ചാറ്റൽ മഴയുള്ള ഒരു രാത്രി. തണുത്ത കാറ്റ് വീശിയടിക്കുന്നു. അരണ്ട വെളിച്ചത്തിൽ പുഴയുടെ തീരങ്ങളിലെ തേങ്ങോലകൾ ആടി കളിക്കുന്നത് കാണാമായിരുന്നു.
മോന്താൽ പുഴയുടെ പാലത്തിലൂടെ ബഷീർ നടന്നു.
മീൻ പിടിക്കാൻ വന്നവരും പാലത്തിന്മേൽ നിന്ന് കാറ്റ് കൊണ്ട് സൊറ പറഞ്ഞിരുന്നവരും ഒക്കെ പിരിഞ്ഞു പോയി കൊണ്ടിരുന്നു. ബഷീർ ചുറ്റും നോക്കി. കുറച്ചു തെരുവ് നായകൾ മാത്രമേ ഇപ്പോൾ അങ്ങാടിയിൽ അവശേഷിക്കുന്നുള്ളൂ. മഴ കാരണം അവറ്റകളും പീടികതിണ്ണയിലേക്ക് അഭയം പ്രാപിച്ചു.
പരിചയം ഉള്ള ആരും തന്നെ കാണരുതേ എന്ന് ബഷീർ മനസ്സിൽ ആഗ്രഹിച്ചു.
ബഷീർ പുഴയിലേക്ക് നോക്കി. കുട്ടിക്കാലം മുതൽ കണ്ട് വളർന്ന മോന്താൽ പുഴ. ഈ പുഴയിൽ ഞാൻ എന്റെ ജീവിതം ഇന്ന്, അവസാനിപ്പിക്കുകയാണ്. ബഷീർ കണ്ണുകളടച്ചു മനസ്സിന് ധൈര്യം സംഭരിച്ചു.
പുഴയുടെ, പാലത്തിന്റെ, കൈവേലിയിൽ കാലെടുത്തു വെച്ചു. പുഴയിലേക്ക് ചാടാൻ ശ്രമിക്കുമ്പോൾ ഒരാൾ ഓടി വന്നു ബഷീറിനെ റോഡിലേക്ക് വലിച്ചിട്ടു.
തന്റെ ആത്മഹത്യ ശ്രമം തടഞ്ഞ ആളെ ബഷീർ തുറിച്ചു നോക്കി.
“എന്താണ് ചേട്ടാ ഇത്. എന്താ ചേട്ടന്റെ പ്രശ്നം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്താണ് താങ്കളുടെ പ്രശ്നം. ജീവൻ അവസാനിപ്പിക്കും മുമ്പ് ഒരാളോട് മനസ്സ് തുറന്നു സംസാരിച്ചാൽ ചിലപ്പോൾ നിങ്ങളുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പറ്റിയെന്നു വരും. എന്തായാലും നിങ്ങളുടെ പ്രശ്നങ്ങൾ എന്നോട് തുറന്നു പറയൂ ബ്രോ.” അയാൾ നിർബന്ധിച്ചു.
കിതപ്പ് കാരണം ബഷീറിന് സംസാരിക്കാൻ കഴിഞ്ഞില്ല. ശ്വാസഗതി നേരെയാകുന്നത് വരെ ബഷീർ നിലത്തു തന്നെ ഇരുന്നു. പിന്നെ എഴുനേറ്റ് അയാളോട് സംസാരിക്കാൻ തുടങ്ങി.
“എനിക്ക് ജീവിക്കണ്ട. എന്റെ പ്രിയപ്പെട്ട ഭാര്യ ആയിഷയും ഞാനും വേർപിരിഞ്ഞു. നാളെ അവൾ മറ്റൊരാളുടെ ഭാര്യ ആകുകയാണ്. എല്ലാം എന്റെ തെറ്റാണ്. ആൾക്കാരുടെ മുമ്പിൽ ഞാൻ നാണം കെട്ടു. എന്നെ തടയരുത്.” ബഷീർ അയാളോട് അപേക്ഷിച്ചു.
“പരിഹാരം ഇല്ലാത്ത ഒരു പ്രശ്നവും ഇല്ല ബ്രോ. താങ്കൾ കാര്യം പറയൂ.” അയാൾ ബഷീറിനെ സമാധാനിപ്പിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു.
“എന്റെ വീട് ഇവിടെ മോന്താലിൽ തന്നെ ആണ്. ഞാൻ ജോലി ചെയ്യുന്നത് വടകരയിൽ ഒരു ഷോപ്പിലാണ്. ഇവിടുന്ന് ദിവസവും പോകാനും വരാനും ഉള്ള ബുദ്ധിമുട്ട് കാരണം വടകരയിൽ തന്നെ ലോഡ്ജ് മുറിയിലാണ് താമസം. എന്റെ ജീവിതം തകർത്തത് ഒരാഴ്ച മുമ്പുള്ള ഒരു ബസ്സ് യാത്രയിലാണ്.
ജോലി സ്ഥലത്ത് നിന്നും റൂമിലേക്ക് പോകാൻ ബസ്സ് കയറിയതാണ് ഞാൻ. ബസ്സിൽ വലിയ തിരക്കില്ല.
ഒരു കാലി സീറ്റ് കണ്ടപ്പോൾ അവിടെ ഇരുന്നു. അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു സ്ത്രീ ബസ്സിൽ കയറി. എന്റെ അടുത്ത് ഇരുന്നു. സ്ത്രീകൾക്ക് ഇരിക്കാൻ ഉള്ള സീറ്റ് കാലി ഉണ്ടായിട്ടും ഇവൾ എന്തിനാ എന്റെ അടുത്ത് ഇരിക്കണേ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
കുറച്ചു ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ അവൾ എന്നെ അറിയാത്ത പോലെ ചുമൽ കൊണ്ട് തട്ടുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ അവളെ ഒന്ന് നോക്കി. ഒരു ഇരുപത്തി അഞ്ചോ അതിൽ കൂടുതലോ പ്രായം തോന്നുന്നുണ്ട്.
ഞാനും അങ്ങോട്ടും തട്ടുകയും മുട്ടുകയും എന്തൊക്കെയോ ചെയ്തു.
അവൾ അത് ആസ്വദിക്കുന്ന പോലെ തോന്നി.
പെട്ടെന്നാണ് അവൾ സീറ്റിൽ നിന്നു എഴുന്നേറ്റു എന്റെ മുഖത്തേക്ക് ചെരിപ്പ് ഊരി അടിച്ചത്.
എന്താടാ നിന്റെ അസുഖം. നിനക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലെടാ. അവളുടെ കലിപ്പിൽ ഉള്ള ആക്രോശം കേട്ട് ഞാൻ ഞെട്ടി. അവളെന്നെ ചതിയിൽ കുടുക്കിയതായിരുന്നു.
ഞാൻ രക്ഷപെടാൻ പലതും പറഞ്ഞു നോക്കി. പക്ഷെ അവൾ വിട്ടില്ല.
നീ അഭിനയിക്കുക ഒന്നും വേണ്ടടാ. നീ എന്തൊക്കെയാ ചെയ്തത് എന്ന് എന്റെ ഫോണിൽ വീഡിയോ എടുത്തിട്ടുണ്ട്. നിനക്ക് ഞാൻ കാണിച്ചു തരാം. അതും പറഞ്ഞു അവൾ അടുത്ത ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി പോയി.
ബസ്സിലെ യാത്രക്കാർ എല്ലാം തന്നെ നോക്കുന്നത് കണ്ട് ഞാൻ ആകെ നാണം കെട്ട് പോയി.
റൂമിൽ എത്തിയ ശേഷവും ഉറക്കം വരാതെ കട്ടിലിൽ കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നു. ആലോചിച്ചു ഉറക്കം വരുന്നില്ല.
പറഞ്ഞത് പോലെ തന്നെ അവൾ ചെയ്ത് കളഞ്ഞു. ബസ്സിലെ ഞരമ്പ് രോഗി എന്ന് ക്യാപ്ഷൻ ഇട്ട് അവൾ, ഞാൻ അറിയാതെ മൊബൈലിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ, പോസ്റ്റ് ചെയ്തു. എന്നെ ഇങ്ങോട്ട് തോണ്ടിയും തലോടിയും എന്നെ അവളിലേക്ക് ആകർഷിപ്പിച്ചത് അവളുടെ പോസ്റ്റിനു റീച്ച് കിട്ടാൻ വേണ്ടി ആയിരുന്നു.
ആ പോസ്റ്റിനു താഴെ വന്ന കമെന്റുകൾ, പരിഹാസങ്ങൾ, തെറിവിളികൾ എല്ലാം എന്നെ മാനസികമായി തളർത്തി. ഇനി ഞാൻ എത്ര നല്ലവനായി ജീവിക്കാൻ ശ്രമിച്ചാലും ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഉള്ള കാലത്തോളം ആഘോഷിക്കപ്പെടും.
പാപം ചെയ്തവരും, ചെയ്യാത്തവരും, പകൽമാന്യന്മാരും, മനസ്സ് മുറിയുന്ന വാക്കുകൾ കൊണ്ട് എന്നെ, കല്ലെറിയും.
ബസ്സിലെ സംഭവം എന്റെ ആയിഷ അറിഞ്ഞിരുന്നു.
അവൾ എനിക്ക് അവസാനം അയച്ച മെസ്സേജ് എന്നെ കൂടുതൽ തളർത്തി.
നിങ്ങൾ ഇത്ര വൃത്തികെട്ടവനാണെന്നു അറിഞ്ഞില്ല. ഞാൻ എന്റെ വീട്ടിലേക്ക് പോയി കഴിഞ്ഞു. ഇനി എനിക്ക് നിങ്ങളുമായി ഒരു ബന്ധവും ഇല്ല.
ഞാൻ ആകെ തകർന്നു പോയി. നാട്ടിലേക്ക് വരാതെ ഞാൻ വടകരയിൽ തന്നെ കഴിച്ചു കൂട്ടി. അപ്പോഴാണ് ഞാൻ ആ വിവരം അറിയുന്നത്. ഫസ്ഖ്(സ്ത്രീകൾ ചെയ്യുന്ന വിവാഹ മോചനം)ചെയ്ത് എന്നിൽ നിന്ന് വിവാഹമോചനം നേടി, എന്റെ ആയിഷ, മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്നു.
ആയിഷയെ കൂടി നഷ്ടപ്പെട്ടപ്പോൾ എന്റെ ഉള്ളിൽ ജീവിക്കാൻ ഉള്ള മോഹം അസ്തമിച്ചു. ചിന്തകൾ കാരണം രാത്രിയിൽ ഉറക്കം ഇല്ലാതായി. ജോലിയിൽ ശ്രദ്ധയില്ലാതായി.
എന്റെ ആയിഷ എന്നിൽ നിന്ന് വേർപിരിഞ്ഞു പോകുന്നു. ലോകത്തിനു മുമ്പിൽ ഞാൻ നാണം കെട്ടു. ഇനി എനിക്ക് ജീവിക്കേണ്ട. എന്റെ അവസാനം എന്റെ നാട്ടിൽ തന്നെ ആകട്ടെ. എന്ന് ചിന്തിച്ചു നാട്ടിലേക്ക് ഞാൻ യാത്ര തിരിച്ചു. അങ്ങനെ ഇവിടെ എത്തി. ആത്മഹത്യ ചെയ്യാനുള്ള ശ്രമം ആയിരുന്നു. നിങ്ങളെ കണ്ടില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഞാൻ ഈ പുഴയിൽ മുങ്ങി മരിച്ചേനെ. “
ബഷീർ പറഞ്ഞത് മുഴുവൻ അയാൾ കേട്ട് നിന്നു. “ഓഹോ അതാണ് സംഭവം അല്ലേ. ഞാൻ ഈ നാട്ടുകാരൻ അല്ല. എന്റെ വീട് പെരിങ്ങത്തൂർ ആണ്.
ഞാൻ നിങ്ങളെ കുറേ നേരമായി വീക്ഷിക്കുന്നു. എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഇരുളിൽ മറഞ്ഞു നിന്നതാ. അല്ല സുഹൃത്തേ ഇതിലും വലിയ തെറ്റുകൾ ചെയ്ത ആൾക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. തെറ്റുകൾ പറ്റുന്നത് സ്വഭാവികം ആണ്. തെറ്റ് തിരുത്തി പിന്നീടുള്ള ജീവിതം നല്ലവനായി ജീവിച്ചു തീർക്കുകയാണ് വേണ്ടത്.” അയാൾ ബഷീറിനെ ഉപദേശിച്ചു.
“ആർക്ക് വേണ്ടിയാ ഞാൻ ജീവിക്കേണ്ടത്. എന്റെ ഭാര്യ ആയിരുന്നവൾ, എന്റെ ആയിഷ നാളെ മറ്റൊരാളുടെ മണവാട്ടി ആകുകയാണ്. അവളുടെ നികാഹ് നടക്കും മുമ്പ് എനിക്ക് ഈ ലോകത്തോട് വിട പറയണം.” ബഷീർ വേദനയോടെ പറഞ്ഞു.
“ചതി ഒരു പെണ്ണും പൊറുക്കൂല്ല. താങ്കളെ താങ്കളുടെ ഭാര്യ ചതിച്ചാൽ താങ്കൾ പൊറുക്കുമോ? ഇല്ല. അത് പോലെയാണ് എല്ലാവരും. എന്തായാലും നിങ്ങളുടെ നല്ല മനസ്സാണ്. കുറ്റബോധം ഉള്ളത് കൊണ്ടാണല്ലോ നിങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിലും വലിയ പീഡനവും, അവിഹിതവും ചെയ്തിട്ട് പലരും സമൂഹത്തിൽ മാന്യന്മാരെ പോലെ ജീവിക്കുന്നുണ്ട്. “
അയാൾ പുഴയുടെ ഓളങ്ങളിൽ നോക്കി എന്തോ ആലോചിച്ചു നിന്നു.
“എന്തായാലും നിങ്ങളെ ഇവിടെ ഇന്ന് തനിച്ചു വിട്ട് ഞാൻ പോകില്ല. എന്റെ കൂടെ വരണം. ഇന്ന് എന്റെ വീട്ടിൽ താമസിക്കാം. ആത്മഹത്യ ചെയ്യണം എന്ന ചിന്ത ആദ്യം മാറണം.” അയാൾ ബഷീറിനെ വീട്ടിലേക്ക് ക്ഷണിച്ചു.
“വേണ്ടാ. ഞാൻ എന്റെ വീട്ടിലേക്ക് തന്നെ പോകാം. ഒരാവേശത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നല്ലാതെ നിങ്ങളോട് സംസാരിച്ചപ്പോൾ എനിക്ക് ആത്മഹത്യ ചിന്ത മാറിയിട്ടുണ്ട്. വീട്ടിൽ എന്റെ ഉമ്മ ഉണ്ട്. ഞാൻ ഉമ്മയുടെ അടുത്തേക്ക് പോകുകയാണ്. “
“നല്ല കാര്യം. എനിക്ക് ബഷീറിനോട് ഒരു കാര്യം പറയാനുണ്ട്. ഒന്ന് ബഷീറിന്റെ ഫോൺ നമ്പർ തരൂ. ഞാൻ നാളെ വിളിക്കാം.”
അയാൾ ബഷീറിന്റെ ഫോൺ നമ്പർ വാങ്ങി. അയാൾ പോയി. ബഷീർ സ്വന്തം വീട്ടിൽ എത്തി.
“മോനേ നീ എത്ര ദിവസമായെടാ പോയിട്ട്. ആകെ ക്ഷീണിച്ചല്ലോ നീ. വാ ഉമ്മ കഞ്ഞി ഉണ്ടാക്കി വെച്ചിട്ടുണ്ട്. കുടിച്ചിട്ട് കിടന്നോ.” കഞ്ഞി കുടിക്കുമ്പോൾ പാത്തുമ്മ അവന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു.
“നടന്നത് എല്ലാം ഉമ്മ അറിഞ്ഞിന്. ഒരു ഭാര്യക്കും സഹിക്കൂല്ല മോനേ. എന്തായാലും കഴിഞ്ഞത് ഓർത്ത് വിഷമിക്കണ്ട. പടച്ചോനോട് പൊറുക്കാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങിക്കോ. “
ബഷീർ കഞ്ഞി കുടിച്ചു കഴിഞ്ഞു കിടന്നു.
ഉറങ്ങാൻ കിടന്നപ്പോൾ ഉമ്മാനെ കുറിച്ചാണ് ബഷീർ ഓർത്തത്. പാവം എന്റെ ഉമ്മ. ഉമ്മാക്ക് ഞാൻ മാത്രമേ ഉള്ളൂ. അതോർക്കാതെ ആണ് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്.
ഉമ്മയും, ഉപ്പയും വളരെ സ്നേഹത്തിലായിരുന്നു ജീവിച്ചത്. പക്ഷേ, ഭർത്താവ് മരണപെട്ട ഒരു സ്ത്രീയുമായുള്ള ഉപ്പാന്റെ അവിഹിതം നാട്ടുകാർ പിടികൂടിയപ്പോൾ ആണ് ഉപ്പ വഞ്ചിക്കുന്ന കാര്യം ഉമ്മ അറിഞ്ഞത്. പിന്നെ ഉമ്മ ഉപ്പാന്റെ കൂടെ ജീവിച്ചിട്ടില്ല. ഉപ്പയാണെങ്കിൽ ആ സ്ത്രീയെ തന്നെ ഭാര്യയായി സ്വീകരിച്ചു. ഇന്നിപ്പോൾ മകനും, ചീത്തപേര് ഉണ്ടാക്കിയിരിക്കുന്നു. പാവം ഇതൊക്കെ അറിഞ്ഞിട്ട് ഉമ്മാക്ക് എത്ര വിഷമം ആയിട്ടുണ്ടാകും. ഭാര്യ ഡിവോഴ്സ് ചെയ്ത് ബന്ധം പിരിയുന്ന പോലെ ഉമ്മാക്ക് മകനോടുള്ള ബന്ധം അവസാനിക്കില്ലല്ലോ.
എനിക്ക് പത്ത് വയസുള്ളപ്പോൾ ആണ്, ഉമ്മയും ഉപ്പയും ബന്ധം പിരിയുന്നത്. ഉമ്മ വേറെ വിവാഹം ഒന്നും കഴിക്കാതെ പശുവിനെ വളർത്തി അതിന്റെ പാൽ വിറ്റും, മറ്റു ജോലി ഒക്കെ ചെയ്താണ് എന്നെ വളർത്തിയത്. ആ ഉമ്മാക്ക് ഞാൻ മാത്രമേ ഉള്ളൂ എന്നോർക്കാതെ ആണ് ഞാൻ മരിക്കാൻ പോയത്. അയാൾ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ പുഴയിൽ ചാടി ആത്മഹത്യ ചെയ്തേനെ. ബഷീർ അതോർത്തു നെടുവീർപ്പിട്ടു.
പിറ്റേന്ന് അയാൾ ഫോൺ വിളിച്ചു. “ഞാൻ മോന്താൽ പുഴയുടെ പാലത്തിന്മേൽ നിൽപ്പുണ്ട്. ബഷീർ ഒന്ന് വരണം. തന്നെ ആത്മഹത്യയിൽ നിന്നും രക്ഷിച്ച ആളാണ്.”
ബഷീർ വേഗം മോന്താലിൽ എത്തി.
“അസ്സലാമു അലൈക്കും.” ബഷീറിനെ കണ്ടപ്പോൾ അയാൾ സലാം ചൊല്ലി.
“വ അലൈക്കും സലാം. ” ബഷീർ സലാം മടക്കി.
“ഞാൻ ഇത് വരെ എന്നെ പരിചപെടുത്തിയില്ലല്ലോ. എന്റെ പേര് ജലീൽ. എനിക്കൊരു പെങ്ങളുണ്ട് ജസീല. ആകെ ഞങ്ങള് രണ്ട് മക്കളേ ഉള്ളൂ. ആകെയുള്ള എന്റെ ഒരു കൂടപിറപ്പാണ് എന്റെ പെങ്ങൾ ജസീല. “
അയാൾ ആമുഖം വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടന്നു.
“എന്റെ പെങ്ങളെ നല്ല രീതിയിൽ കല്യാണം കഴിച്ചു വിട്ടതാണ്. ഭർത്താവ് ഗൾഫിലായിരുന്നു. സ്വന്തമായി ഒരു വീടെടുത്തു ഹാപ്പി ആയി ജീവിക്കുകയായിരുന്നു. അപ്പോഴാണ് സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ പഴയ കാമുകനെ കണ്ടതും, പരിചയപ്പെട്ടതും എല്ലാം.
പ്രവാസിയായ ഭർത്താവിനെ മറന്നു കാമുകനോടൊപ്പം, എന്റെ പെങ്ങൾ പോയി. പഴയ കാമുകനെ കണ്ടപ്പോൾ തോന്നിയ ബുദ്ധിമോശം. ഒരു മാസം തികയും മുമ്പേ കാമുകൻ അവളെ ഉപേക്ഷിച്ചു. എന്റെ പെങ്ങളെ വശീകരിച്ചു കൊണ്ട് പോയി ഈ അവസ്ഥയിലാക്കിയ അവനെ ഞാനും കൂട്ടുകാരും ചേർന്ന് ഇടിച്ചു പരിപ്പ് എടുത്തിട്ടുണ്ട്. ഇനി ഒരു പെണ്ണിനേയും അവൻ ചതിയിൽ പെടുത്തൂല്ല. ഇപ്പോൾ, എന്റെ പെങ്ങളുടെ ആദ്യ ഭർത്താവ് വേറെ വിവാഹം കഴിച്ചു. സന്തോഷത്തോടെ ജീവിച്ച എന്റെ പെങ്ങൾക്ക് ഭർത്താവ് ഇല്ലാതായി. എല്ലാറ്റിനും കാരണം ആ കാമുകൻ. ബഷീറിന് സംഭവിച്ച പോലെ എന്റെ പെങ്ങൾക്കും പറ്റി പോയ ഒരു തെറ്റ്. പങ്കാളികൾ ചതിച്ചു എന്നറിഞ്ഞാൽ ആർക്കും പൊരുത്തപെട്ട് കൊടുക്കാൻ പറ്റില്ല. ബഷീറിന് ബഷീറിന്റെ ഭാര്യ മാപ്പ് തരാത്തത് പോലെ, എന്റെ പെങ്ങൾക്ക് അവളുടെ ഭർത്താവ് മാപ്പ് കൊടുത്തില്ല.
ഇപ്പോൾ ചെയ്ത് പോയ തെറ്റ് ഓർത്തു എന്റെ പെങ്ങൾക്ക് കുറ്റബോധം ഉണ്ട്. ബഷീറിന് ഇപ്പോഴത്തെ അവസ്ഥയിൽ എന്റെ പെങ്ങളെ മനസ്സിലാക്കാൻ പറ്റും, എന്ന് കരുതുന്നു. എന്റെ പെങ്ങൾക്ക് ബഷീർ ഒരു ജീവിതം കൊടുത്താൽ, തെറ്റുകൾ തിരുത്തി രണ്ടാൾക്കും ഒന്നിച്ചു ഇനിയുള്ള കാലം ജീവിക്കാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് വേണമെങ്കിൽ, എന്റെ പെങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് പുറത്തരോടും പറയാതെ അവൾക്ക് ഒരു പുയ്യാപ്ലയെ കൊണ്ട് നികാഹ് ചെയ്യിക്കാം. പക്ഷേ എന്നെങ്കിലും, ആ ഭർത്താവ് ഇതൊക്കെ അറിയുമ്പോൾ വീണ്ടും പ്രശ്നങ്ങൾ ആവില്ലേ. അത് കൊണ്ടാണ് ഞാൻ ബഷീറിനോട് എല്ലാം തുറന്നു പറഞ്ഞത്. ബഷീർ ആലോചിച്ചു ഒരു തീരുമാനം പറയൂ. ഫോൺ നമ്പർ ഉണ്ടല്ലോ. അയാൾ ബഷീറിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.
ബഷീർ പുഴയിലേക്ക് നോക്കി ആലോചിച്ചു നിന്നു. എന്നെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ആളാണ്. എനിക്ക് അയാളുടെ പെങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ പറ്റും. ഞാനും ഏറെ കുറേ അതേ പോലൊരു തെറ്റ് ചെയ്തവൻ ആണല്ലോ. തെറ്റുകൾ തിരുത്തി ഇനിയുള്ള കാലം ജീവിക്കാൻ പടച്ചോൻ തരുന്ന ഒരു അവസരമാണെങ്കിലോ ഇത്.”
ബഷീർ ആലോചനയിൽ മുഴുകി.
വീട്ടിൽ തിരിച്ചെത്തിയ ശേഷം, കാര്യങ്ങൾ എല്ലാം ബഷീർ ഉമ്മാനോട് സംസാരിച്ചു.
“മോനേ അവൾ ആദ്യത്തെ ഭർത്താവിനെ വഞ്ചിച്ചു കാമുകനോടൊപ്പം പോയതല്ലേ. നിന്നെയും അവൾ ചതിച്ചാലോ?”
“ഇല്ല ഉമ്മാ. അനുഭവത്തിൽ നിന്ന് പാഠം പഠിച്ചാൽ, പിന്നെ വീണ്ടും അതേ തെറ്റ് ആരും ആവർത്തിക്കില്ല. ഞാനും സമൂഹത്തിനു മുമ്പിൽ ചീത്തപേര് ഉണ്ടാക്കിയതല്ലേ ഉമ്മാ. എനിക്കാരാ ഇനി പെണ്ണ് തരിക. ആത്മഹത്യ ചെയ്യാൻ പോയ എന്നെ അയാള് രക്ഷിച്ചതും, അയാളുടെ പെങ്ങൾക്ക് ജീവിതം കൊടുക്കുമോ എന്ന് ചോദിച്ചതും എല്ലാം ദൈവത്തിന്റെ തീരുമാനം അല്ലേ. ഞാൻ രണ്ടും കല്പിച്ചു അയാൾക്ക് ഉറപ്പ് കൊടുക്കട്ടെ ഉമ്മാ. ഉമ്മാന്റെ പ്രാർത്ഥനകൾ മതി എനിക്ക്. “
“എന്റെ പ്രാർത്ഥന എന്നുമുണ്ട് മോനേ. നിനക്ക് നല്ലത് അതാണെന്ന് തോന്നുന്നുവെങ്കിൽ നീ അത് അങ്ങ് ഉറപ്പിച്ചോ. “
“പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ബഷീർ ജസീലയെ പെണ്ണ് കാണാൻ പോയി. രണ്ട് പേർക്കും പരസ്പരം ഇഷ്ടമായി. വലിയ ആഘോഷം ഒന്നും ഇല്ലാതെ ചെറിയൊരു ചായസൽക്കാരം നടത്തി ബഷീർ ജസീലയെ നികാഹ് ചെയ്തു.
***************************
ഒന്നര വർഷത്തിന് ശേഷം.
***************************
“പടച്ചോനെ, ഉമ്മാ, ഉപ്പാ, ഇക്കാ..” ലേബർ റൂമിൽ നിന്നും ഉള്ള ജസീലയുടെ നിലവിളി പുറത്തു നിന്ന് ബഷീറിന് കേൾക്കാമായിരുന്നു.
പ്രസവ സമയത്ത് മരിച്ചു പോയ അയൽവീട്ടിലെ സാബിറയെ പോലെ എന്റെ ജസീലാക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന് ബഷീർ വല്ലാതെ ഭയന്നു.
ഏറെ നേരത്തേ നിലവിളികകൾക്ക് ഒടുവിൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ടു.
അൽഹംദുലില്ലാഹ്. ബഷീർ മനസ്സിൽ ദൈവത്തെ സ്തുതിച്ചു.
ഏതാനും മിനിട്ടുകൾക്കകം ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.
ജസീല പ്രസവിച്ചു. പെൺകുട്ടി.
അല്പ സമയത്തിനകം കുഞ്ഞിനേയും, ജസീലയെയും റൂമിലേക്ക് മാറ്റി.
ബഷീറിന്റെ ഉമ്മ ഫോൺ വിളിച്ചും, വാട്സാപ്പ് ഫാമിലി ഗ്രൂപ്പിൽ മെസ്സേജ് അയച്ചും ആ സന്തോഷ വിവരം ബന്ധുക്കളെ അറിയിച്ചു.
ജസീലയുടെ ഉമ്മയും, ആങ്ങള ജലീലും, അവിടെ ഉണ്ടായിരുന്നു. അവരും ബന്ധുക്കളെ വിളിച്ചു ജസീല പ്രസവിച്ച വിവരം അറിയിക്കുന്നുണ്ടായിരുന്നു.
ബഷീറും വളരെയധികം സന്തോഷത്തിലായിരുന്നു
ആദ്യ ഭാര്യയുടെ കൂടെ മൂന്ന് വർഷത്തോളം ജീവിച്ചിട്ടും ഉപ്പയാകാൻ ഉള്ള ഭാഗ്യം ബഷീറിന് ഉണ്ടായിരുന്നില്ല. ആദ്യ ഭർത്താവിൽ ജസീലാക്കും മക്കൾ ഇല്ല.
ബന്ധുക്കൾ ഒക്കെ കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി കൊണ്ടിരുന്നു. വരുന്നവർക്ക് എല്ലാം മധുരം നൽകാൻ കുറച്ചു ചോക്ലേറ്റും ലഡുവും ഒക്കെ ബഷീർ വാങ്ങി വെച്ചു. ബഷീറിന്റെ ഏറ്റവും വലിയ സുഹൃത്ത് അബ്ബാസും കുഞ്ഞിനെ കാണാൻ എത്തിയിരുന്നു.
തിരിച്ചു പോകാൻ നേരം, അബ്ബാസ് മുറിയിൽ നിന്ന് പുറത്തിറങ്ങി ബഷീറിനോട് പറഞ്ഞു.
“നീ ഒന്ന് പുറത്തു വാ, എനിക്കൊരു കാര്യം പറയാനുണ്ട്.”
ബഷീർ പുറത്തിറങ്ങി. “എന്താടാ അബ്ബാ?”
“അതേ.. ഇന്നലെ ഫേസ്ബുക്കിൽ ഒരു ന്യൂസ് കണ്ടു. ഗൾഫിൽ നിന്നും ഭാര്യയെ അറിയിക്കാതെ സർപ്രൈസ് ആയി ഭർത്താവ് നാട്ടിൽ വന്നതാ. അറിയിക്കാതെ വന്നത് കൊണ്ട്, ഭാര്യയുടെ അവിഹിതം കൈയ്യോടെ പിടികൂടി. കാമുകനെ നാട്ടുകാർ ചേർന്ന് പിടികൂടി തല്ലിചതച്ചു.”
“ആ അങ്ങനെ എന്തൊക്കെ നടക്കുന്നു നാട്ടിൽ. നീ ഇത് എന്നോട് പറയാൻ എന്താ കാര്യം.” ബഷീർ തിരക്കി.
“അതേ, പ്രവാസിയെ വഞ്ചിച്ച ആ ഭാര്യ ആരാണെന്നറിയാമോ?
ബസ്സിൽ നിന്നും നിന്റെ വീഡിയോ എടുത്തു, ബസ്സിലെ ഞരമ്പ് രോഗി എന്ന ക്യാപ്ഷൻ ഇട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആ പെണ്ണില്ലേ അവളാണ്, പ്രവാസിയായ ഭർത്താവിനെ വഞ്ചിച്ച ആ ഭാര്യ. ഇതാടാ ലോകത്തിന്റെ അവസ്ഥ. പലരും പല തെറ്റുകളും ചെയ്യും. ആൾക്കാരുടെ മുമ്പിൽ അവര് മാന്യന്മാരും, മാന്യവതികളും ആയിരിക്കും. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നത് എത്ര അർത്ഥം ഉള്ള വാക്കാണ്.” അബ്ബാസ് ആവേശത്തിൽ സംസാരിച്ചു കൊണ്ടിരുന്നു.
“ആ എന്തെങ്കിലും ആകട്ടെ. എനിക്കാ സ്ത്രീയോട് ഇപ്പോൾ ഒരു ദേഷ്യവും ഇല്ല. എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ. എന്തായാലും നല്ല സന്തോഷമുള്ള ഒരു ദിവസം ആണ് എനിക്ക് ഇന്ന്. അത് ആ സ്ത്രീ പിടിക്കപ്പെട്ടത് കൊണ്ടുള്ള സന്തോഷം അല്ല. ഞാൻ ഒരു ഉപ്പ ആയത് കൊണ്ടുള്ള സന്തോഷം ആണ്.”
കുറച്ചു നേരം കൂടി സംസാരിച്ചു അബ്ബാസ് യാത്ര ചോദിച്ചു തിരിച്ചു പോയി.
ബഷീർ മുറിലേക്ക് തിരിച്ചെത്തി. ജസീല സ്നേഹത്തോടെ അവനെ നോക്കി ചിരിച്ചു.
“നല്ല വേദന അനുഭവിച്ചു അല്ലേ. ഞാൻ പുറത്തു നിന്ന് നിന്റെ കരച്ചിൽ കേട്ട് പേടിച്ചു പോയി.”
“പിന്നെ വേദനയുണ്ടാകില്ലേ. സുഖപ്രസവം എന്നാ പേര്. പക്ഷേ അതിന്റെ വേദന എന്താണെന്നു പ്രസവിച്ച ആൾക്കേ അറിയൂ. കുഞ്ഞിന്റെ മുഖം കാണുമ്പോൾ ആ വേദനയൊക്കെ മറന്നു പോകും.” ജസീല കണ്ണുകൾ അടച്ചു സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ നോക്കി കൊണ്ട് പറഞ്ഞു.
“എന്തായാലും ഇപ്പോൾ ഹാപ്പി ആയല്ലോ. അൽഹംദുലില്ലാഹ്.” ബഷീർ ജസീലയുടെ നെറ്റിയിൽ സ്നേഹ ചുംബനം നൽകി.
✍️
ജിനാസ്. വേലാണ്ടി
#എന്റെരചന
#അവിഹിതം
#കൂട്ടക്ഷരങ്ങൾ


19 Comments
👌👌👌👌👌
ശ്രീജ അജിത് ❤️❤️
കൊള്ളാം
നന്ദി ❤️❤️
റാണി വർഗീസ്
സമകാലിക സംഭവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് നല്ലൊരു കഥ ഉണ്ടാക്കിയിരിക്കുന്നു- നന്നായിട്ടുണ്ട്. ആശംസകൾ ❤️👍
ശീജിത്ത് സ്നേഹം നന്ദി ❤️❤️
അടുത്ത കാലത്തു നടന്ന ഒരു സംഭവത്തെ ഉ ഉൾക്കൊള്ളിച്ചു കൊണ്ട് നന്നായി എഴുതി👍❤️
നല്ല കഥ👏👏
വിഷ്ണു ❤️❤️
ജോയ്‌സി
❤️❤️
നല്ല കഥ. സമകാലീന സംഭവത്തിൽ തുടങ്ങി, സംഭവ പരമ്പരകളിലൂടെ ശുഭമായ കഥ. തെറ്റിദ്ധാരണ, സുഹൃദ്ബന്ധം, മാതൃസ്നേഹം, ക്ഷമ എല്ലാം മനസ്സിലുള്ളവർ.
👍👏
എല്ലാവർക്കും നന്ദി..
❤️❤️
നന്നായിട്ടുണ്ട് 👌
സുനന്ദ മഹേഷ്
വായനക്കും അഭിപ്രായത്തിനും നന്ദി..
❤️❤️
വായനക്കും അഭിപ്രായത്തിനും നന്ദി..
❤️❤️
നന്നായി എഴുതി.. ഇത് കഥ ആണെങ്കിലും ഈ അടുത്ത് ഇതുപോലെ ഒരു സംഭവത്തിന്റെ പേരിലല്ല ഒരാൾ ആത്മഹത്യ ചെയ്തത്..
ഈ പാപമൊക്കെ എങ്ങനെ തീർക്കും ഇതിന് കാരണക്കാരായവർ.
സുനന്ദ മഹേഷ്
വായനക്കും അഭിപ്രായത്തിനും നന്ദി..
❤️❤️
താങ്ക്സ് കൂട്ടക്ഷാരങ്ങൾ
താങ്ക്സ് കൂട്ടക്ഷരങ്ങൾ