ദീപാക്ഷി, പ്രിയപ്പെട്ടവളെ, എന്റെ ഹൃദയത്തിൽ ചുംബിക്കുക.
ചുംബിക്കുക എന്ന് പറയുമ്പോൾ എന്തോ തെറ്റ് ചെയ്യുന്നു എന്ന് കരുതേണ്ട കാര്യമില്ല, ഒരാൾ മറ്റൊരാൾക്ക് പകരുന്ന പ്രണയം മാത്രം. അതിലൂടെ അവരുടെ ഹൃദയത്തിലും ആത്മാവിലും ചിന്തകളിലും മനസ്സിലും ശരീരത്തിലും രക്ത ധമനികളിലും ഓരോ കോശത്തിലും അവർ മറ്റൊരാൾക്കായി കരുതി വച്ചിരിക്കുന്ന അനിർവചനീയമായ, നിരന്തരമായി അവനവന്റെ ഉള്ളിൽ ചേർത്തുവച്ചിരിക്കുന്ന അയാളെ അല്ലെങ്കിൽ അവളെ, അവരിലേക്ക് തന്നെ കൊടുക്കുകയാണ്. ഞാൻ എന്റെ ശരീരത്തിൽ, ചിന്തകളിൽ പേറുന്ന നീ, എന്നെ ഓരോ നിമിഷവും തീ തീറ്റുന്ന നിന്നെ ഞാൻ എന്റെ ചുണ്ടുകളിലൂടെ വൈദ്യുതിയായി കടത്തിവിട്ടു, ശുദ്ധീകരിച്ചു, തിരിച്ചെടുക്കുകയാണ്. എന്റെ രക്തം നിന്നിലൂടെ, നിന്റെ ഹൃദയത്തിലൂടെ കയറിയിറങ്ങി തിരിച്ചു എന്റെ ഹൃദയത്തിൽ വന്നു ചേരുകയാണ്, നിന്റെ ഗന്ധവും, നിന്റെ പ്രണയവും, നിന്റെ ജീവനും എന്റെ ഹൃദയത്തിന്റെ ഭാഗമാക്കാൻ.
ഞാൻ നിന്നോട് ചുംബനം ആവശ്യപ്പെടുകയല്ല, അല്ലാതെ തന്നെ നീയെന്റെ ഉള്ളിൽ കത്തിപ്പിടിച്ചിരിക്കുകയാണ്. സത്യത്തിൽ എന്റെ ശരീരത്തിലും, മനസ്സിലും, ചിന്തയിലും, ആത്മാവിലും, നീ മാത്രമേയുള്ളൂ. ഇത്രയും നീണ്ട ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമാണ്, അത് ഞാൻ തുറന്നു പങ്കുവെക്കുന്നു.
നേരിൽ കണ്ടാൽ നാം പരസ്പരം കടിച്ചുകീറി തിന്നു കളയുമോ എന്നുപോലും ഞാൻ ഭയക്കുന്നു. അത് കൊല്ലാനുള്ള കൊതികൊണ്ടല്ല, മറ്റൊരാളുടെ ശരീരത്തിന്റെ, മനസ്സിന്റെ, ആത്മാവിന്റെ ഭാഗമാകാനുള്ള അദമ്യമായ ആഗ്രഹമാണ്, എന്നെ നിനക്ക് തരണം, നിനക്ക് എന്നെ വേണം. ഭ്രാന്തമായ ഒരവസ്ഥ തന്നെയാണത് , അത് അനുഭവിക്കുക എന്നതാണ് ജീവിതത്തിന്റെ കല.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, സ്വപ്നങ്ങൾക്കപ്പുറത്തുള്ള ഒരു ലോകത്തേക്ക് നാമെന്നെ കടന്നു കഴിഞ്ഞു, നാം വെറും സാധാരണ പ്രണയം പങ്കു വയ്ക്കുന്ന മനുഷ്യരല്ല, നിന്നിലൂടെ കടന്നു പോകുന്നതാണ് ഇപ്പോൾ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും, അത് നൈമിഷികമായ ഒരു ചോദനയല്ല. ഒരു പക്ഷെ വളരെ വര്ഷങ്ങളായി ഞാൻ തേടി കൊണ്ടിരിക്കുന്ന എന്റെ വിശുദ്ധ പ്രണയ സങ്കൽപ്പങ്ങളുടെ ആകെത്തുകയാകാം. അല്ലെങ്കിൽ എവിടെ നിന്നാണ് നീ പൊടുന്നനെ എന്റെ മുന്നിലെത്തിയത്.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, നമുക്കൊരു നിയോഗമുണ്ട്, നമ്മൾ ഇന്ന് വരെ മനസ്സിലാക്കാത്ത, അറിയാത്ത ഏതോ ഒരു നിയോഗം. അതിനിയും തെളിഞ്ഞു വന്നീട്ടില്ല. പിറന്നു വീണ അന്ന് മുതൽ നമ്മൾ രണ്ടുപേരും നമ്മളെ തിരയുകയായിരുന്നു, എവിടെയൊക്കെയോ മറഞ്ഞിരുന്ന നമ്മൾ കണ്ടു മുട്ടുമ്പോൾ, ഒരു അമ്പതു വര്ഷത്തിന്റെ തേടൽ, അന്വേഷണങ്ങൾ, യാതനകൾ, അനുഭവിച്ച കഷ്ടപ്പാടുകൾ, വേദനകളിൽ മാത്രം കഴിഞ്ഞ കഴിഞ്ഞുപോയ കാലങ്ങൾക്ക് ഒരു പരിസമാപ്തി നാം കണ്ടെത്തുകയാണ്.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, നിന്നോട് സംവദിക്കുക എന്നതാണ് ലോകത്തിൽ എനിക്ക് ഏറ്റവും സന്തോഷം പകരുന്ന ഒരേയൊരു കാര്യം. അതിനായി ഞാൻ എന്നും സമയം കണ്ടെത്തുക തന്നെ ചെയ്യും, മറു തലക്കൽ നീ ഇല്ലെങ്കിൽ പോലും ഞാൻ നിന്നോട് നിരന്തരമായി സംവദിക്കുന്നുണ്ട്, നിന്റെ ഹൃദയത്തിനോട്, ആത്മാവിനോട്, നിന്റെ ചിന്തകളോട്.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഇനി കണ്ടെത്തേണ്ടത്, ഈ പ്രപഞ്ചം ഇപ്പോൾ എന്തിനു നമ്മളെ കൂട്ടിമുട്ടിച്ചു എന്നതാണ്, അല്ലെങ്കിൽ നാം നമ്മുടെ ഒറ്റപ്പെട്ട തടവറകളിൽ തുടർന്നേനെ. ആ തടവറകളിൽ നിന്ന് ഇപ്പോഴുണ്ടായ മോചനം എന്തിനാണ്, ഒരു പക്ഷെ ആ ഉത്തരങ്ങൾ നമ്മുടെ ഉള്ളിൽ തന്നെയുണ്ടാകാം, സമയമാകാൻ പ്രകൃതി കാത്തിരിക്കുകയാകാം.
അതിനാൽ നീയെന്റെ ഹൃദയത്തിൽ ചുംബിക്കുക, ഞാൻ നിന്നിലേക്കും, നീ എന്നിലേക്കും പടർന്നു ഈ ലോകമാകെ നിറഞ്ഞു നിൽക്കട്ടെ.
@കാവല്ലൂർ മുരളീധരൻ
