“അമ്മായീ“എന്ന് പറഞ്ഞോടി വന്ന് ഇറുകെ പുണർന്നവൾക്ക് ഇന്നും മൂന്നു വയസ്സാണെന്ന് തോന്നി ജാനകിക്ക് .
“എന്റെ കുട്ടി ഒത്തിരി വലുതായി. അമ്മായിയോട് രഹസ്യങ്ങൾ സൂക്ഷിക്കാൻ തക്കം“
ആദ്യം വിടർന്നു വന്ന മിഴികൾ കലങ്ങുന്നത് തെല്ലൊരു വ്യസനത്തോടെ കണ്ടു നിന്നു ജാനകി. നെഞ്ചൊന്നു പിടഞ്ഞു. തന്റെ തീരുമാനം ശരിയാണെന്ന് ഉറപ്പിക്കാൻ അവൾക്ക് ആ നിമിഷം മതിയായിരുന്നു.
“അമ്മായിക്കിഷ്ടമല്ല അജുവിന്റെ പെണ്ണായി, അമ്മായിയുടെ സ്വന്തമായി ഞാനങ്ങോട്ട് വരുന്നത്?”
“നീയിപ്പോഴേ എനിക്ക് സ്വന്തമാണല്ലോ മോളെ, അതിന് ഇങ്ങനെയൊരു പ്രണയക്കുരുക്കിൽപ്പെടണമായിരുന്നോ? എന്റെ മകൻ ആണെങ്കിലും, നിനക്കവൻ ശരിയാവില്ല മോളെ. അച്ഛൻ തൂങ്ങി മരിച്ചതിനു ശേഷം അവന് മൂക്കിൻത്തുമ്പിലാണ് ദേഷ്യം. എപ്പോൾ, എന്ത് പറയുമെന്നോ, ചെയ്യുമെന്നോ പറയാൻ പറ്റില്ല. വേണ്ട മോളെ, നീ സങ്കടപ്പെടുന്നത് അമ്മായിക്ക് കാണാൻ വയ്യ!”
“പണ്ടൊരിക്കൽ ദേഷ്യം വന്നപ്പോൾ അവൻ ഏതോ പട്ടിയേയോ പൂച്ചയേയോ കുരുക്കിട്ട് കൊന്നതാണോ അമ്മായിയുടെ മനസ്സിൽ? അതോ, ഈ കുരുക്കിടുന്ന സ്വഭാവം അവന്റെ ജീനിൽ തന്നെ ഉണ്ടെന്നതോ?”
അമ്മായിയുടെ നിറഞ്ഞ കണ്ണുകൾ തന്നെ വല്ലാതെ നോവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ പൊട്ടിത്തെറിച്ചു. പക്ഷേ, അവൾ പറയാതെ പറഞ്ഞ ഒരു ആത്മഹത്യക്കഥയുടെ രഹസ്യത്തിൽ തരിച്ചു നിൽക്കുകയായിരുന്നു ജാനകിയപ്പോൾ.
