മീനമാസത്തിലെ ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ വെന്തുരുകുന്ന പ്രകൃതി. അതിനേക്കാൾ ചുട്ടു നീറുന്ന മനസ്സുമായി അവിടെ കോടതിയുടെ മുമ്പിൽ പോലീസ് അകമ്പടിയോടെ ഒരു സ്ത്രീ പോലീസ് ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി. അവളുടെ കണ്ണുകളിൽ കത്തുന്ന തീക്കനൽ ഉണ്ടായിരുന്നു.
പുറമേ ശാന്തമായി തോന്നിയിരുന്നുവെങ്കിലും അവളുടെ മനസ്സിന്റെ പ്രക്ഷുബ്ധത അവൾക്കു മാത്രമേ അറിയുവാൻ കഴിഞ്ഞിരുന്നുള്ളു. കോടതി മുറിയുടെ ബെഞ്ചിൽ അവളിരുന്നു. ഓരോ കേസുകൾ വിളിക്കുകയും ജഡ്ജി വാദം കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ ഇവയൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. കേസ് വിളിക്കുമ്പോൾ വനിതാ പോലീസ് അവളെ തട്ടി വിളിച്ചു ജഡ്ജിയുടെ സമക്ഷത്തിൽ എത്തിച്ചു. ഭദ്ര എന്ന താൻ സത്യം മാത്രമേ കോടതിയിൽ ബോധിപ്പിക്കുകയുള്ളു എന്ന് അവൾ സത്യം ചെയ്തു. എതിർഭാഗം വക്കീൽ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സത്യസന്ധമായി മറുപടി കൊടുത്തു. റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയക്കുകയായിരുന്നു.
ഞാൻ അഡ്വക്കേറ്റ് ശ്രീദേവി ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനക്കരുത്തുള്ള സ്ത്രീയായിരുന്നു ഭദ്ര. എൻ്റെ വീട്ടിലെ സഹായിയായി വന്ന അവൾ.
അവളുടെ കഥകൾ വളരെ വേദനാജനകമായിരുന്നു.
അകലെ ചക്രവാള സൂര്യൻ അസ്തമിക്കാറാകുന്നു . ഭദ്രയും അനുജത്തിമാരും കുളത്തിൽ നീന്തിത്തുടിക്കുന്നു. കുളി കഴിഞ്ഞു വന്ന് ഈറൻ മാറുമ്പോൾ മലമുകളിൽ പാറ പൊട്ടുന്ന ഒച്ചയും ഒപ്പം ആളുകളുടെ കൂട്ട നിലവിളിയും കേട്ടു. പെട്ടെന്ന് തന്നെ അവൾ അനുജത്തിമാരുമായി ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അച്ഛനും അമ്മയും പാറ പൊട്ടിക്കുന്ന ഭാഗത്താണ് നിലവിളി കേട്ടത്. ഇതിനിടയിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ അനധികൃതമായി പാറ പൊട്ടിക്കയും അതിൻ്റെ കരിങ്കൽചീളുകൾ പൊട്ടിത്തെറിച്ച് അതിൻ്റെ ആഘാതത്തിൽ അവിടെയുണ്ടായിരുന്നവർ ദാരുണമായി മരണപ്പെടുകയും ആയിരുന്നു. ആ കൂട്ടത്തിൽ അവരുടെ അച്ഛനും അമ്മയും ഉൾപ്പെട്ടിരുന്നു. അനുജത്തിമാരെയും ചേർത്തുപിടിച്ച് അവൾ വിറങ്ങലിച്ചു നിന്നു. ചേതനയറ്റ രണ്ടു ശരീരങ്ങൾ ആ മൺകുടലിന്റെ മുറ്റത്ത് എത്തിക്കുമ്പോൾ മൂന്നു പെൺകുട്ടികളുടെ അലമുറ കണ്ട് നിന്നവരുടെ ഒക്കെ കണ്ണുകൾ നനയിച്ചു. മൂത്ത കുട്ടിയായ ഭദ്രയ്ക്ക് 14 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും 25 വയസ്സിന്റെ പക്വത അവളിൽ നിഴലിച്ചു.
ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും യാത്രയായി. അവളുടെ അമ്മയുടെ ഒരു സഹോദരനും ഭാര്യയും അന്ന് രാത്രിയിൽ അവിടെ തങ്ങി. പിറ്റേന്ന് കാലത്ത് പോകാനായി ഇറങ്ങുമ്പോൾ മാമൻ ഭദ്രയോട് ചോദിച്ചു. “മോൾക്ക് ഒറ്റയ്ക്ക് താമസിക്കാൻ പേടിയുണ്ടോ? മൂന്നാളും മാമൻ്റെ കൂടേ പോന്നോളൂ.”
മാമിയുടെ ദേഷ്യത്തോടുള്ള നോട്ടം കണ്ട് ഭദ്ര ഉറപ്പിച്ചു തന്നെ പറഞ്ഞു. “അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണിൽ നിന്നും ഞങ്ങൾ എങ്ങോട്ടും ഇല്ല.”
എല്ലാവരും തിരികെ പോയി കഴിഞ്ഞപ്പോൾ ഒറ്റപ്പെട്ട രാത്രികളിൽ കണ്ണുനീർ അവൾക്ക് കൂട്ടായി. ആരും തുണയില്ലാതെ വന്നപ്പോൾ അവൾക്ക് അവൾ തന്നെ തുണയായി.
ഭദ്രയുടെ ഉള്ളിൽ ഒരു പാറയുടെ കരുത്ത് വെച്ച് തുടങ്ങിയിരുന്നു. ഒരു പെൺകുട്ടിയുടെ മനസ്സ് ഉറച്ചാൽ ലോകത്തിലെ യാതൊരു കഷ്ടതയും അവളെ തോൽപ്പിക്കുകയില്ല. അവളുടെ സഹപാഠികൾ വീണ്ടും പഠിക്കുവാൻ നിർബന്ധിച്ചു എങ്കിലും അവൾ വഴങ്ങിയില്ല. അനിയത്തിമാരെ എങ്ങനെയെങ്കിലും നോക്കണം എന്ന ഒരു ചിന്ത മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.
ദിവസങ്ങൾ കഴിയുംതോറും അവൾക്കു ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ഒരു ഭയം അവളിൽ എപ്പോഴും നിറഞ്ഞു. രാത്രികാലങ്ങളിൽ അമ്മയുടെ ചെറിയ അരിവാൾ എപ്പോഴും അവൾ തലയിണയുടെ താഴെ സൂക്ഷിച്ചിരുന്നു. തൻ്റെ വീട്ടിലെ ജോലികൾ കഴിഞ്ഞതിനുശേഷം ബാക്കി സമയം അവൾ പാറ പൊട്ടിക്കാൻ പോകുമായിരുന്നു . പണി കഴിഞ്ഞ് ആ മൃദുലമായ കൈവെള്ളയിൽ എണ്ണ പുരട്ടുമ്പോൾ അവൾ വേദന സഹിക്കാൻ ആവാതെ കരയും. അവളുടെ ജീവിത സാഹചര്യം അവളെ ധൈര്യം ഉള്ളവൾ ആയക്കിയിരുന്നു. അവളായിരുന്നു ആ വീടിൻ്റെ ആത്മാവും അടുപ്പിലെ തീയും. വെളുത്തു തുടുത്തിരുന്ന മുഖത്ത് കറുപ്പ് ബാധിച്ചു തുടങ്ങിയിരിക്കുന്നു. ചുരുണ്ടു തിളക്കം ഉണ്ടായിരുന്ന മുടികൾ ചെമ്പൻ നിറമായി തുടങ്ങി. കണ്ണുകൾ മാത്രം സൂര്യരശ്മികൾ പോലെത്തിളങ്ങി. കഠിനാധ്വാനത്തിലൂടെ നിശബ്ദമായ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു .പല രാത്രികളിലും വാതിലിൽ പകൽ മാന്യന്മാർ തട്ടുക പതിവായി. അരിവാളും കൈയിൽ പിടിച്ച് വാതിൽ തുറന്ന് ചെന്ന അവളെ കണ്ട് പലരും തിരിഞ്ഞോടി. അവൾ അനിയത്തിമാർക്ക് നല്ല ഉപദേശങ്ങൾ കൊടുക്കുമായിരുന്നു. ആരോടും അധികം ചങ്ങാത്തത്തിന് പോകരുത് എന്നും ചീത്തകൂട്ടുകെട്ടിന് ഒന്നും പോകരുത് എന്നും. അവളുടെ മുഖത്ത് വെല്ലുവിളികളെ നേരിട്ട അനുഭവങ്ങൾ ഗൗരവം ആഴവും ഉണ്ടാക്കി തുടങ്ങിയിരുന്നു. മുഖത്തിന്റെ മൃദുലതയിൽ അല്ല നേരെമറിച്ച് ജീവിതത്തിന്റെ കഠിനതയെ താങ്ങിയ കരുത്താണ് അവളുടെ ചിരിയിൽ .
കാലം കഴിഞ്ഞപ്പോൾ സെൽവൻ എന്ന ഒരാൾ പാറ പണിക്കായി അവിടെ എത്തി. അട്ടപ്പാടിക്കാരനായിരുന്നു അയാൾ. മലയാളവും തമിഴും കൂടി കലർന്നഭാഷയായിരുന്നു സെൽവന്. അയാൾക്ക് ഭദ്രയോട് ഇഷ്ടം തോന്നിത്തുടങ്ങി. പണി കഴിഞ്ഞ് വീടിൻ്റെ സമീപമുള്ള ആൽത്തറയിൽ അയാൾ എന്നും കിടക്കും. വൈകുന്നേരങ്ങളിൽ മദ്യപിച്ചിട്ട് ആണെങ്കിലും ഉറക്കെ പാട്ടുപാടി അവൻ പാതിര വരെ കിടക്കാർ പതിവായി. അന്നുമുതൽ മറ്റ് ആണുങ്ങളുടെ ശല്യമൊന്നും ഭദ്രക്ക് നേരിടേണ്ടി വന്നിട്ടില്ല ഭദ്രയ്ക്ക് 28 വയസ്സായിരിക്കുന്നു. അനിയത്തിമാർ സരോജവും മുത്തുവും പഠിച്ചു മിടുക്കരായി വരുന്നു. പക്ഷേ ഭദ്രയുടെ മനസ്സിനു എപ്പോഴും ഭയമാണ്. സരോജത്തിന് പ്രായത്തെക്കാൾ ശരീര വളർച്ചയുള്ള കുട്ടിയാണ്. പോരാത്തതിന് സുന്ദരിയും. അവളെ വളരെ ശ്രദ്ധിക്കണമെന്ന് പലപ്പോഴും ഭദ്രയോട് താൻ തന്നെ പറയുമായിരുന്നു.
ഞാൻ ഒരിക്കൽ കോടതിയിലേക്ക് പോകാൻ ധൃതിയിൽ ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് അവൾ പറയുന്നത് സെൽവൻ കല്യാണക്കാര്യം സംസാരിച്ചു എന്നും എനിക്ക് ചേച്ചിയോട് അല്ലാതെ ചോദിക്കുവാനും പറയുവാനും ആരുംഇല്ല . ഞാൻ അയാളെ ഒന്ന് കണ്ട് സംസാരിച്ചിട്ട് പറയാം നീ സമാധാനമായി പോകു. അനുജത്തിമാരെ കൂടി നോക്കാമെന്ന നിബന്ധനയിൽ ഭദ്രേ വിവാഹം കഴിച്ച് അവളുടെ വീട്ടിൽ അവൻ താമസമാക്കി. ആദ്യമൊക്കെ വളരെ സൽസ്വഭാവി ആയിരുന്നു സെൽവൻ. പക്ഷേ പോകെ പോകെ മോശമായകൂട്ടുകെട്ടും വേണ്ടാത്ത ദുസ്വഭാവങ്ങളും അവന് കൂടിക്കൂടി വന്നു.
ഒരിക്കൽ ഇടിവെട്ടി പെയ്യുന്ന പേമാരിയിൽ പണി കഴിഞ്ഞ് അവൾ ഓടിക്കിതച്ച് വീട്ടിലെത്തിയപ്പോൾ കുടിലിൽ റാന്തൽ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ കണ്ട ദൃശ്യം അവളെ തളർത്തി. അവൾ അലറി കരഞ്ഞു ശക്തമായ മഴയുടെ ശബ്ദത്തിൽ അവളുടെ അലമുറ ആരു കേൾക്കാൻ. ആരുടെയോ ക്രൂരതയിൽ തൻ്റെ അനുജത്തിമാർ ബോധമില്ലാതെ കിടക്കുന്നു. മുത്തുവിന്റെ ചുണ്ടും കവിളും ഒക്കെ പൊട്ടി രക്തമലിക്കുന്നു. സരോജം നിശ്ചലമായി കിടക്കുന്നു. മുത്തുവിന്റെ വായിൽ നിന്നും അണ്ണൻ ഞങ്ങളെ എന്ന് മാത്രം അവൾ പറഞ്ഞു. ഭദ്ര ഒരു കൊടുങ്കാറ്റായി മാറി. തൻ്റെ ഈറനായ സാരി ഉരിഞ്ഞ് അനുജത്തിമാരെ പുതപ്പിച്ചു ഉടുമുണ്ടും വാരിയുടുത്തവൾ പായുകയായിരുന്നു. ആൽത്തറയിൽ കിതച്ചു കിടന്ന സെൽവന്റെ കഴുത്തിൽ പെരുവിരൽ ചേർത്ത് വച്ച് അയാൾക്കൊന്ന് അനങ്ങാൻ പോലും അവസരം കൊടുക്കാതെ അവളുടെ എളിയിലിരുന്ന അരിവാൾ എടുത്ത് അവൻ്റെ കഴുത്തിലും മാറിലും അതിശക്തമായി വെട്ടി.അവന്റെ അവസാന ശ്വാസംപോകും വരെ അവൾ വെട്ടിക്കൊണ്ടേയിരുന്നു.
തകർത്തു പെയ്യുന്ന പേമാരിയിൽ പോലീസ് സ്റ്റേഷനിൽ ലക്ഷ്യമാക്കി . അവളോടുകയായിരുന്നു… പോലീസ് സ്റ്റേഷനിൽ രക്തം പൂരണ്ട അരിവാൾ പോലീസിനു കൈമാറുമ്പോൾ അവൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.
“എൻ്റെ കൂടപ്പിറപ്പുകളെ പീഡിപ്പിച്ചു കൊന്നവനെ ഞാൻ വെട്ടിക്കൊന്നു സാറേ. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.”
പിറ്റേന്ന് വാർഡൻ വന്നു പറഞ്ഞു ഭദ്രക്കൊരു വിസിറ്റർ ഉണ്ട്. ഒന്നും മിണ്ടാതെ അയാളുടെ ഒപ്പം നടക്കുമ്പോൾ ആരായിരിക്കും എന്ന് ഓർത്തു. തന്നെ കണ്ടതും അവൾ പൊട്ടിക്കരഞ്ഞു.
“ചേച്ചി എനിക്ക് ഇവിടുന്ന് രക്ഷപ്പെടേണ്ട, എന്റെ എന്ന് പറയാൻആരുമില്ലാത്ത ലോകത്തിലേക്ക് ഇനി ഒരു തിരിച്ചു വരവ് ആഗ്രഹിക്കുന്നില്ല. എൻ്റെ ശിക്ഷ ജീവപര്യന്തം ആണെങ്കിൽ. വേണ്ട തൂക്കിലേറ്റിയാൽ മതി ചേച്ചി, കോടതിയിൽ എന്നെ രക്ഷിക്കാൻ വേണ്ടി വാദിക്കരുത്. ചേച്ചി അല്ലാതെ എനിക്ക് ആരുമില്ല.”
അവളുടെ കണ്ണുകളിലെ തീക്ഷ്ണത കൂടപ്പിറപ്പുകളുടെ കൂടെ എത്തിച്ചേരാനുള്ള ധൃതി ആണന്ന് തനിക്ക് മാത്രമേ മനസ്സിലാകുമായിരുന്നുള്ളൂ…


16 Comments
നല്ല പ്രേമേയം നല്ല കഥ 💕
Super story,heart touching ❤️
അനിയത്തിമാർക്കു വേണ്ടി ജീവിതം ഹോമിച്ച ഭദ്രയെ ഇഷ്ടമായി. ജീവിതത്തോടും വിധിയോടും പൊരുതി വീണ പെണ്ണ്- നല്ല രചന👌- ആശംസകൾ❤️👍
വളരെ നന്ദി ശ്രീ
നന്ദി ശ്രീ
വളരെ നന്നായിട്ടുണ്ട് ഇനി എഴുതുക
വായിച്ചപ്പോൾ ശരിക്കും സങ്കടം ആയി പോയി 🥲
നല്ല കഥ. സങ്കടം ആയെന്ന് മാത്രം
നന്നായി എഴുതി 👍
രചന മനോഹരം.. കൂടപ്പിറപ്പുകൾക്കുവേണി ചങ്കു പകത്തു നൽകിയവൾ…എന്നാലും എന്റെ അട്ടപ്പാടിക്കാരൻ ശെൽവാ… ഈ ചതി വേണ്ടിയിരുന്നില്ല.. അട്ടപ്പാടി ക്കാരിയായ എനിക്കും കൂടി നാണക്കേട് ആക്കിയല്ലോ 😊
നല്ല രചന .സഹോദരിമാർക്കു വേണ്ടി ജീവിതം മാറ്റി വെച്ച ഭദ്രയുടെ കഥ ഹൃദയസ്പർശിയായി പറഞ്ഞു.👌👏👏❤️❤️
സ്നേഹം താരാ .താര നന്ദി.
എന്താ പറയാ.. ഇതൊക്കെ നടക്കുന്നുണ്ട് എന്നതാണ് സത്യം.
👌🏾👍🏾
നോവു പടർത്തിയ രചന. വളരെ ഹൃദയസ്പർശ്ശിയായി എഴുതി.👍
Thank you Joyce