എഴുത്തുറവ് പബ്ലിക്കേഷൻ പുറത്തിറക്കിയ നാലാമത്തെ പുസ്തകമായ “കഥയോളം “ കഥാസമാഹാരത്തിൽ എന്റെ ഒരു രചന ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ ആന്റി ശ്രീമതി മെറി ചിറയത്ത് എഴുതിയ നിരൂപണം ഇവിടെ ചേർക്കുന്നു.
പുസ്തക ആസ്വാദനം:
“കഥയോളം”
കഥാസമാഹാരം
72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ് “കഥയോളം”.
കഥയോളം കടലാഴമുള്ളതാണ്.
തന്നെ സമീപിക്കുന്നവരെയൊക്കെ ഇരുകൈകളും ചേർത്ത് വാരിപ്പുണരുന്ന കടലമ്മയെപ്പോലെ കഥയോളത്തിന് തൻറെ വായനക്കാരെ നവ്യാനുഭൂതിയിൽ എത്തിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല.
സ്വപ്നവും പ്രതീക്ഷയും കദനവും മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും പ്രണയനഷ്ടവും വൃദ്ധമന്ദിരത്തിന്റെ തേങ്ങലുകളും യുവത്വത്തിന്‍റെ നൂതന ചിന്തയും മനുഷ്യജീവിതത്തിന്‍റെ വ്യവസ്ഥകൾക്ക് വന്ന മാറ്റങ്ങളും…. അങ്ങനെയങ്ങനെ നിരവധി വിഷയങ്ങൾ തങ്ങളുടെ നിത്യജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിരിക്കുന്ന കേരളത്തിൻറെ ഒരറ്റത്ത് തുടങ്ങി മറ്റേ അറ്റം വരെയുള്ള രചയിതാക്കളെ നമുക്കിവിടെ ദർശിക്കാൻ കഴിയും. കുട്ടിത്തം മാറാത്ത കുട്ടി രചയിതാക്കളും ഈ കഥാസമാഹാരത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നത് ഏറെ കൗതുകകരമായി.
ഗുണപാഠകഥകൾ പറഞ്ഞുകൊടുത്ത് തൻറെ മകനെയും വഷളാക്കുമോയെന്ന് ഭയന്ന് മകനെ അച്ഛമ്മയിൽനിന്ന് അകറ്റിനിർത്തുന്ന മരുമകളുടെ സ്വഭാവത്തിൽ മനംനൊന്ത് ആക്സിഡന്റിൽ മരിച്ച ചന്ദ്രേട്ടൻറെ ആത്മാവുമായി സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുന്ന ടി.സജിയുടെ “ജനറേഷൻ ഗ്യാപ്പ്”വായിച്ചപ്പോൾ കണ്ണുനീർ കാഴ്ചയെ മറയ്ക്കുകയുണ്ടായി. ആ കഥാപാത്രവും സന്ദർഭവും എൻറെ മനസ്സിനെ ഒന്ന് ഉലയ്ക്കുക തന്നെ ചെയ്തു.
ജനനതീയതി മാത്രം കുറിച്ചിട്ടു തന്നെ ഏൽപ്പിച്ച ജീവിതത്തിൻറെ കണക്കുപുസ്തകത്തിൽ ഹൃദയ വ്യഥകളും ഉണങ്ങാത്ത മുറിവുകളും സഹിച്ച വേദനകളുടേയും അവഗണനകളുടെയും നഷ്ടങ്ങളുടെയും കഥ മാത്രം എഴുതിക്കൊണ്ടിരുന്ന അവ വായിച്ച് തീർത്തപ്പോൾ ഇനിയും കുഞ്ഞു സന്തോഷങ്ങൾ കൂടി എഴുതി പുസ്തകം ഏൽപ്പിച്ച ആളെയൊന്നു സന്തോഷിപ്പിക്കണം എന്ന തീരുമാനത്തിൽ എത്തിച്ചേർന്ന ബൈജു തെക്കുപുറത്തിന്റെ “എഴുതാത്ത പുസ്തകം” വേറിട്ടൊരു വായനാനുഭവമായി.
എല്ലാ പ്രശ്നങ്ങൾക്കും മറുപടി കൊടുത്ത ഭഗവാൻ കൃഷ്ണനു പോലും പ്രശ്ന പരിഹാരം നിർദ്ദേശിക്കാൻ കഴിയാത്ത ജെൻസിയുടെ(Gen Zee) യുടെ ഫോണിലെ കളികളെ കുറിച്ചുള്ള വിജയലക്ഷ്മിയുടെ “ഭഗവാൻ” എന്ന കഥയിലെ രചയിതാവിന്റെ ആ സങ്കടം നമ്മുടെ ഉള്ളിലും ഒരു ചിരിയുണർത്തും.
അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ മഞ്ജുവും അവളുടെ സംഗീതവും ചോറിനും കറികൾക്കുമൊപ്പം വെന്തു കുഴഞ്ഞപ്പോഴും രഹസ്യമായി മറ്റൊരു പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി തൻറെ ഐഡൻറിറ്റി വെളിപ്പെടുത്താതെ മറഞ്ഞിരുന്ന് ദൈവദത്തമായി തനിക്കു ലഭിച്ച സംഗീതത്തെ നിതാന്ത സാധന കൊണ്ട് കൂടുതൽ തിളക്കമുള്ളതാക്കി കൊണ്ടിരിക്കുന്ന ബീന വിജയന്റെ “തിരിച്ചറിവ്” എന്ന കഥയും ഏറെ മനോഹരമാണ്.
കാലത്തിനനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും പറയാനും പഠിക്കാതെ “കണ്ട് കൊതി തീരും മുമ്പേ” പോയ ധന്യ ചാലപ്പുറത്തിന്റെ കഥയും മൂല്യബോധവും ധാർമികതയും പകർന്നുനൽകാൻ ശ്രമിക്കാതെ മക്കളെ വളർത്തിയ ഭവാനിയമ്മ എന്ന മറ്റൊരു അമ്മയുടെ ഷിജുവിന്റെ “മൂല്യബോധം “ എന്ന കഥയും ഒരു കുഞ്ഞു വേദന അനുവാചകർക്ക് നൽകുന്നു.
തട്ടിപ്പുകാർ അരങ്ങുവാഴുന്ന ഇടമായി നമ്മുടെ നാട് മാറിക്കഴിഞ്ഞു എന്നതിൻറെ നേർക്കാഴ്ചയാണ് മേരി ജോസിയുടെ “ഇയ്യാംപാറ്റകൾ” എന്ന കാലികപ്രസക്തിയുള്ള രചന.
72 കഥകളും ഒന്നിനൊന്ന് മെച്ചം ആണെങ്കിലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതിനെക്കുറിച്ച് എഴുതിയെന്നു മാത്രം.
എഴുത്തിൻറെ ലോകത്തെ പരിചയസമ്പന്നരോടൊപ്പം നിരവധി പുതുമുഖ എഴുത്തുകാരും അണിചേരുന്നു എന്ന പ്രത്യേകത കൂടി ഉള്ള “കഥയോളം” ഒരുപാട് വായനക്കാരിലേക്ക് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട്.
മെറി ചിറയത്ത്,
തൃശൂർ.
പ്രസാധകർ : എഴുത്തുറവ് പബ്ലിക്കേഷൻസ്.


5 Comments
ഏറെ വായിക്കപ്പെടട്ടെ ❤️
മികച്ച വായനാനുഭവം
ഹൃദയത്തിൽ തൊട്ടെഴുതിയ പ്രതീതി. നന്നായിട്ടുണ്ട് 👍👌💚
ഹൃദയത്തിൽ തൊട്ടെഴുതിയ പ്രതീതി. നന്നായിട്ടുണ്ട് 👍👌💚
പുസ്തകം ധാരാളമായി വായിക്കപ്പെടട്ടേ എന്ന് ആശംസിക്കുന്നു. അഭി🌹 അഭിനന്ദനങ്ങൾ!👏👏❤️