ഗേറ്റു തുറക്കാൻ നന്നേ പാടു പെട്ടു. ഞാൻ പതിയെ മുറ്റത്തേക്ക് നടന്നു. മുറ്റമാകെ കരിയിലകൾ കൊണ്ടു മൂടിയിരിക്കുന്നു. മുറ്റത്ത് വിരിച്ചിരിക്കുന്ന ചുവപ്പും കറുപ്പും ഇടകലർന്ന ടൈലുകൾക്കിടയിലൂടെ പല തരം പുൽനാമ്പുകൾ എത്തി നോക്കുന്നു. അതിലൊരെണ്ണത്തിൽ മനോഹരമായ ഒരു പൂവ്, വെളുത്ത ഇതളുകളുള്ള ഒരു കൊച്ചു പൂവ്. എൻ്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. ഞാൻ മുന്നോട്ട് നടന്നു.
അച്ഛൻ പോയതിനു ശേഷം ആദ്യമായിട്ടാണ് ഈ വീട്ടിലേക്ക് വരുന്നത്. വർഷങ്ങളോളം വാടക വീടുകളിൽ താമസിച്ചിരുന്ന അച്ഛന് ആദ്യമായി ഒരു വീട് സ്വന്തമാക്കിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. എത്രയെത്ര വാടക വീടുകളിൽ മാറി മാറി താമസിച്ചിട്ടുണ്ട്. ഓരോ പതിനൊന്നാം മാസവും ഒരു പുതിയ വീട്… പുതിയ ആൾക്കാർ എല്ലാ പുതുമകളും പഴകുമ്പോഴേക്കും അടുത്ത പ്രയാണത്തിനുള്ള സമയമായിട്ടുണ്ടാവും.
ചുവന്ന ടൈലുകളുടെ തിളക്കം മങ്ങിയിരിക്കുന്നു. ചുമരുകൾക്ക് പണ്ടത്തെ പൊലിമയില്ല. ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് മുമ്പ് തൂക്കിയിട്ട നക്ഷത്രം ഇപ്പോഴും അവിടെ തന്നെയുണ്ട്. ഞാൻ പതുക്കെ വീടിൻ്റെ പിൻവശത്തേക്ക് നടന്നു. വിഷുവിന് നിറയെ പൂക്കുമെന്ന് പറഞ്ഞ് അച്ഛൻ നട്ട കണിക്കൊന്ന കാലം തെറ്റി പൂത്തിരിക്കുന്നു. സ്വർണ്ണ നിറം വിതറിയ പോലെയുള്ള കണിക്കൊന്ന പൂക്കൾ വിഷുവിന് മുമ്പേ വിരുന്നു വന്നിട്ടുണ്ട്.
വീടിൻ്റെ പിൻവശത്ത് അച്ഛൻ നട്ട മുരിങ്ങയും കടപ്ലാവും ഒന്നും തന്നെ കാണുന്നില്ല. പക്ഷേ സബർജിൽ മരം ഇപ്പോഴും അവിടെ തന്നെ ഉണ്ട്. ഒരിക്കലും പൂക്കാതെ നിറയെ ഇലകളുമായ് തളിർത്ത് നിൽക്കുന്നു. ഞാൻ ആ വീടിനെ പ്രദക്ഷിണം വച്ച് വീണ്ടും മുൻവശത്തേക്ക് എത്തി. പൂട്ടിയിട്ട ഇരുമ്പു ഗ്രിൽ തുറന്ന് പ്രധാന വാതിലിൻ്റെ അടുത്തെത്തി.
അതു തുറന്നപ്പോൾ എൻ്റെ കൈകൾ വിറച്ചു മനസ്സിന് എന്തെന്നില്ലാത്ത ഭാരം. കണ്ണുകൾ നിറഞ്ഞു……. ഓരോ പ്രാവശ്യവും ഈ വീട്ടിലേക്ക് വരുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇന്ന് പക്ഷേ അതേ വീട് എന്നെ ഭയപ്പെടുത്തുന്നു….. അനാഥമായി കിടക്കുന്ന ഈ വീടിൻ്റെ നിശബ്ദത എന്നിൽ ഭീതിയുളവാക്കി. അച്ഛൻ്റെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഞാൻ ആ കസേരയിൽ ഇരുന്നു കണ്ണുകളടച്ചു. അച്ഛൻ്റെ ചിരിക്കുന്ന മുഖം എൻ്റെ മുമ്പിൽ. എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അല്ലെങ്കിലും അച്ഛൻ്റ മരണശേഷം എന്തിനെന്നില്ലാതെ എൻ്റെ കണ്ണുകൾ ഇങ്ങനെ നിറഞ്ഞൊഴുകാറുണ്ട് എന്നാൽ അച്ഛൻ എൻ്റെ കൺമുന്നിൽ വെച്ച് മരിച്ചപ്പോഴും അച്ഛൻ്റെ തണുത്ത ശരീരം പലയാവർത്തി സ്പർശിച്ചപ്പോഴും അച്ഛൻ്റെ അന്ത്യകർമ്മങ്ങൾ ചെയ്തപ്പോഴും അസ്ഥികൾ പെറുക്കിയപ്പോഴും ഒന്നും ഞാൻ കരഞ്ഞില്ല. അപ്പോഴെല്ലാം എന്തെന്നില്ലാത്ത ഒരു ധൈര്യമായിരുന്നു.
ഇന്നിപ്പോൾ ഈ വീട്ടിൽ വന്നപ്പോഴാണ് ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നത്. ഇവിടെ എവിടെയോ അച്ഛനുണ്ടെന്ന തോന്നൽ.
ഇല്ല എന്ന് മനസ്സിൽ പല വട്ടം ഉരുവിട്ട് ധൈര്യം സംഭരിച്ച് ഞാൻ എഴുന്നേറ്റു. പുറത്ത് കാൽപെരുമാറ്റം കേൾക്കാം വീട് കാണാൻ വന്നിരിക്കുന്ന വാടകക്കാർ ആണ്. ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ഓരോ മുറിയും അടുക്കളയും എല്ലാം കാണിച്ചു കൊടുത്തു. അവർക്ക് വീട് ഇഷ്ടപ്പെട്ടു. ചെറിയൊരു തുക വാടക ടോക്കൺ ആയി തന്ന് അവർ പുറപ്പെട്ടു.
ഞാൻ വാതിൽ പൂട്ടി പുറത്തേക്കിറങ്ങി നടന്നു. ജീവിത വഴിത്താരയിൽ നാമെല്ലാവരും നടക്കുന്നത് വെളിച്ചം തേടിയാണല്ലോ… പക്ഷേ നമ്മുടെയെല്ലാം ഉള്ളിൻ്റെയുള്ളിൽ എവിടെയോ ചിലരുണ്ട്. ഒരിക്കൽ നമുക്ക് വെളിച്ചമായവർ…. അവർ ഇന്ന് നമ്മളോട് ചേർന്നു നടക്കുന്നില്ല. അവരിൽ ചിലർ നമ്മളിൽ നിന്നും സ്വയം നടന്നു നീങ്ങിയവരാകാം…. ചിലർ നമ്മളോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ് നിശബ്ദതയിലേക്ക് മറഞ്ഞവരാകാം. മറ്റു ചിലർ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പോയവരുമാകാം, ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാത്തിടത്തേക്ക്….. അച്ഛനെ പോലെ.
രമ്യ പ്രിൻസ്
#എൻെ രചന
#വീട്
#അച്ഛൻ
#ഓർമ്മകൾ


13 Comments
വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലൊരു നോവ് 😔❤️
ജീവിതം പകർത്തി വെച്ചിരിക്കുന്നു 🩷
സ്നേഹം സജിനി ❤️
ഓർമ്മയുടെ തണൽ.. നോവുകൾ. നന്നായി എഴുതി..
സ്നേഹം❤️
അച്ഛനില്ലാതെ ആവുമ്പോൾ നമ്മൾ മാത്രമല്ല വീടും അനാഥമാകുന്നു.
ഭംഗിയായി എഴുതി
സ്നേഹം ചേച്ചി ❤️
രമ്യാ , ആ വീടിൻ്റെ ചിത്രം അങ്ങനെ തന്നെ മനസ്സിൽ തൊട്ടു. ഓരോ വീടും നമ്മിൽ ഉണർത്തുന്ന വികാരങ്ങൾ വ്യത്യസ്തമായിരിക്കും. പക്ഷേ അവയ്ക്ക് പൊതുവിൽ ഒരു വികാരമുണ്ട്. അത് ബന്ധങ്ങളുടെ, മറക്കാനാവാത്ത സ്നേഹങ്ങളുടെ ചേർത്തു പിടിക്കലുകളുടെ ഓർമ്മകളായിരിക്കും. മനസ്സ് നിറച്ച എഴുത്ത്. രമ്യ നിരന്തരം എഴുതണം.
Thank You So much chechi ❤️
ഓരോ വാക്കും ഓരോ വരിയും ഹൃദയത്തിൽ തൊടുന്നു. സ്നേഹനിധിയായ അച്ഛന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വീട്. അതേ സാഹചര്യങ്ങളിലൂടെ കടന്നുപോയ എനിക്കും ഓർക്കാൻ ഒത്തിരി തന്ന എഴുത്ത്.
സ്നേഹം രമ്യ.
❤️
Thank You so much Joyce ❤️
I can feel each and every line here……the role no one can do in our life…..
Each words has lots of power 🙏💕
Thank You dear Reshma ❤️ Non one can understand the pain behind this better than you my little sister ❤️