ദീപാക്ഷി – 5 – ഭ്രാന്ത് പിടിച്ച പുഴ-
ദീപാക്ഷി, പ്രിയപ്പെട്ടവളെ, ഭ്രാന്തമായി കുത്തിയൊലിച്ചൊഴുകുന്ന പുഴയാണ് ഞാൻ, വെള്ളച്ചാട്ടങ്ങളും, വളരെ താഴ്ചയുള്ള ചുഴികളും, ഉയർച്ച താഴ്ചകളും, പാറക്കെട്ടുകളും, മണൽ പരപ്പുകളും, അടിയൊഴുക്കുകളും നിറഞ്ഞ പുഴ. അമ്പത് അടി താഴ്ചയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്, അതിനടിയിൽ അതിലേറെ താഴ്ചയുള്ള ചുഴിയുമുണ്ട്, ആ ചുഴിയിൽ പെട്ടാൽ പിന്നെ മൂന്നാം നാളെ പൊങ്ങിവരൂ, അതുവരെ നിന്റെ ശ്വാസം ജലത്തിലൂടെ വലിച്ചെടുത്തുപോലും ഞാൻ എന്റെ ജീവൻ നിലനിർത്തും, നിന്നെ കാണാൻ,നിനക്കെഴുതാൻ, നിന്റെ സ്വപനങ്ങളും, ചിന്തകളും ആവാഹിച്ചു നിന്നിലേക്ക് ഒഴുകിച്ചേരാൻ.
നീ ഒരിക്കൽ എന്നോട് പറഞ്ഞു, അശാന്തമായ നദിയാണ് നീയെന്ന്, കാടുകളും, മേടുകളും കടന്ന്, പാറക്കെട്ടുകളിൽ അടിച്ചു ചിതറി, നമ്മുടെ ആത്മാവുകൾ എന്നാണ് ഒന്നായി ചേരുക. നിന്റെ ഉള്ളിൽ അടച്ചിട്ടിരിക്കുന്ന വേദനകളും, രൗദ്രങ്ങളും, പല്ലുകൾ ഇറുമ്മി നീ കാത്തു വച്ചിരിക്കുന്ന പ്രതികാരങ്ങളും,അശാന്തികളും, നിന്റെയുള്ളിൽ തുടിക്കുന്ന ഇടിമുഴക്കങ്ങളും, പേമാരികളും എന്നിലേക്കൊഴുക്കുമോ, നമുക്കവ നമ്മുടെ പുഴകളിൽ സമ്മോഹനം ചെയ്തു, സ്ഫുടം ചെയ്തു, പ്രണയമാക്കി മാറ്റാം, എന്റെയും നിന്റെയും ഒടുങ്ങാത്ത പ്രണയം.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, ആർത്തലച്ചു വരുന്ന പുഴപോലെയാണ് നമ്മുടെ പ്രണയം, നമ്മുടെ ഹൃദയത്തിനുള്ളിലെ വലിയ വലിയ പാറക്കല്ലുകലെ, നമ്മുടെ പുഴയിൽ ഒഴുക്കിയൊഴുക്കി, ഉരസി, മൃദുല തന്ത്രികളാൽ തുടച്ചു മിനുക്കി വെള്ളാരം കല്ലുകളാക്കും, പ്രണയം ജ്വലിക്കുന്ന വെള്ളാരം കല്ലുകൾ. പുഴയുടെ ഒറ്റപ്പെട്ട ഭാഗത്തു ചെറിയ വെള്ളത്തിന് താഴെ അനങ്ങാതെ കിടക്കുമ്പോൾ, സൂര്യൻ സുവർണ്ണ രശ്മികളാൽ ഉറങ്ങുന്ന നമ്മുടെ പ്രണയം കണ്ടെത്തും. സൂര്യ രശ്മികൾ നമ്മുടെ പ്രണയത്തെ തട്ടിയുണർത്തി, ജ്വലിപ്പിക്കും, നമ്മുടെ പ്രണയം സൂര്യനെപ്പോലെ ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കും.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, പർവതങ്ങളുടെ മുകളിൽ നിന്നുത്ഭവിക്കുമ്പോഴേ ഞാൻ നിന്നെ തിരയുകയാണ്, കാട്ടുമരങ്ങൾക്കിടയിൽ നീ മറ്റൊരു ചോലയായി മറ്റെവിടെയോ ഉത്ഭവിക്കുന്നു. ഒളിച്ചിരിക്കുന്ന നിന്നെ കാണാൻ വേണ്ടിയാണ് ഞാൻ ചിലപ്പോൾ പാറക്കെട്ടുകൾക്കു മുകളിലൂടെ പാഞ്ഞു ഉയർന്നു പൊന്തി എത്തിനോക്കുന്നത്, താഴേയ്‌ത്തുന്നതിന് മുമ്പേ നിന്നെ കണ്ടെത്തിയാൽ, നമുക്ക് ഒന്നിച്ചു ചേർന്നൊഴുകാം, പരസ്പരം കാതുകളിൽ പ്രണയം മന്ത്രിച്ചു, കണ്ണുകളിൽ പ്രണയം പങ്കു വെച്ച്, ആത്മാവും, ഹൃദയവും ഒന്നായി. സ്വപ്ങ്ങളുടെ ഓളങ്ങൾ തീർത്ത്, പ്രണയത്തിന്റെ അനുസ്യൂതമായ ഒഴുക്ക് അനുഭവിക്കാം, ആനന്ദിക്കാം.
ചേർന്നൊഴുകുന്ന നമ്മിലേക്ക് കാട്ടുപൂക്കൾ ചിതറി വീഴും, അവരുടെ സൗരഭ്യവും നമ്മിൽ ചേരും. ചില മരക്കൊമ്പുകൾ താഴ്ന്നിറങ്ങി അവരുടെ ഇലകളാൽ നമ്മളെ ഇക്കിളിപ്പെടുത്തും, ചിലതു താഴ്ന്നിറങ്ങി വന്നു, പെട്ടെന്ന് പൊന്തി, നമ്മിൽ നിന്ന് ശേഖരിച്ച വെള്ളം, ഒരു പ്രാത്ഥനപോലെ, അനുഗ്രഹം പോലെ നമ്മിലേക്ക് തന്നെ കുടയും. ചിലതു അവരുടെ പാകമായ പഴങ്ങൾ നമുക്ക് ഭക്ഷിക്കാനായി, കാറ്റിന്റെ ഇളക്കത്തിൽ അടർന്നു മാറി നമ്മിലേക്ക് വീഴും. കാട്ടു മരങ്ങളുടെയും കാട്ടുപൂക്കളുടെയും ഇടയിലൂടെ ഒഴുകിയൊഴുകി നാം ഔഷധങ്ങൾ നിറഞ്ഞ പുണ്യ നദിയാകും, നമ്മിൽ നിറഞ്ഞു കവിയുന്ന പ്രണയം ആ ഔഷധ ഗന്ധത്തിൽ കൂടുതൽ സൗരഭ്യം ചേർക്കും.
നദിയിൽ പകുതി മുങ്ങി നിൽക്കുന്ന കൃഷണവിഗ്രഹത്തെ നമ്മൾ രണ്ടുപേരും എപ്പോഴും നമ്മുടെ ഹൃദയത്താൽ തുടച്ചു പൂജിച്ചു, ഓളങ്ങളാൽ നാമങ്ങൾ ജപിച്ചു, ജീവൻ തുടിച്ചു നിൽക്കുന്ന ചെയ്തന്യമാക്കി നിലനിർത്തും. ആരാധനയുടെ മൂർദ്ധന്യത്തിൽ, നീ കൃഷ്ണവിഗ്രഹത്തെ പുണർന്നു കണ്ണീരൊഴുക്കി നിൽക്കുമ്പോൾ കുറച്ചു മാറി നിനക്കും കൃഷ്ണനും ഇടയിലുള്ള ദിവ്യമായ ആ പ്രണയം ഞാൻ ആനന്ദാശ്രുക്കളാൽ അനുഭവിക്കും.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, പകൽ സൂര്യൻറെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നതിനേക്കാൾ, രാത്രി ചന്ദ്രന്റെ നിലാവെളിച്ചത്തിൽ മയങ്ങിയൊഴുകുന്ന നിന്നെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. മരങ്ങളുടെയും, ചെടികളുടെയും നിഴലുകളിൽ നിന്റെ മുഖം മറയുമ്പോൾ അറിയാതെ പടരുന്ന ഒരു ആകാംക്ഷയുണ്ടല്ലോ, ഒരു നിമിഷം പോലും കാണാതിരിക്കാൻ കഴിയാത്ത ആകാംക്ഷ, അത് എന്നെ മരങ്ങളിൽ പടർന്നു കയറുന്ന വള്ളിപ്പടർപ്പുകൾ പോലെ വരിഞ്ഞുമുറുക്കും. ആ ആകാംക്ഷയും, വേദനയും ഒരു സുഖമാണ്, പ്രണയത്തിന്റെ സുഖം.
ദീപാക്ഷി, പ്രിയപ്പെട്ടവളെ ചന്ദ്രന്റെ നിലാവെളിച്ചത്തിൽ നീ ശാന്തമായി ഒഴുകുക, നിന്നിലേക്ക് ഒഴുകിച്ചേരാൻ, യാമങ്ങൾ ഇനിയും ബാക്കി
@കാവല്ലൂർ മുരളീധരൻ

1 Comment
Pingback: ദീപാക്ഷി 4 - ചുംബനങ്ങളുടെ നിർവ്വചനങ്ങൾ - By Kavalloore Muraleedharan - കൂട്ടക്ഷരങ്ങൾ