കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ,
നിന്റെ അരിമുല്ല കിനാവിലെ അഴകേറും
പുതുമാരൻ ഇത ഇതാ ഇതാ വരുന്നേ,
പെണ്ണേ ഇത ഇതാ ഇതാ വരുന്നേ
കല്യാണ വീട്ടിൽ സ്ഥിരമായി പാട്ട് പാടുന്ന മുജീബ് മൈക്കിൽ പാട്ട് പാടിക്കൊണ്ടിരുന്നു. കൂട്ടുകാർ കയ്യടിച്ചു പ്രോത്സാഹനം നൽകി. വീടിന്റെ മുമ്പിലെ രണ്ട് തെങ്ങ് മരത്തിൽ കൂട്ടി കെട്ടിയ, ബാനറിൽ, BASHEER AND BUSHRA WEDDING എന്ന് വലുതായി എഴുതിയിട്ടുണ്ടായിരുന്നു.
വലിയ ഒരു ആഘോഷം ഒന്നും ഇല്ലാതെ ലളിതമായ വിവാഹം ആയിരുന്നു അത്. പാട്ടും, ബാനറും ഒക്കെ കൂട്ടുകാർ സംഘടിപ്പിച്ചതാണ്. രാത്രിയാണ് കല്യാണം. ഇഷാഹ് നിസ്കാരം കഴിഞ്ഞു പെണ്ണ് വീട്ടുകാർ ബഷീറിന്റെ വീട്ടിൽ എത്തി. നികാഹ് കർമ്മം നടന്നു. ശേഷം കുറച്ചു ചോക്ലേറ്റ് ലഡു വിതരണം. പെണ്ണ് വീട്ടുകാർ തിരിച്ചു പോയി.
അടുത്തത് പുയ്യാപ്ലയെ ചമയിക്കൽ ആണ്. മുൻഭാഗത്ത് ചെറുതായി മുടി കൊഴിഞ്ഞു കഷണ്ടി പുറത്തു കാണുന്നത് കൂട്ടുകാർ നന്നായി മുടി ചീകി ഒതുക്കി വെച്ചതോടെ ശരിയായി. പുയ്യാപ്ലയെ ചമയിക്കൽ കഴിഞ്ഞു ബഷീർ പുറത്തിറങ്ങിയപ്പോൾ കുടുംബത്തിലെ ഒരു മുതിർന്ന സ്ത്രീ തലയിൽ തലോടി, മോൻക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്നാശംസിച്ചു. കൂട്ടുകാർ കുറേ നേരം കഷ്ടപ്പെട്ട് മുടി ചീകി ഒതുക്കിയതെല്ലാം, ആ തലയിൽ തലോടിയുള്ള ആശംസയിൽ വെറുതെയായി.
പുയ്യാപ്ലയും കൂട്ടരും ഇറങ്ങി. വലിയ പാട്ടും ബഹളവും ഒന്നും ഇല്ലാതെ ആണ് ബഷീറും കൂട്ടരും പെണ്ണ് വീട്ടിൽ എത്തിയത്. ബഷീറിനെ മണിയറയിൽ ആക്കി അവരൊക്കെ പിരിഞ്ഞു പോയി.
നാട്ട് നടപ്പ് പ്രകാരം ആദ്യ രാത്രി ഭാര്യ വീട്ടിൽ ആണ്.
ബഷീർ മണിയറയിലേക്ക് മണവാട്ടി വരുന്നതും കാത്തിരിപ്പാണ്.
മണിയറയിലേക്ക് ഒരു ഗ്ലാസ്സ് പാലുമായി അവൾ കയറി വന്നു. അവൾ അകത്തു കയറിയതും കൂടെ വന്നവർ പുറത്തു നിന്ന് വാതിൽ വലിച്ചടച്ചു. പുറത്തു സ്ത്രീകളുടെ ചിരിയുടെയും കലപില സംസാരങ്ങളുടെയും ശബ്ദം കേൾക്കാം.
പാൽ, ടീപോയിക്ക്, മുകളിൽ വെച്ച് അവൾ പേടിയോടെയും നാണത്തോടെയും അല്പം മാറി നിന്നു. കാത്തിരുന്നു മുഷിഞ്ഞ ബഷീർ അവളുടെ കരം പിടിച്ചു കട്ടിലിൽ അടുത്തിരുത്തി. ബുഷ്‌റ പേടിയോടെ അടുത്തിരുന്നു. ബഷീർ ടീപോയിയിൽ വെച്ച പാൽ എടുത്തു. ബുഷ്‌റക്ക് നേരെ നീട്ടി.
“ആദ്യം നീ കുടി.”
“വേണ്ടാ ഇക്കാ ഞാൻ പാല് കുടിക്കാറില്ല.” അവൾ മുഖം താഴ്ത്തി പറഞ്ഞു.
“അത് പറ്റില്ല. കുറച്ചെങ്കിലും കുടിക്കണം.”
ബഷീർ നിർബന്ധിച്ചപ്പോൾ അവൾ അല്പം കുടിച്ചു. ബാക്കി പാല് ഒറ്റ വലിക്ക് ബഷീർ കുടിച്ചു തീർത്തു.
“എന്റെ കഥയൊക്കെ അറിയാമല്ലോ ബുഷ്‌റാ, ആദ്യ ഭാര്യ എന്നെ ഒഴിവാക്കി പോയപ്പോൾ ഇനി ഒരു വിവാഹമേ വേണ്ടെന്നു കരുതിയതാ ഞാൻ. ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നു അവളെ, ഒരു പാട് വിശ്വസിച്ചിരുന്നു. എന്നെ വേദനിപ്പിച്ചു കൊണ്ട് അവള് കാമുകനോടൊപ്പം പോയപ്പോൾ, ജീവിതം മടുത്തു പോയി. ഉമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് വീണ്ടും ഒരു വിവാഹത്തിന് മനസ്സ് ഒരുക്കിയതും പെണ്ണ് കാണാൻ പോയതും. ഒടുവിൽ എനിക്ക് ഇഷ്ടമായത് നിന്നെയാണ്. ഏറെ കുറേ തുല്യദുഃഖം അനുഭവിച്ചവർ ആണല്ലോ നമ്മൾ രണ്ടാളും. അത് കൊണ്ട് പരസ്പരം മനസ്സിലാക്കി ജീവിതം സന്തോഷത്തോടെ മുമ്പോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുണ്ട്.”
ബഷീർ ബുഷ്‌റയുടെ മുഖത്തേക്ക് നോക്കി സംസാരിച്ചു കൊണ്ടിരുന്നു. തല താഴ്ത്തി എല്ലാം കേട്ട് കൊണ്ടിരുന്ന ബുഷ്‌റ മുഖം ഉയർത്തി ബഷീറിന്റെ മുഖത്തേക്ക് നോക്കി. സങ്കടങ്ങൾ ഒളിഞ്ഞു നിന്ന അവളുടെ കണ്ണുകളിൽ ഒരാശ്വാസം പടരുന്നത് ബഷീർ കണ്ടു.
“ഞാനും നിങ്ങളെ പോലെ ഇനി ഒരു വിവാഹം വേണ്ടെന്ന് തന്നെ കരുതിയതാ.
എന്റെ ആദ്യ വിവാഹം ഓർക്കുമ്പോൾ തന്നെ പേടിയാകും. വിവാഹത്തിന്റെ അന്ന് രാത്രി തന്നെ വീട്ടിൽ വലിയ തല്ല് നടന്നു. പുയ്യാപ്ലയും കൂട്ടരും വരുമ്പോൾ രാത്രി ആയിരുന്നു. വീടിന്റെ അടുത്ത് ഒരു മരണം നടന്നത് കൊണ്ട് പാട്ടും ചെണ്ടയും ഒന്നും പാടില്ല എന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിരുന്നു. അതൊന്നും വക വെക്കാതെ പടക്കം പൊട്ടിച്ചും, ചെണ്ട കൊട്ടി പാട്ടും പാടിയാണ് അവരുടെ ആൾക്കാർ വന്നത്. ഞങ്ങളെ നാട്ടുകാർ നല്ല രീതിയിൽ അവരോട് ചെണ്ട കൊട്ടല്ലേ എന്ന് പറഞ്ഞിട്ടും അവര് കേട്ടില്ല. അവസാനം അങ്ങോട്ടും ഇങ്ങോട്ടും അടിയായി. അതിന്റെ ദേഷ്യം ആദ്യ രാത്രി മുതൽ അയാള് എന്നോട് കാണിക്കാൻ തുടങ്ങിയിരുന്നു.
സംശയരോഗവും ഉണ്ടായിരുന്നു അയാൾക്ക്. നീ അയാളെ നോക്കി. ഇയാളോട് സംസാരിച്ചു എന്നൊക്കെ പറഞ്ഞു, എപ്പോഴും വഴക്കായിരുന്നു. ഉമ്മാക്കും ഉപ്പാക്കും ഒരു ബാധ്യത ആകാതിരിക്കാൻ ഞാൻ എല്ലാം സഹിച്ചു ജീവിച്ചു.
ഒരു ദിവസം അയാള് വീട്ടിലേക്ക് വന്നത് കീറി പറിഞ്ഞ ഷർട്ടും ദേഹത്ത് നിറയെ ചോരയും ഒക്കെ ആയിട്ടായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ബൈക്കിൽ നിന്ന് വീണു എന്നാ പറഞ്ഞത്. അവിഹിത ബന്ധത്തിന് പോയി നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് അടിച്ചതിന്റെ ചോര പാടുകൾ ആയിരുന്നു അത്. സത്യം ഞാൻ അറിഞ്ഞപ്പോൾ അയാള് എന്നോട് കുറേ മാപ്പ് പറഞ്ഞു. എനിക്ക് അയാളോടൊപ്പം ജീവിച്ചു മടുത്തിരുന്നു. ഇത് കൂടി അറിഞ്ഞപ്പോൾ ഞാൻ അവിടുന്ന് ഇറങ്ങി എന്റെ വീട്ടിലേക്ക് പോയി.
ഇനി ഒരു വിവാഹമേ വേണ്ടാ എന്നു തന്നെ ആണ് ഞാനും കരുതിയത്. പക്ഷെ ഉമ്മയുടെയും ഉപ്പയുടെയും കാല ശേഷം ആരാ നിനക്ക് എന്ന എന്റെ ഉമ്മാന്റെ ചോദ്യത്തിന് മുമ്പിൽ വീണ്ടും ഒരു വിവാഹത്തിന് മനസ്സ് ഒരുക്കി തയ്യാറായി.”
പറഞ്ഞു തീരുമ്പോഴേക്കും ബുഷ്‌റ കരഞ്ഞു പോയിരുന്നു.
“ഇല്ല. ഇനി നീ കരയരുത്. വിവാഹ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പരസ്പര സ്നേഹവും വിശ്വാസവും ആണ്. പരസ്പരം വഞ്ചിച്ചു കൊണ്ടുള്ള ജീവിതത്തിന് അധികം ആയുസ്സില്ല. എല്ലാം പടച്ചോൻ കാണുന്നുണ്ടല്ലോ. ഇനിയുള്ള നമ്മുടെ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ. പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. ആമീൻ”
ബഷീർ മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
ആദ്യ രാത്രി ഭാര്യ വീട്ടിൽ കഴിഞ്ഞു. പിറ്റേന്ന് ബഷീർ സ്വന്തം വീട്ടിലേക്ക് പോകാൻ റെഡി ആയി. ഉമ്മയോടും ഉപ്പയോടുംമറ്റു ബന്ധുക്കളോടും യാത്ര ചോദിച്ചു ബുഷ്‌റ ബഷീറിനൊപ്പം യാത്രയായി.
“പടച്ചോനേ എന്റെ മോളെ ഇനിയും പരീക്ഷിക്കല്ലേ.” അവര് പോകുന്നത് നോക്കി നിന്ന ബുഷ്‌റയുടെ ഉമ്മ പ്രാർത്ഥിച്ചു.
ഭർത്താവിന്റെ വീട്ടിലേക്ക് വലത് കാല് വെച്ച് ബുഷ്‌റ അകത്തേക്ക് കയറി. സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതം. ബുഷ്‌റയെ ബഷീറിന്റെ ഉമ്മ പാത്തുവിനും ഇഷ്ടമായി.
“ജസീലയെ പോലെ അല്ല. നല്ല സ്നേഹം ഉള്ള മോള്. എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. എന്റെ മകന് നല്ലൊരു ജീവിതം കിട്ടിയല്ലോ. അൽഹംദുലില്ലാഹ്.” പാത്തുമ്മ മനസ്സിൽ ദൈവത്തെ സ്തുതിച്ചു.
വിവാഹം കഴിഞ്ഞു ഒരാഴ്ച്ചക്ക് ശേഷം, അവർ രണ്ട് പേരും വീണ്ടും ബുഷ്‌റയുടെ വീട്ടിൽ പോയി. ബഷീർ പുയ്യാപ്ലയെ ഭാര്യ വീട്ടുകാർ സ്നേഹത്തോടെ സ്വീകരിച്ചു.
“മോളേ എന്തൊക്കെയുണ്ട് വിശേഷം.” അടുക്കള ഭാഗത്ത് പോയപ്പോൾ ബുഷ്‌റയോട് ഉമ്മയുടെ അനിയത്തി ചോദിച്ചു.
“ആ ഇത്താത്ത സന്തോഷം തന്നെ.” അവളുടെ മറുപടിയിൽ നിന്ന് തന്നെ അവൾ സന്തോഷത്തിൽ ആണെന്ന് വീട്ടുകാർക്ക് മനസ്സിലായി.
“പടച്ചോനെ ഇനിയും എന്റെ മോളെ പരീക്ഷിക്കല്ലേ.” ബുഷ്‌റയുടെ ഉമ്മ മനസ്സിൽ പ്രാർത്ഥിച്ചു.
ഭാര്യ വീട്ടിലെ സൽക്കാരങ്ങൾ കഴിഞ്ഞു രണ്ട് ദിവസം ഭാര്യ വീട്ടിൽ താമസിച്ചു ബഷീറും ബുഷ്‌റയും തിരിച്ചു പോയി. കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ ആയി നാല് മാസങ്ങൾ കടന്നു പോയി. ബഷീറിന് ഖത്തറിലേക്ക് തിരിച്ചു പോകേണ്ട ദിവസം വന്നെത്തി. അതിനിടയിൽ ബുഷ്‌റ ഗർഭിണി ആയിരുന്നു. ബഷീർ പോകുന്ന ദിവസം കൂടെ എയർപോർട്ടിൽ വരെ ബുഷ്‌റയും കൂടെ പോയിരുന്നു. യാത്ര പറയാൻ നേരം ബുഷ്‌റ ബഷീറിന്റെ നെഞ്ചിൽ മുഖം അമർത്തി, പൊട്ടികരഞ്ഞു. അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട് നനഞ്ഞു.
“എടീ ആരെങ്കിലും കാണും.” ബഷീർ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു.
റീൽസ് വീരൻ ആയ ബഷീറിന്റെ അനിയൻ അബ്ബാസ് വീഡിയോ എടുക്കുന്നുണ്ടായിരുന്നു.
“എടാ നീ ഈ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റല്ലേ.”
“ഇല്ല ഇക്കാ. ഇത് നമ്മുടെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലേ ഇടൂ. ഇക്ക പേടിക്കണ്ട.” അബ്ബാസ് പറഞ്ഞു.
ബുഷ്‌റയുടെ കരച്ചിൽ കണ്ട് ബഷീറിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാവരോടും യാത്ര ചോദിച്ചു ബഷീർ എയർപോർട്ടിനുള്ളിലേക്ക് യാത്രയായി. കണ്ണീരോടെ ബുഷ്‌റ ബഷീർ ഉള്ളിലേക്ക് പോകുന്നത് നോക്കി നിന്നു.
വീഡിയോ കാളിലൂടെ മാത്രം കണ്ട് സംസാരിച്ചു വിരഹത്തിൻ വേദനയറിഞ്ഞു വീണ്ടുമൊരു പുനഃസമാഗമത്തിന് വേണ്ടി ദിവസങ്ങൾ എണ്ണി നീക്കി അവർ കാത്തിരുന്നു. ഒമ്പത് മാസങ്ങൾക്കിടയിൽ അവർ രണ്ട് പേരും ഉമ്മയും ഉപ്പയും ആയി. ബഷീറിന് ലീവ് കിട്ടാത്തത് കൊണ്ട് നാട്ടിൽ വരാൻ പറ്റിയില്ല. കൂട്ടുകാർക്ക് മധുരം നൽകി താനൊരു ഉപ്പയായ സന്തോഷം ബഷീർ ആഘോഷിച്ചു.
***************************
രണ്ട് വർഷങ്ങൾക്ക് ശേഷം
***************************
ദോഹയിൽ നിന്ന് പറന്നു വന്ന ഇൻഡിഗോ വിമാനം കണ്ണൂർ എയർപോർട്ടിൽ പറന്നിറങ്ങി. യാത്രക്കാരുടെ കൂടെ ബഷീറും വിമാനത്തിൽ നിന്ന് പുറത്തിറങ്ങി.
എയർപോർട്ടിന് പുറത്തു അവന്റെ പ്രിയപ്പെട്ട ബുഷ്‌റയും, അനിയൻ അബ്ബാസും, കാത്തിരിക്കുന്നുണ്ടായിരുന്നു. ബുഷ്‌റയുടെ കയ്യിൽ അവൻ ആദ്യമായി കാണുന്ന അവന്റെ മകളും.
എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ, കാറിന്റെ പിറകിലെ സീറ്റിൽ ബഷീറും ബുഷ്‌റയും മകളും ഇരുന്നു.
“ഇക്കാ ചായ കുടിക്കണോ? വേണമെങ്കിൽ ഏതെങ്കിലും ചായ കടയുടെ മുമ്പിൽ വണ്ടി നിറുത്താം.” അബ്ബാസ് ഡ്രൈവിങ്ങിന് ഇടയിൽ ബഷീറിനോട് ചോദിച്ചു.
വേണ്ടടാ എന്തായാലും വീട്ടിലേക്ക് അല്ലേ പോകുന്നത്. വീട്ടിൽ എത്തിയിട്ട് കുടിക്കാം. അത്ര ദൂരമല്ലേ ഉള്ളൂ വീടെത്താൻ. ബഷീർ പറഞ്ഞത് കേട്ടപ്പോൾ അബ്ബാസ് കാറിന്റെ സ്പീഡ് കൂട്ടി.
കാർ വീട്ടിൽ എത്തി. കയ്യിലുള്ള പെട്ടിയും ലാഗേജും ഇറക്കാൻ അബ്ബാസ് സഹായിച്ചു. വീടിന്റെ വാതിൽക്കൽ കാത്ത് നിൽക്കുന്ന ഉമ്മാന്റെ കവിളിൽ, ബഷീർ മുത്തം നൽകി. വാതിൽക്കലെ കസേരയിൽ ഇരുന്ന് ബഷീർ ഉമ്മാനോട് കുറച്ചു നേരം സംസാരിച്ചു.
രാത്രിയായി. ബഷീർ ഉറങ്ങി കിടക്കുന്ന മോളെ തന്നെ നോക്കി കിടക്കുകയാണ്. ഒരു ഗ്ലാസ് പാലുമായി ബുഷ്‌റ റൂമിലേക്ക് വന്നു. ബഷീർ അവളുടെ കൈകൾ കോർത്തു പിടിച്ചു കട്ടിലിൽ ഇരുത്തി.
രണ്ട് വർഷങ്ങൾക്ക് ശേഷം ഉള്ള കണ്ടു മുട്ടൽ. വീണ്ടും ഒരു ആദ്യ രാത്രി.
ബഷീർ കട്ടിലിൽ കിടന്നു. അവന്റെ നെഞ്ചിൽ തല ചായ്ച്ചു ബുഷ്‌റ കിടന്നു.
“എടീ ഈ പ്രവാസി ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഒരു പ്രത്യേകത എന്താണെന്നു അറിയാമോ?”
അവൾ അറിയില്ല എന്ന് തലയാട്ടി.
“നമ്മൾ പ്രവാസികൾക്കു മാത്രം ഉള്ളതാണ് ഒന്നിലേറെ ആദ്യ രാത്രികൾ. നാട്ടിൽ തന്നെ സ്ഥിരം ഉള്ളവർക്ക് വിവാഹം കഴിഞ്ഞ അന്നേ ആദ്യ രാത്രിയുടെ ഫീൽ കിട്ടൂ. എന്നാൽ പ്രവാസികൾക്കു ഇത് പോലെ ഒന്നര രണ്ട് വർഷം കഴിഞ്ഞു നാട്ടിലേക്ക് വന്നു വീണ്ടും ഇങ്ങനെ ഭാര്യമായി ചേർന്ന് കിടക്കുമ്പോൾ വീണ്ടും ഒരു ആദ്യ രാത്രിയുടെ ഫീൽ കിട്ടും. അത് വിവാഹം കഴിഞ്ഞ ആദ്യ രാത്രിയെക്കാൾ മധുരമുള്ളത് ആയിരിക്കും. അന്ന് ഒരു പരിചയവും ഇല്ലാത്ത രണ്ട് ആൾക്കാർ അല്ലേ. ഇന്ന് പരസ്പരം മനസ്സിലാക്കി രണ്ട് ശരീരവും, ഒരു മനസ്സും പോലെ ഒന്നായവർ ഒന്നിക്കുന്ന വീണ്ടുമൊരു ആദ്യ രാത്രി.” ബഷീർ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“ആ ഇക്ക പറഞ്ഞത് ശരിയാ. പക്ഷേ ഇക്കാ നമുക്ക് ഉടനെ ഒന്നും ഇനി മക്കള് വേണ്ടാട്ടോ. ഫിദ മോള് കുറച്ചു വലുതാകട്ടെ. ഇങ്ങള് മധുരം അനുഭവിച്ചു അങ്ങ് പോകും. നൊന്ത് പ്രസവിക്കേണ്ടത് ഞങ്ങൾ പെണ്ണുങ്ങളാ.”
ബുഷ്‌റയുടെ വാക്കുകൾ കേട്ട് ബഷീർ പൊട്ടിചിരിച്ചു.
മനസ്സും ശരീരവും എല്ലാം പങ്ക് വെച്ച് പാതിരാത്രി എപ്പോഴോ അവർ ഉറങ്ങി പോയി. ബഷീർ ഉറക്കം ഉണരുമ്പോൾ ബുഷ്‌റ അടുത്തില്ല. അവൾ അടുക്കളയിൽ പോയിരുന്നു.
ബഷീർ ഫോൺ എടുത്തു ഫേസ് ബുക്ക് നോക്കി. ആദ്യം ഇഷ്ടപ്പെട്ട റീൽസുകൾ കണ്ടു. പിന്നെ മറ്റു പോസ്റ്റുകൾ നോക്കി. അതിനിടയിൽ ആണ് ബഷീർ ആ വാർത്ത കണ്ടത്.
ഭർത്താവിന്റെയും ഭർത്താവിന്റെ വീട്ടുകാരുടെയും പീഡനത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത യുവതിയുടെ ഫോട്ടോ കണ്ട് ബഷീർ ഞെട്ടി. വർഷങ്ങൾക്ക് മുമ്പ് തന്നെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ ജസീല.
ആ ഫോട്ടോ കണ്ട് തരിച്ചു നിക്കുമ്പോൾ അടുക്കളയിൽ നിന്നും ചായയുമായി ബുഷ്‌റ റൂമിൽ എത്തി.
“എടീ ഇത് കണ്ടോ, എന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തു. പാവം. ഞാൻ അവളെ ഒരു പാട് സ്നേഹിച്ചിരുന്നു. അവൾക്ക് പകരം നീ എന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ് എന്റെ ദുഃഖങ്ങൾ മാറിയത്. എന്നെ ഉപേക്ഷിച്ചു പോയവൾ ആണെങ്കിലും ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പോൾ ഒരു വിഷമം.”
“വിഷമിക്കണ്ട ഇക്കാ. ചതിക്കുന്നവരുടെയൊക്കെ അവസ്ഥ അവസാനം ഇത് തന്നെ ആയിരിക്കും. പടച്ചോൻ അവൾക്ക് എല്ലാം പൊരുത്തപ്പെട്ടു കൊടുക്കട്ടെ.” ബുഷ്‌റ ബഷീറിനെ സമാധാനിപ്പിച്ചു.
ബഷീറിന്റെ മോള് ഉറക്കിൽ നിന്ന് എഴുനേറ്റ് കരയാൻ തുടങ്ങി. ബഷീർ അവളെ കയ്യിൽ എടുത്തു. ഫിദ മോളുടെ കരച്ചിൽ നിന്നു.
“ഇത് പോലെ ഓരോ അമ്മയും അച്ഛനും കൊഞ്ചിച്ചു വളർത്തിയതാ ഓരോ പെണ്മക്കളെയും. ഭർത്താവിന്റെ വീട്ടിലെ പീഡനവും, ആത്മഹത്യയും എല്ലാം ഒരു നിത്യ സംഭവം ആയി മാറി. അവളുടെ ഭർത്താവിന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ഇതും ഒറ്റപെട്ട നിത്യ സംഭവത്തിന്റെ പട്ടികയിൽ മറ്റൊന്ന് കൂടി, അതേ ഉള്ളൂ, അത്രയേ ഉള്ളൂ.”
ബഷീർ ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
✍️ജിനാസ് വേലാണ്ടി.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#വിവാഹരാത്രി


9 Comments
ഇന്നത്തെ ചുറ്റുപാടുകളും, പ്രവാസി ഭർത്താവിൻെറ ജീവിതവും ചേർത്തുവച്ച നല്ലൊരു കഥ- ഇഷ്ടപ്പെട്ടു👌. ❤️👍
Thanks🙏🙏🙏
രണ്ടാം ആദ്യരാത്രിയും ചേർത്ത് നന്നായെഴുതി👍❤️
എല്ലാവർക്കും നന്ദി 🙏
നല്ലെഴുത്ത്. പ്രവാസികളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്ന രചന👌🙏❤️
വായനക്കും അഭിപ്രായത്തിനും നന്ദി
നന്നായി എഴുതി 👍
താങ്ക്സ്
നല്ല രചന.👍👏