അല്ലാ സുബേറേ ഇങ്ങള മോൻക്ക് പെണ്ണ് ശരിയായോ?
ഇല്ല മൂസക്കാ ഒന്നും ശരിയായില്ല.. കുറേ ആയി നോക്കുന്നു. ഒന്നും ശരിയായില്ല.
കാലം മാറിപോയി, സുബേറേ. പണ്ടൊക്കെ പെൺമക്കൾ ഉള്ള വീട്ടുകാർക്ക് പേടിയായിരുന്നു.. എന്തായിരുന്നു അന്നത്തെ കാലത്തെ പുയ്യാപ്ലയുടെ ഡിമാൻഡ്.. സ്ത്രീധനം വേണം. പൊന്ന് വേണം. ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കുമ്പോഴേക്കും, കുട്ടിയുടെ ഉപ്പ കടത്തിൽ മുങ്ങി പോകും. ആ എന്തിനും ഒരു തിരിച്ചടി ഉണ്ടാകും അതാണ് പ്രപഞ്ച സത്യം.
കല്യാണ വീട്ടിൽ കൂടിയവർ തമ്മിൽ സൊറ പറയുകയാണ്.. ഇന്ന് അബ്ബാസിന്റെ മകൾ അമീറയുടെ വിവാഹം ആണ്.
അല്ലാ നമ്മളെ അന്ത്രൂക്കാക്ക് അടി കിട്ടി എന്ന് പറയുന്ന കേട്ടല്ലോ.. ഇടയിൽ കയറി നജീബ് ചോദിച്ചു..
ആ മൂപ്പർക്ക് നല്ലോണം അടി കിട്ടിയിന്.. മൂപ്പരെ മോൻക്ക് പെണ്ണ് കിട്ടാത്തത് കൊണ്ട് മൂപ്പര് കോളേജിന് മുമ്പിൽ പോയി നിന്നു.. നല്ല ഏതെങ്കിലും കുട്ടിയെ കണ്ടാൽ വീട്ടിൽ പോയി അന്വേഷിക്കാം എന്നാ കരുതിയത്.. പക്ഷേ വായ്നോട്ടം ആണെന്ന് കരുതി നാട്ടുകാർ ഇടിച്ചു പഞ്ഞിക്കിട്ടു.. ആൺമക്കൾ കാരണം അനുഭവവിക്കാനാ ഇപ്പോൾ ഉപ്പമാർക്ക് യോഗം. നമ്മുടെ ഒക്കെ കല്യാണ സമയത്ത് എന്തായിരുന്നു പുയ്യാപ്ലയുടെ ഒരു ഡിമാൻഡ്..
അല്ലാ നജീബെ നിന്റെ മോന്റെ കല്യാണം എന്തായെടാ..
ഓന്റെ കാര്യം ഒന്നും പറയാത്തതാ നല്ലത്.. ഓന് ഒരു പെണ്ണിനെ കണ്ടു രണ്ടാൾക്കും. ഇഷ്ട്ടപ്പെട്ടു.. എല്ലാം ശരിയായി വരുമ്പോൾ അവനു ഒരു സംശയം കുട്ടി അത്ര പോരാ എന്ന്, വീണ്ടും അവളെ തന്നെ കാണാൻ പോയി.. ഒരു സംശയം തീരാത്തവനാ എന്റെ മോൻ.. അങ്ങനെ മൂന്നാമതും അതേ പെണ്ണിനെ കാണാൻ പോയപ്പോൾ പെണ്ണിന്റെ ഉപ്പ, എന്റെ മോളെ നിനക്ക് കെട്ടിച്ചു തരൂല്ലെടാ ഹമുക്കേ എന്നും പറഞ്ഞു, കൊടുവാളും എടുത്തു ഓന്റെ പിറകേ ഓടി., അങ്ങനെ ആ ആലോചനയും മുടങ്ങി..
ആ ഇന്ന് പുയ്യാപ്ലക്ക് ഒന്നും ഒരു വിലയില്ലാതായി.. പണ്ട് ഒരു കല്യാണത്തിന് പോയപ്പോൾ അവിടെ ഭക്ഷണം വിളമ്പാൻ ഒരു പാട് വൈകി.. എന്താ കാര്യം. കെട്ടാൻ പോകുന്ന വരന്റെ അളിയന്റെ (പെങ്ങളുടെ ഭർത്താവ്)വീട്ടുകാർ എത്തിയില്ല. അതാ ഭക്ഷണം വിളമ്പാൻ ലേറ്റ് ആയത്.. അതാ അന്നത്തെ പുയ്യാപ്ലയുടെ പവർ..
അപ്പോഴാണ് അയൽവാസിയായ ചന്ദ്രൻ കല്യാണ വീട്ടിലേക്ക് കയറി വന്നത്. അബ്ബാസ് അയാളെ സ്വീകരിച്ചിരുത്തി..
അല്ലാ അയൽവാസി വരുന്ന സമയമാ ഇത്.. സംസാരപ്രിയനായ മൂസക്ക ചന്ദ്രന് നേരെ തിരിഞ്ഞു..
ഞാൻ ഇന്നലെ രാത്രി ഇവിടെ തന്നെ ഉണ്ടായിരുന്നു മൂസക്കാ.. ഇന്ന് കുറച്ചു തിരക്കിൽ ആയി പോയി..
ആ ചന്ദ്രാ നിനക്കും ഇല്ലെടാ ഒരു മോൻ. അവനും എന്റെ മോനും ഒന്നിച്ചു പഠിച്ചതാ.. എന്റെ മോൻ കല്യാണം കഴിഞ്ഞു ഒരു കുട്ടിയായി.. നിന്റെ മൂത്ത മോൻ രാജേഷിന്റെ കാര്യമാ ഞാൻ ചോദിച്ചത്..
ആ അവന് പഠിച്ചു നല്ലൊരു ജോലി കിട്ടണം.. ഇന്ന് സർക്കാർ ഉദ്യോഗസ്ഥനെയാ പെണ്ണ് വീട്ടുകാർ നോക്കുന്നത്..
കല്യാണം കഴിക്കുന്നെങ്കിൽ ഒരു മുപ്പത് വയസ്സിനുള്ളിൽ കെട്ടണം.. ആകെ ഇപ്പോൾ മനുഷ്യന് അത്രയേ ആയുസ്സുള്ളൂ.. കുറേ പ്രായം ആയിട്ട് കെട്ടിയിട്ട് എന്ത് കാര്യം..
മൂസക്ക തന്റെ അഭിപ്രായം പറഞ്ഞു..
ഭക്ഷണം കഴിക്കാൻ ഉള്ള വിളി വന്നപ്പോൾ മൂസക്ക സംസാരം നിറുത്തി. എല്ലാവരും ഭക്ഷണം കഴിക്കാൻ എഴുന്നേറ്റു..
അല്ലാ ഞമ്മളെ നസീറിനെ കണ്ടില്ലല്ലോ.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൂസക്ക അന്വേഷിച്ചു..
ഞാൻ അവനെ ക്ഷണിച്ചിരുന്നു.. പക്ഷേ വന്നില്ല. അബ്ബാസ് പറഞ്ഞു..
ആ പണ്ടൊക്കെ ഞങ്ങള് പറയാത്ത കല്യാണത്തിന് വരെ പോകാറുണ്ടായിരുന്നു. ബിരിയാണി തിന്നാൻ ഉള്ള ആഗ്രഹം.. അന്നൊക്കെ പട്ടിണിയും പ്രാരാബ്ദവും ഒക്കെ അല്ലേ.. ഇന്നിപ്പോൾ ക്ഷണിച്ച കല്യാണത്തിന് വരാൻ വരെ ആളില്ല. എല്ലാവർക്കും തിരക്കാ
എന്തൊക്കെ പറഞ്ഞാലും, കല്യാണം എന്ന് പറഞ്ഞാൽ പണ്ടത്തെ കല്യാണം ആണ് രസം..
അന്ന് പുയ്യാപ്ല പോകുമ്പോൾ ഇന്നത്തെ പോലെ വലിയ ബസ്സിന് പകരം ജീപ്പിൽ ആയിരുന്നു പോയിരുന്നത്.. അന്ന് കുട്ടികളായിരുന്ന ഞങ്ങള് ജീപ്പിന്റെ ഉള്ളിൽ കയറാതെ പിറകിലെ സ്റ്റെപ്പിൽ നിന്ന് തൂങ്ങി പിടിച്ചു ഒരു യാത്രയുണ്ട്. അതിന്റെ സുഖം ഒന്നും ഒരു ബസ്സ് യാത്രക്കും കിട്ടൂല്ല..
ഭക്ഷണം വിതരണം ചെയ്യാൻ യൂണിഫോം ഇട്ട കുറച്ചു ആൾക്കാർ ഉണ്ടായിരുന്നു..
പണ്ടൊക്കെ നാട്ടുകാരും, അയൽക്കാരും ഒക്കെ ചേർന്നാണ് കല്യാണം കൂടാൻ വന്ന അഥിതികൾക്ക്, ഭക്ഷണം വിളമ്പുക. ഇപ്പോൾ, ഇതിനും കൂലി കൊടുത്തു ആളെ നിർത്തേണ്ട അവസ്ഥയായി.. ഒരാഴ്ച മുമ്പ് ഞാനൊരു കല്യാണത്തിന് പോയിരുന്നു.. ബഫെയോ, കുഫെയോ എന്തോ കുന്ത്രാണ്ടം ആണ് അതിന്റെ പേര്.. ഞമ്മള് പ്ളേറ്റും എടുത്തു പോയി ഭക്ഷണത്തിന് ക്യൂ നിക്കണം.. ഇതെന്ത് മര്യാദ.. ക്ഷണിച്ചു വരുത്തിയവർക്ക് അതിന്റെ മാന്യതയോടെ ഭക്ഷണം കൊടുക്കണം. ഞാനിതിനൊക്കെ എതിരാണ്..
മൂസക്ക പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ടേ ഇരുന്നു..
വൈകുന്നേരം അസർ നിസ്കാരത്തിനു ശേഷം, വരന്റെ നാട്ടിലെ പള്ളിയിൽ വെച്ചാണ് നികാഹ്. അബ്ബാസും കുറച്ചു ആൾക്കാരും വരന്റെ നാട്ടിലേക്ക് പോയി..
എന്റെ മകളെ ഇത്ര മഹറിന്നു പകരമായി ഞാൻ നികാഹ് ചെയ്ത് കൊടുക്കുന്നു..
ഉസ്താദ് ചൊല്ലി കൊടുത്തത് അബ്ബാസ്സും, അബ്ബാസിന്റെ മകളെ നികാഹ് ചെയ്യുന്ന അജ്നാസും ഏറ്റു ചൊല്ലി. അങ്ങനെ നികാഹ് കർമ്മം കഴിഞ്ഞു.
ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ നേരം അമീറ മോള് ഉപ്പാന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.. അബ്ബാസ് മോളുടെ നെറുകയിൽ ചുംബിച്ചു.. ഉമ്മനോടും മറ്റു ബന്ധുക്കളോടും യാത്ര ചോദിച്ചു അമീറ ഭർത്താവ് അജ്നാസിന്റെ വീട്ടിലേക്ക് യാത്രയായി..
***************************
മകളുടെ വിവാഹം കഴിഞ്ഞ രാത്രി അബ്ബാസിനു ഉറക്കം വന്നില്ല.. ഒരു ഉപ്പാന്റെ കടമകൾ നിറവേറ്റിയ സന്തോഷം മനസ്സിൽ ഉണ്ട്.. വിവാഹത്തിന് നല്ലൊരു പൈസ ചിലവായിട്ടുണ്ട്. അതിന്റെ കുറച്ചു, കടങ്ങൾ ഉണ്ട്. എന്നാലും ജോലിയെടുത്തു കടം വീട്ടാം എന്നൊരു ആത്മവിശ്വാസം മനസ്സിൽ ഉണ്ട്.. മകൾ പടിയിറങ്ങി പോയപ്പോൾ മനസ്സിന് ഒരു വേദന. ഇത്ര നാളും അവളുടെ പേരിനൊപ്പം എന്റെ പേര് ആണ് ചേർത്ത് പറഞ്ഞിരുന്നത്.. അമീറാ അബ്ബാസ്, ഇന്ന് മുതൽ അമീറാ അജ്നാസ്.. അതേ വിവാഹം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ പേരിനൊപ്പം ആണല്ലോ അറിയപെടുക..
അടുത്ത് സുഖമായി, തന്റെ ഭാര്യ, ഉറങ്ങുന്നുണ്ട്
ഇവൾക്ക് ടെൻഷൻ ഒന്നും ഇല്ലേ.. അബ്ബാസ് മനസ്സിൽ ആലോചിച്ചു.
അവളെ ഉണർത്തി കുറച്ചു സംസാരിക്കണം എന്നുണ്ട്.. പക്ഷേ വിളിക്കാൻ തോന്നിയില്ല.
പാവം, കല്യാണത്തിന്റെ ഒരുക്കങ്ങൾക്കായി കുറേ ദിവസമായി പരക്കം പാച്ചിൽ ആയിരുന്നല്ലോ.. അതിന്റെ ഒരു ക്ഷീണം ഉണ്ടാകും. ഇനി അവൾ ഒന്ന് സമാധാനത്തിൽ, ഉറങ്ങട്ടെ..
ഉറങ്ങി കിടക്കുന്ന തന്റെ പ്രിയപ്പെട്ട ഭാര്യയെ നോക്കി നിൽക്കെ, ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുമ്പ് നടന്ന തന്റെ വിവാഹരാത്രി അബ്ബാസിന്റെ ഓർമയിലേക്ക് വന്നു..
***************************
2001 സെപ്റ്റംബർ 3 അന്നായിരുന്നു എന്റെ വിവാഹം.. ഉപ്പാന്റെ തറവാട്ടു മുറ്റത്ത്, കല്യാണ പന്തൽ ഒരുങ്ങി..
കല്യാണ ദിവസം എല്ലാവരെയും പോലെ സന്തോഷത്തിൽ ആയിരുന്നില്ല ഞാൻ..
കുട്ടിക്കാലം മുതൽ എല്ലാവരും പറഞ്ഞു മോഹിപ്പിച്ച ഒരു പെണ്ണുണ്ട്.. അവളുടെ കണ്ണീർ വീഴ്ത്തികൊണ്ടാണ് ഞാൻ മറ്റൊരു പെണ്ണിനെ നികാഹ് ചെയ്യാൻ പോകുന്നത്..
അതേ എന്റെ മുറപ്പെണ്ണ് ആമിന.. അബ്ബാസിന്റെ ആമിന, ആമിനയുടെ അബ്ബാസ് എന്ന് പറഞ്ഞു ഞങ്ങളുടെ രണ്ടാളുടെയും മനസ്സിൽ മോഹങ്ങൾ ഇട്ട് തന്ന് ഇപ്പോൾ വേറെ വിവാഹം കഴിക്കുന്നത് ഉപ്പാന്റെ വാശി കാരണം ആണ്..
എന്റെ അമ്മാവനോടുള്ള ഉപ്പാന്റെ പിണക്കം ആണ് എന്റെയും ആമിനയുടെയും വിവാഹത്തിന് തടസ്സം ആയത്.. ഒന്നിച്ചു ബിസിനസ്സ് തുടങ്ങി ബിസിനസ്സ് പൊളിഞ്ഞപ്പോൾ രണ്ട് പേരും തമ്മിൽ ഉണ്ടായ വാക്ക് തർക്കവും പിണക്കവും കാരണം ആണ് എനിക്ക് എന്റെ ആമിനയെ പിരിയേണ്ടി വരുന്നത്..
ഉപ്പാനെ എതിർക്കാൻ ധൈര്യം ഇല്ല. അനുസരിച്ചിട്ടേ ഉള്ളൂ, ഇന്ന് വരെ..
എന്റെ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് ഞാൻ ആമിനയെ കണ്ടിരുന്നു..
കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന അവളെ വഴിയിൽ ഞാൻ കാത്തിരുന്നു.. അവൾ വലിയ ഗൗരവത്തിൽ ആയിരുന്നു..
എടീ നിനക്ക് എന്നെ പിരിയുന്നതിൽ വിഷമം ഒന്നും ഇല്ലേ. ഞാൻ അവളോട് ചോദിച്ചു..
അബ്ബാസ്ക്കാ. എല്ലാം പടച്ചോന്റെ തീരുമാനം ആണ്.. പടച്ചോൻ നിങ്ങൾക്ക് വേണ്ടി എഴുതിയ പെണ്ണ് അവളായിരിക്കും.
ആമിനയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് കൂടുതൽ സങ്കടമായി..
എടീ നമുക്ക് ഒളിച്ചോടാം. എനിക്ക് നിന്നെ പിരിയാൻ പറ്റില്ലെടീ..
വേണ്ടാ അബ്ബാസ്‌ക്കാ. ഞാൻ അങ്ങനെ ഒളിച്ചോടാൻ ഒന്നും ഇല്ല.
വേറെ പെണ്ണ് കെട്ടി അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ നിങ്ങള് ഈ ആമിനയെ മറക്കും. ഉറപ്പാ..
. അതും പറഞ്ഞു അവള് നടന്നു പോയി. പക്ഷേ ആ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..
ഞാൻ അടുക്കള ഭാഗത്തേക്ക് എല്ലാം പോയി നോക്കി. ഇല്ല ആമിന എന്റെ കല്യാണത്തിന് വന്നിട്ടില്ല.
അമ്മാവനും വന്നിട്ടില്ല. ഉപ്പ പോയി ക്ഷണിച്ചിട്ടില്ല, പക്ഷെ എന്റെ ഏട്ടൻ പോയി, കല്യാണത്തിന് ക്ഷണിച്ചിരുന്നു..
മഗ്‌രിബിന് ശേഷം ആണ് നികാഹ് കർമ്മം.. എന്റെ തറവാട്ടിൽ, വെച്ചാണ് നികാഹ്. സമയമായിട്ടും പെണ്ണിന്റെ വീട്ടിൽ നിന്ന് ആരും എത്തിയില്ല..
അല്പ സമയത്തിനകം പെണ്ണിന്റെ വീട്ടിൽ നിന്ന് ഒരു ഫോൺ വന്നു.. ലാൻഡ് ഫോണിൽ വന്ന കാൾ അകത്തു നിന്ന് എന്റെ പെങ്ങളായിരുന്നു എടുത്തത്..
വീടിനുള്ളിൽ ആകെ ഒച്ചപ്പാടും ബഹളവും..
അതേ കല്യാണ പെണ്ണ് ആരുടെയോ കൂടെ ഒളിച്ചോടി പോയി..
എല്ലാവരും നടുങ്ങി നിക്കുമ്പോൾ എനിക്ക് ഒരു വിഷമവും തോന്നിയില്ല.. കുട്ടിക്കാലം മുതൽ അബ്ബാസിന്റെ ആമിന എന്ന് എല്ലാവരും പറഞ്ഞു മോഹിപ്പിച്ചിട്ട്, അവസാനം വേറൊരു പെണ്ണിനെ നികാഹ് ചെയ്യാൻ ഒട്ടും ഇഷ്ടമില്ലാതെയാണ് ഒരുങ്ങിയത്.. എന്തായാലും കെട്ടാൻ പോകുന്ന പെണ്ണ് ഒളിച്ചോടി പോയത് നന്നായി.. ഞാൻ ആശ്വസിച്ചു..
വീടിനുള്ളിൽ ചർച്ചകൾ നടക്കുന്നു. ഉപ്പ ആരെയോ ഫോൺ വിളിക്കുന്നു.. ഞാൻ ഒന്നിലും ഇടപെടാതെ മാറി നിന്നു.. ഉപ്പ വിളിച്ചത് എന്റെ അമ്മാവനെയായിരുന്നു.. എന്റെ ആമിനയുടെ ഉപ്പാനെ..
എന്റെ അമ്മാവൻ ഒരു പാവം ആയിരുന്നു. ഉപ്പ അങ്ങോട്ട് വിളിച്ചപ്പോൾ മൂപ്പരുടെ പിണക്കം മാറി.
കൂടെ മോളുടെ കണ്ണീരും അമ്മാവന്റെ മനസ്സ് മാറ്റി.
നിശ്ചയിച്ച സമയത്ത് നടന്നില്ലെങ്കിലും അന്ന് രാത്രി തന്നെ, എന്റെയും, ആമിനയുടെയും നികാഹ് നടന്നു. അങ്ങനെ എന്റെയും ആമിനയുടെയും മോഹം സഫലമായി..
പക്ഷേ ആദ്യരാത്രി ആമിന എന്നോട് പിണങ്ങി.. അല്ല മനുഷ്യാ നിങ്ങള് കെട്ടാൻ പോകുന്ന പെണ്ണ് ഒളിച്ചോടി പോയത് കൊണ്ടല്ലേ നിങ്ങള് എന്നെ നികാഹ് ചെയ്തത്.
ഞാൻ നിന്നെ വിളിച്ചതല്ലേ ആമിനാ നമുക്ക് ഒളിച്ചോടി പോകാം എന്ന് പറഞ്ഞതല്ലേ. നീ വരാത്തത് കൊണ്ടല്ലേ..
ആ ഒരു വിളി കൊണ്ട് മാത്രമാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്.. നിങ്ങൾക്ക് ഒക്കെ തോന്നുമ്പോൾ വാക്ക് തരാനും വാക്ക് മാറാനും ഉള്ളതല്ല ഞങ്ങൾ, പെണ്ണുങ്ങൾക്കുമുണ്ട്, അഭിമാനം. ആമിന എന്നോട് പിണങ്ങി ചുമരിന്റെ ഭാഗത്തേക്ക് മുഖം തിരിച്ചു കിടന്നു..
പക്ഷെ ആ പിണക്കത്തിന് അല്പ നേരത്തേ ആയുസേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ എന്തോ തമാശ പറഞ്ഞപ്പോൾ ആമിന പൊട്ടിചിരിച്ചു..
അതോടെ ആ പിണക്കം അവസാനിച്ചു..
വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾ കഴിഞ്ഞാണ് എനിക്കും ആമിനക്കും ഒരു കുഞ്ഞുണ്ടാകുന്നത്.
എന്റെ അമീറ മോള്..
വർഷങ്ങൾ എത്ര പെട്ടെന്നാ കടന്നു പോയത്..
ഇന്നിപ്പോൾ അമീറ മോളും കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോയി..
ആദ്യം അജ്നാസും കൂട്ടുകാരനും ആണ്, എന്റെ മോളെ പെണ്ണ് കാണാൻ വന്നത്. പരസ്പരം രണ്ട് പേർക്കും ഇഷ്ട്ടമായി.
ഒരു സിനിമാകഥ പോലെ ട്വിസ്റ്റ് നടക്കുന്നത് അജ്നാസിന്റെ ഉപ്പാനെ കണ്ടപ്പോൾ ആണ്.. വീട്ടിൽ വെച്ച് കണ്ടപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല..
ഒരു ദിവസം വൈകുന്നേരം പാർക്കിൽ വെച്ച് അദ്ദേഹത്തെ കണ്ടു.
അപ്പോഴാണ് ആ കഥ അയാള് പറയുന്നത്..
അബ്ബാസിന് എന്നെ അറിയില്ലെങ്കിലും എനിക്ക് അബ്ബാസിനെ അറിയാം. അബ്ബാസിന്റെ കല്യാണ ദിവസം പെണ്ണിനേയും കൂട്ടി ഒളിച്ചോടി പോയത് ഞാനാ.. അതും പറഞ്ഞു അയാള് കുറേ ചിരിച്ചു.
ഞാൻ അതിശയത്തിൽ അയാളെ നോക്കി..
ഞാനും അവളും പ്രണയത്തിൽ ആയിരുന്നു.. പിരിയാൻ പറ്റില്ല എന്നായപ്പോൾ ഞങ്ങൾ ഒളിച്ചോടി..
പക്ഷേ ഒന്നര വർഷമേ ഞങ്ങൾ ഒന്നിച്ചു ജീവിച്ചുള്ളൂ.. രണ്ടാളും പിരിഞ്ഞു..
പ്രണയമെന്ന സ്വപ്നലോകത്ത് നിന്ന് ജീവിതമെന്ന യാഥാർഥ്യത്തിലേക്ക് അവൾ ഇറങ്ങി വന്നില്ല.. അവസാനം ഡിവോഴ്സ് ആയി.. പ്രണയ വിവാഹങ്ങൾ ഭൂരിഭാഗവും പരാജയങ്ങൾ ആണ് അബ്ബാസേ.. ഇപ്പൊ, അവളും വേറെ കല്യാണം കഴിച്ചു. ഞാനും വേറെ കെട്ടി.. അൽഹംദുലില്ലാഹ് ഇപ്പോൾ ഹാപ്പി ആണ് ഞാൻ..
എന്തായാലും അന്ന് നിങ്ങൾ അവളെയും കൂട്ടി ഒളിച്ചോടിയത് നന്നായി. അത് കൊണ്ട് എന്റെ പ്രണയം പൂവണിഞ്ഞു. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷമായി അവൾ എന്റെ കൂടെയുണ്ട്.. എന്റെ ഇണയായി തുണയായി.
ഞാൻ, സന്തോഷത്തോടെയും, അഭിമാനത്തോടെയും, പറഞ്ഞു.
എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതാ നല്ലത്.. അതാ ഞാൻ ഇതൊക്കെ നിങ്ങളോട് പറഞ്ഞത്. അയാള് വിശദീകരിച്ചു..
ഒന്നും പ്രശ്നം ഇല്ല. എല്ലാം പടച്ചോന്റെ തീരുമാനം അല്ലേ.. ഞാൻ അയാളെ ആശ്വസിപ്പിച്ചു.
എന്തായാലും അയാളുടെ മകൻ അജ്നാസിന്റെയും, എന്റെ മോള് അമീറയുടെയും വിവാഹം ഭംഗിയായി തന്നെ കഴിഞ്ഞു.. അൽഹംദുലില്ലാഹ്.
അയാള് പറഞ്ഞ, പോലെ നഷ്ട്ടപ്രണയങ്ങൾ എല്ലാം നൊമ്പരകവിതകൾ ആയി മാറുമ്പോൾ, വിജയിച്ച പ്രണയങ്ങൾ മിക്കതും പരാജയ കഥകൾ ആയും മാറിയിട്ടുണ്ട്. പക്ഷേ എന്റെയും ആമിനയുടെയും പ്രണയം പരാജയം ആയിരുന്നില്ല.
എന്താ ഇക്കാ നിങ്ങൾക്ക് ഉറക്കം ഇല്ലേ. എന്താ ഈ ആലോചിച്ചു കിടക്കണേ..
ആമിനയുടെ ചോദ്യം കേട്ട് അബ്ബാസ് ചിന്തകളിൽ നിന്നുണർന്നു..
ഞാൻ പഴയതൊക്കെ ഓർത്തു കിടന്നതാ നമ്മുടെ വിവാഹ ദിവസം എല്ലാം..
അത് ശരി മോളുടെ കല്യാണം കഴിഞ്ഞു പോയി. അപ്പോൾ ഉപ്പ ഇവിടെ സ്വന്തം കല്യാണ ദിവസം ഓർത്തു കിടക്കുകയാ..
അതും പറഞ്ഞു ആമിന വലത്തേ കാല് അബ്ബാസിന്റെ കാലിനു മുകളിൽ കയറ്റി വെച്ച്, വലത്തേ കൈ കൊണ്ട് അബ്ബാസിനെ കെട്ടി പിടിച്ചു വീണ്ടും ഉറങ്ങാൻ തുടങ്ങി..
✍️
ജിനാസ് വേലാണ്ടി.
#എന്റെരചന
#വിവാഹരാത്രി
#കൂട്ടക്ഷരങ്ങൾ.


5 Comments
നന്നായി എഴുതി. ഇതിലെ അബ്ബാസ്👌.
എല്ലാവർക്കും നന്ദി
നന്നായിട്ട് എഴുതി
താങ്ക്സ് കൂട്ടക്ഷരങ്ങൾ
നന്നായി എഴുതി അബ്ബാസിനേയും യും ഇഷ്ടമായി ജിനാസ്👌🌹