സ്വപ്നങ്ങളിലുരുവായായൊരു കണ്മണി നീ,
കണ്ണനാമുണ്ണി തൻ പ്രതിരൂപമായി,
ലാളിച്ചോമനിച്ചൊരമ്മയായി ,
വാത്സല്യപാലാഴിയായുള്ളം,
ബാല്യംകടന്നിതുകൗമാരവും, യൗവനതീക്ഷണതയിലും മായാതെമറയാതൊരു സ്വപ്നമായി മാനസതല്പത്തിലവൻ പുഞ്ചിരിതൂകി,
മംഗല്യത്താലിയേന്തി സ്വപ്നങ്ങൾക്കു നിറചാർത്തണിയാൻ കാത്തിരുന്നു,
പൗർണ്ണമിയിൽ,അമാവാസിയുടെ അന്ധകാരം പടർന്നു,
ശോണപുഷ്പങ്ങൾ ജീവിതവീഥിയിൽ മിഴിനീർ വാർത്തു,
കാലം , കാമനകളിൽ വെള്ളിനൂൽകോർത്തു,
മാനസതല്പത്തിൽ കാണാകണ്മണി മയങ്ങി,
താളംപിഴച്ചൊരു താരാട്ടിനീണത്തിൽ താരിളംപൈതൽ സ്വപ്നമായെങ്ങോ മറഞ്ഞു,
വേവുന്നൊരു ചിത്തവുമായി ജീവിതവേനലിൽ തണൽതേടിയലയുന്നുവിന്നും..
★★★നിഷിബ എം നിഷി★★★
