സ്ക്രിപ്റ്റ്
എഴുത്ത് എന്നത് എനിക്ക് ജീവിതത്തിൻ്റെ തീക്ഷ്ണാനുഭവങ്ങൾ തന്നെയാണ്. ഒരുപാടു മുറിപ്പെടുത്തിയവയും മുറിവുണങ്ങിയവയും പക നിറഞ്ഞതും ദു:ഖം പങ്കുവച്ചവയും ജീവിതം അപഹരിച്ചതും സന്തോഷങ്ങളിൽ കണ്ണീരു വീഴ്ത്തിയതുംപോലുള്ള ദുരനുഭവങ്ങൾ എഴുതി വരുമ്പോൾ മനസ്സിനൊരാശ്വാസമാണ്.
പൊറുത്തിട്ടും പറ്റിപ്പിടിച്ചിരിക്കുന്ന മുറവിൻ്റെ പൊറ്റകൾ മാന്തിയിരിക്കുമ്പോൾ മനസ്സിൽ ഒരൊറ്റ വാക്ക് തെളിയും, ഒരു വാചകം ഉരുത്തിരിഞ്ഞു വരും, പിന്നെ അതു നമ്മെ കഥയിലേയ്ക്കും കാര്യത്തിലേയ്ക്കും കളിയിലേയ്ക്കും കണ്ണീരിലേയ്ക്കും വലിച്ചിഴച്ചുകൊണ്ടു പോവും. ഒടുവിൽ എഴുത്തിൽ കുത്തി നിർത്തിയ ശാന്തമായൊരു വിരാമത്തിലേയ്ക്ക് നടത്തും. അങ്ങനെക്കൂടിയാണ് നാം ജീവിതത്തിലെ ചില വിഷമഘട്ടങ്ങൾ മറികടക്കുന്നത്.
പൊറുത്തു എന്നതുകൊണ്ട് മറികടക്കാനേ കഴിയൂ, അതിനെ പിന്നീടൊരിക്കലും ഇഷ്ടപ്പെടാനോ ഓർക്കാതിരിക്കാനോ പറ്റില്ല. ഓർമ്മകളുടെ ഒഴികഴിവിൽ ഒരിടം എന്നുമാത്രം.
സ്കിറ്റ്
നർമ്മം എന്ന വാക്കിലാണ് ഞാനിപ്പോൾ എൻ്റെയെല്ലാ തീക്ഷ്ണതയേയും എരിച്ചുകളയുന്നത്. കാരണം ചിരിക്കാൻ കഴിയുന്ന ഏക ജീവിയായ മനുഷ്യർ അതുകൂടി മറന്നുപോയാൽ പിന്നെയെന്തിനു കൊള്ളാം ജീവിതം. ആത്യന്തികമായി ട്രാജഡിയിൽപ്പോലും ഒരു കോമഡിയുണ്ട്. മരണവീട്ടിലാണ് ഇന്നത്തെ ഏറ്റവും വലിയ കോമഡി സ്കിറ്റ് അരങ്ങേറുന്നത്. ആക്ഷേപകരമോ അപഹാസ്യമോ ആയ കോമാളിത്തരമാണ് ജീവിതത്തിൻ്റെ എല്ലാ തുറകളിലും അരങ്ങേറുന്നത്. അതിലെ വയലൻസിനെ അവഗണിച്ചും വെറുപ്പിനെ തുപ്പിക്കളഞ്ഞും അറപ്പിക്കുന്ന ഭാഷയെ കൂർപ്പിച്ചും ആവിഷ്കരിക്കാൻ കഴിഞ്ഞാൽ നിങ്ങളെഴുതുന്നത് മാജിക്കൽ റിയലിസം പേറുന്ന കറുത്ത ഹാസ്യമായി. ക്രൂരഫലിതക്കാരൻ ദൈവം വിഭാവനം ചെയ്ത തീക്ഷ്ണവും തൃഷ്ണയും നിറഞ്ഞ ജീവിതമെന്ന് വി.കെ.എന്നും പുനത്തിലും തുടങ്ങി, ടി.വി. കൊച്ചുബാവ മുതൽ വി.ആർ. സുധീഷു വരെ പറഞ്ഞപോലെ. മയ്യഴിയിലെ സ്വാതന്ത്ര്യാനന്തര ജീവിതം ദൈവത്തിൻ്റെ വികൃതി പോലെ വിചിത്രമായെന്നു പറഞ്ഞു കൊണ്ട് എം. മുകുന്ദനും.
സ്പിറ്റ്ടൂൺ
നാടുവിട്ടോടിയ നായയെ നരകയാതനയുടെ പേടിസ്വപ്നങ്ങൾ ഒരു ബാധപോലെ ഓടിച്ചുകൊണ്ടേയിരിക്കും. ജോലി തെണ്ടി ബോംബെയിലെത്തിയതും അതുവരെയും അനുഭവിക്കാത്ത ജീവിത പ്രയാസങ്ങൾ തീക്ഷ്ണമായി എന്നിൽ കടന്നു കയറുകയും ഒടുവിൽ ഒരു ജീവച്ഛവം പോലെ നാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത കഥയെ ഇ. ഹരികുമാർ നഗരം, സൂര്യകാന്തിപ്പൂക്കൾ എന്നീയെഴുത്തിലൂടെ ചുരുക്കിയെഴുതിയത് വായിച്ചപ്പോഴാണ് ആശ്വാസം തോന്നിയത്. കൂടാതെ അഷ്ടമൂർത്തി ഒരിക്കൽ പറഞ്ഞു, നമ്മെ ഒരുപാടു പേടിപ്പിക്കുന്ന ബാധകളെ ഒപ്പിയെടുത്ത് എഴുതി തുടച്ച് വലിച്ചെറിഞ്ഞു കളയാൻ. അതൊരുച്ചാടനവും ആവാഹനവും ആശ്വാസവുമാകുമെന്ന്. അന്നുമുതൽ ആത്മാംശമുള്ള എഴുത്താണികൾ കൊണ്ട് തോണ്ടിയെടുത്ത് ഞാനവയെ പുറത്തേക്ക് ഉപേക്ഷിച്ചു കൊണ്ടിരുന്നു. വലിയ ദു:ഖങ്ങൾ താണ്ടുമ്പോൾ നാം ചെറിയ വേദനകൾ മറക്കും, അല്ലെങ്കിൽ അവയൊന്നും നമ്മെ ബാധിക്കാതാവും.
നത്തിങ്ങ് ഒഫീഷ്യൽ എബൗട്ട് ഇറ്റ്, ആഹാ….
സർക്കാർ ജോലി കിട്ടിയപ്പോൾ ഞാൻ കരുതിയത് വിപ്ലവ തീക്ഷ്ണമായ കൗമാരത്തിനും ക്ഷുഭിത യൗവ്വനത്തിനും ശേഷം ഒരാശ്വാസം എന്നായിരുന്നു. എന്നാൽ ഇത്രയേറെ ദുഷ്കരമായ പരീക്ഷണങ്ങൾ നീന്തിക്കടന്ന വേറൊരു ഉദ്യോഗപർവ്വം ഉണ്ടാകാനിടയില്ല. ജോയ്നിംഗ് ഡേറ്റു മുതൽ വിരമിക്കൽ വരെ അതെന്നെ വിരട്ടിക്കൊണ്ടിരുന്നു. എന്നിട്ടും തോറ്റില്ല എന്നോ പരാജയപ്പെട്ടില്ല എന്നോ പറയാം. സ്കസസ് സ്റ്റോറി അല്ലായിരുന്നു ഒരിക്കലുമത്. എന്നാൽ സാറ്റിസ്ഫൈഡ് എന്നു പറയാവുന്ന ഒരു സ്റ്റാറ്റസ്സു കൊടുക്കാം. നിറം, ജാതി, അറിവ്, രാഷ്ട്രീയം, സാമ്പത്തികം, മേൽക്കോയ്മ, അനീതി, കൈക്കൂലി, നിസ്സഹകരണം, എല്ലാം എങ്ങനെയൊക്കെയോ എൻ്റെ മൈനസ് പോയൻ്റായി. ഒന്നിനും എന്നെ ഇഷ്ടപ്പെട്ടില്ല എനിക്കും ഒന്നിനോടും ഫിറ്റ് ആകാൻ കഴിഞ്ഞുമില്ല. എന്നിട്ടും സർക്കാർ സിസ്റ്റത്തിൽ ഞാൻ അൺഫിറ്റ് ആയുമില്ല. പണിയെടുക്കാൻ മടിയില്ലാത്തവനും കാശിന് ആർത്തിയില്ലാത്തവനും അത്യാവശ്യം ഡ്യൂട്ടിയും നിയമവും പ്രോട്ടോക്കോളും കർത്തവ്യവും അറിയാവുന്നവനും പിഴച്ചുപോകാവുന്ന ഇടമാണിന്നും അധികാരത്തിൻ്റെ ഇടനാഴികൾ. അല്പം നയതന്ത്രവും പ്ലാൻ ബി കാൽക്കുലേഷനും ഉള്ളവരും ആരേയും അന്ധമായി വിശ്വസിക്കാത്തവനും കുഴിയിൽച്ചാടില്ല. അതുകൊണ്ട് അനധികൃതമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനാവില്ലെങ്കിലും.
സംസ്കരണം
തീക്ഷ്ണത, അത്ഭുതം, അന്തംവിടുക, അവിശ്വസനീയമാവുക, എന്നതൊക്കെ നമ്മുടെയെല്ലാ ആദ്യാനുഭവത്തിലുമുണ്ട്. പിന്നെ പതുക്കെപ്പതുക്കെ നാമതുമായി ഇണങ്ങും, ഇത്തരം വികാരങ്ങളൊക്കെ സഹനീയവും നിയന്ത്രണവിധേയവും കൈകാര്യം ചെയ്യാവുന്നതുമാകും. അതു പറ്റിയില്ലെങ്കിൽ നിങ്ങൾ തോറ്റു എന്നാണർത്ഥം.
നന്ദി.


4 Comments
ഗംഭീരമായ എഴുത്ത് ……ആശംസകൾ👍❤️
മികച്ച എഴുത്ത്.👌 ഉദ്യോഗപർവ്വവും സമ്മാനിക്കുന്ന തീക്ഷണാനുഭവങ്ങൾ, നന്നായി എഴുതി. മൂല്യങ്ങൾ ഉള്ളവരെ തളർ ഞാൻ ശ്രമിക്കുന്നവർ, ഭരിക്കുന്ന ഔദ്യോഗികയിടങ്ങൾ നൽകുന്ന അനുഭവങ്ങൾ തീക്ഷണമാണ്.
‘തളർത്തുവാൻ ‘ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.🙏
സംഘർഷങ്ങൾ ഉണ്ടാവാതിരിക്കുക എന്നതിന് കീഴ്പ്പെടുക എല്ലാത്തിനോടും സമരസപ്പെടുക സഹിക്കുക എന്നൊക്കെയാണ് അർത്ഥം. അതിന് പലപ്പോഴും പലർക്കും കഴിയണമെന്നില്ല. പിന്നെ ചിലർക്ക് ചിലരോട് ഒരുതരം ശത്രുതാ മനോഭാവമാണ് അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട മനോവൈകല്യമാണത്. നല്ല മനുഷ്യനാവാൻ ശ്രമിച്ചു എന്നതല്ലാതെ അതിന് കഴിഞ്ഞു എന്നവകാശപ്പെടാനും ഞാനില്ല. അത്രയെങ്കിലും കഴിഞ്ഞല്ലോ എന്നൊരാശ്വാസം മാത്രം.
നന്ദി.