബ്ബാസ്‌ക്കാന്റെ അനിയൻ ബഷീറും ഖത്തറിൽ ആണുള്ളത്. നാട്ടിൽ വന്നിട്ട് ബഷീറിനും കല്യാണം കഴിക്കണം. അവന് ആലോചനകൾ വരുന്നുണ്ട്. അതിന്റെ ഇടയിലാണ് അബ്ബാസ്ക്കാക്ക് എന്നെ കൂടാതെ രണ്ടാമത് കെട്ടാൻ മോഹം. ഇതൊക്കെ നാട്ടിൽ അറിഞ്ഞാൽ പാവം ബഷീറിനും പെണ്ണ് കിട്ടൂല്ല. ബഷീറിന്, അവന്റെ ഉപ്പാന്റെ സ്വഭാവം ആണ്. എന്നോടൊക്കെ നല്ല സ്നേഹവും കെയറിങ്ങും ആണ്. ഓരോന്ന് ആലോചിച്ചു നസീറ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
***************************
അബ്ബാസ് ഖത്തറിൽ നിന്ന് നാട്ടിൽ എത്തി.
ആരോടും സംസാരം ഇല്ല. ഗൗരവഭാവം.
“നസീറാ നിന്നെ ഇനിയും എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല. എന്തായാലും എനിക്കവളെ മറക്കാൻ പറ്റില്ല. നീ എതിര് നിന്നാൽ എനിക്ക് നിന്നെ ഒഴിവാക്കേണ്ടി വരും. “
രാത്രി ആയപ്പോൾ അബ്ബാസ് നസീറയോട് പറഞ്ഞു.
അതോടെ രണ്ട് പേരും തമ്മിൽ വാക്കേറ്റം ആയി.
ശബ്ദം കേട്ട്, യൂസഫ് ഹാജി അവരുടെ റൂമിന്റെ ഡോറിൽ പോയി മുട്ടി വിളിച്ചു. നസീറ വാതിൽ തുറന്നു ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു.
“എന്താടാ നിനക്ക് നാണം ഇല്ലേ. നിനക്ക് വേറെ കെട്ടണം എങ്കിൽ ഈ വീട്ടിൽ നിന്നിറങ്ങിക്കോ. അല്ലാതെ ഈ വീട്ടിൽ നടക്കില്ല. “
ഉപ്പാന്റെ വാക്കുകൾ അബ്ബാസിനെ കൂടുതൽ കോപാകുലൻ ആക്കി.
ഉപ്പയും മകനും തമ്മിൽ വാക്കേറ്റം ആയി. അവസാനം ഉപ്പ മകന്റെ മുഖത്ത് കൈ വീശി ഒരടി കൊടുത്തു.
അബ്ബാസ് ഉപ്പാനെ പിറകോട്ട് തള്ളി യൂസഫ് ഹാജി ചുമരിൽ തലയടിച്ചു വീണു.
“അയ്യോ എന്റെ ഉപ്പ…” നസീറ ആ കാഴ്ച കണ്ടു നിലവിളിച്ചു.
“മോനേ ഉപ്പാനെ അടിക്കല്ലടാ..” നിലവിളിയോടെ സുലൈഖയും ഓടി വന്നു.
യൂസഫ് ഹാജിക്ക് ബോധം ഇല്ല.
നിലവിളി കേട്ട് അയൽക്കാർ ഓടി വന്നു.
അയൽക്കാർ എത്തിയപ്പോൾ അബ്ബാസ് എവിടെയോ മുങ്ങി. വന്നവർ യൂസഫ് ഹാജിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. തലയുടെ മർമ്മസ്ഥാനം ഇടിച്ചു വീണതിനാൽ യൂസഫ് ഹാജിയുടെ മരണം സംഭവിച്ചിരുന്നു.
യൂസൂക്കയുടെ മരണ വിവരം അറിഞ്ഞു സുലൈഖ ബോധം കെട്ട് വീണു. ജീവനേക്കാൾ സ്നേഹിച്ച ജീവിതപങ്കാളി,കൂടെ ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ സുലൈഖക്ക് ആവില്ല എന്നത് കൊണ്ട് ആണോ എന്നറിയില്ല, യൂസഫിന്റെ കൂടെ തന്നെ സുലൈഖയും യാത്രയായി. ഒരു ഹൃദയാഘാതം അതിന് കാരണം ആയി എന്ന് മാത്രം.
ഒരേ ദിവസം രണ്ട് മയ്യിത്തുകൾ(മൃതശരീരം),ആ വീട്ടിൽ നിന്ന് പള്ളി പറമ്പിലേക്ക്. മരണത്തിലും വേർപിരിയാതെ അവർ രണ്ട് പേരും ഒന്നിച്ചു ആ വീട്ടിൽ നിന്ന് യാത്രയായി.
***************************
രണ്ട് വർഷങ്ങൾക്ക് ശേഷം.
***************************
ഉമ്മയുടെയും ഉപ്പയുടെയും ഖബറിന്റെ അടുത്ത് വന്നു ബഷീർ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു.
ഉമ്മാ, ഉപ്പാ നിങ്ങള് രണ്ട് പേരും ഒന്നിച്ചു ഒരു ദിവസം പോയപ്പോൾ ഒറ്റപ്പെട്ടു പോയത് ഈ ഞാനാ. ഉപ്പാനെ അബദ്ധത്തിൽ കൊന്നു പോയതാണെങ്കിലും ഉപ്പാനെ കൊന്ന കേസിൽ അബ്ബാസ്‌ക്ക ജയിലിൽ ആണ്.
ഇനി ജയിലിൽ നിന്ന് തിരിച്ചു വന്നാലും ഇക്കാന്റെ കൂടെ ജീവിക്കാൻ നസീറാക്ക് പേടിയാണ്. ഇന്ഷാ അല്ലാഹ്, നസീറ നാളെ നമ്മുടെ വീട്ടിലേക്ക് തന്നെ വരും. എന്റെ ഭാര്യയായി. ഉമ്മയും ഉപ്പയും ജീവിച്ച പോലെ സ്നേഹത്തിൽ മരണം വരെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ.
അസ്സലാമു അലൈക്കും. ഞാൻ പോട്ടെ.
പോകും മുമ്പ് ഒരിക്കൽ കൂടി ബഷീർ ഉമ്മയുടെയും ഉപ്പയുടെയും ഖബറിലേക്ക് നോക്കി.
ഒരേ ദിവസം മരിച്ചത് കൊണ്ട് രണ്ട് മയ്യിത്തുകളും അടുത്തടുത്താണ് ഉള്ളത്.
മരണ ശേഷവും അടുത്തടുത്ത് കിടക്കാൻ ഭാഗ്യം കിട്ടിയവരാണ് എന്റെ ഉമ്മയും ഉപ്പയും. മരണത്തിൽ പോലും വേർപിരിയാതെ അവർ അടുത്തടുത്ത് തന്നെ കിടക്കട്ടെ. അത്രയും ആഴം ഉള്ളതായിരുന്നല്ലോ അവരുടെ പ്രണയം.
✍️
ജിനാസ് വേലാണ്ടി.
#പ്രണയദിനം2026
#നീയുംഞാനും
#കൂട്ടക്ഷരങ്ങൾ


6 Comments
👍
😍👍
വായിച്ചു അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി
👍🏻
👍
നല്ല കഥ👌🌹