ഒരു പാട് നാളുകൾക്ക് ശേഷമാണ് ശ്രീനിഷ് നയനയുടെ ശബ്ദം ഫോണിലൂടെ കേൾക്കുന്നത്.
ഞായറാഴ്ച രാവിലെ മുതൽ ഒരു അപരിചിതമായ നമ്പറിൽ നിന്നും പലപ്രാവശ്യം കാൾ വന്നെങ്കിലും ശ്രീനിഷ് കാൾ സ്വീകരിച്ചില്ല. അവൻ്റെ കൂടെയുള്ള ജയമോഹൻ അവന് വളരെ പ്രധാനപ്പെട്ട ഒരു ക്ലൈൻ്റാണ്. അത് കൊണ്ടാണ് ഞായറാഴ്ച ആയിട്ട് കൂടി ഒരു കൂടിക്കാഴ്ചയ്ക്ക് അവൻ സമ്മതിച്ചത്.
“വക്കീലിൻ്റെ വിലപ്പെട്ട സമയം പാഴാക്കാനല്ല, ഇത് വളരെ ഇംപോർട്ടൻ്റ് ആയത് കൊണ്ടാണ് ഞാൻ നേരിട്ട് ഇങ്ങോട്ട് വന്നത്. “
“ജയമോഹൻ, എനിക്ക് വിഷയത്തിൻ്റെ ഗൗരവം മനസ്സിലായി. ഈ വസ്തുവിൻ്റെ രണ്ട് മൂന്ന് മുൻപ്രമാണങ്ങൾ കൂടി സംഘടിപ്പിച്ചാൽ, ഈ കേസ് പുഷ്പം പോലെ ജയിക്കുന്ന കാര്യം ഞാനേറ്റു. “
വീണ്ടും ശ്രീനിഷിൻ്റെ ഫോൺ സ്ക്രീനിൽ ആ നമ്പർ തെളിഞ്ഞു.
“എന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു. ഇതിപ്പോൾ തന്നെ ആറേഴ് വിളികളായല്ലോ. ഞാൻ കാത്തിരിക്കാം, വക്കീൽ വേണമെങ്കിൽ സംസാരിച്ചു കൊള്ളൂ.”
“അത് സാരമില്ല ആവശ്യക്കാരനാണെങ്കിൽ ഇനിയും വിളിക്കും. “
ജയമോഹൻ പോയപ്പോൾ, കേസ് ജയിച്ചാൽ അയാളിൽ നിന്നും ലഭിക്കുന്ന ഭീമമായ ഫീസിനെക്കുറിച്ചാണ് ശ്രീനിഷ് ചിന്തിച്ചത്.
“എന്തിനാണ് തനിക്ക് ഇത്രയും പണം. ആർക്ക് വേണ്ടിയാണ് സമ്പാദിച്ചു കൂട്ടുന്നത്. “
കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലത്ത് പണി കഴിപ്പിച്ച മൂന്ന് കോടിയിലധികം വിലമതിക്കുന്ന മൂന്ന് നില കെട്ടിടത്തിലിരുന്ന്, ദൂരെ സോപ്പ് പെട്ടി പോലെ ഒഴുകി നീങ്ങുന്ന മെട്രോ വീക്ഷിച്ചു.
ഡ്രോയിംഗ് റൂമിൽ വലുതായി ഫ്രെയിം ചെയ്ത് വച്ചിരുന്ന കുടുംബ ഫോട്ടോയിൽ ആരതിയും മക്കളായ ആര്യനും രോഹനും. തന്നേക്കാൾ വളർന്ന രണ്ട് ആൺ മക്കളുടെ അച്ഛനാണ് ശ്രീനിഷ്. പ്രായം അൻപത് പിന്നിട്ടു എങ്കിലും യൗവനവും ആരോഗ്യവും അയാൾ കൃത്യമായി സംരക്ഷിച്ചു.
മൂത്ത മകൻ ആര്യൻ എം എസിനും രോഹൻ പി എച്ച് ഡി ചെയ്യാനുമായി അമേരിക്കയിൽ പോയപ്പോൾ, ഭാര്യ ആരതിയും അവർക്കൊപ്പം യാത്രയായി. വല്ലപ്പോഴും ഫോൺ വിളികളിലൂടെയുള്ള അടുപ്പം മാത്രമേ കുട്ടികൾക്കുള്ളൂ. മൂന്ന് പേർക്കും അമേരിക്കൻ പൗരത്വം കിട്ടും. നാട് വിട്ട് പറിച്ചു നടാൻ ശ്രീനിഷ് തയാറല്ല.
അഡ്വക്കേറ്റ് ശ്രീനിഷ് കൃഷ്ണൻ
S N അസോസിയേറ്റ്സ്
മുന്നിലെ നെയിം പ്ലേറ്റ് നോക്കി ശ്രീനിഷ് ഓരോന്നോർത്തിരുന്നു. എപ്പോഴോ സോഫയിൽ കിടന്നു മയങ്ങി പോയി. ജോലിക്കാരി ഊണ് കഴിക്കാൻ വിളിച്ചപ്പോഴാണ് ഉണർന്നത്.
തലയ്ക്ക് പെരുപ്പ്, തലേ ദിവസത്തെ സ്മിർനോഫിൻ്റെ ഹാങ്ങ് ഓവർ ആണ്.
“സാർ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം ഫ്രിഡ്ജിൽ ഉണ്ട്. അനിയത്തിയുടെ കല്യാണം കഴിഞ്ഞേ ഞാൻ മടങ്ങി വരൂ. കൊച്ചമ്മയോട് ഞാൻ എല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ട്. “
“സുനിത പൊയ്ക്കോ, എല്ലാം കഴിഞ്ഞു സമാധാനമായി മടങ്ങി വന്നാൽ മതി. കാശ് വല്ലതും ആവശ്യമുണ്ടേൽ പറഞ്ഞോളൂ. നാല് വർഷമായില്ലേ താൻ ഈ വീട്ടിൽ. ഇത് വരെയുള്ള സേവനത്തിന് എൻ്റെ വക ഒരു അൻപതിനായിരം രൂപ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. കൊച്ചമ്മ അറിയണ്ട, അവൾ വേറെ തരും. “
“സാറിനറിയാലോ, ഡിഗ്രി വരെ പഠിച്ച ഞാൻ ഒരു വീട്ടുജോലിക്കാരി ആണെന്ന് എൻ്റെ വീട്ടിലും നാട്ടിലും ആർക്കും അറിയില്ല. ശ്രീനിഷ് സാറിൻ്റെ ഓഫീസിലെ വക്കീൽ ഗുമസ്ത ആണെന്നാണ് എല്ലാവരും കരുതുന്നത്. “
“ഒരു വേക്കൻസി വന്നാൽ തനിക്ക് പ്രമോഷൻ തരാം. പക്ഷെ എനിക്ക് കൃത്യമായി ഭക്ഷണം കിട്ടണം. കുറച്ച് വാക്കുകൾ കൂടുതൽ പ്രവൃത്തി അതാണ് തൻ്റെയൊരു പ്രത്യേകത. തൻ്റെ കെയർ ഓഫിൽ, തൻ്റെ നാട്ടിൽ നിന്നും ക്ലൈൻ്റുകൾ എന്നെ തേടി വരാറുണ്ട്. “
പോകാൻ നേരം സുനിത കുനിഞ്ഞ് ശ്രീനിഷിൻ്റെ കാലിൽ തൊട്ടു.
“അയ്യേ ഇതെന്താ. “
“സാറെന്നോട് ക്ഷമിക്കണം. ആരതി മാഡം പോയപ്പോൾ എന്നെ ഒരു ജോലി കൂടി ഏൽപ്പിച്ചു. “
ശ്രീനിഷ് പൊട്ടിച്ചിരിച്ചു.
“ചാരപണിയല്ലേ, എൻ്റെ മറ്റ് ബന്ധങ്ങൾ കണ്ട് പിടിക്കാനല്ലേ. എന്നിട്ട് കണ്ട് പിടിച്ചോ. “
സുനിത തല കുമ്പിട്ടു.
ഊണ് കഴിഞ്ഞ് ശ്രീനിഷ് ഒരു സിനിമ കാണാനായി ചാരുകസേരയിൽ കിടന്നു. ഞായറാഴ്ചകളിൽ ഒരു പഴയ സിനിമ പതിവുള്ളതാണ്. ഭിത്തിയിലെ കലണ്ടറിൽ കണ്ണോടിച്ചു, നാളെ ആഗസ്റ്റ് 30, ശ്രീനിഷ് എന്ന മഹാൻ ജനിച്ച മഹനീയമായ ദിവസം. നാളെ സ്റ്റാഫിൻ്റെ വക ഓഫീസിൽ കേക്ക് മുറിക്കലും ഉച്ചയ്ക്ക് തറവാട്ടിൽ അമ്മയുടെ വക പിറന്നാൾ സദ്യയും ഉണ്ടാകാറുണ്ട്.
ഐശ്വര്യാ റായിയുടെ ‘ മിസ്ട്രസ്സ് ഓഫ് സ്പൈസസ് ‘ എന്ന സിനിമയിൽ മുഴുകി ഇരുന്നു. വീണ്ടും ഫോൺ ശബ്ദിച്ചു, ടിലോയുടേയും ടഗിൻ്റേയും പ്രണയരംഗങ്ങൾ സ്ക്രീനിൽ… അയാൾ ഫോൺ കട്ട് ചെയ്തു. ടിലോ സ്പൈസസിനെ ധിക്കരിച്ചു ടഗിന് സ്വയം സമർപ്പിക്കുന്ന രംഗം.
ശ്രീനിഷിൻ്റെ മനസ്സിലേക്ക് നയനയുടെ മുഖം കടന്ന് വന്നു. ഒരിക്കൽ നയനയും തൻ്റെ മുന്നിൽ സ്വയം സമർപ്പിച്ചവൾ അല്ലേ. പിന്നെ ഒന്നും പറയാതെ പോയവൾ. മറ്റൊരാളെ വിവാഹം ചെയ്തു കോയമ്പത്തൂർ താമസിക്കുന്നു എന്നറിഞ്ഞപ്പോൾ മാത്രമാണ് ശ്രീനിഷ് മറ്റൊരു വിവാഹത്തിന് തയാറായത്. പരസ്പരം കണ്ടിട്ട് മിണ്ടിയിട്ട് വർഷങ്ങളായി. ഒരിക്കലും അവളെ മറക്കാൻ കഴിഞ്ഞിട്ടില്ല. കണ്ട് മുട്ടുന്ന ഓരോ സ്ത്രീയിലും അയാൾ നയനയെ തിരയും.
നയന ആവശ്യപ്പെട്ടിട്ടാണ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് വക്കീലായത്. ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. ടീച്ചർ ജോലി രാജിവച്ച് തൻ്റെയൊപ്പം വരാമെന്ന് വാക്ക് തന്നവളാണ്. അവളുടെ സ്വപ്നം ആയിരുന്നു എസ്. എൻ. അസോസിയേറ്റ്സ് എന്ന സ്ഥാപനം. പിന്നീട് അവളിൽ നിന്നും ഒരു എഴുത്ത് മാത്രം കിട്ടി.
“ക്ഷമിക്കണം ശ്രീ, അച്ഛന് ഞാൻ കൊടുത്ത ഒരു വാക്ക് പാലിക്കാനായി, ഈ വിവാഹത്തിന് സമ്മതം മൂളി. ഒറ്റ നോട്ടത്തിൽ തന്നെ പരസ്പരം ചേർച്ചക്കേടാണ്. അച്ഛൻ്റെ മരണം വരേയും ഞാനെല്ലാം സഹിക്കും. “
നയന ഒരിക്കലും മടങ്ങി വന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പ് വെറുതെയായി.
“അവളും ആരതിയെ പോലൊരു പെണ്ണല്ലേ. “
തൻ്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരുന്ന ഒന്നിച്ചുള്ള കോളേജ് ചിത്രങ്ങളിൽ അവൻ കണ്ണുറപ്പിച്ചു. യൗവനത്തിളക്കത്തിലുള്ള നയനയുടെ കണ്ണുകളും ചുണ്ടുകളും.
വീണ്ടും ആ കാൾ വന്നു. ശ്രീനിഷ് പച്ചയിൽ അമർത്തി.
“ശ്രീ… “
“നയൻസ്… നീയോ? എവിടെയാ. “
“നിൻ്റെ നഗരത്തിലുണ്ട്. നിന്നെ ഒന്ന് കാണാൻ പറ്റുമോ. “
“അതിനെന്താ, ഞാൻ അങ്ങോട്ട് വരണോ. നീ ഇങ്ങോട്ട് വരുന്നെങ്കിൽ ഞാൻ ലൊക്കേഷൻ ഇട്ട് തരാം. “
“എത്രയായി നിൻ്റെ സ്കോർ, രണ്ട് അതോ മൂന്നോ”
“മൂന്ന് റണ്ണിംഗ്, അല്ല നിനക്കെങ്ങനെ മനസ്സിലായി. അതും ഇത്ര വർഷത്തെ ഗ്യാപ്പിന് ശേഷവും. “
“അതിന് ഞാൻ നിന്നെ വിട്ടു പോയിട്ടില്ലല്ലോ. ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നു. “
ശ്രീനിഷ് എളുപ്പത്തിൽ ഷേവ് ചെയ്തു കുളിച്ചു റെഡിയായി. മുടിയിഴകളിലെ ചെറിയ നരകൾ ചീകി ഒതുക്കി വച്ചു.
ഗേറ്റിനടുത്ത് നിർത്തിയ ഓട്ടോയിൽ ശ്രദ്ധിച്ചു. സാരി ഉടുത്ത ഒരു മദ്ധ്യവയസ്കയെ പ്രതീക്ഷിട്ട്, വന്നിറങ്ങിയത് ജീൻസും സ്ലീവ് ലെസ് കുർത്തയും ധരിച്ച ഒരു സ്ത്രീ. അയാൾ ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി മുടി ഒതുക്കി.
കോളിംഗ് ബെൽ അടിക്കുന്നതിന് മുൻപ് തന്നെ വാതിൽ തുറന്നു. പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. ശ്രീനിഷ് അവളെ തള്ളി നീക്കി വാതിൽ അടച്ചു. തൻ്റെ രണ്ട് കൈകളും അയാളുടെ കഴുത്തിൽ ചുറ്റി ഇടത്തെ കവിളിൽ അവളൊരു ഉമ്മ കൊടുത്തു. പിന്നെയവൾ തളർന്ന് സെറ്റിയിൽ ഇരുന്നു.
“രാവിലെ തൊട്ട് നിന്നെ വിളിച്ചു ഞാൻ തളർന്നു. ഇന്ന് തന്നെ മടങ്ങാൻ തുടങ്ങിയതാ. അവസാന കാൾ ആണ് നീയെടുത്തത്. അല്ലെങ്കിൽ വന്ദനം സിനിമയുടെ ക്ലൈമാക്സ് പോലെ ആയേനെ നമ്മുടെ കൂടിക്കാഴ്ച. “
“നീ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. “
“അത് ശരിയാ. നിൻ്റെ മനസ്സിൽ ഞാനൊരു വഞ്ചകിയല്ലേ. ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ നിൻ്റെ ജീവിതത്തിൽ നിന്നും ഇറങ്ങി നടന്ന് പോയവൾ. “
നയന മേശപ്പുറത്തിരുന്ന കുപ്പിയും ഗ്ലാസും കയ്യിലെടുത്തു.
“എവിടെ എൻ്റെ പങ്ക്. “
അയാൾ ഒരു കെട്ട് പുസ്തകങ്ങളും ഒരു ബുദ്ധ പ്രതിമയും അവൾക്ക് നൽകി.
“നേരിട്ട് കാണുമ്പോൾ തരാനായി സൂക്ഷിച്ചു വച്ചിരുന്നതാണ്. “
“ഇതല്ല എനിക്ക് ഇപ്പോൾ വേണ്ടത്. വോഡ്കയാണ്. എനിക്ക് മനസ്സ് തുറന്നു ഒന്ന് സംസാരിക്കണം. “
വോഡ്ക കുപ്പിയിൽ നയന മുത്തമിട്ടു.
“എന്നോടുള്ള പ്രണയം ഒരിക്കലും അണയാതെ ആളി കത്തിച്ച് നിർത്തിയതിൽ ഇവനും പങ്കുണ്ട് എന്നെനിക്കറിയാം. “
രണ്ട് ഗ്ലാസുകളിലായി ശ്രീനിഷ് വോഡ്ക ഒഴിച്ചു. സോഡയുടേയും ഐസിൻ്റെയും അകമ്പടിയോടെ നയന ആദ്യമായി വോഡ്ക നുണഞ്ഞു.
“എടീ ഇതൊന്നും കുല സ്ത്രീകൾക്ക് പറഞ്ഞിട്ടില്ല. “
നയന ചിരിച്ചു.
“ആണിന് സന്തോഷം വന്നാലും സങ്കടം വന്നാലും പ്രണയം വന്നാലും അതിനി പരാജയം ആയാലും ഇതല്ലേ പരിഹാരം. പിന്നെ പെണ്ണ് ഒരു തുള്ളി നുണഞ്ഞാൽ എന്താണ് പ്രശ്നം. “
“എനിക്കൊരു പ്രശ്നവുമില്ല. “
“അപ്പടി സൊല്ല് കണ്ണാ. ഞാൻ രുചിയും കിക്കും ഒന്നറിഞ്ഞോട്ടെ. ഫസ്റ്റ് ആൻ്റ് ലാസ്റ്റ്, ദാറ്റ്സ് ആൾ. “
രണ്ടാമത്തെ തവണ നയനയുടെ നാവ് കുഴഞ്ഞ് തുടങ്ങി. അവൾ സെറ്റിയിൽ കിടന്നു.
“ശ്രീ എല്ലാത്തിനും മാപ്പ്. “
അവൾ ഉറങ്ങാൻ തുടങ്ങി. അവളുടെ കാലുകൾ നേരെ വച്ച്, ഒരു പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു.
“ഇതിനാണോ ഇവൾ എന്നെ തേടി വന്നത്. “
സമയം ഏഴ് മണിയായി. ഇവളിനി ഇന്ന് മടങ്ങി പോകുന്നില്ലേ.
രാത്രി പത്ത് മണിയായിട്ടും നയന ഉണർന്നില്ല.
അവളുടെ ഫോണിൽ കാൾ വരുന്നു. മണിക്കുട്ടി കോളിംഗ് എന്ന് ഡിസ്പ്ലേ വന്നു. മണിക്കുട്ടി നയനയുടെ മകളാണ്, വിവാഹ ശേഷം അവൾ ഭർത്താവിനൊപ്പം ദുബായിലാണ്.
നയന സിംഗിൾ മദറാണ്. മണിക്കുട്ടി അമ്മയെ കിട്ടാതെ വിഷമിക്കും. അവളോട് എന്ത് പറയണം അമ്മ മദ്യപിച്ച് ഓഫായി പോയെന്നോ?
നയന ഉണരുമ്പോൾ കഴിക്കാനായി ചപ്പാത്തിയും കറിയും ടീപ്പോയിൽ അടച്ച് വച്ചു. അതിനടുത്ത് ഒരു കുറിപ്പ് എഴുതി വച്ചു.
“മാഡം നയന, ഞാൻ അടുത്ത മുറിയിലുണ്ട്. Call me, I am at your service. “
നയന ഉണരുന്നത് കാത്തിരുന്നു ശ്രീനിഷ് മയങ്ങി പോയി. ഞെട്ടി ഉണർന്നപ്പോൾ മുറിയിൽ ഒരു ആളനക്കം. ശ്രീനിഷിന് പൂച്ചയുറക്കമാണ്, ചെറിയ ശബ്ദം കേട്ടാൽ മതി, ഞെട്ടിയുണരും. കാൽപെരുമാറ്റം അടുത്ത് വരുന്നു. ഭിത്തിയിൽ ഘടിപ്പിച്ച ഡിജിറ്റൽ ക്ലോക്കിൽ 11:59 എന്ന് കാണിക്കുന്നു. ശ്രീനിഷ് ശ്വാസമടക്കി കിടന്നു. പെട്ടെന്ന് മുറിയിൽ ലൈറ്റ് തെളിഞ്ഞു. ശ്രീനിഷ് തിരിഞ്ഞ് നോക്കി.
“ഹാപ്പി ബർത്ത്ഡേ കണ്ണാ. “
കട്ടിലിൽ ഒരു കേക്ക് കൊണ്ട് വച്ചിരിക്കുന്നു. കയ്യിൽ മെഴുകുതിരിയും ലൈറ്ററുമായി നയന.
“എത്ര വർഷമായി ഞാൻ ആഗ്രഹിക്കുന്നു, നിന്നെ പന്ത്രണ്ട് മണിക്ക് ഉണർത്തി ആദ്യം വിഷ് ചെയ്യണമെന്ന്. ഈ അൻപത്തിയൊന്നാം പിറന്നാളിന് അത് സാധിച്ചു. ലവ് യു ഡിയർ. “
നയന കേക്ക് വായിൽ വച്ച് കൊടുത്തപ്പോൾ ശ്രീനിഷിന് വല്ലാത്ത സന്തോഷം തോന്നി. ഒരിക്കലും നടക്കില്ല എന്ന് കരുതിയൊരു ആഗ്രഹം നടപ്പായി.
“ഇനിയെന്താ നിൻ്റെ പ്ലാൻ. “
“പഴയൊരു പ്ലാനാണ്. കുടജാദ്രിയിലേക്ക്. ഇപ്പോൾ ഉറങ്ങാൻ പോകുന്നു. രാവിലെ യാത്ര തുടരുന്നു. പണ്ട് നീ കൊണ്ട് പോകാമെന്ന് എന്നോട് പറഞ്ഞതാ. പക്ഷേ നിരീശ്വരവാദിയായ നിന്നെ കൂടെ വിളിക്കുന്നില്ല. “
“ഞാനും വരുന്നു. ഒരു സത്വാന്വേഷകനായിട്ട്. അമ്മയേയും ഓഫീസിലും ഒന്ന് വിളിച്ചറിയിക്കണം. അത്ര മാത്രം. “
നയന ഉണർന്നപ്പോൾ ബ്രേക്ക് ഫാസ്റ്റ് റെഡിയായി, ലഗേജുകൾ പാക്ക് ചെയ്തു ശ്രീനിഷ് നിൽക്കുന്നു.
“നീ വേഗം റെഡിയാകൂ കുറെ ഡ്രൈവ് ഉള്ളതാ. ഞാൻ ലഗേജ് ഡിക്കിയിൽ വയ്ക്കാം. “
“അതേ എന്നെ ധൃതി പിടിപ്പിക്കല്ലേ, ഞാൻ ഇത് വരെ തിരക്കുള്ള ജീവിതത്തിൽ ആയിരുന്നു. ഇനി എനിക്ക് ശാന്തയും സമാധാനവും വേണം. എനിക്ക് ആകെ രണ്ടു ജോഡി വസ്ത്രങ്ങൾ മാത്രമേയുള്ളൂ. ചോട്ടാ ലഗേജ് ബഡാ യാത്രാസുഖ് എന്നല്ലേ. “
“അങ്ങനെ നമ്മളൊന്നിച്ച് നിർത്തി വച്ച് പഴയ കുടജാദ്രി യാത്ര പുനരാരംഭിക്കുന്നു. “
“അവിടെ മല മുകളിൽ ചെന്നിട്ട് ഞാൻ ഈ പ്രപഞ്ചത്തോട് ചോദിക്കുന്നുണ്ട്. “
“എന്ത്. “
“ഈ യാത്ര ഞാൻ എത്ര ആഗ്രഹിച്ചതാണ്. ഇത് സാദ്ധ്യമാകാൻ അൻപത്തിയൊന്ന് വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നില്ലേയെന്ന്. “
“എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ. “
ആ യാത്രയിൽ നയനയുടെ മനസ്സിലുണ്ടായ സന്തോഷം അനിർവചനീയമായിരുന്നു. അവൾ വീണ്ടും ഇരുപത് കാരിയായി മാറിയ പോലെ. ശ്രീനിഷ് അവളുടെ വിരലുകളിൽ തൊട്ടപ്പോൾ ആണ് അവൾ ഓർമ്മകളിൽ നിന്നും തിരികെ വന്നത്.
“എന്താ നയൻസ് ചിന്തിക്കുന്നത്. “
“നിനക്കൊരു സർപ്രൈസ് തരാൻ. “
“അതെന്താ. “
“തിരികെ വരുമ്പോൾ പറയാം. “
“വേണ്ട ഇപ്പോൾ പറ. “
“വേകുന്നത് വരെ കാത്തിരുന്നില്ലേ, ഇനി ആറുന്നത് വരെ കാക്കാം. “
ഉഡുപ്പി വരെ ശ്രീനിഷ് ഡ്രൈവ് ചെയ്തു. ബാക്കിയുള്ള ദൂരം നയന ഡ്രൈവ് ചെയ്തു.
“ശ്രീ ഞാൻ എനിക്ക് വേണ്ടി ഒരു മുറിയെ ബുക്ക് ചെയ്തിട്ടുള്ളൂ. “
“അത് സാരമില്ല, അവിടെ ചെന്ന് മറ്റൊരു മുറി കൂടി കിട്ടുമോ എന്ന് നോക്കാം. “
“അതെന്താ നിനക്ക് എൻ്റെ കൂടെ ഒരു മുറിയിൽ ഉറങ്ങാൻ പേടിയാണോ. “
ശ്രീനിഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ലേശം കൂർക്കം വലിയുടെ അസുഖമുണ്ട്. “
“അതിന് ഞാനും അത്ര മോശമല്ല. “
“ഞാനിന്നലെ ആ സംഗീതം കേട്ടിരുന്നു. “
അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു. രണ്ട് പേരുടേയും ഫോൺ ഒരേ സമയം ശബ്ദിച്ചു.
“അയ്യോ ആതിര വിളിക്കുന്നു. “
“ദേ മണിക്കുട്ടി വിളിക്കുന്നു. “
നയന കാർ നിർത്തി. രണ്ട് പേരും കാറിൽ നിന്നും ഇറങ്ങി വിപരീത ദിശയിലേക്ക് നടന്നു.
“നീയെന്താ പറഞ്ഞത്. ഞാൻ മണിക്കുട്ടിയോട് കുടജാദ്രിയിലേക്ക് എന്ന് പറഞ്ഞു. “
“ഞാൻ മൂകാംബിക എന്ന് പറഞ്ഞപ്പോൾ ആതിരയ്ക്ക് അതിശയം. അവളോട് പറയേണ്ടായിരുന്നു. “
പിറ്റേന്ന് രാവിലെ വനപാതയിലൂടെ നടന്ന് മല കയറി. മലയ്ക്ക് ചുറ്റുമുള്ള മഴക്കാടുകളും ഭദ്രകാളി ക്ഷേത്രവും, ശങ്കരാചാര്യർ ധ്യാനിച്ച ശങ്കര പീഠവും കണ്ടവർ മടങ്ങി.
മടക്കയാത്രയിൽ ശ്രീനിഷ് സർപ്രൈസ് അറിയാൻ തിടുക്കം കൂട്ടി.
“ഇനിയെങ്കിലും അത് പറഞ്ഞ് കൂടെ നിനക്ക്. “
“പറയാൻ സമയമായോ. “
നയന വാച്ചിൽ നോക്കി ചിരിച്ചു.
ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ നയന ഒരു കവർ ശ്രീനിഷിനെ ഏൽപ്പിച്ചു. അതിൽ നിന്നും ഒരു ലെറ്റർ പുറത്തെടുത്തു.
“ഇതൊരു അപേക്ഷയാണ്. അഡ്വക്കേറ്റ് ശ്രീനിഷിൻ്റെ ജൂനിയറായി പ്രവർത്തിക്കാൻ അഡ്വക്കേറ്റ് നയന സമർപ്പിക്കുന്ന അപേക്ഷ. ഈയുള്ളവളെ ഏറ്റെടുത്താലും പ്രഭോ. “
ശ്രീനിഷ് പരിസരം മറന്ന് നയനയെ എടുത്ത് ഉയർത്തി.
“ഞാനെൻ്റെ വാക്ക് പാലിച്ചു. അമ്പതിൻ്റെ ചാപല്യമല്ല. നയന തൻ്റെ ആത്മസഖാവിനെ ഒരിക്കൽ കൂടി ചേർത്ത് പിടിക്കുകയാണ്. “
“അതേ, എസ് എൻ അസോസിയേറ്റ്സിലൂടെ വക്കീൽ കോട്ടണിയുക എന്ന നയനയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്. “
“വക്കീലാകുക എന്നത് മാത്രമായിരുന്നില്ല ആ സ്വപ്നം. നിന്നോടൊപ്പം ജോലി ചെയ്യുക എന്നത് കൂടിയാണ്. സ്വപ്നസാക്ഷാത്കാരത്തിന് പ്രായമൊരു പ്രശ്നമല്ല എന്ന തിരിച്ചറിവ്.”
അവർ പരസ്പരം നോക്കി. സ്നേഹം കൊണ്ട് വിതുമ്പുന്ന രണ്ട് ഹൃദയങ്ങൾ, കണ്ണുകൾ നിറഞ്ഞത് പരസ്പരം തുടച്ച് മാറ്റി. അവർ ഒരുമിച്ചു വീണ്ടും യാത്ര തുടർന്നു.
#സ്വപ്നങ്ങളെ സ്വന്തമാക്കിയവർ
✍️നിഷ പിള്ള


8 Comments
❤️❤️
പ്രണയത്തിൻ്റെ മധുരം നിറഞ്ഞ കഥ👍❤️
നല്ല കഥ 👍👍👍👍
പ്രണയത്തിന്റെ മാധുര്യം. ❤
നല്ല കഥ.
നല്ലതുപോലെ അവതരിപ്പിച്ചു ❤️🩹❤️🩹
നന്നായി എഴുതി.👍
❤️
സ്വപ്നങ്ങൾ കീഴടക്കാൻ പ്രായം തടസ്സമല്ല ! നല്ല കഥ.👌👌👏👏❤️❤️
മനോഹരമായ ഒരു പ്രണയകഥ 💕💕