എങ്ങനെ വേണം?
അയാൾ സാധ്യതകൾ ഒന്നൊന്നായി
വിശകലനം ചെയ്യാൻ തുടങ്ങി.
വിഷം..?
പോരാ, വയർ കഴുകിയാൽ രക്ഷപ്പെട്ടേക്കും..
കത്തി..?
ഒറ്റക്കുത്തിന് ചത്തേക്കും..
അത്ര എളുപ്പത്തിൽ തീരരുത്..
ആസിഡ്..?
തീവ്രവേദനയാണ്..
വൈരൂപ്യത്തോടെയെങ്കിലും രക്ഷപ്പെട്ടാലോ..!
പെട്രോൾ നിറച്ച കുപ്പി..?
തന്റെ ദേഹത്തും തീ പടർന്ന് പണി പാളിയേക്കും..
തോക്ക്..?
ഒറ്റ വെടി, ക്ഷിപ്രമരണം..
അങ്ങനെയിപ്പോ സുഖിക്കണ്ട..
മൂർഖൻ പാമ്പ്?
വേണ്ട, പിടിക്കപ്പെട്ടാൽ ചീത്തപ്പേരാകും..!
നാടൻ ബോംബ്..?
പൊട്ടിച്ചിതറി തീരും..
എന്നാലും
തിരിച്ചറിയാനാവാത്ത മുഖം;
തൃപ്തി തരൂല്ല..
ഗ്യാസ് സിലിണ്ടർ?
അയ്യോ
അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്..
അതിലൊരു പോറൽ പോലും സഹിക്കാൻ കഴിയില്ല..
ശ്ശേ,
എന്താണൊരു വഴി?
ഇത്തിരിപ്പോന്ന പെണ്ണൊരുത്തിയാണ്..
കൂടെ പാർത്തതാണ്..
എന്നോ സ്നേഹിച്ചതാണ്..
മടുത്തിട്ടും
കാലേൽ ചുറ്റിയ കയറായാൽ
വേറെന്ത് ചെയ്യാനാണ്?
ഓപ്പൺഹൈമർ..
ഫ്രിറ്റ്സ് ഹേബർ..
ഷിരോ ഇഷി..
പോങ്ങന്മാർ..
ആണവായുധങ്ങൾ..
രാസായുധങ്ങൾ..
ജൈവായുധങ്ങൾ..
വേസ്റ്റ്.. വെറും വേസ്റ്റ്..
ഒറ്റയൊരാളിനെ തിരഞ്ഞു പിടിച്ച്
ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുന്ന
ഒരായുധവും കണ്ടെത്താത്ത
ശാസ്ത്രം.. ത്ഫൂ..
നിരാശയ്ക്കൊടുവിൽ,
വേട്ടക്കാരന്റെ കൗശലത്തോടെ
അയാൾ തന്നെ കണ്ടെത്തി,
അളവൊപ്പിച്ച്,
അലക് കൂർപ്പിച്ച,
അടിമുടി അരമുള്ള,
ആയുധമൊരെണ്ണം
അവഗണന…!
കൊല്ലാതെ,
കൊല്ലാക്കൊല ചെയ്യാൻ,
പാട് വീഴ്ത്താതെ,
ചോര പൊടിയാതെ,
തെളിവില്ലാതെ
കൊന്ന് തള്ളാൻ,
ഏറ്റവും മൂർച്ചയോടെ
കണ്ണും പൂട്ടി അവഗണിക്കുക..
പടുമരണം നിശ്ചയം..!
✍️Splkollam
